നവോത്ഥാനചരിത്രത്തിന് ഒരാമുഖം
ദളിത് സമുദായാംഗങ്ങളുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ മതപരിവര്‍ത്തനം കേരളത്തിലെ പില്‍ക്കാല സാമൂഹികരൂപീകരണത്തെ ആഴത്തില്‍ സ്വാധീനിച്ച ഒരു ചരിത്ര ഇടപെടലായിരുന്നു. മതപരിവര്‍ത്തനം അതിനോട് അനുകൂലമായും പ്രതികൂലമായുമുള്ള നിരവധി ആഖ്യാനങ്ങളിലൂടെയാണ് നവോത്ഥാനം എന്ന് വിളിക്കപ്പെടുന്ന സാമൂഹിക പ്രക്രിയയുടെ പ്രധാന ചാലകമായി മാറുന്നത്
ജാതിവിരുദ്ധവും ചിലപ്പോള്‍ മതവിരുദ്ധം തന്നെയുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും കൊളോണിയല്‍ ആധുനികതയുടെ രാഷ്ട്രീയ സാഹചര്യം തുറന്നുകൊടുത്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ നടത്തിയ ആശയ പ്രചാരണത്തിലൂടെ സമത്വബോധവും സാമൂഹികാന്തസ്സും മുഖ്യ മുദ്രാവാക്യങ്ങളായി ഉയര്‍ത്തിയ ഇടപെടലുകളുടെ സാകല്യത്തെയാണ് നവോത്ഥാന ചരിത്രമായി കണക്കിലെടുക്കുന്നത്. എന്നാല്‍ ഈ സമീപനത്തിന് പല പോരായ്മകളുമുണ്ട്. നിരവധി ചരിത്രപ്രക്രിയകള്‍ ഒരുമിച്ചു സംഭവിക്കുമ്പോള്‍ അവയ്ക്കിടയിലുള്ള ബന്ധങ്ങളും സാരൂപ്യങ്ങളും വൈരുധ്യങ്ങളും ആഴത്തില്‍ ശ്രദ്ധിക്കപ്പെടണമെന്നില്ല. പിന്നീട് ചരിത്രവിശകലനത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചാണ് അത്തരം പാരസ്പര്യങ്ങളും വൈരുദ്ധ്യങ്ങളും കണ്ടെടുത്തു ആ കാലഘട്ടത്തെ നാം നിര്‍വചിക്കുന്നത്. ഇത്തരം നിര്‍വചനങ്ങള്‍ക്കും കാലികതയുണ്ട്. പുതിയ അറിവുകളുടെ വെളിച്ചത്തില്‍ നാം അവയെ പുനരന്വേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
‘വ്യാവസായിക വിപ്ലവം” എന്ന പരികല്പനയില്ലാതെ യൂറോപ്യന്‍ ചരിത്രം പൂര്‍ണമാകുന്നില്ല എന്നാണല്ലോ പൊതുധാരണ. സാങ്കേതികവിദ്യകളുടെ വികാസത്തിന്റെ ഫലമായി ഉല്‍പ്പാദന, വിതരണ, ഉപഭോഗരീതികളിലുണ്ടായ മാറ്റത്തെ ചരിത്രത്തിലെ വിച്ഛേദമായി കണക്കാക്കുകയും ആ വിച്ഛേദകാലഘട്ടത്തെ വ്യാവസായിക വിപ്ലവകാലമായി കണക്കാക്കപ്പെടുകയും ചെയ്തുപോരുന്നു. അന്നുണ്ടായ നിരവധി കണ്ടുപിടുത്തങ്ങളുടെയും അതിനെത്തുടര്‍ന്നുണ്ടായ വിപണിയിലെ മാറ്റങ്ങളെയുംചേര്‍ത്ത് ഒരു ചരിത്രഘട്ടത്തിന് പില്‍ക്കാലത്തു നല്‍കിയ വിളിപ്പേരാണ് ‘വ്യാവസായിക വിപ്ലവം’. അതേസമയം, . യൂറോകേന്ദ്രവാദത്തിന്റെയും യൂറോപ്യന്‍ അധിനിവേശത്തിന്റെയും വംശീയഗര്‍വിന്റെയും ഒക്കെ അടിസ്ഥാനമായി ഈ നാമകരണം പിന്നീട് മാറുന്നുണ്ട്. സ്വന്തം സൈനിക മേധാവിത്തത്തെ മറുജനതകള്‍ക്ക് മേലുള്ള ധൈഷണിക മേധാവിത്തംകൂടിയാണെന്ന യൂറോപ്യന്‍ സാംസ്‌കാരിക ധാര്‍ഷ്ട്യം ഈ ശാസ്ത്രജ്ഞാനത്തിന്റെകൂടി പേരിലായിരുന്നുവെന്നു ബ്രൂണോ ലത്തൂര്‍ പറയുന്നുണ്ട്.
