ആത്മസൗരഭം
പോരാട്ടവീര്യം
ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ വെറുതെ കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഡോ.പല്‍പ്പു എന്ന ഒരേ ഒരു ഈഴവന്‍ കയ്യൊപ്പിട്ട മലയാളി മെമ്മോറിയലിന് കിട്ടിയ അപമാനത്തിനെതിരെ തിരിച്ചടിക്കാന്‍ തന്നെ പല്‍പ്പു തീരുമാനിച്ചു. നാളിതുവരെ ഈഴവസമുദായവും ഇതര പിന്നാക്ക വിഭാഗങ്ങളും അനുഭവിക്കുന്ന മനുഷ്യത്വവിരുദ്ധമായ സമീപനങ്ങള്‍ വിശദമായി രേഖപ്പെടുത്തുന്ന ഒരു പരാതി തയ്യാറാക്കി.നാട് മുഴുവന്‍ ചുറ്റി സഞ്ചരിച്ചും മുഴുവന്‍ ചിലവും സ്വന്തം കയ്യില്‍ നിന്ന് വഹിച്ചും 13000 ഈഴവരുടെ പേരും കയ്യൊപ്പും ശേഖരിച്ച് ഈഴവ മെമ്മോറിയല്‍ എന്ന പേരില്‍ സുദീര്‍ഘമായ മെമ്മോറാണ്ടം സര്‍ക്കാരിന് സമര്‍പ്പിച്ചു.
മനുഷ്യാവകാശ ലംഘനത്തിന് എതിരെയുളള ഒരു ചരിത്രരേഖയായിരുന്നു അത്.
രണ്ടുമാസമായിട്ടും മറുപടി ലഭിക്കാത്തതിന്റെ വേദനയില്‍ ഇനിയെന്ത് എന്ന ആലോചനയുമായിരിക്കെ ഭഗവതിയമ്മ ചായയുമായി വന്നു.
‘ആവശ്യമില്ലാത്തതിനൊക്കെ പോകണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? നമ്മള്‍ എന്തൊക്കെ എഴുതിയാലും പറഞ്ഞാലും അവര്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് മാത്രമല്ല ഇപ്പോള്‍ നമ്മുടെ ആളുകളില്‍ ചിലരും നമുക്കെതിരെ തിരിഞ്ഞിരിക്കുന്നു’
പല്‍പ്പു ആവിപറക്കുന്ന ചായക്കപ്പ് നിലത്തുവച്ച് ചോദ്യഭാവത്തില്‍ ഭാര്യയെ നോക്കി.
‘നിങ്ങള്‍ കാരണം ഉളള മനസമാധാനം കൂടി പോകുമെന്ന് ചിലര്‍ക്ക് പരാതി. സര്‍ക്കാരിനെതിരെ നീങ്ങിയ കാരണത്താല്‍ തുറുങ്കിലടയ്ക്കുമോയെന്ന് ഒപ്പിട്ടവരില്‍ ചിലര്‍ക്ക് പേടി. ഒപ്പിടാതെ ഭയന്ന് മാറിയവര്‍ പോലും ഈ കാരണത്താല്‍ മുഴുവന്‍ ഈഴവരോടും രാജകുടുംബത്തിന് ശത്രുതയുണ്ടാവുമെന്ന് ഭയക്കുന്നു. ഒന്നും വേണ്ടിയിരുന്നില്ല’
പല്‍പ്പു മറുപടി പറയാതെ ഗാഢമായ ചിന്തകളില്‍ അമര്‍ന്നിരുന്നു. ഭഗി പങ്ക് വയ്ക്കുന്നത് ഒരു ഭാര്യയുടെ സ്വാഭാവികമായ ആശങ്കകളാണ്.
ചായക്കപ്പില്‍ നിന്നും ആവിപറക്കുകയാണ്. ചൂട് വകവയ്ക്കാതെ പല്‍പ്പു അതെടുത്ത് ചുണ്ടോട് ചേര്‍ത്തു. ഒറ്റവലിക്ക് അകത്താക്കി നിലത്ത് വച്ച ശേഷം പ്രതിവചിച്ചു.
