ചരിത്രമുഹൂര്‍ത്തം
അരുവിപ്പുറം മുന്‍പില്ലാത്ത വിധം ഉത്സാഹത്തിമിര്പ്പിലാണെന്ന് കുമാരനാശാന് തോന്നി. നട്ടുച്ചയ്ക്ക് പോലും കടുത്ത വെയില് ഇല്ല. മഴയുമില്ല. ഇളം തണുപ്പും ഇളം ചൂടും സമന്വയിക്കുന്ന അത്യപൂര്‍വമായ കാലാവസ്ഥ. മഹത്തായ എന്തോ ഒന്നിനായി പ്രകൃതി പോലും തയ്യാറെടുക്കും പോലെ.
സ്വാമികള്‍ അരുവിയില്‍ തന്നെ കുളിച്ച് ശുഭ്രവസ്ത്രധാരിയായി പ്രാര്‍ത്ഥനയില്‍ മുഴുകിയിട്ട് ഏറെ നേരമായി. സാധാരണ ഗതിയില്‍ സ്വാമി ഇത്രയധികം സമയമെടുക്കാറില്ല.
ഇത് ഒരു ചരിത്രമുഹൂര്‍ത്തമാണ്. ചരിത്രത്തിന്റെ വഴിമാറി നടത്തമാണ്. തലമുറകളെ ത്രസിപ്പിക്കാന്‍ പാകത്തില്‍ ഒരു പുതിയ തുടക്കമാണ്. പതിറ്റാണ്ടുകളായി ചവിട്ടിമെതിക്കപ്പെട്ട ഒരു മഹാജനതയ്ക്ക് അവകാശബോധവും ദിശാബോധവും നല്കാന് പര്യാപ്തമായ ഒരു മഹാപ്രസ്ഥാനത്തിന്റെ ബീജാവാപം സംഭവിക്കുന്ന ദിവസം.
വാവൂട്ട്യോഗം പിന്നീട് അരുവിപ്പുറം ക്ഷേത്രയോഗമായി പരിവര്ത്തിച്ചെങ്കിലും കുറെക്കൂടി വ്യാപകമായ ഒരു സംഘടനാ തലത്തിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം സ്വാമികള്‍ വച്ചു പുലര്‍ത്താന്‍ തുടങ്ങിയിട്ട് ദീര്‍ഘകാലമായി. അങ്ങനെയൊരു ചിന്ത മൊട്ടിട്ടപ്പോള്‍ ആദ്യം കൂടിയാലോചിച്ചത് തന്നോടും ഡോക്ടറോടുമായിരുന്നു. വികാരജീവിയായ തനിക്ക് കേട്ടമാത്രയില്‍ തന്നെ ആകര്‍ഷണം തോന്നിയെങ്കിലും ക്രാന്തദര്‍ശിയും പ്രായോഗികമതിയുമായ ഡോക്ടര്‍ കുറെക്കൂടി ആഴത്തില്‍ ചിന്തിച്ചു.കൃത്യവും വ്യക്തവുമായ രൂപരേഖകള്‍ തയ്യാറാക്കി അങ്ങേയറ്റം ജാഗ്രതയോടെയാവണം ഓരോ ചുവടുകളും.
അധസ്ഥിതന്റെ ഏത് നീക്കത്തെയും തുരങ്കം വയ്ക്കാന്‍ കാത്തിരിക്കുകയാണ് സവര്‍ണ്ണമേധാവികള്‍. അവര്‍ക്ക് എക്കാലവും പിന്നാക്കക്കാര്‍ കാല്‍ക്കീഴിലെ മണ്ണായി ചവിട്ടാന്‍ പാകത്തില്‍ നിന്നുകൊളളണം. ഡോക്ടര്‍ ഉളളിടത്തോളം കാലം അവര്‍ക്ക് സ്വസ്ഥത കിട്ടില്ല.
മുറിച്ചാല്‍ മുറി കൂടുന്നതാണ് അദ്ദേഹത്തിന്റെ ശീലം. സ്വാമികളുടെ ആത്മീയമായ പിന്‍ബലം കൂടിയാവുമ്പോള്‍ കരുത്ത് പിന്നെയും പലമടങ്ങ് വര്‍ദ്ധിക്കും.
എന്തായാലും സംഘടനാ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയിരിക്കുന്നു.
ഇന്ന്… ഇന്നാണ് ആ മഹാസുദിനം. ഡോക്ടര്‍ എത്തിയാലുടന്‍ ആദ്യസമ്മേളനം ആരംഭിക്കുന്നു. രജിസ്ട്രേഷന് അടക്കമുളള നിയമനടപടികള്ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അവശേഷിക്കുന്നത് ഔപചാരികമായ ഉത്ഘാടന കര്‍മ്മമാണ്. സ്വാമികള്‍ ഒന്ന് വിളക്ക് തെളിയിക്കുകയേ വേണ്ടു. മാറ്റത്തിന്റെ മഹാപ്രകാശം ലക്ഷോപക്ഷം ആളുകളുടെ മനസിലേക്ക് പകരും.
കുമാരു ആ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ആകാംക്ഷയോടെ കാത്തിരുന്നു.
നിര്‍ദ്ദിഷ്ട സമയത്ത് തന്നെ ഡോക്ടര്‍ എത്തി.
പൊതുയോഗത്തിന് മുന്‍പ് സ്വാമികളും ഡോക്ടറും കുമാരുവും മാത്രമായി ഒരു കൂടിക്കാഴ്ച.
ദീര്‍ഘനേരം സ്വാമികളെ തന്നെ നോക്കിയിരിക്കുകയായിരുന്നു പല്‍പ്പു.
