വനമിറങ്ങുന്ന വന്യത കാടുകയറുന്ന ക്രൂരത
കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങള്‍ക്കു പകരം തോട്ടവനങ്ങളാക്കി മാറ്റിയിരിക്കുന്നു. അവിടെ കിളികള്‍ക്കോ അണ്ണാനോ ഉള്‍പ്പെടെ ഒരു ജീവിക്കുമുള്ള ഒരു ഭക്ഷണവുമില്ല. ഒരു പൂമ്പാറ്റയെപ്പോലും ചെന്നിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുമില്ല. വയനാട്ടില്‍ വച്ചുപിടിപ്പിച്ച അധിനിവേശ സസ്യമായ മഞ്ഞകണിക്കൊന്ന പോലെയുള്ളവയാണ് നമ്മുടെ കാടുകളില്‍ കൂടുതലും. ഇത്തരം കാടുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കിട്ടാന്‍ വളരെ പാടാണ്.കാടുകളോട് ചേര്‍ന്ന തേക്ക് പ്ലാന്റേഷന്‍ പരിസ്ഥിതിക്ക് യോജ്യമല്ല. യൂക്കാലിപ്റ്റസ് കാലക്രമേണ ഭൂമിയെ വരണ്ടതാക്കി മാറ്റുന്നവിധം ഭൂഗര്‍ഭജലം നഷ്ടപ്പെടുത്തുന്നതുപോലെയാണ് തേക്കും. ഇത് ശരിയായി തിരിച്ചറിയപ്പെടുന്നില്ല
”കാട് കറുത്ത കാട്
മനുഷ്യന്‍ ആദ്യം പിറന്ന വീട്’-‘
എന്ന നീലപൊന്‍മാനിലെ ഈ പാട്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എത്ര വലിയ ഹൈടക്ക് യുഗത്തില്‍ ജീവിച്ചാലും നമ്മള്‍ കാടിന്റെ മക്കളാണെന്ന സത്യം തന്നെയാണ്. സാങ്കേതികവിദ്യ മനുഷ്യനെ എത്ര പരിഷ്‌കൃതനാക്കിയാലും പ്രകൃതിയിലേക്ക് മടങ്ങാതെ തരമില്ല.
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടര്‍ക്കഥയാകുന്ന വര്‍ത്തമാനകാലത്തെ അവസാന രക്തസാക്ഷിയാണ് രാജീവ്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി തളി വിരുട്ടാണത്ത് കാട്ടുപന്നിയുടെ ആക്രമണത്തിലാണ് രാജീവ് കൊല്ലപ്പെടുന്നത്. സ്വന്തം പറമ്പില്‍ തേങ്ങ പെറുക്കുന്നതിനിടയില്‍ രാജീവനെ പന്നി ആക്രമിക്കുകയായിരുന്നു. രണ്ടാഴ്ച്ചക്കുള്ളില്‍ കേരളത്തില്‍ നാലുപേരാണ് വന്യമൃഗങ്ങള്‍ മൂലം കൊല്ലപ്പെടുന്നത്.
മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മാത്രമാണ്. ഒറ്റയടിക്കല്ല അത്തരമൊരു സ്ഥിതിയിലേക്ക് വനവും വന്യജീവികളും എത്തിയത്. കുടിയേറ്റകാലത്ത് വന്യമൃഗങ്ങളോടും, പ്രതികൂല കാലാവസ്ഥയോടും, മലമ്പനിയോടും മറ്റും പൊരുതിയാണ് കര്‍ഷകര്‍ മണ്ണില്‍ പൊന്ന് വിളയിച്ചത്. അന്നൊന്നും ഇല്ലാത്ത സംഘര്‍ഷമാണ് ഇന്ന് നമ്മുടെ കാടുകളില്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായാണ് വന്യജീവികളുടെ ആക്രമണം ഇത്ര രൂക്ഷമായതെന്ന് പഴയകാല കര്‍ഷകര്‍ പറയുന്നു.
