കെ.ബാലകൃഷ്ണൻ: അവഗണിക്കപ്പെട്ട ജീനിയസ്
രാഷ്ട്രീയ പ്രവർത്തനം കൊണ്ടും, എഴുത്തുകൊണ്ടും, ചിന്തകൾ കൊണ്ടും ഒരു കാലഘട്ടത്തെ മുഴുവൻ ആവേശം കൊള്ളിച്ച ജീനിയസ്സായിരുന്നു കെ.ബാലകൃഷ്ണൻ. ആ ജീനിയസ്സിന്റെ വ്യക്തിപ്രഭാവത്തിൽനിന്ന് പുതിയ തലമുറയ്ക്കും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ടു തന്നെ, കെ.ബാലകൃഷ്ണന്റെ ദീപ്തസ്മരണകളുടെ പ്രകാശരേണുക്കൾ കൂടുതൽ ഭാസുരമായി വരുംകാലങ്ങളിൽ വിളങ്ങാൻ സാംസ്ക്കാരിക വകുപ്പ് സൗകര്യമൊരുക്കണം
‘എന്തുകൊണ്ട് രാഷ്ട്രീയക്കാരനായി എന്ന് ഇന്നെന്നോട് ചോദിച്ചാലും ഉത്തരം പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇത് ഞാൻ പറയുന്നതിന് ഒരേ ഒരു കാരണമായി എന്റെ മനസിൽ തോന്നുന്നത് മനുഷ്യൻ അവന്റെ സൃഷ്ടിയല്ലെന്നും മനുഷ്യൻ പരിതസ്ഥിതികളുടെ സൃഷ്ടിയാണെന്നുമാണ്. പരിതസ്ഥിതികൾ അവനിലേക്ക് പകർന്നു കൊടുക്കുന്ന ചേതനകളോ ഭാവങ്ങളോ അവന്റെ രൂപത്തിൽ പുതിയ പുതിയ ആവിഷ്ക്കാരങ്ങൾ നടത്തുന്നു. ആ ആവിഷ്ക്കാരങ്ങളുടെ സമുച്ചയമായ സംഗീതമാണ് ജീവിതത്തിന്റെ നിതാന്തമായ യാത്ര .ആ യാത്രയിൽ ഏതേത് കോണുകളിലൂടെയാണ്, എതേത് വഴികളിലൂടെയാണ് ,ഏതേത് മാർഗങ്ങളിലൂടെയാണ് എന്തിനു വേണ്ടിയാണ് പോയത് എന്നൊക്കെ ചോദിച്ചാൽ പോലും ഒരു ഉത്തരം പറയാൻ എനിക്കു കഴിയില്ല.ജീവിതം ബഹുമുഖമാണ്. ‘– മരിക്കുന്നതിനു ഏതാനും മാസം മുമ്പ് ആകാശവാണി നടത്തിയ ഒരു ശബ്ദ ലേഖനത്തിൽ കെ.ബാലകൃഷ്ണൻ ഇങ്ങനെ പറയുകയുണ്ടായി.അദ്ദേഹം പറഞ്ഞതുപോലെതന്നെ ബഹുമുഖ വ്യക്തിത്വമായിരുന്നു കെ.ബാലകൃഷ്ണന്റേത്.
