അധീശവാഴ്ചകള്‍ക്ക്എതിരെയുള്ള പ്രതിരോധം നൂറ്റാണ്ടുകളിലൂടെ
കേരളത്തിന്റെ ചരിത്രം നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അത് ഒരു ഋജുവായ വരയല്ല എന്ന് ബോധ്യപ്പെടും. വിവിധങ്ങളായ അടരുകളും പടരുകളും നിറഞ്ഞതാണ് കീഴ്ത്തട്ടില്‍ നിന്ന് നോക്കികാണുമ്പോള്‍ ഉള്ള കേരള ചരിത്രം. ഒരുവശത്ത് അപരത്വവല്‍ക്കരണമെന്ന ഈ പ്രക്രിയ നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിച്ചു കൊണ്ട് വ്യത്യസ്തമായ സ്വയം നിര്‍മിതിയെന്ന പ്രക്രിയയും സംഭവിക്കുന്നു.
ഇന്ത്യയുടെ സങ്കീര്‍ണമായ ചരിത്രത്തിനു ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ, മേധാവിത്ത വിരുദ്ധ കാഴ്ചപ്പാടുകളുടെ സമാനതകള്‍ ഇല്ലാത്ത ഭൂതകാലത്തെപ്പറ്റി പറയാനുണ്ട്. എഴുത്ത് അധികാരത്തില്‍ നിന്ന് പുറത്തുപോയ ജനതകളുടെ ചരിത്രം എഴുതപ്പെടാതെ പോയെങ്കിലും സാഹിത്യത്തിന് അകത്ത്, വാമൊഴികളായി, പാട്ടുകളായി നമുക്ക് ഈ ധാരയെ കണ്ടെത്താന്‍ സാധിക്കും. അബ്രാഹ്മണികമായ ഈ ചരിത്രം ഒരേസമയം പ്രതിരോധത്തിന്റെയും, ചേര്‍ത്തുപിടിക്കലിന്റെയും രാഷ്ട്രീയം ഉള്‍ ക്കൊള്ളുന്നുണ്ട്. ദൈവശാസ്ത്രത്തിനും, തത്വചിന്തകള്‍ക്കും പുറംവഴിയായ മനുഷ്യരുടെ കാഴ്ചകളാണ് പാട്ടുകളായി മാറിയത്. അതില്‍ ജീവിതത്തിന്റെ വ്യത്യസ്ത തുറകളെ പറ്റിയും, ജനന മരണ ഉല്പത്തികളെ കുറിച്ചും സത്താമീമാംസയുടെ(Ontology) തലങ്ങളെ കുറിച്ചും ചിന്തകളുണ്ട്. മനുഷ്യന്റെ നശ്വരമായ ജീവിതത്തെക്കുറിച്ചുള്ള വിവിധങ്ങളായ പരികല്പനകള്‍ നമുക്കവയിലൊക്കെ കാണാവുന്നതാണ്. നമ്മള്‍ ഒരു ദിവസം മാഞ്ഞു പോയിട്ട് ഭൂമിയില്‍ അടക്കം ചെയ്യപ്പെടും. അപ്പോള്‍ സൂര്യനും ചന്ദ്രനും മാറുന്നില്ല. നക്ഷത്രങ്ങള്‍ മാറുന്നില്ല. ഭൂമി മാറുന്നില്ല – പ്രത്യക്ഷ രക്ഷ ദൈവസഭയുടെ ഒരു പാട്ടില്‍ മരണത്തെയും ഭൂമിയേയും ഇങ്ങനെ ബന്ധിക്കുന്നുണ്ട് . ഓര്‍മകളെ ഭൂമിശാസ്ത്രമാക്കുന്ന ഈ ചിന്തകള്‍ മുഖ്യധാരയ്ക്ക് സമാന്തരമായ ഒരു ജീവിത സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നു.
