ആത്മ സൗരഭം
മരണമുനമ്പ്
ദുരന്തനിവാരണ ക്യാമ്പിലേക്ക് പുറപ്പെടും മുന്‍പ് നിയമന ഉത്തരവ് കൈപ്പറ്റണം. വി.പി.മാധവറാവു ആണ് അതിന് ചുമതലയുളള ആള്. അദ്ദേഹത്തെ ചെന്നു കണ്ട് ഉത്തരവ് വാങ്ങി. പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടിന്റെ തസ്തികയാണ്.
യാത്ര തിരിക്കും മുന്‍പ് മ്ലാനമായ മുഖഭാവത്തോടെ റാവു ഒരു കാര്യം കൂടി പറഞ്ഞു.
‘കൃത്യനിര്‍വഹണത്തിനിടയില്‍ ഡോക്ടര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടായിക്കില്ലെന്നും എല്ലാ ഭവിഷ്യത്തുക്കളും മനസിലാക്കി സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ദൗത്യം ഏറ്റെടുത്തതെന്നും ഈ കടലാസില്‍ എഴുതി ഒപ്പിട്ട് തരണം’
മരിക്കാന്‍ ഭയമില്ലെന്നും മടിയില്ലെന്നും സ്വയം സമ്മതിക്കുന്ന രേഖ.
പല്‍പ്പു ഉലഞ്ഞില്ല. ഇടറിയില്ല. പോക്കറ്റില്‍ നിന്നും പേനയെടുത്ത് റാവു വച്ചു നീട്ടിയ കടലാസില്‍ എഴുതി ഒപ്പിട്ട് കൊടുത്തു.
തൊഴുകൈയോടെ റാവു പറഞ്ഞു.
‘ഈശ്വരന് അനുഗ്രഹിക്കട്ടെ’
മറുപടി പറയാതെ പല്‍പ്പു തിരികെ തൊഴുതു.
മനുഷ്യന് കഴിയാത്ത ഒരു പുണ്യത്തിലും അയാള്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല.
പുറമെ ധൈര്യം ഭാവിക്കുമ്പോഴും തന്റെ ജീവന് തുലാസിലാണെന്ന് പല്‍പ്പുവിന് തോന്നി. ജീവനും മരണത്തിനുമിടയിലുളള നൂല്‍പ്പാലത്തിലുടെയാണ് ഈ യാത്ര.
പക്ഷെ ഏറ്റെടുത്ത ദൗത്യത്തില്‍ നിന്നും ഇനി പിന്മാറുകയില്ല.
ആപത്ഘട്ടത്തില്‍ മാളത്തില്‍ ഒളിച്ച മുതിര്‍ന്ന ഡോക്ടര്‍മാരോട് അദ്ദേഹത്തിന് സഹതാപം തോന്നി. ഒന്നിച്ച് നിന്നിരുന്നെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നു.
സാരമില്ല. തനിച്ചെങ്കില്‍ തനിച്ച്. ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുക എന്നതാണ് ഒരു ചികിത്സകന്റെ ധര്‍മ്മം. അത് താന്‍ നിര്‍വഹിക്കുക തന്നെ ചെയ്യും.
മരണഭൂമിയിലേക്ക് പൂര്‍ണ്ണ മനസോടെ നിറഞ്ഞ ചിരിയോടെ നടന്നു പോകുന്ന പല്പ്പുവിനെ കണ്ട് ശേഷാദ്രി അയ്യരും മാധവറാവുവും വിസ്മയത്തോടെ നിന്നു. എന്നാല്‍ അതിലെന്തെങ്കിലും അസാധാരണത്വമുളളതായി പല്‍പ്പുവിന് തോന്നിയില്ല.
പട്ടാളക്കാരന്റെ ജീവിതം അപകടഗര്ത്തങ്ങള് നിറഞ്ഞതാണ്. എന്ന് കരുതി അവര്‍ അതിര്‍ത്തി കാക്കുന്നതില്‍ വീഴ്ച വരുത്താറില്ലല്ലോ? അത്രത്തോളമില്ലെങ്കിലും
ഭിഷഗ്വരന്റെ അവസ്ഥയും ഏറെക്കുറെ സമാനമാണ്. രോഗങ്ങള്‍ പല പേരിലും രൂപഭാവങ്ങളിലും വരും. അതിന്റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കുക എന്നത് അയാളുടെ ചുമതലയാണ്. അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് ഭീരുത്വമാണ്. ആത്മാര്‍ത്ഥതയില്ലായ്മയും..
