അവര്‍ണരെ അവഗണിച്ച് ആനുകാലികങ്ങള്‍

ക്രിസ്തീയ സമുദായത്തിന്റെ ജിഹ്വയായി ആരംഭിച്ച നസ്രാണി ദീപിക പ്രാരംഭ കാലങ്ങളില്‍ അവര്‍ണ ഹിന്ദുവിഭാഗങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തതെങ്കിലും ക്രമേണ സവര്‍ണക്രിസ്ത്യാനിക്ക് സവര്‍ണഹിന്ദുവിനോടുള്ള രക്തബന്ധുത്വപരമായ ആഭിമുഖ്യം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ മറകളില്ലാതെ ദീപിക പ്രകടിപ്പിക്കാന്‍ തുടങ്ങി .നസ്രാണി ദീപികയില്‍ നിന്നും ഭിന്നമായി ഒരു പൊതുപത്രമെന്ന നില അവലംബിച്ച് സംസ്ഥാപിതമായ മലയാള മനോരമ നിവര്‍ത്തന പ്രക്ഷോഭകാലം വരെ അവര്‍ണഹിന്ദുപക്ഷത്തോട് ചേര്‍ന്ന് നിന്നെങ്കിലും പിന്നീട് സവര്‍ണപക്ഷത്തേക്ക് ചായുകയായിരുന്നു.എന്നും എപ്പോഴും അവര്‍ണ്ണവിഭാഗത്തോട് കൂറുപ്രകടിപ്പിച്ച പത്രമായിരുന്നു കേരളകൗമുദി. ദേശീയപ്രസ്ഥാനത്തിന്റെയും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും നാവായിത്തുടങ്ങിയ മാതൃഭൂമി എക്കാലത്തും സവര്‍ണ്ണഹിന്ദുപക്ഷ നിലപാടാണ് സ്വീകരിച്ചത്.

