ഇരട്ട
സൈന്ധവിയുടെ വിവാഹം പ്രമാണിച്ചെടുത്ത ലീവു കഴിഞ്ഞ് ബാങ്കിൽ പോയിത്തുടങ്ങിയത് ഇന്നാണ്. ഏറെ ദിവസങ്ങൾ കൂടി ചെന്നതു കൊണ്ട് പകൽ മുഴുവൻ വലിയ തിരക്കായിരുന്നു. ഇറങ്ങിയപ്പോൾ പതിവിലും വൈകി. ഇരുട്ടിനൊപ്പം സാമാന്യം നല്ല തലവേദനയും കൊണ്ടാണ് വീട്ടിലെത്തിയത്. വന്നു കയറിയപാടെ ഡ്രസുമാറി കിച്ചനിലേക്കു പോന്നു. ദിവസം നാലഞ്ചു ചായ എന്നതിൽ നിന്നും എണ്ണം കുറച്ചു കൊണ്ടുവരാൻ കഷ്ടപ്പെട്ടു ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാലുമിപ്പോ ഈ തലവേദനയിൽ ഒരു ചായ ഇല്ലാതെ പറ്റില്ല.
ചായ തിളയ്ക്കുന്നത് നോക്കി നിന്നപ്പോഴോർത്തു, എത്രയെളുപ്പമാണ് ഒരൊറ്റച്ചായ ഉണ്ടാവുന്നത്! ഇനിയങ്ങോട്ട് ഒറ്റയ്ക്കുള്ള ജീവിതവുമായി പൊരുത്തപ്പെടാനും അത്രതന്നെ എളുപ്പമായിരിക്കുമോ എന്ന് കണ്ടറിയണം!
ഇന്നു രാവിലെവരെ വീട്ടിൽ ആളനക്കമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ എട്ടാം ദിവസം സൈന്ധവി മനീഷിനോടൊപ്പം ദുബായിലേക്കു പറക്കുന്ന ദിവസമായിരുന്നു ഇന്നലെ. അതുകൂടി കഴിയുന്നതുവരെ നിൽക്കാൻ സുമ സന്മനസ്സു കാണിച്ചു. സുമയ്ക്കും തിരിച്ചു പോകാതെ പറ്റില്ലല്ലോ, കുട്ടികളെ സ്കൂളിലയയ്‌ക്കാനുള്ളതല്ലേ.
ഡൈനിംഗ് ടേബിളിലിരുന്ന ടിന്നിൽ നിന്നും നാലഞ്ചു ചിപ്സ് കുടഞ്ഞിട്ട്, ചായക്കപ്പുമെടുത്ത് ഇരിക്കുമ്പോൾ തൊട്ടുപിന്നിൽ ‘മെറീ, ചായ കുറയ്ക്കണം കേട്ടോ ‘ എന്നു കേട്ടപോലെ. പോയിട്ട് പത്തുവർഷമായെങ്കിലും ഇപ്പോഴും എന്തെടുക്കുമ്പോഴും തൊട്ടടുത്തെവിടെയോ രാജീവിന്റെ കരുതലൊച്ച കേൾക്കുംപോലെയാണ്. ഒരിക്കലും ‘മെറീ’ എന്നല്ലാതെ മെർലിൻ എന്നു മുഴുവൻ പേരുകൂടി വിളിച്ചിട്ടില്ല. അന്ന്, ഒറ്റമോളായിട്ടും തന്റെ വീട്ടിൽ അപ്പച്ചൻ പ്രതീക്ഷിച്ച ഭൂകമ്പമൊന്നുമുണ്ടാക്കിയില്ലെങ്കിലും, ക്രിസ്ത്യാനിപ്പെണ്ണിനെ പ്രേമിച്ചുകെട്ടിയ കുറ്റത്തിന്, ജീവിച്ചിരുന്ന കാലമത്രയും അച്ഛനും അമ്മയും രാജീവിന് മാപ്പുകൊടുത്തില്ല. ആ വാശി മുഴുവനും തന്നെയും സൈന്ധവിയേയും സ്നേഹിച്ചുകൊണ്ട് തീർക്കുന്ന രാജീവിനെ കാണുമ്പോൾ, കാലം മായ്ക്കാത്ത മുറിവില്ലെന്നൊക്കെയുള്ള പറച്ചിൽ വെറുതെയായിരിക്കും എന്നാണ് തോന്നിയിരുന്നത്. ഇനിയഥവാ എന്നെങ്കിലുമൊരു മനംമാറ്റമുണ്ടായി ക്ഷമിക്കണമെന്നു കരുതിയാൽപ്പോലും അച്ഛനുമമ്മയ്ക്കും അതിനൊരവസരം കൊടുക്കാതെ, ഒരുപാടു സ്നേഹം നിറഞ്ഞ സ്വന്തം ഹൃദയം ഒന്നു പണിമുടക്കി രാജീവിനെയങ്ങ് ജയിപ്പിച്ചു കളഞ്ഞു. അവർ വന്നില്ലെങ്കിലും അനിയൻ രാജേഷും ഭാര്യ സുമയും സൈന്ധവിമോളെ കാണാൻ വരുമായിരുന്നു; അവരുണ്ടായിരുന്നപ്പോൾ രഹസ്യമായും, അതിനുശേഷം പരസ്യമായും.
