വളയമില്ലാത്ത ചാട്ടത്തിന്കടിഞ്ഞാൺ
മൊത്തം വളയമില്ലാത്ത ചാട്ടമാണ്സോഷ്യല്‍ മീഡിയയിൽ നടക്കുന്നത് . പലരും തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിര്‍മ്മിക്കുകയും ഉല്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തല്പര കക്ഷികള്‍ക്കും അവരുടേതായ വലിയ നെറ്റ്‌വര്‍ക്കുണ്ട്. അതില്‍ അശ്ലീലമായ ഉള്ളടക്കവുമുണ്ടാകും. തീര്‍ത്തും അസത്യമായതും വളച്ചൊടിക്കപ്പെട്ടതുമായ കാര്യങ്ങളുണ്ടാകും. അതുമല്ലെങ്കില്‍ ഒരാള്‍ പറഞ്ഞുവെന്നു പറഞ്ഞ് അയാള്‍ പറയാത്ത കാര്യങ്ങള്‍ പടം വെച്ച് പ്രചരിപ്പിക്കും
സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന രീതിയിലുള്ള പരാമര്‍ശം സുപ്രീംകോടതിയിൽ നിന്ന് സമീപ ദിവസങ്ങളില്‍ ഉണ്ടായി. വളരെ ശരിയായിട്ടുള്ള ഒരു നിഗമനവും തീരുമാനവുമാണ് ഇത്.കാരണം സമൂഹമാധ്യമങ്ങളില്‍ കൂടി എത്ര അപകീര്‍ത്തികരമായ കാര്യവും ആരെക്കുറിച്ചും ആര്‍ക്കും യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിക്കാമെന്നതാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ആശങ്കാജനകമായ യാഥാർത്ഥ്യം..
വാട്‌സപ്പ് ,ഫേസ് ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍ മുഖേന തെറ്റായതോ, അപകീര്‍ത്തികരമോ ആയ വാര്‍ത്തകള്‍ തയ്യാറാക്കി അയക്കുകയും അത് ഫോര്‍വേഡ് ചെയ്യുകയും ചെയ്യുന്ന എല്ലാ ആളുകള്‍ക്കും തുല്യനിലയില്‍ ഉത്തരവാദിത്വമുണ്ടാകും; പിന്നീട് ഖേദം പ്രകടിപ്പിച്ച് കൈ കഴുകാന്‍ പറ്റില്ല. അങ്ങനെ കൈ കഴുകിയാലും അവരുടെ ഉത്തരവാദിത്വം തീരുകയില്ലയെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
ഇരയാക്കപ്പെടുന്നവർക്ക് അവരുടെ നിലപാടുകള്‍ വിശദീകരിക്കാനോ, യഥാര്‍ത്ഥ സത്യം ജനങ്ങളെ അറിയിക്കാനോ സാധിച്ചുവെന്ന് വരില്ല. ഇരകള്‍ പലപ്പോഴും സാങ്കേതിക സൗകര്യമോ, രാഷ്ട്രീയ സാമ്പത്തിക പിന്‍ബലമോ ഉള്ളവരായിക്കുകയില്ലെന്നതാണ് ഇതിന് ഒരുകാരണം.
സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതിൽ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് അത് തടയാന്‍ പരിച ഇല്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
കോടതിയുടെ ഇടപെടലിലേക്ക് നയിച്ച ഘടകങ്ങള്‍ പലതാണ്.നമ്മുടെ നാട്ടില്‍ അച്ചടി മാധ്യമങ്ങള്‍ക്കായിരുന്നു പ്രാധാന്യം. അച്ചടി മാധ്യമങ്ങളില്‍ ഒരു ലേഖകന് ഒരു വാര്‍ത്ത കിട്ടിയാല്‍ ആദ്യം ഓഫീസില്‍ അറിയിക്കും. അവിടെ എഡിറ്റോറിയല്‍ വിഭാഗമുണ്ട്. പത്രറിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും രണ്ടാണ്. റിപ്പോര്‍ട്ടര്‍ അയക്കുന്ന വാര്‍ത്ത് സബ് എഡിറ്ററുടെ കൈയില്‍ കൂടി കടന്ന് ന്യൂസ് എഡിറ്റര്‍ വായിച്ച ശേഷം മാത്രമേ പത്രത്തില്‍ മഷി പുരളുകയുള്ളു. വളരെ ഉത്തരവാദിത്വമുള്ള പദവിയാണ് ന്യൂസ് എഡിറ്റര്‍. പ്രധാനപത്രങ്ങള്‍ക്കൊക്കെ റസിഡന്റ് എഡിറ്ററുമുണ്ട്. ആ എഡിഷനില്‍ വരുന്ന വാര്‍ത്തകള്‍ക്കൊക്കെ റസിഡന്റ് എഡിറ്റര്‍ ഉത്തരവാദിയാണ്. റസിഡന്റ് എഡിറ്ററുടെ പേരും പ്രസാധകന്റെ പേരുമൊക്കെ പത്രത്തിന്റെ അവസാന പേജിലുണ്ടാകും.