യൂറോപ്പിലെ ‘ജ്ഞാനോദയം’, ഇന്ത്യയിലെ ‘ഭക്തിപ്രസ്ഥാനം’, ആദ്യകാല തമിഴ് ചരിത്രത്തിലെ ‘സംഘകാലം’ എന്നിങ്ങനെ നിരവധി ലേബലുകള്‍ ചരിത്രത്തില്‍ സമാനതകളുള്ള പ്രക്രിയയുടെ ഒരു സവിശേഷ കാലയളവിലെ അനുസ്യൂതികളെ നിര്‍വചിക്കാന്‍ രൂപകല്‍പ്പന ചെയ്യാറുണ്ട്. ആ പ്രക്രിയകള്‍ക്കുള്ളിലെ മുഴുവന്‍ വൈരുധ്യങ്ങളെയും വ്യത്യസ്തതകളെയും ഈ ലേബലുകള്‍ ഉള്‍ക്കൊണ്ടിരിക്കണമെന്നില്ല. ഇത് തെല്ലും വസ്തുനിഷ്ഠതയില്ലാത്ത നാമകരണങ്ങളാണ് എന്നല്ല. പക്ഷെ ആ കാലഘട്ടം കഴിഞ്ഞു, സാമൂഹികവും രാഷ്ട്രീയവുമായ ചില ലക്ഷ്യങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ക്രോഡീകരണ താല്‍പ്പര്യങ്ങളാണ് ഇത്തരം സവിശേഷമായ കാലനിര്‍മ്മാണങ്ങളുടെ പോസ്റ്റ്-ഫാക്ള്‍റ്റോ യുക്തിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നത് നാം പലപ്പോഴും വിസ്മരിക്കാറുണ്ട്. കേരളത്തിലെ നവോത്ഥാനവും യഥാര്‍ത്ഥത്തില്‍ മറ്റൊരു കാലത്ത് സംഭവിച്ച പരസ്പരബന്ധിതമായ എന്നാല്‍ തികച്ചും സങ്കീര്‍ണ്ണവും വ്യത്യസ്തതകളും വൈവിദ്ധ്യങ്ങളും നിറഞ്ഞതുമായ ചരിത്രധാരകളുടെ ക്രോഡീകരണത്തിലൂടെ പില്‍ക്കാലത്ത് നിര്‍മ്മിച്ചെടുത്ത രാഷ്ട്രീയ പരികല്പനയാണ്. മാത്രമല്ല, അതിനു ചില നിയതമായ സാമൂഹികലക്ഷ്യങ്ങളും ഉണ്ടായിരുന്നു.
കേരളത്തിലെ ഈ നവോത്ഥാന വ്യവഹാരം എന്ന്, എങ്ങനെ ആരംഭിച്ചുവെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും അതൊരു സ്വാതന്ത്ര്യാനന്തര പ്രതിഭാസമാണ് എന്നത് തീര്‍ച്ചയാണ്. വിശേഷിച്ചും കേരളസംസ്ഥാന രൂപീകരണത്തിന് ശേഷമാണു അത്തരമൊരു വ്യവഹാരം രൂപംകൊള്ളുന്നത്. കേരള സംസ്ഥാനം രൂപംകൊണ്ടതിനുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി നേടിയ വിജയത്തിന്റെ പുറകില്‍ ഒരു പുതിയ സാമൂഹിക അവബോധനിര്‍മ്മിതിയുടെ പ്രേരണയുണ്ടാവാം എന്ന ചിന്തയില്‍നിന്നാണ് കേരളം കടന്നുപോന്നത് ഒരു നവോത്ഥാന പ്രക്രിയയിലൂടെയാണെന്നും അതിന്റെ കൂടി പ്രതിഫലനമാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് കേരളത്തില്‍ സ്വീകാര്യത കിട്ടുന്നതെന്നുമുള്ള ആശയത്തിന് പ്രസക്തി വര്‍ദ്ധിച്ചത്. എന്നാല്‍ അക്കാലത്തും നവോത്ഥാനം എന്ന വാക്കോ പരികല്പനയോ വ്യാപകമായി പ്രചാരത്തില്‍ വന്നിരുന്നില്ല. അതുണ്ടാവുന്നതു എഴുപതുകളിലാണ് എന്നാണെന്റെ ഓര്‍മ്മ. എഴുപതുകളില്‍ അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്തുണ്ടായ സാമൂഹിക പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം ആഗോള തലത്തില്‍ സാമ്പത്തിക വിദഗ് ദന്മാരുടെ ശ്രദ്ധയില്‍പെടുകയുണ്ടായി.