പല്‍പ്പു സര്‍ക്കാര്‍ വക ജീപ്പില്‍ പ്ലേഗ് ബാധിതപ്രദേശങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. സ്ഥിതിഗതികള്‍ പൂര്‍ണ്ണമായി മനസിലാക്കി. തിരിച്ചു വന്ന് ദിവാനെ കണ്ട് ഗൗരവപൂര്‍വം പറഞ്ഞു.
‘കാര്യങ്ങള്‍ നമ്മള് വിചാരിക്കുന്നതിലും പതിന്മടങ്ങ് അപകടകരമാണ്. നിലവിലുളള രോഗികളെ ചികിത്സിക്കുക എന്നതോടൊപ്പം ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ഇനിയൊരാള്‍ക്ക് രോഗം വരാതെ സൂക്ഷിക്കുക എന്നതാണ്. രോഗം ക്രമാതീതമായി പടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും’
‘അതിന് നാം എന്താണ് ചെയ്യേണ്ടത്?’
ദിവാന് അക്ഷമനായിരുന്നു. അസ്വസ്ഥനും.
‘ശരീരഭാഗങ്ങള്‍ മുഴുവന്‍ വസ്ത്രങ്ങള്‍ കൊണ്ട് മറയ്ക്കണം. ചെളളിലൂടെയാണ് രോഗം പടരുന്നത്. അത് കടിക്കാതിരിക്കാന്‍ എല്ലാവരും ഷൂസ് ധരിക്കണം. ചെളള് ബാധിതമായ വസ്ത്രങ്ങളും കിടക്കകളും മറ്റും തീയിട്ട് നശിപ്പിക്കണം. തുറസായ സ്ഥലങ്ങളിലേക്ക് ജനങ്ങളെ മാറ്റി പാര്‍പ്പിക്കണം. തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കണം. വീടിന് ചുറ്റും അണുനാശിനികള്‍ തളിയ്ക്കണം.’
ദിവാന് എല്ലാം സമ്മതിച്ചു.
ക്യാമ്പുകളുടെ സ്വഭാവത്തെ സംബന്ധിച്ചും രീതികളെക്കുറിച്ചും പല്‍പ്പു ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്ക്കൂം വെവ്വേറെ ക്യാമ്പുകള്‍ തയ്യാറാക്കണം’
എല്ലാം ധൃതഗതിയില്‍ നടപ്പിലാക്കി.
രോഗവ്യാപനം തടയുക എന്നതിനാണ് മുന്‍തൂക്കമെന്ന് പല്പ്പൂ മനസിലാക്കി.
തീവ്രരോഗബാധിതരെ രക്ഷിക്കുക എന്നത് അത്ര എളുപ്പമല്ല. ചികിത്സാ സംവിധാനങ്ങള്‍ക്ക് പരിമിതികളുണ്ട്. ഫലപ്രദമായ മരുന്നുകള്‍ ഇല്ലെന്ന് തന്നെ പറയാം. രോഗത്തിന്റെ കാഠിന്യം കുറവാണെങ്കില്‍ രക്ഷിച്ചെടുക്കാമെന്ന് മാത്രം.
പല്‍പ്പു രാവും പകലും ഉറക്കമിളച്ച് ശ്രമിച്ചു. ഒപ്പമുള്ളവര്‍ക്ക് ശക്തമായ നേതൃത്വം നല്കി. പരമാവധി ജീവന് രക്ഷിക്കാന്‍ ശ്രമിച്ചു. ഒരുപാട് പേര് ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ കുറെ പേര് മരണത്തിന് കീഴടങ്ങി. ഓരോ മരണവും വേദനാജനകമായിരുന്നു. ഓരോ ജീവനും വിലപ്പെട്ടതും…
നാളിതുവരെയുളള കണക്കുകള്‍ പരിശോധിച്ച പല്‍പ്പു നടുങ്ങിപോയി. ബാംഗ്ളൂരില്‍ മാത്രം രോഗം ബാധിച്ച് മരിച്ചത് പതിനയ്യായിരത്തോളം പേര്. രോഗം ഭയന്ന് ആളുകള്‍ ബാംഗ്ളൂര്‍ പട്ടണം വിട്ട് പുറംനാടുകളിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങി. വന്നു വന്ന് ബാംഗ്ളൂര്‍ ഒരു വിജനഭൂമി പോലെ ആയിത്തീരുകയാണ്. വികസനത്തിന്റെയും പുരോഗതിയുടെയും ആദ്യസ്പന്ദനങ്ങള്‍ എന്നും കേള്‍ക്കാറുളള ഒരു സ്വപ്നഭൂമി ക്രമേണ ഒരു പ്രേതാലയമായി മാറുകയാണ്. എന്നു കരുതി ധൃതഗതിയില്‍ ആര്‍ക്കും പിടിച്ചുകെട്ടാവുന്ന ഒന്നല്ല ഈ മാരകരോഗം.
