വിദ്യാര്‍ത്ഥികളേ വരൂ…നമുക്ക് ക്ലബ്ബുകള്‍ തുടങ്ങാം
പഠനത്തോടൊപ്പമോ അതിന് ശേഷമോ സ്വന്തമായി ഒരു തൊഴിലും വരുമാനവും നേടുന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുക, അതിന്റെ സാദ്ധ്യതകളെ തൊട്ടറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടങ്ങാം. സംരംഭകത്വ വികസന ക്ലബുകള്‍ (Entreprenership Development clubs) അഥവാ ഇ.ഡി.സി.കള്‍ സര്‍ക്കാര്‍ പ്രോത്സാഹനവും, സാമ്പത്തികവും നല്‍കും. വ്യവസായത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു യുവനിരയെ ഉണ്ടാക്കിയെടുക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിന് ഏറെ വളക്കൂറുള്ള സ്റ്റാര്‍ട്ട്അപ്പ് സാദ്ധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. പുതുപുത്തന്‍ ബിസിനസ് ആശയങ്ങള്‍ രൂപപ്പെടുത്തുകയും അവയെ ഇന്‍ക്യുബേറ്റ് ചെയ്ത് വ്യവസായ വാണിജ്യ സ്ഥാപനങ്ങളായി വളര്‍ത്തി എടുക്കുകയും ചെയ്യുക എന്നതാണ് സ്റ്റാര്‍ട്ട് അപ്പ് പോളിസിയുടെ ഭാഗമായി പുതുസംരംഭകര്‍ ചെയ്യേണ്ടത്. അത്തരം ആശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ് കാമ്പസുകളിലെ സംരംഭകത്വ ക്ലബുകള്‍. സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്തുന്നതിന് മാത്രമല്ല മറ്റുള്ളവര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്നതിന് വ്യവസായ വാണിജ്യരംഗത്തെ അവസരങ്ങളെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇ.ഡി.സികളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടക്കുന്നത്.
ധാരണകള്‍ മാറ്റണം
കേരളത്തിലെ യുവത്വത്തെക്കുറിച്ച് ആക്ഷേപിക്കുന്നത് ഏതെങ്കിലും ഒരു ജോലിയുടെ പിറകെ പോകുന്നവരാണ് അവര്‍ എന്നാണ്. ടെക്‌നോക്രാറ്റുകള്‍ ആകട്ടെ ഐ.ടി. കമ്പനികളുടെ പുറകേയും. കുറേ ഏറെപ്പേര്‍ വിദേശത്തും അദ്ധ്വാനം വില്‍ക്കുന്നു. എന്നാല്‍ ആരുടേയും കീഴില്‍ ജോലി ചെയ്യാതെ സ്വന്തം സ്ഥാപനത്തിലൂടെ ആകാശത്തോളം വളരാനുള്ള അവസരങ്ങളാണ് സംരംഭമേഖല തുറന്ന് തരുന്നത്. തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ ദാദാവായി മാറുവാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു. ബിസിനസ് രംഗത്തേക്ക് വരുന്ന പുതുസംരംഭകര്‍ ചെറുതായി തുടങ്ങാന്‍ ശ്രമിച്ചാല്‍ മതി. വലുതാകണമെന്ന ആഗ്രഹം ഉണ്ടായാല്‍ മതി. വിജയം സുനിശ്ചിതമാണ്. ബിസിനസ് രംഗത്ത് വിജയിച്ച് നില്‍ക്കുന്നവരുടെ കഥ പരിശോധിച്ചാല്‍ വളരെ എളിയ രീതിയില്‍ ആരംഭിച്ചതായാണ് പിന്നീട് വന്‍ വ്യവസായ മുന്നേറ്റം ഉണ്ടാക്കിയതെന്ന് മനസ്സിലാകും. നല്ല ആശയം, ഉറച്ച തീരുമാനും, ചിട്ടായ പ്രവര്‍ത്തനം ഇവയാണ് അതിന്റെ വിജയകാരണങ്ങള്‍. യുവാക്കളെക്കുറിച്ചുള്ള ധാരണകള്‍ സംരംഭത്തിന് അനുകൂലമായി മാറ്റേണ്ടതുണ്ട്.
25 പേര്‍ മതി ക്ലബ് തുടങ്ങാം.