വനത്തോട് ചേര്‍ന്ന കേരളത്തിന്റെ എല്ലാ ഭാഗത്തും മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വ്യത്യാസമില്ലാതെ മൃഗങ്ങളുടെ കാടിറക്കം പതിവാണ്. ആന, കാട്ടുപന്നി, മുള്ളന്‍പന്നി, കാട്ടുപോത്ത്, മലയണ്ണാന്‍, മ്ലാവ്, കുരങ്ങ്, മയില്‍ തുടങ്ങിയ ജീവികളാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടാക്കുന്നത്. കാടിനോടു ചേര്‍ന്ന കൃഷി വന്യമൃഗങ്ങള്‍ക്ക് അനുഗ്രഹമാണ്. വലിയ ബുദ്ധിമുട്ടില്ലാതെ ആഹാരം ലഭിക്കുമെന്നത് കാടിറങ്ങാന്‍ ഇവയെ പ്രേരിപ്പിക്കുന്നു. ഒരു കാലത്ത് പരസ്പര സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞിരുന്ന മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ എങ്ങനെ കലഹമുണ്ടായി. വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനുള്ള കാരണമെന്ത്. കാട് കൈയേറിയ മനുഷ്യന്‍ തന്നെയാണോ ഇന്നത്തെ ഈ അവസ്ഥയ്ക്കും കാരണം, ഒരന്വേഷണം.
‘ഇട’-ത്തിനുവേണ്ടിയുള്ള
മത്സരം
പണ്ടു മുതല്‍ തന്നെ മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ ഒരു സഹവര്‍ത്തിത്വമുണ്ടായിരുന്നതായി പ്രുമഖ പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ഡോ:പി.എസ്.ഈസ പറയുന്നു. എന്നാല്‍ ആധുനിക കാലത്ത് ഈ സഹവര്‍ത്തിത്വം അവസാനിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഹവര്‍ത്തിത്വം സംഘര്‍ഷമാകുന്ന കാലമാണ്. ഇതിന് പ്രധാന കാരണം ‘ഇട’-മാണ്. വന്യജീവികളും മനുഷ്യനും ഇടത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് . മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ കാടുകായറുന്നതായി അദ്ദേഹം പറയുന്നു. മനുഷ്യന്‍ കൂടുതല്‍ വന്യമായി ഇടങ്ങളിലേക്ക് കയറുമ്പോള്‍ നഷ്ടമാകുന്ന ‘ഇട’-മാണ് വന്യമൃഗങ്ങളെ കാടിറക്കാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങളിലൊന്ന്. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ പ്രധാന കാരണമായി അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പറയുന്നത്, ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റമാണ്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തുണ്ടുകളായി, കഷ്ണങ്ങളായി മാറി. പണ്ട് കാലത്ത് അവ സ്വസ്ഥമായി കഴിഞ്ഞിരുന്ന പല സ്ഥലങ്ങളിലും ഇന്ന് റോഡ്, കെട്ടിടങ്ങള്‍, തോട്ടങ്ങള്‍, റെയില്‍ പാളങ്ങള്‍, ഡാമുകള്‍ തുടങ്ങി പല വിധത്തിലുള്ള നിര്‍മാണങ്ങള്‍ വന്നു. ഇതോടെ വന്യ മൃഗങ്ങള്‍ക്ക് സ്വസ്ഥമായി കാടിനകത്ത് നടക്കാനാകാതെ ആയി. മനുഷ്യ നിര്‍മിതിവും അല്ലാത്തതുമായ കാട്ടുതീയും പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി കാടിറങ്ങിവരുന്ന ആനയും കടുവയുമൊക്കെ ആക്രമിച്ച് നിരവധി മരണങ്ങള്‍ കേരളത്തില്‍ നടക്കുന്നു. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോഴും വന്യമൃഗങ്ങള്‍ നമ്മള്‍ സൃഷ്ടിച്ച കാടിന്റെയതിര്‍ത്തി കടന്നു പുറത്തു വരുന്ന സന്ദര്‍ഭങ്ങള്‍ കൂടിവരുന്നു. കാടിനോടു ചേര്‍ന്നും കൈയേറിയുമൊക്കെ നമ്മള്‍ നടത്തുന്ന കൃഷിയെയും സ്വാഭാവികമായും അവ ആക്രമിക്കുന്നു.