അച്യുതമേനോനുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന, ആഗോളതലത്തില്‍ അക്കാദമിക് അംഗീകാരങ്ങള്‍ ഉണ്ടായിരുന്ന ഡോ. കെ. എന്‍ രാജിനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ കേരളത്തിലേക്ക് അവരുടെ ശ്രദ്ധതിരിക്കുന്നത് എഴുപതുകളിലാണ്. ഡോ. രാജ് കേരളത്തിലേക്ക് താമസം മാറുകയും തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് സ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തില്‍ കേരളത്തിന്റെ സാമൂഹിക വികസനം ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ നിന്ന് ഭിന്നമാണെന്നു സ്ഥാപിക്കുന്ന ഒരു പഠനവും പ്രസിദ്ധീകരിക്കപ്പെട്ടു. ”കേരള മാതൃക” എന്ന പരികല്പന രൂപമെടുക്കുന്നതു അങ്ങനെയാണ്. ഈ ചര്‍ച്ച രൂപപ്പെടുന്ന എഴുപതുകളുടെ സാമ്പത്തിക-സാമൂഹിക സവിശേഷതകള്‍ ശ്രദ്ധേയമായിരുന്നു. ഒരുവശത്തു കേരളം പ്രതിശീര്‍ഷവരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴേപ്പടിയില്‍ നില്‍ക്കുന്നു. മറുവശത്തു, ജനനനിരക്ക്, ശിശുമരണനിരക്ക്, മരണനിരക്ക്, സാക്ഷരത തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഗുണപരമായി വേറിട്ട് നില്‍ക്കുന്നു എന്ന് മാത്രമല്ല, യൂറോ-അമേരിക്കന്‍ നിലവാരത്തിന്റെ സമീപത്തേക്കു അത് എത്തിച്ചേരുവാനും തുടങ്ങുന്നു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും മൂന്നാംലോകരാജ്യങ്ങള്‍ പൊതുവെയും താഴ്ന്ന പ്രതിശീര്‍ഷ വരുമാനവും സാമൂഹിക സൂചകങ്ങളില്‍ അതുകൊണ്ടുതന്നെ വലിയ പുരോഗതിയില്ലാതെയും കഴിയുമ്പോള്‍ കേരളം എങ്ങനെയാണ് സാമൂഹിക സൂചകങ്ങളില്‍ ഒന്നാമതെത്തിയത് എന്നത് കൂടുതല്‍ വിശദീകരണം ആവശ്യമുള്ള വികസന സമസ്യയായി മാറുകയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മിഷനറിമാരുടെയും തിരുവിതാംകൂര്‍ സര്‍ക്കാരിന്റെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലുള്ള ഇടപെടലുകളുടെയും അതേത്തുടര്‍ന്നുണ്ടായ സാമൂഹിക പരിഷ്‌കരണങ്ങളുടെയും അതിന്റെ ചുവടുപിടിച്ചുണ്ടായ ട്രേഡ് യൂണിയന്‍ ഉണര്‍വിന്റെയും സാഹചര്യം കേരളത്തിന്റെ സാമൂഹിക സൂചകങ്ങള്‍ വളരുന്നതില്‍ പങ്ക് വഹിച്ചുവെന്ന കണ്ടെത്തല്‍ ഈ സന്ദര്‍ഭത്തിലാണ് പ്രസക്തമായി മാറിയത്. ഒപ്പംതന്നെ കൊളോണിയല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ക്കു തുടക്കമിട്ട തിരുവിതാംകൂര്‍ ഭരണത്തെ ഉദാത്തവല്‍ക്കരിക്കുന്ന സമീപനവും, അവര്‍ക്ക് നവോത്ഥാന രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ പങ്കുണ്ടെന്നവാദവും ശക്തമായിത്തത്തീര്‍ന്നു. ഇതിന്റെ രേഖീയയുക്തി