കര്‍ണാടകയുടെ പാഠം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ണാടക ഒരു പാഠപുസ്തകമായി മാറി. കോണ്‍ഗ്രസ്സിന് അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ബിജെപിയ്ക്ക് ചില നല്ല കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് മനസ്സിലാക്കിക്കൊടുത്തു. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനും കേന്ദ്രത്തിലെ നരേന്ദ്രമോദിസര്‍ക്കാരിനും അത് ചൂണ്ട്‌വിരലാണ്. പാഠം പഠിക്കേണ്ടവര്‍ അത് പഠിച്ചാല്‍ അവര്‍ക്കും സമൂഹത്തിനും ഗുണകരമായിരിക്കും.

സമകാലിക രാഷ്ട്രീയ സംഭവങ്ങളില്‍ ഏറെ പറഞ്ഞും ദൃശ്യവത്കരിച്ചും കേട്ടതും കണ്ടതുമായ കഥയാണ് കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പും അതിന്റെ ഫലങ്ങളും തുടര്‍നാടകങ്ങളും.

മെലോഡ്രാമ പോലെ വൈകാരികത മുറ്റിയ മത്സരവും മുഖ്യമന്ത്രി കസേര ഉറപ്പിക്കലും അതിനെ കൂടുതല്‍ ഉദ്വേഗജനകമാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ണാടക ഒരു പാഠപുസ്തകമായി മാറി. കോണ്‍ഗ്രസ്സിന് അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ബിജെപിയ്ക്ക് ചില നല്ല കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് മനസ്സിലാക്കിക്കൊടുത്തു. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനും കേന്ദ്രത്തിലെ നരേന്ദ്രമോദിസര്‍ക്കാരിനും അത് ചൂണ്ട്‌വിരലാണ്. പാഠം പഠിക്കേണ്ടവര്‍ അത് പഠിച്ചാല്‍ അവര്‍ക്കും സമൂഹത്തിനും ഗുണകരമായിരിക്കും.

അധികാര ഗര്‍വും അഹങ്കാരവും ആരെയും അധികകാലം അധികാരത്തില്‍ വാഴ്ത്തില്ല. അഴിമതി ഒരു പാര്‍ട്ടിയെ തുടച്ചുമാറ്റുന്ന ചുഴലിക്കാറ്റാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ജന ക്ഷേമത്തിന് ഉതകുന്ന ഭരണകര്‍ത്താക്കളെയാണ്. നിലവിലുള്ളവര്‍ അതിന് തയ്യാറല്ലെങ്കില്‍ പകരം ബദലുകളെ കണ്ടെത്താന്‍ ജനങ്ങള്‍ക്ക് എളുപ്പമാണ്.

അധികാര ഗര്‍വും അഹങ്കാരവും ആരെ യും അധികകാലം അധികാരത്തില്‍ വാഴ്ത്തില്ല. അഴിമതി ഒരു പാര്‍ട്ടിയെ തുടച്ചുമാറ്റുന്ന ചുഴലിക്കാറ്റാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ജന ക്ഷേമത്തിന് ഉതകുന്ന ഭരണകര്‍ത്താക്കളെയാണ്. നിലവിലുള്ളവര്‍ അതിന് തയ്യാറല്ലെങ്കില്‍ പകരം ബദലുകളെ കണ്ടെത്താന്‍ ജനങ്ങള്‍ക്ക് എളുപ്പമാണ്. ജനങ്ങള്‍ എതിരായാല്‍ അതിന്റെ അടിയൊഴുക്കില്‍ അടിപതറാതെ നില്‍ക്കാന്‍ ഒരു ഭരണാധികാരിക്കുമാവില്ല.

അസാധാരണമായ ഊര്‍ജ്ജത്തെ ഉള്ളില്‍ പേറുന്നവരാണ് ഇന്ത്യക്കാര്‍. ഇതിന് മുമ്പ് പലവട്ടം അവര്‍ അത് തെളിയിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമിതാധികാര പ്രയോഗം നടത്തിയ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ തോറ്റു. അര്‍ദ്ധരാത്രിയിലാണ് എന്റെ സുഹൃത്ത് എന്റെ വീട്ടിലേയ്ക്ക് ഓടി വന്ന് ‘ഇന്ദിര തോറ്റു’ എന്ന് വിളിച്ചു പറഞ്ഞത്. ആഹ്ളാദം കൊണ്ട് ഞങ്ങള്‍ വീടിനു ചുറ്റും ഓടി നടന്നു. പിന്നെ അയല്‍പക്കത്തുള്ള മറ്റ് സുഹൃത്തുക്കളെ വിളിച്ചുണര്‍ത്തി. പിന്നീട് അതൊരു കാര്‍ണിവല്‍ ഉത്‌സവം പോലെ വളര്‍ന്നു. കോണ്‍ഗ്രസ്സിന്റെ തോല്‍വിയല്ല ഞങ്ങള്‍ ആഘോഷിച്ചത്. സ്വേച്ഛാധിപത്യത്തിന്റെ പരാജയമാണ്. ഞങ്ങളെ ചിരിപ്പിച്ചതും തുള്ളിച്ചാടിച്ചതും അതെ; സ്വോച്ഛാധിപത്യം പരാജയപ്പെടുമ്പോള്‍ മനുഷ്യര്‍ ആഹ്ളാദം കൊള്ളും. ഏകാധിപത്യത്തിന്റെ കുലപതി കള്‍ മറിഞ്ഞു വീഴുമ്പോള്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവുകയാണ്. അതാണ് അവരുടെ ആഹ്ളാദം .