വിദ്യാര്‍ത്ഥികളിലും, യുവതീ യുവാക്കളിലും വ്യവസായ, വാണിജ്യരംഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുക, അവരില്‍ വ്യവസായ സംസ്‌കാരം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് കേരളത്തില്‍ ഇ.ഡി. ക്ലബുകള്‍ക്ക് രൂപം നല്‍കുന്നത്. കേരളത്തിലെ വ്യവസായ -വാണിജ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെക്‌നിക്കല്‍ സ്‌കൂളുകള്‍, പ്ലസ്ടു വരെയുള്ള വിദ്യാലയങ്ങള്‍, ഐ.ടി.ഐകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളില്‍ സംരംഭകത്വ വികസന ക്ലബ്ബുകള്‍ രൂപീകരിക്കാവുന്നതാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇ.ഡി.സി കള്‍ രൂപീകരിക്കാം. ഈ ക്ലബിലെ അംഗങ്ങള്‍ എല്ലാം വിദ്യാര്‍ത്ഥികളാണ്. കുറഞ്ഞത് 25 വിദ്യാര്‍ത്ഥികളാണ് വേണ്ടത്. അവരെ നയിക്കുന്നതിന് ഒരു കോ-ഓര്‍ഡിനേറ്റര്‍ ഉണ്ടായിരിക്കും. ഇദ്ദേഹം ഒരു അദ്ധ്യാപകനോ ഫാക്കല്‍റ്റി മെമ്പറോ ആയിരിക്കും. കൂടാതെ പ്രസ്തുത സ്ഥാപനത്തിലെ ഒരു മുന്‍വിദ്യാര്‍ത്ഥിയും, സംരംഭകനുമായ ഒരു മെന്ററും ക്ലബില്‍ ഉണ്ടായിരിക്കും. (സ്ഥാപനത്തിന്റെ മുന്‍ വിദ്യാര്‍ത്ഥി വേണമെന്ന് നിര്‍ബന്ധം ഇല്ല) ഇ.ഡി.സി.കളുടെ രൂപീകരണത്തിലും, പ്രവര്‍ത്തനത്തിലും ജില്ലാ വ്യവസായങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്.
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍
വ്യവസായ സംസ്‌കാരം വളര്‍ത്തുന്നതിനും, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏറ്റെടുത്ത് നടത്തുകയാണ് ഇ.ഡി.സി. കള്‍ ചെയ്യേണ്ടത്.
(1) വ്യവസായ/സംരംഭകത്വ വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍, സിമ്പോസിയങ്ങള്‍, ശില്പശാലകള്‍ എന്നിവ സംഘടിപ്പിക്കുക.
(2) വിജയകരമായി സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരുമായി അനുഭവങ്ങള്‍ പങ്ക് വഹിക്കുന്ന പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക.
(3) വ്യവസായ സ്ഥാപനങ്ങള്‍ നേരിട്ട് സന്ദര്‍ശനം നടത്തി ഉല്പാദന, വിതരണ രീതികള്‍ നേരിട്ട് മനസ്സിലാക്കാന്‍ അവസരം ഒരുക്കുക.
(4) പ്രത്യേക മേഖലകളെ സംബന്ധിച്ച് (ഉദാഹരണം ഭക്ഷ്യസംസ്‌കരണം, റബ്ബര്‍ അധിഷ്ഠിതം, സ്റ്റാര്‍ട്ട്അപ്‌സ്, ഇലക്ട്രോണിക്‌സ്, ഐ.ടി, ബി.ടി., എ.ഐ., റോബോട്ടിക്‌സ്, കരകൗശലം) പ്രത്യേക സാദ്ധ്യതാ പഠനങ്ങള്‍ നടത്തുക. കൂടുതല്‍ അറിവ് നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിക്കുക.
(5) വിഭവ സമാഹരണം, കയറ്റുമതി, വിപണനം, ജിഎസ്ടി, നിയമപരമായ നടപടികള്‍, ഗുണമേന്മ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവയെ സംബന്ധിച്ച് അറിവ് പകരുന്ന പരിപാടികള്‍ സംഘടിപ്പിക്കുക.
(6) ലഘു ഉല്പാദന/സേവന/വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുകയും, നടത്തുകയും ചെയ്യുക. താത്പര്യമുള്ളവര്‍ക്ക് അതില്‍ പരിശീലനം നല്‍കുക.
(7) സാങ്കേതിക-വ്യവസായ പരിശീലന പരിപാടികള്‍ ഏറ്റെടുത്ത് നടത്തുക
(8) സംരംഭകരുടെ യോഗ്യതകള്‍, അവരുടെ സമീപനങ്ങള്‍ എന്നിവ ബോധ്യപ്പെടുത്തി കൊടുക്കുക.
(9) വ്യവസായ/നൈപുണ്യപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക.