ഓർമ്മകൾ അങ്ങനെയാണ്; ഒന്നിരുന്നു പോയാൽ തിരകളെപ്പോലെ ഒന്നിനു പിന്നാലെ ഒന്നായി കടന്നുവന്നു കൊണ്ടേയിരിക്കും. വെറുതെയിങ്ങനെ ആലോചിച്ചിരുന്നാൽ പറ്റില്ലല്ലോ? ആദ്യം മുഷിഞ്ഞ ഡ്രസ് കഴുകിയിട്ടിട്ട് രാത്രിയിലേക്ക് വല്ലതും ഉണ്ടാക്കാമെന്നോർത്തു. എവിടെ ഇപ്പോ മാറിയിട്ട ആ മഞ്ഞച്ചുരിദാർ? പുതിയതാണ്. ഫുൾസ്ളീവുള്ളത്. വിവാഹഡ്രസുകളെടുക്കുന്ന കൂട്ടത്തിൽ ‘ഇതമ്മയ്ക്ക് നല്ല മാച്ചാവും ട്ടോ, അമ്മയീ കളറിലാ ഏറ്റവും സുന്ദരിയെന്നല്ലേ അച്ഛൻ പറയാറുണ്ടായിരുന്നെ’ എന്നും പറഞ്ഞ് ഇടംകണ്ണിറുക്കിയുള്ള അച്ഛന്റെ അതേ ചിരിയും ചിരിച്ച് സൈന്ധവി സെലക്ടു ചെയ്തത്. കസേരക്കയ്യിലേക്കാണല്ലോ അഴിച്ചിട്ടിരുന്നത്? അതോ അവിടല്ലേ? ഇന്നലെയും ഇതുതന്നെയായിരുന്നു കളി. എയർപോർട്ടിൽ പോയിട്ടുവന്ന് മാറിയിട്ടിരുന്ന ഡ്രസ് തപ്പി നടന്നത് സുമയും കണ്ടിരുന്നു. രാവിലെ സിറ്റൗട്ടിൽ നിന്ന് അതെടുത്തു തന്നുകൊണ്ട് അവൾ കളിയാക്കുകയും ചെയ്തു. ‘അമ്പതു വയസ്സ് ഒരു പ്രായമേയല്ല ചേച്ചീ, ഇപ്പഴേ മറവി തുടങ്ങിയോ? ടെൻഷനൊക്കെ കുറയ്ക്കണം കേട്ടോ.’
അതിശയമായിരുന്നു. ഇത്രയധികം മറവിയോ? സിറ്റൗട്ടിലേക്ക് പോയതേയില്ലല്ലോ! അല്ലെങ്കിൽത്തന്നെ മുഷിഞ്ഞ ഡ്രസും കൊണ്ട് എന്തിനാണ് അങ്ങോട്ടു പോകുന്നത്?
അത്രയ്ക്ക് ടെൻഷൻ വരേണ്ട കാര്യങ്ങൾ ഒന്നുമില്ലല്ലോ. രാജീവിന്റെ അഭാവം സൃഷ്ടിച്ച ശൂന്യത നികത്താനാവില്ലെങ്കിലും സൈന്ധവി എന്ന ലക്ഷ്യമുണ്ടായിരുന്നതുകൊണ്ട് ആ കരുതലോർമ്മകളുടെ സുരക്ഷിതവലയവുമായി ജീവിതം പൊരുത്തപ്പെട്ടിരുന്നു.