ശബ്ദം പരമാവധി താഴ്ത്തി ഒരു സ്വകാര്യത്തിന്റെ ഛായയില്‍ സ്വാമി ചോദിച്ചു.
‘നമുക്ക് വേഗം കൂടിപ്പോയെന്ന് തോന്നുന്നുണ്ടോ? ഇപ്പോള്‍ ഇങ്ങനെയൊരു നീക്കത്തില്‍ എന്തെങ്കിലും അനൗചിത്യമുണ്ടോ?’
‘ഇല്ലെന്ന് മാത്രമല്ല ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. അത്ഭുതം അതിലൊന്നുമല്ല. ഇങ്ങനെയൊരു കാര്യം സ്വാമികളോട് എങ്ങിനെ അവതരിപ്പിക്കുമെന്ന് അറിയാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു ഞാന്‍..’
‘എന്തായാലും നമ്മള് ഒരേ തരംഗദൈര്ഘ്യമുളളവരാണെന്ന് മനസിലായില്ലേ?’
‘പണ്ടേ തോന്നിയിരുന്നു. പക്ഷെ ആത്മീയവിഷയങ്ങളില്‍ സ്വാമികളുടെ മുന്നിലിരിക്കാന്‍ എനിക്ക് യോഗ്യതയില്ല’
‘ആധുനിക വൈദ്യശാസ്ത്രത്തില്‍ ഡോക്ടറുടെ മുന്നിലിരിക്കാന്‍ എനിക്കും’
പല്‍പ്പു ഉറക്കെ പൊട്ടിച്ചിരിച്ചു പോയി. നര്മ്മഭാഷണത്തില് സ്വാമികളുടെ ചാതുര്യം പണ്ടേ സുവിദിതമാണ്.
‘അപ്പോള്‍ അടുത്തപടി എന്താണ്?’
പല്‍പ്പു ചോദിച്ചു.
‘ആദ്യം ഒരു പേര് നിശ്ചയിക്കണം. ഡോക്ടര്‍ തന്നെ അതും കണ്ടെത്തിക്കോളു’
‘എന്റെ മനസിലൊരു പേരുണ്ട്. ശരിയാവുമോയെന്ന് അറിയില്ല. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം’
‘ശ്രീനാരായണന് എന്നതുകൊണ്ട് നമ്മെയാണോ ഉദ്ദേശിക്കുന്നത്?’
‘സ്വാമികളുണ്ട്. അതിനപ്പുറം നാരായണ നാമം കൊണ്ട് ഉദ്ദേശിക്കുന്ന ഈശ്വരാംശവുമുണ്ട്. ധര്‍മ്മ സംസ്ഥാപനാര്ത്ഥമായിരുന്നല്ലോ ഭഗവാന്റെ അവതാരങ്ങളെല്ലാം തന്നെ. അവിടത്തെ ധര്‍മ്മവും സ്വാമികളുടെ ധര്‍മ്മവും എല്ലാം ഫലത്തില്‍ ഒന്ന് തന്നെ. എങ്ങിനെയും വ്യാഖ്യാനിക്കാം. അടിസ്ഥാനപരമായി എല്ലാം സമാനം’
സ്വാമികള്‍ ഒന്ന് തുറന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
‘എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ’
പല്‍പ്പുവിന് ബഹുസന്തോഷമായി. തന്റെ നിര്‍ദ്ദേശം പ്രഥമ ശ്രവണമാത്രയില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
‘നടപടിക്രമങ്ങളെല്ലാം ഞാന്‍ ഏര്‍പ്പാടാക്കി കൊളളാം. പക്ഷെ ഉറച്ച ഒരു നേതൃത്വം അനിവാര്യമാണ്. അതാണ് അടിത്തറ. അത് ശക്തമല്ലെങ്കില്‍ ബാക്കിയെല്ലാം ദുര്‍ബലമാവും’
ഗുരു ഏറെസമയം ആലോചിച്ചിരുന്നു. പല്‍പ്പു പ്രതികരണത്തിനായി കാതോര്‍ത്തു.
‘സംഘടനയുടെ അദ്ധ്യക്ഷസ്ഥാനത്ത് ഞാന്‍ ഡോക്ടറെയാണ് കാണുന്നത്’
പല്‍പ്പു ഒന്ന് ഞെട്ടി.
‘അവിടുത്തേക്ക് അഹിതമായി ഒന്നും തോന്നരുത്. പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഞാന്‍ മുന്നിലുണ്ട്. പക്ഷെ ദൈനംദിനകാര്യങ്ങള്‍ നോക്കാന്‍ സാധിച്ചെന്ന് വരില്ല. ഔദ്യോഗിക തിരക്കുകള്‍ അത്രയധികമുണ്ട്’
‘അപ്പോള്‍ പിന്നെ നാം എന്ത് ചെയ്യും?’
‘അവിടന്ന് തന്നെ നേതൃത്വം ഏറ്റെടുക്കണമെന്നാണ് എന്റെ ആഗ്രഹം. വ്യാപകസ്വീകാര്യതയുള്ള ഒരാള്‍ തന്നെ നയിക്കണം. എങ്കിലേ അണികള്‍ ഭിന്നിക്കാതെ ഒന്നിച്ച് നില്ക്കൂ’
അത് ശരിയാണെന്ന് മനസിലാക്കി സ്വാമികള്‍ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
‘ഞാന്‍ ഒരു ബിംബം മാത്രം. ആഫീസ് ചുമതലകള്‍ നിര്‍വഹിക്കാന്‍ ഒരു ജനറല്‍ സെക്രട്ടറി വേണം. കാര്യപ്രാപ്തിയുണ്ടാവണം. വിശ്വസ്തതയും. ആത്മാര്‍ത്ഥത കുറയാനും പാടില്ല’
പല്‍പ്പു മനസില്‍ പല നാമധേയങ്ങള്‍ തിരഞ്ഞു.