മാദ്ധ്യമ പ്രവർത്തനം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടത്തിൽ ,കെ.ബാലകൃഷ്ണനെന്ന ധീരനും പ്രതിഭാശാലിയുമായ പത്രാധിപരെ അനുസ്മരിക്കുകയെന്നതു തന്നെ ഈ പ്രൊഫഷനിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന ഓരോരുത്തർക്കും ആവേശവും ആത്മവിശ്വാസവും പകരുന്നതാണ്.എന്നാൽ കെ.ബാലകൃഷ്ണനെ പത്രാധിപർ എന്ന കള്ളിയിൽ മാത്രം ഒതുക്കാൻ കഴിയുകയുമില്ല.ഇംഗ്ലീഷ് ഭാഷയ്ക്ക് ആദ്യമായി ഒരു നിഘണ്ടു തയ്യാറാക്കുകയും, സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ കഴിവുകൾ തെളിയിക്കുകയും ചെയ്ത ഡോ.സാമുവൽ ജോൺസനെക്കുറിച്ച് ജീവചരിത്രകാരനായ ജെയിംസ് ബോസ്‌വെൽ പറഞ്ഞിട്ടുള്ളത് ‘സാഹിത്യത്തിൽ അദ്ദേഹം കൈവയ്ക്കാത്ത ഒരു മേഖലയുമില്ല. കൈവച്ച ഒരു മേഖലയിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിക്കാതെയും ഇരുന്നിട്ടില്ല ” എന്നായിരുന്നു.
കെ. ബാലകൃഷ്ണന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ, സമാനമായ രേഖപ്പെടുത്തൽ നടത്തുന്നതിൽ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. അത്രയേറെ വിപുലവും വൈവിദ്ധ്യം നിറഞ്ഞതുമാണ് അദ്ദേഹത്തിന്റെ കർമ്മകാണ്ഡം. വ്യാപരിച്ച എല്ലാ മേഖലകളിലും, തന്റെ ധൈഷണികതയുടെ പ്രഭാപൂരം ചൊരിഞ്ഞു അദ്ദേഹം. കെ.ബാലകൃഷ്ണൻ വിടപറഞ്ഞിട്ട് 39വർഷം പിന്നിട്ടു. അദ്ദേഹത്തിന്റെ ഓർമ്മകളും ഉജ്ജലമായ പ്രവർത്തനങ്ങളും മലയാളികളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുകയാണെന്ന് ഉറപ്പിച്ചു പറയാൻ ഇന്നു കഴിയുമോയെന്ന് ചോദിച്ചാൽ ഉത്തരം പറയുക എളുപ്പമല്ല.മറുപടി മൗനമായിരിക്കും.കാരണം ഓർമ്മ നിലനിറുത്തേണ്ട ഉത്തരവാദിത്തം വഹിക്കുന്നവർ അതിനുള്ള നടപടികൾ കൈക്കൊള്ളുന്നില്ലെന്നതു തന്നെ .ബാലകൃഷ്ണന്റെ ബുദ്ധി വൈഭവവും ,ചിന്തയും പ്രവർത്തനവും മലയാളികളുടെ ധിഷണയിൽ ചെലുത്തിയ സ്വാധീനത്തെ കൃത്യമായി അടയാളപ്പെടുത്താൻ ബാലകൃഷ്ണന്റെ തലോടൽ ഏറ്റുവാങ്ങിയവർപോലും തയ്യാറായില്ല. അദ്ദേഹം പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടി പലപ്പോഴും ഭരണത്തിൽ വന്നെങ്കിലും ഉചിതമായ ഒരു സ്മാരകത്തിന് പോലും മുതിർന്നില്ലെന്നത് ബാലകൃഷ്ണനെ ആരാധനയോടെ സ്മരിക്കുന്നവരെയെല്ലാം ഒരുപോലെ വേദനിപ്പിക്കുന്നതാണ്.ആ അർത്ഥത്തിൽ ഇന്ന് കെ.ബാലകൃഷ്ണനെ സ്മരിക്കുമ്പോൾ അവഗണിക്കപ്പെട്ട ജീനിയസ് എന്നേ ഖേദപൂർവ്വം വിശേഷിപ്പിക്കാൻ കഴിയുകയുള്ളു.
