ഒച്ചവെയ്ക്കുന്ന എഴുത്തുകാരും ഒച്ചയില്ലാത്ത പുസ്തകങ്ങളും
ഒച്ചവെയ്ക്കുന്ന പുസ്തകങ്ങളുടെ നിർമാതാവാകണമെങ്കിൽ എഴുത്തുകാരന്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഭരണകൂടമാവേണ്ടതുണ്ട്. അയാള്‍ ആശയങ്ങളുടെ പ്രജാപതിയായി തീരണം. ഇളകാത്ത വിവേകം സൂക്ഷിക്കുന്ന ഒരാള്‍ക്കേ അത്തരത്തിലൊരു പ്രജാപതിയാകാന്‍ കഴിയുകയുള്ളൂ. ഇവിടുത്തെ എഴുത്തുകാരെല്ലാം തന്നെ കക്ഷി രാഷ്ട്രീയക്കാരാല്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍മ്മിത പ്രജാപതികളാണ്.
That’s the thing about books
They let you travel without
mooving your feet.
Jhumpa Lahiri
എഴുത്തുകാരന്‍ എന്നത് ഇന്നൊരു കൃത്രിമമായ ആഡംബരമാണ്. ഭാഷയുടെയും വായനയുടെയും സംസ്‌കാരത്തെ സംരക്ഷിക്കുന്നതില്‍ അവര്‍ പരാജയ പ്പെട്ടുകൊണ്ടിരിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ അടിമകളായി മാറിയ എഴുത്തുകാരുടെ ശബ്ദങ്ങളാണിപ്പോള്‍ വേഗതരംഗങ്ങളായി നമുക്കു ചുറ്റുമുള്ളത്. അധികാരത്തിന് പുറത്ത് ആശയങ്ങള്‍ക്ക് ഉയിരും നിലനില്‍പ്പുമില്ലെന്നു വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം വരുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കിപ്പോഴുളളത് കക്ഷിരാഷ്ട്രീയത്തിന്റെ ഒച്ചയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ അതിനിശ്ചയങ്ങളെ നല്ല മുഴക്കത്തില്‍ കേള്‍പ്പിക്കുന്നവരുടെ പുസ്തകങ്ങള്‍ പലപ്പോഴും നനഞ്ഞ പടക്കങ്ങളായി ഒടുങ്ങുകയാണ്. ഇവിടുത്തെ രാഷ്ട്രീയ സമൂഹത്തെ പേടിക്കുന്ന എഴുത്തുകാരനെ വായനക്കാരന്‍ മറന്നുതുടങ്ങിയിട്ടുണ്ട്. മനുഷ്യവാസന ചെലുത്താത്ത അത്തരം പുസ്തകങ്ങളെയും അമിത ഒച്ചയെടുക്കുന്ന അതിന്റെ എഴുത്തുകാരെയും കാലം ശിക്ഷിക്കും. ഒച്ചവെയ്ക്കുന്ന പുസ്തകങ്ങളുടെ നിര്‍മ്മാതാവണമെങ്കില്‍ എഴുത്തുകാരന്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഭരണകൂടമാവേണ്ടതുണ്ട്. അയാള്‍ ആശയങ്ങളുടെ പ്രജാപതിയായി തീരണം. ഇളകാത്ത വിവേകം സൂക്ഷിക്കുന്ന ഒരാള്‍ക്കേ അത്തരത്തിലൊരു പ്രജാപതിയാകാന്‍ കഴിയുകയുള്ളൂ. ഇവിടുത്തെ എഴുത്തുകാരെല്ലാം തന്നെ കക്ഷിരാഷ്ട്രീയക്കാരാല്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍മ്മിത പ്രജാപതികളാണ്. അവരുടെ നാവുകളെ നിബന്ധനകളോടെ അഴിച്ചുവിട്ടിരിക്കുകയാണ്. പക്ഷെ പേന തിരുകേണ്ടുന്ന വിരലുകളെ വിടവില്ലാത്ത വിധം കെട്ടിവെച്ചിരിക്കുകയാണ്. ഭാഷയ്ക്ക് ശവക്കുഴി തോണ്ടുന്ന എഴുത്തുകാരുടെ ഒച്ചകള്‍ക്ക് അതിന്റെ ഗ്രാവിറ്റി നഷ്ടപ്പെടുകയാണ്. വ്യാജദര്‍ശനങ്ങളും സൈദ്ധാന്തികതയും പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് ക്രീം റീഡേഴ്‌സ് (cream readers) കനത്ത തിരിച്ചടികളാണ് കൊടുത്തു കൊണ്ടിരിക്കുന്നത്. അവസരവാദപരമാകുന്ന അത്തരം ഒരു ലിറ്റററി പൊളിറ്റിക്‌സ് (literary politics) എതിര്‍ക്കപ്പെടേണ്ടതുണ്ട്. വായനക്കാരനെ വഞ്ചിച്ചുകൊണ്ട് എഴുത്തുകാരന്‍ തന്റെ പ്രതികരണ തീവ്രതയെ മ്ലേച്ഛമായ മൃതിക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നതിനെ സങ്കടത്തോടെ നിരീക്ഷിച്ചു കൊണ്ടാണ് സാഹിത്യായനം നിങ്ങളിലേക്കെത്തുന്നത്. ഇവിടുത്തെ സ്വതന്ത്ര ചിന്തകര്‍ പോലും കീഴടങ്ങലിന്റെ മന:ശാസ്ത്രമാണ് പ്രാക്ടീസ് ചെയ്യുന്നത്. അതിനിടയിലെ ഗൗരവ / ഓള സാഹിത്യത്തെ ഒന്നു നിരീക്ഷിക്കാം.