ഇന്ത്യയില്‍ സാഹിത്യത്തിന് അകത്ത് ഉണ്ടായിവന്ന പ്രതിരോധസ്വരങ്ങള്‍ പൊതുവെ നവോത്ഥാനത്തിനുള്ളില്‍ വികസിച്ച സ്‌പേസുകളുടെ സൃഷ്ടിയായാണ് കണക്കാക്കപ്പെടുന്നത്. വ്യാവസായിക വിപ്ലവത്തിനോടനുബന്ധിച്ച് മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതത്തെ ഊന്നി സാഹിത്യം കണ്ണുകള്‍ വിടര്‍ത്തിയതും, ചാള്‍സ് ഡാര്‍വിന്റെ, പരിണാമസിദ്ധാന്താനന്തരം ആജ്ഞേയവാദം വളരുകയും അത് സാഹിത്യത്തിനുള്ളില്‍ യുക്തിചിന്താപരമായ എഴുത്തുക്കള്‍ക്ക് വഴിവെച്ചതും ബ്രിട്ടീഷ് സാഹിത്യം റിയലിസത്തിലേക്കും തുടര്‍ന്നു മോഡേണിസത്തിലേക്കും പരിണമിച്ചതിന് കാരണമായി. ഈ മാറ്റങ്ങളുടെ ചുവട് പിടിച്ചാണ് ഇന്ത്യയിലെയും കേരളത്തിലെയും സാഹിത്യങ്ങളിലും സമാന സ്വഭാവമുള്ള മാറ്റങ്ങള്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍. കൊളോണിയല്‍ ആധുനികതയുടെ ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങള്‍ ഒക്കെത്തന്നെയും മിഷനറി കാലത്തിന് മുന്നേയുള്ള ഇന്ത്യയുടെയും, കേരളത്തിന്റെയും ജാതിവിരുദ്ധ- മാനുഷിക എഴുത്തുകള്‍ കേവലം വിലാപകാവ്യങ്ങള്‍ ആയിരുന്നെന്നും, അവയൊന്നും ഒരിക്കലും ഇവിടുത്തെ സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങളും അസമത്വങ്ങളുമായി ക്രിട്ടിക്കലി എന്‍ഗേജ് ചെയ്തിട്ടില്ല എന്നും പറയാതെ പറയുന്നുണ്ട്.
ഇന്ത്യയില്‍ സാഹിത്യത്തിന് അകത്ത് ഉണ്ടായിവന്ന പ്രതിരോധസ്വരങ്ങള്‍ പൊതുവെ നവോത്ഥാനത്തിനുള്ളില്‍ വികസിച്ച സ്‌പേസുകളുടെ സൃഷ്ടിയായാണ് കണക്കാക്കപ്പെടുന്നത്. വ്യാവസായിക വിപ്ലവത്തിനോടനുബന്ധിച്ച് മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതത്തെ ഊന്നി സാഹിത്യം കണ്ണുകള്‍ വിടര്‍ത്തിയതും, ചാള്‍സ് ഡാര്‍വിന്റെ, പരിണാമസിദ്ധാന്താനന്തരം ആജ്ഞേയവാദം വളരുകയും അത് സാഹിത്യത്തിനുള്ളില്‍ യുക്തിചിന്താപരമായ എഴുത്തുക്കള്‍ക്ക് വഴിവെച്ചതും ബ്രിട്ടീഷ് സാഹിത്യം റിയലിസത്തിലേക്കും തുടര്‍ന്നു മോഡേണിസത്തിലേക്കും പരിണമിച്ചതിന് കാരണമായി. ഈ മാറ്റങ്ങളുടെ ചുവട് പിടിച്ചാണ് ഇന്ത്യയിലെയും കേരളത്തിലെയും സാഹിത്യങ്ങളിലും സമാന സ്വഭാവമുള്ള മാറ്റങ്ങള്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍.