കേരളം ഈ തെരഞ്ഞെടുപ്പിനെ വായിച്ചതും മറ്റൊരു തരത്തിലായിരുന്നില്ല. പെട്രോളിനും ഡീസലിനും മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലാത്ത വില കേരളം കൊടുക്കേണ്ടി വരുന്നത് കേരളത്തിലെ ജനങ്ങള്‍ ആഹ്ളാദിക്കുന്ന കാര്യമല്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തില്‍ ഏറിയപ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരോട് പറഞ്ഞത് ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നായിരുന്നു. അതിനാല്‍ ഫയലുകള്‍ വേഗം തീര്‍പ്പാക്കി ആ ജീവനെ ജീവിക്കാന്‍ പ്രാപ്തമാക്കണമെന്നായിരുന്നു. പക്ഷെ സെക്രട്ടേറിയറ്റിന് ഹൃദയമില്ലാത്തതുകൊണ്ട് ഫയലുകള്‍ മുഖ്യമന്ത്രി ആഗ്രഹിച്ച പ്രകാരം നീങ്ങിയില്ല. ഉദ്യോഗസ്ഥര്‍ ജനവിരുദ്ധമായ ബ്യൂറോക്രാറ്റുകളായി നിലനിന്നു. സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫീസിന്റെ പടികയറി എത്തുന്നത് അവന്റെ പ്രശ്‌നം പരിഹരിക്കാനാണ്. ഉദ്യോഗസ്ഥര്‍ അവരോട് പെരുമാറുന്നത് സ്വതസിദ്ധമായ നിര്‍വികാരതയോടു കൂടിയാണ്.

എങ്ങിനെ ജനങ്ങളുടെ ആവശ്യങ്ങളെ നടത്തിക്കൊടുക്കാതിരിക്കാന്‍ കഴിയും എന്നാണ് അവര്‍ ചിന്തിക്കുന്നത്. നിയമവും നടപടിക്രമങ്ങളും പ്രശ്‌നം സങ്കീര്‍ണമാക്കാനാണ് അവര്‍ ഉപയോഗിക്കുന്നത്. കുറച്ച് നല്ല ഉദ്യോഗസ്ഥര്‍ ഉണ്ട്. പക്ഷെ അവരുടെ എണ്ണം കുറവാണ്. അതിനാല്‍ ഉദ്യോഗസ്ഥ ലോബി ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.

മുൻ മുഖ്യമന്ത്രിമാരായ യെദ്യൂരപ്പയും ബാസവരാജ് ബൊമ്മെയും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തില്‍ തുടര്‍ന്നപ്പോഴും അദ്ദേഹത്തിന് ഫയലുകളിലെ ജീവിതങ്ങളെ ആശ്വാസിപ്പിക്കാനായില്ല. ഉദ്യോഗസ്ഥര്‍ പറയുന്നത് അദ്ദേഹം വിശ്വസിക്കുന്നു. പോലീസ് മുഖ്യമന്ത്രിയോട് പറഞ്ഞു നാല്പതോളം വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കണം എങ്കിലേ സുരക്ഷിതനാവൂ. അതും അദ്ദേഹം കേട്ടു. പുതിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പറഞ്ഞത് ജനങ്ങളുടെ വഴിയടച്ച് മുഖ്യമന്ത്രി സഞ്ചരിക്കുന്ന സുരക്ഷാസംവിധാനം തനിക്ക് വേണ്ട എന്നായിരുന്നു. ഇതിനെ ജനങ്ങള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. സുരക്ഷയുടെ പേരില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ഡല്‍ഹിയിലാണ്. അവിടെ സ്വദേശി വിഐപിയും വിദേശ വിഐപിയും എപ്പോഴാണ് പ്രത്യക്ഷപ്പെടുക എന്നറിയില്ല. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴി അടഞ്ഞിരിക്കുന്നു എന്നത് മനസ്സിലാക്കുമ്പോഴാണ് വിഐപി എഴുന്നള്ളുന്നത് എന്ന് ജനങ്ങള്‍ അറിയുന്നത്. ഈ വി.ഐ.പി. കള്‍ച്ചര്‍ ജനവിരുദ്ധമാണ്. ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടത്തെ തന്നെ തുടച്ചു മാറ്റും. കര്‍ണാടകയുടെ പാഠം അതു കൂടിയാണ്.