ഗ്രേസി
കഥാസാഹിത്യത്തിലെ
ചീത്തക്കുട്ടിയായതെങ്ങനെ?
കഥയുടെ കലയെ ആസ്വാദനത്തിന്റെ പുതിയ തുറമുഖങ്ങളിലേക്കെത്തിക്കാന്‍ വല്ലാതെ പണിപ്പെടുന്ന കഥാകാരിയാണ് ഗ്രേസി . ഈ കഥാകാരി ഇന്നും കഥയില്‍ പരീക്ഷിക്കുന്നത് ഒന്നു രണ്ട് ശരീരഭാഗങ്ങളെ മാത്രമാണ്. നാം ജീവിക്കുന്ന കാലത്തിന്റെ സത്യം ഈ ശരീരഭാഗങ്ങള്‍ എത്രത്തോളം ഭംഗിയായി ഉച്ചരിക്കുന്നുവെന്നതൊന്നും ഗ്രേസിയുടെ പരിഗണനയല്ല. അനുഭവങ്ങളുടെ നയനപഥങ്ങള്‍ക്കുള്ളില്‍ ഭദ്രമായി പാര്‍പ്പുറപ്പിച്ച കഥകള്‍ എഴുതിയ ഒരു കഥാകാരി ഇപ്പോള്‍ എഴുത്തിന്റെ കലയിലെ സ്ത്രീസ്വാതന്ത്ര്യത്തെ മറ്റെന്തിനോ വേണ്ടിയൊക്കെ വിനിയോഗിക്കുകയാണ്. കഠിന ഭാവനയുടെ നിറമില്ലായ്മയിലൂടെ വളരെ ലളിതമായി എഴുതുകയും ഒരുതരം ജിജ്ഞാസയെ രചനയുടെ മൂര്‍ദ്ധാവിലൂടെ കൊണ്ടുപോകുകയും ചെയ്യുന്ന ഒരു കഥയാണ് ‘പുണ്യാളന്റെ കുതിര’ (ദേശാഭിമാനി വാരിക, 19 മാര്‍ച്ച് 2023). ഗീവര്‍ഗീസ് പുണ്യാളന്റെ കുതിര തന്നെയാണ് കഥയിലെയും കുതിര. ഈ കഥ ന്യൂസ്‌റീലുകളുടെ വികാസരൂപമാണ്. കേരളത്തില്‍ അരങ്ങേറിയ ഒരു കുര്‍ബാനതര്‍ക്കത്തെ എതിര്‍ക്കുന്നുവെന്നല്ലാതെ ഒരു രാഷ്ട്രീയ വായനയ്ക്കും സാധ്യതയില്ലാത്ത ഒന്നായി ഈ കഥ ഒടുങ്ങുകയാണ് . ‘ കുര്‍ബാന സമയത്ത് കിണ്ടിയാണോ മോന്തയാണോ കേമമെന്ന് തര്‍ക്കിക്കുന്നവരെ ‘ ഭാവനയുടെ മൂര്‍ച്ച ഉപയോഗിച്ച് മുറിച്ചിടുന്നുണ്ട്. പക്ഷെ കഥ ഒരു രാഷ്ട്രീയ വാതായനം തുറക്കുന്നില്ല. ഗ്രേസിയെ കഥാസാഹിത്യത്തിലെ ചീത്തക്കുട്ടിയാക്കുന്നത് ആവശ്യമില്ലാത്ത ചില വിവരണങ്ങള്‍ തന്നെയാണ്. ഇംഗ്ലണ്ട് സാഹിത്യത്തെ വിസ്മയിപ്പിച്ച പ്രതിഭയാണ് ആഞ്ജല കാര്‍ട്ടര്‍. ‘കഷ്ടം അവളൊരു വേശ്യയാണ് ‘ എന്ന് ശീര്‍ഷകപ്പെടുത്തിയ കഥ വിവരണകലയില്‍ തിരക്കഥയുടെ ദൃശ്യസംസ്‌കാരത്തെ അണച്ചുപിടിച്ചതിന്റെ സാക്ഷ്യമാണ്. പക്ഷെ ഗ്രേസിയുടെ ‘പുണ്യാളന്റെ കുതിര ‘ കെട്ടിച്ചമയ്ക്കപ്പെട്ട ഒരു ‘ചന്തിക്കഥ’യാണ്.
