ആത്മസൗരഭം
വിദേശപഠനം
മൈസൂര്‍ ഗാര്‍ഡനിലെ പുഷ്പസമൃദ്ധിക്ക് നടുവില്‍ പൂക്കളെയും സഞ്ചാരികളെയും നോക്കിയിരിക്കുമ്പോള്‍ പല്‍പ്പുവിന്റെ മനസ് കുളിര്‍ത്തു. ഭഗിയും കുട്ടികളും ഉത്സാഹത്തോടെ കുറച്ച് അകലെ ഏതൊക്കെയോ കളികളില്‍ വ്യാപൃതരാണ്.
എത്രയോ കാലത്തിന് ശേഷം നഷ്ടപ്പെട്ട ആ നല്ല ദിനങ്ങള്‍ മടങ്ങി വന്നിരിക്കുന്നു.
മൈസൂറും ബാംഗ്ളൂരുമെല്ലാം മരണത്തിന്റെ സംഹാരതാണ്ഡവം വിട്ട് ജീവന്റെ ചലനത്തിന്റെ ആഹ്‌ളാദാരവങ്ങളുടെ സമ്മോഹനാനുഭവത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. മാസങ്ങള്‍ നീണ്ട ഭീകരാവസ്ഥ മെല്ലെ മാഞ്ഞ് ഒരു ഓര്‍മ്മയായി തീര്‍ന്നിരിക്കുന്നു. എല്ലാറ്റിനെയും മായ്ക്കാന്‍ കെല്‍പ്പുളള ഒന്നാണ് കാലം.
പ്ലേഗിന്റെ ഭീകരാവസ്ഥ തെല്ലൊന്ന് അടങ്ങിയപ്പോള്‍ നാടും നഗരവും ഉഷാറായി. ഒറ്റപ്പെട്ട ചില മരണങ്ങള്‍ ഒഴിച്ചാല്‍ കാര്യങ്ങള്‍ നിയന്ത്രണാധീനമാണ്. ചികിത്സ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുളളു. രോഗത്തിന്റെ പ്രഹരശേഷി കെട്ടടങ്ങിയിരിക്കുന്നു. രോഗവ്യാപനം കുറയ്ക്കാന്‍ നടത്തിയ തീവ്രശ്രമങ്ങളാണ് ഈ സ്ഥിതിയിലെത്തിച്ചത്.
പ്ലേഗ് നിവാരണപദ്ധതികള്‍ സൂക്ഷ്മ നിരീക്ഷണം ചെയ്യാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സര്‍ജന്‍ ജനറലും സാനിട്ടറി കമ്മീഷണറും മൈസൂര്‍ സന്ദര്‍ശിക്കുന്നു എന്ന അറിയിപ്പ് വന്നതും പല്‍പ്പുവും കൂട്ടരും കൂടുതല്‍ ജാഗ്രതയോടെ രോഗം തുടച്ചു നീക്കാനുളള പരിശ്രമങ്ങളില്‍ മുഴുകി. മൈസൂര്‍ പ്ലേഗ് നിവാരണത്തിന് നേതൃത്വം നല്‍കിയ പ്ലേഗ് കമ്മീഷണര്‍ മാധവ റാവുവിന് ഇന്ത്യാ ഗവണ്‍മെന്റ് സി.ഐ.ഇ പദവിയും 14,000 രൂപ പാരിതോഷികവും നല്‍കി.
അണിയറയിലിരുന്ന് അഹോരാത്രം പ്രവര്‍ത്തിച്ച പല്‍പ്പുവിനെ തേടി പതക്കങ്ങള്‍ വന്നില്ല. പാരിതോഷികങ്ങളോ സുവര്‍ണ്ണമുദ്രകളോ ലഭിച്ചില്ല. ഭഗിക്ക് അതില്‍ ലേശം കുണ്ഠിതം ഉണ്ടായിരുന്നു. അവരത് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.
‘റാവു അല്ലല്ലോ നിങ്ങളല്ലേ കഷ്ടപ്പെട്ടതും ഇതൊക്കെ ചെയ്തതും. എന്നിട്ടിപ്പോ..’
പല്‍പ്പു ചിരിച്ചു.
‘ ഭഗീ…പാരിതോഷികം മോഹിച്ചല്ലല്ലോ നമ്മള്‍ ഇറങ്ങിത്തിരിച്ചത്. കുറെ മനുഷ്യജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. അതിന്റെ തൃപ്തി, മനസുഖം അത് പറഞ്ഞറിയിക്കാനാവില്ല. ജീവിതത്തിന് ഇതുവരെയില്ലാത്ത ഒരു അര്‍ത്ഥമുണ്ടായിരിക്കുന്നു എന്ന തോന്നല്‍. പിന്നെ.പതക്കങ്ങളൊന്നും തന്നില്ലെങ്കിലും സര്‍ജന്‍ ജനറലും സാനിട്ടറി കമ്മീഷണറും എന്റെ കൈപിടിച്ച് കുലുക്കി പറഞ്ഞ ഒരു വാചകം ഈ ജന്മം മറക്കാനാവില്ല. പല്‍പ്പു..ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായി പ്രവര്‍ത്തിച്ചത് നിങ്ങളുടെ ക്യാമ്പായിരുന്നു എന്ന്…’
ഭഗി അതിന് മറുപടി പറഞ്ഞില്ല. ഭര്‍ത്താവ് സന്തോഷമായിരിക്കുന്നുവല്ലോ എന്നതില്‍ സമാധാനിച്ചു.
