കാട്ടാന ശല്യത്തിന് അറുതി വേണ്ടേ…

കാട്ടാന ശല്യമാണിപ്പോൾ നാട്ടിലെ സംസാരവിഷയം. ചിന്നക്കനാലിലെ അരിക്കൊമ്പൻ വിഷയം സർക്കാരും ഹൈക്കോടതിയും കടന്ന് സുപ്രീം കോടതിയിലെത്തിയിട്ടും പരിഹാരമാകാതെ തുടരുകയാണ്. കാടിന്റെ വിസ്തൃതി കുറഞ്ഞതും മനുഷ്യന്റെ ശല്യവും ആനത്താരകളിലെ കൈയേറ്റവും കാട്ടിൽ ഭക്ഷണം കുറഞ്ഞതും മറ്റുമാണ് കാട്ടാനകൾ നാട്ടിലേക്കിറങ്ങാൻ കാരണം.

മലയോര മേഖലയാകെ ആനശല്യത്തെ ചൊല്ലി ആശങ്കാഭരിതമാണ്, സമരസംഘർഷ ഭൂമികയാണ്. നിരവധി മനുഷ്യജീവനുകൾ നഷ്ടമായി. വർഷം തോറും കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും വസ്തുനഷ്ടവും ആനകൾ മൂലമുണ്ടാകുന്നുണ്ട്. മന:സമാധാനത്തോടെയുള്ള ജീവിതം ഈ പ്രദേശങ്ങളിൽ അന്യമായി. കാർഷിക വിളകളുടെ വിലത്തകർച്ചമൂലം മലയോരത്തെ ജനത അല്ലെങ്കിൽതന്നെ ജീവിത പ്രതിസന്ധിയിലാണ്. അതിനിടെ കാട്ടാനയും പുലിയും കടുവയും പന്നിയും മറ്റും നാട്ടിലിറങ്ങിയും കൃഷി നശിപ്പിച്ചും അവരെ ഭ്രാന്തുപിടിപ്പിക്കുന്നു.

നാട്ടാനകൾ വർഷം തോറും കുറയുമ്പോഴും കാട്ടാനകളുടെ എണ്ണം കൂടുകയാണ്. ഏതാനും വർഷം മുമ്പ് ആയിരത്തിലേറെ നാട്ടാനകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 441 ആനകൾ മാത്രമേയുള്ളൂ.

അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിനും വിലക്കുണ്ടായി.ക്ഷേത്രച്ചടങ്ങുകൾക്കും മറ്റ് ആചാരാനുഷ്ഠാനങ്ങൾക്കും ആനകളെ കിട്ടാനില്ല. ഉള്ള ആനകളും അവയുടെ പാപ്പാന്മാരും സീസണിൽ ഉത്സവപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക് ഉറക്കവും വിശ്രമവുമില്ലാതെ പായുകയാണ്. എഴുന്നള്ളിപ്പിന് ലക്ഷങ്ങളാണ് ചെലവിടേണ്ടി വരുന്നത്. ഇതുമൂലം ക്ഷേത്രക്കമ്മിറ്റികൾ വലിയ പ്രതിസന്ധിയിലാണ്. ഇങ്ങിനെ പോയാൽ ഉത്സവചടങ്ങുകൾക്ക് ആനയില്ലാതാകുന്ന കാലം അനതിവിദൂരമല്ല. കേരളത്തിലേക്ക് വിദേശികളെ ഉൾപ്പെടെ ആകർഷിക്കുന്നതു വഴി ടൂറിസം രംഗത്തും ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. മുൻകാലങ്ങളിൽ ആനകളെ പിടികൂടിയാണ് നാട്ടാനകളാക്കി മാറ്റിയിരുന്നത്. സർക്കാർ തന്നെ വാരിക്കുഴികൾ സൃഷ്ടിച്ച് ആനകളെ പിടിച്ച് ലേലം വിളിച്ച് വിൽക്കുകയായിരുന്നു പതിവ്. ആനപിടുത്തം നിരോധിച്ചതും കാട്ടാനകളുടെ എണ്ണം കൂടാൻ കാരണമായി. കാട്ടുകൊള്ളക്കാർ കൊമ്പിനായി നൂറുകണക്കിന് ആനകളെ വകവരുത്തുകയും ചെയ്തിരുന്നു. ഇതൊക്കെ കാരണം കാട്ടാനകളുടെ സംഖ്യ വലിയ ഭീഷണിയായിരുന്നില്ല. ഇപ്പോൾ അതല്ല സ്ഥിതി. ആനയെ പിടിക്കുന്നതും ക്രയവിക്രയവും നിരോധിച്ചു. ആനക്കൊമ്പ് വ്യാപാരം നിയമവിരുദ്ധമായപ്പോൾ ആനവേട്ടയും ഇല്ലാതായി. സഹ്യന്റെ മക്കൾ കാടുകളിൽ പെരുകുകയും ചെയ്തു.