അഴിമതിക്കെതിരെയുള്ള വിധി

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഭരണകക്ഷികള്‍ നിലംപൊത്തിയത് അഴിമതിക്കെതിരെ ജനങ്ങള്‍ ആഞ്ഞടിച്ചതിന്റെ ഫലമായിട്ടായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം അവസാനിച്ചത് അഴിമതി ആരോപണങ്ങളുടെ പെരുമഴ പെയ്തപ്പോളാണ്. ജനങ്ങള്‍ എല്ലാം മറന്ന് ഭരണമേല്പിക്കുമ്പോള്‍ ഭരണനേതൃത്വം ആ വിശ്വാസത്തെ കാത്തു സൂക്ഷിക്കണം. എന്നാല്‍ കര്‍ണാടകത്തില്‍ ബിജെപിക്ക് അതിന് കഴിഞ്ഞില്ല. യെദ്യൂരപ്പയെ മാറ്റി മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മെയ്ക്ക് അഴിമതി നിയന്ത്രിക്കാനായില്ല. ബിജെപി സര്‍ക്കാര്‍ അറിയപ്പെട്ടത് അഴിമതി സര്‍ക്കാര്‍ എന്നത് സല്‍പ്പേരല്ല എന്ന് ബിജെപി തന്നെ തിരിച്ചറിഞ്ഞത് തോല്‍വിയില്‍ അവര്‍ മുങ്ങിയപ്പോഴാണ്. ഏത് കരാറിലും നാല്പതു ശതമാനം കമ്മീഷന്‍ എന്നത് കര്‍ണാടകയുടെ ദുരന്തമായി. അഴിമതിക്കേസില്‍ ബിജെപി നേതാവ് വിരുപായപ്പ അറസ്റ്റിലായി. ബില്ല് മാറാന്‍ കരാറുകാരന് കമ്മീഷന്‍ കൊടുക്കാന്‍ ഇല്ലാത്തതിന്റെപേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലം സൂചിപ്പിക്കുന്നത് അഴിമതി നടത്തുന്നവരെ തൂത്തെറിയാന്‍ ജനങ്ങള്‍ ഒരുമിച്ചിറങ്ങുമെന്നാണ്. ജനാധിപത്യ രാഷ്ട്രീയ സംവിധാനങ്ങളില്‍ ജനങ്ങള്‍ പവര്‍ഫുള്‍ ആകുന്നത് അഴിമതിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു കൊണ്ടാണ്. മറ്റൊന്ന് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളുടെ രാഷ്ട്രീയ ചരിത്രം അഴിമതിയുടേതായിരുന്നു എന്നതാണ്. രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം മുന്‍വാതിലിലൂടെ തന്നെ കൊണ്ടുവരികയാണ് ബിജെപി ചെയ്തത്. 2018ലെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. 104 സീറ്റു നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ഗവര്‍ണര്‍ ക്ഷണിച്ചതനുസരിച്ച് വലിയ ഒറ്റക്കഷിയുടെ നേതാവായ ബി.എസ്. യെദ്യൂരപ്പയെ ഗവര്‍ണര്‍ മുഖ്യമന്ത്രിയാവാന്‍ ക്ഷണിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായി. വിശ്വാസ വോട്ടെടുപ്പില്‍ യെദ്യൂരപ്പ തോറ്റു. പകരം ദളും കോണ്‍ഗസ്സും ഒരുമിച്ച് ചേര്‍ന്ന് ഭരണം പിടിച്ചു. അധികാര തര്‍ക്കം ആ സര്‍ക്കാരിനെ വീഴ്ത്തി. ഓപ്പറേഷന്‍ കമല എന്ന പേരില്‍ ബിജെപി നടത്തിയ കുതിര കച്ചവടം കോണ്‍ഗ്രസ് എംഎല്‍എ മാരെ ബിജെപിയിലെത്തിച്ചു. ജനവിധി അട്ടിമറിച്ച് ബിജെപി നടത്തിയ കുതിരക്കച്ചവടം അവരെ കര്‍ണാടകയുടെ ഭരണാധികാരികളാക്കി. ഇതൊരു തെറ്റായ പ്രവണതയായിരുന്നു. പണം കൊണ്ടും മസില്‍ പവര്‍ കൊണ്ടും കുതിരക്കച്ചവടത്തെ ഓപ്പറേഷന്‍ കമല എന്ന പേരിട്ടു രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുന്നത് അധാര്‍മ്മികമാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അവര്‍ അത് വ്യക്തമാക്കി.

ഡി. കെ ശിവകുമാറും മുഖ്യ മന്ത്രി സിദ്ധരാമയ്യയും

എന്തുകൊണ്ട്
സിദ്ധരാമയ്യ?