ഏകശിലാരൂപത്തിലുള്ള ഒരു സവര്‍ണ്ണ മുഖ്യധാര ചരിത്രത്തിനെ മുന്നില്‍ വെച്ചുകൊണ്ട് തന്നെയാണ് ഇത്തരമൊരു ധാരണ പരത്തുന്നത്. എന്നാല്‍ ഇത് ചരിത്രപരമായ ഒരു ഫാലസി മാത്രമാണ് .കേരളത്തിന്റെ ചരിത്രം നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അത് ഒരു ഋജുവായ വരയല്ല എന്ന് ബോധ്യപ്പെടും. വിവിധങ്ങളായ അടരുകളും പടരുകളും നിറഞ്ഞതാണ് കീഴ്ത്തട്ടില്‍ നിന്ന് നോക്കികാണുമ്പോള്‍ ഉള്ള കേരള ചരിത്രം. ഒരുവശത്ത് അപരത്വവല്‍ക്കരണമെന്ന ഈ പ്രക്രിയ നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിച്ചു കൊണ്ട് വ്യത്യസ്തമായ സ്വയം നിര്‍മിതിയെന്ന പ്രക്രിയയും സംഭവിക്കുന്നു. സ്വയം നിര്‍മിക്കുക, സ്വയം നിര്‍വചിക്കുക എന്നിവയിലൂടെ അധീശവാഴ്ചകള്‍ക്ക് എതിരെയുള്ള പ്രതിരോധം നൂറ്റാണ്ടുകളിലൂടെ സജീവമാക്കി നിലനിര്‍ത്തിയ ഒരു പാരമ്പര്യം കേരളത്തിലെ കീഴാളചരിത്രത്തിനുണ്ട് . ഇതിനുദാഹരണമാണ് സാംസ്‌കാരികമായ അധീശത്വത്തിനെതിരായി ചെങ്ങന്നൂരാതി പാട്ടുകളില്‍ വര്‍ണ്ണിക്കുന്ന ഉല്പത്തി ചരിത്രം.
‘പൂവിങ്കത്തറവാടും പണ്ടില്ലാത്ത കാലം,
ഏഴല്ലോ മണിത്തുമ്പിമാരുമെളകിപ്പറന്നേ,
തിരുവാര്‍ക്കടലിന്റെ കന്നിമക്കോണില്‍
ഏഴുരുള മണ്ണെടുത്തേ മണിത്തുമ്പിമാര്
ഏഴുരുള മണ്ണെടുത്ത് പൂമിയും തോന്നി.
തിരുവാര്‍ക്കടലിന്റെ തെക്കുപടിഞ്ഞാറേ മൂലയില്‍നിന്ന് ഏഴുമണിത്തുമ്പികള്‍ ഇളകിപ്പറന്നു. ഏഴുരുള മണ്ണെടുത്ത് അവരുണ്ടാക്കിയതാണീ ഭൂമി . ബ്രാഹ്മണസ്വത്വത്താല്‍ നിര്‍മ്മിക്കപ്പെട്ട വര്‍ണാശ്രമധര്‍മത്തിന്റെ കേരളോല്പത്തിയില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും , മറ്റെല്ലാ സൃഷ്ടികളും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഉല്പത്തി ഇവിടെ നിര്‍മ്മിക്കപ്പെടുന്നു. ഇത് പാട്ടിലൂടെ നടത്തുന്ന ഒരു സാംസ്‌കാരിക പ്രതിരോധവും, വിപ്ലവുമാണ്. ചരിത്രത്തില്‍, അക്കാലത്തെ പാട്ട് സാഹിത്യത്തിലൂടെയുള്ള പ്രതിഷേധമായി എതിര്‍ത്തു നിന്ന ഇത് ഒരു സമാന്തര ദലിത് പ്രതിരോധത്തെ നമുക്ക് മുന്നില്‍ പ്രത്യക്ഷമാക്കുന്നു.
