ഡോ. വന്ദനയുടെ ജീവത്യാഗം വെറുതേയാകരുത്
മലയാളി മനസുകളെ കരയിച്ച ദു:ഖകരമായ, മനസുലച്ച സംഭവമായിരുന്നു ഡോ. വന്ദനാ ദാസിന്റെ നിഷ്ഠൂര കൊ ലപാതകം. മേയ് പത്താം തിയതി പുലർച്ചെ നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മദ്യത്തിന് അടിമയായ അക്രമിയുടെ കൈയിലുണ്ടായിരുന്ന കത്രിക തുമ്പിൽ വന്ദന പിടഞ്ഞു വീണപ്പോൾ തകർന്നത് കേരളത്തിന്റെ മാനമാണ്. ആ കത്രിക പലവട്ടം കുത്തിയിറക്കിയത് നമ്മുടെ നെഞ്ചിലേക്ക് കൂടിയാണ്. ഒരു കുടുംബത്തിന്റെ സ്വപ്നവും ശാന്തിയുമാണ് ക്ഷണനേരം കൊണ്ട്, ചിലരുടെ അനാസ്ഥയും അലംഭാവവും അധൈര്യവും കൊണ്ട് ഇല്ലാതായത്.
കേവലം 23 വയസുമാത്രമുള്ള, ജീവിത പ്രതീക്ഷകളുടെ വിഹായസിലേക്ക് പറക്കാൻ പോകുന്ന, ചികിത്സയെന്ന ദൈവാനുഗ്രഹമുള്ള ജോലിയിലേക്ക് കടക്കുന്ന നിസ്സഹായയായ പെൺകുട്ടിയെ അറിഞ്ഞോ, അറിയാതെയോ ഒരു നരാധമന്റെ കൈകളിലേക്ക് കൊലയ്ക്ക് വിട്ടുകൊടുത്തത് അവളെ സംരക്ഷിക്കാൻ ചുമതലയുള്ള നിരവധി പേരാണ്. ഇനി എന്തൊക്കെ പറഞ്ഞാലും ചെയ്താലും ആ ജീവൻ തിരിച്ചുവരില്ല. ആ മാതാപിതാക്കളുടെ വേദന ഒടുങ്ങില്ല.
ഈ സംഭവം കേരളത്തിനുണ്ടാക്കിയ മാനക്കേട് ചെറുതല്ല. കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയായിരുന്നു കോട്ടയം കുറുപ്പന്തറ മുട്ടുചിറ പട്ടാളമുക്ക് നമ്പിച്ചിറക്കാലായിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകൾ ഡോ.വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് പൊലീസ് കൊണ്ടുവന്ന അക്രമാസക്തനായ കുടവട്ടൂർ മാരൂർ ചെറുകരക്കോണം സ്വദേശിയും നെടുമ്പന യു.പി.സ്കൂൾ അദ്ധ്യാപകനുമായ സന്ദീപ് അയാളുടെ മുറിവുകൾ വെച്ചുകെട്ടുന്നതിനിടെയാണ് അക്രമാസക്തനായത്. പൊലീസുകാരും മുതിർന്ന ഡോക്ടറും ജീവനക്കാരും മറ്റുള്ളവരെല്ലാം അരമണിക്കൂർ നീണ്ട പ്രതിയുടെ വിളയാട്ടം കണ്ട് ഓടി രക്ഷപ്പെട്ടു. സ്തംഭിച്ചുനിന്ന വന്ദനയെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കത്രിക കൊണ്ട് തലയിലും നെഞ്ചിലും 11 തവണ കുത്തി. അവളെ രക്ഷിക്കാനായി ശ്രമിച്ചത് സഹഡോക്ടറായിരുന്ന മുഹമ്മദ് ഷിബിൻ മാത്രം. പൊലീസുകാർക്കും ആംബുലൻസ് ഡ്രൈവർക്കും കുത്തേറ്റു. മറ്റുള്ളവർ അത്യാഹിതവിഭാഗം പുറത്തു നിന്നു പൂട്ടി. അക്രമി പുറത്തേക്ക് പോകാതിരിക്കാൻ വേണ്ടിയായിരിക്കും ഈ മണ്ടത്തരം