ഫ്ലാറ്റുജീവിതം വിട്ട് നാട്ടിലേക്കു മാറാനുള്ള തീരുമാനം ഏറ്റവും സന്തോഷിപ്പിച്ചത് സൈന്ധവിയെത്തന്നെയായിരുന്നു. അവളുടെ പഠനം കഴിഞ്ഞു. ഇനി സ്വന്തം സെലക്ഷനായ മനീഷുമായി ഫിക്സു ചെയ്ത കല്യാണം നടക്കുകയേ വേണ്ടു. മനീഷ് അവനൊപ്പം ദുബായിൽത്തന്നെ അവൾക്കുമൊരു ജോലിയും റെഡിയാക്കിയിട്ടുണ്ട്. അപ്പോ അമ്മയങ്ങ് വല്ലാതെ തനിച്ചായിപ്പോകും എന്ന ടെൻഷനും വേണ്ടല്ലോ.
“വളരെ നല്ല ഡെസിഷൻ അമ്മാ, തറവാട്ടിലാകുമ്പോ അമ്മയ്ക്ക് ലോൺലിനെസ് തീരെ ഫീൽ ചെയ്യില്ല. അമ്മേടെ നാടല്ലേ. പിന്നെ സുമയാൻറിക്കൊക്കെ ഇടയ്ക്കിടക്ക് വരാനെളുപ്പം. അവിടത്തെ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫറും കിട്ടും. കാറെടുത്ത് പോയി വരാം. പതിനഞ്ചു മിനുട്ട് ദൂരമല്ലേയുള്ളു ബാങ്കിലേക്ക്.”
തറവാട്ടുവീട് ഏറെ നാളായി അടച്ചിട്ടിരിക്കുകയായിരുന്നു. അപ്പച്ചൻ മരിച്ചതിൽപ്പിന്നെ അമ്മച്ചിയെ ഫ്ലാറ്റിലേക്ക് ഒപ്പം കൊണ്ടുപോന്നിരുന്നു. ആ പറിച്ചുനടീൽ സമയത്ത് എന്തുകൊണ്ടോ സാധാരണ പ്രായം ചെന്നവർ പ്രകടിപ്പിക്കാറുള്ള, നാട്ടിൽത്തന്നെ നിൽക്കണമെന്നുള്ള ദുശ്ശാഠ്യമൊന്നും അമ്മച്ചി കാണിച്ചതേയില്ല. അതല്ലെങ്കിലും അമ്മച്ചി പണ്ടേ അങ്ങനെ യായിരുന്നല്ലോ. സങ്കടങ്ങളല്ലാതെ, സ്വന്തമായി വാശികളൊന്നും ഒരിക്കലും വച്ചുപുലർത്തിക്കണ്ടിട്ടില്ല. അപ്പച്ചന്റടുത്ത് ഒന്നും നടപ്പിലാകില്ല എന്നതുകൊണ്ടായിരുന്നോ ആവോ. തനിക്കൊഴിവു കിട്ടുമ്പോഴെല്ലാം പഴംകഥകളുടെ കെട്ടഴിച്ച് അമ്മച്ചി ഫ്ലാറ്റിലെ അടച്ചിട്ട ജീവിതത്തിന്റെ വിരസതയെ മറികടന്നു.
കഥകളിൽ അധികവും നിറഞ്ഞുനിന്നത് ഈയാമ്മച്ചിയും ബെർലിയും തന്നെ ആയിരുന്നു. ‘നിന്റപ്പച്ചന് ഈയാമ്മേന്നു വച്ചാ ജീവനാർന്നു, എന്നേക്കാളും ഇഷ്ടം.’ അതു പറയുമ്പോൾ അമ്മച്ചിയുടെ കണ്ണുകളിലെ ശാന്തതയാണ് അതിശയപ്പെടുത്തിയത്. തനിക്കോർമ്മവച്ച നാളുകളിലെല്ലാം അപ്പച്ചന്റെ കണ്ണ് ദേഷ്യം കൊണ്ടും അമ്മച്ചിയുടെ കണ്ണ് കണ്ണീരുകൊണ്ടും കലങ്ങിക്കണ്ടിരുന്ന ഒരു കാരണം എത്ര ലാഘവത്തോടെയാണ് ഇപ്പോഴമ്മച്ചി പറയുന്നത്. അമ്മച്ചിക്ക് മറവി പിടിപെട്ടു തുടങ്ങിയതാണോ അതോ കാലം മുറിവുകളെ മായ്ക്കുന്നതാണോ?