കേരളീയജാതിവ്യവസ്ഥയെയും നവോത്ഥാനത്തെയുംപറ്റിയുള്ള ചര്‍ച്ച പൂര്‍ണ്ണമാകണമെങ്കില്‍ നവോത്ഥാനാശയങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാനായി യത്നിച്ച അക്കാലത്തെ പത്രങ്ങളെക്കുറിച്ചുള്ള വിവരണംകൂടി വേണ്ടിയിരിക്കുന്നു. വിപുലമായ ആ വിഷയത്തെ ലഘുവായി പ്രതിപാദിക്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ജാതിഭേദവും മതദ്വേഷവുമില്ലാത്ത – സമത്വത്തിലും സ്വാതന്ത്ര്യത്തിലും നീതിയിലുമധിഷ്ഠിതമായ – എല്ലാവരും സോദരത്വേനവാഴുന്ന ഒരു മാതൃകാസ്ഥാനം സൃഷ്ടിക്കുക എന്നതായിരുന്നു നവോത്ഥാനത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. ഭിന്നജാതികളും മതങ്ങളും നിറഞ്ഞ ഒരു സമൂഹത്തില്‍, ഓരോ വിഭാഗത്തിന്റെയും താല്‍പര്യങ്ങളും ആവലാതികളും ഭിന്നമാകാതെ തരമില്ല. അതുകൊണ്ടുതന്നെ അവയുടെ സാക്ഷാത്കാരത്തിനോ പരിഹാരത്തിനോ വേണ്ടി പ്രത്യേകം പ്രത്യേകം പത്രങ്ങള്‍ അത്യന്താപേക്ഷിതമായിത്തീരുന്നു. നവോത്ഥാനകാലഘട്ടമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാംനൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലുമായി വളര്‍ന്നുവികസിക്കുകയും, അല്‍പ്പായുസ്സുകളായി അസ്തമിക്കുകയും ചെയ്ത ആനുകാലികങ്ങളുടെ മൊത്തം കണക്കെടുത്താല്‍, അതില്‍ ബഹുഭൂരിപക്ഷവും സവര്‍ണ്ണഹിന്ദുക്കളുടേതാണെന്ന് മനസ്സിലാക്കാനാവും. പത്തൊമ്പതാംനൂറ്റാണ്ടില്‍ ക്രൈസ്തവവിഭാഗം ആധിപത്യംപുലര്‍ത്തിയ പത്രമാസികാരംഗം ഇരുപതാംനൂറ്റാണ്ടില്‍ സവര്‍ണ്ണഹിന്ദുക്കള്‍ കീഴടക്കുകയായിരുന്നു. ക്രൈസ്തവപത്രങ്ങള്‍ ക്രിസ്തുമതപ്രചാരണത്തിന് പ്രാമുഖ്യം കൊടുത്തപ്പോള്‍ സവര്‍ണ്ണഹിന്ദുപത്രങ്ങള്‍ സാഹിത്യം, ഭാഷ, ശാസ്ത്രം, വൈദ്യം, ആത്മീയം, ദേശീയം തുടങ്ങിയ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. അവര്‍ണ്ണഹിന്ദുജനത അഭിമുഖീകരിച്ചതും അഭിലഷിച്ചതും ലക്ഷ്യമാക്കിയതുമായ അടിസ്ഥാന പൗരാവകാശങ്ങളും സാമുദായികപ്രശ്നങ്ങളും സാമൂഹികപരിഷ്‌കരണങ്ങളും ക്രൈസ്തവ – ജാതിഹിന്ദുവിഭാഗങ്ങള്‍ക്ക് ഒരിക്കലും മുഖ്യപരിഗണനാവിഷയങ്ങളായിരുന്നില്ല. സമൂഹത്തിന്റെ പൊതുക്ഷേമത്തിനുവേണ്ടി തൂലികചലിപ്പിച്ച ചില ക്രൈസ്തവ – സവര്‍ണ്ണപത്രാധിപന്മാര്‍ ഇല്ലാതില്ല. ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍, കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള, നിധീരിക്കല്‍ മാണികത്തനാര്‍, കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍, കെ.സി.മാമ്മന്‍ മാപ്പിള, കെ.പി.കേശവമേനോന്‍, കെ.കേളപ്പന്‍, കെ.മാധവന്‍ നായര്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, വി.ടി.ഭട്ടതിരിപ്പാട്, എ.ബാലകൃഷ്ണപ്പിള്ള തുടങ്ങിയവര്‍ അതില്‍പ്പെടും. കെ.പി.