എവിടെയാണ് അച്ചടിച്ചതെന്നറിയാന്‍ വേണ്ടി മാത്രമല്ല. വാര്‍ത്തകളുടെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് ഇത് നല്‍കുന്നത്. വാര്‍ത്തകളുടെ കാര്യത്തില്‍ കൂട്ടായ ഉത്തരവാദിത്വം അവര്‍ക്കുണ്ട്. സിവിലായും ക്രിമിനലായും ബാദ്ധ്യതയുണ്ട്. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ പ്രസാധകനും പത്രാധിപരും ലേഖകനും ഒരുമിച്ച് ജയിലില്‍ പോകും. അതുപോലെ പ്രസ് കൗണ്‍സിലിന്റെ നടപടികള്‍ക്ക് വിധേയമാകും. അപകീര്‍ത്തിക്കിരയാകുന്ന വ്യക്തി സിവിലായി അന്യായം കൊടുത്താല്‍ നഷ്ടപരിഹാരം കൊടുക്കാനുള്ള ബാദ്ധ്യതയുണ്ട്. ഇത്തരം പല തരത്തിലുള്ള ബാദ്ധ്യതകള്‍ അച്ചടി പത്രത്തിനുണ്ട്. അതില്‍ നിന്നുള്ള മാറ്റമാണ് ടെലിവിഷന്‍ ചാനലുകളില്‍ വന്നത്. ടെലിവിഷനെ സംബന്ധിച്ചിടത്തോളം അച്ചടി മാധ്യമങ്ങളിലെ പോലെ സംവിധാനമൊക്കെ ഉണ്ടെങ്കിലും നിയന്ത്രണം ഫലപ്രദമല്ല. ഒരു വാര്‍ത്ത ഒരുസ്ഥലത്തു നിന്ന് എടുത്ത് പ്രധാനകേന്ദ്രത്തിലേക്കും ഉപകേന്ദ്രത്തിലേക്കും അയക്കുകയാണെങ്കില്‍ എഡിറ്റര്‍ കണ്ട് ബോധ്യപ്പെട്ട് വാര്‍ത്ത ശരിയാണെന്ന് ഉറപ്പിച്ച ശേഷമാണ് അത് സംപ്രേഷണം ചെയ്യുക. എന്നാല്‍ ഫീല്‍ഡില്‍ നിന്നുതന്നെ വാര്‍ത്ത കൊടുക്കുമ്പോള്‍ അതായത് ലൈവ് ടെലികാസ്റ്റ് നടക്കുമ്പോള്‍ ഒരോ ലേഖകനും അവരുടെ പത്രാധിപര്‍ കൂടിയാണ്. ലേഖകന്റെ വായില്‍ നിന്ന് എന്താണ് വീഴുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഇവരോട് പ്രതികരിക്കുന്ന ആളുകള്‍ക്കും നിയന്ത്രണമില്ല. അവര്‍ അപകീര്‍ത്തികരമായി സംസാരിക്കാന്‍ സാദ്ധ്യതയുണ്ട്. . തത്സമയ സംപ്രേഷണം കുഴപ്പം പിടിച്ച ഒരു മേഖലയാണ്. ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നതുകൊണ്ട് ഒരു ചാനല്‍ കൊടുക്കുന്നതിനേക്കാളും എരിവും പുളിയും മസാലയും ചേര്‍ത്ത് കൊടുക്കാനായിരിക്കും മറ്റ് ചാനലുകള്‍ ശ്രമിക്കുക.
ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കോ, സംവാദങ്ങള്‍ക്കോ ചാനലിന്റെ ഉടമസ്ഥനോ, എഡിറ്റര്‍ക്കോ മറ്റാളുകള്‍ക്കോ യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. . റിപ്പോര്‍ട്ടര്‍മാര്‍ പത്രാധിപന്മാരെ പോലെ സൂക്ഷ്മതയുള്ളവരല്ലാത്തതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തന്നെ തെറ്റുകള്‍ സംഭവിക്കും. പത്രങ്ങളിലെ പോലെ രണ്ട് മൂന്ന് അരിപ്പകളില്‍ കൂടി കടന്നു പോയിട്ടല്ലല്ലോ ആളുകളില്‍ എത്തുന്നത്. ഇതാണ് ടെലിവിഷന്‍ ചാനലുകളുടെ സ്വാഭാവികമായ ദൗര്‍ബല്യം.
മൊത്തം വളയമില്ലാത്ത ചാട്ടമാണ്സോഷ്യല്‍ മീഡിയയിൽ നടക്കുന്നത് . പലരും തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിര്‍മ്മിക്കുകയും ഉല്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തല്പര കക്ഷികള്‍ക്കും അവരുടേതായ വലിയ നെറ്റ്‌വര്‍ക്കുണ്ട്. അതില്‍ അശ്ലീലമായ ഉള്ളടക്കവുമുണ്ടാകും. തീര്‍ത്തും അസത്യമായതും വളച്ചൊടിക്കപ്പെട്ടതുമായ കാര്യങ്ങളുണ്ടാകും. അതുമല്ലെങ്കില്‍ ഒരാള്‍ പറഞ്ഞുവെന്നു പറഞ്ഞ് അയാള്‍ പറയാത്ത കാര്യങ്ങള്‍ പടം വെച്ച് പ്രചരിപ്പിക്കും. ആ പ്രസ്താവനയുടെ ഉത്തരവാദിത്വം അഭിപ്രായം പറഞ്ഞുവെന്ന് പറയുന്ന ആളുകളുടെ മേല്‍ പതിക്കും.
രാജ്യതാല്പര്യത്തിന് എതിരായിട്ടുള്ള ,രാജ്യത്തിന്റെ അഖണ്ഡതയേയും, ഐക്യത്തെയും, രാജ്യരക്ഷയെ തന്നെയും ബാധിക്കുന്ന, സമുദായ സ്പര്‍ദ്ധ ഉണ്ടാക്കാവുന്ന ഒരുപാട് കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
തീവ്രവാദ സംഘടനകള്‍ സമൂഹ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.വികാരങ്ങൾക്ക് അങ്ങേയറ്റം തീ പിടിപ്പിക്കുന്ന, ചോര തിളപ്പിക്കുന്ന വിധത്തിലുള്ള പ്രചരണമാണ് ഈ സംഘടനകള്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്നത്.
സമീപകാലത്ത് നിരോധിക്കപ്പെട്ട പോപ്പുലര്‍ഫ്രണ്ട് അവരുടെ മുഖ പത്രമായ തേജസ് പൂട്ടിപ്പോയ ശേഷം പൂര്‍ണമായും സമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ആശയപ്രചരണം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ന്യൂസ് പോര്‍ട്ടല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. സമുദായസ്പര്‍ദ്ധയുണ്ടാക്കുന്നതും ആളുകളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതുമാണ് ഉള്ളടക്കം. കൊലപാതകങ്ങളെ ന്യായീകരിച്ചുകൊണ്ടും കൊലപാതകികളെ പിന്തുണച്ചുകൊണ്ടും മാന്യവല്‍ക്കരിച്ചുകൊണ്ടുമുള്ള വാര്‍ത്തകളും അസത്യപ്രചരണങ്ങളുമാണ് പോപ്പുലര്‍ ഫ്രണ്ട് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്.