‘കുമാരു ആ സ്ഥാനത്ത് ഉചിതമാവുമെന്ന് തോന്നുന്നു’
സ്വാമികള്‍ പെട്ടെന്ന് തന്നെ ആശയക്കുഴപ്പം ഒഴിവാക്കി.
‘കൊച്ചുപയ്യനല്ലേ…മുപ്പത് തികഞ്ഞിട്ടില്ല. അതിനുളള പക്വതയുണ്ടാവുമോ?’
സ്വാമികള്‍ വീണ്ടും ചിരിച്ചു.
‘അറുപതുകാര്ക്കില്ലാത്ത പക്വത കുമാരുവിനുണ്ട്. അറിവും..’
‘എനിക്ക് സന്തോഷം തന്നെ..’
പല്‍പ്പു അതിനോട് യോജിച്ചു.
‘ഇനി ഉപാദ്ധ്യക്ഷ പദവി. അതില്‍ ഒഴിവ്കഴിവ് പറയരുത്. ഡോക്ടര്‍ തന്നെ ആ സ്ഥാനം അലങ്കരിക്കണം’
പല്‍പ്പു പിന്നെ എതിര്‍പ്പ് പറഞ്ഞില്ല. ഒരു മന്ദഹാസത്തില്‍ സമ്മതം അലിയിച്ചു.
പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു.
‘അധികാരസ്ഥാനങ്ങളില്ലാത്ത സാമൂഹ്യസേവനമാണ് എന്നും എന്റെ മനസില്‍’
‘അറിയാം. സന്ന്യാസിയായ ഞാന്‍ പോലും പ്രസിഡണ്ടായില്ലേ. അപ്പോള്‍ ഡോക്ടര്‍ക്ക് എനിക്കൊപ്പം അണിചേരാം.
ഇക്കുറി പല്‍പ്പു പൊട്ടിച്ചിരിച്ചു പോയി.
യോഗത്തിന്റെ പ്രഥമ വാര്‍ഷികം അരുവിപ്പുറത്ത് കൊണ്ടാടുന്നതിന്റെ തലേന്ന് പല്‍പ്പു സ്വാമികളെ സ്വകാര്യമായി കണ്ട് ഒരു കാര്യം ഉണര്‍ത്തിച്ചു.
‘സ്വാമി…ഒരു വര്‍ഷം പൂര്‍ത്തിയായി. ഇനി ഈ സ്ഥാനത്തു നിന്ന് മാറാന്‍ എന്നെ അനുവദിക്കണം’
‘പകരം ആ സ്ഥാനം ആര് വഹിക്കും?’
‘കൊച്ചെറുക്കന് വൈദ്യര് നന്നാവുമെന്ന് തോന്നുന്നു. സ്വാമികള്‍ തീരുമാനിച്ചാല്‍ മതി’
‘ഡോക്ടര്‍ ഒന്ന് മനസില്‍ കണ്ടാല്‍ എനിക്ക് വിയോജിപ്പൊന്നുമില്ല’
‘സ്വാമിക്ക് എന്നോട് ഒന്നും തോന്നരുത്. ജോലിത്തിരക്ക് അത്രയ്ക്കുണ്ട്. രണ്ടുംകൂടി വഹിച്ചാല്‍ രണ്ടിനോടും നീതി പുലര്‍ത്താന്‍ കഴിയാതെ വരും’
‘നാം തീരുമാനിച്ചു കഴിഞ്ഞില്ലേ. ഇനിയെന്താണ് പ്രശ്നം?’
സ്വാമി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. പല്‍പ്പു ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.
വാര്‍ഷികാഘോഷം കഴിഞ്ഞു. സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ പല്‍പ്പു ഫോണില്‍ വിളിച്ച് അപ്പപ്പോള്‍ അന്വേഷിക്കുകയും അതിലെല്ലാം സജീവമായി ഇടപെടുകയും ചെയ്തിരുന്നു.
രണ്ടാം വാര്‍ഷികം സമുചിതമായി കൊണ്ടാടുന്ന കാര്യത്തെക്കുറിച്ച് കുമാരു സ്വാമികളുടെ മുന്നില്‍ അവതരിപ്പിച്ചു. കേട്ടപാതി സ്വാമി ചോദിച്ചു.
‘ഡോക്ടറുമായി ഇതാലോചിച്ചോ?’
‘ഫോണില്‍ സൂചിപ്പിച്ചിരുന്നു’
‘എന്ത് പറഞ്ഞു?’
‘പുതിയ ചില ആശയങ്ങള്‍ മനസിലുണ്ടെന്ന് പറഞ്ഞു”
‘ശരി. എങ്കില്‍ ഡോക്ടര്‍ വരട്ടെ.’
കുമാരു തലകുലുക്കി.
പല്‍പ്പു അവധിക്ക് വന്നപ്പോള്‍ ആദ്യം എത്തിയത് അരുവിപ്പുറത്തായിരുന്നു.
‘വീട്ടില്‍ കയറിയില്ലല്ലേ?’
പല്‍പ്പു ചിരിച്ചു. സ്വാമി പറഞ്ഞു.
‘തിരക്കില്ല. പതുക്കെ മതിയായിരുന്നു.’