ഇരഇരപിടിയന്‍
ക്രമം
എല്ലാ ജീവികളുടേയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിര്‍ത്താനും പ്രകൃതിതന്നെ നിശ്ചയിച്ച ഇരഇരപിടിയന്‍ ക്രമമുണ്ട്. കാട്ടുപന്നി തന്നെ ഉദാഹരണം. ഒറ്റ പ്രസവത്തില്‍ നിരവധി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന ജീവിയാണ് പന്നി. ഇടയ്ക്കിടെ പ്രസവിക്കാനുള്ള ശേഷിയുമുണ്ട്. സ്വാഭാവികമായും എണ്ണം കൂടും. പന്നിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന, ഭക്ഷണമാക്കേണ്ട ജീവികള്‍ പലതുമുണ്ട്, കാടിനകത്ത്. പ്രകൃതിയില്‍ത്തന്നെയുള്ള ആഹാരശൃംഖലയുടെ ഭാഗമാണ് ഇവ. പക്ഷേ, കാടു കുറഞ്ഞപ്പോള്‍ ഇത്തരം പല ജീവികളും ഇല്ലാതാവുകയോ കുറയുകയോ ചെയ്തു. ആഹാരശൃംഖലയിലെ കണ്ണികള്‍ മുറിയുമ്പോള്‍ ചില ജീവികള്‍ മാത്രം ക്രമരഹിതമായി വര്‍ദ്ധിക്കുന്നതു സ്വാഭാവികം മാത്രമാണ്.
കാടെവിടെ
മക്കളെ
വനം വകുപ്പിന്റെ രേഖയില്‍ കേരളത്തിലെ ആകെ വനം 11521.814 ചതുരശ്ര കിലോമീറ്റര്‍ ആണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 29.1%. ഇതില്‍ റിസര്‍വ് വനം 9195.735 ചതുരശ്ര കിലോമീറ്ററും പ്രപ്പോസ് ഡ് റിസര്‍വ് 291.575 ചതുരശ്ര കിലോമീറ്ററും നിക്ഷിപ്ത വനങ്ങളും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും 1905.476 കിലോമീറ്ററും. പക്ഷേ, യഥാര്‍ഥത്തില്‍ സ്വാഭാവിക നിബിഡ വനം വളരെക്കുറവാണ്. ആകെ വനത്തിന്റെ മൂന്നിലൊന്നോളം തോട്ട വനങ്ങളാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് തേക്കു വച്ചുതുടങ്ങിയ തോട്ടം മുതല്‍ ഏലം കൃഷിക്കു വേണ്ടി കൊടുത്തതും അക്കേഷ്യാ വനങ്ങളും മുളങ്കാടും ഉള്‍പ്പെടെ ഇതിലുണ്ട്. തോട്ടവനം വനമല്ല, ജൈവവൈവിധ്യം നിലനിര്‍ത്തുന്നുമില്ല.
കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങള്‍ക്കു പകരം തോട്ടവനങ്ങളാക്കി മാറ്റിയിരിക്കുന്നു. അവിടെ കിളികള്‍ക്കോ അണ്ണാനോ ഉള്‍പ്പെടെ ഒരു ജീവിക്കുമുള്ള ഒരു ഭക്ഷണവുമില്ല. ഒരു പൂമ്പാറ്റയെപ്പോലും ചെന്നിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുമില്ല. വയനാട്ടില്‍ വച്ചുപിടിപ്പിച്ച അധിനിവേശ സസ്യമായ മഞ്ഞകണിക്കൊന്ന പോലെയുള്ളവയാണ് നമ്മുടെ കാടുകളില്‍ കൂടുതലും. ഇത്തരം കാടുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കിട്ടാന്‍ വളരെ പാടാണ്.