ഈയിടെയായി വിചാരിക്കുന്ന കാര്യങ്ങള്‍ ഒന്നൊന്നായി തന്നെ തേടിയെത്തും പോലെ പല്‍പ്പുവിന് തോന്നി. സ്വാമി വിവേകാനന്ദനെ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും അടുത്ത് പരിചയപ്പെടണമെന്ന് ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്നു.
വായനയിലൂടെയാണ് വിവേകാനന്ദനെ അടുത്തറിഞ്ഞത്. വിസ്മയവും ആരാധനയും തോന്നി. അതുവരെ കണ്ടും കേട്ടും അറിഞ്ഞ ആദ്ധ്യാത്മികാചാര്യന്‍മാരില്‍ ഗുരുസ്വാമി ഒഴികെ ആരും മനസില്‍ സ്പര്‍ശിച്ചില്ല. സന്ന്യാസം എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും അകന്ന് സുഖകാംക്ഷയുടെയും പലായനവ്യഗ്രതയുടെയും പാരമ്യതയിലുള്ള അലസതാവിലസിത ജീവിതം എന്ന നിലയാണ് പലരിലും കണ്ടത്. ലൗകികജീവിതവും ആത്മീയതയും തമ്മിലുള്ള ജൈവസംശ്ലേഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയത് ഗുരുസ്വാമികളാണ്. വിവേകാനന്ദനും സമാനതലത്തില്‍ ചിന്തിക്കുന്ന വ്യക്തിയാണ്. അഴകും ഉറപ്പുമുളള ഒരു ജോടി ചെരിപ്പുണ്ടാക്കാന്‍ കഴിയുന്ന ചെരിപ്പു കുത്തിയാണ് ദിവസേന വിഢിത്തം പുലമ്പുന്ന പ്രൊഫസറേക്കാള്‍ കേമന്‍ എന്ന് അദ്ദേഹം പറഞ്ഞു വച്ചു. പ്രസംഗമല്ല മറ്റുളളവര്‍ക്ക് ഗുണകരമായ പ്രവൃത്തിയാണ് പ്രധാനമെന്ന തിരിച്ചറിവിലേക്ക് നയിച്ചതും വിവേകാനന്ദ സാരസര്‍വസ്വമാണ്.
അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിയുമെന്നോ പരിചയപ്പെടാനാവുമെന്നോ തീരെ കരുതിയതല്ല. ആ സാന്നിദ്ധ്യം പലപ്പോഴും വിദേശത്താണെന്നും കേട്ടിട്ടുണ്ട്.
എന്നിട്ടും അത് സംഭവിക്കാന്‍ പോകുന്നു.
ദിവാന്‍ ശേഷാദ്രി അയ്യരുടെ അതിഥിയായി സ്വാമി എത്തുന്നു പോലും. മഹാരാജാവിന്റെ നേതൃത്വത്തില്‍ രാജകീയ സ്വീകരണവും സല്‍ക്കാരവും. കുറച്ച് ദിവസങ്ങള്‍ സ്വാമി മൈസൂരില്‍ ഉണ്ടാവുമത്രെ.
മനസ് തുളളിക്കളിക്കുകയാണ്
കാണണം. പരിചയപ്പെടണം. കഴിയുമെങ്കില്‍ തുറന്ന് സംസാരിക്കണം. കാഴ്ചപ്പാടുകള്‍ പങ്ക് വയ്ക്കണം.
സാധിക്കുമോയെന്ന് അറിയില്ല. മഹാരാജാവിനെയും ദിവാനെയും പോലുളള ഉന്നതര്‍ക്ക് മാത്രം അനുവദിച്ചിട്ടുളള കുടിക്കാഴ്ചയ്ക്കിടയില്‍ പഴുത് സൃഷ്ടിച്ചു വേണം കാര്യം നടത്തിയെടുക്കാന്‍. ഒന്ന് നിശ്ചയിച്ചാല്‍ പിന്നോട്ട് പോകുന്ന ശീലം പണ്ടേയില്ലല്ലോ?
സ്വാമി മൈസൂര്‍ വിടുന്നതിന് തൊട്ട്മുന്‍പ് ഒരു ദിവസം അടുത്തുകൂടി പരിചയം സ്ഥാപിച്ചു. തന്നെക്കുറിച്ചുളള കാതലായ ചില വിവരങ്ങള്‍ ചുരുക്കി പറഞ്ഞു. മുന്‍പൊരിക്കല്‍ ബാരിസ്റ്റര്‍ ജി.പി. പിള്ളയോടൊപ്പം വന്ന് കണ്ടിരുന്ന കഥയും ഓര്‍മ്മിപ്പിച്ചു.
