ഗുരുദേവ പഠനത്തിലെ ഒരു നാഴികക്കല്ല്

കേരളത്തിലെ ഒരു ചരിത്രപുരുഷനെക്കുറിച്ച് ഏറ്റവുമധികം കൃതികള്‍ ഉണ്ടായിട്ടുള്ളത് ശ്രീനാരായണഗുരുവിനെക്കുറിച്ചാണ്. പുസ്തക രൂപം പ്രാപിച്ചിട്ടില്ലാത്ത ഒറ്റയൊറ്റ ലേഖനങ്ങളും കവിതകളും മറ്റും വേറെയുമുണ്ട്. ഗുരുദേവന്‍ എന്ന ചരിത്രനായകന്റെ മഹാപ്രതിഭയുടെ ഗൗരവമാണ് അത് സൂചിപ്പിക്കുന്നത്. ഗുരുവിനെക്കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്ത ചില എഴുത്തുകാരെ പെട്ടെന്നു ഓര്‍മ്മിക്കുവാന്‍ കഴിയും. അക്കൂട്ടത്തില്‍ ശ്രദ്ധാര്‍ഹമായ ഒരു പേരാണ് ജി. പ്രിയദര്‍ശനന്‍ എന്നത്.

ഗാന്ധിജിയെക്കുറിച്ചാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. ഇതിനകം പന്തീരായിരത്തോളം കൃതികള്‍. കേരളത്തിലെ ഒരു ചരിത്രപുരുഷനെക്കുറിച്ച് ഏറ്റവുമധികം കൃതികള്‍ ഉണ്ടായിട്ടുള്ളത് ശ്രീനാരായണഗുരുവിനെക്കുറിച്ചാണ്. പുസ്തക രൂപം പ്രാപിച്ചിട്ടില്ലാത്ത ഒറ്റയൊറ്റ ലേഖനങ്ങളും കവിതകളും മറ്റും വേറെയുമുണ്ട്. ഗുരുദേവന്‍ എന്ന ചരിത്രനായകന്റെ മഹാപ്രതിഭയുടെ ഗൗരവമാണ് അത് സൂചിപ്പിക്കുന്നത്. ഗുരുവിനെക്കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്ത ചില എഴുത്തുകാരെ പെട്ടെന്നു ഓര്‍മ്മിക്കുവാന്‍ കഴിയും. അക്കൂട്ടത്തില്‍ ശ്രദ്ധാര്‍ഹമായ ഒരു പേരാണ് ജി. പ്രിയദര്‍ശനന്‍ എന്നത്.