കവിതയിലെ
വിധിന്യായങ്ങളും
നീക്കങ്ങളും
മലയാളകവിത വായനക്കാരനെ മാത്രമല്ല പ്രകൃതിയെയും ദൈവത്തെയുമൊക്കെ ക്ഷീണിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി കവിത ആസ്വദിക്കാന്‍ പ്രതീകങ്ങളോ ബിംബങ്ങളോ ഒന്നും ആവശ്യമില്ല. കാരണം കവിത മുന്തിയ സൗന്ദര്യത്തിന്റെ ഭാവനാരൂപമാകാന്‍ വിസമ്മതിക്കുന്നു. കവിതയിലിന്ന് ഏകാന്തസ്ഥലങ്ങളില്ല. മൗനമില്ല. നിറയെ മോബ് സങ്കേതങ്ങളും ഒച്ചകളുമാണുള്ളത്. കവിത എന്ന മാധ്യമത്തെ ഒരു ആകര്‍ഷണ വസ്തുവാക്കാന്‍ ഭൂരിഭാഗം വരുന്ന നമ്മുടെ കവികള്‍ക്കുമാവുന്നില്ല. പുതിയ കവി ക്ലേശം അനുഭവിക്കുന്നില്ല. അവന്‍ / അവള്‍ ഒരു ടാപ്പ് കവിയെ സൃഷ്ടിക്കുന്നു. അത്തരത്തില്‍ ടാപ്പിന്റെ ലിവര്‍ വലിച്ചപ്പോള്‍ പിറന്ന ഒരു കവിതയാണ് റഫീക്ക് അഹമ്മദിന്റെ ‘ ഞാവല്‍പ്പഴങ്ങള്‍’.
എത്ര മനോഹരമാണു ഞാവല്‍പ്പഴം
മുറ്റിത്തഴച്ചു നില്‍ക്കും മര, മന്നത്തെ-
യുറ്റ ചങ്ങാത്തം, മധുരച്ചവര്‍പ്പുകള്‍ .
- ഞാവല്‍പ്പഴങ്ങള്‍/
റഫീക്ക് അഹമ്മദ്
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 മാര്‍ച്ച് 19 )
ഇത്തരം കവിതകള്‍ പ്രകൃതിയെയും വായനക്കാരെയും ഒക്കെ ക്ഷീണിപ്പിക്കുന്നവയാണ്. കവിത ഒരുതത്വചിന്താരൂപം കൂടിയാണ്. ആശ്ചര്യവിഷയമായ ഒന്നിനെ പൂരിപ്പിക്കാന്‍ ജയകുമാര്‍ എന്ന കവി പക്ഷെ അകത്തേക്കാണ് നോക്കുന്നത്. ഇത് ധ്യാനത്തിന്റെ പൂര്‍ണ്ണതയെ അനുഭവിപ്പിക്കുന്നു. അത്തരത്തില്‍ ഒരു കവിത കെ. ജയകുമാര്‍ എഴുതിയിട്ടുണ്ട്. ‘ശീലക്കേടുകള്‍ ‘ എന്നു ശീര്‍ഷകപ്പെടുത്തിയിട്ടുള്ള കവിതയില്‍ അളവില്‍ കവിഞ്ഞ മനുഷ്യമണമുണ്ട്. വായനയ്‌ക്കൊടുവില്‍ നമ്മുടെ കണ്ണുപൊടിയാനും കവിതയുടെ ശീലകൊണ്ട് തുടയ്ക്കാനും ക്ഷണിക്കുന്നു. ആ കവിതയുടെ തുടക്കവും ഒടുക്കവും ഉദ്ധരിക്കാന്‍ ഈ ലേഖകന്‍ നിര്‍ബന്ധിതനാകുന്നു.
