നിയമങ്ങൾ മതത്തിന് അതീതമാകണം

ഏകീകൃത സിവിൽ കോഡ് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി മാറുന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയമായ കളമൊരുക്കങ്ങൾ നടത്തുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഛിന്നഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന പ്രതിപക്ഷ കക്ഷികളും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലിൽ ഏകീകൃത സിവിൽ കോഡിന്റെ കാര്യം പരാമർശിച്ചതോടെയാണ് വൈക്കോൽ കൂനയ്ക്ക് തീപിടിച്ച പോലെ ഇക്കാര്യം കത്തിപ്പടരുന്നത്.

വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നിവയുൾപ്പെടെയുള്ള വ്യക്തിനിയമങ്ങൾ മതാടിസ്ഥാനത്തിലാണ് ഇപ്പോൾ നടപ്പാക്കുന്നത്. വ്യക്തി നിയമങ്ങളും മതത്തിനതീതമാക്കാനുള്ളതാണ് ഏകീകൃത സിവിൽ കോഡ്. ഭരണഘടനയുടെ 44ാം അനുച്ഛേദത്തിൽ നിർദ്ദേശക തത്വങ്ങളിലൊന്നായി രാജ്യത്തെ ജനങ്ങൾക്ക് ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കണമെന്ന് പറയുന്നുണ്ട്. പതിറ്റാണ്ടുകളായി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണിത്. 22ാമത് ലോ കമ്മീഷൻ ഇതു സംബന്ധിച്ച അഭിപ്രായങ്ങളും ശുപാർശകളും സ്വീകരിക്കാനും ആരംഭിച്ചുകഴിഞ്ഞു . അധികം വൈകാതെ തന്നെ നിയമനിർമ്മാണം പ്രതീക്ഷിക്കുകയും ചെയ്യാം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ പ്രശ്നം സജീവമാക്കി നിലനിറുത്തേണ്ടത് എല്ലാ രാഷ്ട്രീയകക്ഷികളുടെയും ആവശ്യമാണ്. വോട്ടുതന്നെയാണ് ലക്ഷ്യം.

ഏകീകൃത സിവിൽ കോഡിനെതിരെ ശക്തമായി രംഗത്തുള്ളത് മുസ്ളീം ജനവിഭാഗത്തിലെ ഒരു വിഭാഗമാണ്. നിയമം നടപ്പാക്കിയാൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിൽ മുസ്ളീം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾക്ക് അറുതിയാകും.

ഈ വിവേചനങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് ഒട്ടേറെ കേസുകളും ഉത്ഭവിച്ചിട്ടുണ്ട്. ഭർത്താവ് ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന സുപ്രീം കോടതി വിധിക്ക് ആധാരമായ പ്രശസ്തമായ ഷാബാനു കേസും 2017ലെ മുത്തലാക്ക് നിരോധന വിധിയും അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. പിന്തുടർച്ചാവകാശം സംബന്ധിച്ച് മലയാളിയായ മേരി റോയി സുപ്രീം കോടതിയിൽ നിന്ന് നേടിയെടുത്ത തുല്യാവകാശ വിധി ക്രിസ്ത്യൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. എന്നാൽ ഷാബാനു കേസിൽ ഷാബാനുവിന് അനുകൂലമായ വിധി മറികടക്കാൻ രാജീവ്ഗാന്ധി സർക്കാർ നിയമനിർമ്മാണം നടത്തി.

കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടവയാണ് നിയമങ്ങൾ. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഹൈന്ദവ മതത്തിലെ അനാചാരങ്ങൾ ശ്രീനാരായണ ഗുരുദേവനെ പോലുള്ള നവോത്ഥാന നായകരുടെ പോരാട്ടങ്ങളിലൂടെയും നിയമ നിർമ്മാണങ്ങളിലൂടെയുമാണ് അവസാനിപ്പിച്ചത്. മത, ജാതി, ലിംഗ വിവേചനപരമായ ഒരു നിയമവും മനുഷ്യന്റെ അന്തസിന് യോജിച്ചതല്ല. പരിഷ്കൃതസമൂഹം അത് അംഗീകരിക്കുന്നുമില്ല. ഒരേ രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കുള്ള വ്യത്യസ്ത നിയമങ്ങൾ മാറ്റപ്പെടേണ്ടതു തന്നെയാണ്. എങ്കിലും ഭരണഘടനാ ശില്പിയായ ഡോ.ബാബാ സാഹിബ് അംബേദ്കറിന് പോലും സമ്മർദ്ദശക്തികൾക്ക് മുന്നിൽ കീഴടങ്ങി ഏക സിവിൽ കോഡ് നടപ്പാക്കാതെ പിൻവാങ്ങേണ്ടിവന്നു.