ശ്രദ്ധേയമായിരുന്നു. മിഷനറി പ്രവര്‍ത്തനം എന്നത് കേവലം മത പരിവര്‍ത്തനം മാത്രമായിരുന്നില്ല. തിരുവിതാംകൂറില്‍ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള അവകാശം മിഷനറിമാര്‍ക്കു നല്‍കിയിരുന്നത് ജാതി ഹിന്ദുക്കളെ ഒഴിവാക്കിക്കൊണ്ടായിരുന്നു. പ്രേഷിത പ്രവര്‍ത്തനം അവര്‍ണ്ണര്‍ക്കിടയില്‍ മാത്രമായി പരിമിതപ്പെട്ടപ്പോള്‍ അവരുടെ സാമൂഹികമായ ഉയര്‍ച്ചകൂടി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ മിഷനറിമാര്‍ ഏര്‍പ്പെട്ടു. മതപരിവര്‍ത്തനം ചെയ്യുന്ന ദളിതര്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്ന ഒരു സമീപനമാണ് മിഷനറിമാര്‍ സ്വീകരിച്ചത്. അവരുടെ മനുഷ്യാന്തസ്സ് ഉയര്‍ത്തുക എന്നതും അവര്‍ ലക്ഷ്യംവച്ചുവെന്ന് സാമാന്യമായി പറയാന്‍ കഴിയും. ഇതിലെ ചില വൈരുധ്യങ്ങള്‍ ചുവടെ ചര്‍ച്ച ചെയ്യുന്നുണ്ട്. പൊതുവില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിനും പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇടപെടാനും സ്‌കൂളുകളും കോളേജുകളും ആരംഭിക്കുവാനുമുള്ള ഒരു സാഹചര്യംകൂടി ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവന്നു. സാമൂഹിക-ജാതി നവീകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധ്യത സൃഷ്ടിച്ചത് കൊളോണിയല്‍ ആധുനികതയുടെ ഈ പുതിയ സന്ദര്‍ഭമാണ്. മത-സാമൂഹികപ്രസ്ഥാനങ്ങള്‍കൂടി വിദ്യാഭ്യാസ സമത്വവും പൗരസമത്വവും ആവശ്യപ്പെടുകയും തിരുവിതാംകൂര്‍ ഭരണകൂടം അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തതോടെയാണ് പില്ക്കാല സാമൂഹിക വികാസത്തിനുള്ള സാദ്ധ്യതകള്‍ കേരളത്തില്‍ ചരിത്രപരമായി ഉരുത്തിരിഞ്ഞതെന്നും അതാണ് ‘കേരളമാതൃക’ ആയി മാറിയതെന്നുമായിരുന്നു കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവത്തിനു നല്‍കപ്പെട്ട വ്യാഖ്യാനം. ഈ സവിശേഷ ചരിത്ര പ്രക്രിയയെ നവോത്ഥാനമായി വ്യാഖ്യാനിക്കുന്നതും ഈ വികസനാനുഭവത്തിനു കേരളമാതൃക എന്ന പേര് ലഭിക്കുന്നതും എഴുപതുകളിലാണ് എന്നത് ഇതിനോട് ചേര്‍ത്തുവച്ചു മനസ്സിലാക്കേണ്ട വസ്തുതയാണ്.
എന്നാല്‍ അത്രയും രേഖീയമായ ഒരു ചരിത്രമല്ല യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ വികസനാനുഭവത്തിനുള്ളത്. കൊളോണിയല്‍ ആധുനികതയോടൊപ്പംതന്നെ കേരളത്തിലെ, വിശേഷിച്ചു തെക്കന്‍ കേരളത്തിലെ, ജാതിവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ കൊളോണിയല്‍പൂര്‍വചരിത്രംകൂടി മനസ്സിലാക്കിയാലേ ഇതേക്കുറിച്ചു ശരിയായ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കൂ. അപകോളണീകരണത്തോടുള്ള ഒരു രാഷ്ട്രീയസമീപനം അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് (ഇതേക്കുറിച്ച് മുന്‍പ് വിശദമായി ഞാന്‍ എഴുതിയിട്ടുണ്ട്- ടി.