കര്‍ണാടകയുടെ മുഖ്യമന്ത്രിയായത് മാന്‍ ഓഫ് ദി മാച്ച് എന്ന പലരും വിശേഷിപ്പിച്ച ഡി.കെ. ശിവകുമാറല്ല പകരം ജനകീയനായ സിദ്ധരാമയ്യയാണ്. തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ തന്നെ വേണ്ടി വന്നു. 135 സീറ്റ് നേടി വിജയിച്ച കോണ്‍ഗ്രസ്സിന്റെ മുന്നില്‍ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി പദത്തിനു വേണ്ടിയുള്ള അവകാശവാദം ഉന്നയിച്ചു. 2019-ല്‍ ആളൊഴിഞ്ഞു പോയ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച തനിക്ക് പകരം പാര്‍ട്ടി മുഖ്യമന്ത്രി പദവി നല്‍കി അംഗീകരിക്കണം എന്നായിരുന്നു ശിവകുമാറിന്റെ ആവശ്യം. അതേ സമയം ബഹുഭൂരിപക്ഷം എം.എല്‍.എ.മാരുടെ പിന്തുണയുള്ള തന്നെ മുഖ്യമന്ത്രിയാക്കണം എന്ന് സിദ്ധരാമയ്യയും വാദിച്ചു. സിദ്ധരാമയ്യയ്ക്ക് ഉറപ്പു നല്‍കിയിരുന്നത് രാഹുല്‍ഗാന്ധിയായിരുന്നു. ശിവകുമാറിന് മുഖ്യമന്ത്രിപദം ഉറപ്പ് നല്‍കിയിരുന്നത് സോണിയ ഗാന്ധിയും. പ്രശ്‌നത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജു ഖര്‍ഗെയും മറ്റ് നേതാക്കളും ഇടപെട്ടു.

ഇത് കോണ്‍ഗ്രസ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രതീകമാണ് എന്നവര്‍ തിരിച്ചറിഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും സംഭവിച്ച ദുരന്തം കര്‍ണാടകയില്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മധ്യപ്രദേശ് കോണ്‍ഗ്രസ് കൈകളില്‍ നിന്ന് വഴുതിപ്പോയത് കോണ്‍ഗ്രസ് നേതൃത്വം നോക്കുകുത്തിയായി നിന്നത് കൊണ്ടായിരുന്നു. സമാന സാഹചര്യം രാജസ്ഥാനിലും നിലനില്‍ക്കുന്നു. രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ മധ്യപ്രദേശില്‍ അത് കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കമായിരുന്നു. അത് കര്‍ണാടകയില്‍ ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ് നിലംപതിക്കാം എന്ന തിരിച്ചറിവ് കൂട്ടായ ചര്‍ച്ചയിലേക്ക് കാര്യങ്ങളെ കൊണ്ടുപോയി. തനിക്കാണ് ഭൂരിപക്ഷം എന്ന സിദ്ധരാമയ്യയുടെ വാദത്തെ ശിവകുമാര്‍ നേരിട്ടത് ‘ധീരതയുടെ പ്രതീകമായ ഒറ്റയാളാണ് ഭൂരിപക്ഷം’ എന്നു പറഞ്ഞുകൊണ്ടായിരുന്നു. മല്ലികാര്‍ജ്ജുന ഖാര്‍ഗെ എല്ലാവരുമായും ചര്‍ച്ച ചെയ്തു. രണ്‍ദീപ് സുര്‍ജെവാലയും മറ്റ് നേതാക്കളും എം.എല്‍.എ മാരുടെ മനമറിഞ്ഞു. രഹസ്യബാലറ്റ് വഴി 80% എം.എല്‍.എ മാരും സിദ്ധരാമയ്യക്കൊപ്പമായിരുന്നു. പക്ഷെ ശിവകുമാര്‍ പാര്‍ട്ടിയുടെ നട്ടെല്ലായിരുന്നു. സിദ്ധരാമയ്യ ജനകീയ മുഖവും ശിവകുമാര്‍ സംഘടനയുടെ സര്‍വ്വസൈന്യാധിപനും. ഇരുവരും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് അജയ്യര്‍. ഈ തിരിച്ചറിവാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയുമായി അവരോധിക്കാന്‍ ഹൈക്കമാന്റിന് ഊര്‍ജ്ജം പകര്‍ന്നത്.

കര്‍ണാടകയുടെ ജനകീയ മുഖമാണ് പിന്നാക്ക സമുദായ അംഗമായ സിദ്ധരാമയ്യ. അദ്ദേഹം ദൈവിശ്വാസിയല്ല. ക്ഷേത്രങ്ങളിലോ ആരാധനാ സ്ഥലങ്ങളിലോ സിദ്ധരാമയ്യയെ കാണാനാവില്ല. എന്നാല്‍ ഉത്സവപറമ്പുകളില്‍ അദ്ദേഹം സാധാരണക്കാര്‍ക്കൊപ്പം നൃത്തം വെക്കും. ഭക്ഷണം ഓരോ മനുഷ്യന്റെയും ചോയിസാണെന്ന് വിശ്വസിക്കുന്ന സിദ്ധരാമയ്യ ബീഫ് നിരോധനം വന്നപ്പോള്‍ ചോദിച്ചത്. ബീഫ് കഴിക്കുന്നത് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്? എന്നായിരുന്നു. അദ്ദേഹം പറഞ്ഞു ”ഞാന്‍ ഒരു ഹിന്ദുവാണ്. ഞാന്‍ ഇതുവരെ ബിഫ് കഴിച്ചിട്ടില്ല. എനിക്ക് വേണമെന്നു തോന്നുമ്പോള്‍ ഞാനത് കഴിക്കും. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്?” ബീഫ് കഴിക്കുന്നവര്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരല്ല. ഹിന്ദുക്കള്‍ പോലും ബീഫ് കഴിക്കും. ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ക്കവകാശമില്ല. ഈ നിലപാടിന് കര്‍ണാടകയില്‍ ജനകീയ സ്വീകാര്യത ലഭിച്ചു.

ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് സമൂഹത്തിലെ സമ്പന്നരെ മാത്രം ലക്ഷ്യം വെക്കുന്ന ഭരണവികസന നയങ്ങള്‍ ജനങ്ങള്‍ തള്ളുമെന്നാണ്. മുമ്പ് ബി.ജെ.പി ‘ഇന്ത്യ തിളങ്ങുന്നു’ എന്ന് പരസ്യം ചെയ്ത് തോറ്റത് ചരിത്രമാണ്. ഇന്ത്യ ബിജെപി ഭരണത്തില്‍ സമ്പന്നരെ, കോര്‍പ്പറേറ്റുകളെ വളര്‍ത്തി വലുതാക്കുമ്പോള്‍ ദരിദ്രര്‍ ജീവിക്കാന്‍ പരിശ്രമിച്ച് പരാജയപ്പെടുകയാണ്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രീ സര്‍വ്വേകളില്‍ വ്യക്തമായ ഒരു കാര്യം പ്രമുഖ സെഫോളജിസ്റ്റ് യോഗേന്ദ്രയാദവ് വെളിപ്പെടുത്തിയിരുന്നു. സര്‍വേ വ്യക്തമാക്കിയത് ഉയര്‍ന്ന സമ്പന്ന വിഭാഗങ്ങളില്‍ ബിജെപി 13 പോയിന്റ് കോണ്‍ഗ്രസ്സിനെക്കാള്‍ മുന്നിലാണ് എന്നാണ്. അതേ സമയം ദരിദ്രരില്‍ 14 പോയിന്റ് കോണ്‍ഗ്രസ് മുന്നിലെത്തി. അതിദരിദ്രരില്‍ 20 പോയിന്റാണ് കോണ്‍ഗ്രസ് മേധാവിത്വം പുലര്‍ത്തിയത്. ഈ വിജയത്തില്‍ തീര്‍ച്ചയായിട്ടും ദരിദ്രരും അതിദരിദ്രരും കോണ്‍ഗ്രസ്സിന്റെ ശക്തിയായി മാറി.
ഇന്ത്യയുടെ സാമ്പത്തിക യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാത്ത ഒരു രാഷ്ട്രീയ കക്ഷിയും ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കൈയാളാന്‍ അധികകാലം ആഗ്രഹിച്ചിട്ട് കാര്യമില്ല. മഹാത്മാഗാന്ധി പറഞ്ഞത് ഇന്നും യാഥാര്‍ത്ഥ്യമാണ് .ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. പെട്രോള്‍-ഡീസല്‍ വിലകളെ ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മാറ്റുമ്പോള്‍ സാധാരണക്കാരന്‍ ജീവിക്കാന്‍ ബുദ്ധിമുട്ടി കിതച്ചു നില്‍ക്കുകയാണ്. പാചകവാതക സിലണ്ടറിന് 1150 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ പരാതി പറയാന്‍ പോലും ശേഷിയില്ലാതെ ജനം നിസഹായരായി. ഹിജാബും ഹലാലും ഹിന്ദുത്വവുമൊന്നുമല്ല ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. അത് വിലക്കയറ്റവും തൊഴിലില്ലായ്മയും തന്നെയാണ്. അതിനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിസംബോധന ചെയ്യേണ്ടത്.
നാല് പ്രധാന വാഗ് ദ്ധാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. അത് ക്ഷേമരാഷ്ട്ര സങ്കല്‍പത്തിന്റെ അരിക് പറ്റി നല്‍കിയ വാഗ് ദ്ധാനങ്ങൾ ആയിരുന്നു. വെല്‍ഫെയര്‍ സ്റ്റേറ്റ് എന്നതാണ് ആധുനിക ജനാധിപത്യത്തിന്റെ ആവശ്യം. ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ എന്നത് സാധാരണക്കാരുടെ കുടുംബങ്ങളുടെ കണ്ണീര് തുടക്കാന്‍ പര്യാപ്തമാണ്. ഓരോ വീടിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി മറ്റൊരു ആശ്വാസമാണ്. സംസ്ഥാനത്തെങ്ങും സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് ടിക്കറ്റ്. തെരഞ്ഞെടുപ്പില്‍ എന്ത് ചര്‍ച്ച ചെയ്യണം എന്ന് കര്‍ണാടക പഠിപ്പിക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍. അതെ, ജീവല്‍ പ്രശ്‌നങ്ങളാണ് ഏറ്റവും പ്രമുഖമായത്.