നിയമങ്ങൾ മതേതരമായിരുന്നാലേ മതേതര രാജ്യത്തിന് അർത്ഥമുള്ളൂ. മതവും വിശ്വാസവും വ്യക്തികേന്ദ്രീകൃതമാണ്. ഒരേ മതത്തിലള്ളവർ തന്നെ മതശാസനകൾ പലരീതിയിലാണ് പിന്തുടരുന്നത്. നിയമം നടപ്പാക്കൽ സങ്കീർണമാക്കാനും വിവേചനപരമാക്കാനും മാത്രമേ വ്യക്തിനിയമങ്ങൾ വഴിയൊരുക്കിയിട്ടുള്ളൂ. സ്ത്രീകളാണ് വ്യക്തിനിയമങ്ങളുടെ പ്രധാന ഇരകൾ. ക്രിമിനൽ, വസ്തുകൈമാറ്റം, തുടങ്ങിയ നിയമങ്ങൾ മതേതരമാകാം എന്നുണ്ടെങ്കിൽ വ്യക്തിനിയമങ്ങളും അങ്ങിനെയാകണം. രാഷ്ട്രീയത്തിനും മതതാത്പര്യങ്ങൾക്കുമപ്പുറം ജനതാത്പര്യം മാത്രമാണ് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടത്.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നും പറയുന്നവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പലതാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളവരുടെ കെണികളിൽ അകപ്പെടാതെ പ്രായോഗികമായ സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കാൻ എല്ലാ മതവിഭാഗങ്ങളും തയ്യാറാകണം. മലയാളികൾക്ക് ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാടുകൾ സ്വീകരിക്കാനാകും. രാജ്യത്തിന് മാതൃകയായ ഒട്ടേറെ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് വേദിയായ മണ്ണാണിത്. ലോകത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയത് ഈ കൊച്ചുകേരളത്തിലാണ്. അതിന് കാരണം സമത്വസുന്ദര ലോകമെന്ന പുരോഗമനാത്മകമായ നമ്മുടെ നിലപാടാണ്. ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ നീതിന്യായ സംവിധാനം കുറേക്കൂടി കാര്യക്ഷമമാകും. വ്യക്തിനിയമങ്ങൾ അടിസ്ഥാനമാക്കി രാജ്യമെമ്പാടും ഉത്ഭവിക്കുന്ന ലക്ഷക്കണക്കിന് കേസുകൾ ഇല്ലാതാകും. വ്യവഹാരം ലളിതമാകും. വിവേചനപരമായ നിയമവ്യവസ്ഥകൾ ഒഴിവാകും. സങ്കീർണമായ വ്യക്തിനിയമങ്ങളുടെ നൂലാമാലകളിൽപ്പെട്ട് നീതിക്ക് വേണ്ടി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ടിവരില്ല.

മതത്തിന്റെ അസ്വീകാര്യമായ വ്യവസ്ഥകൾ ഒഴിവാക്കാനാണ് 29 വർഷം മുമ്പ് വിവാഹിതരായ അഡ്വ. സി.ഷുക്കൂറും എം.ജി.സർവ്വകലാശാല മുൻ പ്രോ വി.സി. ഡോ.ഷീന ഷുക്കൂറും തങ്ങളുടെ സ്വത്ത് മൂന്ന് പെൺമക്കൾക്കും പൂർണമായി ലഭ്യമാകാൻ വേണ്ടി അടുത്തിടെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചത്. സമാനമായ സംഭവങ്ങൾ മറ്റ് മതങ്ങളിലും കണ്ടേക്കാം.
വെറുമൊരു രാഷ്ട്രീയ വിഷയമല്ല ഏകീകൃത സിവിൽ കോഡ്. ലോകം അതിവേഗം മാറുകയാണ്. അവിശ്വസനീയമായ സാങ്കേതിക വിദ്യകളുടെ ലോകത്തേക്കാണ് പുതിയ തലമുറ കടന്നുവരുന്നത്. വിദ്യാസമ്പന്നരും ലോകത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നവരുമായ അവരുടെ മുന്നിലേക്ക് അവർക്ക് ഉൾക്കൊള്ളാനാകാത്ത മതശാസനകൾ കൊണ്ടുചെല്ലുന്നത് അവരെ മതത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും അകറ്റാനേ ഉപകരിക്കൂ.

ജീവിതപ്രതിസന്ധികളിലും അല്ലാത്തപ്പോഴും സാധാരണ മനുഷ്യന് ശാന്തിയും സമാധാനവും പ്രതീക്ഷകളും പകരുന്ന മരുന്നാണ് മതവും ദൈവങ്ങളും. ആ മരുന്നിനെ മയക്കുമരുന്ന് പോലെയാക്കി മനുഷ്യനെ അടിമയാക്കി മാറ്റാതെ നോക്കേണ്ടത് മതമേധാവികളുടെയും യഥാർത്ഥ വിശ്വാസികളുടെയും കടമയാണ്.
എതിർപ്പുകൾ കനപ്പെടുന്ന സാഹചര്യത്തിൽ ആശങ്കപ്പെടുന്നവരുമായി പ്രത്യേകിച്ച് മുസ്ളീം, ക്രിസ്ത്യൻ വിഭാഗങ്ങളുമായി ആശയ വിനിയമത്തിന് കേന്ദ്രസർക്കാർ തയ്യാറാവുകയും വേണം. അവരിലെ ഭയാശങ്കകൾ അകറ്റി, സ്വീകരിക്കാവുന്ന നിർദേശങ്ങൾ അംഗീകരിച്ച് സമവായത്തിനുള്ള ശ്രമം കൂടി ഉണ്ടാവേണ്ടതുണ്ട്.

Author

Scroll to top
Close
Browse Categories