സോഷ്യല്‍ മീഡിയയില്‍ എന്തും ആകാമോ?
സമൂഹമാധ്യമങ്ങളുടെ സ്വാധീനം അത് ഉപയോഗിക്കുന്നവര്‍ മനസിലാക്കണമെന്നും, ഉപയോഗിക്കാതിരിക്കാന്‍ കഴിയാത്തവര്‍ അതിന്റെ വ്യാപനത്തെകുറിച്ചുകൂടി ശ്രദ്ധാലു ആയിരിക്കണമെന്നുമാണ് ആഗസ്റ്റ് 18 നു സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരായ ബി.ആര്‍.ഗവായ്, പി.കെ.മിശ്ര എന്നിവരടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടത്. 2018 ല്‍ വനിത മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ അപകീര്‍ത്തി പരാമര്‍ശം ഉള്‍ക്കൊള്ളുന്ന ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത കേസില്‍ തമിഴ്നാട് മുന്‍ എം.എല്‍.എ എസ്.വി.ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ഇന്റര്‍നെറ്റിന്റെ പലവിധങ്ങളായ ഗുണഗണങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് സോഷ്യല്‍ മീഡിയ. ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുവാനും, നിലപാടുകള്‍ വ്യക്തമാക്കുവാനും, ആശയവിനിമയം നടത്താനുമൊക്കെ സോഷ്യല്‍ മീഡിയ ഏറെ പ്രയോജനകരമാണ്. ലോകത്തിന്റെ മുക്കിനും മൂലയിലുമുള്ളവരുമായി ബന്ധം സ്ഥാപിക്കുവാനും, പുതിയ പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും അവരുമായി ആശയവിനിമയം, അറിവുകള്‍, വാര്‍ത്തകള്‍ എന്നിവയൊക്കെ പങ്കുവെക്കുവാനും കഴിയുന്നത് സോഷ്യല്‍ മീഡിയയുടെ പ്രത്യേകതയാണ്. അത്തരത്തില്‍ ലോകം മുഴുവനായി ബന്ധപ്പെടുത്തുവാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മാധ്യമം തന്നെയാണ് സോഷ്യല്‍ മീഡിയ. കൂടാതെ കാലതാമസം കൂടാതെയും, വളരെ എളുപ്പത്തിലും ആശയവിനിമയം സാധ്യമാക്കുന്നു എന്നതും സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ലോകത്തുനടക്കുന്ന വിവിധ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയുവാന്‍ സോഷ്യല്‍ മീഡിയ ഏറെ സഹായകരമാണ്. പുതിയ പുതിയ ശാസ്ത്രവിഷയങ്ങള്‍ ഒക്കെ താമസമില്ലാതെ ഓരോരുത്തരിലേക്കും എത്തിക്കുവാന്‍ സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ തൊഴില്‍സാദ്ധ്യതകള്‍ വിപുലപ്പെടുത്തുവാനും, അതുവഴി നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും സോഷ്യല്‍ മീഡിയ നമ്മെ സഹായിച്ചിട്ടുണ്ട്. അങ്ങനെ ഗുണത്തിനായി മാത്രം പല കണ്ടുപിടുത്തങ്ങള്‍ നാം നടത്തുമ്പോഴും, മറുവശത്തു അത് വലിയരീതിയില്‍ അവ നമുക്കുതന്നെ ദോഷകരമായി മാറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ദോഷങ്ങള്‍ ഏറെ
സോഷ്യല്‍ മീഡിയയുടെ ഗുണഗണങ്ങള്‍ചര്‍ച്ച ചെയ്തതുകൊണ്ട് മാത്രമായില്ല. അതിന്റെ ദോഷങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍ മാത്രമേ അവയെ കൂടുതല്‍ ക്രിയാത്മകമായി ഉപയോഗിക്കുവാനും, അതുവഴി ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുകയുള്ളൂ. സുഹൃത്തുക്കള്‍ ഏറെയെങ്കിലും അവര്‍ കൃത്യമായി ആരൊക്കെയെന്ന് അറിയുവാനുള്ള സാധ്യതയില്ലാത്തതും, അവരുമായി മുഖാമുഖം ആശയവിനിമയത്തിനുള്ള അവസരമില്ലാത്തതും സോഷ്യല്‍ മീഡിയയുടെ പരിമിതിയാണ്.
തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളുടെ സങ്കേതം കൂടെയാണ് സോഷ്യല്‍ മീഡിയ. ശരിയെന്ന് നമുക്ക് ഉറപ്പിക്കുവാന്‍ ഏറെ പരിമിതികള്‍ ഉള്ള പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിയില്‍ പ്രത്യക്ഷപ്പെടുകയും നാമത് വിശ്വസിക്കാന്‍ പ്രേരിതമാകുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ കാണുന്ന അക്കൗണ്ടുകള്‍ പലതും തെറ്റായ അക്കൗണ്ടുകള്‍ ആയിരിക്കാമെന്നതും ഇതിന്റെ വിശ്വാസ്യത കുറയ്ക്കുന്നു. എല്ലാത്തിനുമുപരി സോഷ്യല്‍ മീഡിയ മദ്യം പോലെയും, പുകവലി പോലെയും നമ്മെ അതിന്റെ അടിമകള്‍ (Addict) ആക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. കൂടുതല്‍ സമയം അതില്‍ ചെലവഴിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുകയും നമ്മുടെ വിലപ്പെട്ട പല കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സമയം സോഷ്യല്‍ മീഡിയയില്‍ ഹോമിക്കേണ്ടിവരികയും ചെയ്യുന്നു.
പുലര്‍ത്തേണ്ട
മര്യാദകള്‍
നമുക്ക് പൊതുവെയുള്ള ഒരു മേല്‍വിലാസം പോലെതന്നെ സോഷ്യല്‍ മീഡിയകളിലും നാം ഒരു മേല്‍വിലാസം നേടുകയാണ്. അവിടെ നാം ചെയ്യുന്ന നല്ലതും, ചീത്തയുമായ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം നമ്മളില്‍ മാത്രം നിക്ഷിപ്തവുമാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തില്‍ നാം പുലര്‍ത്തേണ്ട എല്ലാത്തരം മര്യാദകളും സോഷ്യല്‍ മീഡിയയിലും പുലര്‍ത്തേണ്ടതുണ്ട്.
നമ്മളെ സംബന്ധിച്ചിടത്തോളം നമ്മെ തിരിച്ചറിയപ്പെടുന്നിടത്തു മാത്രം നാം മര്യാദാരാമന്മാരും അല്ലാത്ത ഇടങ്ങളില്‍ തോന്നുന്നതെല്ലാം ചെയ്യാം എന്നത് മലയാളികളുടെ ഒരു ശീലം തന്നെയാണല്ലോ. സോഷ്യല്‍ മീഡിയയില്‍ നമുക്കൊരു വിലാസമുണ്ട്. നാം തിരിച്ചറിയപ്പെടുന്നുണ്ട് എന്ന തോന്നലുള്ളപ്പോള്‍ പോലും തോന്നുന്നപടിയാണ് പ്രസ്താവനകള്‍ നടത്തുന്നതും, ആരാണെന്നുപോലും നോക്കാതെ ആര്‍ക്കുമെതിരെ എന്തും പറയുന്നതും എഴുതുന്നതും. മറ്റു പ്രിന്റഡ്, ദൃശ്യ മാധ്യമങ്ങളില്‍ കൃത്യമായ എഡിറ്റിംഗുകള്‍ നടക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ അത് നടക്കുന്നില്ല. ഒരു വിഷയത്തില്‍ നമുക്ക് അപ്പപ്പോള്‍ തോന്നുന്നതാണ് നമ്മുടെ പോസ്റ്റുകള്‍. പിന്നീട് നമ്മുടെ മനസ്സ് മാറുന്നതനുസരിച്ചു അത് എഡിറ്റ് ചെയ്യുവാനുള്ള അവസരം ഉണ്ടെങ്കില്‍ പോലും, ആദ്യം നാം പോസ്റ്റ് ചെയ്തവ ലോകത്തെവിടേയ്ക്കും ചെന്നിട്ടുണ്ടാവും എന്ന സംഗതി മറന്നുകൂടാ.