(10) മനുഷ്യവിഭവശേഷി സംസ്‌കരിച്ചെടുത്ത് എങ്ങനെ ഉല്പാദന പ്രക്രിയയില്‍ ഉപയോഗിക്കാം എന്നും, അതുമൂലം രാജ്യത്ത് ഉണ്ടാകുന്ന പുരോഗതി എന്താണ് എന്നും വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുക എന്നതാണ് പരമപ്രധാനം.
സര്‍ക്കാര്‍ സഹായവും
ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതിന്റെ സബ്ഓഫീസുകളിലും വ്യവസായ വികസന ഓഫീസര്‍മാര്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ രജിസ്‌ട്രേഷനായി ഒറ്റപേജ് വരുന്ന നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രിന്‍സിപ്പലിന്റേയും, കോഓര്‍ഡിനേറ്ററുടേയും പേരില്‍ ഇതിനായി തുടങ്ങിയ ഒരു ജോയിന്റ് എസ്.ബി. അക്കൗണ്ടിന്റെ വിവരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്, (പേര്, ക്ലാസ് മുതലായവ) നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധികളുടെ വിവരങ്ങള്‍ എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. പത്താംക്ലാസിന് മുകളില്‍ കോഴ്‌സുകള്‍ നടത്തുന്ന എല്ലാത്തരം വിദ്യാലയങ്ങള്‍ക്കും ഇ.ഡി.സി.കള്‍ക്ക് രൂപം നല്‍കാം.
ഇപ്പോള്‍ ആനുകൂല്യം ഒരുമിച്ച്
വര്‍ഷംതോറും 20,000 രൂപയാണ് സര്‍ക്കാര്‍ ഇ.ഡി.സി.കള്‍ക്ക് ഗ്രാന്റ് നല്‍കുന്നത്. കഴിഞ്ഞവര്‍ഷം വരെ ഇത് രണ്ട് ഗഡുക്കളായാണ് നല്‍കി വന്നിരുന്നത്. എന്നാല്‍ 2001-22 മുതല്‍ ഈ തുക ഒറ്റ ഗഡുവായി അനുവദിച്ചു വരുന്നു.
രണ്ട് ഗഡുവായി നല്‍കിയിരുന്നപ്പോള്‍ പല സ്ഥാപനങ്ങള്‍ക്കും ഈ തുക പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് ഒറ്റ ഗഡുവായി 20,000 രൂപയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഈ തുക പൂര്‍ണ്ണമായും വിദ്യാലയങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്ന സ്ഥിതിയാണ് ഉള്ളത്. കേരളത്തില്‍ ഏകദേശം 400ല്‍പരം വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ ഇ.ഡി.സി. കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധിയായ കണ്ടുപിടുത്തങ്ങള്‍ ഇ.ഡി.സി. കള്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയിട്ടുണ്ട്. അതുപോലെ നിരവധി ലഘുസംരംഭങ്ങളും അവര്‍ തുടങ്ങിയിരിക്കുന്നു.
വ്യവസായ സംസ്‌കാരം
വ്യവസായ സംസ്‌കാരം ലക്ഷ്യമാക്കുന്നത് നമ്മുടെ സാമൂഹിക ചുറ്റുപാടുകളില്‍ വ്യവസായങ്ങള്‍ക്കും, അനുബന്ധ പ്രക്രിയകള്‍ക്കും മതിയായ സ്ഥാനവും പരിഗണനയും നല്‍കുന്ന ഒരു ജീവിതക്രമം രൂപപ്പെടുത്തുക എന്നതാണ്. ഇത്തരത്തിലുള്ള ഒരു സംസ്‌കാരത്തിന് മാത്രമേ രാജ്യത്തെ ജി.ഡി.പി ഉയര്‍ത്തുവാന്‍ കഴിയൂ. സ്വിറ്റ്‌സര്‍ലണ്ട്, സിംഗപ്പൂര്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ ഉയര്‍ന്ന നിലവാരം അവിടുത്തെ വ്യവസായ വികസനത്തിന്റെ പരിണിത ഫലമാണ്. പാഴായിപ്പോകുന്ന അദ്ധ്വാനശേഷിയെ സംസ്‌കരിച്ച ഉല്പാദനപ്രക്രിയയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇതുകൊണ്ടാണ് പാഠ്യപദ്ധതികളില്‍ ഇ.ഡി.സികള്‍ ഇടം പിടിക്കുന്നത്. എന്തുകൊണ്ട് തൊഴില്‍ അന്വേഷകര്‍ ആകുന്നതിന് പകരം അത് നല്‍കുന്നതിന്റെ സുഖത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ചിന്തിച്ച് കൂടാ?