‘ഏത് കാര്യത്തിലും ഇത്തരം എതിര്‍പ്പകളും ആശങ്കകളും സ്വാഭാവികമാണ്. എന്നു കരുതി നമ്മള്‍ പ്രതികരിക്കാതിരുന്നാല്‍ അവഗണനയും ചവുട്ടിത്തേയ്ക്കലും വര്‍ദ്ധിക്കുകയേയുളളു’
ഭഗി ഒഴിഞ്ഞ ചായക്കപ്പുമായി അടുക്കളയിലേക്ക് നടന്നു.
പല്‍പ്പു ആലോചനയോടെ അവര്‍ പോയ വഴിയെ നോക്കിയിരുന്നു.
സര്‍ക്കാരിലേക്ക് ഒരു ഓര്‍മ്മക്കത്ത് കൂടി എഴുതി പോസ്റ്റ് ചെയ്തു. അതിനും മറുപടി വരാതായപ്പോള്‍ മൂന്നാമത് ഒരു കത്ത് കൂടി അയച്ചു.
അതിനും മൗനം അവലംബിച്ചപ്പോള്‍ പല്‍പ്പു മൈസൂരില്‍ നിന്നും ലീവെടുത്ത് തിരുവിതാംകൂറില്‍ വന്ന് ദിവാന്‍ ശങ്കര സുബ്ബയ്യരെ നേരില്‍ കണ്ടു.
അദ്ദേഹം പല്‍പ്പുവിനെക്കണ്ട് ആദരപൂര്‍വം മന്ദഹസിച്ചു.
‘ആ കത്ത് എഴുതിയത് നിങ്ങളാണോ?’
‘എന്റെ പേരും ഔദ്യോഗിക പദവിയും അതില്‍ ചേര്‍ത്തിരുന്നല്ലോ?’
‘അതെ. എടുത്തു ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല. അതിന്റെ ഭാഷയും ശൈലിയും ഉളളടക്കവുമെല്ലാം കാമ്പുളളതായി തോന്നി’
‘അതുകൊണ്ടാണോ സര്‍ക്കാര്‍ മറുപടി തരാതിരുന്നത്?’
ഇക്കുറി അയ്യര്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
‘മി.പല്‍പ്പുവിന് നന്നായി ഫലിതം പറയാനും അറിയാം’
‘ഫലിതമല്ല. വേദനയാണ്. ചവുട്ടിയരയ്ക്കപ്പെട്ടവന്റെ വേദന.അവസരം നിഷേധിച്ചതുകൊണ്ടാണ് യോഗ്യതയുണ്ടായിട്ടും തിരുവിതാംകൂറുകാരനായ ഞാന്‍ മൈസൂരില്‍ പോയി ജോലി ചെയ്യുന്നത്.’
ദിവാന്‍ ചിരി അവസാനിപ്പിച്ചു.
‘നിങ്ങളുടെ പ്രയാസം ഞാന്‍ മനസിലാക്കുന്നു’
‘എന്നിട്ടും പരിഹാരമില്ലല്ലോ?’
‘അതിന് ചില കാരണങ്ങളുണ്ട്. ഒരു ഉദാഹരണം പറയാം’
പല്‍പ്പു ആശ്ചര്യത്തോടെ ദിവാന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
പുറത്ത് പല വര്‍ണ്ണങ്ങളിലുളള കുതിരകള്‍ ചിതറി നടക്കുന്നു.
പരസ്പരവൈരം ഉളളതു പോലെ…
പല്‍പ്പുവിന്റെ ശ്രദ്ധ കവര്‍ന്ന കുതിരകളെ ദിവാനും നോക്കി.