അതിശയമായിരുന്നു. ഇത്രയധികം മറവിയോ? സിറ്റൗട്ടിലേക്ക് പോയതേയില്ലല്ലോ! അല്ലെങ്കിൽത്തന്നെ മുഷിഞ്ഞ ഡ്രസും കൊണ്ട് എന്തിനാണ് അങ്ങോട്ടു പോകുന്നത്?
അമ്മച്ചിയുടെ കസിനായിരുന്നു ഈയാമ്മ എന്നു വിളിക്കുന്ന ത്രേസ്യാമ്മ. രണ്ടു പേരും ഒരേ പ്രായം. ഒരു ഞെട്ടിലെ രണ്ടു പൂക്കളെപ്പോലെ ഒന്നിച്ചാണു വളർന്നത്. പള്ളീലും പള്ളിക്കൂടത്തിലുമെല്ലാം ഒന്നിച്ചു പോയിരുന്നവർ. അമ്മച്ചിയേക്കാൾ കുറച്ചു നിറവും ഭംഗിയും കൂടുതലുണ്ടായിരുന്നു ഈയാമ്മയ്ക്ക്. അവരുടെ കെട്ടാണ് ആദ്യം കഴിഞ്ഞതും. ശേലു കുറവുള്ള അമ്മച്ചിക്ക് നാലഞ്ചു കൊല്ലം കൂടി കഴിഞ്ഞാണ് ചെക്കനെ കിട്ടിയതത്രേ. കെട്ട് നേരത്തേ കഴിഞ്ഞെങ്കിലും ഈയാമ്മയ്ക്കു പക്ഷേ അതുവരെയും കുട്ടികളായിരുന്നില്ല. അമ്മച്ചിയും ഈയാമ്മയും ഒരേ സമയത്താണ് ഗർഭവും പേറി നടന്നത്. ‘അവളുമാര് രണ്ടും ഒരുമിച്ചു പെറാൻ കാത്തിരിക്കുവാർന്നു’ എന്നാണ് അതിന് വല്യമ്മച്ചി കണ്ടെത്തിയ സമാധാനം!
‘ഇരട്ടകളാകാൻ ഒരു വയറ്റിൽത്തന്നെ പിറക്കണോന്നില്ലടീ ‘ എന്നമ്മച്ചി കണ്ണും നിറച്ച് പണ്ടെന്നോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാൻ കാലങ്ങളെടുത്തു. രണ്ടുപേരുടെയും വയറ്റിലുള്ളത് പെൺകുഞ്ഞുങ്ങളാണെന്ന് ഒരു സ്കാനിങ്ങുമില്ലാത്ത ആ കാലത്ത് വല്യമ്മച്ചിയങ്ങ് തീരുമാനിച്ചിരുന്നു. മാത്രവുമല്ല പിറക്കുമ്പോൾ തനിക്കിടാൻ മെർലിൻ എന്നും ഈയാമ്മച്ചിയുടെ കൊച്ചിന് ബെർലി എന്നും പേരുകൾ വരെ കണ്ടുവച്ചിരിക്കുകയും ചെയ്തത്രെ.
എന്തായാലും തന്റെ ‘ഇരട്ട’യായി ജനിക്കാൻ അതിനു ഭാഗ്യമുണ്ടായില്ല. അമ്മച്ചിക്കും അപ്പച്ചനുമിടയിൽ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും, ഏഴാം മാസത്തിൽ ഒരു മുട്ടൻ വഴക്കുണ്ടാകുന്നതുവരെ ഈയാമ്മയുടെ കുടുംബജീവിതം ഏറെക്കുറെ സ്വസ്ഥമായിരുന്നു. അതിനുശേഷം അവർ മാസം തികയാതെ ഒരു ചാപിള്ളയെ പ്രസവിക്കുകയും, തുടർന്നുണ്ടായ അസുഖങ്ങളാൽ ഏറെത്താമസിയാതെ മരണപ്പെടുകയും ചെയ്തു. അന്നൊക്കെ അമ്മച്ചി ഏറെക്കാലം മൗനത്തിലാകുകയും ഇടയ്ക്കിടെ ഞെട്ടിയുണർന്ന് ‘കർത്താവാണെ, അവളേം കൊച്ചിനേം ഞാനൊരിക്കലും പ്രാകീട്ടില്ല’ എന്ന് പുലമ്പുകയും ചെയ്യുമായിരുന്നെന്ന് വല്യമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും കാലത്തിനൊപ്പം വല്യമ്മച്ചിയുടെയും പിന്നെ അമ്മച്ചിയുടെയും നാവിലൂടെ ബെർലി തന്റെ ഇരട്ടയായിത്തന്നെ തുടർന്നു.
പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിന്റെ കിച്ചണിൽ അത്താഴത്തിനുള്ള ചപ്പാത്തി മാവ് കുഴച്ചുകൊണ്ടിരിക്കെയാണ് അതുവരെ മൂളിക്കേട്ടുകൊണ്ടിരുന്ന അമ്മച്ചിയുടെ കഥപറച്ചിൽ പെട്ടെന്നങ്ങു നിലച്ചത്. മാവുപറ്റിയ കൈയെത്തിച്ച് ഒന്നു താങ്ങിപ്പിടിക്കുന്നതിനു മുൻപേ തന്നെ ഒരു കുഴഞ്ഞുവീഴൽ, അന്നേവരെ സജീവമായിരുന്ന പഴങ്കഥകളുടെ കെട്ടുമായി അമ്മച്ചിയങ്ങ് പോയി.
നോവലെടുത്ത് പതിയെ കട്ടിലിലേക്ക് ചാഞ്ഞു. പലയിടത്തായി ചിതറിക്കിടന്ന ശ്രദ്ധയെ പെറുക്കിക്കൂട്ടി അക്ഷരങ്ങളിലേക്ക് കേന്ദ്രീകരിക്കാൻ ശ്രമിക്കുമ്പോഴാണ് മേശയ്ക്കരികിലെ കസേരയിൽ പുറം തിരിഞ്ഞ് ആരോ ഇരിക്കുന്നതായി തോന്നിയത്. പിന്നിൽ മുടി അഴിഞ്ഞു നിരന്നുകിടക്കുന്നു. അതിനിടയിലൂടെ മഞ്ഞ ഡ്രസ് ധരിച്ച ഷോൾഡർ കാണാം.
പേടിയുടെ ഒരു തണുപ്പ് ഉടലിലേക്ക് അരിച്ചുകയറി. ഈ വീട്ടിൽ തന്നെക്കൂടാതെ മറ്റൊരാളില്ലാതിരിക്കെ, ആരാണ്!
‘ഹാരാ അത് ?’ ചോദിച്ച ഒച്ച പുറത്തുവന്നോ എന്നു തന്നെ അറിയില്ല.
ആൾ കസേരയോടെ തിരിഞ്ഞപ്പോഴാണ് പാതിനിഴൽ വീണ മുഖം കണ്ടത്. സ്വന്തം മുഖം! സ്വന്തം രൂപം! താൻ പകലിട്ടിരുന്ന മഞ്ഞച്ചുരിദാറുമിട്ട് ഇരിക്കുന്നു! കണ്ണാടിയിലല്ല, വ്യക്തമായി മുമ്പിലിരിക്കയാണ്.. ഇതെങ്ങനെ? ‘അയ്യോ’ എന്നു തുറന്ന വായ് അതേപടിയിരുന്നു.
‘നീയെന്താ പേടിച്ചുപോയോ? മെറീ, ഞാനാടീ ഇത്, ബെർലി..”
‘ബെർലിയോ, നീയെങ്ങനെ? അതിന് നീ … “
”നീ കാണാഞ്ഞല്ലേ? ഞാനിവിടെത്തന്നെ ഉണ്ടായിരുന്നല്ലോ, നിന്റെ ഒപ്പം തന്നെ! എടീ പൊട്ടീ, ഭൂമീലൊരാളുണ്ടാവാന്നു പറഞ്ഞാൽ വയറ്റിൽ പൊടിക്കുമ്പഴാ, അല്ലാണ്ട് പിറന്നു വീഴുമ്പഴല്ല.. “
അവൾ മനോഹരമായി ചിരിച്ചുകൊണ്ട് പറഞ്ഞു. ആ ചിരി, പേടി കുറച്ചില്ലെങ്കിലും പേടികൊണ്ട് വലിഞ്ഞുമുറുകിയ ശരീരത്തിന് നേരിയ ഒരയവു വരുത്തി. തൊണ്ടയുടെ ആഴത്തിലേക്കിറങ്ങിപ്പോയ ശബ്ദത്തിന്റെ ഒരു തുണ്ട് തിരിച്ചെടുത്തു കൊണ്ട് ചോദിച്ചു
“എന്നിട്ട് ഇത്ര കാലമെന്താ… ഇപ്പഴെന്താ പെട്ടെന്നുവരാൻ ?”
