സി.കേശവൻ: നീതിക്കായി ഉയിർകൊണ്ട ശബ്ദം

കോഴഞ്ചേരി പ്രസംഗത്തിന്റെ 88-ാം വാർഷികമായിരുന്നു മേയ് 11ന്

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തിരു–കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ മൂർച്ചയും തീക് ഷണതയും കാലാതിവർത്തിയായി അലയടിക്കുന്നു. നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന അദ്ദേഹം 1935 മേയ് 11 ന് കോഴഞ്ചേരിയിൽ ചെയ്ത സുപ്രധാന പ്രസംഗം തിരുവിതാംകൂർ രാഷ്ട്രീയത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തപ്പെട്ടതാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഉദ്ഘാടനമായിരുന്നുവെന്ന് അന്നത്തെ പ്രസംഗത്തെ വിശേഷിപ്പിക്കാവുന്നതാണ്. ജീവൻ പണയപ്പെടുത്തിക്കൊണ്ട് മാത്രമേ അന്ന് അങ്ങനെയൊരു പ്രസംഗം നടത്താൻ കഴിയുമായിരുന്നുള്ളു.

പ്രതാപശാലിയും ശക്തനുമായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ അന്ന് ദിവാൻ പദത്തിൽ പ്രവേശിച്ചിരുന്നില്ലെങ്കിലും തിരുവിതാംകൂർ മഹാരാജാവിന്റെ ഉപദേഷ്ടാവെന്ന നിലയിൽ ഭരണചക്രം തിരിക്കുന്നത് അദ്ദേഹമായിരുന്നുവെന്ന് അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ‘സർ സി. പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല, അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഒരു ഗുണവും ചെയ്യില്ല. ഈ വിദ്വാൻ ഇവിടെ വന്നതിൽ പിന്നെയാണ് തിരുവിതാംകൂർ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേര് പുറത്ത് പരന്നത്. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കില്ല’ ഇങ്ങനെ അസാമാന്യ ധൈര്യം കാട്ടിയ പ്രസംഗമാണ് സി. കേശവൻ നടത്തിയത്. ചേർത്തലയിലെ തൊഴിലാളികളെക്കുറിച്ച് താൻ അഭിമാനംകൊള്ളുന്നുവെന്നു പറഞ്ഞ സി. കേശവൻ, ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രസംഗം ഉപസംഹരിച്ചത്.

വസ്തുകരം വോട്ടവകാശത്തിന് മാനദ ണ്ഡമാക്കിയ 1932 ലെ ഭരണപരിഷ്‌കാര വിളംബരത്തിനു ശേഷവും ഭൂമി കൈവശമുണ്ടായിരുന്ന ക്രിസ്ത്യാനിക്കും ഈഴവനും മുസ്ലിമിനും വോട്ടവകാശം ലഭിച്ചിരുന്നില്ല. കാരണം അവർ കരം ഒടുക്കേണ്ടിയിരുന്നത് പഴയ ജന്മിമാരുടെ പേരിലായിരുന്നു. ഇതിലെ അനീതിക്കെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോഴഞ്ചേരി പ്രസംഗം. ക്രൈസ്തവ ജനസഭയുടെ ആഭിമുഖ്യത്തിൽ 1935 മേയ് 11 ന് കോഴഞ്ചേരിയിൽ ചേർന്ന ഈഴവ, ക്രൈസ്തവ, മുസ്ലിം രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സി.കേശവൻ.ബാരിസ്റ്റർ ജോർജ് ജോസഫ് ആയിരുന്നു അദ്ധ്യഷൻ. ഈഴവ-ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങളുടെ നേർക്കുള്ള സർക്കാരിന്റെ നയത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് 1935 ജൂൺ 7 ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്തു വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. പ്രസംഗിക്കുന്നതിനും രണ്ടു മാസത്തേക്ക് വിലക്കേർപ്പെടുത്തി. തുടർന്നുണ്ടായ സംഭവവികാസങ്ങൾ തിരുവിതാംകൂറിലെ സാമുദായിക-രാഷ്ട്രീയ സ്ഥിതിഗതികളിൽ വഴിത്തിരിവായിത്തീർന്നത് ചരിത്രം.

സി.കേശവൻ, പട്ടം താണുപിള്ള, ടി.എം വർഗ്ഗീസ് ത്രയങ്ങൾ തിരുവിതാംകൂറിലെ ജനങ്ങളെ ആവേശം കൊള്ളിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിന് ബീജാവാപം ചെയ്തതിലും അതിനായി മറ്റു നേതാക്കളെ മുന്നിട്ടിറക്കിയതിലും ധീരമായ പങ്കാണ് സി.കേശവൻ വഹിച്ചത്. പ്രക്ഷോഭണ രംഗത്തു നിന്ന് അധികാര പദവിയിലേക്ക് മാറിയപ്പോഴും പലർക്കും അനുഭവപ്പെടുന്നത് പോലെ ആദർശ ഭ്രംശം അദ്ദേഹത്തെ തീണ്ടിയില്ല. വരുംകാല കേരളം ഏതു വിധത്തിലാവണമെന്നു ചിന്തിക്കണമെങ്കിൽ പോയകാല കേരളം എങ്ങനെയായിരുന്നു എന്നു നാം അറിയണം. ആ ബോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നും കോഴഞ്ചേരി പ്രസംഗത്തിന് പ്രസക്തിയും സാംഗത്യവും ഏറുന്നത്.

