അപൂർണതയാണ് സൗന്ദര്യം
നിര്‍മ്മിത ബുദ്ധിയ്ക്ക് ഒരു നല്ല കവിതയോ, കഥയോ എഴുതാന്‍ കഴിയും. അത് പെര്‍ഫെക്ടുമായിരിക്കും പക്ഷെ ഒരു എഴുത്തുകാരന്റെ ഭാവനയില്‍ സൃഷ്ടിക്കപ്പെടുന്ന നോവലോ കഥയോ അപൂര്‍ണ്ണമായിരിക്കും .ആ അപൂര്‍ണ്ണതയാണ് അതിന്റെ സൗന്ദര്യം. നാളെ നിര്‍മ്മിത ബുദ്ധിയ്ക്ക് ഒരുപക്ഷെ ഇതിനപ്പുറത്തേയ്ക്ക് പലതും ചെയ്യാന്‍ കഴിയുമായിരിക്കും- എം. മുകുന്ദൻ പറയുന്നു.
ആറു പതിറ്റാണ്ടായി മലയാള സാഹിത്യത്തെ നവീകരിക്കുന്ന, ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഒരു എഴുത്തുകാരനാണ് താങ്കള്‍. ‘മയ്യഴി പുഴയുടെ തീരങ്ങളില്‍’ തുടങ്ങി ‘നിങ്ങള്‍’ വരെ എത്തി നില്‍ക്കുന്നു താങ്കളുടെ എഴുത്തു ജീവിതം. തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?
സ്വയം നവീകരിക്കുക എന്നതാണ് ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ വെല്ലുവിളി. ഞാന്‍ എന്നെത്തന്നെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു. സ്വയം നവീകരിക്കണമെങ്കില്‍ സര്‍ഗ്ഗാത്മകത ഉണ്ടാകണം. സര്‍ഗ്ഗാത്മകത ഉണ്ടെങ്കിലെ പുതിയ തലമുറയുടെ സെന്‍സിബിലിറ്റിയിലേക്ക് എത്താന്‍ കഴിയൂ
? മേല്‍വിലാസം നഷ്ടപ്പെട്ട മനുഷ്യന്റെ അസ് തിത്വവ്യഥകളായിരുന്നു ‘നൃത്തം’ എന്ന നോവലില്‍ താങ്കള്‍ ചിത്രീകരിച്ചത്? . മലയാള സാഹിത്യത്തില്‍ ഒരു സൈബര്‍ ഇടത്തെക്കുറിച്ച് എഴുതപ്പെട്ട ശക്തമായ ഒരു നോവലായിരുന്നു ഇത് എന്ന വാദത്തെ താങ്കള്‍ ഈ ഡിജിറ്റല്‍ മോഡോണിസ കാലഘട്ടത്തില്‍ എങ്ങനെ നോക്കികാണുന്നു?
മേല്‍വിലാസം നഷ്ടപ്പെട്ട മനുഷ്യന്റെ അസ്ഥിത്വ വ്യഥകളായിരുന്നു അതില്‍ ഞാന്‍ ചിത്രീകരിച്ചത് എന്നത് വാസ്തവമാണ്. മേല്‍വിലാസം നഷ്ടപ്പെടുന്ന ഒരാള്‍ക്കും മുഖമുണ്ടാവില്ല. അവന് സ്വത്വബോധവും പൗരത്വവും രാജ്യവുമെല്ലാം ക്രമേണ ഇല്ലാതാകുന്നു
‘കേശവന്റെ വിലാപം’ എന്ന നോവലെഴുതിയപ്പോള്‍ ഉണ്ടായ വിവാദങ്ങൾ?
‘കേശവന്റെ വിലാപം’ എന്ന നോവലെഴുതിയപ്പോള്‍ എനിക്ക് ധാരാളം വിമര്‍ശനങ്ങളും നല്ല വാക്കുകളും കേള്‍ക്കേണ്ടിവന്നു. ഞാനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നു വരെ പലരും പറഞ്ഞു. പക്ഷെ ഞാനൊരിക്കലും ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല. മറിച്ച് ഒരു വിശാല ഇടതുകാഴ്ചപ്പാടാണ് എനിക്ക് ഉണ്ടായിരുന്നത്. ഞാനൊരിക്കലും പാര്‍ട്ടി മെമ്പറായിരുന്നില്ല. കര്‍ണ്ണാടക ഇലക്ഷനില്‍ കോണ്‍ഗ്രസ്സ് ജയിച്ചപ്പോള്‍ ശ്രീ രമേശ് ചെന്നിത്തലയെ ഞാന്‍ ഫോണില്‍ വിളിച്ചു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒരുമിച്ച് നിന്ന് ഫാസിസത്തെ ചെറുക്കണമെന്നാണ് എന്റെ ആഗ്രഹം.