സമീപ കാലത്ത് ഹരിയാനയിലെ നൂഹ് ജില്ലയില്‍ നടന്ന വര്‍ഗീയ കലാപത്തിന് പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ചില വാട്‌സാപ്പ് ഗ്രൂപ്പുകളും യൂട്യൂബ് ചാനലുകളുമാണ് വഴിമരുന്നിട്ടതെന്ന് ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാകിസ്ഥാനില്‍ രൂപപ്പെട്ട വീഡിയോകളും അതിലെ വ്യാജവാര്‍ത്തകളും സമുദായസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയിലുള്ള ഉള്ളടക്കവും നമ്മുടെ രാജ്യത്തും പ്രചരിക്കുന്നു. ഇതൊരു അസത്യപ്രചരണമാണെന്ന് കാണുന്നവര്‍ക്ക് ബോദ്ധ്യമാകില്ല. വിദേശ ശക്തികളുടെ താല്പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍മീഡിയ നമ്മുടെ നാട്ടില്‍ സജീവമാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മറ്റും ഉണ്ടായ സംഭവങ്ങളുടെ വീഡിയോ ഉത്തരേന്ത്യയിൽ നടന്നത് എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതും പുതിയ കാര്യമല്ല.
ജമ്മുവിലെ കത്‌വയിൽ മാനഭംഗ കേസ് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വാട്‌സാപ്പില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് കൊല്ലം ജില്ലയിലെ മൂന്നോ നാലോ ഹിന്ദു യുവാക്കളായിരുന്നു. അതിന്റെ ഫലമുണ്ടായത് മലപ്പുറം ജില്ലയിലാണ്. തുറന്നു വെച്ച കടകള്‍ അടപ്പിക്കുന്നത് മനസ്സിലാക്കാം, ഹര്‍ത്താലാണെന്ന് കരുതി പൂട്ടിയിട്ട കടകള്‍ കുത്തിത്തുറന്ന് അക്രമം നടത്താന്‍ വരെ പ്രേരിപ്പിക്കുന്ന ഹര്‍ത്താലായി അത് മാറി.
തീവ്രവാദ സംഘടനകള്‍ അവരുടെ അംഗങ്ങളുമായി ബന്ധപ്പെടുന്നതും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും ടെലിഗ്രാമിലും മറ്റും കൂടിയാണ്. പൊലീസില്‍ തീവ്രവാദ സംഘടനകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉള്ള കാര്യം നേരത്തെ പുറത്തു വന്നിരുന്നു. പോപ്പുലര്‍ഫ്രണ്ടിനോടു അനുഭാവമുള്ള ‘പച്ചവെളിച്ച’ത്തിലൂടെ പൊലീസിലെ ഉന്നതതലം മുതല്‍ താഴെത്തട്ട് വരെയുള്ള വിവരങ്ങള്‍ ഉടനുടന്‍ ആസംഘടനയ്ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തി ബസ്സിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തിന്റെ അന്വേഷണം നടക്കുമ്പോഴാണ് പിടിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദിയുടെ കൈയില്‍ നിന്ന് ഇടുക്കി ജില്ലയിലെ ആര്‍.എസ്.എസ്. നേതാക്കളുടെ വിവരങ്ങള്‍ കിട്ടിയത്. പൊലീസില്‍ നിന്ന് ചോര്‍ന്നു കിട്ടിയതായിരുന്നു ആ വിവരങ്ങള്‍. തുടര്‍ന്ന് പൊലീസുകാരനെ പിരിച്ചുവിട്ടു.
പിടിക്കപ്പെട്ടത് ഒരു പൊലീസുകാരന്‍ മാത്രമാണ് . പിടിക്കപ്പെടാത്ത എത്രയോ പേര്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി പൊലിസ് സര്‍വീസിലുണ്ട്. ഈ കാര്യങ്ങളിലൊക്കെ കൃത്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള സംസ്ഥാനവും രാജ്യസുരക്ഷയുടെ ചുമതലയുള്ള കേന്ദ്രവും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ സംവിധാനങ്ങളെയൊക്കെ നേരിടാന്‍ പറ്റൂ. ഈ വിധത്തിലുള്ള ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നമ്മുടെ രാജ്യത്തില്ല.