പല്‍പ്പു സ്വന്തം ഭവനത്തിലേക്ക് സ്വാമിയെ ക്ഷണിച്ചു. മൈസൂര്‍ വിടും മുന്‍പ് സ്വാമി പല്‍പ്പുവിന്റെ വീട്ടിലെത്തി.
സ്വാമിയെ ഒരു റിക്ഷാവണ്ടിയിലിരുത്തി പല്‍പ്പു തന്നെ വലിച്ചുകൊണ്ട് വരികയായിരുന്നു വീട്ടിലേക്ക്. അതുകണ്ട് ഭഗവതിയും കുട്ടികളും അമ്പരന്നു. സാധാരണ റിക്ഷാക്കാരന്‍ വലിക്കുന്ന വണ്ടിയിലാണ് പല്‍പ്പു യാത്ര ചെയ്യാറുളളത്. ഇവിടെ അദ്ദേഹം ആ പണി ചെയ്യുന്നു.
ഭഗിയും കുട്ടികളും സന്തോഷത്താലും അത്ഭുതം കൊണ്ടും മതിമറന്ന് നില്‍ക്കെ പല്‍പ്പുവും സ്വാമികളും മുറിക്കുളളില്‍ കടന്ന് ചര്‍ച്ചകള്‍ ആരംഭിച്ചു. കേരളം ഒരു ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച സ്വാമിക്ക് ഒന്നറിയാം. ജാതീയമായ വേര്‍തിരിവുകളും ക്രൂരതകളും പീഡനങ്ങളും ഇത്രമേല്‍ രൂക്ഷതരമായ ഒരു നാട് വേറെയില്ല.
തിരുവിതാംകൂറിലെ അധസ്ഥിതരുടെ ദുരവസ്ഥയെക്കുറിച്ചും പിതാവും ജ്യേഷ്ഠനും താനും നേരിട്ട ദുര്യോഗങ്ങളെക്കുറിച്ചും പല്‍പ്പു വിശദീകരിച്ചു. എല്ലാം സൂക്ഷ്മമായി കേട്ടിരുന്ന ശേഷം സ്വാമിജി പറഞ്ഞു.
‘വിഘടിച്ചു നില്‍ക്കുന്ന, സവര്‍ണ്ണരെ എതിര്‍ക്കാന്‍ ഭയക്കുന്ന ദുര്‍ബലരാണ് അധസ്ഥിതര്‍ പൊതുവെ. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. അവരെ ഒരുമിച്ച് നിര്‍ത്താന്‍ തക്ക മേധാശക്തിയുള്ള നേതൃത്വം വരണം. ആദ്ധ്യാത്മികമായും വ്യാവസായികമായും അവരെ ഉണര്‍ത്താനും ഉന്നമനത്തിലെത്തിക്കാനും കഴിയണം. സമ്പത്തും ആദ്ധ്യാത്മികവെളിച്ചവും ഒരു പോലെ കൈവന്നെങ്കില്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവുകയുളളു.’
പല്‍പ്പു എല്ലാം അംഗീകരിച്ച മട്ടില്‍ തലയാട്ടി.
പിരിയും മുന്‍പ് സ്വാമികള്‍ ഇത്ര കൂടി പറഞ്ഞു.
‘ഒന്നും ഇരുട്ടി വെളുക്കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളല്ല. കാലമേറെയെടുക്കും എല്ലാം കലങ്ങിത്തെളിഞ്ഞു വരാന്‍. പക്ഷെ ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുക തന്നെ ചെയ്യും’
പല്‍പ്പു പുതിയ ഒരു തുടക്കത്തെക്കുറിച്ചുളള ചിന്തയുടെ ഉത്സാഹത്തിലായിരുന്നു. വിദേശത്ത് ഉപരിപഠനത്തിനുളള ഒരുക്കങ്ങള്‍ക്കിടയിലാണ് അവിചാരിതമായി പ്ലേഗ് കടന്നു വന്നത്. ആ ദൗത്യം ഭംഗിയായി പൂര്‍ത്തീകരിച്ച സ്ഥിതിക്ക് ഇനി താത്കാലികമായി അടച്ചു വച്ച അധ്യായം തുറക്കണം.
സര്‍ക്കാരിന് മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ അനുകൂല മറുപടി കിട്ടി. പിന്നെ മറ്റൊന്നും തടസമായില്ല.ഇംഗ്ളണ്ടിലേക്ക് കപ്പല്‍ കയറി.