ചെയ്തത്. അകത്തുണ്ടായിരുന്ന വന്ദന ഒഴികെയുള്ളവർ മറ്റൊരു മുറിയിലേക്കും രക്ഷപ്പെട്ടു. വന്ദനയെ വിളിച്ചിട്ടും അക്രമം കണ്ട് മരവിച്ചുപോയ അവൾ സ്തംഭിച്ചുനിന്നുവെന്നാണ് മൊഴി. അത് ശരിയായിരിക്കാം. ജീവിതത്തിൽ ആദ്യമായി ഇത്തരം സന്ദർഭത്തിന് സാക്ഷിയായ ജൂനിയർമാരിൽ ജൂനിയറായ ഒരു ഡോക്ടറുടെ അനുഭവസമ്പത്തിന്റെ കുറവായിരുന്നിരിക്കാം അവളെ ഭയപ്പെടുത്തിയത്. എങ്കിലും എത്രയോ മുതിർന്നവർ ആ ആശുപത്രിയിലുണ്ടായിരുന്നു. സ്വബോധമില്ലാത്ത ഒരു നരാധമന്റെ മുന്നിൽ സ്വന്തം മകളായിരുന്നെങ്കിൽ അവരാരെങ്കിലും ഇങ്ങിനെ ഒറ്റപ്പെടുത്തുമായിരുന്നുവോ.
ഡോക്ടർമാർ ആശുപത്രികളിൽ ആക്രമിക്കപ്പെടുന്നത് പുതിയ സംഭവമല്ല. ചികിത്സാ പിഴവുകളുടെ പേരിലും അല്ലാതെയും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം 138 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പേരിൽ ഡോക്ടർമാർ പലവട്ടം സമരത്തിനിറങ്ങി. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ഒരുപതിറ്റാണ്ട് മുമ്പ് നിയമം നിർമ്മിച്ച നാടാണ് കേരളം. എന്നിട്ടും അക്രമങ്ങൾ തുടർന്നു. ഹൈക്കോടതിയും പലവട്ടം ഇക്കാര്യത്തിൽ ഇടപെട്ടു. അക്രമം ഉണ്ടായാൽ ഒരു മണിക്കൂറിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നുൾപ്പെടെ നിലവിൽ പരിഗണനയിലുള്ള കേസിൽ ഹൈക്കോടതി നിർദേശിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.
എസ്.എൻ.ഡി.പി യോഗത്തിന്റെ സജീവ പ്രവർത്തകനായ മോഹൻദാസും വസന്തകുമാരിയും ദീർഘനാൾ കാത്തിരുന്നു ജനിച്ച കുട്ടിയായിരുന്നു വന്ദന. കണ്ണിലെ കൃഷ്ണമണി പോലെയാണവളെ അവർ വളർത്തിയത്. അച്ഛന്റെയും അവളുടെയും സ്വപ്നമായിരുന്നു എം.ബി.ബി.എസ്. പരീക്ഷ പാസായ ഉടൻ വീടിന്റെ മുന്നിൽ ഡോക്ടർ വന്ദന ദാസ് എന്ന ബോർഡ് വച്ച ആ അച്ഛന്റെ മനസ് മകളുടെ വിയോഗത്തിന്റെ വേദനയിൽ നീറിപ്പുകയുകയാണ്. അവരെ എന്തുപറഞ്ഞാണ് സമാധാനിപ്പിക്കാനാവുക. ഈ നഷ്ടം കുടുംബത്തിന് മാത്രമല്ല, നമ്മുടെ എല്ലാവരുടേതുമാണ്.
ഇനി നമുക്ക് ചെയ്യാനാവുക മറ്റൊരു പെൺകുട്ടിക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകാതെ നോക്കുക എന്നതാണ്. ഓരോ ദുരന്തവും കഴിയുമ്പോൾ നാം പറയുന്ന വാക്കുകളാണിതെങ്കിലും കേരളത്തിന്റെ അഭിമാനമായ ആതുര ശുശ്രൂഷാ രംഗത്ത് അക്രമങ്ങൾ ആവർത്തിക്കപ്പെടാതെ നോക്കുക തന്നെ വേണം.