‘വീട് എപ്പഴും കൂടെയുണ്ടല്ലോ? നാടിന്റെ സ്ഥിതി അതല്ലല്ലോ? സംഘടനാപരമായ നീക്കങ്ങള്‍ നമ്മുടെ ആളുകളില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെയില്ലാത്ത ആവേശവും ആത്മവിശ്വാസവും കണ്ടുതുടങ്ങിയിരിക്കുന്നു’
‘എനിക്കും അങ്ങനെ തോന്നി. എന്താ കുമാരു?’
അടുത്തു നിന്ന ആശാനെ ഗുരു നോക്കി.
‘സത്യമാണ്. എല്ലാവരും വലിയ പ്രതീക്ഷകളിലാണ്’
‘ശരി. എങ്കില്‍ കാര്യത്തിലേക്ക് കടക്കാം’
തിരുവിതാംകൂറിനൊപ്പം കൊച്ചി, മലബാര്‍ പ്രദേശങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ
വിപുലമായ സമ്മേളനം വിളിച്ചു കൂട്ടുന്നതിനെക്കുറിച്ച് പല്‍പ്പു സൂചിപ്പിച്ചപ്പോള്‍ കുറച്ച്കാലം കൂടി കഴിഞ്ഞ് പോരേയെന്നാണ് സ്വാമികള്‍ ചോദിച്ചത്. സംഘടനയുടെ അടിത്തറ കുറെക്കൂടി വിപുലപ്പെടുത്തിയ ശേഷം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അത് പോര, എത്രയും വേഗം വാര്‍ഷിക സമ്മേളനങ്ങളിലേക്ക് കടക്കണമെന്ന് പല്‍പ്പു അഭിപ്രായപ്പെട്ടപ്പോള്‍ ആളുകള്‍ കാര്യമായി പങ്കെടുക്കുമോ എന്ന ആശങ്കയായി സ്വാമികള്‍ക്ക്. പല്‍പ്പു ഒട്ടും ആലോചിക്കാതെ പറഞ്ഞു.
‘ ഒരു പരിധിക്കപ്പുറം ആരെയും നമുക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല. ആളുകള്‍ മനസ് തോന്നി വരണം. അല്ലെങ്കില്‍ അവരെ ആകര്‍ഷിക്കുന്ന എന്തെങ്കിലും സമ്മേളനത്തില്‍ ഉണ്ടാവണം’
കലാപരിപാടികളെക്കുറിച്ചാവും സുചനയെന്ന് സ്വാമി വിചാരിച്ചെങ്കിലും പല്‍പ്പു നൂതനമായ ഒരു ആശയം മുന്നോട്ട് വച്ചു.
‘എല്ലാ ജാതിമതങ്ങളെയും ഉള്‍ക്കൊളളുന്ന മാനവികതയില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടാണ് നമ്മുടെ സംഘടനയ്ക്കുളളത് . ആ നിലയ്ക്ക് ഈ സമ്മേളനത്തില്‍ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തണം. അന്യസമുദായക്കാര്ക്കൊപ്പം, രാജകുടുംബാംഗങ്ങള്‍, ദിവാന്‍ജിമാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍..എന്നിവരൊക്കെ പങ്കെടുക്കട്ടെ’
സ്വാമികള്‍ക്കും ആശാനും ആ നിര്‍ദ്ദേശം നൂറുശതമാനം സ്വീകാര്യമായിരുന്നു.
‘മറ്റൊന്ന് സ്ത്രീപ്രാതിനിധ്യമാണ്. ഒരു സംഘടനാ സംവിധാനം ശക്തമാക്കുന്നതില്‍ സ്ത്രീകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. അടുക്കളച്ചുവരുകള്ക്കുളളില് ഒതുങ്ങിക്കഴിയുന്ന അവര്‍ അവസരം ലഭിച്ചാല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും’
പല്‍പ്പുവിന്റെ ബുദ്ധിയിലുളള മതിപ്പോടെ, വിസ്മയത്തോടെ സ്വാമികള്‍ കുമാരുവിനെ നോക്കി.
‘പക്ഷെ നമ്മുടെ കുടുംബങ്ങളിലുളള സ്ത്രീകള്‍ ഒരു പൊതുവേദിയില്‍ വരുമോ? രാജ്യത്തെങ്ങും ഇതുവരെ ഇങ്ങനെയൊരു സ്ത്രീസമാജം പ്രവര്‍ത്തിച്ചതായി അറിവില്ല’
‘അതാണ് നമ്മള് ഉയര്‍ത്തികാണിക്കുന്നത്. രാജ്യത്ത് മറ്റാര്‍ക്കും കഴിയാത്ത വനിതാസംഗമം നമ്മള് നടപ്പാക്കുന്നു’
സ്വാമികളുടെ മുഖം പ്രകാശിച്ചു.
‘വലിയ ജനശ്രദ്ധ ലഭിക്കുന്ന ഒന്നായിരിക്കും അത്’
പല്‍പ്പു കൂട്ടിച്ചേര്‍ത്തു.
‘കുമാരു..അതിനുളള ക്രമീകരണങ്ങള്‍ തുടങ്ങിക്കോളൂ’
കൂടിക്കാഴ്ച കഴിഞ്ഞ് പരസ്പരം പിരിഞ്ഞെങ്കിലും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അടുത്ത യോഗത്തില്‍ കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്ന് വ്യക്തമായി. കുമാരുവാണ് വിഷയം എടുത്തിട്ടത്.