കടലിലെ അഗാധവിസ്തൃതിയില്‍ കണ്ണുകള്‍ അര്‍പ്പിച്ച് കപ്പലില്‍ ഇരിക്കുമ്പോള്‍ മനസില്‍ അനല്‍പ്പമായ ആഹ്‌ളാദം നുരയിട്ടു. വ്യക്തിഗതമായ നേട്ടത്തിന്റെ കോരിത്തരിപ്പായിരുന്നില്ല. തമസ്‌കരണത്തിന്റെ പരമകാഷ്ഠയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന അവര്‍ണ്ണവിഭാഗത്തില്‍ നിന്നൊരാള്‍ ഇതാ ചരിത്രത്തിലാദ്യമായി വൈദ്യശാസ്ത്രത്തില്‍ ഉപരിപഠനത്തിന് വിദേശത്തേക്ക് പോകുന്നു. അധസ്ഥിത വര്‍ഗത്തിന് മുഴുവനുളള അംഗീകാരമായി പല്‍പ്പുവിന് തോന്നി. ഇതൊരു തുടക്കം മാത്രമാണ്. മനസുവച്ചാല്‍ നാളെ ഏതൊരാള്‍ക്കും ഇത് സാധിക്കാമെന്നതിന് തന്റെ അനുഭവം ദൃഷ്ടാന്തമാകുന്നു.
ഇംഗ്ളണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലും പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി രണ്ട് വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ലോകം പിടിച്ചടക്കിയ ഒരു ജേതാവിന്റെ അഭിമാനഹാസം ആ മുഖത്ത് വിരിഞ്ഞു.
ജീവിതം ഇങ്ങനെയൊക്കെയാണ്. പിച്ചതെണ്ടി പഠിച്ച ഒരു വിദ്യാര്‍ത്ഥി ഇതാ ലോകത്തിന്റെ നെറുകയില്‍ ഉപരിപഠനം നടത്തി വിജയശ്രീലാളിതനായി നില്‍ക്കുന്നു. അപ്പോള്‍ മനസുണ്ടെങ്കില്‍ വഴിയുമുണ്ട്. മനസാണ് എല്ലാം നിര്‍ണ്ണയിക്കുന്നത്. മനസാണ് ദൈവം. പിശാചും മനസ് തന്നെ.
കേംബ്രിഡ്ജില്‍ നിന്ന് ഡി.പി.എസ്, എഫ്. ആര്‍.പി. എച്ച്, ബിരുദസര്‍ട്ടിഫിക്കറ്റുകളുമായി മടക്കയാത്രയ്ക്ക് വിമാനത്തില്‍ ഇരിക്കുമ്പോള്‍ ആദ്യം മനസില്‍ വന്നത് ഫെര്‍ണാണ്ടസ് സായിപ്പിന്റെ മുഖമാണ്. .ഇംഗ്ള ിഷ് ഭാഷയുടെ മഹത്തായ ഭൂമികയിലേക്ക് ആദ്യമായി കൈപിടിച്ചു നടത്തിയ ഗുരുശ്രേഷ്ഠന്‍. ഫീസ് ഇളവ് നല്‍കിയും വിശന്നപ്പോള്‍ ഭക്ഷണം തന്നും തന്നിലെ വിജ്ഞാനദാഹിയെ വഴിനടത്തിയ മഹാനുഭാവന്‍. ആ മാനുഷികതയാണ് തന്നെ ഇവിടെ എത്തിച്ചത്. അല്ലായിരുന്നെങ്കില്‍ നിരാശയുടെയും ആലംബഹീനതയുടെയും മണ്ണില്‍ മുളയിലേ കരിഞ്ഞു പോകേണ്ടിയിരുന്ന വിത്താണ് ഞാന്‍.
കഴിവും ആഗ്രഹവും കൊണ്ട് മാത്രമായില്ല. തളരുമ്പോള്‍ ഒന്ന് താങ്ങിപ്പിടിക്കാന്‍ ചില മനുഷ്യര്‍ കൂടി വേണം. അതൊരു അനിവാര്യതയാണ്. ഈ ലോകം കീഴടക്കിയ പലര്‍ക്കും അത്തരമൊരു അനുഭവമെങ്കിലും പറയാനുണ്ടാവും.
ഫെര്‍ണാണ്ടസ് മാഷ് കഴിഞ്ഞാല്‍ പിന്നെ മനസില്‍ തെളിയുന്ന മറ്റൊരു മുഖം ഗുരുസ്വാമികളുടേതാണ്. തന്നിലെ തന്നെ കണ്ടെത്തിയത് അദ്ദേഹമാണ്. നമുക്ക് ചിന്തിക്കാന്‍ കഴിയാത്ത ഉയരങ്ങള്‍ താണ്ടാന്‍ പല്‍പ്പുവിന് കഴിയുമെന്ന് ആദ്യമായിഅരുളിചെയ്തത് അദ്ദേഹമാണ്. തിരുവിതാംകൂറില്‍ നിന്നും ആദ്യമായി വിദേശത്തു പോയി മെഡിക്കല്‍ ബിരുദം നേടിയ മറ്റൊരാള്‍ സവര്‍ണ്ണ വിഭാഗത്തില്‍ പോലുമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ആ ചരിത്രനിയോഗവും തനിക്ക് സ്വന്തം. പല്‍പ്പു വിമാനത്തില്‍ ഏകനായിരുന്ന് പതിയെ ചിരിച്ചു. ഈ യാത്ര പോലെയാവണം ഇനിയുള്ള ജീവിതവും. ഉയരങ്ങളിലേക്ക്…കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്…
പഠിക്കാന്‍ കഴിഞ്ഞു എന്നതിലുപരി തൊഴില്‍പരമായി തന്നെ സന്തോഷിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. പാശ്ചാത്യനാടുകളിലെ പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ സാധിച്ചു.