രാഷ്ട്രീയനേതാവ്, പ്രസാധകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്, എഡിറ്റർ എന്നിങ്ങനെധൈഷണികത ഏറെ ആവശ്യപ്പെടുന്ന മേഖലകളിലായിരുന്നു അദ്ദേഹം വ്യാപരിച്ചത്. അവിടങ്ങളിൽ ഓരോയിടത്തും, അദ്ദേഹം നടത്തിയ ഇടപെടലുകളും, ചെയ്ത കാര്യങ്ങളും അതാതിടങ്ങളിൽ വ്യതിരിക്തവും ശ്രദ്ധേയവുമായിരുന്നു. 60 വയസ്സു പോലും പ്രായമെത്തുന്നതിന് മുമ്പാണ് അദ്ദേഹത്തിന് ഈ ലോകത്തോട് വിടപറയേണ്ടി വന്നത്. എന്നാൽ, ജീവിച്ച കാലയളവിന്റെ ദൈർഘ്യമല്ല, ചെയ്ത കാര്യങ്ങളുടെ പ്രസക്തിയും, സാമൂഹ്യജീവിതത്തിൽ നടത്തിയ ഇടപെടലുകളിലെ ആഴവുമാണ് കെ.ബാലകൃഷ്ണൻ എന്ന രാഷ്ട്രീയ നേതാവിനെയും എഴുത്തുകാരനെയും പ്രസക്തനാക്കുന്നത്.
രാഷ്ട്രീയത്തിന്റെയും, എഴുത്തിന്റെയും, പത്രപ്രവർത്തനത്തിന്റെയും പ്രതിഭാവിലാസം കെ.ബാലകൃഷ്ണന്റെ ജീനിൽ ത ന്നെ ഉൾച്ചേർന്നതായിരുന്നു. തിരു-കൊച്ചി മുഖ്യമന്ത്രിയും, സ്റ്റേറ്റ് കോൺഗ്രസ് നേതാവുമായിരുന്ന സി.കേശവന്റെ പുത്രനായ ബാലകൃഷ്ണന് രാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകൾ നിർദ്ധാരണം ചെയ്യാൻ ലഭിച്ച സിദ്ധിവിശേഷം സ്വാഭാവികമാണല്ലോ. രാഷ്ട്രീയത്തിൽ ധീരനായ അച്ഛന് പോന്ന മകൻ തന്നെയായിരുന്നു ബാലകൃഷ്ണൻ.മുത്തച്ഛനാകട്ടെ, പത്രാധിപൻമാരിലെയും, എഴുത്തുകാരിലെയും കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന സാക്ഷാൽ സി.വി.കുഞ്ഞുരാമൻ. പോരാത്തതിന് പത്രാധിപർ കെ.സുകുമാരന്റെ ഭാഗിനേയനും. അക്ഷരങ്ങൾകൊണ്ടും, എഴുത്തുകൊണ്ടും കേരളചരിത്രത്തിലും സാഹിത്യത്തിലും സ്വന്തം ചാല് സൃഷ്ടിച്ച സി.വി.കുഞ്ഞുരാമന്റെ ചെറുമകന് എഴുത്തിന്റെയും, സാഹിത്യത്തിന്റെയും ഊർജ്ജപ്രഭാവം സ്വന്തമായത് സ്വാഭാവികമാണല്ലോ.
രാഷ്ട്രീയപ്രവർത്തനവും, പത്രപ്രവർത്തനവും എഴുത്തുമൊക്കെ അദ്ദേഹത്തിന് കേവലമായ തൊഴിൽമേഖലയോ, ജീവനോപാധിയോ, ഹോബിയോ ഒന്നുമായിരുന്നില്ല. തന്റെ കാലഘട്ടത്തിന്റെ ജീവിത സമസ്യകളും സംഘർഷങ്ങളും പരിഹരിക്കാനുള്ള അർത്ഥപൂർണ്ണമായ ഇടപെടലുകളായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പുള്ള കാലത്തായിരുന്നു അദ്ദേഹത്തിന്റെ യൗവ്വനതീഷ്ണമായ ജീവിതം അരങ്ങേറിയത്. ബ്രിട്ടീഷ് ഭരണത്തിനും, രാജവാഴ്ചയ്ക്കുമെതിരെയുള്ള ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ കൊണ്ട് പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അത്. വരുംവരായ്കകൾ ഒന്നും ആലോചിക്കാതെ, അത്തരം പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തുചാടുകയാണ് ബാലകൃഷ്ണൻ ചെയ്തത്. സ്വാതന്ത്ര്യ സമരത്തിന്റെ ഇത്തരം പ്രക്ഷോഭങ്ങളിൽ സജീവമായതിനെ തുടർന്ന്, നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും, ജയിൽവാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ തലമുറയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ഏറ്റവും ദീപ്തമായ ഓർമ്മകളിൽ ഒന്നിന്റെ പേരു കൂടിയാണ് കെ.ബാലകൃഷ്ണൻ. സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മാനവികതയെക്കുറിച്ചും ഒക്കെയുള്ള അദമ്യമായ മൂല്യവിചാരങ്ങളായിരുന്നു കെ.ബാലകൃഷ്ണനെപ്പോലുള്ളവരെ പ്രക്ഷോഭങ്ങളിലേക്ക് ആനയിച്ചത്.
രാഷ്ട്രീയത്തിൽ തന്റെ വഴി ഏതായിരിക്കണമെന്ന് കെ.ബാലകൃഷ്ണൻ സ്വയം ചിന്തിച്ചു തീരുമാനിക്കുകയായിരുന്നു. അച്ഛന്റെ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പാതയല്ല തന്റെ പോരാട്ടങ്ങൾക്ക് യോജിച്ചത് എന്നു ബാലകൃഷ്ണന് നല്ല തിട്ടമായിരുന്നു. അതുകൊണ്ട്, അദ്ദേഹം മാർക്‌സിസത്തിന്റെ ധാരയോട് ചേർന്നുനിന്നു. എന്നാൽ, മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് തത്വശാസ്ത്രത്തിന്റെ പേരിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം പോകാൻ തയ്യാറായിരുന്നുമില്ല. അവിടെയും അദ്ദേഹം സ്വന്തം പാത വെട്ടിത്തുറന്നു. അങ്ങനെ, കെ.എസ്.പി യുടേയും പിന്നീട് ആർ. എസ്.പി യുടേയും നേതാവായി മാറി. അച്ഛന്റെ രാഷ്ട്രീയത്തിന്റെ നേരേ വിപരീതദിശയിൽ സഞ്ചരിച്ചു. സി.കേശവന്റെ വീട്ടിൽ, സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രാഷ്ട്രീയ ചർച്ചകൾ തകൃതിയായി നടക്കുമ്പോൾ, വീടിന്റെ മച്ചിൻപുറത്ത് ഒളിച്ചിരുന്ന് ആ രാഷ്ട്രീയ ചർച്ചകളിലെ രഹസ്യങ്ങൾ ചോർത്തിയെടുത്ത സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ കെ.ബാലകൃഷ്ണനെകുറിച്ച് പണ്ടുള്ള ചില നേതാക്കൾ പറഞ്ഞിട്ടുണ്ട്.