നിര്‍മ്മിത ബുദ്ധി ജീവിതത്തിന്റെ സകല മേഖലകളെയും കീഴ്‌പ്പെടുത്തുകയാണല്ലോ? ഒരു എഴുത്തുകാരനെന്ന നിലയില്‍ താങ്കള്‍ ഇതിനെ എങ്ങനെയാണ് അതിജീവിക്കുക?
നിര്‍മ്മിത ബുദ്ധിയ്ക്ക് ഒരു നല്ല കവിതയോ, കഥയോ എഴുതാന്‍ കഴിയും അത് പെര്‍ഫെക്ടുമായിരിക്കും പക്ഷെ ഒരു എഴുത്തുകാരന്റെ ഭാവനയില്‍ സൃഷ്ടിക്കപ്പെടുന്ന നോവലോ കഥയോ അപൂര്‍ണ്ണമായിരിക്കും .ആ അപൂര്‍ണ്ണതയാണ് അതിന്റെ സൗന്ദര്യം. അത് സൃഷ്ടിക്കാന്‍ ഒരുപക്ഷെ നിര്‍മ്മിത ബുദ്ധിയ്ക്ക് ആവില്ല. നിര്‍മ്മിത ബുദ്ധിയ്ക്ക് പരിമിതികളുണ്ട്. അത് അല്‍ഗോരിതങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നാളെ നിര്‍മ്മിത ബുദ്ധിയ്ക്ക് ഒരുപക്ഷെ ഇതിനപ്പുറത്തേയ്ക്ക് പലതും ചെയ്യാന്‍ കഴിയുമായിരിക്കും.
താങ്കള്‍ ഇപ്പോള്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എംബസിക്കാലം എഴുതിവരുകയാണല്ലോ. ഈ ആഭ്യന്തര പ്രവാസത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു?
എന്റെ ജീവിതത്തിന്റെ ദീര്‍ഘമായ ഒരു കാലഘട്ടം ഞാന്‍ പ്രവാസിയായിട്ടാണ് കഴിഞ്ഞത് .ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയിലായിരുന്നു എനിക്ക് ജോലി. അന്ന് എന്നോടൊപ്പം ഡല്‍ഹിയിലുണ്ടായിരുന്ന എഴുത്തുകാര്‍ എന്നെ കളിയാക്കി പറയുമായിരുന്നു. എനിക്ക് എംബസിയില്‍ ഒരു ജോലിയുമില്ല. ഭയങ്കര സുഖമാണെന്ന്. സത്യത്തില്‍ എംബസിയില്‍ ജോലി ലഭിച്ച ആദ്യനാളുകളില്‍ തിരക്ക് കുറവായിരുന്നു പക്ഷെ പിന്നെ അങ്ങോട്ട് കഠിനമായ ജോലിയായി. വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്ന അതിഥികളെ സ്വീകരിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. അന്ന് വിദേശത്ത് നിന്ന് വരുന്ന മിക്ക ഫ്‌ളൈറ്റുകളും ഡല്‍ഹിയിലെത്തുന്നത് രാത്രികാലങ്ങളിലായിരുന്നു. അതില്‍ വന്നിറങ്ങുന്ന അതിഥികളെയെല്ലാം ഉറക്കമെണീറ്റിരുന്ന് സ്വീകരിച്ച് അവര്‍ക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തുകൊടുത്ത് പലപ്പോഴും വളരെ വൈകിയാണ് വീട്ടിലെത്തിയിരുന്നത്. അതിനിടയില്‍ പ്രശ്‌സതരായ കലാകാരൻമാരെയും എഴുത്തുകാരെയും കാണാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമാണ്.
താങ്കള്‍ ദേശാഖ്യാനത്തില്‍ അതുല്യ പ്രതിഭ പ്രകടിപ്പിക്കുന്ന ആളാണ് ഡല്‍ഹിയെക്കുറിച്ചൊക്കെ അതിശക്തമായ ആഖ്യാനങ്ങളാണ് നടത്തിയിട്ടുള്ളതും. ‘ഡല്‍ഹി ഗാഥകള്‍’ എന്ന കൃതിയെ ഈ കാലത്തില്‍ ഒന്ന് സിറ്റുവേറ്റ് ചെയ്യാമോ?
പഴയ ഡല്‍ഹി ജീവിതം ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അത് എന്നെ ഡല്‍ഹിയെക്കുറിച്ച് എഴുതാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്റെ നോവലായ ‘ഡല്‍ഹി ഗാഥകള്‍’ 1960 മുതല്‍ അരനൂറ്റാണ്ടുകാലത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രമാണ് പറയുന്നത് .ഡല്‍ഹിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്രസംഭവങ്ങളും എങ്ങനെ ഇടപെടുന്നു എന്ന് ഞാന്‍ ആ നോവലില്‍ പറഞ്ഞിട്ടുണ്ട്.
