ഒഴിയാതെ നിപ ആശങ്ക
ഒരിക്കൽ കൂടി കേരളം നിപ ഭീതിയുടെ പിടിയിലമർന്നിരിക്കുകയാണ്. ഈ അപൂർവ പകർച്ചവ്യാധി കോഴിക്കോട്ട് രണ്ട് ജീവനുകൾ കവർന്നതിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ നിപയ്ക്കെതിരെ നമ്മുടെ ആരോഗ്യമേഖല അതീവജാഗ്രതയിലാണ്. 2018ൽ 17 ജീവനുകളാണ് നിപ അപഹരിച്ചത്. തുടർന്നുണ്ടായ കൊവിഡ് മഹാമാരിയും നമ്മൾ വളരെ ഫലപ്രദമായി കൈകാര്യം ചെയ്തു. വീണ്ടും ഇപ്പോൾ നിപ റിപ്പോർട്ട് ചെയ്തപ്പോൾ മുൻ അനുഭവസമ്പത്ത് പ്രയോജനപ്പെട്ടു. രാജ്യത്ത് തന്നെ മാതൃകയായതാണ് നമ്മുടെ ആരോഗ്യരംഗം. മികച്ച ആശുപത്രികളും ഡോക്ടർമാരും രോഗപ്രതിരോധ സംവിധാനങ്ങളും മറ്റൊരു സംസ്ഥാനത്തും ഇല്ല.
എങ്കിലും കേരളത്തിൽ വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തത് ആശങ്ക പരത്തുന്നു. കൊവിഡ് വ്യാപനത്തോളം രൂക്ഷത നിപയ്ക്കില്ലെങ്കിലും 75 ശതമാനം വരെയാണ് നിപ രോഗബാധയുടെ മരണ നിരക്ക്. വായുവിലൂടെ രോഗം പകരുന്നതിനും സാദ്ധ്യതയില്ല. കൊവിഡിനെ അപേക്ഷിച്ച് നിയന്ത്രിക്കാനും എളുപ്പമാണ്. അഞ്ച് വർഷത്തിനിടെ കേരളത്തിൽ നാലുതവണ വൈറസ് രോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം എല്ലാ തവണയും വവ്വാലുകളുമായിരുന്നു. ഇക്കുറി മൂന്നുപേരിലാണ് ആദ്യഘട്ടത്തിൽ രോഗബാധ കണ്ടെത്തിയത്. ഇവരുമായി സമ്പർക്കം പുലർത്തിയ 950 പേരെയും കണ്ടെത്താനായി. ഇതിൽ 20 ഓളം പേരിൽ ലക്ഷണങ്ങളുമുണ്ടായിരുന്നു. മോണോക്ളോണൽ ആന്റി ബോഡി എന്ന പ്രതിരോധ മരുന്നും കോഴിക്കോട്ട് എത്തിച്ചു. ഏഴ് പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് മേഖലയുമാക്കി. കേന്ദ്രസംഘവും കോഴിക്കോട്ടെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. ആരോഗ്യവകുപ്പ് ഉണർന്ന് തന്നെയാണ് പ്രവർത്തിച്ചത്. നിപയെയും കൊവിഡിനെയും മുൻകാലങ്ങളിൽ കൈകാര്യം ചെയ്ത അനുഭവ സമ്പത്ത് നമുക്ക് വലിയ നേട്ടമാണ്. ഇക്കുറി നിപയെ കണ്ടെത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞത് ഈ അനുഭവം തന്നെയാണ്. ഇതിൽ ആരോഗ്യപ്രവർത്തകരുടെ റോൾ ആർക്കും തള്ളിക്കളയാനാവില്ല. 2018 ലെ നിപ കാലത്ത് കോഴിക്കോട്ട് ഡ്യൂട്ടിക്കിടെ രോഗബാധിതയായ ലിനിയെന്ന നഴ്സിന്റെ ജീവത്യാഗം നമുക്ക് മറക്കാനാവില്ല. ലിനിയെപ്പോലുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനത്തോട് നാമെല്ലാവരും കടപ്പെട്ടവരാണ്.
നിപ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് 1998ൽ മലേഷ്യയിലാണ്. മൂന്നു വർഷം കഴിഞ്ഞ് അയൽരാജ്യമായ ബംഗ്ളാദേശിലും നിപ രംഗപ്രവേശം ചെയ്തു. രണ്ടിടത്തും വവ്വാലുകൾ തന്നെയായിരുന്നു രോഗവാഹകർ. വൈറസ് വാഹകരാണെങ്കിലും ഇവ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കില്ല. രോഗം മൂലം ചാവുകയുമില്ലെന്ന് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽ സെന്ററിലെ ശാസ്ത്രജ്ഞർ പറയുന്നു. വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും ഇവയിൽ നിന്ന് മനുഷ്യരിലേക്കും പകർന്നാണ് നിപ വ്യാപിക്കാറ്. എന്നാൽ കേരളത്തിൽ വവ്വാലുകൾ ഭക്ഷിച്ച ഫലങ്ങളിലൂടെയായിരുന്നു രോഗബാധ. മസ്തിഷ്കത്തെയും ശ്വാസകോശത്തെയുമാണ് രോഗം പ്രധാനമായും കീഴ്പ്പെടുത്തുന്നത്.