ടി.ശ്രീകുമാര്‍, നവോത്ഥാനത്തിന്റെ പ്രാരംഭം, ). ഈ ആശയപരമായ കുതറല്‍ അതിന്റെ ഏറ്റവും വലിയ രണ്ടു പ്രതിബന്ധങ്ങളെക്കൂടി അന്തര്‍വഹിച്ചിരുന്നു. ഒന്ന് ഈ സങ്കല്പനത്തിന്റെ പേരുകൊണ്ടുതന്നെ അനിവാര്യമായ യൂറോപ്യന്‍ ധൈഷണിക ബന്ധമായിരുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നവോത്ഥാനം എന്ന് അറിയപ്പെട്ട സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രക്രിയകള്‍ക്ക് യൂറോപ്യന്‍ നവോത്ഥാനവുമായി ബന്ധമുണ്ടോ എന്നതല്ല, മറിച്ചു അതിന്റെ ചട്ടക്കൂടിലൂടെ യഥാര്‍ത്ഥചരിത്രത്തെ കാണേണ്ടിവരിക എന്ന ബാധ്യതയാണ് ഈ സമീപനം നമ്മുടെ ചിന്തയില്‍ അടിച്ചേല്‌പിച്ചത്. അതായത്, അങ്ങേയറ്റം പോയാല്‍ ആ പ്രക്രിയകളുടെ ഒരു രൂപകം മാത്രമാവേണ്ട പദമാണ് അവയുടെ ചരിത്രനാമമായി മാറുന്നത്. ഇതാവട്ടെ മറ്റു രണ്ടുരീതിയില്‍ക്കൂടി കേരളത്തിന്റെ ചരിത്രത്തെ ജ്ഞാനപരമായ അപഭ്രംശത്തിലേക്ക് നയിച്ചിട്ടുണ്ട്. ഒന്ന് അത് സംഭാവനചെയ്ത രേഖീയതാ സങ്കല്‍പ്പമാണ്. പടിപടിയായുള്ള സാമൂഹികമുന്നേറ്റമായി സാമൂഹിക മാറ്റത്തെ നിര്‍വചിക്കാന്‍ ഇതിടയാക്കി. ഇപ്പോള്‍പോലും ഞാന്‍ നവോത്ഥാന ദുരഭിമാനം എന്ന് വിളിക്കുന്ന സമീപനം നവോത്ഥാനമൂല്യങ്ങള്‍ എന്ന് സങ്കല്‍പ്പിക്കുന്ന അവ്യക്തവും അമൂര്‍ത്തവുമായ ഒരു നൈതികബോധത്തിനു നിരക്കാത്ത ഇടപെടലുകള്‍ ജാതിബോധം, അന്ധവിശ്വാസങ്ങള്‍, വര്‍ഗ്ഗീയത തുടങ്ങിയവ കേരളത്തിന്റെ പൊതുബോധത്തിലുണ്ട് എന്നും അവ ശക്തമാണ് എന്നും സമ്മതിക്കാനുള്ള വൈമനസ്യത്തെ പ്രതിനിധാനം ചെയ്യുന്ന സമീപനം ഈ രേഖീയതാ സങ്കല്‍പ്പത്തില്‍നിന്നും രൂപംകൊള്ളുന്നതാണ്.
രണ്ടാമതായി, യൂറോപ്യന്‍ ആധുനികതയുടെ ആഗമനകാലം മുതല്‍ക്ക് കേരളത്തില്‍ തിരനോട്ടം നടത്തുന്ന ആശയങ്ങളുടെ നിഴൽപ്പാടിലാണ് നവോത്ഥാന പ്രക്രിയ എന്ന് വിളിക്കുന്ന സാമൂഹിക ചലനങ്ങളുടെ തുടക്കം എന്ന വിശ്വാസമാണ്. ആഫ്രിക്കയെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ സന്ദര്‍ഭത്തില്‍ ആഫ്രിക്കന്‍ ചിന്തകരും പാശ്ചാത്യരും ചില പാശ്ചാത്യ മാതൃകകളിലും ഫാന്റസികളിലും മാത്രം കുടുങ്ങിപ്പോവുന്നതിനെക്കുറിച്ച് അഷീല്‍ മെമ്പേ പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് ‘Africa is rarely ‘seen as possessing things and attributes properly part of ‘human nature” and whenso, these are considered ‘of lesser value, little importance, and poor qualtiy’ എന്നാണ് (Mbembe Achille. 