കാടുകളോട് ചേര്‍ന്ന തേക്ക് പ്ലാന്റേഷന്‍ പരിസ്ഥിതിക്ക് യോജ്യമല്ല. യൂക്കാലിപ്റ്റസ് കാലക്രമേണ ഭൂമിയെ വരണ്ടതാക്കി മാറ്റുന്നവിധം ഭൂഗര്‍ഭജലം നഷ്ടപ്പെടുത്തുന്നതുപോലെയാണ് തേക്കും. ഇത് ശരിയായി തിരിച്ചറിയപ്പെടുന്നില്ല. തോട്ടവനങ്ങള്‍ മുഴുവന്‍ മുറിച്ചുനീക്കുകയാണ് സര്‍ക്കാര്‍ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാന്‍ അനുവദിക്കണം. അങ്ങനെ സംഭവിച്ചാല്‍ കാട്ടുമൃഗങ്ങള്‍ക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെ ഉണ്ടാകും. ജൈവവൈവിധ്യം പോഷിപ്പിക്കുന്ന നീര്‍മരങ്ങള്‍ തഴച്ചുവളരുമ്പോള്‍ മണ്ണില്‍ ജലവും ഉണ്ടാകും. വെള്ളം തേടിയും ഭക്ഷണം തേടിയും നാട്ടില്‍ മൃഗങ്ങള്‍ക്കു കാടുവിട്ട് ഇറങ്ങേണ്ടിവരില്ല.
കാടിറക്കിയത്
മനുഷ്യന്‍ തന്നെ
വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതും അവമൂലമുണ്ടാകുന്ന കാര്‍ഷിക നഷ്ടവും മനുഷ്യന്റെ മരണങ്ങളും ഇന്ന് നിത്യസംഭവമാണ്. വര്‍ഷങ്ങളോളം നാം നടത്തിയ വനനശീകരണത്തിന്റെ ഫലങ്ങള്‍ ഇപ്പോഴാണ് തിരിച്ചടിക്കുന്നത്. വന്യമൃഗങ്ങള്‍ക്കുള്ള സ്വാഭാവിക വാസസ്ഥാനങ്ങള്‍ കുറഞ്ഞുവന്നു. അവയുടെ സ്വാഭാവിക ആവാസസ്ഥലങ്ങള്‍ ഇന്ന് കൃഷിഭൂമികളോ റിസോര്‍ട്ടുകളോ റോഡുകളോ ആയി മാറി. ആനത്താരകളെ പറ്റി നാം കേട്ടിരിക്കും. ആനകള്‍ക്ക് കാട്ടിലുടെ സഞ്ചരിക്കാന്‍ കൃത്യമായ വഴികളുടെ തലമുറകളായി അവ സഞ്ചരിക്കുന്ന വഴി. ആ വഴിയില്‍ എന്തെങ്കിലും തടസമോ നിര്‍മിതിയോ വന്നാല്‍ മനുഷ്യനെപോലെ വഴിമാറി പോകാന്‍ അവര്‍ക്ക് അറിയില്ല. അവ കാലാകാലങ്ങളായി സഞ്ചരിച്ച വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. ആ വഴിയില്‍ കാണുന്ന കൃഷിയോ നിര്‍മിതികളോ അവ നശിപ്പിക്കുന്നത് സ്വാഭാവികമാണ്.
ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും വന്യജീവികളുടെ ജീവിതത്തെ ബാധിക്കുന്നു. മനുഷ്യ നിര്‍മിതവും അല്ലാത്തതുമായ കാട്ടുതീയും പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി കാടിറങ്ങിവരുന്ന ആനയും കടുവയുമൊക്കെ ആക്രമിച്ച് നിരവധി മരണങ്ങള്‍ കേരളത്തില്‍ നടക്കുന്നു. വയനാട്ടിലും ഇടുക്കിയിലും പാലക്കാട്ടും കണ്ണൂരും തൃശൂരിലെ മലക്കപ്പാറ വാല്‍പ്പറ മേഖലകളിലുമാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും നടക്കുന്നത്. ആറളം, അട്ടപ്പാടി, മണ്ണാര്‍ക്കാട്, മലക്കപ്പാറ, നിലമ്പൂര്‍, മറയൂര്‍, ചിന്നക്കനാല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സ്വാഭാവികമായും പലയിടത്തും വനം വകുപ്പിനും സര്‍ക്കാരിനുമെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുന്നു.
കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോഴും വന്യമൃഗങ്ങള്‍ നമ്മള്‍ സൃഷ്ടിച്ച കാടിന്റെയതിര്‍ത്തി കടന്നു പുറത്തു വരുന്ന സന്ദര്‍ഭങ്ങള്‍ കൂടിവരുന്നു. കാടിനോടു ചേര്‍ന്നും കൈയേറിയുമൊക്കെ നമ്മള്‍ നടത്തുന്ന കൃഷിയെയും സ്വാഭാവികമായും അവ ആക്രമിക്കുന്നു. വനാതിര്‍ത്തിയില്‍ രുചികരമായ ഭക്ഷണസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതാണ് കാടിറങ്ങുന്ന മൃഗങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നെന്ന് ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏക സസ്യത്തോട്ടങ്ങളുടെ വര്‍ദ്ധനവ്, കാടിനകത്തുള്ള അനുചിതമായ വനവത്കരണം തുടങ്ങിയ നിരവധി കാരണങ്ങള്‍ ഒന്നൊന്നായി നിരന്നുവരും.
തിരിച്ചടിക്കുന്ന ടൂറിസം
കാടിനുള്ളില്‍ നടക്കുന്ന ടൂറിസവും റിസോര്‍ട്ടുകളും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പ്രധാന കാരണമാണെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു ഉദാഹരണമായി അദ്ദേഹം പറഞ്ഞത്: ആനക്കൊമ്പന്റെ വിഹാരമേഖലയായ ചിന്നക്കന്നാലില്‍ ആന സ്ഥിരമായി പോകുന്ന വഴിയില്‍ ഒരു വന്‍കിട റിസോര്‍ട്ട് വന്നു. അതോടെ ആനയ്ക്ക് പോകാന്‍ വഴിയില്ലാതെ ആയി. ആന മറ്റ് വഴി കണ്ടെത്തി. ഈ വഴിയില്‍ കെട്ടിടങ്ങളും മറ്റുമുണ്ട്. സ്വാഭാവികമായും ആന പോകുമ്പോള്‍ അതെല്ലാം തകര്‍ക്കുന്നു. 1990 മുതല്‍ അരിക്കൊമ്പന്‍ എന്ന് വിളിക്കുന്ന ആന ചിന്നക്കന്നാല്‍ മേഖലയില്‍ ഉണ്ട്. അവിടത്തെ നാട്ടുകാര്‍ക്ക് അത്ര പ്രശ്‌നം അന്ന് ഉണ്ടായിരുന്നില്ല. ചുരം കയറി വന്ന മനുഷ്യനാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. ആനയടക്കമുള്ള വന്യജീവികളുടെ ആവാസ വ്യവസ്ഥയില്‍ കടന്നു കയറി കാട് കൈയേറി,
വനഭൂമിയെ നാടാക്കിയവര്‍, കൈയേറിയ ഭൂമിയുടെ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടി ഇപ്പോള്‍ ബാക്കിയുള്ള ആനകളേയും പിടികൂടാന്‍ മുറവിളി കൂട്ടുന്നു.