ഇതേ ആത്മബലം കൊണ്ടു തന്നെയാണ് കെ.ബാലകൃഷ്ണൻ സാക്ഷാൽ ഇ.എം.എസ്സിനെ പോലും വെല്ലുവിളിക്കാൻ തയ്യാറായത്. മാർക്‌സിസവുമായി ഏറ്റവും അടുത്തു നിൽക്കുന്നത്, കെ.എസ്.പി ആണോ കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ എന്നതായിരുന്നു തർക്കവിഷയം. കെ.എസ്.പി യുടെ നയപ്രഖ്യാപനത്തെ വിമർശിച്ച്, ഇ.എം.എസ് ‘കമ്മ്യൂണിസ്റ്റിൽ മൂന്ന് ലേഖനങ്ങൾ എഴുതിയിരുന്നു. ഇതിന് കെ.ബാലകൃഷ്ണൻ മറുപടി പറഞ്ഞത് കോഴിക്കോട് സംഘടിപ്പിച്ച ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടായിരുന്നു. കെ.എസ്.പി അല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് മാർക്‌സിസത്തിൽ നിന്ന് അകന്നതെന്നായിരുന്നു അന്ന് പ്രസംഗവേദിയിൽ കെ.ബാലകൃഷ്ണൻ വാദിച്ചത്. ഇതു ഖണ്ഡിക്കാൻ ഇ.എം.എസ്, പ്രസംഗമണ്ഡപത്തിൽ കയറാൻ തയ്യാറാണോ എന്നും കെ.ബാലകൃഷ്ണൻ വെല്ലുവിളി സ്വരത്തിൽ പ്രസംഗിക്കുകയുണ്ടായി. ചില നിബന്ധനകളിൽ വാദപ്രതിവാദം നടത്താൻ, താൻ തയ്യാറാണെന്നാണ് ഇതിന് ഇ.എം.എസ് നൽകിയ മറുപടി . ഇക്കാര്യം ഇ.എം.എസ് തന്നെ അദ്ദേഹത്തിന്റെ സമ്പൂർണ്ണകൃതികളുടെ എട്ടാം സഞ്ചികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വാദപ്രതിവാദത്തിൽ ആരു ജയിച്ചു, ആരു തോറ്റു എന്നതിനപ്പുറം, ഇ.എം.എസ്സിനെപ്പോലുള്ള ഒരു രാഷ്ട്രീയ ചിന്തകനെ പരസ്യമായി വെല്ലുവിളിക്കാൻ കാണിച്ച ധീരതയാണ് കെ.ബാലകൃഷ്ണനെ സാധാരണ രാഷ്ട്രീയക്കാരിൽ നിന്നും ചിന്തകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
തിരു-കൊച്ചി നിയമസഭയിലെ, എം.എൽ.എ ആയും (1954) അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള എം.പി ആയും (1971), പാർലമെന്ററി രംഗത്തെ ഇടപെടലുകൾ അദ്ദേഹം സാർത്ഥകമാക്കി. രാഷ്ട്രീയരംഗത്തെ ഈ ധീരതയുടെ എക്‌സറ്റൻഷനായിരുന്നു കൗമുദി വാരികയുടെ പ്രസാധകനും, പത്രാധിപരും എന്ന നിലയിൽ അദ്ദേഹം കാഴ്‌ചവച്ചത്. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിന് കീഴിൽ പ്രസിദ്ധീകരിച്ച കൗമുദി വാരിക അക്കാലത്തെ രാഷ്ട്രീയ-സാഹിത്യ ചലനങ്ങളുടെ നേർക്കാഴ്ച്ച കൊണ്ട് സമ്പന്നമായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലേയും, മലയാള സാഹിത്യ മാസികകളുടേയും ചരിത്രത്തിലെ തേജോമയമായ ഒരദ്ധ്യായം കൂടിയായിരുന്നു കൗമുദി വാരികയുടെ പ്രസിദ്ധീകരണം. ‘പത്രാധിപരോട് ചോദിക്കുക” എന്ന പംക്തി കൗമുദി വാരികയിലെ ശ്രദ്ധേയമായ ഒരു കോളമായിരുന്നു. സൂര്യനു താഴെയുള്ള എന്തിനെപ്പറ്റിയും പത്രാധിപരോട് വായനക്കാർക്ക് ചോദിക്കാം എന്നതായിരുന്നു ഈ പംക്തിയുടെ സവിശേഷത. രാഷ്ട്രീയവും, സംസ്‌കാരവും സാഹിത്യവും ഉൾപ്പെടെയുള്ള ഏതു മേഖലയിലെയും, ഏതു ചലനത്തെപ്പറ്റിയും ആധികാരികതയോടെ, മറുപടി പറയാൻ കഴിയുന്ന മനീഷി കൂടിയായിരുന്നു കെ.ബാലകൃഷ്ണൻ എന്നാണ് ഇതു തെളിയിക്കുന്നത്.