2001. On the postcolony. Berkeley: Universtiy of California Press). പാശ്ചാത്യരുടെയും ആഫ്രിക്കന്‍ ചിന്തകരുടെയും തന്നെ കൃതികളില്‍ പലപ്പോഴും ആഫ്രിക്കക്ക് പൊതുവില്‍ മനുഷ്യസ്വഭാവമായി പരിഗണിച്ചുപോരുന്ന ഗുണങ്ങളും സവിശേഷതകളും ഉള്ളതായി കാണാക്കപ്പെടുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അഥവാ അങ്ങനെ കണക്കാക്കപ്പെടുമ്പോള്‍ തന്നെ അവയുടെ ഗുണങ്ങളും മൂല്യവും പ്രാധാന്യവും നിസ്സാരമാക്കപ്പെടുന്നു. നവോത്ഥാനത്തിന്റെ പേരില്‍ കേരളം ഉദാത്തവല്‍ക്കരിക്കപ്പെടുമ്പോള്‍പോലും നവോത്ഥാനത്തിന്റെ കൊളോണിയല്‍ ഉത്ഭവം എന്ന സങ്കല്പം കേരളചരിത്രത്തെ ഇത്തരത്തില്‍ ആശ്രിതചരിത്രമായി പരോക്ഷമായും ചിലപ്പോള്‍ പ്രത്യക്ഷമായിത്തന്നെയും ന്യൂനീകരിക്കുന്നുണ്ട്. പാശ്ചാത്യ ചരിത്രവുമായി ബന്ധിപ്പിച്ചും കൊളോണിയലിസവുമായിമാത്രം കൂട്ടിയ്‌ക്കെട്ടിയും ആഫ്രിക്കന്‍ ചരിത്രത്തെ വീക്ഷിക്കുന്നതിലെ അപകടങ്ങള്‍ ഇതേ വിചാരമാതൃക കേരളം ചരിത്രത്തില്‍ ഉപയോഗിക്കുന്നതിലും കടന്നുവരുന്നുണ്ട്. ബ്രിട്ടീഷുകാരാണ് നമുക്ക് സ്വാതന്ത്ര്യം തന്നതെന്ന ഗുരുവിന്റെ പ്രസ്താവനയെ അതിന്റെ സമഗ്രതയില്‍ കാണേണ്ടതിന്റെ ആവശ്യകത ഞാന്‍ ഗുരുവിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട് .(ടി.ടി.ശ്രീകുമാര്‍, ഗുരു: ആധുനികതയുമായുള്ള മുഖാമുഖങ്ങള്‍,). ‘ആഫ്രിക്കന്‍ വിഷയി’യെ മുമ്പേ അപനിര്‍മ്മിക്കുന്നതുപോലെ മനസ്സിലാക്കപ്പെടേണ്ട മാനങ്ങള്‍ കേരളം ചരിത്രത്തിനുമുണ്ട് എന്നതാണ് നവോത്ഥാന പരികല്പന അഴിച്ചുനോക്കുമ്പോള്‍ നമുക്കും ബോധ്യമാവുന്നത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ചു ആഴത്തില്‍ ചിന്തിച്ചിരുന്ന പ്രൊഫസര്‍ ഐ. ഇസ്താക് പോസ്റ്റ് കൊളോണിയല്‍ അവസ്ഥയുടെ ചില വൈരുദ്ധ്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നുണ്ട് (ഐ. ഇസ്താക്, 2022, ‘മഹാമാതാവിന്റെ മരണവും പുനരുത്ഥാനവും’ പ്രസക്തി ബുക്സ്, എഡിറ്റര്‍ സെബാസ്റ്റ്യന്‍ വട്ടമറ്റം).ദളിത് സമുദായാംഗങ്ങളുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ മതപരിവര്‍ത്തനം കേരളത്തിലെ പില്‍ക്കാല സാമൂഹികരൂപീകരണത്തെ ആഴത്തില്‍ സ്വാധീനിച്ച ഒരു ചരിത്ര ഇടപെടലായിരുന്നു. മതപരിവര്‍ത്തനം അതിനോട് അനുകൂലമായും പ്രതികൂലമായുമുള്ള നിരവധി ആഖ്യാനങ്ങളിലൂടെയാണ് നവോത്ഥാനം എന്ന് വിളിക്കപ്പെടുന്ന സാമൂഹിക പ്രക്രിയയുടെ പ്രധാന ചാലകമായി മാറുന്നത്. ഇക്കാര്യം ഞാന്‍ ഇസ്താക്കിനുള്ള പുസ്തകത്തിന്റെ അവതാരികയില്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. പാലാക്കുന്നേല്‍ വല്യച്ചന്റെ ‘നാളാഗമ’ത്തില്‍നിന്ന് (Chronicle) ഇസ്താക്ക് എടുത്തുദ്ധരിക്കുന്ന ചില ഭാഗങ്ങള്‍ ഈ സങ്കീര്‍ണതയിലേക്കു വെളിച്ചംവീശുന്നവയാണ്. കര്‍മ്മലീത്താ ആശ്രമത്തിലെ സന്യാസിമാര്‍ പള്ളികളിലും ആശ്രമങ്ങളിലും മറ്റു സ്ഥാപനങ്ങളിലും പത്തൊമ്പതാം നൂറ്റാണ്ടിലാണ് നാളാഗമം എഴുത്ത് ആരംഭിച്ചത്. അതില്‍ പാലക്കുന്നേല്‍ വല്യച്ചന്‍ കൊടുത്തിരിക്കുന്ന ഒരു സംഭാഷണ ശകലം പരിവര്‍ത്തനത്തിനു തയ്യാറായി വന്ന ദളിതര്‍ക്കു പള്ളി കൊടുക്കുന്ന നിര്‍ദ്ദേശങ്ങളാണ്. 1853 -ല്‍ തിരുവിതാംകൂറില്‍ അടിമത്തം അവസാനിപ്പിച്ചുള്ള വിളംബരം പുറപ്പെടുവിച്ചതിനും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, 1858 -ല്‍ നടന്ന, വലിയ ചരിത്രമാനങ്ങളുള്ള ഒരു സംഭാഷണം ആണത്:
അവരെ ബ. അച്ചന്‍ മുറിയുടെ വാതുക്കല്‍ വരുത്തി അവരോട് വേദകാര്യം കൊണ്ട് പറഞ്ഞ് താല്‍പര്യപ്പെടുത്തി അവരുടെ അഭിപ്രായങ്ങളെ ചോദിച്ചറിഞ്ഞു. അതിന്റെ ശേഷം അവരോടു ചോദിച്ചു:
ചോദ്യം: നിങ്ങള്‍ മാമ്മോദീസ മുങ്ങിയാല്‍ നിങ്ങളുടെ അച്ചന്മാരെ(തമ്പ്രാക്കന്മാരെ) ഉപേക്ഷിച്ചു വല്ലദിക്കിനും പൊയ്ക്കളയാം എന്നു നിരുപിച്ച് മാമ്മോദീസ മുങ്ങുന്നതാണോ?
ഉത്തരം: അല്ല. എവിടെയായാലും ഞങ്ങള്‍ വേലയെടുത്തേ കഴിയത്തൊള്ളു. ആയതിനാല്‍ ഞങ്ങളുടെ അച്ചന്മാര്‍ക്കുതന്നെ വേലയെടുക്കുന്നത് ഞങ്ങള്‍ക്കു സമ്മതമാകുന്നു.
കല്‍പിക്കുന്നു: നിങ്ങള്‍ മാമ്മോദീസ മുങ്ങി എന്നുവച്ച് നിഗളിച്ച് (അഹങ്കരിച്ച്) കാവ്യര്‍ക്കും(ഹിന്ദുക്കള്‍) മറ്റും ഈ നാട്ടിലെ മര്യാദപോലെ വഴി കൊടുത്തുകൊള്ളുന്നതല്ലാതെ അതിനു വിരോധം ചെയ്യുമോ?
ഉത്തരം: ഞങ്ങള്‍ മുമ്പത്തേതില്‍ കുറെക്കൂടി മാറിക്കൊടുക്കാം. എന്നാലും ഞങ്ങള്‍ക്ക് ഉടയതമ്പുരാനെ അറിഞ്ഞുനടന്നാമതി.
കല്‍പിക്കുന്നു: നിങ്ങള്‍ മാമ്മോദീസ മുങ്ങുന്നതിനാല്‍ ഈ അന്തസ്സുകള്‍ വിട്ട് മാപ്പിളമാരുടെ (ക്രിസ്ത്യാനികള്‍) അന്തസ്സില്‍ നടക്കാമെന്നും മറ്റും വിചാരിച്ചാല്‍ നിങ്ങള്‍ക്കു യാതൊരു ഫലവുമില്ല. ഏതന്തസ്സിലും സര്‍വ്വേശ്വരന്‍ തമ്പുരാന്റെ മക്കളായിട്ടുനടന്ന് വേദം അനുസരിക്കാം. വേദത്തിന് അവനവന്റെ അന്തസ്സ് മാറ്റുന്നതിന് ആവശ്യമില്ല.
ഉത്തരം: ഞങ്ങള്‍ പുലയര്‍ തന്നെ ആയിരുന്നു കൊള്ളാം. ഞങ്ങള്‍ക്കു വേദം മാത്രം മതി.
കല്‍പിക്കുന്നു: ഇനിയും നിങ്ങളുടെ അച്ചന്മാര്‍ക്കും മറ്റും വേല വീഴ്ചകള്‍ വരുത്തിയാല്‍ നാം കൂടെയും ശിക്ഷിക്കും. ഇതിനുമുമ്പില്‍ നിങ്ങളുടെ അച്ചന്മാരു മാത്രമേ ശിക്ഷിക്കത്തൊള്ളു. ഇപ്പോള്‍ രണ്ടു ശിക്ഷ നിങ്ങള്‍ക്ക്.