മറ്റൊരു പ്രധാനപ്പെട്ട കാര്യം സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണമാണ്. വ്യക്തികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതിനേക്കാളേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നാണ് ഇത്തരം സൈബര്‍ ആക്രമണം ഏറെയുണ്ടാകുന്നത്. സ്ത്രീകളായ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകർ എന്നിവര്‍ക്കെതിരെ ഭീകരമായ സൈബര്‍ ആക്രമണമാണ് അഴിച്ചുവിടുന്നത്. ബി.ജെ.പി. നേതാവ് ശോഭാസുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ, മനോരമന്യൂസ് ചാനലിലെ ഷാനിപ്രഭാകർ തുടങ്ങിയവര്‍ക്കു നേരെയുണ്ടായ അസഭ്യ പ്രചരണം ഉദാഹരണം. ചിലവസ്തുതകൾ വാർത്തകളിലൂടെ തുറന്ന് കാണിച്ച മാധ്യമപ്രവര്‍ത്തകരുടെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബറിടങ്ങള്‍ അസഭ്യവര്‍ഷം നടത്തി.
ഈ കേസുകളിലൊന്നും പൊലിസിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ല.പരാതി കൊടുത്താൽ തന്നെ നടപടിയുണ്ടാകില്ല. അതുകൊണ്ട് തന്നെ പരാതി നല്‍കാനും ആളുകള്‍ തയ്യാറാകുന്നില്ല. പരാതി കൊടുത്താലും കേസെടുത്താലും സൈബര്‍ കുറ്റവാളികളെ ശിക്ഷിക്കാനുള്ള വകുപ്പ് ഐടി ആക്ടില്‍ ഇല്ലായെന്നതാണ് മറ്റൊരു കാര്യം. സൈബർ കുറ്റങ്ങൾക്ക് ശിക്ഷനൽകാനുള്ള പ്രസക്തമായ വ്യവസ്ഥ മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു.സമൂഹമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെക്കുറിച്ചും എത്ര അപകീര്‍ത്തികരമായും പ്രചരണം നടത്താം . കേസെടുത്താലും നിലനില്‍ക്കില്ല. ഈയൊരു സാഹചര്യത്തിലാണ് നിയന്ത്രണം വേണം എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഉണ്ടായിട്ടുള്ളത്.
യൂട്യൂബ് ചാനലുകളില്‍ ചിലതെങ്കിലും തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ നിരന്തരമായി നല്‍കുന്നവയാണ്. വാര്‍ത്താ ചാനലുകള്‍ പോലെ, ന്യൂസ് പേപ്പര്‍ പോലെ, വാര്‍ത്തകള്‍ അപ്പോഴപ്പോള്‍ ജനങ്ങളില്‍ എത്തിക്കുന്നു എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകള്‍ ഏറെയുണ്ട്. അവയില്‍ പലതും യാതൊരു അടിസ്ഥാനവുമില്ലാതെ ഊഹാപോഹങ്ങള്‍ പടച്ചു വിടുന്നവയാണ്. വരുന്ന മാസം 12-ാം തീയതി ലോകം അവസാനിക്കും. നട്ടുച്ചക്ക് സൂര്യൻ അസ്തമിക്കുംഅല്ലെങ്കിൽ അസ്തമിച്ചാൽ പിന്നെ ഉദിക്കുകയില്ലെന്ന് വാർത്ത കൊടുക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടനെ യുദ്ധമുണ്ടാകുമെന്നും വെസൂവിയസ് അഗ്നിപര്‍വതം മറ്റന്നാള്‍ പൊട്ടുമെന്നും മറ്റുമുള്ള സംഭ്രമജനകവും സ്‌തോഭജനകവുമായ വാര്‍ത്തകള്‍ അടിച്ചുവിടുകയാണ് ഇവരുടെ രീതി. തികച്ചും കപോലകല്‍പിതമായ കിംവദന്തികളും ഉൗഹാപോഹങ്ങളുമാണ് ഇവർ പ്രചരിപ്പിക്കുന്നത്. കൂടാതെ വ്യക്തികളെ തേജോവധം ചെയ്യാന്‍ വേണ്ടി മാത്രം വാര്‍ത്ത കൊടുക്കുന്നവരുണ്ട്. രാഷ്ട്രീയ നേതാക്കള്‍, സമുദായനേതാക്കള്‍, സിനിമാനടന്മാര്‍ എന്നിവര്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത വാര്‍ത്ത കൊടുക്കും. സിനിമാ നടന്‍മാരാണ് പ്രധാന ഇരകള്‍. ഇവരെയൊക്കെ തേജോവധം ചെയ്യാന്‍ പറ്റിയ വാര്‍ത്തകള്‍ അസത്യവും അര്‍ദ്ധസത്യവും കൂട്ടിച്ചേര്‍ത്ത് ഭയങ്കരമായി അവതരിപ്പിക്കും.