ചോരയും ചാരവും കലര്‍ന്ന
ദുരന്തക്കൂനകളില്‍
കണ്ണുടക്കിപ്പോകുന്ന ശീലം
ശരിയല്ലെന്ന് അറിയാഞ്ഞിട്ടല്ല.
ഉറങ്ങാന്‍ കഴിയാഞ്ഞിട്ടാണ് സാര്‍ ,
നിസ്സഹായത കൊണ്ട്
ശ്വാസം മുട്ടിയിട്ടാണ് സാര്‍
സ്വയം വെറുപ്പിന്റെ നാറ്റം
സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് സാര്‍ !
- ശീലക്കേടുകള്‍ /
കെ. ജയകുമാര്‍
(കലാകൗമുദി, 2023 മാര്‍ച്ച് 12- 19 )
ഈയാഴ്ചയിലെ
പുസ്തകം
മിനിക്കഥകള്‍/
സി. രാധാകൃഷ്ണന്‍ (ഗ്രീന്‍ ബുക്‌സ്)
വെള്ളക്കാരനായ കളക്ടറുടെ പുറകില്‍ നിന്നു മാറാതെ നില്‍ക്കുന്ന ഓയ്ക്കന്‍ തിരുമേനിയോട് ബന്തോവസ്തുകാരനായെ പൊലീസുദ്യോഗസ്ഥന്‍ ചോദിച്ചു : ‘ എന്താ നമ്പൂരി മൂപ്പരുടെ പിന്നില്‍ സൂക്ഷിച്ചു നോക്കുന്നത് ?’ തിരുമേനി ചിരിച്ചു : ‘ കുരങ്ങ് പരിണമിച്ചുണ്ടായതാണല്ലോ. വാലറ്റം കുറച്ചെങ്കിലും കാണണ്ടെ , ബാക്കി ! അത് ഒന്നു നോക്കീതാണ് . ‘
- വാല്‍ക്കഷണം /
സി. രാധാകൃഷ്ണന്‍ (മിനിക്കഥകള്‍)
ചില കഥകള്‍ ചരിത്രത്തിന്റെയോ ശാസ്ത്രത്തിന്റെയോ ഒക്കെ മണ്ഡലത്തിലെ യാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പുകളായിരിക്കും. കഥ ചിലപ്പോള്‍ ചലനാത്മകമായ ലോകചിത്രങ്ങള്‍ കൊണ്ടുതരും. ഭാവിയിലേക്ക് സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ടുള്ള അത്തരത്തിലുള്ള മുപ്പത്തിയാറ് കഥകളാണ് സി.രാധാകൃഷ്ണന്റെ മിനിക്കഥാപുസ്തകത്തിലുള്ളത്. മുകളില്‍ ഉദ്ധരിച്ചിട്ടുള്ള ‘വാല്‍ക്കഷണം ‘ എന്ന കഥയില്‍ മാത്രമല്ല മറ്റു പല കഥകളിലും രാധാകൃഷ്ണന്‍ പ്രവര്‍ത്തിപ്പിക്കുന്നത് സറ്റയറിന്റെ ഭാഷയാണ്. ഇവിടെ ഭാഷ പുതിയ അറിവ് ആര്‍ജ്ജിക്കാന്‍ തിടുക്കം കാണിക്കുന്നു. അതിനായി കൗതുകത്തിന്റെ ഒരു കവണകൊണ്ട് വായനക്കാരന്റെ ബോധത്തെ പുത്തന്‍ ശേലില്‍ വാര്‍ത്തെടുക്കുന്നു. ഇതിലെ ‘പരിഹാരം ‘ എന്ന കഥ പുരുഷനെ അഥവാ പൗരുഷഭാവാര്‍ത്ഥങ്ങളെ കമ്പ്യൂട്ടറായി ചിത്രീകരിക്കുന്നു. മനുഷ്യന്‍ ഒരു മെഷീനിന്റെ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതിന്റെ സമകാലിക വേര്‍ഷനാണ് ‘പരിഹാരം ‘. യന്ത്രത്തിന്റെ തൃഷ്ണകള്‍ അതിന്റെ ഉന്നത ശ്യംഖങ്ങള്‍ കീഴടക്കിയതിന്റെ സാക്ഷിമൊഴിയാണീ കഥയും. ഭാഷയ്ക്കിനി യോഗാത്മകമായ പരിവേഷമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അതിന്റെ പശ്ചാത്തലശ്രുതി ബോറാണെന്ന പിറുപിറുപ്പ് ഒച്ച താഴ്ത്തി എപ്പോഴും അവതരിക്കുന്നുണ്ടെന്നും ‘പരിഹാരം ‘ എന്ന ഒടുവിലത്തെ കഥ നമുക്ക് പറഞ്ഞുതരുന്നു. സി. രാധാകൃഷ്ണന്റെ മിനിക്കഥകള്‍ ഓരോന്നും ഊര്‍ജ്ജസ്വലമായ വിജ്ഞാനവികാസമായി നമ്മുടെ സാഹിത്യഭാവനയെ രൂപപ്പെടുത്തുകയാണിവിടെ. ഇത് ഒച്ച വയ്ക്കാത്ത എഴുത്തുകാരന്റെ ഒച്ചയുള്ള പുസ്തകമാണ്.