സംഘര്‍ഷം ‘പുതിയതല്ല’
വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ‘അടി’ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാടിനോട് ചേര്‍ന്ന പ്രദേശത്ത് മനുഷ്യവാസത്തിന്റെ അത്രതന്നെ പഴക്കം മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിനുമുണ്ടാകും. കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുമൃഗങ്ങളെ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പരമ്പരാഗത രീതിയില്‍ കാട്ടിലേക്ക് തിരികെ ഓടിച്ചു വിട്ട ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ അതെല്ലാം മാറി. കാടിനകത്ത് മൃഗങ്ങളും നാട്ടില്‍ മനുഷ്യന്റേയും സ്വഭാവം മാറി എന്നുവേണം കരുതാന്‍. തൊണ്ണൂറുകളുടെ അവസാനം വരെ വയനാട്ടില്‍ കാടിനോട് ചേര്‍ന്ന കൃഷി ഭൂമികളില്‍ ഏറുമാടം കെട്ടി കര്‍ഷകര്‍ കാവലിരിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെ കാവലിരിക്കുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞതായി ഡോ: ഇൗസ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍നിന്നുതന്നെ പഴയ കാലത്തില്‍ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിപ്പുറം എന്ത് വ്യത്യാസമാണ് മനുഷ്യ വന്യജീവി സംഘര്‍ഷം അധികരിക്കാനിടയാകുന്നതെന്ന് വ്യക്തമാകാന്‍ അധികം ചിന്തിക്കേണ്ടി വരില്ല.
എന്റെ നാട് എനിക്ക്
നിന്റെ കാട് നിനക്ക്
കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുമൃഗങ്ങളെ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പരമ്പരാഗത രീതിയില്‍ കാട്ടിലേക്ക് തിരികെ ഓടിച്ചു വിട്ട പഴയ കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം കൃഷിഭൂമി സംരക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പണ്ടൊക്കെ വയനാട് മേഖലയില്‍ കാടിനോട് ചേര്‍ന്ന് കൃഷിയിറക്കുമ്പോള്‍ 25 ശതമാനം വന്യമൃഗങ്ങള്‍ക്ക് എന്ന് കണക്കാക്കിയാണ് കര്‍ഷകര്‍ കൃഷിചെയതിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിപ്പുറം എന്ത് വ്യത്യാസമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം അധികരിക്കാനിടയാകുന്നതെന്ന് വ്യക്തമാകാന്‍ അധികം ചികയേണ്ടി വരില്ല. ഇന്ന് മൃഗങ്ങള്‍ കാടിറങ്ങുന്നത് തടയേണ്ടത് വനംവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമായി മാറി. എന്റെ നാട് എനിക്കും നിന്റെ കാട് നിനക്കും എന്ന നിലപാടിലായി ആധുനിക മനുഷ്യന്‍. വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് ഭംഗം വരുമ്പോഴാണ് അവ നാട്ടിന്‍പുറങ്ങളിലിറങ്ങി നാശം വിതക്കുന്നതെന്ന പതിവ് വാദത്തെ മാറ്റിനിര്‍ത്തിയാല്‍ തന്നെ വന്യജീവി സംഘര്‍ഷത്തിന്റെ കാരണങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കാനാകും.
നിയമങ്ങള്‍ കര്‍ശനമായി
വനങ്ങളേയും വന്യമൃഗങ്ങളേയും സംരക്ഷിക്കാനായി നിരവധി നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ നിയമങ്ങള്‍ കര്‍ശനമായതോടെ കാടിനകത്തു കയറിയുള്ള വേട്ടയാടല്‍ ഒരു പരിധിവരെ കുറഞ്ഞു. നിരവധി പോരാട്ടങ്ങളുടെ ഫലമായാണ് ഇത്തരം നിയമങ്ങള്‍ കര്‍ശനമായത് എന്നതുകൂടി ഓര്‍മ്മിക്കണം.
ഇതോടെ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വേട്ട അനുവദിച്ചിരുന്ന കാലത്ത് കാട്ടില്‍ കയറി ആളുകള്‍ മൃഗങ്ങളെ കൊല്ലുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അതിന് അനുവാദമില്ല. ഇതോടെ കാട്ടുപന്നിയടക്കമുള്ളവ പെറ്റുപെരുകി.