മടങ്ങിയെത്തിയ പല്‍പ്പു ബാംഗ്ളൂര്‍ നഗരത്തില്‍ ഹെല്‍ത്ത് ഓഫീസറായി നിയമിതനായി. പിന്നീട് പദവികളുടെ ഘോഷയാത്രയായിരുന്നു. ബാംഗ്ളൂര്‍ മുനിസിപ്പാലിറ്റിയുടെ എക്‌സ് ഒഫീഷ്യോ വൈസ്പ്രസിഡണ്ട്, മൈസൂര്‍ സര്‍ക്കാര്‍ സാനിട്ടറി കമ്മീഷണറുടെ പേഴ്‌സനല്‍ അസിസ്റ്റന്റ ്, വാക്‌സിനേഷന്‍ ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി സാനിട്ടറി കമ്മീഷണര്‍..
മൈസൂരില്‍ ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഇനി വഹിക്കാന്‍ ഉന്നതപദവികളില്ല.
തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതം സുന്ദരമായ ഒരു അനുഭവമാണെന്ന് പല്‍പ്പുവിന് തോന്നി. ഉടുതുണിക്ക് മറുതുണിയില്ലാതെ മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ വകയില്ലാതെ അമ്മാവന്റെ നെല്ല്പുരയിയില്‍ മൂന്ന് കല്ല് അടുപ്പ് കൂട്ടി കഞ്ഞിവച്ച് വിശപ്പകറ്റിയ ബാല്യത്തില്‍ നിന്നാണ് ഇതുവരെ എത്തിയത്. ഓരോ പദവികള്‍ ചവുട്ടിക്കയറുമ്പോഴും പല്‍പ്പു ആ പഴയകാലം ഓര്‍ക്കും. ഇത്രദൂരം സഞ്ചരിച്ചെത്താനുള്ള ഇന്ധനം നല്‍കിയത് ആ കാലമാണ്.
സാനിട്ടറി കമ്മീഷണര്‍ എന്ന നിലയില്‍ നല്ല പേരെടുത്ത് വരുന്നതിനിടയില്‍ ഒരു സന്ധ്യയ്ക്ക് ചായകുടിച്ചുകൊണ്ടിരിക്കെ ഭഗി ഒരു തമാശ പറഞ്ഞു.
‘നിങ്ങടെ ഗ്രഹണിയൊക്കെ മാറീന്ന് തോന്നുന്നു.’
‘ങും..എന്തേ?’
‘അല്ല..പണ്ട് നിങ്ങള്‍ പറയാറില്ലേ..ഒരു നല്ല കാര്യം സംഭവിക്കുമ്പോള്‍ പിന്നാലെ മറ്റൊരു ഗ്രഹപ്പിഴ വരുംന്ന്…ഈയിടെയായി അങ്ങനെയുളള ശല്യങ്ങള്‍ കാണുന്നില്ല’
‘ങാ..വരാതിരിക്കട്ടെ’
പല്‍പ്പു ചിരിച്ചുകൊണ്ട് പറഞ്ഞു നാവെടുത്തില്ല. അതിന് മുന്‍പേ ലാന്‍ഡ് ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി. സാനിട്ടറി കമ്മീഷണറാണ്. വിവരം കേട്ട് പല്‍പ്പുവിന്റെ മുഖം മങ്ങി. പാതി കുടിച്ച ചായക്കപ്പ് അദ്ദേഹം ടീപ്പോയിന്‍മേല്‍ വച്ചു. ഭഗി അടുത്തുചെന്ന് കാര്യം തിരക്കി.
‘നീ പറഞ്ഞത് തന്നെ. ഗ്രഹണി നമ്മളെ ഉപേക്ഷിച്ചിട്ടില്ല. കമ്മീഷണറാണ് വിളിച്ചത്. മൈസൂര്‍ പട്ടണത്തില്‍ നൂറുകണക്കിന് മരണങ്ങള്‍. കാരണമെന്തെന്ന് നിശ്ചയമില്ല. പ്ലേഗ് പോലെ വല്ല മാരകരോഗവും പടര്‍ന്നിരിക്കാമെന്ന് കരുതുന്നു. വിശദമായ അന്വേഷണം ആവശ്യമാണ്’
ഭഗി ഒന്ന് ഞെട്ടി. ഈശ്വരാ…ഇതെന്ത് പരീക്ഷണമാണ് ?