”ഇതുവരെ നിന്റൊപ്പം ആരേലുമുണ്ടായിരുന്നല്ലോ? ഇന്നലെ രാത്രിയിലും കൂടി! അതോണ്ട് ഞാൻ നിന്റെ കൺമുന്നിൽ വരാണ്ട് നിന്നു. എന്നാലും നിന്നെ കാണുന്നുണ്ടായിരുന്നു. നീ ഒറ്റയ്ക്കാകുന്ന ആദ്യത്തെ രാത്രിയല്ലേ ഇത്, എനിക്കതു സഹിച്ചില്ല. നീയില്ലാതെ ഞാനുണ്ടോടീ? നീയുറങ്ങിക്കോ, ഞാൻ നിനക്കു കൂട്ടിരിക്കാണ്.”
കേട്ടതൊന്നും വിശ്വസിക്കാനാവാതെ, ഉൾക്കൊള്ളാനാവാതെ, തരിച്ചുനിൽക്കയാണ്.
ഇവളോ? ഇത്രകാലം കാണാത്തവൾ, ഇവളൊരു കഥയല്ലേ? അതോ സ്വന്തം ആത്മാവ് ശരീരത്തിൽ നിന്നിറങ്ങി മുഖാമുഖം വന്ന് ഭയപ്പെടുത്തുകയാണോ?
വേണ്ടാ, കൂട്ടു വേണ്ടാ, ഇതാണ് പേടി! എത്ര പ്രിയപ്പെട്ടവരാണെങ്കിലും ഇല്ല എന്നറിയുന്നൊരാൾ പെട്ടെന്ന് മുന്നിൽ വന്നാൽ പേടിയല്ലാതെന്ത്? രാജീവിനെത്തന്നെ പോയശേഷം കാണാൻ എത്ര കൊതിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ വന്നിരുന്നെങ്കിൽ ഭയക്കുകയല്ലേയുള്ളു? പിന്നെയല്ലേ ഇവൾ!
രണ്ടും കല്പിച്ച് പറഞ്ഞു.
“വേണ്ട ബെർലീ, നീ പോ. ഒറ്റയ്ക്ക് എനിക്കു പേടിയില്ല. നീയിവിടെ ഇരുന്നാലാ എനിക്കു പേടി.”
“നിന്നെ വിട്ട് എനിക്കു പോകാമ്പറ്റില്ല മെറി, നിന്റൊപ്പം നീയറിയാണ്ട് ഞാനും ജീവിക്ക്യാരുന്നു. നിന്റെ മണോള്ള ഉടുപ്പുകളിൽ നീയറിയാണ്ട് ഞാൻ നിന്നെ അനുഭവിക്ക്യാരുന്നു. ഞാൻ നിന്റെ ഇരട്ടസഹോദരി തന്നല്ലേ? നീയെന്നെ കണ്ടിരുന്നില്ലേലും സൈന്ധവിമോളെയും നമ്മളൊരുമിച്ചാ വളർത്തിയേ. അവളുടെ കളിചിരികളും കുസൃതിയുമെല്ലാം ആസ്വദിച്ച് …”
അവളവിടെ തറഞ്ഞിരിക്കുകയാണ്. ഓർമ്മകളിൽ മുങ്ങിയെന്നപോലെ വശ്യമായ ഒരു മന്ദഹാസം മുഖത്തുണ്ട്. നിശ്ശബ്ദമായ പേടിയുടെ ഒരു നിസ്സഹായത വന്നു പൊതിഞ്ഞു കൊണ്ടിരുന്നു. സമയം കടന്നു പോകുകയാണ്. ഹൃദയം വീർത്തു പൊട്ടുമെന്ന് തോന്നി. ഇവൾ പോകാതെ ഉറങ്ങാനെന്നു പോയിട്ട് ഒന്നു ചലിക്കാൻ കൂടി ആവുമെന്നു തോന്നുന്നില്ല.