ഇന്ന് പല രാഷ്ട്രീയ നേതാക്കളും മാദ്ധ്യമ പ്രവർത്തകരെ വിമർശിച്ചുകൊണ്ട് പറയുന്ന ഒരു കാര്യം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പോലെ മാദ്ധ്യമ പ്രവർത്തനം നടത്താൻ കഴിവുള്ള എത്രപേർ ഇന്നത്തെ തലമുറയിൽ ഉണ്ടെന്നാണ്.പത്രപ്രവർത്തനത്തിന്റെ കുലഗുരു സ്ഥാനം രാമകൃഷ്ണപിള്ളയുടെ മേൽ ചാർത്തിക്കൊടുക്കുന്നവർ അദ്ദേഹം എന്ത് സന്ദേശമാണ് നാട്ടിലെ പൊതു സമൂഹത്തിനു തന്റെ പത്രപ്രവർത്തനത്തിലൂടെ നൽകിയതെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?ചരിത്രം മനസിലാക്കിയാണോ അങ്ങനെ പറയുന്നത്.സമൂഹത്തിന്റെ പുരോഗതിയെ ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട ഉത്തരവാദിത്തമാണ് ഒരു മാദ്ധ്യമ പ്രവർത്തകന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട യോഗ്യത.എന്നാൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അങ്ങനെയുള്ള ഒരാളായിരുന്നോ?ഒരിക്കലും ആയിരുന്നില്ല.വ്യക്തി വിദ്വേഷത്തിൽ നിന്ന് ഉടലെടുത്ത ഇഷ്ടാനിഷ്ടങ്ങൾ വിളമ്പിക്കൊണ്ടിരുന്ന ഒരു സാധാരണ പത്രാധിപർ മാത്രമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.
പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ രാമചന്ദ്രൻ എഴുതി എൻ.ബി.എസ്. പ്രസിദ്ധീകരിച്ച ‘ സ്വദേശാഭിമാനി ക്ളാവു പിടിച്ച കാപട്യം’ എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു.’ സാധുജന പരിപാലനസംഘം രൂപവൽക്കരിച്ച ശേഷം അയ്യൻകാളിയും നേതാക്കളായ ഗോപാലദാസൻ,കുറുമ്പൻ,ദൈവത്താൻ ,വെള്ളിക്കര ചോതി,വിശാഖൻ തേവൻ,തിരുവാർപ്പ് കുട്ടൻ തുടങ്ങിയവരും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ദളിതർക്ക് സ്കൂൾ പ്രവേശനം അനുവദിച്ച് 1907 ജൂണിൽ സർക്കാർ ഉത്തരവുണ്ടായത്.ദിവാൻ എസ്.രാജഗോപാലാചാരി പ്രത്യേക താത്പ്പര്യമെടുത്താണ് ഉത്തരവിറക്കിയതെങ്കിലും അത് നടപ്പിൽ വരുന്നതിനു മുമ്പെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു.ഉത്തരവ് ഉദ്യോഗസ്ഥർ നടപ്പാക്കിയതുമില്ല. സാധുജനപരിപാലനസംഘം കുട്ടികളുമായി പല സ്കൂളുകളിലും പോയെങ്കിലും പ്രവേശനം കിട്ടിയില്ല.തുടർന്ന് ദിവാനായ പി.രാജഗോപാലാചാരിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന മിച്ചലും ചേർന്ന് ദളിതർക്ക് സ്കൂൾ പ്രവേശനം അനുവദിച്ചുകൊണ്ട് 1910 ൽ പുതിയൊരു ഉത്തരവിറക്കി.ഒരു സംഘം സവർണ്ണർക്ക് ഇത് സുഖിച്ചില്ല.ആ സംഘത്തിന്റെ ജാതിസ്പർദ്ധയുടെ പ്രതീകമാണ് ഊരൂട്ടമ്പലം സ്കൂളിന്റെ ഉടമയായിരുന്ന കൊച്ചപ്പിപ്പിള്ള.