കുറുക്കന്‍ കാടിറങ്ങി,
പന്നി പെറ്റു പെരുകി
കാട്ടില്‍നിന്നും കുറുക്കന്‍ ഇല്ലാതായതോടെയാണ് പന്നികള്‍ പെറ്റുപെരുകിയതെന്ന് ഡോ: പി.എസ്. ഈസ പറയുന്നു. അതിരപ്പള്ളി മേഖലയിലെ പഴയ കുടിയേറ്റ കര്‍ഷകരോട് സംസാരിച്ചപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. അതിരപ്പള്ളി മേഖലയിലെ പഴയകാല കര്‍ഷകരുടെ ഓര്‍മ്മകളില്‍ കാട്ടില്‍നിന്നു കൃഷിയിടങ്ങളില്‍ ഇറങ്ങിയിരുന്നത് കാട്ടുപന്നിയായിരുന്നില്ല, കുറുക്കന്‍ ആയിരുന്നു. കുറുക്കനെ കാട്ടുപന്നിക്കു പേടിയായതുകൊണ്ട് കുറുക്കനുള്ളിടത്തേക്കു പന്നി വരില്ല.
കാട്ടില്‍ കാട്ടുപന്നിയുടെ കുട്ടികളായിരുന്നു കുറുക്കന്റെ പ്രധാന ഭക്ഷണം. കാടിന് കാടിന്റേതായ ഒരു ഭക്ഷ്യശൃംഖലയുണ്ടെന്ന് ഡോ: ഈസ പറഞ്ഞു. കുറുക്കന്മാര്‍ കാട്ടുപന്നികളുടെ വര്‍ദ്ധനവ് തടയാന്‍ പ്രകൃതി ഒരുക്കിയഭക്ഷ്യശൃംഖലയിലെ ഒരു പ്രധാന കണ്ണിയായിരുന്നു. എന്നാല്‍ കാടിനോടു ചേര്‍ന്ന കൃഷി ഭൂമികളില്‍ കൃഷിരീതികള്‍ മാറിയത് കുറുക്കന് വിനയായി എന്ന് ഡോ: ഈസ ചൂണ്ടികാണിക്കുന്നു. പണ്ട് കാലത്ത് വനത്തോട് ചേര്‍ന്ന് വയലുകളായിരുന്നു കൂടുതലും. ഇത്തരം വയലുകളില്‍ ഞണ്ടിനെ തിന്നാന്‍ കുറുക്കന്‍മാര്‍ കാടിറങ്ങുമായിരുന്നു. എന്നാല്‍ വയലുകള്‍ വാഴത്തോട്ടങ്ങള്‍ക്ക് വഴിമാറി. ഇതോടെ ഈ തോട്ടങ്ങളില്‍ വ്യാപകമായി ഫ്യൂരിഡാന്‍ പോലുള്ള കീടനാശിനി ഉപയോഗം രൂക്ഷമായി. ഇത് തിന്ന് ചത്ത ഞണ്ടിനെ ഭക്ഷിച്ച കുറുക്കനും കാലക്രമേണ വംശമറ്റു. വയനാട്ടിലെ ഒരു കര്‍ഷകന്‍ ഒരേ സമയം 14 കുറുക്കന്‍മാര്‍ ഇത്തരം വയലുകളില്‍ ചത്തുകിടക്കുന്നത് കണ്ടിട്ടുണ്ടെന്ന് പറയുന്നു. കുറുക്കന്‍മാര്‍ ‘കാടി’-റങ്ങിയതോടെ കാടിനകത്ത് പന്നികള്‍ പെറ്റുപെരുകി. ഇതോടെയാണ് കൃഷിഭൂമികളിലേക്ക് പതിയെപ്പതിയെ പന്നികള്‍ വന്നുതുടങ്ങിയത്.