രാത്രി തന്നെ ആഫീസിലേക്ക് മടങ്ങി. അടുത്ത സഹപ്രവര്‍ത്തകരെ വിളിച്ചു കൂട്ടി. ഭയാനകമായ വിഷൂചികയാണ് മരണകാരണമെന്ന് ഇതുവരെയുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
ധാരാളം സാമ്പിളുകളെടുത്ത് പരിശോധിച്ചു. നഗരത്തിലെ കുഴല്‍വെളളത്തില്‍ കാണുന്ന രോഗാണുക്കളാണ് മരണകാരണമെന്ന് കണ്ടെത്തി. പല്‍പ്പു ഇത് സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് കെമിക്കല്‍ എക്‌സാമിനറായ ഡോ.ശ്രീനിവാസറാവു തളളിക്കളഞ്ഞു. അയാള്‍ ഉപോത്ബലകമായി പല കാരണങ്ങളും നിരത്തി. താന്‍
കാര്യകാരണങ്ങള്‍ സഹിതം ശാസ്ത്രീയ പരിശോധനകള്‍ നടത്തി കണ്ടുപിടിച്ച ഒന്നിനെ എന്തുകൊണ്ട് ശ്രീനിവാസ റാവു എതിര്‍ക്കുന്നുവെന്ന് പല്‍പ്പുവിന് മനസിലായില്ല.
വിഷങ്ങളേക്കാള്‍ വിഷലിപ്തമായ മനസുളളവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ടെന്നതാണ് ഈ ലോകത്തെ എല്ലാ അപചയങ്ങള്‍ക്കും കാരണമെന്ന് പല്‍പ്പു തിരിച്ചറിഞ്ഞു. നഗരത്തില്‍ കുഴല്‍വെളളം എത്തിക്കുന്നത് തന്റെ അടുത്ത ബന്ധുവാണെന്നതായിരുന്നു റാവുവിന്റെ പ്രശ്‌നം. നൂറുകണക്കിന് ആളുകള്‍ ചത്തൊടുങ്ങിയാലും വേണ്ടില്ല, തനിക്കും കുടുംബത്തിനും പണം സമ്പാദിക്കണമെന്ന് മാത്രമാണ് ഇത്തരം ഉദ്യോഗസ്ഥരുടെ ചിന്ത. നൈതികത എന്നൊരു പദത്തെക്കുറിച്ച് പോലും ഇക്കൂട്ടര്‍ ചിന്തിക്കുന്നില്ല.
ജലപരിശോധനാ റിപ്പോര്‍ട്ട് റാവു സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ചു. വെളളത്തില്‍ യാതൊരു അണുക്കളും രോഗബീജങ്ങളും ഇല്ലെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി എഴുതി തയ്യാറാക്കി ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് നല്‍കി.
പോരാട്ടവീര്യം മനസില്‍ സൂക്ഷിക്കുന്ന പല്‍പ്പുവുണ്ടോ വിട്ടുകൊടുക്കുന്നു. റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും സങ്കുചിത താത്പര്യങ്ങള്‍ അതിന് പിന്നിലുണ്ടെന്നും പല്‍പ്പൂ സമര്‍ത്ഥിച്ചു. തെളിവുകള്‍ സമര്‍പ്പിക്കൂ എന്നായി സര്‍ക്കാര്‍.
പല്‍പ്പു ജലത്തിന്റെ സാമ്പിള്‍ മദ്രാസിലും ബോംബെയിലുമുളള കെമിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തു. അവരുടെ റിപ്പോര്‍ട്ട് പ്രകാരം വെളളത്തില്‍ രോഗാണുക്കളുണ്ടെന്ന് കണ്ടെത്തി. പല്‍പ്പു അയച്ചുകൊടുത്ത വെളളം നഗരത്തിലേതല്ലെന്നും തന്നെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും റാവു വാദിച്ചു. പല്‍പ്പു ദിനപത്രങ്ങളിലൂടെ ഈ വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവന്നു. മറുവാദവുമായി റാവും കൂട്ടരും പ്രത്യക്ഷപ്പെട്ടു. അനുകൂലിച്ചും പ്രതികൂലിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നു.
സാനിട്ടറി കമ്മീഷണര്‍ ഇരുകൂട്ടരെയും വിളിച്ചു വരുത്തി.
‘പത്രങ്ങള്‍ തുടരെത്തുടരെ എഴുതിയാല്‍ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ല. വാസ്തവം എന്തെന്ന് കണ്ടെത്തി തുടര്‍നടപടികളാണ് ആവശ്യം. ആയതിനാല്‍ ഒരു കാരണവശാലും ഇനി മാധ്യമങ്ങളിലൂടെ പ്രതികരിക്കരുത്. പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുകയാണ്. അവരുടെ റിപ്പോര്‍ട്ട് വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം’
ശുദ്ധാത്മാവായ പല്‍പ്പുവിന് ആശ്വാസമായി. എന്തായാലും സത്യം വെളിപ്പെടുമല്ലോ?
ഭഗിക്ക് അതിലത്ര വിശ്വാസം വന്നില്ല. അവര്‍ പറഞ്ഞു.
‘ആ ശ്രീനിവാസ റാവു സൂത്രശാലിയാണെന്ന് എന്റെ മനസ് പറയുന്നു. അയാള്‍ പിന്‍വാതിലിലൂടെ കമ്മീഷനെ സ്വാധീനിച്ചാലോ?’