മനുഷ്യരെ പോലെ ബുദ്ധിയുള്ള മൃഗമാണ് ആന. ഈ ജീവികളെ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധയും ആവശ്യമാണ്. മനുഷ്യന്റെ പക്കലുള്ള ആനകളിൽ ഏറെയെണ്ണത്തിനും വേണ്ടത്ര പരിപാലനമില്ലെന്ന സത്യവും നാം മറന്നുകൂടാ. നിരവധി ആനകൾ മനുഷ്യന്റെ ധനാർത്തിക്കും ക്രൂരതയ്ക്കും ഇരകളുമാകുന്നുണ്ട്. കാട്ടിലെ ആന ശരാശരി ദിവസം 20 കിലോമീറ്റർ നടക്കുമെന്നാണ് കണക്ക്. കൃത്യമായ ഇടവേളകളിൽ കൃത്യമായ പാതകളിലൂടെയാണ് ഇവയുടെ സഞ്ചാരം. പിറന്നുവീണ നാൾ മുതൽ സഞ്ചരിച്ച വഴികൾ ആനകൾക്ക് കാണാപ്പാഠമാണ്. അതിൽ തടസങ്ങൾ ഉണ്ടായാൽ അവ വഴിമാറി സഞ്ചരിക്കും. അങ്ങിനെയാണ് പലപ്പോഴും ഇവ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത്. കൊമ്പനാനകൾ ഒരു പ്രായം കഴിഞ്ഞാൽ കൂട്ടം പിരിയും. ഇതെല്ലാം പ്രകൃതിനിയമമാണ്. ഇങ്ങിനെ കൂട്ടം തെറ്റി എത്തിയവയാണ് മണ്ണാർക്കാട്ടെ പീലാണ്ടിയും ശാന്തൻപാറയിലെ അരിക്കൊമ്പനും ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനുമാെക്കെ. കാടിറങ്ങുന്ന ഒരാനയെ പിടിച്ചു മാറ്റിയാൽ ആ മേഖലയിലെ അടുത്ത കൊമ്പൻ അവിടേക്ക് ഇറങ്ങിവരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പ്രശ്നകലുഷിതമായ ശാന്തൻപാറയിൽ നിന്ന് അരിക്കൊമ്പനെ ഇപ്പോൾ പിടികൂടി മാറ്റിയാൽ മറ്റൊരു കൊമ്പൻ ഇറങ്ങുമെന്ന് സാരം. ഇവനെ അഴിച്ചുവിടുന്ന പ്രദേശത്തും ഭാവിയിൽ ജനജീവിതത്തിന് ഭീഷണിയാവാനും സാദ്ധ്യതയുണ്ട്. സുപരിചിതമായ തന്റെ ആവാസമേഖലയിൽ നിന്ന് മാറ്റപ്പെടുമ്പോൾ ആന അത്യധികം അക്രമകാരിയാകുമെന്ന വനഗവേഷകരുടെ അഭിപ്രായത്തെ തളളാനുമാകില്ല. അതുകൊണ്ടാണ് അരിക്കാെമ്പനെ മോചിപ്പിക്കുമെന്ന് പറയുന്ന സ്ഥലത്തെ ജനങ്ങളും സമരരംഗത്തിറങ്ങിയത്. അനിവാര്യമായ ഘട്ടത്തിൽ ഇത്തരം മാർഗങ്ങൾ അവലംബിക്കുകയും വേണം.