പതിനാലാം നൂറ്റാണ്ടിലെ പാച്ചല്ലൂര്‍ പതികം മുതല്‍ കാണുന്ന ഈ കീഴ്‌ത്തട്ട് പ്രതിരോധങ്ങള്‍ നവോത്ഥാനത്തിന് അകത്തേക്ക് വരുമ്പോള്‍ അത് ആധുനികമായതും ഉത്തരാധുനികമായതുമായ മൂല്യബോധ്യങ്ങള്‍ പേറിക്കൊണ്ടും, ശക്തമായ പ്രതിരോധങ്ങള്‍ സാമൂഹിക തിന്മകള്‍ക്ക് എതിരായി നടത്തിക്കൊണ്ടും വികസിക്കുന്നു. അത്തരത്തിലുള്ള പാട്ടുകളുടെ ഒരു കലവറയാണ് പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകള്‍. അവ ഒരേസമയം ജാതിയുടെയും ലിംഗവിവേചനങ്ങളുടെയും ക്രൂരതകളെ ചോദ്യം ചെയ്യുകയും, ചരിത്രപരമായ അദൃശ്യതയെ ചൂണ്ടികാണിക്കുകയും ചെയ്യുന്നു. അപ്പച്ചന്റെ പാട്ടുകളില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ആത്മീയതയെ വിഭാവനം ചെയ്യുന്നതിനോട് ഒപ്പം അവ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാവുന്ന രീതിയില്‍ ലളിതവും എന്നാല്‍ വിശകലനാത്മകവും ആയി അവതരിപ്പിക്കപ്പെടുന്നു. ഈ പാട്ടുകള്‍ ഒരു പുതു സ്വത്വത്തെക്കൂടി പൊതുമണ്ഡലത്തിലേക്ക് അവതരിപ്പിച്ചുകൊണ്ട് ആണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സാമൂഹികവും, സംസ്‌കാരികവുമായ ഒരു കലഹം ആ പാട്ടുകളില്‍ നിറയുന്നുണ്ട്. ഇത്തരം കലഹങ്ങള്‍ എന്നാല്‍ ഏതെങ്കിലും ഒരു അഭിപ്രായത്തെ ഉണര്‍ത്തിക്കുക എന്ന അര്‍ത്ഥത്തില്‍ അല്ല ഒരിക്കലും നിലനില്‍ക്കുന്നത്, മറിച്ച് അതൊരു സാമൂഹിക-മാനസിക ജനായത്തതെക്കൂടി കാംക്ഷിക്കുന്നുണ്ട്. അതാവട്ടെ കേരളത്തിന്റെ സാമൂഹിക മേല്‍-കീഴ് ക്രമങ്ങളെയൊക്കെ മറികടക്കുന്ന ഒരു പന്തിയെ പ്രത്യക്ഷത്തില്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ ഇത്തരത്തിലെ കാവ്യ-ഗാന പ്രതിരോധങ്ങളുടെ ഒരു വലിയ അപ്രത്യക്ഷത ഉണ്ടാവുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളുടെ ഇടത് ചായ് വുകള്‍ക്കുള്ളില്‍ ഉണ്ടായ ഒരു തരം നിശബ്ദത.
കേരളത്തിന്റെ സ്വാതന്ത്ര്യാനന്തര
നിശബ്ദതയും വേടനും
പത്തൊമ്പത് -ഇരുപത് നൂറ്റാണ്ടുകളിലെ സാമൂഹികബന്ധങ്ങളെ വിലയിരുത്തി, വ്യത്യസ്ത ബന്ധനങ്ങളെപ്പറ്റി സമൂഹത്തിലെ എല്ലാ തുറകളിലെ മനുഷ്യരോടും സംവദിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പൊയ്കയുടെ പാട്ടുകള്‍ ആഗോളപരമായ ഒരു സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള സ്വപ്‌നത്തിന്റെ വാമൊഴികളാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയ്ക്കുശേഷം സ്വാതന്ത്ര്യനന്തര ഇന്ത്യയില്‍ ഈ വാമൊഴി -വരമൊഴി ഗാനാത്മക സംവാദങ്ങളുടെ സ്വഭാവം മാറുകയും അത് കേരളത്തില്‍ എത്തുമ്പോള്‍ വ്യക്തമായും നിശബ്ദമാവുകയും ചെയ്തു.