‘കമ്മീഷന്‍ അങ്ങനെ സ്വാധീനങ്ങള്‍ക്കൊന്നും വഴിപ്പെടില്ല’
പല്‍പ്പു ആത്മവിശ്വാസത്തോടെ പറഞ്ഞു. നൈതികതയുടെ കണ്ണിലൂടെ മാത്രം കാര്യങ്ങള്‍ നോക്കി കാണുന്ന പല്‍പ്പുവിന് പിന്നില്‍ പതിയിരിക്കുന്ന ചതിയുടെ ആഴം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
റാവു പിന്നിലൂടെ സമര്‍ത്ഥമായി കരുക്കള്‍ നീക്കി.ഒരു വിധപ്പെട്ട സ്വാധീനങ്ങള്‍ക്കൊന്നും വഴങ്ങാത്ത കമ്മീഷനെ പല വഴികളിലൂടെ പിടിച്ചുകെട്ടി.
റിപ്പോര്‍ട്ട് വന്നപ്പോള്‍ പല്‍പ്പുവിന്റെ വിലയിരുത്തല്‍ തെറ്റാണെന്ന് കമ്മീഷന്‍ കണ്ടെത്തി. കമ്മറ്റിയുടെ തീരുമാനം പക്ഷപാതപരമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നെങ്കിലും അത് അനുസരിക്കാതെ നിര്‍വാഹമില്ല.
നിയമം നിയമത്തിന്റെ വഴിക്ക് പോയി. സത്യവും നീതിയും അതിന്റെ വഴിക്കും.
പല്‍പ്പുവിനെ സര്‍ക്കാര്‍ ഡിവിഷന്‍ സാനിട്ടറി ആഫീസറായി തരംതാഴ്ത്തി.
അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങൂമ്പോള്‍ പല്‍പ്പു വേദനയോടെ ഉളളില്‍ ചിരിച്ചു.
ജനങ്ങളുടെ ജീവന് വേണ്ടി വാദിച്ചയാള്‍ കുറ്റവാളിയായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. അവരുടെ ജീവനെടുത്ത് പണം സമ്പാദിച്ചവന്‍ കേമനായി അഭിമാനത്തോടെ വിലസുന്നു. എന്തൊരു വൈരുദ്ധ്യം നിറഞ്ഞതാണ് ഈ ലോകം. അവര്‍ക്കൊപ്പം ചേര്‍ന്ന് പണം പറ്റി ജനങ്ങളെ കുരുതി കൊടുത്തിരുന്നെങ്കില്‍ ഈ അപമാനം സഹിക്കേണ്ടി വരില്ലായിരുന്നു. പക്ഷെ പല്‍പ്പു ജനിച്ചത് നെറികേടിന് കുടപിടിക്കാനല്ല. ഈ ലോകം കൂടുതല്‍ സുന്ദരമാക്കാനാണ്. സത്യവും ധര്‍മ്മവും നീതിയും കൊണ്ട് അതിന് ആഴം നല്‍കാനാണ്. മരിച്ചുവീണാലും ആ നിലപാടില്‍ മാറ്റമില്ല.
പല്‍പ്പു പൊടുന്നനെ സ്വാമികളെ ഓര്‍ത്തു. ഈ ഭൂമിയില്‍ ഇങ്ങനെയൊരു മനുഷ്യനുണ്ടാവുമോ? എല്ലാ അര്‍ത്ഥത്തിലും ധാര്‍മ്മികതയെ മുറുകെ പിടിച്ച് ഒരു ജീവിതം. അദ്ദേഹത്തിന്റെ ശിഷ്യനാണ് താന്‍. ആ ധാര്‍മ്മികതയില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ തനിക്കാവില്ല. ഒരിക്കലും..ആത്യന്തികമായി സത്യം ജയിക്കും. സത്യമേ ജയിക്കാവൂ…പ്രസിദ്ധമായ ആ വചനം പല്‍പ്പു മനസിലോര്‍ത്തു. സത്യമേവ ജയതേ..
ഭഗിയും കുട്ടികളും കൂടെ ഉണ്ടായിരുന്നു. അവരെ കുടുംബവീട്ടില്‍ കൊണ്ടുചെന്നാക്കി പല്‍പ്പു അരുവിപ്പുറത്തു വന്ന് സ്വാമികളെ കണ്ടു. വിപരീതമായി സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ മൃദുഹാസത്തോടെ സ്വാമികള്‍ പറഞ്ഞു.
‘അരുതാത്തതൊന്നും വന്നു ഭവിക്കില്ല. സമാധാനമായിരിക്കൂ’
‘മനസിന് വല്ലാത്ത പ്രയാസം. നല്ലതിനു വേണ്ടിയുളള പരിശ്രമങ്ങളെല്ലാം തിരിഞ്ഞുകൊത്തുന്നു’
‘ക്രിസ്തുവിന്റെ അനുഭവവും അങ്ങനെയായിരുന്നില്ലേ. എന്നിട്ടും അദ്ദേഹം ലോകാരാദ്ധ്യനായില്ലേ?’