ഹനുമാന്‍ ചാലിസ

ഹനുമാന്‍ പൂജയും പ്രാര്‍ത്ഥനയും ബിജെപിയുടെ ഭരണം ഉറപ്പുവരുത്താന്‍ പ്രാപ്തിയുള്ളതായിരുന്നില്ല. ഹനുമാന്‍ സഹായിച്ചത് ബിജെപിയയെല്ല കോണ്‍ഗ്രസ്സിനെ ആയിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം വിതച്ച് വിജയം നേടാനാവുമെന്നാണ് ബിജെപി കരുതിയത്. കര്‍ണാടകയിലെ ദാര്‍വാര്‍ഡില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദു തീവ്രവാദികള്‍ പ്രൊഫ. എം.എം.കല്‍ബുര്‍ഗിയെ വീട്ടില്‍ കടന്നു ചെന്ന് വെടിവെച്ചു കൊന്നു. കന്നട സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു അദ്ദേഹം. യുക്തി ചിന്തയില്‍ അടിയുറച്ച് എല്ലാ കാര്യങ്ങളെയും ശാസ്ത്ര മനസോടെ കണ്ടിരുന്ന ആ പണ്ഡിതനെ വധിച്ചവര്‍ പിന്നീട് വെടിവെച്ചു കൊന്നത് ഗൗരിലങ്കേഷിനെയായിരുന്നു. ഈ ഹിന്ദു തീവ്രവാദത്തിനെതിരായ നിലപാടാണ് ബജരംഗ് ദളിനെ നിരോധിക്കുമെന്ന് പറയാന്‍ കോണ്‍ഗ്രസ്സിനെ തെരഞ്ഞെടുപ്പ് കാലത്ത് ശക്തമാക്കിയത്. പക്ഷെ ബിജെപി അത് ഹനുമാന്‍ വിരുദ്ധതയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ണാടക നല്‍കിയ സന്ദേശം ഇതിലുണ്ട്. ഇന്ത്യയുടെ ബഹുസ്വര രാഷ്ട്രീയം ഇന്ത്യയുടെ ശക്തിയാണ്. ഹിന്ദുത്വവാദം കൊണ്ട് അതിനെ മറക്കാനാവില്ല. ഇന്ത്യയുടെ പാഠ്യപദ്ധതിയില്‍ നിന്ന് മുഗളഭരണകാലം വെട്ടി മാറ്റുന്നത് ചരിത്രനിഷേധമാണ്. അതുവഴി നിര്‍മിക്കാന്‍ ശ്രമിക്കുന്ന മുസ്ലീംവിരുദ്ധതയും ഇന്ത്യന്‍ വൈവിധ്യത്തിന് എതിരാണ്. മുസ്ലീങ്ങല്‍ക്ക് നല്‍കിയിരുന്ന നാല് ശതമാനം സംവരണം വെട്ടിക്കളഞ്ഞു. മുസ്ലീം വിരുദ്ധത വര്‍ദ്ധിപ്പിച്ച് ഹിന്ദു ഏകീകരണത്തിന് വേണ്ടിയായിരുന്നു. പക്ഷെ അതെല്ലാം ജനങ്ങള്‍ കൂട്ടമായി എതിര്‍ത്തു തോല്പിക്കുകയായിരുന്നു.

ദക്ഷിണേന്ത്യയുടെ
വേറിട്ട ഐഡന്റിറ്റി

കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യത്തിന്റെ ബദലാണ് ബിജെപി മുക്ത ദക്ഷിണേന്ത്യ. ഉത്തര ഇന്ത്യയും ദക്ഷിണ ഇന്ത്യയും രണ്ട് സംസ്‌കാരങ്ങളുടെ പ്രതീകമാണ്. ഒന്ന് വോള്‍ഗ നദി കടന്നു വന്ന ആര്യന്മാരുടെ സംസ്‌കാരം. അവര്‍ മോഹന്‍ജദാരോവിലും ഹാരപ്പയിലുമുണ്ടായിരുന്ന തനതു ഭാരതീയ സംസ്‌കൃതിയെ അവിടെ നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കപ്പെട്ടവര്‍ ദക്ഷിണേന്ത്യയിലേക്ക് കുടിയേറുകയും ചെയ്തു. അവരാണ് പിന്നീട് ദ്രാവിഡിയന്‍ സംസ്‌കൃതിയായി വികസിച്ചത്. ഈ ദ്രാവീഡിയന്‍ സംസ്‌കാരത്തിന്റെ രാഷ്ട്രീയ നിലപാട് ദരിദ്രപക്ഷമാണ്. അതോടൊപ്പം അത് ബഹുസാംസ്‌കാരികവും ബഹുമതസാരിയുമാണ്. ഒരു രാഷ്ട്രം ഒരു ഭാഷ എന്ന അമിത്ഷായുടെ മുദ്രാവാക്യം ഹിന്ദി അടിച്ചേല്‍പ്പിക്കാനും ഹിന്ദി ആധിപത്യം സ്ഥാപിക്കാനുമുള്ള കൗശലമാണ് എന്ന് ദക്ഷിണേന്ത്യ തിരിച്ചറിയുന്നുണ്ട്. ഹിന്ദിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് തമിഴ്‌നാടാണ്. ആ തമിഴ് രാഷ്ട്രീയത്തില്‍ കടന്നു കയറാനാണ് ഇപ്പോള്‍ ചെങ്കോല്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ അധികാര കൈമാറ്റം മൗണ്ട് ബാറ്റണ്‍പ്രഭു നെഹ്‌റുവിന് ചെങ്കോല്‍ നല്‍കിയാണ് നിര്‍വഹിച്ചത്. അത് നിര്‍മ്മിച്ചത് തമിഴ്‌നാട്ടിലാണ്. അത് തമിഴന്റെ അഭിമാനമാണ്. അത് വഴി തമിഴ് മനസ്സിലേക്കുള്ള പുതുവഴി.