പഞ്ചമി എന്ന ദളിത് പെൺകുട്ടിയെയും കൂട്ടി സർക്കാർ ഉത്തരവിന്റെ ഉറപ്പിൽ ഊരൂട്ടമ്പലം സ്കൂളിലെത്തിയ അയ്യൻകാളിക്കും സംഘത്തിനും പ്രതീക്ഷിച്ച സ്വീകരണം തന്നെയാണ് കിട്ടിയത്.ദളിതരെ സവർണർ ആക്രമിച്ചെങ്കിലും ദളിതർ ചെറുത്തുനിന്നു.സന്ധ്യവരെ അടി നടന്നു .കുടിലുകളും വീടുകളും കത്തി.പഞ്ചമി കയറി ‘ അശുദ്ധമാക്കിയ ‘ സ്കൂൾ വേണ്ടെന്നുതീരുമാനിച്ച കൊച്ചപ്പിപ്പിള്ള അന്നുരാത്രി തന്നെ സ്വന്തം സ്കൂൾ തീവച്ചു കൃതാർത്ഥനായി.
ദളിതർക്ക് സ്കൂൾ പ്രവേശനം അനുവദിച്ച 1910 ലെ ഉത്തരവിനെ വിമർശിച്ച് രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയിൽ മൂന്നു മുഖപ്രസംഗങ്ങൾ എഴുതി.എല്ലാറ്റിന്റെയും ഉള്ളടക്കം ദളിത് വിദ്യാർത്ഥികളെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നൽകി സവർണ വിദ്യാർത്ഥികൾക്കൊപ്പം ഇരുത്തരുത് എന്നതായിരുന്നു.രാമകൃഷ്ണപിള്ള 1910 മാർച്ച് രണ്ടിന് എഴുതിയ മുഖപ്രസംഗത്തിൽ നിന്ന്:–‘ ആചാരാദികാര്യങ്ങളിൽ സമത്വം അനുഭവപ്പെടണമെന്നു വാദിക്കുന്നവർ ആ ഒരു സംഗതിയെ ആധാരമാക്കിക്കൊണ്ട് പാഠശാലകളിൽ കുട്ടികളെ അവരുടെ വർഗീയ യോഗ്യതകളെ വകതിരിക്കാതെ നിർഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്നു ശഠിക്കുന്നതിനെ അനുകൂലിക്കാൻ ഞങ്ങൾ യുക്തി കാണുന്നില്ല….എത്രയോ തലമുറകളായി ബുദ്ധിയെ കൃഷി ചെയ്തു വന്നിട്ടുള്ള ജാതിക്കാരെയും അതിനേക്കാൾ എത്രയോ തലമുറകളായി നിലം കൃഷിചെയ്തു വന്നിട്ടുള്ള ജാതിക്കാരെയും തമ്മിൽ ഒന്നായി ചേർക്കുന്നത് കുതിരയേയും പോത്തിനേയും ഒരേ നുകത്തിൽ കെട്ടുകയാകുന്നു.’
നിലം കൃഷി ചെയ്ത ദളിതൻ പോത്ത്,ബുദ്ധി കൃഷി ചെയ്ത സവർണൻ കുതിര.ഇതാണ് രാമകൃഷ്ണപിള്ളയുടെ കാഴ്ച മാത്രമൊ കുട്ടികളെ അവരുടെ വർഗീയയോഗ്യതകൾക്കനുസരിച്ചു തരം തിരിക്കുകയും വേണം .ഇതാണ് രാമകൃഷ്ണപിള്ളയുടെ മാർക്സിസം.’ രാമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. ആ രാമകൃഷ്ണപിള്ളയെയാണ് ഇന്ന് ഇടതുപക്ഷമടക്കം ഉയർത്തിക്കാട്ടുന്നത്. കെ.ബാലകൃഷ്ണനോ ബോധപൂർവ്വം തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു.