‘എന്നെയും ഇക്കൂട്ടര്‍ കുരിശില്‍ തറയ്ക്കുമോ?’
‘ഡോക്ടര്‍ക്ക് അത്ര വലിയ പരീക്ഷണങ്ങള്‍ ഉണ്ടാവില്ല. നിങ്ങളുടെ കഴിവുകള്‍ ലോകം അംഗീകരിക്കും. നിശ്ചയം’
സ്വാമി അര്‍ദ്ധശങ്കയ്ക്കിടയില്ലാത്ത വണ്ണം പറഞ്ഞു. പല്‍പ്പുവിന് സമാധാനമായി. സ്വാമികള്‍ പറഞ്ഞാല്‍ പറഞ്ഞതാണ്. വരവണ്ണം വ്യത്യാസം വരില്ല.
‘കുറച്ചു ദിവസം പ്രകൃതിയുമായി ഇണങ്ങി സന്തോഷത്തോടെയിരിക്കൂ. എന്നും ജോലിയും തിരക്കുമായിരുന്നാല്‍ പോരല്ലോ. ഇടയ്‌ക്കൊക്കെ ഒരു മാറ്റം വേണ്ടേ?’
പല്‍പ്പു സമ്മതഭാവത്തില്‍ തലയാട്ടി.
അരുവിപ്പുറത്തു തന്നെ കുറച്ചു ദിവസം കൂടാമെന്ന് തീരുമാനിച്ചു. അവിടത്തെ കാറ്റിനും അരുവിയിലെ തെളിനീരുറവയ്ക്കും വൃക്ഷലതാദികള്‍ക്കും വിശുദ്ധിയുടെ സ്പര്‍ശമുളളതായി തോന്നിയിട്ടുണ്ട്. ഒരുപക്ഷെ സ്വാമികളുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് തോന്നുന്നതാവുമോ? അറിയില്ല. എന്തായാലും സ്ഫടികം പോലെ സുതാര്യമായ ആ ജലപാനം നിര്‍വഹിക്കുമ്പോള്‍ തന്നെ മനസും ശരീരവും ആത്മാവും തണുക്കുന്നു.അകതാരില്‍ ആനന്ദം നിറയുന്നു.
കാലത്ത് വര്‍ത്തമാനപത്രം കയ്യിലെടുത്ത പല്‍പ്പു ഒന്ന് വല്ലാതായി. വലിയ അക്ഷരങ്ങളില്‍ തലക്കെട്ട് സഹിതം വാര്‍ത്ത നിറയുന്നു.
മൈസൂരില്‍ വീണ്ടും വസൂരിബാധ. നിരവധി പേര്‍ മരിച്ചു. കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
പിറ്റേന്ന് തന്നെ സര്‍ക്കാരില്‍ നിന്നും അറിയിപ്പ് വന്നു. അവധി താത്കാലികമായി റദ്ദാക്കിയിരിക്കുന്നു. വാക്‌സിന്‍ സ്‌പെഷലിസ്റ്റായ ഡോ. പല്‍പ്പു ഉടനടി ജയില്‍ സൂപ്രണ്ടായി ജോലിയില്‍ ചേരണം. ഒപ്പം വസൂരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. 900 ഉറുപ്പിക ശമ്പളം പ്രത്യേക അലവന്‍സുകള്‍,സൗജന്യ താമസം..അങ്ങനെ പ്രലോഭനങ്ങള്‍ ഏറെ.
സുപ്രധാന തസ്തികയില്‍ നിന്നൊഴിവാക്കിയ ശേഷം ആവശ്യം വന്നപ്പോള്‍ ഇങ്ങനെ ഉപയോഗിക്കുന്നതില്‍ പല്‍പ്പുവിന് വിഷമം തോന്നി. ഒപ്പം ആയിരകണക്കിന് ജനങ്ങളുടെ ജീവനക്കുറിച്ചുളള ആകുലതയുമുണ്ട്. തിരിച്ച് പോവേണ്ടതില്ലെന്ന വാശിയായിലായിരുന്നു ഭഗിയും മക്കളും. നാട്ടില്‍ തന്നെ ഒരു സ്വകാര്യ ക്ളിനിക്കിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്നായിരുന്നു ഭഗിയുടെ കണക്ക് കൂട്ടല്‍.
സ്വാമികള്‍ മാത്രം പറഞ്ഞു.’നമ്മുടെ മുന്നില്‍ മൈസൂര്‍ സര്‍ക്കാരോ ശ്രീനിവാസറാവുവോ ഒന്നുമില്ല. ഉളളത് ജീവനും മരണത്തിനുമിടയില്‍ പിടയുന്ന കുറെ പാവങ്ങളാണ്. നമ്മുടെ ജീവന്‍ പോലെ തന്നെയല്ലേ അവരുടെ ജീവനും..’
പല്‍പ്പു പിന്നെ മറ്റൊന്നും ആലോചിച്ചില്ല. അടുത്ത ദിവസം തന്നെ മൈസൂരിലേക്ക് പുറപ്പെട്ടു.
(തുടരും)