‘സ്വാമീ…വനിതാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളാരും തയ്യാറാവുന്നില്ല. ചിലര്‍ക്ക് പാതി മനസുണ്ട്. പക്ഷെ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ അനുവദിക്കുന്നില്ല. ആണുങ്ങള് യോഗം ചേരുന്നിടത്ത് പെണ്ണുങ്ങള് പോകുന്നത് മോശമെന്നാണ് അവര്‍ പറയുന്നത്. അത് നല്ല ശീലമല്ലെന്നാണ് വാദം. വളരെ കഷ്ടപ്പെട്ട് രണ്ട്മുന്ന് പേര് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. സമയത്ത് അവരും പിന്മാറുമോയെന്നാണ് പേടി. മാത്രമല്ല സമ്മേളനത്തില്‍ പ്രസംഗിക്കാനും സ്ത്രീകളാരും തയ്യാറല്ല’
സ്വാമികള്‍ പല്പ്പുവിനെ നോക്കി. അദ്ദേഹമാണല്ലോ ആശയത്തിന്റെ ഉപജ്ഞാതാവ്.
പല്‍പ്പുവിന്റെ മുഖം ചിന്താധീനമായിരുന്നു.
‘കുമാരു പറഞ്ഞത് ശരിയാണ് സ്വാമി. ഞാനും സ്വന്തം നിലയില്‍ ചില ശ്രമങ്ങള്‍ നടത്തി നോക്കി. പക്ഷെ നമ്മുടെ സമുദായത്തിലെ പെണ്ണുങ്ങള് അമ്പിലും വില്ലിലും അടുക്കുന്നില്ല. ഇതേതോ മോശം കാര്യമെന്ന പ്രതീതിയാണ് അവര്‍ക്ക്. അതിന്റെ ചരിത്രപരമായ മൂല്യം മനസിലാക്കാന്‍ പാകത്തില്‍ മാനസികമായി അവര്‍ വളര്‍ന്നിട്ടില്ല’
സ്വാമികള്‍ മൗനം പാലിച്ചിരുന്നു.
‘ഞാനും ഇത് പ്രതീക്ഷിച്ചിരുന്നു. പക്ഷെ സ്ഥിതി ഇത്രത്തോളമെന്ന് നിനച്ചില്ല. എന്തായാലും പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. പരിഹാരത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്.’
പല്‍പ്പു ചിരിച്ചു.
‘സ്വാമി പറഞ്ഞത് ശരിയാണ്. ഒരു സ്ത്രീ എന്റെ മുഖത്ത് നോക്കി ചോദിച്ച ചോദ്യത്തില്‍ നിന്നാണ് ഞാന്‍ പരിഹാരം കണ്ടെത്തിയത്. അവര്‍ ഇത്രയേ പറഞ്ഞുളളൂ. ഡോക്ടറുടെ കുടുംബത്തിലുള്ള പെണ്ണുങ്ങള് ഇതിന് കൂട്ടുനില്‍ക്കുമോ?
ആദ്യം ഡോക്ടര്‍ മാതൃക കാണിക്ക്. എന്നിട്ട് ഞങ്ങള്‍ വരാമെന്ന്. എന്തായാലും എന്റെ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്. അമ്മ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ഭാര്യ പ്രസംഗിക്കും. കുമാരു പറഞ്ഞ രണ്ടുമൂന്ന് കാണികള്‍ കൂടെയാവുമ്പോള്‍ തത്ത്വത്തില്‍ വനിതാ സമ്മേളനമായി. നമുക്കൊരു തുടക്കമിടാം.
അടുത്ത തവണ കൂടുതല്‍ ആളുകള്‍ പങ്കെടുക്കും.”
സ്വാമി ആലോചനയോടെ തലയാട്ടി. പല്പ്പൂ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു.
‘വാവൂട്ട് യോഗത്തില്‍ നിന്ന് തുടങ്ങിയ പ്രസ്ഥാനം ഇതുവരെ എത്തിയില്ലേ? ഇതും അതുപോലെ വളരും. കാലാന്തരത്തില്‍ രാജ്യത്തെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മ യോഗത്തിലുടെ സംഭവിക്കുമെന്ന് എന്റെ മനസ് പറയുന്നു’
‘സംശയിക്കാനില്ല. അത് തന്നെ സംഭവിക്കും’
ഗുരു ഒരു പ്രവാചകന്റെ ദീര്‍ഘദൃഷ്ടിയോടെ പറഞ്ഞു. അതോടെ കുമാരുവിനും ആശ്വാസമായി.
ചരിത്രം കുറിക്കേണ്ട ദിവസം വന്നെത്തി. ഒഴിഞ്ഞ കസേരകളും ശൂന്യമായ സദസും വേദികളും കൊണ്ട് അരുവിപ്പുറം അപമാനിതമായി. കുമാരു ആശങ്കയോടെ ചുറ്റും നോക്കി. ആരും വന്നില്ലെങ്കില്‍ സ്ഥിതി എന്താവുമെന്ന് ഓര്‍ത്ത് നില്‍ക്കെ അടുത്തിടെ വാങ്ങിയ കറുത്ത അംബാസിഡര്‍ കാറില്‍ പല്‍പ്പു വന്നിറങ്ങി. അദ്ദേഹം പിന്നിലെ ഡോര്‍ തുറന്ന് കൊടുത്തു. സെറ്റ് സാരിയുടുത്ത് അമ്മ മാതയും ഒപ്പം ഭാര്യ ഭഗവതിയും പുറത്തിറങ്ങി. കുമാരു അവരെ സ്വീകരിച്ച് ആനയിച്ച് വേദിയില്‍ കൊണ്ടുചെന്നിരുത്തി. ഇനിയാണ് ശരിയായ പ്രതിസന്ധി. ആളും ആരവവുമില്ല. ഒരു ശ്രോതാവ് പോലുമില്ലാതെ ശൂന്യമായ സദസ്. പ്രാസംഗികരായി എത്തിയവരെ അപമാനിക്കുന്നതിന് തുല്യമാണ് അവസ്ഥ. കുമാരു ആശങ്ക ഡോക്ടറുമായി പങ്ക് വച്ചു. അദ്ദേഹം നിസംഗമായി പുഞ്ചിരിച്ചു.