കാട്ടിലെ ആനകളെ പിടിച്ച് നാട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ അനുമതി ലഭ്യമാക്കിയാൽ തന്നെ ആനശല്യം കുറെയേറെ പരിഹരിക്കാം. അതുപോലെ തന്നെ കാട്ടിനുള്ളിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ആനകൾക്ക് ലഭ്യമാക്കാനുള്ള ദീർഘകാല പദ്ധതികളും വനംവകുപ്പ് ആവിഷ്കരിക്കണം. ആനയുള്ള ഉൾക്കാടുകളിൽ കൂടുതൽ പുല്ലും ഫല വൃക്ഷങ്ങളും മറ്റും നട്ടുപിടിപ്പിക്കണം. തലമുറകളായി ആനകൾ സഞ്ചരിക്കുന്ന ആനത്താരകൾക്ക് തടസമുണ്ടാക്കുന്ന ഒന്നും വനത്തിലോ വനാതിർത്തിയിലോ ഉണ്ടാകരുത്. ജനവാസ മേഖലയ്ക്ക് സമീപത്ത് കിടങ്ങുകളോ സൗരോർജ വേലികളോ യഥാവിധി സ്ഥാപിക്കണം. ആനകളുടെ ആവാസ മേഖലകളിലേക്ക് ജനങ്ങൾ കുടിയേറാൻ ഇടവരുത്തരുത്. ഈ വനഭൂമികളിൽ പട്ടയം നൽകി ജനങ്ങളെ കുടിയിരുത്തിയ മുൻസർക്കാരുകളുടെ കുടിലബുദ്ധിയാണ് ആന പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇതെല്ലാം വിലയിരുത്തി വേണം ആനശല്യത്തിന് പരിഹാരം കാണാൻ.

ആന മലയാളികളുടെ തനത് സംസ്കാരത്തിന്റെ ഭാഗമാണ്. ആനയ്ക്ക് വേണ്ടി മാത്രമുള്ള ചികിത്സയെക്കുറിച്ച് വിവരിക്കുന്ന മാതംഗലീലയെന്ന ആധികാരിക ഗ്രന്ഥം നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട നാടാണിത്. മലയാളികളെ പോലെ ആനപ്രേമം രക്തത്തിൽ കലർന്ന ജനസമൂഹം ലോകത്തെങ്ങുമില്ല. ഗജരാജന്മാരെ ജീവനുതുല്യം സ്നേഹിക്കുന്ന പതിനായിരങ്ങൾ ഇവിടെയുണ്ട്. ഇതെല്ലാം വിലയിരുത്തി വേണം ആനപ്രശ്നത്തെ സമീപിക്കേണ്ടത്.

ആനവിദഗ്ദ്ധരെയും ആന ഉടമസ്ഥരെയും വനംഗവേഷകരെയും ആനപ്രേമികളെയും കർഷക, ജനപ്രതിനിധികളെയും വിശ്വാസത്തിലെടുത്ത് വിശദമായ പഠനവും നിരീക്ഷണവും നടത്തി ഏറ്റവും ഫലപ്രദമായ പരിഹാരമാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.

ഈ പ്രശ്നം പരിഹരിക്കാൻ കുറുക്കുവഴികളൊന്നുമില്ല. സർക്കാർ ഉത്തരവുകളോ കോടതി വിധികളോ കൊണ്ട് തീരുന്ന കാര്യമല്ലിത്. കോടതിക്കും വനംവകുപ്പിനും നിയമത്തിനും ഇക്കാര്യത്തിൽ ധാരാളം പരിമിതികളുമുണ്ട്. മനുഷ്യർക്ക് നിയമം ബാധകമാണെങ്കിലും വന്യമൃഗങ്ങൾക്ക് നിയമത്തെക്കുറിച്ച് അറിയില്ലല്ലോ. മനുഷ്യന്റെ ജീവനാണ് മൃഗങ്ങളുടെ ജീവനേക്കാൾ വിലയെന്ന കാര്യവും മറക്കരുത്.

Author

Scroll to top
Close
Browse Categories