കേശവമേനോനും കേളപ്പനും മാധവന്‍നായരും അബ്ദുറഹിമാന്‍സാഹിബും ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, കോണ്‍ഗ്രസ്സും ഗാന്ധിജിയും ലക്ഷ്യമാക്കിയ സാമൂഹികോദ്ധാരണത്തില്‍ പങ്കാളികളായിട്ടാണ് പ്രവര്‍ത്തിച്ചത്. അധഃകൃതപിന്നോക്കവിഭാഗങ്ങളോടുള്ള മമതയായിരുന്നില്ല മറിച്ച്, ദേശീയവികാരമായിരുന്നു അവരുടെ അടിസ്ഥാനചോദന. ഇന്ത്യന്‍വരേണ്യവര്‍ഗ്ഗം നയിച്ച സ്വാതന്ത്ര്യസമരത്തില്‍, ബഹുഭൂരിപക്ഷം വരുന്ന അയിത്തജാതികളെക്കൂടി ആകര്‍ഷിച്ചുചേര്‍ക്കുക എന്ന തന്ത്രം അതിന്റെ പിന്നിലുണ്ടായിരുന്നു. പത്തൊമ്പതാംനൂറ്റാണ്ടില്‍ ഈഴവര്‍ക്ക് രണ്ട് പത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ – മലബാറില്‍ ‘കേരളസഞ്ചാരി’യും (1888), തിരുവിതാംകൂറില്‍ ‘സുജനാനന്ദിനി’യും (1892). ‘Malabar Spectator’ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് പത്രം കൂടി അവര്‍ക്കുണ്ടായിരുന്നത് വിസ്മരിക്കുന്നില്ല. ‘കേരളദീപകം’ (1878) എന്ന നാമത്തില്‍ ഒരു പത്രം മുസ്ലീങ്ങളും അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. വിവേകോദയം (1904), മിതവാദി (1907/1913), കേരള കൗമുദി (1911), ദേശാഭിമാനി (1915), സഹോദരന്‍ (1917) തുടങ്ങിയ പത്രങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടില്‍ ഈഴവരുടെ ജിഹ്വയായി നിന്നത്. നവോത്ഥാനകാല മലയാളപത്രങ്ങളില്‍ ഭൂരിപക്ഷവും ഈഴവരുടെ പ്രശ്നങ്ങളെ അവഗണിച്ചിരുന്നതായി ‘മിതവാദി’യ്ക്കെഴുതിയ ഒരു കത്തില്‍ സഹോദരന്‍ അയ്യപ്പന്‍ സൂചിപ്പിക്കുന്നത് കാണാം. അതേസമയം Common Weal, Madras Mail, Cochin Argues, The Social Reform Advocate, W.C.Spectator തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങള്‍ അനുകൂലനിലപാട് എടുത്തതായും പറയുന്നു80. പത്രങ്ങള്‍ വളര്‍ത്തുന്ന ജാതിസ്പര്‍ദ്ധയെപ്പറ്റി കെ.ടി.ചന്തുമേനോന്‍ ബി.എ.ബി.എല്‍. എഴുതിയ ഒരു കത്ത് ‘മിതവാദി’യിലുണ്ട്. അതില്‍ ഒരിടത്ത് അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: ‘കഴിഞ്ഞ ഒരു ദശാബ്ദത്തിനിപ്പുറമായി കേരളത്തില്‍ ജാതിസ്പര്‍ദ്ധ വളരെ വര്‍ദ്ധിച്ചുവന്നിട്ടുള്ള പ്രകാരം കാണപ്പെടുന്നുണ്ട്. യോഗക്ഷേമം, സുഭാഷിണി, ശ്രീ ശങ്കരാചാര്യര്‍, ഉത്തരതാരക മുതലായ പത്രങ്ങളുടെ നയം ഒരിക്കലും ക്ഷേമപ്രദമായി തോന്നുന്നില്ല’81. പത്രങ്ങള്‍ ചേരിതിരിഞ്ഞ് സമുദായങ്ങളെ ദുഷിപ്പിക്കുന്നതിനെ കുറ്റപ്പെടുത്തി സി.കൃഷ്ണന്‍ ഒരു മുഖപ്രസംഗം തന്നെ എഴുതി: ‘വര്‍ത്തമാനപത്രങ്ങള്‍കൊണ്ട് നാഗരികത്വമുള്ള രാജ്യങ്ങളില്‍ പല ഗുണങ്ങളും സിദ്ധിച്ചിട്ടുണ്ട്. അനവധി ദോഷങ്ങളും അതുമൂലം ഉത്ഭവിച്ചിരിക്കുന്നുവെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. ഇന്ത്യാരാജ്യത്തെ ഓരോ ജാതിക്കാര്‍ തമ്മില്‍ മത്സരം ഉണ്ടാകുന്നതും മിക്കതും വര്‍ത്തമാനപത്രക്കാരുടെ ദുര്‍നയം കൊണ്ടാണ്’82 എന്ന് അദ്ദേഹം തുറന്നുപറഞ്ഞു. അക്കൂട്ടത്തില്‍ ‘ശ്രീ ശങ്കരാചാര്യ’രെയും ‘സുഭാഷിണി’യെയും സി.കൃഷ്ണനും ഉള്‍പ്പെടുത്തികാണാം.