ജി. പ്രിയദര്‍ശനന്റെ ഗുരുദേവ രചനകള്‍ക്ക് എടുത്തു പറയാവുന്ന ചില സവിശേഷതകള്‍ ഉണ്ട്. ഗുരുദേവന്റെ ചരിത്ര വഴികള്‍ക്കൊപ്പം ഗുരുദേവ പഠിതാക്കളുടെ വചന സമൃദ്ധിയും സത്യസന്ധനായ ചരിത്രഗവേഷകന്റെ സൂക്ഷ്മദൃഷ്ടിയിലൂടെ ഉള്‍ക്കൊള്ളുകയും പരിശോധിക്കുകയും ചെയ്യുന്നവയാണ് ജി. പ്രിയദര്‍ശനന്റെ കൃതികള്‍. ഗുരുവിനെ പഠിക്കുന്നവര്‍ക്കും ആധുനിക കേരളത്തിന്റെ പിറവിയുടെ പൊരുള്‍ തേടുന്നവര്‍ക്കും ആ രചനകളെ അവഗണിക്കുക സാധ്യമല്ല. മൗലിക രചനകളും എഡിറ്റ് ചെയ്ത കൃതികളും ഉള്‍പ്പെടെ നാല്പതില്‍പരം പ്രൗഢ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം. അതില്‍ പകുതിയോളം കൃതികള്‍ ഗുരുവിനെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും ഉള്ളവയാണ്. ആയിരത്തില്‍പരം പേജുകളില്‍ രണ്ടുഭാഗങ്ങളിലായി നൂറ്റിഇരുപതോളം ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീനാരായണഗുരു ആന്തോളജിയാണ് ജി. പ്രിയദര്‍ശനന്റെ ഏറ്റവും പുതിയ കൃതി. ഗുരുദേവ പഠന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ശ്രീനാരായണഗുരു ആന്തോളജിയെ നിസംശയം വിലയിരുത്താം. ഈ കൃതിക്കുള്ള ഒരു പൂര്‍വമാതൃകയാണ് പി.കെ. ബാലകൃഷ്ണന്റെ ശ്രീനാരായണഗുരു ആന്തോളജി. 1954ലാണ് ആ കൃതി പുറത്തുവന്നത്. ഇക്കഴിഞ്ഞ ഏഴു പതിറ്റാണ്ടിനുള്ളില്‍ ഗുരുദേവ പഠനം ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. പ്രിയദര്‍ശനന്റെ ശ്രീനാരായണഗുരു ആന്തോളജിയുടെ ഒന്നാമത്തെ പ്രസക്തി അതാണ്. ചന്തത്തിനായ് സഭകളിലുയരുന്ന എല്ലാ ഞായങ്ങളും ഉള്ളില്‍ തട്ടി വരുന്നവയല്ല. ഗുരുവിനെ തമസ്‌കരിക്കുന്നതിനോ വക്രീകരിക്കുന്നതിനോ ഉള്ള താല്‍പര്യം വച്ചുപുലര്‍ത്തുന്ന ‘നിഷ് പക്ഷമതി’കളെ ശ്രദ്ധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയും. എങ്കിലും പൊതുസമൂഹത്തിന് ഒരു കൈത്തിരി വെട്ടം ആരെങ്കിലും കാട്ടിക്കൊടുക്കേണ്ടി വരും. അങ്ങനെയുള്ളൊരു കൈത്തിരി വെട്ടമാണ് ശ്രീനാരായണഗുരു ആന്തോളജി പ്രസരിപ്പിക്കുന്നത്.

ഒന്നാം അധ്യായത്തില്‍ ആകെ രണ്ടു ലേഖനങ്ങളാണുള്ളത്. ആദ്യത്തേതു ഗ്രന്ഥകാരന്റേതു തന്നെ. ശ്രീനാരായണ പ്രസ്ഥാനവും ശ്രീനാരായണഗുരുവും പി.കെ. ബാലകൃഷ്ണന്റെ ശ്രീനാരായണഗുരു ആന്തോളജിയിലെ ആദ്യ അദ്ധ്യായത്തെ പിന്തുടരുന്നു. ആ ലേഖനത്തില്‍ പി.കെ. ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പലരെയും ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു. അതില്‍ ഒരു ഭാഗം ഇങ്ങനെ: ”സ്വാമികള്‍ ഒരു ചരിത്രപുരുഷനാണ്. മനുഷ്യനാണ്. അദ്ദേഹം ജീവിച്ച ചരിത്ര പശ്ചാത്തലത്തില്‍ ആ മനുഷ്യനെ ഘടിപ്പിക്കുമ്പോള്‍ ഈ കേരളത്തില്‍ ഇന്നുവരെ ജനിച്ചതില്‍ ഏറ്റവും നല്ലവനും വലിയവനുമായ മനുഷ്യനാണ്”

