പ്‌ളസ് വണ്‍
പ്രവേശനത്തില്‍ തുല്യനീതി വേണം

പ്‌ളസ് വണ്‍ അഡ്‌മിഷന്‍ ലഭിക്കാന്‍ കണ്ണീരും കൈയ്യുമായി മക്കളെയും കൂട്ടി മാതാപിതാക്കള്‍ നെട്ടോട്ടമോടുന്ന ദു:ഖകരമായ അവസ്ഥാവിശേഷത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

കൊവിഡിന്റെയും ഓണ്‍ലൈന്‍ ക്‌ളാസുകളുടെയുമൊക്കെ പശ്ചാത്തലത്തില്‍ ഉദാര സമീപനം സ്വീകരിച്ചതോടെ ഇക്കുറി പത്താം ക്‌ളാസ് വിജയശതമാനം 99.47 ആയി. കഴിഞ്ഞ വര്‍ഷം ഇത് 98.28 ആയിരുന്നു. 0.65 ശതമാനത്തിന്റെ വര്‍ധന. പക്ഷേ പ്രശ്‌നം ഫുള്‍ എ പ്‌ളസുകാരുടെ എണ്ണം 1,21,318 ആയി ഉയര്‍ന്നതാണ്. മുന്‍വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാണിത്. 4,21,887 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. നിലവില്‍ സംസ്ഥാനത്ത് ലഭ്യമായത് 3,61,307 സീറ്റുകളാണ്. ആദ്യ അലോട്ട്‌മെന്റിന് ശേഷം തിരുവനന്തപുരത്തും ആറ് വടക്കന്‍ ജില്ലകളിലും സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ മൊത്തം സീറ്റുകളുടെ എണ്ണം 3,94,457 ആയി. ഇതില്‍ കുറച്ചെണ്ണം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ക്കും മാറ്റിവയ്‌ക്കേണ്ടി വരും.

ആഗ്രഹിച്ച കോഴ്‌സിനും സ്‌കൂളിലും പ്രവേശനം ലഭിക്കാന്‍ ഫുള്‍ എ പ്‌ളസുകാര്‍ക്ക് പോലും സാധിക്കാത്തത് കഷ്ടമെന്നേ പറയാനാകൂ. വീടിനടുത്തുള്ള നല്ല സ്‌കൂളില്‍ പ്രവേശനം കിട്ടുന്നവര്‍ ഭാഗ്യമുള്ളവരുമാകും.

മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ഭ്രാന്തമായ ആവേശം മലയാളികളുടെ രക്തത്തിലുള്ളതാണ്. വിദ്യയാണ് എല്ലാ സമ്പത്തിനേക്കാളും ഉയര്‍ന്നതെന്ന് തിരിച്ചറിയാന്‍ നമുക്ക് പണ്ടേ കഴിഞ്ഞതാണ് അതിന് കാരണം.

നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടണമെങ്കില്‍ സീറ്റ് കുറവുള്ള മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണം.

ഇക്കൊല്ലം താത്കാലികമായി ഇത് അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല. വിജയശതമാനവും മാര്‍ക്കും കൂടാനിടയാക്കിയ മാര്‍ഗരേഖ തയ്യാറാക്കിയ സര്‍ക്കാരിന് ഉന്നതപഠനത്തിന് ഈ കുഞ്ഞുങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കേണ്ട ബാദ്ധ്യതയുമുണ്ട്. സയന്‍സ് ആഗ്രഹിച്ചിട്ട് കൊമേഴ്‌സിലോ, ഹ്യുമാനിറ്റീസിലോ, മറിച്ചോ ഒക്കെ സ്ഥിരപ്രവേശനം നേടാന്‍ നിര്‍ബ്ബന്ധിതരായ വളരെയേറെ കുട്ടികളുണ്ട്. അവര്‍ക്ക് ഒക്ടോബര്‍ 26 ന് പ്രസിദ്ധീകരിക്കുന്ന, ഒഴിവുണ്ടാകുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാനുമാവില്ല. ഇതുപോലുള്ള ബോണസ് മാര്‍ക്ക് തുടങ്ങി നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രവേശന പ്രക്രിയയില്‍ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ഇനി ഒറ്റയടിക്ക് പരിഹരിക്കുക എളുപ്പമല്ല. അപേക്ഷകര്‍ അധികമുള്ളിടത്ത് കൂടുതല്‍
ബാച്ചുകള്‍ അനുവദിക്കുക എന്ന മാര്‍ഗമാണ് ഫലപ്രദം. അടിസ്ഥാന സൗകര്യമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ പ്രഥമ പരിഗണനയും നല്‍കണം.