കെ.സി. മാമ്മൻ മാപ്പിള
കെ. കേളപ്പന്‍
കെ.പി.കേശവ മേനോൻ

നായര്‍സമുദായ പുരോഗതി ലക്ഷ്യമാക്കി ഉടലെടുത്ത ഒന്നാമത്തെ പത്രമാണ് നായര്‍ (1903) എന്ന് ജി. പ്രിയദര്‍ശനന്‍ പറയുന്നു83. യഥാര്‍ത്ഥത്തില്‍ നായര്‍സഭയായ ‘മലയാളിസഭ’യുടെ മുഖപത്രമായിരുന്ന ‘മലയാളി'(1886)യായിരുന്നില്ലേ നായര്‍പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച പ്രഥമപത്രം? ‘സുജനാനന്ദിനി’യും ‘വിവേകോദയ’വും ‘മിതവാദി’യും ‘കേരളകൗമുദി’യും ‘ദേശാഭിമാനി’യും ‘സഹോദരന്‍’ പത്രവും ഈഴവസമുദായത്തിന് എന്തുചെയ്തുവോ അതുതന്നെയാണ് ‘മലയാളി’യും ‘നായരും’ ‘സുഭാഷിണി'(?)യും ‘നായര്‍സമുദായ പരിഷ്‌കാരണി'(1904)യും ‘നായര്‍സമുദായ പരിഷ്‌കാരി'(1916)യും ‘സര്‍വ്വീസും'(1920) ‘സമുദായദീപിക'(1916)യും നായര്‍ സമുദായത്തിന് ചെയ്തത്. സാഹിത്യാദി പൊതുവിഷയങ്ങള്‍ ഇവയ്ക്കെല്ലാം ‘സെക്കന്ററി’യായിരുന്നു. ഈഴവപത്രങ്ങളുയര്‍ത്തിപ്പിടിച്ച മൗലികമായ പൗരാവകാശവാദങ്ങളോ ജാതിവിരുദ്ധനിലപാടുകളോ ഭരണപരിഷ്‌കാരങ്ങളോ നായര്‍പത്രങ്ങളെ സംബന്ധിച്ചിടത്തോളം അപ്രധാനമായിരുന്നു. കേരളനവോത്ഥാനകാല പത്രപ്രവര്‍ത്തനത്തെ വിലയിരുത്തിക്കൊണ്ട് പി.എസ്. ഗോവിന്ദപ്പിള്ള ‘മിതവാദി’യില്‍ എഴുതിയ ഒരു ലേഖനത്തില്‍ ‘സുജനാനന്ദിനി’ നിര്‍വഹിച്ച ദൗത്യത്തെപ്പറ്റി വ്യക്തമാക്കുന്നുണ്ട്: ‘സുജനാനന്ദിനി പത്രം ഇന്നത്തെ ചില പത്രങ്ങളെപ്പോലെ വര്‍ഗ്ഗീയപക്ഷപാതമോ സ്വകാര്യലാഭമോ ആദര്‍ശമായി കരുതാതെ രാജ്യഭക്തിയെ പുരസ്‌കരിച്ച് പൊതുജനഹിതാവകാശങ്ങളെപ്പറ്റി സ്വതന്ത്രമായും ധൈര്യമായും വാദിക്കുകയും തദ്വാര നാട്ടിനും നാട്ടുകാര്‍ക്കും അക്ഷയമായ സഹായസൗകര്യങ്ങള്‍ ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്’84. എത്ര നായര്‍ പത്രങ്ങളെപ്പറ്റി ഇങ്ങനെ എഴുതുവാനാകും ? ‘സാധുജനപരിപാലനസംഘ’ത്തിന്റെ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ച പത്രമായിരുന്നു ‘സാധുജനപരിപാലിനി’ (1913). അതുപോലെ ‘കേസരി’ (1914) ഗൗഢസാരസ്വതരുടെയും ‘ശ്രീരാമവിലാസം’ (1914) ഗണകരുടെയും ‘അരയന്‍'(1917) അരയന്മാരുടെയും ‘വെള്ളാളമിത്രം’ (1924) വെള്ളാളസമുദായത്തിന്റെയും ‘മുസ്ലീം’ (1906), ‘അല്‍ ഇസ്ലാം’ തുടങ്ങിയവ മുസ്ലീങ്ങളുടെയും ഉണര്‍വ്വിനും ഉല്‍കര്‍ഷത്തിനും വേണ്ടി പ്രസിദ്ധീകരിച്ച പത്രങ്ങളായിരുന്നു. മലയാള ബ്രാഹ്മണരുടെ അഭിവൃദ്ധിയെ ഉദ്ദേശിച്ച് സ്ഥാപിതമായ പത്രങ്ങളായിരുന്നു ‘ദ്വിജരാജന്‍’ (1908), ‘യോഗക്ഷേമം’ (1909), ‘ശ്രീശങ്കരാചാര്യര്‍’ (1915), ‘ആര്യകേസരി’ (1915), ‘ഉണ്ണിനമ്പൂതിരി’ (1919) എന്നിവ. ഇതുപോലെ അവകാശപോരാട്ടത്തിനായി കേരളത്തിലെ ചെറുതും വലുതുമായ സമുദായങ്ങള്‍ക്ക് മിക്കതിനും അവരുടേതായ പത്രങ്ങള്‍ ഉണ്ടായിരുന്നു. പത്രമാധ്യമചരിത്രത്തില്‍ രേഖപ്പെടുത്താതെപ്പോയ അത്തരം പത്രങ്ങളേറെയും ശൈശവത്തില്‍ത്തന്നെ മൃതിയടഞ്ഞു. 