‘ഏതാണ്ട് ആ കുതിരകളുടെ അവസ്ഥയാണ് ചില മനുഷ്യര്‍ക്കും. എത്ര ശ്രമിച്ചാലും ഒന്നിച്ച് നില്‍ക്കില്ല. പരസ്പരം അംഗീകരിക്കില്ല. എല്ലാവര്‍ക്കും തുല്യനീതി കിട്ടണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. അടുക്കല്‍ താലൂക്കില്‍ ഒരു പളളിക്കുടം സ്ഥാപിച്ചതും ഈ ഉദ്ദേശത്തിലാണ്. എല്ലാ ജാതിക്കാര്‍ക്കും പ്രവേശനവും അനുവദിച്ചു. അഞ്ചാറ് ഈഴവക്കുട്ടികളെ ചേര്‍ത്തു എന്ന ഏകകാരണത്താല്‍ നായര്‍ക്കുട്ടികള്‍ സ്‌കൂള്‍ വിട്ടു പോയി. രണ്ട് പുലയക്കുട്ടികളെ ചേര്‍ത്തിന് പിന്നാലെ ഈഴവരും പോയി. ഒടുവില്‍ ആ സ്‌കൂളില്‍ ആകെ അവശേഷിച്ചത് രണ്ട് പുലയക്കുട്ടികള്‍ മാത്രം.അവസാനം ആ പളളിക്കൂടം തന്നെ നിര്‍ത്തേണ്ടി വന്നു. കൂടുതല്‍ പറയേണ്ടതില്ലല്ലോ? ആദ്യം മാറേണ്ടത് ആളുകളുടെ മനസാണ്. പിന്നാലെ നിയമങ്ങളും മാറും. ഉദ്യോഗ നിയമനങ്ങളില്‍ നിലവിലുളള അവസ്ഥ മാറി പിന്നാക്കക്കാര്‍ക്ക് അവസരം കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. മുറവിളി കൂട്ടിയും പത്രങ്ങളില്‍ വാര്‍ത്ത കൊടുത്തും പ്രകോപനം സൃഷ്ടിക്കാതെ തന്നെ നിങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറും’
ദിവാന്‍ജിയുടെ പടിയിറങ്ങുമ്പോള്‍ പല്‍പ്പു മനസില്‍ കുറിച്ചിട്ടു. പ്രതീക്ഷകളുടെ രജതരേഖകള്‍ എവിടെയൊക്കെയോ കാണപ്പെടുന്നു.
മാസങ്ങള്‍ക്കുളളില്‍ പല്‍പ്പു ഒരു സത്യം തിരിച്ചറിഞ്ഞു. ദിവാന്റെ വാഗ്ദ്ധാനം കുറുപ്പിന്റെ ഉറപ്പ് പോലെയായി. തത്കാലം അവര്‍ണ്ണരുടെ സമരാവേശം തണുപ്പിക്കാനുളള തന്ത്രപരമായ ഒരു നീക്കം മാത്രമായിരുന്നു അത്.
ദിവാന്‍ജി…എന്റെയുളളിലെ പോരാളിയെ നിങ്ങള്‍ക്കറിയില്ല. അരിഞ്ഞിട്ടാല്‍ മുറികൂടുന്ന ജീവനാണ് പല്‍പ്പുവിന്റേത്.
13,000 ഒപ്പുകള്‍ ശേഖരിച്ച് ഒരു ഭീമഹര്‍ജി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് മുന്‍പാകെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
അവധിയെടുത്ത് പല്‍പ്പു തിരുവിതാംകൂറിലെങ്ങും സഞ്ചരിച്ചു. മുഴുവന്‍ ചിലവുകളും സ്വയം വഹിച്ചു. പല്‍പ്പുവിന്റെ നിഴല്‍വെട്ടം കണ്ട് ആളുകള്‍ കൂരയ്ക്കുളളില്‍ ഒളിച്ചു. ചിലര്‍ ജനാലകളും വാതിലുകളും അടച്ച് ആള്‍ സ്ഥലത്തില്ലെന്ന് പറയാന്‍ അയല്‍ക്കാരെ ചുമതലപ്പെടുത്തി. മറ്റ് ചിലര്‍ ഒപ്പിടാനാവില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞൂ. കാരണം തിരക്കിയിട്ട് പലരും പറയാന്‍ കൂട്ടാക്കിയില്ല. ഒരാള്‍ മാത്രം തുറന്ന് പറഞ്ഞു.
‘ഒപ്പിട്ട് കൊടുക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ഭീഷണിയുണ്ട്’
സര്‍ക്കാര്‍ മനപൂര്‍വം പ്രതിരോധിക്കാനുളള ശ്രമമാണെന്ന് മനസിലാക്കിയിട്ടും പല്‍പ്പു ദിവസങ്ങളോളം പരിശ്രമിച്ച് പതിമൂവായിരം ഒപ്പുകള്‍ ശേഖരിച്ചു. ആ മനോവീര്യം തിരിച്ചറിഞ്ഞ് പേട്ടയിലുളള പപ്പുക്കുട്ടി മാത്രം പറഞ്ഞു.