അറസ്റ്റും തുറുങ്കിലടക്കലുമൊക്കെയുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് നാടിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾ മുൻനിർത്തി സി. കേശവൻ അന്ന് ആ പ്രസംഗം നടത്തിയത്.

ഈഴവ സമുദായത്തിൽപ്പെട്ടവർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും മനുഷ്യോചിതമായി ജീവിക്കാനുള്ള സാമൂഹ്യാവസ്ഥ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതായിരുന്നു ആ പ്രസംഗം. ശിക്ഷിക്കപ്പെട്ടെങ്കിലും കാലവും ചരിത്രവും ശരിവച്ചത് ആ പ്രസംഗത്തെയാണെന്ന സത്യത്തെയാണ് മേയ് 11 നമ്മുടെ സ്മൃതിപഥത്തിലേക്ക് കൊണ്ടുവരുന്നത്.

ഈഴവ സമുദായത്തിൽപ്പെട്ടവർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും മനുഷ്യോചിതമായി ജീവിക്കാനുള്ള സാമൂഹ്യാവസ്ഥ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതായിരുന്നു ആ പ്രസംഗം. ശിക്ഷിക്കപ്പെട്ടെങ്കിലും കാലവും ചരിത്രവും ശരിവച്ചത് ആ പ്രസംഗത്തെയാണെന്ന സത്യത്തെയാണ് മേയ് 11 നമ്മുടെ സ്മൃതിപഥത്തിലേക്ക് കൊണ്ടുവരുന്നത്. പിൽക്കാലത്ത് വെട്ടേറ്റ് സർ സി.പി രാജ്യം വിടുകയും നാട് രക്ഷപ്പെടുകയും ചെയ്തപ്പോൾ സി. കേശവന്റെ വാക്കുകൾ ദീർഘദർശിത്വമുള്ളതെന്ന് തെളിഞ്ഞു.

തന്റെ ചോറ്റുപട്ടാളത്തെക്കൊണ്ട് നാടാകെ വിറപ്പിച്ച സി.പി യെ ജന്തു എന്നു വിളിക്കാൻ അത്യപൂർവമായ ധൈര്യം മാത്രം പോര, സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള ഉയർന്ന രാഷ്ട്രീയ ബോധവും വേണം. നമ്മുടെ നാടിന്റെ സാമൂഹ്യ രാഷ്ട്രീയ വികസന പ്രക്രിയക്ക് പുരോഗമനാത്മകമായ കുതിപ്പു പകർന്നതിലൂടെ ചരിത്ര പ്രധാനമായ സംഭവവികാസമായി അടയാളപ്പെടുത്തപ്പെട്ട പ്രസംഗങ്ങൾ അപൂർവമായേ ഉള്ളൂ. അത്യപൂർവമായ അത്തരം പ്രസംഗങ്ങളുടെ ഒന്നാം നിരയിൽ തലയെടുപ്പോടെ നിൽക്കുന്നതാണ് സി കേശവന്റെ കോഴഞ്ചേരി പ്രസംഗം. ആ പ്രസംഗം നമ്മുടെ സാമുദായിക നവോത്ഥാന പ്രക്രിയയെ, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളെ, സാമൂഹിക തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളെയൊക്കെ പുതിയ ഊർജ്ജം പകർന്ന് മുന്നോട്ട് നയിച്ചു. സമൂഹത്തിലെ അധ:സ്ഥിതരെന്നു മുദ്ര‌യടിക്കപ്പെട്ടവരുടെ അവകാശങ്ങൾ വിളംബരം ചെയ്യാനും അതു നേടിയെടുക്കാനുമുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുന്നതാ യിരുന്നു കോഴഞ്ചേരി പ്രസംഗം .

നിവേദനങ്ങളും പ്രാർത്ഥനകളും അഭ്യർത്ഥനകളുമായി കഴിഞ്ഞിരുന്ന സമുദായങ്ങളെ പ്രത്യക്ഷ സമരങ്ങളുടെ പരമ്പരയിലേക്ക് നയിക്കാൻ ആ പ്രസംഗം ഉപകരിച്ചു. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച ഈ നാടിനെ നാമിന്നു കാണുന്ന ആധുനിക കേരളമാക്കി പരിവർത്തിപ്പിച്ചെടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച സംഭവവികാസങ്ങളും വ്യക്തികളുമുണ്ട്. . ആ മഹത് വ്യക്തികളുടെ നിരയിലാണ് സി കേശവന്റെ സ്ഥാനം.