പക്ഷെ യഥാര്‍ത്ഥ പ്രശ്‌നം കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ അത് കോണ്‍ഗ്രസ്സായാലും ബിജെപി ആയാലും ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമാണ് കാണിച്ചിട്ടുള്ളത്. വികസനത്തിന് വേണ്ടി കേന്ദ്രം നീക്കിവെക്കുന്ന ഫണ്ട് ബഹുഭൂരിഭാഗവും പോകുന്നത് ഉത്തരേന്ത്യയിലേക്കാണ്. അതിനാല്‍ ദക്ഷിണേന്ത്യ വികസന കാര്യത്തില്‍ പിന്നിലാണ്. ഇതിന് മാറ്റം വരേണ്ട സമയമായി. അല്ലെങ്കില്‍ ഭാവിയില്‍ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും രണ്ട് ഭാഗങ്ങളായി മാറും. ഇന്ത്യയുടെ ബഹുസ്വരതയെ വിഴുങ്ങാന്‍ ആരെയും അനുവദിക്കരുത്. കേരളവും തമിഴ്‌നാടും കന്നടയും തെലുങ്കാനയും ആന്ധ്രയും ഇന്ത്യയില്‍ തന്നെയാണ്. അതിനാല്‍ തെക്കും വടക്കും തമ്മില്‍ വികസന കാര്യത്തില്‍ ഒരു സംതുലനം ആവശ്യമാണ്. ഇതൊരു മുന്നറിയിപ്പാണ് അത് തിരിച്ചറിയപ്പെടണം.

നെഞ്ചളവ് കൊണ്ട് നേടാനാവില്ല എല്ലാം.
രാഷ്ട്രീയത്തെ വിപണനം ചെയ്യുന്ന തന്ത്രം പുതിയതല്ല. മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ ലോകത്തെ പഠിപ്പിച്ച അമേരിക്ക ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷം വിഭജിക്കപ്പെട്ടപ്പോള്‍ പറഞ്ഞത് ‘ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തെ വിപണനം ചെയ്യാന്‍’ കഴിഞ്ഞില്ല എന്നായിരുന്നു. സ്വാതന്ത്ര്യത്തിന്റെ സാധ്യതയെ ജനങ്ങളുടെ ഇടയില്‍ വ്യാപകമായ തോതില്‍ പ്രചാരണം നടത്താനും സ്വീകരിപ്പിക്കാനും കഴിയാതെ പോയതുകൊണ്ടാണ് വിഭജനത്തിന്റെ ദുരന്തം പേറാന്‍ ഇന്ത്യ നിന്ന് കൊടുത്തത് എന്നായിരുന്നു. എന്തായാലും എന്തും വിറ്റഴിക്കലാണ് പ്രധാനം എന്ന് അവര്‍ ലോകത്തെ പഠിപ്പിച്ചു. ബിജെപി ആ സിദ്ധാന്തമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത്. ഇന്ത്യയില്‍ അധികാരം പിടിക്കാന്‍ അവര്‍ രൂപപ്പെടുത്തിയ ബ്രാന്റാണ് ‘മോദി’. അത് വന്‍ വിജയമായിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി ഓരോ അവതാരമായി മാറി. ആദ്യം മോദിയെ അവതരിപ്പിച്ചത് ‘ഗരീബോണ്‍ ക നേത’ എന്ന പരിവേഷത്തിലായിരുന്നു. ദരിദ്രരുടെ മിശിഹ. അത് നന്നായി വിറ്റഴിക്കപ്പെട്ടു. ബി.ജെ.പി വന്‍ വിജയം നേടി.