ഓർമ്മകളിൽ നിന്നുണർന്നപോലെ തല ചെരിച്ച് ബെർലി ചോദിച്ചു. ”നീയെന്താ മെറീ ഉറങ്ങാത്തെ? നിനക്ക് രാവിലെ ജോലിക്കു പോവണ്ടായോ?”
എന്തെങ്കിലും പറയാൻ ഒരു വഴി തുറന്നു കിട്ടിയ പോലെ അവളോടു പറഞ്ഞു, “നിന്റെ കരുതൽ എനിക്കു മനസ്സിലാകുന്നുണ്ട്. എങ്കിലും നീ പോ ബെർലി പ്ളീസ്, എനിക്ക്… “
എന്തായാലും തന്റെ ‘ഇരട്ട’യായി ജനിക്കാൻ അതിനു ഭാഗ്യമുണ്ടായില്ല. അമ്മച്ചിക്കും അപ്പച്ചനുമിടയിൽ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും, ഏഴാം മാസത്തിൽ ഒരു മുട്ടൻ വഴക്കുണ്ടാകുന്നതുവരെ ഈയാമ്മയുടെ കുടുംബജീവിതം ഏറെക്കുറെ സ്വസ്ഥമായിരുന്നു
“നിന്നോട് എനിക്കുള്ള സ്നേഹം എന്തോരാണെന്നറിയോ? എന്നാലുമിപ്പോ എന്റെ സാമീപ്യം നിന്നെ ഭയപ്പെടുത്തുവാണേ ഞാൻ പോയേക്കാം പെണ്ണേ.”
അവളുടെ കണ്ണുകൾ നിറഞ്ഞു. മരിച്ചവർ കരയുമോ? അവർ ജീവിച്ചിരിക്കുന്നവരെപ്പോലെയാണോ ചിന്തിക്കുക? സങ്കടമുണ്ട്. എന്നാലും അതിനെ അതിജീവിക്കുന്ന വികാരം ഭയമായിരുന്നതുകൊണ്ട് പോകരുതെന്നു പറഞ്ഞില്ല. വാതിൽ തുറന്ന്, സ്വന്തം നടത്തമെങ്ങിനെയോ അതേ ശരീരചലനങ്ങളോടെ അവൾ പോയി.
മരവിച്ചുപോയ ശരീരത്തിൽ നിന്നു കാലുകളെ വല്ല വിധേനയും മോചിപ്പിച്ചെടുത്ത് നടന്നുചെന്നു വാതിലടച്ചു ബോൾട്ടിട്ടു. ഈ ബോൾട്ടിട്ട വാതിലിനുള്ളിലാണല്ലോ അവൾ കടന്നു വന്നിരുന്നത് എന്നു ചിന്തിക്കാൻ പോലുമപ്പോൾ ത്രാണിയുണ്ടായില്ല.
തിരിച്ചു കട്ടിലിൽ വന്നിരുന്നു. വിവേചിച്ചറിയാത്ത ഒരുതരം മരവിപ്പോടെ അങ്ങനെ എത്ര നേരം ഇരുന്നുവെന്നറിയില്ല.
ആ നിശ്ശബ്ദതയെ ഞെട്ടിച്ചുകൊണ്ട് ഫോണിലൊരു മെസേജലർട്ട് വന്നു. സുമ വോയ്സിട്ടിരിക്കയാണ്. “ചേച്ചീ, ഈ സമയത്ത് ചേച്ചിയെ വിളിച്ചാ പേടിക്കുമല്ലോന്നോർത്താ വോയ്സിട്ടത്. എന്തൊരു പുകിലായിരുന്നു ഇവിടെ ! ചേച്ചിക്കറിയാമോ ആ ജോനാച്ചന്റെ ചെക്കനെ? ജയ്സൻ ? അവനൊരു ഞരമ്പനാ ചേച്ചീ. പഠിപ്പൊക്കെയുള്ള ചെക്കനായിട്ട് കൂടി.. ഈ അടുത്ത പ്രദേശത്തൂന്നൊക്കെ പെണ്ണുങ്ങടെ ഡ്രസുകള് കുറേനാളായി പോകുന്നുണ്ടായിരുന്നു. ആരും പുറത്തു പറയാഞ്ഞതാ. ഇന്നിപ്പം കയ്യോടെ പൊക്കി. നല്ലോണം പെരുമാറി, എന്നിട്ടാ പോലീസിനെ വിളിച്ച് കൈമാറിയെ. ചേച്ചി പേടിക്കണ്ട. കഴിഞ്ഞദിവസം ചേച്ചീടെ ഡ്രസും ഇവൻ തന്നെയാരിക്കൂന്ന് എടുത്തത്…”
സമസ്യകൾക്ക് ഉത്തരം കിട്ടുമ്പോൾ മാത്രം കിട്ടുന്ന ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസത്തോടെ ഫോൺ തിരിച്ചു വച്ചു. ജനലിൽ കൂടിയാവണം അവൻ എടുത്തത്. കസേരവരെ കൈയെത്തുമോ അതോ വല്ലതും കൊണ്ട് തോണ്ടിയെടുത്തോ? വല്ല ആളനക്കമോ മറ്റോ കേട്ട് സിറ്റൗട്ടിൽ ഇട്ടു പോയതാവും.