ആ നിരീക്ഷണത്തിന്റെ ശാസ്ത്രീയവും ചരിത്രപരവുമായ വിശകലനമാണ് രണ്ട് ആന്തോളജികളും നിര്‍വഹിക്കുന്നത്. ചരിത്രവിദ്യാര്‍ത്ഥികള്‍ ഗുരുവിനെക്കുറിച്ചു പഠിക്കുമ്പോള്‍ ഊന്നല്‍ നല്‍കേണ്ടത് 1854മുതല്‍ 1888 വരെ യുള്ള കാലഘട്ടത്തിനാണ്. കേരളം പുതിയൊരു നാഗരികതയിലേക്കു ചുവടു വയ്ക്കുന്നത് അരുവിപ്പുറം പ്രതിഷ്ഠയോടു കൂടിയാണെന്നു എടുത്തു പറയേണ്ടതില്ല. അതിനുമുമ്പുള്ള ഗുരുവിന്റെ ജീവിതം അനുഭവവും ആര്‍ജിത സംസ്‌കാരവും കൊണ്ട് യുഗപുരുഷനായി ഗുരു വളരുന്നതിന്റെ ചിത്രം വരച്ചിടുന്നു. ആ ചിത്രത്തില്‍ അനേക നൂറ്റാണ്ടുകളായി വേരുറപ്പിച്ച സാമൂഹ്യാവസ്ഥയുടെ സങ്കീര്‍ണതകളെല്ലാം ഉണ്ടായിരുന്നു. നിര്‍ദ്ദേശങ്ങളും പ്രവൃത്തികളും അതിനു പ്രതിവിധി തേടി. പരോക്ഷമായി അതില്‍ കുറവും കുറ്റവും ആരോപിച്ചവര്‍ നിലപാട് തിരുത്തുമ്പോള്‍ ഗുരു എന്നും ശരിയായിരുന്നു എന്നു വ്യക്തമാവുകയാണ്.

ഗുരുവിന്റെ ക്രാന്തദര്‍ശിത്വത്തിനും കര്‍മ്മകുശലതയ്ക്കും ആ ജീവിതമാകെ നിദര്‍ശനമാകുന്നു. സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായി ഊന്നുന്നത് വിദ്യാഭ്യാസത്തിലാണ്. വിദ്യാലയത്തിനുള്ള അലങ്കാരമായിട്ടാണ് ഗുരു ക്ഷേത്രങ്ങളെ കണ്ടത്. കേരളത്തിന്റെ മാനസിക ഘടനയെ സൂക്ഷ്മമായി പഠിച്ചതിന്റെ ഫലമായുണ്ടായ സമീപനമാണെന്നു പി.കെ. ബാലകൃഷ്ണന്‍ ഇതിനെ വിലയിരുത്തുന്നു.

ഗുരുവിന്റെ സമകാലികരെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ ഇരുപത്തിമൂന്നു പ്രഗത്ഭമതികളെ അവതരിപ്പിച്ചിരിക്കുന്നു. അവരുടെ ലേഖനങ്ങളില്‍ ഗുരുവിന്റെ വ്യക്തിത്വത്തിലെ വ്യത്യസ്തമുഖങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.സ്വാമി ധര്‍മ്മതീര്‍ത്ഥരുടെ ‘ഗുരുദേവന്റെ ജീവിതം’ എന്ന ലേഖനത്തിലാണ് തുടക്കം. കുമാരനാശാന്‍, ഡോ. പല്പു, മൂര്‍ക്കോത്ത് കുമാരന്‍, വി.ടി. ഭട്ടതിരിപ്പാട്, എം.സി. ജോസഫ് എന്നിങ്ങനെ അവരവരുടെ പ്രവര്‍ത്തന മേഖലകളില്‍ ഔന്നത്യം പുലര്‍ത്തുന്നവരാണ് മറ്റു ലേഖകര്‍. വെവ്വേറെ അദ്ധ്യായങ്ങളിലായി ഗുരുവിന്റെ സന്യാസി ശിഷ്യന്മാരെയും ഗൃഹസ്ഥശിഷ്യന്മാരെയും അവതരിപ്പിച്ചിരിക്കുന്നു. മറ്റു സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ എന്ന അദ്ധ്യായത്തിലെ ചില ലേഖനങ്ങള്‍ ഗ്രന്ഥകര്‍ത്താവ് തന്നെ എഴുതിയവയാണ്. ഒരു അദ്ധ്യായത്തിലെ വിഷയം ഗുരുവിന്റെ സന്ദേശങ്ങളാണ്. ഗുരുവുമായി സഹോദരന്‍ അയ്യപ്പനും സിവി. കുഞ്ഞുരാമനും നടത്തിയ ചരിത്രപ്രസിദ്ധമായ സംവാദങ്ങളുടെ പൂര്‍ണരൂപം പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ജി. പ്രിയദര്‍ശനന്‍