‘വിഷമിക്കാതെ. സ്തീകള്‍ വന്നില്ലെങ്കില്‍ പുരുഷന്മാര് സദസിലിരിക്കും. വരും കുമാരു…അവര്‍ വരും..’
പല്‍പ്പുവിന്റെ അചഞ്ചലതയില്‍ കുമാരുവിന് അതിശയം തോന്നി. ഏത് പ്രതിസന്ധിഘട്ടത്തിലും അതാണ് മൂപ്പരുടെ ശീലം.
സമയം കടന്നുപൊയ്ക്കൊണ്ടേയിരുന്നു.
സമ്മേളനം തുടങ്ങുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടുളള അനൗണ്‍സ്മെന്റ് മുഴങ്ങി. കുമാരു പ്രതീക്ഷയോടെ ഗ്രാമവീഥിയിലേക്ക് എത്തിവലിഞ്ഞു നോക്കി. ഏതെങ്കിലും സ്ത്രീകള്‍ വരുന്നുണ്ടോ? ഒഴിഞ്ഞ ചെമ്മണ്‍പാതകള്‍ അനാഥമായി കിടന്നു. കുമാരു വീണ്ടും പല്പ്പുവിനെ നോക്കി. അദ്ദേഹം ചിരിച്ചുകൊണ്ട് കണ്ണടച്ചു.
ഈശ്വരപ്രാര്‍ത്ഥനയ്ക്കായി ഒരുക്കി നിര്‍ത്തിയ പെണ്‍കുട്ടി വേദിയിലേക്ക് കയറിയതും എവിടെ നിന്ന് എന്നില്ലാതെ ഏതാനും സ്ത്രീകള്‍ കയറി വന്നു. പ്രാര്‍ത്ഥന അവസാനിക്കുമ്പോഴേക്കും സദസ് ഏറെക്കുറെ നിറഞ്ഞിരുന്നു. കുമാരുവിന്റെ മുഖം തെളിഞ്ഞു. കണ്ണുകള്‍ തിളങ്ങി. പല്പ്പൂ വീണ്ടും ചിരിച്ചു.
സ്വാമികള്‍ സദസിലൊരാളായി ഓരം ചേര്‍ന്നിരുന്നു. അദ്ദേഹത്തെ കണ്ട് എല്ലാവരും എണീറ്റു. വേദിയില്‍ ഇരിക്കാന്‍ നിര്‍ബന്ധിച്ചു. സ്വാമി പറഞ്ഞു.
‘സ്ത്രീകളുടെ സമ്മേളനമാണ്. പുരുഷന്മാര്ക്ക് ഇവിടെ കേള്‍വിക്കാരന്റെ സ്ഥാനമേയുളളു’
സ്വാഗതപ്രസംഗം കഴിഞ്ഞു. അദ്ധ്യക്ഷപ്രസംഗത്തിനായി മാത പെരുമാള്‍ മൈക്കിനടുത്തേക്ക് നീങ്ങി.
സദസിലിരുന്ന പല്പ്പുവിനെ അവര്‍ കൈകാട്ടി വിളിച്ചു. അടുത്തേക്ക് ചെന്ന പല്‍പ്പുവിനോട് അവര്‍ ചോദിച്ചു.
‘എടാ മോനെ..ഞാന്‍ എന്നതാ ഇവിടെ പറയണ്ടത്?’
‘അമ്മയ്ക്കിഷ്ടമുളളത് പറഞ്ഞാ മതി’
പല്‍പ്പു വേദി വിട്ട് ഇറങ്ങി.
മാത പെരുമാള്‍ സദസിനെ വണങ്ങി. എല്ലാവര്ക്കും നമസ്കാരം പറഞ്ഞു.
പിന്നെ സംസാരിച്ചു തുടങ്ങി.
‘ഇവിടെ വന്നിരിക്കുന്ന സ്ത്രീകളുടെ കഴുത്തിലും കാതിലുമൊക്കെ ധാരാളം ആഭരണങ്ങള്‍ കാണുന്നുണ്ടല്ലോ? ഇതൊക്കെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിറ്റ് അവരെ ഉന്നത വിദ്യാഭ്യാസം ചെയ്യിക്കണം. എന്റെ മകന് പല്പ്പുന് മെഡിസിന് പോകാന്‍ വല്യ ആഗ്രഹം. അവന് അതിനുളള പൈസ ഇല്ലാതെ വന്നപ്പോ ഭയങ്കര സങ്കടം. ഞാന്‍ എന്റെ കഴുത്തിലും കാതിലും കിടന്ന ആഭരണങ്ങള്‍ ഊരി അവന് കൊടുത്തു. അത് വിറ്റുകിട്ടുന്ന കാശ് കൊണ്ടാണ് അവന് പഠിച്ചത്. അതുകൊണ്ടാണ് അവന് ഈ നിലയിലെത്തിയത്. ഇന്ന് അവനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നാളെ നിങ്ങളും നിങ്ങളുടെ മക്കളെയോത്ത് അഭിമാനിക്കാന്‍ കഴിയുന്നവരാകണം. ആ നിലയില്‍ അവരെ പഠിപ്പിച്ച് എടുക്കണം’
കാതടപ്പിക്കുന്ന കയ്യടികള്‍ മുഴങ്ങി. ഏറെ നേരം ആ ശബ്ദം നീണ്ടുനിന്നു. മാതയുടെ കണ്ണുകള്‍ നിറഞ്ഞു. പല്‍പ്പുവിന്റെയും…
സ്വാമികള്‍ കൃതാര്‍ത്ഥതയോടെ മന്ദഹസിച്ചു.