മൂന്നു മണിക്ക് റിലീസാവുന്ന സിനിമയുടെ ആസ്വാദനം രണ്ടര മണിക്ക് തന്നെ പുറത്തുവിടുന്നവരുണ്ട്. സിനിമ പൊട്ടയാണെന്നും ആരും കാണരുതെന്നും പറയുന്നതിന് പിന്നില്‍ പലവിധ താല്പര്യങ്ങളാണ്. സമീപകാലത്ത് ഒരു ജ്വല്ലറി ഗ്രൂപ്പിനെതിരെ യൂട്യൂബ് ആക്രമണം നടന്നു. യു.എ.ഇ എംബസി മുഖേനയുള്ള സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഇവരാണെന്ന് വലിയ പ്രചരണമുണ്ടായി. വ്യാപാര രംഗത്തെ ശത്രുത ഇത്തരം യൂട്യൂബ് ആക്രമണങ്ങള്‍ക്ക് പലപ്പോഴും കാരണമാകാറുണ്ട്. സാമ്പത്തികവും രാഷ്ട്രീയവുമായ ഉദ്ദേശ്യവും ഉണ്ട്. സത്യസന്ധമായ വാര്‍ത്തകള്‍ വിശ്വസിക്കാന്‍ പൊതുവേ ജനത്തിന് വൈമുഖ്യമുണ്ടെന്ന കാര്യവും മനസ്സിലാക്കണം. ലാല്‍ബഹദൂര്‍ ശാസ്ത്രി റഷ്യയില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു എന്നത് സത്യമാണെങ്കില്‍ പോലും അങ്ങനെയല്ല അദ്ദേഹത്തെ റഷ്യക്കാര്‍ വധിച്ചു, അമേരിക്കക്കാര്‍ വകവരുത്തി, അല്ലെങ്കില്‍ പാകിസ്ഥാനി ഏജന്റുമാര്‍ ഇല്ലായ്മ ചെയ്തു അതുമല്ലെങ്കില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വിഷം കൊടുത്ത് വകവരുത്തി എന്ന് വിശ്വസിക്കാനാണ് നമ്മുടെ ആളുകള്‍ക്ക് താല്പര്യം. അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ പെട്ടെന്ന് വിശ്വസിക്കും. ഈ വക പ്രചരണം നടത്തിക്കൊണ്ടേയിരുന്നാല്‍ കാണുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കും. അതനുസരിച്ച് ഇവരുടെ വരുമാനവും വര്‍ദ്ധിക്കും. ഇത്തരം യൂട്യൂബ് ചാനലുകള്‍ മൂലം മുഖ്യധാര മാധ്യമങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമെന്ന അവസ്ഥയുമുണ്ട്. മറുനാടന്‍ മലയാളിയിലോ, കര്‍മ്മന്യൂസിലോ വരുന്നത് മാത്രമാണ് സത്യം. മറ്റൊന്നും സ്വീകാര്യമല്ല എന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ ശക്തമാകുന്നുണ്ട്.