1847 മുതല്‍ 1940 വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം 1500 – വോളം ആനുകാലികങ്ങള്‍ മലയാളത്തില്‍ പിറന്നുവീണതായി – വിവിധ പത്രമാസികകളില്‍ ‘കൈപ്പറ്റി’യതായി രേഖപ്പെടുത്തപ്പെട്ട ആനുകാലികങ്ങളുടെ അടിസ്ഥാനത്തില്‍ക്കൂടി – ജി.പ്രിയദര്‍ശനന്‍ പറയുന്നു. അവയിലേറ്റവും കൂടുതല്‍ പത്രങ്ങള്‍ ജന്മമെടുത്തത് തിരുവിതാംകൂറിലും ഏറ്റവും കുറവ് മലബാറിലുമാണ്. കേരളനവോത്ഥാനത്തിന് ആദ്യം തിരികൊളുത്തിയതും തീക്ഷ്ണമായി കത്തിജ്ജ്വലിച്ചതും തിരുവിതാംകൂറിലായിരുന്നല്ലോ. തിരുവിതാംകൂറില്‍ത്തന്നെ കൊല്ലത്തുനിന്നും കായംകുളത്തുനിന്നുമാണ് അധികം പത്രങ്ങള്‍ പുറപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തില്‍ സവര്‍ണ്ണ ഹിന്ദുപത്രങ്ങളാണ് എണ്ണത്തില്‍ മുന്നിട്ടുനിന്നതെങ്കില്‍, പില്‍ക്കാലത്ത് സാമുദായികാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഈഴവപത്രങ്ങള്‍ മുന്നേറുന്നത് കാണാമെന്ന് ജി. പ്രിയദര്‍ശനന്‍ നിരീക്ഷിക്കുന്നു. അവകാശസമരങ്ങളുടെ മുന്‍നിരയില്‍നിന്നത് അവരായിരുന്നതാകാം അതിനുകാരണം.
നവോത്ഥാനകാലത്ത് ആരംഭിച്ച പത്രങ്ങളില്‍ നാലെണ്ണം മാത്രമേ ഇന്ന് നിലവിലുള്ളൂ.നസ്രാണി ദീപിക, മലയാളമനോരമ, കേരള കൗമുദി, മാതൃഭൂമി.
ക്രിസ്തീയ സമുദായത്തിന്റെ ജിഹ്വയായി ആരംഭിച്ച നസ്രാണി ദീപിക പ്രാരംഭ കാലങ്ങളില്‍ അവര്‍ണ ഹിന്ദുവിഭാഗങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തതെങ്കിലും ക്രമേണ സവര്‍ണക്രിസ്ത്യാനിക്ക് സവര്‍ണഹിന്ദുവിനോടുള്ള രക്തബന്ധുത്വപരമായ ആഭിമുഖ്യം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ മറകളില്ലാതെ ദീപിക പ്രകടിപ്പിക്കാന്‍ തുടങ്ങി .നസ്രാണി ദീപികയില്‍ നിന്നും ഭിന്നമായി ഒരു പൊതുപത്രമെന്ന നില അവലംബിച്ച് സംസ്ഥാപിതമായ മലയാള മനോരമ നിവര്‍ത്തന പ്രക്ഷോഭകാലം വരെ അവര്‍ണഹിന്ദുപക്ഷത്തോട് ചേര്‍ന്ന് നിന്നെങ്കിലും പിന്നീട് സവര്‍ണപക്ഷത്തേക്ക് ചായുകയായിരുന്നു.എന്നും എപ്പോഴും അവര്‍ണ്ണവിഭാഗത്തോട് കൂറുപ്രകടിപ്പിച്ച പത്രമായിരുന്നു കേരളകൗമുദി. ദേശീയപ്രസ്ഥാനത്തിന്റെയും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും നാവായിത്തുടങ്ങിയ മാതൃഭൂമി എക്കാലത്തും സവര്‍ണ്ണഹിന്ദുപക്ഷ നിലപാടാണ് സ്വീകരിച്ചത്.

നായര്‍സമുദായ പുരോഗതി ലക്ഷ്യമാക്കി ഉടലെടുത്ത ഒന്നാമത്തെ പത്രമാണ് നായര്‍ (1903) എന്ന് ജി. പ്രിയദര്‍ശനന്‍ പറയുന്നു83. യഥാര്‍ത്ഥത്തില്‍ നായര്‍സഭയായ ‘മലയാളിസഭ’യുടെ മുഖപത്രമായിരുന്ന ‘മലയാളി'(1886)യായിരുന്നില്ലേ നായര്‍പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച പ്രഥമപത്രം?

കുറിപ്പുകള്‍

  1. കേരളത്തിന്റെ സാംസ്‌കാരികചരിത്രം, പുറം. 592 – 593.
  2. മിതവാദി, 1916, ആഗസ്റ്റ്.
  3. അതേപുസ്തകം. 1916, ഒക്ടോബര്‍.
  4. അതേപുസ്തകം. 1916, ഒക്ടോബര്‍.
  5. ആദ്യകാല മാസികകള്‍, പുറം. 44.
  6. മിതവാദി, 1917, ഫെബ്രുവരി.

Author

Scroll to top
Close
Browse Categories