(ഐ. ഇസ്താക്, മുന്‍ പുസ്തകത്തില്‍ ‘പാലാക്കുന്നേല്‍ വല്യച്ചന്റെ നാളാഗമം’, പേജ് 10-11-ല്‍ നിന്ന് ഉദ്ധരിക്കുന്നത്).
ഹിന്ദുക്കളുടെ അന്തസ്സിലോ ക്രിസ്ത്യാനികളുടെ അന്തസ്സിലോ ജീവിക്കാന്‍ ക്രിസ്ത്യാനിയായുള്ള മതം മാറ്റം ഉപയോഗിക്കില്ല എന്ന് ദളിതരെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുന്ന ഈ ദയനീയമായ സന്ദര്‍ഭം കേരളചരിത്രത്തിലെ നവോത്ഥാനധാരയുടെ ഭാഗം കൂടിയായാണെന്ന ഐറണി അവഗണിക്കാന്‍ കഴിയുന്നതല്ല. മതപരിവര്‍ത്തനത്തെ സ്വന്തം സാമൂഹികസ്ഥാനം നിര്‍വചിക്കുന്നതിനല്ല ഉപാധിയായി കാണരുത് എന്ന ഈ കല്‍പ്പന പക്ഷെ പൂര്‍ണ്ണമായും പാലിക്കപ്പെട്ടിട്ടില്ല. ചരിത്രം അങ്ങനെയാണ്. അതിനെ അധികാരം തെളിച്ച വഴിയില്‍കൂടി മാത്രം നടത്തുക ദുഷ്‌കരമാണ്. എങ്കിലും കാര്‍ഷികാടിമത്തത്തില്‍നിന്ന് പുറത്തുകടക്കാനുള്ള വഴിയായി മതത്തെ കാണരുതെന്ന ഈ കല്‍പ്പന സവര്‍ണ്ണ ക്രൈസ്തവതയുടെയും ശൂദ്ര സവര്‍ണ്ണവ്യവസ്ഥയുടെയും നിലനില്‍പ്പിനു സഹായകമായിരുന്നതായിരുന്നു എന്നത് വിസ്മരിക്കാനാവില്ല. എന്നാല്‍ ഒപ്പംതന്നെ വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ മിഷനറി ഇടപെടലുകള്‍ വരുത്തിയ ഗുണപരമായ മാറ്റവും അത് ഫ്യുഡല്‍ അധികാരവ്യവസ്ഥയില്‍ ചെലുത്തിയ സ്വാധീനവും പ്രധാനമാണ്. ഇത്തരം വൈരുദ്ധ്യങ്ങളെ കൂടുതല്‍ അടുത്തുനിന്നു മനസ്സിലാക്കുന്നതിനുള്ള ഉപാധിയാണ് നമ്മുടെ വിചാരമാതൃകയില്‍ കൊളോണിയലിസത്തിന്റെ സ്വാധീനത്തിലുള്ള പ്രാഗ്-കൊളോണിയല്‍ സാമൂഹിക വ്യാഖ്യാനങ്ങളെ വെടിഞ്ഞു കുറേകൂടി യഥാതഥമായി ചരിത്രപ്രക്രിയകളെക്കുറിച്ചു അന്വേഷിക്കുക എന്നത്. അത്തരമൊരു സമീപനത്തിന്റെ അടിസ്ഥാന നിലപാടാണ് മധ്യകാല ജാതിവിരുദ്ധ രാഷ്ട്രീയത്തെയും അതിന്റെ തുടര്‍ച്ചയായി വൈകുണ്ഠസ്വാമി പ്രസ്ഥാനത്തെയും വേലായുധപ്പണിക്കരെയും ദളവാക്കുളം സമരത്തെയും കൂടുതല്‍ ആഴത്തില്‍ കാണാന്‍ ശ്രമിക്കുക എന്നുള്ളത്. മധ്യകാലത്തില്‍നിന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഗുരുവിനെയും അയ്യന്‍കാളിയെയുമെല്ലാം നാം സന്ധിക്കുന്നത് ഈ ചരിത്രപാരമ്പര്യത്തിന്റെകൂടി വെളിച്ചത്തിലാണ്. കൊളോണിയല്‍ ആധുനികതയുടെമാത്രം മാനദണ്ഡങ്ങള്‍വച്ച് ഈ പ്രതിഭാസങ്ങളെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയില്ല എന്നതും രീതിശാസ്ത്രപരമായും വാസ്തവികമായും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
(മുന്‍പെഴുതിയ ഒരു കുറിപ്പില്‍ നിന്നുള്ള ആശയങ്ങള്‍ കൂടി ചേര്‍ത്തു വികസിപ്പിച്ചത്)