പണ്ഡിതോചിതവും മൗലിക സ്വഭാവം പുലര്‍ത്തുന്നതുമായ നാല്പത്തി ഒന്നു ലേഖനങ്ങള്‍ ശ്രീനാരായണഗുരു വിശകലനം പഠനം എന്ന ശീര്‍ഷകത്തില്‍ സമാഹരിച്ചിരിക്കുന്നു. എഴുത്തുകാരെല്ലാം എടുത്തു പറയേണ്ട വ്യക്തിത്വത്തിനു ഉടമകളാണ്. ദര്‍ശനം, സാഹിത്യം, രാഷ്ട്രീയം, ഭരണം, ചരിത്രം, മതം, ഗവേഷണം തുടങ്ങിയ രംഗങ്ങളിലെ ഉന്നത ശീര്‍ഷരുടെ ഒത്തുചേരലിന്റെ സൗന്ദര്യം ഈ അദ്ധ്യായത്തിനുണ്ട്. യോജിക്കുവാനും വിയോജിക്കുവാനുമുള്ള സാധ്യതകള്‍ സൃഷ്ടിക്കുന്ന ധ്വനിഭേദങ്ങള്‍ ഈ ഭാഗത്തെ കൂടുതല്‍ സാര്‍ത്ഥകമാക്കുന്നു.

ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റിന്റെ ചരിത്രം, ശിവഗിരി മഠം കെട്ടിപ്പടുത്ത ചരിത്രം, സഹോദരപ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങിയവ ഈ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരിയിലെ ശാരദപ്രതിഷ്ഠ, സര്‍വമത സമ്മേളനം, ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തുടക്കം തുടങ്ങി പ്രധാനപ്പെട്ട ഏതാനും ചരിത്രസംഭവങ്ങള്‍ ഇതില്‍ വായിച്ചറിയാം. ലോകപ്രശസ്തരായ ഏതാനും പ്രമുഖ വ്യക്തികള്‍ ഗുരുവിനെ നോക്കിക്കണ്ടത് എങ്ങനെയെന്ന് ഈ കൃതിയുടെ അവസാനഭാഗത്ത് ചേര്‍ത്തിരിക്കുന്നു. മഹാത്മാഗാന്ധി, വിനോബഭാവേ, ടാഗോര്‍, സി.എഫ്. ആന്‍ഡ്രൂസ്, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ നിരീക്ഷണങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രപണ്ഡിതന്മാരും എഴുത്തുകാരുമടങ്ങുന്ന വലിയൊരു കൂട്ടായ്മയ്ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ജി. പ്രിയദര്‍ശനന്‍ ഒറ്റയ്ക്കു നിര്‍വഹിച്ചിരിക്കുന്നത്. ചിരപരിചയം കൊണ്ടു സ്വായത്തമായ പരിജ്ഞാനവും എഴുത്തു വഴിയിലെ കൃതഹസ്തതയും ഭാരിച്ച ഈ കര്‍മ്മം ആത്മഹര്‍ഷത്തോടെ നിറവേറ്റുവാന്‍ ഗ്രന്ഥകാരനെ തുണച്ചിട്ടുണ്ടെന്നു വ്യക്തം. പ്രിയദര്‍ശനന്റെ സാഹിത്യമകുടത്തിലെ പൊന്‍തൂവലാണ് ഈ കൃതി എന്നു എടുത്തു പറയേണ്ടിയിരിക്കുന്നു. മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിനു വലിയൊരു മുതല്‍ക്കൂട്ടുമാണിത്.

Author

Scroll to top
Close
Browse Categories