‘ഡോക്ടറെ സമ്മതിച്ചിരിക്കുന്നു. ഈ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്നേ പാട്ടുപെട്ടി മടക്കിയേനെ..ഇത്രയ്ക്ക് ക്ഷമ..ഹോ..ചിന്തിക്കാന്‍ വയ്യ..’
പല്‍പ്പു ചിരിച്ചു.
വില്ല് തൊടുത്ത് അമ്പ് എയ്യുന്നവന് ലക്ഷ്യത്തിന്റെ സൂക്ഷ്മബിന്ദുവില്‍ മാത്രമാണ് ശ്രദ്ധ. വിശന്ന വയറും മുറിവേറ്റ വേദനയും അവന്‍ അറിയാറില്ല. അമ്പ് എയ്തു തറപ്പിക്കുക എന്നതാണ് അവന്റെ ധര്‍മ്മം.
നോക്കൂ…ഇന്നല്ലെങ്കില്‍ നാളെ…ഒരിക്കല്‍ നാം ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. നമ്മുടെ ആളുകള്‍ ആത്മാഭിമാനത്തോടെ സമൂഹമധ്യേ ജീവിക്കുന്ന ആ ദിവസം വരും…
പല്‍പ്പു മനസില്‍ പറഞ്ഞു.
ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച പരാതിക്ക് വന്ന മറുപടിയിലും സര്‍ക്കാര്‍ അര്‍ദ്ധശങ്കയ്ക്കിടയില്ലാത്ത വണ്ണം ഒരു കാര്യം സൂചിപ്പിച്ചിരുന്നു.
‘ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് പഠിക്കുന്ന വിദ്യാലയം എന്നത് പ്രായോഗികമല്ല. പകരം ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടെ പഠിച്ച പലരും നല്ല നിലയില്‍ എത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ നേടുന്നുണ്ട്. ആ നിലയ്ക്ക് പിന്നെ എന്താണിത്ര പ്രശ്‌നം?’
എന്ന മറുചോദ്യം വായിച്ച് പല്‍പ്പു അമ്പരന്നു.
ആനന്ദിയാണ് കടലാസ് വായിച്ചുകൊടുത്തത്. അവര്‍ക്ക് കാര്യങ്ങളുടെ പുരോഗതി അറിയാന്‍ അച്ഛനേക്കാള്‍ ആകാംക്ഷയുണ്ടായിരുന്നു.
‘അച്ഛന് മനസിലായില്ലേ കാര്യങ്ങള്‍. രണ്ട് നിയമത്തിലും മാറ്റം വരുത്താന്‍ തത്കാലം അവര്‍ ഉദ്ദേശിക്കുന്നില്ല’
പല്‍പ്പു നിശ്ശബ്ദം തലയാട്ടി.
അദ്ദേഹം അതുവരെ നടത്തിയ എഴുത്തുകുത്തുകളുടെ പകര്‍പ്പ് സൂക്ഷിച്ചു വച്ചിരുന്നു.
അതിന് അധികാരി വര്‍ഗങ്ങളില്‍ നിന്നും ലഭിച്ച മറുപടിയും ചേര്‍ത്ത് ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച് അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ വീടുകളിലെത്തിച്ചു. മാധ്യമങ്ങള്‍ക്കും അതിലെ പ്രസക്തഭാഗങ്ങള്‍ നല്‍കി.
പ്രചാരണങ്ങളിലൂടെ സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെ ജനശ്രദ്ധ ആകര്‍ഷിക്കുക എന്നതായിരുന്നു തന്ത്രം.ഇംഗ്ളീഷ് പത്രങ്ങളിലും ഈ പുസ്തകത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു.സര്‍ക്കാരിനും പുസ്തകത്തിന്റെ കോപ്പി പല്‍പ്പു തന്നെ എത്തിച്ചുകൊടുത്തു.
മദ്രാസ് നിയമസഭയില്‍ കീഴ് ജാതിക്കാരോട് തിരുവിതാംകൂര്‍ ഭരണകൂടം കാണിക്കുന്ന ചിറ്റമ്മ നയത്തെക്കുറിച്ച് പല്‍പ്പു ചോദ്യങ്ങള്‍ ഉന്നയിച്ചു. മറ്റ് നാടുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന് കാണിച്ച് അവര്‍ ഒഴിഞ്ഞുമാറി.