ഒളിഞ്ഞിരുന്നു ചെയ്യുന്നതും
തെറ്റുതന്നെ
സോഷ്യല്‍ മീഡിയയില്‍ വിശിഷ്യാ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ഏറ്റവും പ്രചാരമുള്ളവയില്‍ നാം ഇടുന്ന പോസ്റ്റുകള്‍ക്ക് മാത്രമല്ല നാം ഉത്തരവാദികള്‍ ആവുന്നത്. മറ്റൊരാള്‍ ഇടുന്ന പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും, ഷെയര്‍ ചെയ്യുന്നതും കൂടി നമ്മുടെ ഉത്തരവാദിത്തത്തില്‍ പെടും . ഒരാള്‍ക്കൂട്ടത്തില്‍ ഒരാള്‍ വിളിക്കുന്ന മുദ്രാവാക്യത്തിന് കയ്യടിക്കുന്നതും, അതേറ്റുപറയുന്നതും ആ ആശയത്തോട് നാം പുലര്‍ത്തുന്ന അടുപ്പത്തിന്റെ ഭാഗമാണല്ലോ. സാമൂഹികപരമായി ഒരാള്‍ മറ്റൊരാളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതരത്തില്‍ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തുമ്പോള്‍, നാം അതിനോട് ഐക്യപ്പെടുന്നത് നമ്മളും ആ പ്രസ്താവന നടത്തുന്നതിന് തുല്യമാണ്. നമ്മുടെ നിയമസംഹിതയില്‍ തെറ്റുചെയ്യുന്നവര്‍ക്കൊപ്പം, അതിന് പ്രേരിപ്പിക്കുന്നവര്‍ കൂടി കുറ്റക്കാരെന്നാണ് പറഞ്ഞിരിക്കുന്നത്. ആ രീതിയില്‍ ഇതിനെ പരിഗണിക്കുമ്പോള്‍ വിവാദകരമായ ഒരു പ്രസ്താവനയെ ഷെയര്‍ ചെയ്യുന്നത് നാം കൂടി ആ പ്രസ്താവനയുടെ ഭാഗമാണെന്ന് വിളിച്ചുപറയുകയാണ്. അതുകൊണ്ടുതന്നെ അതിന്റെ ശരിയും തെറ്റും അത്തരത്തില്‍ ഷെയര്‍ ചെയ്യുന്നവര്‍ കൂടി ഉത്തരവാദികള്‍ ആകുകയാണ്. അതായത് അശ്രദ്ധമായോ, സരസമായോ ഒരാളുടെ സോഷ്യല്‍ മീഡിയയിലെ പ്രസ്താവന നാം ഷെയര്‍ ചെയ്തു നമ്മുടേതുകൂടി ആക്കിമാറ്റുമ്പോള്‍ അത് നമ്മുടെ കൂടിയായി മാറുകയാണ്. പിന്നീട് അത് അശ്രദ്ധയോടെ ചെയ്തുപോയതാണെന്ന് പറഞ്ഞുകൊണ്ട് ചെന്നാല്‍ കോടതി അംഗീകരിക്കുകയില്ല എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലെ ഓരോ നീക്കവും തുറന്നുവച്ച ഒരു പുസ്തകം പോലെലോകം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന ചിന്തനമുക്ക് ഉണ്ടായിരിക്കണം.
ആരെയും ഹീറോ ആക്കാം,
ചെളിവാരിയെറിയാം
ആരെക്കുറിച്ചും എന്തും പറയാം, പുകഴ്ത്തുന്ന പ്രസ്താവനകളിലൂടെ ആരെയും ഹീറോ ആക്കാം. വൈരാഗ്യമുള്ള ആരെയും തെറ്റായ പ്രസ്താവനകള്‍ നിരത്തി ചെളിവാരിയെറിയാം. അത്തരത്തില്‍ ഒറ്റദിവസം കൊണ്ട് പ്രശസ്തര്‍ ആയവരുണ്ട്. മറുവശത്തു ഒറ്റദിവസം കൊണ്ട് അപഹാസ്യരാക്കപ്പെട്ടവര്‍ ആ അപമാനം താങ്ങാനാവാതെ ആത്മഹത്യചെയ്യുന്ന സംഭവങ്ങള്‍ ഇന്ന് പുതിയ കാര്യമല്ല. ഒരാള്‍ തന്റെ ജീവിതകാലം മുഴുവന്‍ സദ്പ്രവൃത്തികൊണ്ട് സമൂഹത്തില്‍ നേടിയ പ്രതാപം മറ്റൊരാള്‍ക്ക് ഒരൊറ്റ പോസ്റ്റ് കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന വിഷമകരമായ അവസ്ഥ സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നുണ്ട്. ആരും അതിന്റെ ശരിതെറ്റിലേക്ക് ആഴ്ന്നിറങ്ങി പരിശോധിക്കുവാന്‍ മെനക്കെടാറില്ല. കേള്‍ക്കുന്നത് അതേപടി വിശ്വസിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. അത്തരം വിശിഷ്ടവ്യക്തിത്വങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പടച്ചുവിട്ടുകൊണ്ട് തനിക്കും ചുളുവില്‍ ശ്രദ്ധനേടാം എന്ന ചിന്തയാണ് പലപ്പോളും അവരെ നയിക്കുന്നത്. കൂടാതെ അത്തരം വിശിഷ്ടവ്യക്തിത്വങ്ങളുടെ വളര്‍ച്ചയില്‍ അസൂയപൂണ്ടവര്‍ വിലയ്ക്കെടുത്തവരെ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തെറ്റായ പോസ്റ്റുകള്‍ ഇടീക്കുന്നതും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. തെറ്റേത്, ശരിയേത് എന്ന് വേര്‍തിരിച്ചുമനസ്സിലാക്കാന്‍ ആര്‍ക്കും അവസരമില്ലാതെ അത് അതേപടി വിഴുങ്ങുകയാണ് നമ്മള്‍ ഓരോരുത്തരും. അത് അത്തരം അധമപ്രവൃത്തിയില്‍ ഇടപെടുന്നവര്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്യുന്നു.
എന്നാല്‍ കോടതിവിധിയിലൂടെ അതിന് ഒരുപരിധിവരെ തടയിടാന്‍ കഴിഞ്ഞു എന്നത് ആശ്വാസകരമാണ്.