കാലം എല്ലാറ്റിനും സാക്ഷിയായി..
പല്‍പ്പു ഓര്‍ത്തു. അമ്മ ആഭരണങ്ങള്‍ അഴിച്ച് ഒരു തുണിക്കെട്ടില്‍ പൊതിഞ്ഞ് നല്കിയ നിമിഷം. ഒരു വിധവയെ പോലെ നഗ്നമായ കഴുത്തും കാതുമായി അമ്മ..
പല്‍പ്പുവിന് സഹിക്കാനായില്ല.
‘ഇത് വേണ്ടമ്മേ..ശരിയാവില്ല..’
‘ശരിയാവും. നിന്റെ വളര്‍ച്ചയാണ് എന്റെ ഏറ്റവും വലിയ ആഭരണം’
അമ്മയുടെ വാക്കുകളിലെ ദൃഢതയില്‍ സ്ത്രീത്വത്തിന്റെ കരുത്തും ആഴവും പല്‍പ്പു കണ്ടറിഞ്ഞു.
മഹത്തായ ഒരു ലക്ഷ്യത്തിനായി ഒരു സ്ത്രീ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങള്‍ സന്തോഷപൂര്‍വം അഴിച്ചുവില്ക്കുന്നു.
ഭഗവതിയും സമ്മേളനത്തില്‍ നന്നായി സംസാരിച്ചു. വീടിന്റെ ചുവരുകള്‍ക്കുളളില്‍ ഒതുങ്ങി ജീവിക്കുന്ന ഇവള്ക്കെവിടന്ന് ഇത്രയും ഭാഷാപരിചയമെന്ന് പല്‍പ്പു അതിശയിച്ചു. സമ്മേളനം കഴിഞ്ഞ് ചായസല്‍ക്കാരത്തിനിടയില്‍ കുമാരു അത് തന്നെ ചോദിച്ചു. സ്വാമികള്‍ പക്വമായ ചിരി തൂകി. എന്നിട്ട് പറഞ്ഞു.
‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും..’
‘സ്വാമി എന്നെ വെറും കല്ലാക്കിയല്ലേ?’ ഭഗി പരിഭവിച്ചു.
‘ഞാന്‍ പറഞ്ഞു തീര്‍ന്നില്ല. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും പെണ്ണിനുമുണ്ടാം സൗരഭ്യം’
പല്‍പ്പു ഉറക്കെ കയ്യടിച്ചു. കുമാരുവും..
ആശങ്കകള്‍ ആഹ്ളാദത്തില്‍ അലിഞ്ഞു.
ചരിത്രത്തിലെ ആദ്യ വനിതാ സമ്മേളനം വിചാരിച്ചതിലും വിജയമായി.
രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ കായിക മത്സരങ്ങളും കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിച്ചു. ജഡ്ജായി കേരള കാളിദാസന് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ കൊണ്ടു വരാമെന്ന് ഉറപ്പ് കൊടുത്തു പല്‍പ്പു. യുവജനങ്ങളെ ഉണര്‍ത്തുക എന്ന ദൗത്യമായിരുന്നു അതിന് പിന്നില്‍. അക്കാലത്ത് അതൊക്കെ വലിയ പുതുമയായിരുന്നു.
പല്പ്പൂ മറ്റൊരു മൗലികമായ നിര്‍ദ്ദേശം മുന്നോട്ട് വച്ചു.
‘പത്ത് ദിവസം നീണ്ടു നില്ക്കുന്ന അഖിലേന്ത്യാ കാര്‍ഷികവ്യവസായ പ്രദര്‍ശനം സംഘടിപ്പിക്കാം. ഏഷ്യയില്‍ തന്നെ ആദ്യത്തെ സംരംഭമാവും ഇത്.എല്ലാ വിഭാഗക്കാരും പങ്കെടുക്കും. വ്യാപകമായ സ്വീകാര്യതയും മാധ്യമശ്രദ്ധയും ലഭിക്കും. വെറും പ്രഭാഷണങ്ങള്‍ക്കപ്പുറം സമ്മേളനത്തിന് ഒരു ഉദ്ദേശലക്ഷ്യമുണ്ടാവും. വലിയ സാധ്യതകള്‍ ഉളള ഒന്നാവും അത്’
പല്‍പ്പുവിന്റെ ദീര്ഘവീക്ഷണത്തില് സ്വാമികള്‍ക്ക് മതിപ്പ് തോന്നി. മൈസൂരില്‍ ജയിലില്‍ ജോലി ചെയ്ത കാലത്ത് വിജയിച്ച ചില രീതികളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. പദ്ധതി എങ്ങനെ പ്രായോഗിക തലത്തില്‍ എത്തിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖ പല്‍പ്പുവിന്റെ മനസിലുണ്ടായിരുന്നു.