സാമുദായിക വിവേചനങ്ങൾ, ഭരണതലത്തിലെ അതിന്റെ നീതിരഹിതമായ പ്രതിഫലനങ്ങൾ, സർ സി പിയുടെ സവർണ പക്ഷപാതിത്വത്തിനെതിരായ പ്രത്യക്ഷപ്രതിഷേധം, ഈഴവ-ക്രൈസ്തവ-മുസ്ലിം ജനവിഭാഗങ്ങൾക്ക് എല്ലാ സാമൂഹ്യ രംഗങ്ങളിലും ലഭിക്കേണ്ട പരിഗണനയുടെ ആവശ്യക

സാമുദായിക വിവേചനങ്ങൾ, ഭരണതലത്തിലെ അതിന്റെ നീതിരഹിതമായ പ്രതിഫലനങ്ങൾ, സർ സി പിയുടെ സവർണ പക്ഷപാതിത്വത്തിനെതിരായ പ്രത്യക്ഷപ്രതിഷേധം, ഈഴവ-ക്രൈസ്തവ-മുസ്ലിം ജനവിഭാഗങ്ങൾക്ക് എല്ലാ സാമൂഹ്യ രംഗങ്ങളിലും ലഭിക്കേണ്ട പരിഗണനയുടെ ആവശ്യകത, പ്രായപൂർത്തി വോട്ടവകാശത്തിന്റെയും ഉത്തരവാദഭരണത്തിന്റെയും മേന്മ തുടങ്ങിയവയൊക്കെ പ്രസംഗത്തിലുടനീളം മുഴങ്ങുന്നു. ഒരു സന്ധ്യയിലാണ് സി കേശവൻ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത്. ‘അന്ധകാരമയമായ’ ഈ സമയത്ത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. അത് അന്നത്തെ സന്ധ്യയെ മാത്രമല്ല, ആ കാലത്തെയാകെ സൂചിപ്പിക്കുന്ന വാക്കായിരുന്നു. ഒറ്റവാക്കുകൊണ്ട് താൻ ജീവിക്കുന്ന കാലത്തിന്റെ സവിശേഷമായ പൊതുചിത്രം വരച്ചുകാട്ടുകയായിരുന്നു സി കേശവൻ.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും സംഭാവന ചെയ്ത ഏറ്റവും സമ്പൂർണനായ വിപ്ളവകാരിയായ സി.കേശവന്റെ ജനനം 1891 മേയ് 23 നാണ്. ഈ മാസം 23 ന് അദ്ദേഹത്തിന്റെ 123-ാംജന്മവാർഷികദിനം കൂടിയാണ്. 1969 ജൂലായ് 7 ന് അദ്ദേഹം അന്തരിച്ചപ്പോൾ ഇ.എം.എസ് വിശേഷിപ്പിച്ചത് ഇങ്ങനെ: ‘സാമൂഹികമായ അനാചാരങ്ങൾ, സാംസ്ക്കാരിക രംഗത്തെ അന്ധവിശ്വാസങ്ങൾ, രാഷ്ട്രീയ മണ്ഡലത്തിലെ അടിമത്തവും സ്വേച്ഛാധിപത്യവും- ഇവയ്ക്കെല്ലാം എതിരായ സമരങ്ങളെ വെവ്വേറെ കാണാതെ കൂട്ടിയിണക്കാൻ കഴിഞ്ഞ പ്രതിഭാശാലിയായ വീരസേനാനിയായിരുന്നു സി.കേശവൻ.’

എന്നാൽ തിരു- കൊച്ചി മുഖ്യമന്ത്രിയെന്ന നിലയിലും നിവർത്തന പ്രക്ഷോഭത്തിന്റെ നെടുനായകനെന്ന നിലയിലും കേരള നവോത്ഥാനത്തിൽ സി.കേശവൻ വഹിച്ച പങ്കിനെക്കുറിച്ച് ആധുനിക സമൂഹം വേണ്ടത്ര ചർച്ച ചെയ്യുന്നില്ലെന്നത് ഖേദകരമാണ്. സി.കേശവന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ച് പഠിക്കാനോ വിലയിരുത്താനോ സവർണസമൂഹം വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്നത് മനസ്സിലാക്കാം.സാമൂഹ്യ നീതികൈവരിക്കാൻ സി.കേശവൻ നടത്തിയ പോരാട്ടത്തിന്റെ വീര്യം ഉൾക്കൊള്ളാൻ പിന്നാക്കവിഭാഗക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു. സി.കേശവൻ ശരിയായ രീതിയിൽ വിലയിരുത്തപ്പെടാതെ പോകുന്നത് ചരിത്രത്തെ തമസ്ക്കരിക്കുന്നതിന് സമാനമാണ്.

Author

Scroll to top
Close
Browse Categories