ദിവസങ്ങൾ കഴിയുമ്പോൾ വാർത്തകളിൽ നിന്ന് ഡോ. വന്ദനയുടെ കൊലപാതകം പതിയെ വിസ്മൃതിയിലേക്ക് അമരും. പുതിയ സംഭവങ്ങളും വിവാദങ്ങളും പകരം സ്ഥാനം പിടിക്കും. അധികൃതരുടെ വാഗ്ദാനങ്ങളും കോടതിയുടെ ഉത്തരവുകളും ഫയലുകളിൽ ഉറങ്ങും. എത്രയോ മാതാപിതാക്കളും ഉറ്റവരും കണ്ണീരോടെ നീതിക്ക് വേണ്ടി കാത്തിരിക്കുന്നു….
ഇങ്ങിനെയുള്ള കഥകൾ ആവർത്തിക്കാൻ വന്ദനയുടെ ജീവത്യാഗത്തെ നാം വിട്ടുകൊടുക്കരുത്. രാത്രിയുടെ അന്ത്യയാമങ്ങളിൽ അവളുടെ ജീവൻ നഷ്ടമായത് സർക്കാരിന്റെ ആശുപത്രിയിലാണ്. സർക്കാരിന് വേണ്ടി ജോലി ചെയ്യുമ്പോഴാണ്. പൗരന്റെ ജീവൻ സംരക്ഷിക്കാൻ ചുമതലയുള്ള പൊലീസുകാരുടെ സാന്നിദ്ധ്യത്തിലാണ്. അവർ കൂട്ടിക്കൊണ്ടുവന്നയാളുടെ കൈകളാലാണ്. ഉത്തരവാദപ്പെട്ട മുതിർന്ന സഹപ്രവർത്തകർ നോക്കി നിൽക്കുമ്പോഴാണ്. ആരോഗ്യപ്രവർത്തകരുടെ ജീവന് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ്. ഭരണകൂടത്തിനും നീതിപീഠങ്ങൾക്കും നാം ഓരോരുത്തർക്കും ഈ പാവം പെൺകുട്ടിയുടെ ജീവന് സമാധാനം പറയാൻ ബാദ്ധ്യതയുണ്ട്. രാഷ്ട്രീയമായ മുതലെടുപ്പുകൾക്കോ രാഷ്ട്രീയ ആയുധമായോ ഉപയോഗിക്കാനുള്ളതല്ല ഡോ.വന്ദനയുടെ വിയോഗം. സംഭവിച്ചത് വലിയൊരു വീഴ്ചയാണ്. വ്യക്തികൾക്കും സർക്കാരിനും പൊലീസിനും സംവിധാനങ്ങൾക്കും സമൂഹത്തിനും ഉത്തരവാദിത്വമുള്ള വീഴ്ച. നിഷ്‌ക്രിയത്വത്തിന്റെ ആ സാഹചര്യം എങ്ങിനെ ഉണ്ടായി എന്ന് സമഗ്രമായി അന്വേഷിക്കണം. പൊലീസിന്റെ പക്കൽ തോക്ക് ഉണ്ടായിരുന്നില്ലേ എന്ന ഹൈക്കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണ്. സാധാരണക്കാരന് തോന്നുന്ന നിരവധി ചോദ്യങ്ങൾ ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ ഉന്നയിച്ചിട്ടുണ്ട്. പൊലീസ് സംവിധാനത്തിന്റെ പോരായ്മയിലേക്ക് കൂടി വിരൽചൂണ്ടുന്നു ഈ ചോദ്യങ്ങൾ. ഡോക്ടർമാരുൾപ്പടെ ആരോഗ്യപ്രവർത്തകർക്ക് സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം എത്രയും വേഗം സൃഷ്ടിക്കപ്പെടണം. വിശേഷിച്ച് സർക്കാർ ആശുപത്രികളിൽ. അതിനുള്ള ആത്മാർത്ഥമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണം. തീരാദു:ഖത്തിന്റെ കയത്തിലാണ്ടു നിൽക്കുന്ന വന്ദനയുടെ അച്ഛനോടും അമ്മയോടും ചെയ്യാവുന്ന ഏറ്റവും ചെറിയ പ്രായശ്ചിത്തം കൂടിയാകും അത്.