ഈയാഴ്ചയിലെ
ഇലസ്‌ട്രേഷന്
ചിത്രകലയില്‍ രുചി നിയന്ത്രണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങിയത് ഒരുപക്ഷെ ഇലസ്‌ട്രേഷന് പ്രചാരം കൂടിയപ്പോഴാണ്. നോട്ടത്തിന്റെ രാഷ്ട്രീയത്തിന് ഊക്ക് വര്‍ദ്ധിപ്പിച്ചതും വായനയ്ക്ക് ഒരു സൗന്ദര്യാത്മക മുറുക്കം തീര്‍ത്തതും ഇലസ്‌ട്രേഷനുകളാണ്. കാഴ്ചയുടേതു മാത്രമായ ഒരു ആവേശിതാവസ്ഥയ്ക്കപ്പുറത്തേക്ക് ഇലസ്‌ട്രേഷന്റെ സാധ്യതയെ ഉയര്‍ത്തിയത് ചിത്രഭാഷ്യത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ കഥയിലേക്കോ നോവലിലേക്കോ കവിതയിലേക്കോ ഒക്കെ കടക്കാനുള്ള ഒരുതരം വ്യാജമായ ഒരു അശ്രദ്ധ വായനക്കാരില്‍ തീര്‍ക്കുകയും ക്രമേണ ശ്രദ്ധയുടെ ഞരമ്പിനെ കൂര്‍പ്പിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇലസ്‌ട്രേറ്റര്‍മാര്‍ കരുതിവയ്ക്കുന്നുണ്ട്. ഗ്രേസിയുടെ ‘പുണ്യാളന്റെ കുതിര’ എന്ന കഥയ്ക്ക് ചിത്രീകരണം നടത്തിയിരിക്കുന്നത് സുനില്‍ അശോകപുരമാണ് ( ദേശാഭിമാനി വാരിക , 19 മാര്‍ച്ച് 2023 ). ആന്‍മേരി എന്ന കഥാപാത്രത്തിന് സ്വപ്‌നത്തില്‍ പ്രത്യക്ഷമാകുന്ന കുതിരയെയും , ഗീവര്‍ഗീസ് പുണ്യാളന്‍ പാമ്പിന്റെ വായിലേക്ക് കുന്തം തിരുകുന്നതിനെയും , ആന്‍മേരി ഒരു കുരിശു പള്ളിക്കു മുമ്പിലിരുന്ന് പ്രാര്‍ത്ഥിക്കുന്നതിനെയും സുനില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രീകരണങ്ങള്‍ കഥയുടെ മൊത്തം പ്ലോട്ടിനെയും നമ്മുടെ റെറ്റിനയിലേക്ക് വെച്ചുപിടിപ്പിച്ചു തരുന്നു. ഇവിടെ രുചി നിയന്ത്രണങ്ങളോടു കൂടിയ ഭാഷയായി നിറങ്ങള്‍ രൂപമെടുക്കുന്നു. കഥയില്‍ ചിത്രീകരണം പങ്കാളിത്തത്തിന്റെ ചമല്‍ക്കാരമായി മാറുന്നതിന്റെ സാക്ഷ്യമാണ് സുനില്‍ അശോകപുരത്തിന്റെ ഇലസ്‌ട്രേഷനുകള്‍.
ഈയാഴ്ചയിലെ
അഫോറിസം.
എല്ലാ കാഴ്ചകളും കണ്ണിന്റെ തടവറ ചാട്ടമാണ്.
[email protected]