ഈയൊരു അവസ്ഥയുണ്ടായതില്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന് വിസ്മരിക്കാനാവില്ല. സത്യസന്ധമായ വാര്‍ത്തകളും ചില ബിസിനസ് ഗ്രൂപ്പുകള്‍ക്ക് അനിഷ്ടകരമായ വാര്‍ത്തകളും കൊടുക്കാതിരിക്കാന്‍ പത്രങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ബിഷപ്പ് യോഹന്നാന്റെ സ്ഥാപനങ്ങളിലെ റെയ്ഡ് കേരളത്തിലെ പ്രധാനപ്പെട്ട പത്രങ്ങള്‍ തമസ്‌കരിച്ചു. കാരണം യോഹന്നാനോടുള്ള കടപ്പാട്. അതുപോലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന റെയ്ഡുകളും പത്രങ്ങള്‍ മുക്കും. ഇതൊക്കെ സമൂഹമാധ്യമങ്ങളില്‍ വലിയ സംഭവമായി വരും. അങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ച് വെച്ച വാര്‍ത്തകള്‍ എന്ന വ്യാജേന തികച്ചും അസത്യമായ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നു. ഇത് നിയന്ത്രിക്കാന്‍ രാജ്യത്ത് യാതൊരു നിയമവുമില്ല. പത്രങ്ങള്‍ക്കോ, ടെലിവിഷന്‍ ചാനലുകള്‍ക്കോ എതിരായി നിയമനടപടിക്ക് പോകാം. യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ കേസിനു പോകാന്‍ ബുദ്ധിമുട്ടാണ്. കാരണം യൂട്യൂബ് ചാനലുകള്‍ക്ക് ഊരും പേരുമില്ല. സാമ്പ്രദായിക, വ്യവസ്ഥാപിത രീതിയിലല്ല ഈ യൂട്യൂബ് ചാനലുകളുടെ പ്രവര്‍ത്തനം .തികച്ചും അശ്ലീല ഉള്ളടക്കത്തോടെ സാമൂഹ്യ വിപത്തായി മാറുന്ന യൂട്യൂബ് ചാനലുകളുമുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ചാനലുകളെനിലയ്ക്ക് നിര്‍ ത്താനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഫലപ്രദമായ രീതിയില്‍ നടപടിയെടുക്കണം. പല യൂട്യൂബ് ചാനലുകളുടേയും ഉടമസ്ഥര്‍ വിദേശത്താണ്. ഇസ്ലാം മതത്തെ കഠിനമായി വിമര്‍ശിക്കുന്ന ഒരു പെന്തക്കോസ്തുകാരനുണ്ട്. പക്ഷേ അയാള്‍ക്കെതിരെ ഇവിടെ യാതൊരു നടപടിയും എടുക്കാനാവില്ല. കാരണം അയാള്‍ അയര്‍ലൻഡിൽല്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ഒരുപാട് പരാധീനതകള്‍ ഈ രംഗത്തുണ്ട്.
നിയമസംവിധാനം കുറെക്കൂടി ഊര്‍ജ്ജിതമായും ഊര്‍ജ്ജസ്വലമായും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.സാമൂഹ്യമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഒന്ന് ഫലപ്രദമായ നിയമം വേണം. രണ്ടാമത് വിവരസാങ്കേതിക വിദ്യയില്‍ പൊലിസുകാര്‍ക്ക് അറിവ് നല്‍കണം. വിവരസാങ്കേതിക വിദ്യ വികസിച്ചതിനനുസരിച്ച് പൊലീസുകാരുടെ പ്രാഗത്ഭ്യം വര്‍ദ്ധിച്ചിട്ടില്ല. പോക്കറ്റടിക്കാരെയും മോഷ്ടാക്കളെയും പിടിക്കുന്നത് പോലെ സൈബർ കുറ്റവാളികളെ പിടികൂടാനാവില്ല. വിവരസാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാന്‍ കൃത്യമായ പരിശീലനം പൊലീസുകാര്‍ക്ക് നല്‍കണം.
മൂന്ന് ഇത്തരം കേസുകള്‍ ചാര്‍ജ്ജ് ചെയ്താല്‍ കൃത്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രാപ്തരായ പ്രോസിക്യൂട്ടര്‍മാരും നെല്ലുംപതിരും തിരിച്ചറിഞ്ഞ് വിധിക്കാന്‍ പരിജ്ഞാനമുള്ള ന്യായാധിപന്മാരും വേണം. കുത്തുകേസ് വാദിക്കുന്നതു പോലെ സൈബര്‍ ക്രൈം വിചാരണചെയ്യാനാവില്ല. വൈകിയ വേളയിലെങ്കിലുംവളയമില്ലാത്ത ഈ ചാട്ടത്തിനെതിരെ സുപ്രീംകോടതി ജാഗ്രത പുലര്‍ത്തിയതും നിലപാടിലെത്തിയതും പ്രധാനമാണ്.