പഴയ ഡല്‍ഹിക്കാലത്തെ ഒന്ന് ഓര്‍ത്തെടുക്കാമോ?
ഫ്രഞ്ച് എംബസിയില്‍ ജോലിലഭിച്ചതിനെതുടര്‍ന്നാണ് മാഹിക്കാരനായ ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. അന്ന് ഡല്‍ഹി ഇന്നത്തെപ്പോലെ ഭയപ്പെടുത്തുന്നതായിരുന്നില്ല. അന്ന് എന്നോടൊപ്പം അവിടെ മഹാപ്രതിഭകളായ പത്രപ്രവര്‍ത്തകരും എഴുത്തുകാരും ചിത്രകാരൻമാരും കാര്‍ട്ടൂണിസ്റ്റുകളും ഉണ്ടായിരുന്നു. ഉദാഹരണം ഒ.വി വിജയന്‍. വിജയന്‍ അന്ന് ഇന്ത്യയില്‍ തന്നെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റും കോളമിസ്റ്റുമാണ് പക്ഷെ മലയാളിക്ക് വിജയന്‍ ഇതിഹാസകാരനായ നോവലിസ്റ്റാണ്. ‘കരിമ്പാറ’ പോലുള്ള കഥകളെഴുതിയ ചെറുകഥാകൃത്താണ്. വിജയനെപ്പോലുള്ള പല മഹാപ്രതിഭകളും അന്ന് ഡല്‍ഹിയിലുണ്ടായിരുന്നു. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ കുലപതിയായ ശങ്കര്‍, പത്രപ്രവര്‍ത്തകനായ സി.പി.രാമചന്ദ്രന്‍, ഇടത്തട്ട നാരായണന്‍ തുടങ്ങി എത്രയോപേര്‍. അവരോടൊപ്പം എനിക്കും ജീവിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്.
താങ്കള്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ അനുകരിച്ച് പലരും വഴിതെറ്റിപ്പോയെന്ന് ഒരു ആക്ഷേപം നില നില്‍ക്കുന്നുണ്ട്. ഈ ആക്ഷേപത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ഒരു എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ പ്പോലെതന്നെ ഞാനും നടന്നു കൊള്ളണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എഴുത്തില്‍ ഞാന്‍ എന്നെ തന്നെ മറികടക്കാനും നവീകരിക്കാനുമാണ് എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ട്തന്നെയാണ് ഇന്നും ധാരാളം വായനക്കാര്‍ ഉള്ളതും ഞാന്‍ അവര്‍ക്കുവേണ്ടി എഴുതിക്കൊണ്ടിരിക്കുന്നതും. എന്റെ കാലത്ത് ഞാന്‍ കണ്ട ജീവിതങ്ങള്‍ ഞാന്‍ എന്റെ നോവലിലൂടെ പുന:സൃഷ്ടിച്ചു. ആ കഥാപാത്രങ്ങളുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കണമെന്നു പറയുന്നതില്‍ ഒരു ലോജിക്കുമില്ല. ഒരു പക്ഷെ ഞാന്‍ കണ്ട ജീര്‍ണ്ണതകളെ അല്ലെങ്കില്‍ ചീത്തവാസനകളെ ഞാന്‍ നോവലിലൂടെ പറയാന്‍ ശ്രമിച്ചു. അതുവായിച്ച ആളുകള്‍ കൂടുതല്‍ ജാഗ്രതയുള്ളവരായി തീര്‍ന്നിട്ടുണ്ട്. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇത്രയൊക്കെ ചെയ്യാനേ കഴിയൂ. എഴുത്തുകാരന്‍ ദൈവമല്ല. മനുഷ്യനാണ് മാനവീകതയാണ് അവന്റെ ദൈവം.
കേരളം ഫെസ്റ്റിവലുകളുടെ നാടാണ് പക്ഷെ പലപ്പോഴും അവയൊന്നും ഒട്ടുംതന്നെ ഫോക്കസ് ഡ് അല്ല. ‘ഹരിതം മുകുന്ദം’ എം.മുകുന്ദന്‍ എന്ന എഴുത്തുകാരനെ കേന്ദ്രീകരിച്ചിട്ടുള്ളതായിരുന്നല്ലോ?