ലൈസന്‍സിനുളള അനുമതിക്കായി കൊട്ടാരത്തില്‍ ചെന്ന് ദിവാനെ കണ്ടത് കുമാരുവും പല്‍പ്പുവും ചേര്‍ന്നായിരുന്നു. കാര്യം കേട്ട ദിവാന് പുച്ഛഭാവത്തില്‍ ചിറികോട്ടി.
‘ഇത് ഒരിക്കലും വിജയിക്കില്ല. നിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാകും’
‘പരാജയപ്പെടുന്നെങ്കില്‍ പരാജയപ്പെടട്ടെ. പക്ഷെ മേള നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.അനുമതി നല്കാന് ദയവുണ്ടാകണം.’
പല്‍പ്പുവിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് ഉത്തമബോധ്യമുളള ദിവാന് എതിര്‍ക്കാന്‍ നിന്നില്ല.
കൊല്ലത്ത് കുഞ്ഞിരാമന് റൈട്ടറുടെ കെട്ടിടവും പരിസരവും പന്തലിട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വിശാലമായ ക്രമീകരണങ്ങള്‍ കണ്ട് നാട്ടുകാര്‍ അമ്പരന്നു. അതിന് മുന്‍പ് ആരും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു എല്ലാം. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പല വിധ കാര്‍ഷികവിളകളും കരകൗശല വസ്തുക്കളും മറ്റും മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. കാഴ്ചയുടെ ഒരു ഉത്സവം തന്നെയായിരുന്നു അത്.
ജാതിമതവര്ഗവര്ണ്ണ വ്യത്യാസങ്ങളില്ലാതെ ധാരാളം പേര് മേളയില്‍ പങ്കെടുത്തു. അസാധാരണമായ ജനപങ്കാളിത്തം കണ്ട് സവര്‍ണ്ണര്‍ അമ്പരന്നു.
പതിനൊന്നാം പക്കം ആളും ആരവവും ഒഴിഞ്ഞപ്പോള്‍ കൊട്ടാരത്തില്‍ നിന്നും ദൂതനെത്തി. പല്‍പ്പു അടിയന്തിരമായി ദിവാനെ മുഖം കാണിക്കണം പോലും . തരുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറായി തന്നെയാണ് പോയത്.
പല്പ്പുവിനെ ദിവാന് ആദരപൂര്‍വം സ്വീകരിച്ചിരുത്തി.
‘മിസ്റ്റര്‍ പല്‍പ്പു…’
ആ അഭിസംബോധനയില്‍ തന്നെ പല്‍പ്പുവിന്റെ മുഖം തിളങ്ങി. ശ്വാസം നേരെ വീണു.
‘ഇത്തരമൊരു കാര്‍ഷികവ്യവസായ മേള വിജയിപ്പിച്ചതില്‍ നിങ്ങളെ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. എനിക്ക് പോലും ഇതില്‍ പ്രതീക്ഷയുണ്ടായിരുന്നില്ല. കാരണം പൂര്‍വമാതൃകകളില്ലാത്ത ഒരു പദ്ധതിയാണിത്. ശ്രമകരമായ ഈ ദൗത്യം നിങ്ങള്‍ ശുഭകരമാക്കി. നിങ്ങള്‍ക്ക് തരാന്‍ ഒരു റിവാര്‍ഡായി രാജാവ് 300 രൂപ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. കൈപ്പറ്റിയാലും..’
പല്‍പ്പു ഇരുകരങ്ങളും നീട്ടി അതേറ്റു വാങ്ങി.
അവര്ണ്ണന് മെഡിക്കല്‍ പഠനത്തിനും ഉദ്യോഗത്തിനും അയോഗ്യനെന്ന് വിലക്കിയ അതേ ഭരണകൂടം ഇതാ പുരസ്കാരം വച്ചു നീട്ടുന്നു. അത് സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രതിഭ ചാരം മൂടിയ കനലാണെന്ന് പല്‍പ്പുവിന് തോന്നി. താത്കാലികമായി മറയ്ക്കാം. കാറ്റൊന്ന് ആഞ്ഞുവീശിയാല്‍ ചാരം പറക്കും. കനല് തിളങ്ങും. പിന്നെ ജ്വലിക്കും. അഗ്നി ആളിക്കത്തും. പരിസരം വിഴുങ്ങും. അടുത്തെത്താന്‍ ആരും ഭയക്കും.
സംഘടിത ശക്തിയും മൗലിക ആശയവും സമന്വയിച്ചപ്പോഴാണ് മേള ഈ തലത്തില്‍ എത്തിയത്. എല്ലാം സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹം.
യാത്ര പറഞ്ഞിറങ്ങാന്‍ നേരം ദിവാന്‍ജി ഒരു കവര്‍ കൂടി വച്ചു നീട്ടി.
‘എന്റെ വക ഒരു ചെറിയ സമ്മാനമാണ്. 50 രൂപയുണ്ട്. സ്വീകരിക്കണം’
പല്‍പ്പു അതും ഏറ്റുവാങ്ങി ഇരുകണ്ണുകളിലും ചേര്‍ത്ത് തൊഴുത് കീശയില്‍ തിരുകി.
ദിവാന് കാര്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തോളം പല്പ്പുവിനെ അനുഗമിച്ചു. അതും ആദരവിന്റെയും അംഗീകാരത്തിന്റെയും സൂചകങ്ങളായി പല്‍പ്പുവിന് തോന്നി.
ഗുരുകാരണവന്മാരേ…പിതൃക്കളേ..ഞാന്‍ ജീവിച്ചതിന് അര്‍ത്ഥമുണ്ടായിരിക്കുന്നു..
എല്ലാവര്ക്കും എല്ലാറ്റിനും നന്ദി.
(തുടരും)