സാഹിത്യരംഗത്ത് ബാലകൃഷ്ണന്റെ സംഭാവന നിസ്തുലമായിരുന്നു. പദ്മരാജൻ,എം.സുകുമാരൻ,എം,കൃഷ്ണൻനായർ തുടങ്ങി എത്രയോ എഴുത്തുകാരെ ബാലകൃഷ്ണൻ കൈപിടിച്ചുയർത്തിയിരിക്കുന്നു.’നനഞ്ഞു പോയി എങ്കിലും ജ്വാല” എന്ന ബാലകൃഷ്ണന്റെ ആത്മകഥ, പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വ്യതിരിക്തമാണ്. ‘സഹ്യാദ്രി സാനുക്കളിൽ” എന്ന പേരിൽ കെ.ബാലകൃഷ്ണൻ എഴുതിയ യാത്രാവിവരണ ഗ്രന്ഥവും വായനക്കാർക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്നതാണ്. ഇങ്ങനെ, രാഷ്ട്രീയ പ്രവർത്തനം കൊണ്ടും, എഴുത്തുകൊണ്ടും, ചിന്തകൾ കൊണ്ടും ഒരു കാലഘട്ടത്തെ മുഴുവൻ ആവേശം കൊള്ളിച്ച ജീനിയസ്സായിരുന്നു കെ.ബാലകൃഷ്ണൻ. ആ ജീനിയസ്സിന്റെ വ്യക്തിപ്രഭാവത്തിൽനിന്ന് പുതിയ തലമുറയ്ക്കും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ടു തന്നെ, കെ.ബാലകൃഷ്ണന്റെ ദീപ്തസ്മരണകളുടെ പ്രകാശരേണുക്കൾ കൂടുതൽ ഭാസുരമായി വരുംകാലങ്ങളിൽ വിളങ്ങാൻ സാംസ്ക്കാരിക വകുപ്പ് സൗകര്യമൊരുക്കണം.
ഒരിക്കൽ ഐ.എൻ.എ സമരനായിക ക്യാപ്ടൻ ലക്ഷ്മി തിരുവനന്തപുരത്ത് വന്ന വേളയിൽ ഈ ലേഖകൻ അവരുമായി അഭിമുഖം നടത്തിയിരുന്നു.അവർ ചോദിച്ചു കെ.ബാലകൃഷ്ണന്റെ സ്മാരക കേന്ദ്രം എവിടെയാണ്.?ഒന്നു സന്ദർശിച്ചാൽ കൊള്ളാമെന്ന്.അങ്ങനെയൊന്നില്ലെന്നു പറഞ്ഞപ്പോൾ ക്യാപ്ടൻ ലക്ഷ്മി ചോദിച്ചത് ബാലകൃഷ്ണനെപ്പോലൊരു ജീനിയസിനെ കേരളം മറന്നോയെന്നായിരുന്നു.ബാലകൃഷ്ണന്റെ ബൗദ്ധികമായ ഒൗന്നത്യത്തെക്കുറിച്ച് അന്നവർ വാതോരാതെ സംസാരിച്ചത് ഇന്നുമോർക്കുന്നു.എന്തുകൊണ്ട് ബാലകൃഷ്ണന്റെ പേരിലൊരു പഠനകേന്ദ്രം ഉണ്ടായില്ല. അദ്ദേഹത്തെക്കുറിച്ച് മനസിലാക്കാൻ പുതുതലമുറയ്ക്കു അവസരം ഒരുക്കിയില്ല.
കെ.ബാലകൃഷ്ണൻ സ്ഥാപിച്ച തിരുവനന്തപുരത്തെ പേട്ട യംഗ്സ്റ്റേഴ്സ് ക്ളബ്ബിൽ എല്ലാവർഷവും അനുസ്മരണ സമ്മേളനം നടക്കാറുണ്ട്. ഈ സ്ഥാപനവും അതിനു സമീപത്തെ ചിൽഡ്രൻസ് പാർക്കും മാത്രമാണ് കെ.ബാലകൃഷ്ണനുള്ള സ്മാരകങ്ങൾ. അതു മതിയോ?ഇനിയും വൈകിക്കൂടാ.കെ.ബാലകൃഷ്ണൻ ഇനിയും അവഗണിക്കപ്പെട്ടുകൂട.