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും

അടുത്ത തെരഞ്ഞെടുപ്പില്‍ മോദി പുതിയ അവതാരമായി. ആ ബ്രാന്റ് നെയിം ‘ഹിന്ദുഹൃദയസാമ്രാട്ട്’ എന്നതായിരുന്നു. ഹിന്ദുക്കളുടെ തമ്പുരാന്‍. അതും വന്‍ വിജയം നേടി. മൂന്നാമതായി മോദി അവതരിപ്പിക്കപ്പെട്ടത് ‘വികാസ് പുരുഷ’നായിട്ടായിരുന്നു. വികസന നായകന്‍. ജനങ്ങള്‍ അതും ആവേശത്തോടെ സ്വീകരിച്ചു. അങ്ങിനെ നരേന്ദ്രമോദി ബിജെപിയുടെ വിജയമന്ത്രമായി മാറി. അതില്‍ നിന്ന് ബിജെപി നേതൃത്വം തെറ്റായ ഒരു വിലയിരുത്തലില്‍ എത്തി. ഏത് തെരഞ്ഞെടുപ്പും വിജയിക്കാനുള്ള വിജയമുദ്രയാണ് മോദി എന്ന് അവര്‍ വിലയിരുത്തി. ഇന്ത്യന്‍ മാധ്യമങ്ങളും അതിനെ പാടിപ്പുകഴ്ത്തി. മോദി മാജിക്കിനെക്കുറിച്ചവര്‍ വെണ്ടക്ക നിരത്തി. മോദിയുടെ നെഞ്ചളവ് കൊണ്ട് ഏത് തെരഞ്ഞെടുപ്പും ജയിക്കാം. പക്ഷെ കര്‍ണാടകയില്‍ മോദി മാജിക് പ്രവര്‍ത്തിച്ചില്ല. മാധ്യമങ്ങള്‍ എഴുതി മോദി മാജിക് മങ്ങി.

കര്‍ണാടകം ബിജെപിയെ പഠിപ്പിച്ചത് മോദിയുടെ നെഞ്ചളവ് കൊണ്ടുമാത്രം ഭരണത്തിലെത്താനാവില്ല എന്ന യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല ബിജെപിയുടെ ഇലക്ഷന്‍ തന്ത്രം കര്‍ണാടകയില്‍ വന്‍ പരാജയമായി മാറി. കര്‍ണാടക എന്നത് ഒരു സംസ്ഥാനമാണ്. ആ സംസ്ഥാനത്തുള്ള ജനങ്ങള്‍ക്ക് ഒരു ഭാഷയുണ്ട് ഒരു സംസ്‌കാരമുണ്ട്. അതിന് സ്വന്തമായ നേതൃത്വമാണ്. സ്വന്തം ജനതയുടെ ഐഡന്റിറ്റി കാത്തു സൂക്ഷിക്കാനും അതിനെ വികസിപ്പിക്കാനും കഴിയുന്ന നേതാവിനെയാണ് ജനങ്ങള്‍ക്കാവശ്യം. അവരുടെ മേല്‍ മോദിയുടെയും അമിത്ഷായുടെയും മുഖംമൂടി പതിപ്പിച്ചാല്‍ അത് ചുമന്നു നടക്കാനുള്ള അടിമത്വം അവര്‍ക്കില്ലെന്ന കാര്യം തിരിച്ചറിയണം. ഓരോ സംസ്ഥാനത്തും സംസ്ഥാന താല്പര്യം കാത്തുസൂക്ഷിക്കാന്‍ കരുത്തുള്ള നേതാക്കള്‍ വേണം. അവരെ അംഗീകരിക്കണം. പകരം മോദിയെ തെച്ചിക്കോട്ട് രാമചന്ദ്രനെ പോലെ എഴുന്നള്ളിച്ചാല്‍ ജനം മുഖം മറക്കും. മോദി കള്‍ട്ടു കൊണ്ട് എല്ലായിടവും വിജയിക്കാനാവില്ല. കര്‍ണാടകത്തില്‍ വിജയിക്കാന്‍ കര്‍ണാടക മോദി ആവശ്യമാണ്.

കോണ്‍ഗ്രസ് പഠിക്കണം

കഴിഞ്ഞ ദിവസം യൂത്ത്‌കോണ്‍ഗ്രസ് സമ്മേളനം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോടു പറഞ്ഞു കര്‍ണാടകയെ കണ്ടു പഠിക്കാന്‍. ആദ്യം ഭരണം പിടിക്കു അതിനു ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കാം. ഇത് മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനും ശശിതരൂരിനുമുള്ള സന്ദേശമാണ്. ജനങ്ങള്‍ വോട്ട് ചെയ്യുന്നത് ക്ഷേമരാഷ്ട്ര നിര്‍മ്മിതിക്കുവേണ്ടിയാണ്. അതൊരിക്കലും കോണ്‍ഗ്രസിലെ കാക്കതൊള്ളായിരം ഗ്രൂപ്പ് നേതാക്കള്‍ക്ക് വേണ്ടിയല്ല. ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയം ശക്തമായ ഭരണപക്ഷവും അതിനെക്കാള്‍ സമര്‍ത്ഥമായ പ്രതിപക്ഷവുമാണ്. ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനു വേണ്ടി അധികാരത്തര്‍ക്കങ്ങള്‍ നിരന്തര ചര്‍ച്ചയിലൂടെ പരിഹരിച്ച് ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തലാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വം. അത് കോണ്‍ഗ്രസ് പഠിക്കണം. കര്‍ണാടക സ്റ്റോറി അവര്‍ക്ക് വായിക്കാനുള്ളതാണ്.

Author

Scroll to top
Close
Browse Categories