കേരളത്തിൽ കണ്ടുവരുന്ന സാംക്രമിക രോഗങ്ങളിൽ മിക്കവാറും എല്ലാം തന്നെ മറ്റ് ജീവികളിൽ നിന്ന് പകരുന്നവയാണ്. നിപയും അങ്ങിനെ തന്നെ. സർക്കാരിന്റെ ആരോഗ്യമേഖലയെ കൊണ്ട്മാത്രം ഇത്തരം രോഗങ്ങൾ വരുതിയിലാക്കാൻ കഴിയില്ല. സ്വകാര്യ ആശുപത്രികൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും വലിയ പങ്കുവഹിക്കാനുണ്ട്. മൃഗസംരക്ഷണ വകുപ്പിനും വനം, വന്യജീവി, പരിസ്ഥിതി വകുപ്പുകൾക്കും സുപ്രധാനമായ റോളുണ്ട്. നിപ പരത്തുന്ന വവ്വാലുകളെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെങ്കിലും അഞ്ചു വർഷമായിട്ടും അത് നടന്നിട്ടില്ല. ആനയുൾപ്പടെയുള്ള വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നത് നിത്യസംഭവമാകയാൽ ഇക്കാര്യത്തിലും വളരെയേറെ ജാഗ്രത ആവശ്യമുണ്ട്. രണ്ട് പതിറ്റാണ്ടിനുള്ളിലാണ് വിവിധ രോഗബാധകൾ അധികവും കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 2018ൽ കൊവിഡ് ആദ്യമായി രാജ്യത്ത് റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ്. മലയാളികൾ ലോകമെമ്പാടും സാന്നിദ്ധ്യമുള്ളവരും വിപുലമായി സഞ്ചരിക്കുന്നവരുമായതിനാൽ ലോകത്ത് എവിടെയുണ്ടാകുന്ന സാംക്രമിക രോഗബാധയെയും നമ്മൾ ജാഗ്രതയോടെ നിരീക്ഷേണ്ടതുണ്ട്.
ഡെങ്കിപ്പനിയും എലിപ്പനിയും ചെള്ളുപനിയും കുരങ്ങു പനിയും തുടങ്ങി കേരളത്തിൽ നിരവധി രോഗങ്ങൾ കൊതുക് ഉൾപ്പെടെയുള്ള ജീവികളിലൂടെ മനുഷ്യരിലേക്ക് എത്തുന്നുണ്ട്. എലികളെയും കൊതുകിനെയും നിയന്ത്രിക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും കേരളത്തിൽ ഉണ്ടായിട്ടില്ല. ജന്തുജന്യരോഗങ്ങളുടെ വിളനിലമായി കേരളം മാറുന്ന സ്ഥിതിയാണ്കാണുന്നത്. കൊച്ചിയാണ് കൊതുകിന്റെ തലസ്ഥാനം. അവിടെ പതിറ്റാണ്ടുകളായി കോടിക്കണക്കിന് രൂപയാണ് കൊതുകുനിയന്ത്രണത്തിനായി ചെലവാക്കിയിട്ടുള്ളത്. എന്നിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല. കൊതുകുജന്യമായ ഏതെങ്കിലും മാരകരോഗം ഉത്ഭവിച്ചാൽ കേരളം, വിശേഷിച്ച് കൊച്ചി നേരിടേണ്ടിവരിക വൻദുരന്തമാകും. പേവിഷ ബാധ പോലും ഇപ്പോഴും പൂർണമായി നിയന്ത്രിക്കാൻ നമുക്കായിട്ടില്ല. രോഗം ബാധിച്ച ശേഷം ഉണർന്നു പ്രവർത്തിക്കുന്നത് പോലെ തന്നെ പ്രധാനമാണ് രോഗസാദ്ധ്യതകളെ പഠിക്കുകയും മുൻകരുതലവും പ്രതിരോധവും ഗവേഷണങ്ങളും കാര്യക്ഷമമായി ചെയ്യുക എന്നതും. മികച്ച ആരോഗ്യരംഗത്തെക്കുറിച്ച് അഭിമാനിക്കുന്ന കേരളത്തിൽ നടക്കാതെ പോകുന്നതും ഇക്കാര്യമാണ്. നിപ സ്ഥിരീകരിക്കാൻ ഇക്കുറിയും പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടി വന്നതും വലിയ നാണക്കേടാണ്. തിരുവനന്തപുരത്ത് 2019ൽ സ്ഥാപിച്ച അത്യാധുനികമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജി പൂർണമായും പ്രവർത്തന സജ്ജമാക്കാൻ കഴിയാതെ പോയത് വലിയ വീഴ്ചയായി തന്നെ കാണണം. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആധുനികവത്കരിക്കുകയും വേണം. കേരളം പോലെ ജനസാന്ദ്രതയേറിയ ഭൂപ്രദേശത്ത് പകർച്ചവ്യാധി ഭീഷണി വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. സ്ഥിരമായ പ്രതിരോധ സംവിധാനങ്ങളും അനിവാര്യമാണ്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആരോഗ്യപ്രവർത്തകരെ മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക സംഘടനകളെയും പൗരന്മാരെയും പരിശീലിപ്പിക്കുകയും വേണം.
കൊവിഡിനെയും നിപയെയും പോലുള്ള പകർച്ചവ്യാധികളെ ഇനിയും നേരിടാനുള്ള സാമ്പത്തികമായും ആരോഗ്യപരമായുമുള്ള കെൽപ്പ് കേരളത്തിനില്ല. കർക്കശമായ പ്രതിരോധ, നിയന്ത്രണ നടപടികളും ഗവേഷണങ്ങളും പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കാനുള്ള എല്ലാ നടപടികളും നമുക്ക് വേണം. അതിനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ എത്രയും വേഗം കൈക്കൊള്ളണം. ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യേണ്ടത് ജനങ്ങളുടെ ബാദ്ധ്യതയുമാണ്.