വാസ്തവത്തില്‍ പ്രതാപന്‍ തായാട്ട് ‘ഹരിതം മുകുന്ദം’ എന്ന പരിപാടിയുമായി സമീപിച്ചപ്പോള്‍ ഇപ്പോള്‍ വേണ്ടന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ പ്രതാപന്റെ ഇച്ഛാശക്തിയ്ക്കുമുമ്പില്‍ അഥവാ ഭ്രാന്തിനുമുമ്പില്‍ എന്ത് പറയാന്‍? ഞാന്‍ സമ്മതിക്കുകയായിരുന്നു. അങ്ങനെ ഹരിതം മുകുന്ദം എന്ന പരിപാടി അനന്തപുരി ഏറ്റെടുത്തു. വാസ്തവത്തില്‍ അനന്തപുരിയിലെ വായനക്കാരും എഴുത്തുകാരും എനിക്കു തന്ന ഹൃദയം നിറഞ്ഞ പിന്തുണ എന്നെ അത്ഭുതപ്പെടുത്തി. ഈ രണ്ടുനാളുകളിലേയും ‘ഹരിതം മുകുന്ദം’ പരിപാടിയും നിറഞ്ഞു കവിഞ്ഞ സദസ്സും എന്നെ സന്തോഷിപ്പിച്ചു. സാധാരണ വായനക്കാരുമായും വിദ്യാര്‍ത്ഥികളുമായും പ്രശസ് തരായ എഴുത്തുകാരുമായും സംവദിക്കാനും അവരെ കേള്‍ക്കാനും കാണാനും എല്ലാം സാധിച്ചു. എന്റെ വിചാരം ഞാനൊരു മിന്നാമിനുങ്ങാണ് എന്നായിരുന്നു. പക്ഷെ അനന്തപുരിയുടെ പ്രൗഢമായ സദസ്സ് ഞാനൊരു നക്ഷത്രമാണെന്ന് എനിക്ക് പറഞ്ഞു തന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹരിതം മുകുന്ദം പരിപാടി ഉദ്ഘാടനം ചെയ്തത്.
അദ്ദേഹത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന പ്രസംഗം എന്റെ എഴുത്തു ജീവിതത്തിന്റെ ഓരോ നാഴികകല്ലും അടയാളപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു.
മുകുന്ദനെന്ന എഴുത്തുകാരന്റെ പുറകില്‍ ശക്തമായ പിന്തുണയുമായിഎന്നും ഭാര്യയുണ്ടായിരുന്നു. ആ പിന്‍ബലത്തെക്കുറിച്ച് ഒന്ന് പറയാമോ?
എന്റെ ഭാര്യയുടെ പിന്തുണ എന്റെ എഴുത്തു ജീവിതത്തിന് ശക്തമായ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ കുട്ടികളെ നന്നായി നോക്കി വളര്‍ത്തിയത് എന്റെ ഭാര്യയാണ്. ആ കാര്യങ്ങളിലൊന്നും എനിക്ക് യാതൊരു ടെന്‍ഷനുമില്ലായിരുന്നു. എന്റെ എഴുത്തു ജീവിതത്തില്‍ എന്റെ ഭാര്യയുടെ സംഭാവന വളരെ വലുതാണ്. അവര്‍ എന്നെ യാതൊരു വിധത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ല. എല്ലാ പിന്തുണയും നല്‍കി നിഴലുപോലെ കൂടെ നിന്നു. എംബസിയില്‍ ജോലിയായതുകൊണ്ട് ധാരാളം വിദേശികള്‍ പങ്കെടുക്കുന്ന പാര്‍ട്ടികളില്‍ എനിക്ക് പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ധാരാളം വിദേശ ഭക്ഷണങ്ങളും ഡ്രിങ്ക്‌സുകളും കഴിക്കേണ്ടിയും വന്നിട്ടുണ്ട് പക്ഷെ പാര്‍ട്ടിയൊക്കെ കഴിഞ്ഞ് വളരെ വൈകി വീട്ടിലെത്തിയാല്‍ എനിക്ക് എന്റെ ഭാര്യ വച്ചുണ്ടാക്കിയ ഒരുപിടി ചോറും മീന്‍കറിയും നിര്‍ബന്ധമായിരുന്നു. ഞാന്‍ എഴുത്തില്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് എന്റെ ഭാര്യയ്ക്കും കൂടി അവകാശപ്പെട്ടതാണ്.
സമകാലിക സാഹിത്യത്തോടൊപ്പം സഞ്ചരിക്കുന്ന ആളാണല്ലോ താങ്കള്‍ ഒരു മുതിര്‍ന്ന എഴുത്തുകാരനെന്ന നിലയില്‍ മലയാള സാഹിത്യത്തിന്റെ ഭാവി ഒന്ന് നിര്‍വചിക്കാമോ?
മലയാളസാഹിത്യത്തിന്റെ ഭാവി പറച്ചിലുകാരനാകാന്‍ ഞാന്‍ ആളല്ല. അതൊക്കെ നിരൂപകൻമാരും വായനക്കാരും നിശ്ചയിക്കട്ടെ.