പ്‌ളസ് വണ്‍ പ്രവേശനത്തില്‍ എയ്ഡഡ് സ്‌കൂളുകളില്‍ പിന്നാക്ക സംവരണം പാലിക്കപ്പെടുന്നില്ലെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഗുരുതരമായി മാറുകയാണ്. ഇത് ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടുകയും വേണം.

പ്‌ളസ് വണ്‍ പ്രവേശനത്തില്‍ മലപ്പുറത്തും മലബാറിലും മാത്രമാണ് വലിയ പ്രതിസന്ധിയെന്ന രീതിയില്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് നീതിയല്ല. കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും വേദനയെ മേഖല തിരിച്ചു കാണുന്നത് ദു:ഖകരമാണ്. കേരളത്തിന്റെ മറ്റുഭാഗങ്ങളിലും വിശേഷിച്ച് തീരദേശങ്ങളിലും ഇതിലും ഗുരുതരമായ അവസ്ഥയുണ്ട്. അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ നിയമസഭയില്‍ ആളില്ലാത്തതുകൊണ്ട് അവരെ അവഗണിക്കുന്ന സമീപനം ശരിയല്ല. ഈ കണ്ണീരു കൂടി കാണാന്‍ കാണാന്‍ സര്‍ക്കാരും ജനപ്രതിനിധികളും തയ്യാറാകണം.

സുപ്രധാനമായ ഈ പ്രശ്‌നത്തില്‍ ഏറ്റവും വിഷമിക്കുന്നതും കഷ്ടപ്പെടുന്നതും നിരാശരാകാന്‍ പോകുന്നവരും കേരളത്തിലെ പിന്നാക്ക, ഭൂരിപക്ഷ വിഭാഗങ്ങളാണെന്ന യാഥാര്‍ത്ഥ്യവും സര്‍ക്കാര്‍ മനസിലാക്കണം.

കേരളത്തില്‍ ആകെ 2,078 സ്‌കൂളുകളിലായി 7,236 ബാച്ചുകളാണ് ലഭ്യം. ഇതില്‍ 819 സ്‌കൂളുകളും 2,821 ബാച്ചുകളും മാത്രമാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. ബാക്കിയുള്ളവയില്‍ ബഹുഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളുടെ എയ്ഡഡ് / അണ്‍എയ്ഡഡ് മേഖലകളിലാണ്. ന്യൂനപക്ഷങ്ങള്‍ക്കാകട്ടെ മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് പുറമേ സമുദായ ക്വാട്ടയും ഉണ്ട്. അതിനര്‍ത്ഥം അവസരം നിഷേധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പിന്നാക്ക ഹിന്ദുക്കളാണെന്ന് പറയേണ്ടിവരും.

പ്‌ളസ് വണ്‍ പ്രവേശനത്തില്‍ എയ്ഡഡ് സ്‌കൂളുകളില്‍ പിന്നാക്ക സംവരണം പാലിക്കപ്പെടുന്നില്ലെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഗുരുതരമായി മാറുകയാണ്. ഇത് ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടുകയും വേണം.

പ്‌ളസ് വണ്‍ സീറ്റു തേടി അലയുന്ന കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മനോവിഷമവും കഷ്ടപ്പാടുകളും സര്‍ക്കാര്‍ ഗൗരവമായി കാണണം.

പണവും സ്വാധീനവുമില്ലാത്ത കുടുംബങ്ങള്‍ കണ്ണീരുമായി സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അത് ഇനിയും വൈകിപ്പിക്കരുത്.

ഇക്കാര്യത്തില്‍ ന്യായവും സത്യസന്ധവുമായ സമീപനം അടിയന്തരമായി കൈക്കൊള്ളുകയാണ് ഭംഗി. ആരു പറഞ്ഞു എന്നതല്ല, എന്തുപറഞ്ഞു എന്ന കാര്യമാണ് പരിഗണിക്കേണ്ടത്.

തീരുമാനം വൈകുന്തോറും അതിന്റെ ഗുണമില്ലാതാകും. കുറഞ്ഞ മാര്‍ക്കു കിട്ടിയവര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ചുതുടങ്ങി. ഇല്ലാത്ത പണം സംഘടിപ്പിച്ച് നല്‍കി ഇവിടങ്ങളില്‍ ചേര്‍ന്ന് കഴിഞ്ഞ ശേഷം സര്‍ക്കാര്‍ സീറ്റുവര്‍ദ്ധിപ്പിച്ചിട്ട് എന്തുകാര്യം.

വിദ്യാഭ്യാസ വകുപ്പ് ഈ പ്രതിസന്ധി പരിഹരിക്കാന്‍ അവസരത്തിനൊത്ത് ഉയരണം. കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും ആശങ്കകളെ സ്വന്തം വേദനയായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കരുതുമെന്ന് പ്രതീക്ഷിക്കുന്നു.

Author

Scroll to top
Close
Browse Categories