രാത്രി മുഴുവൻ എന്തൊരു അലച്ചിലായിരുന്നു. ബുക്കു വായിച്ചു കിടന്ന് മയങ്ങിയിട്ടുണ്ടാവണം… എന്തൊക്കെയായിരുന്നു! ഭൂതകാലവും കഥകളും അമ്മച്ചിയും ബെർലിയുമെല്ലാം കൂടിക്കുഴഞ്ഞ് മനസു കൽപ്പിച്ചെടുത്ത കാഴ്ചകൾ! സത്യമെന്നു തോന്നിക്കുന്ന മായക്കാഴ്ചകൾ, അതോ സ്വപ്നമോ? അസ്വസ്ഥമായ മനസ്സിന്റെ സൃഷ്ടിയാണ് എല്ലാ പേടികളും. എന്നാലും ശരിക്കും ഭയന്നു, തളർന്നു.
രാജീവുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ‘ഈ പെണ്ണിന്റെ തലയ്ക്കകത്തു മുഴുവൻ വായിച്ചു കൂട്ടിയ ഭ്രാന്തൻകഥകളാണ് ‘ എന്നു പറഞ്ഞേനെ.
ഇനി രണ്ടു മണിക്കൂറേ ഉറങ്ങാൻ കിട്ടൂ. രണ്ടെങ്കിൽ രണ്ട്; ഉള്ളതാവട്ടെ.
ബോധം വിട്ട് ഉറങ്ങി. അഞ്ചരയുടെ അലാറമാണ് ഉണർത്തിയത്. എത്ര ഉറക്കത്തിലായാലും ‘ഉണരുണരൂ ഉണ്ണിപ്പൂവേ ‘ എന്ന പാട്ട് കേട്ടാൽ അപ്പോഴുണരും. ചെകിടടപ്പിക്കുന്ന അലാറം ടോണുകൾ കേട്ട് അമ്മയുടെ ദിവസങ്ങൾ തുടങ്ങരുതെന്നുപറഞ്ഞ് സൈന്ധവി വച്ചുതന്ന പാട്ട്.
മെല്ലെ പുതപ്പിന്റെ സ്വന്തം ഭാഗം നീക്കി, ബാക്കി ഭാഗത്തിനുള്ളിൽനിന്ന് ഇളംചൂടു പകർന്ന് ദേഹത്തെ ചുറ്റിയിരുന്ന മഞ്ഞ ഫുൾസ്ലീവിട്ട കൈത്തണ്ട എടുത്തു മാറ്റി എഴുന്നേറ്റു. ഏതാനും ചുവടുകൾ നടന്ന് വാഷ് റൂമിലേക്കു പോകുമ്പോഴോർത്തു. തിടുക്കപ്പെടേണ്ട കാര്യമില്ല. ഉപ്പുമാവുണ്ടാക്കാം. അതാണെളുപ്പം. അതിനു മുമ്പ് സ്ട്രോങ്ങായിട്ട് ഒരു ചായ. ഒരൊറ്റച്ചായയ്ക്കെന്തു നേരം വേണം, താനൊരാളല്ലേയുളളു? അപ്പോൾ! ഉടൽ വെട്ടിവിറച്ച ഒരൊറ്റ ഞെട്ടലിൽ വാഷ് റൂമിന്റെ ഡോറിലേക്കു നീട്ടിയ കൈ പിൻവലിച്ച് കട്ടിലിലേക്കു തിരിഞ്ഞു നോക്കി
+91 94966 37849