പല്‍പ്പു മദ്രാസ് ഗവര്‍ണറെ കണ്ട് ഒരു മെമ്മോറിയല്‍ കൈമാറി. അദ്ദേഹം അത് തിരുവിതാംകൂര്‍ സര്‍ക്കാരിന് അയച്ചുകൊടുക്കുകയും ചെയ്തു.
‘നമ്മള്‍ തീക്കളിയാണ് കളിക്കുന്നത്. അവര്‍ പ്രബലരാണ് അച്ഛാ.. എന്തും ചെയ്യാന്‍ മടിക്കില്ല’
വിവരങ്ങളറിഞ്ഞ് ആനന്ദി പല്‍പ്പുവിനെ ഉപദേശിച്ചു.
‘എന്ത് ചെയ്യാന്‍. തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ലല്ലോ?’
പല്‍പ്പു കൂസലെന്യേ പറഞ്ഞു.
പല്‍പ്പുവിന്റെ നീക്കങ്ങളറിഞ്ഞ് ദിവാന്‍ ക്ഷുഭിതനായി. അദ്ദേഹം മൈസൂര്‍ ദിവാന്‍ കൃഷ്ണമൂര്‍ത്തിയെ ഫോണില്‍ വിളിച്ചു.
‘മൈസൂര്‍ സര്‍ക്കാര്‍ സര്‍വീസിലിരുന്ന് ഡോ. പല്‍പ്പു എന്നയാള്‍ തിരുവിതാംകൂര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നത് അക്ഷന്ത്യമായ അപരാധവും രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരധാരണയെ ഹനിക്കുന്നതുമാണ്. ദിവാന്‍ എന്ത് പറയുന്നു?’
‘വേണ്ട നടപടികള്‍ സ്വീകരിച്ചുകൊളളാം’
അത്രമാത്രം പറഞ്ഞ് കൃഷ്ണമൂര്‍ത്തി സംഭാഷണം അവസാനിപ്പിച്ചു.
കാലത്ത് പതിവുപോലെ കൃത്യസമയത്ത് തന്നെ പല്‍പ്പു ആഫീസിലെത്തി. അടിയന്തിരമായി ദിവാനെ ചെന്നു കാണണമെന്ന സന്ദേശമാണ് അദ്ദേഹത്തെ വരവേറ്റത്.
കൂടിക്കാഴ്ചയില്‍ മറ്റൊന്നും സംസാരിക്കാന്‍ ദിവാന്‍ താത്പര്യപ്പെട്ടില്ല. ഒരു കത്ത് മാത്രം കൈമാറി.
‘പുറത്ത് പോയിട്ട് തുറന്ന് നോക്കിയാല്‍ മതി.’
പല്‍പ്പു പുറത്ത് പുല്‍പ്പരപ്പുകളാല്‍ സമ്പന്നമായ ഉദ്യാനത്തിലേക്ക് ഇറങ്ങി നടന്നു.
ഒഴിഞ്ഞ ഒരിടത്തു ചെന്ന് കവര്‍ തുറന്ന് നോക്കി.
പ്രതീക്ഷിച്ചതു പോലെ തന്നെ ജോലിയില്‍ നിന്നും താത്കാലികമായി പിരിച്ചുവിട്ടു കൊണ്ടുളള നോട്ടീസ്.
പല്‍പ്പു പരിഹാസത്തോടെ ഒന്ന് ചിരിച്ചു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഓഫര്‍ നിരാകരിച്ച് നാട്ടില്‍ പണിയെടുക്കാന്‍ ഇറങ്ങിപുറപ്പെട്ടയാളാണ് ഡോ.പല്‍പ്പു..
പാതയോരത്ത് വീണു കിടന്ന ഒരു കരിയില കാറ്റില്‍ പറന്ന് പൊങ്ങുന്നത് കണ്ടു. അത് ഏതോ മരച്ചില്ലയില്‍ ഉടക്കി നിന്നു.
സാരമില്ല. ഇനിയും പറക്കാന്‍ ഏറെയുണ്ട് ഉയരങ്ങള്‍..
(തുടരും)