ഇന്ത്യയിലെ മറ്റിടങ്ങളില്‍ പാട്ടിന്റെയും കാവ്യ സാഹിത്യത്തിന്റെയും രീതികളില്‍ മറ്റൊരു നിലയിലുള്ള പരിണാമമാണ് സംഭവിച്ചത്. എന്നാല്‍ കേരളത്തില്‍ എന്തായാലും മാറിയ സാമൂഹിക സാഹചര്യത്തില്‍ ജാതിയെ പറയേണ്ടതില്ലെന്ന സ്ഥിതിയാണ് വന്നത്. നമ്മള്‍ മുതലാളിത്ത സമൂഹമായി വികസിച്ചതിനാല്‍ വര്‍ഗ്ഗപരമായ സംസാരങ്ങള്‍ക്കാണ് ഇനി പ്രാധാന്യമെന്നും കരുതിയ മാര്‍ക്‌സിയന്‍ അവബോധത്തിന്റെ ഇടപെടലുകളും നവോത്ഥാനന്തരം മേല്‍കൈ നേടിയ ശൂദ്ര ബോധ്യങ്ങളുമാണ് കേരളത്തില്‍ ഇതിലേക്ക് വഴി തെളിച്ചു. രാജ്യാന്തരതലത്തില്‍ തന്നെ രൂപപ്പെട്ടു വന്ന മുതലാളിത്തം ജാതിയെ ഉപയോഗപ്പെടുത്തി പുതിയ ഘര്‍ഷണ ബിന്ദുക്കള്‍ (Friction Points) ഉണ്ടാക്കിയപ്പോളും ജാതിയെ പരിഗണിക്കാതെ സാമ്പത്തിക-തൊഴില്‍ വര്‍ഗ്ഗ സങ്കല്‍പ്പത്തില്‍ മാര്‍ക്‌സിയന്‍ ഇടതുപക്ഷം നിലകൊണ്ടു . എന്നാല്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മുതലാളിത്ത ആധുനീകരണം ഉണ്ടായിടത്ത് ഒക്കെയും ജാതി ബാഹ്യരൂപം മാറുന്നത് നമുക്ക് കാണാന്‍ സാധിക്കും . കേരളത്തില്‍ എന്തായാലും ഇത്തരമൊരു ബോധ്യം വാമൊഴി സംഗീതത്തിലൂടെയുള്ള ആ പ്രതിരോധത്തിന്റെ തുടര്‍ച്ചയെ താത്കാലികമായി ഒന്ന് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കേരളത്തില്‍ ദശാബ്ദങ്ങളോളം ബഹുജനസമൂഹത്തെ ആകെ മുഴുവന്‍ ഇളക്കാന്‍ സാധിക്കുന്ന ഒരു സംഗീത വിപ്ലവം ഉണ്ടായില്ല. സാഹിത്യത്തിനകത്ത് ജാതിയ്ക്കും അസമത്വങ്ങള്‍ക്കും എതിരെ പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും അത് മുന്‍കാലത്തെപോലെ വലിയൊരു മുന്നേറ്റത്തിലേക്ക് നയിക്കത്തക്ക സാധ്യത ഉള്ളവ ആയിരുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍ . ഇത്തരത്തില്‍ വളരെ അടുത്ത് പോലും നിലനിന്ന ഒരു സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിലാണ് ഹിരണ്‍ദാസ് മുരളി എന്ന ‘വേടന്റെ’ പാട്ടുകള്‍ മലയാളി- ജനസമൂഹത്തിനിടയിലേക്ക് വരുന്നത് . ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്ന, ആകര്‍ഷകമായൊരു സംഗീതരൂപം പൊയ്കയുടെ പാട്ടിന് ഉണ്ടായിരുന്നതുപോലെ ഹിപ്‌ഹോപ് എന്ന സംഗീതരൂപത്തിന്റെ ആകര്‍ഷകമായ സ്വഭാവമാണ് വേടന്റെ പാട്ടുകള്‍ക്ക് ഇത്തരമൊരു ദൃശ്യത നല്‍കുന്നത്.
കേരളത്തില്‍ കൃത്യമായി ഇടംപിടിക്കാത്ത, ഇതുവരെ കൃത്യമായി മലയാളികള്‍ മനസ്സിലാക്കാതെ ഒരു സംഗീതരൂപമാണ് ഹിപ്‌ഹോപ്. വരികള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുകയും, ഒപ്പം ഗ്രഫീറ്റികളിലൂടെ ദൃശ്യവല്‍ക്കരണം സമാനമായി നടത്തുകയും ചെയ്യുന്ന രീതിയുടെ പ്രത്യേകതയാണ്, സാമൂഹിക യഥാര്‍ഥ്യങ്ങളില്‍നിന്നും അന്യമായി നില്‍ക്കുന്ന ഇന്നത്തെ കാലത്തും ഹിപ്‌ഹോപിന്റെ ജനശ്രദ്ധയ്ക്ക് കാരണം. താരതമ്യേന കേരളത്തില്‍ ഈ പാട്ടുരൂപം കടന്നുവന്നിട്ടില്ലായിരുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഇവ ജനശ്രദ്ധ നേടി കഴിഞ്ഞിരുന്നു. 1990ങ്ങളില്‍ തന്നെ ഇന്ത്യയില്‍ ചുവടുറപ്പിച്ച ഹിപ്‌ഹോപും റാപ്പിംഗും എന്നാല്‍ സവര്‍ണ്ണ ഇടപെടലുകളാല്‍ തെറ്റായിട്ടാണ് ഇന്ത്യയില്‍ മനസ്സിലാക്കപ്പെട്ടതും, ഉപയോഗിക്കപ്പെട്ടതും. അവര്‍ ഹിപ്‌ഹോപിന്റെയും റാപ്പിന്റെയും ഭാവത്തെയും, പ്രയോജനത്തേയും നഷ്ടപ്പെടുത്തി . ജമൈക്കയുടെ റെഗ്ഗെ സംഗീതത്തിന് സമാനമായുള്ള ഹിപ്‌ഹോപ്പിന്റെ രാഷ്ട്രീയ സ്വഭാവം ഇന്ത്യയില്‍ രണ്ടായിരങ്ങള്‍ക്ക് ശേഷമെങ്കിലും വ്യക്തിഗതമായി പലരും പാടി ഉപയോഗിച്ച് തുടങ്ങിയെങ്കിലും അതിന് വ്യവസ്ഥാപിതമായ ഒരു സ്വഭാവം കൈവരുന്നത് ‘ജാതിയില്ലാ കൂട്ടം'(Casteless Collective) എന്ന പാട്ട് സംഘത്തിന്റെ വരവോട് കൂടി ആണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ കൂട്ടം നേടിയ രാജ്യശ്രദ്ധ ഹിപ്‌ഹോപിനെ മറ്റൊരു തലത്തില്‍ എത്തിച്ചു. വേടന്‍ എന്ന ഹിപ്‌ഹോപ് റാപ്പര്‍ക്ക് പിന്‍കാലത്ത് സ്‌പേസ് ലഭ്യമായതില്‍ ഇതിന് വലിയ പങ്കുണ്ട്. എന്നാല്‍ വേടന്റെ കാര്യത്തില്‍ അതിലും പ്രധാനപ്പെട്ട മറ്റൊരു കാരണം ഉള്ളത് ഭീംഗീതിനു സമാനമായുള്ള വേടന്റെ വരികളിലെ അവകാശസ്വഭാവവും, വിപ്ലവരൂപവുമാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു തരം സംവാദം.
(തുടരും)