‘കാര്യങ്ങള്‍ വീണ്ടും കൈവിട്ട് പോവുകയാണ് സര്. എട്ട് ശ്മശാനങ്ങളില്‍ ഒരേ സമയം എട്ട് ശവങ്ങളില്‍ കൂടുതല്‍ ദഹിപ്പിക്കാന്‍ നിര്‍വാഹമില്ല. അത് വെന്ത് കഴിഞ്ഞാല്‍ ചിതയില്‍ വയ്ക്കാനുളള 43 ശവങ്ങള് കഴുകി തയ്യാറാക്കി വച്ചിട്ടുണ്ട്.
കടകളും കമ്പോളങ്ങളുംവിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. ചലനാത്മകതയുടെ എല്ലാ ഭാവങ്ങളും അസ്തമിച്ച് നിശ്ചലാവസ്ഥയ്ക്ക് വഴിമാറുകയാണ്. എവിടെയും ശ്മശാനമൂകമായ അന്തരീക്ഷം. ജഡങ്ങള്‍ മറവ് ചെയ്യാന്‍ പോലും ആളുകളെ കിട്ടാതായി. ജീവല്‍ഭയം കൊണ്ട് പലായനം ചെയ്യുന്നവരെ തടഞ്ഞു നിര്‍ത്താന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല. ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ബാധ്യസ്ഥരായ ഭരണകൂടം പോലും വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഭരണാധികാരികള്‍ പോലും മരണഭയം കൊണ്ട് ചൂളുമ്പോള്‍ സാധാരണക്കാരന്റെ കാര്യം പറയേണ്ടതുണ്ടോ?
രോഗവ്യാപനം തടയാന്‍ പല്‍പ്പുവും കൂട്ടരും കിണഞ്ഞ് പരിശ്രമിച്ചു. എന്നിട്ടും പ്രതിദിനം 50 മുതല്‍ 150 വരെ ആളുകള്‍ മരിച്ചുകൊണ്ടിരുന്നു. മരിച്ചവരെ ദഹിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ലല്ലോ? അതിന് തീര്‍ത്തും ആളില്ലാതെ വന്നപ്പോള്‍ പല്പ്പൂ ആ ചുമതലയ്ക്കും നേതൃത്വം നല്കി. സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഒപ്പം നിന്നു.
ശവങ്ങള് ചുടുകാട്ടിലേക്ക് കെട്ടിവലിച്ചു കൊണ്ടു പോകണം. അതിനിടയില്‍ ഡോക്ടര്‍മാര്‍ക്ക് രോഗം പടരാതെ ശ്രദ്ധിക്കണം. കൈയില്‍ ഉറയും കാലില്‍ ഷൂസും തലയില്‍ ടര്ബണുമായാണ് എല്ലാം ചെയ്തിരുന്നത്. എത്രയൊക്കെ തടയാന്‍ ശ്രമിച്ചിട്ടും അനുദിനം മരണങ്ങള് പെരുകിക്കൊണ്ടേയിരുന്നു. മൃതദേഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്താന് പോലും കഴിയാത്ത വിധമായി. ദഹിപ്പിക്കുക എന്നത് വലിയ കീറാമുട്ടിയായി. ഇതൊക്കെയായിട്ടും പല്‍പ്പുവിന്റെ ക്യാമ്പിന് ചുറ്റും ഒരേ സമയം എട്ട് ശ്മശാനങ്ങളില്‍ രാപ്പകല്‍ ശവങ്ങള് കത്തിക്കൊണ്ടേയിരുന്നു. അന്തരീക്ഷത്തിലെങ്ങും മനുഷ്യമാംസം വേവുന്നതിന്റെ അസുഖകരമായ ഗന്ധം നിറഞ്ഞു നിന്നു. മനുഷ്യര്‍ പുഴുക്കളെ പോലെ പിടഞ്ഞു വീഴുന്നതും ചത്തുമലയ്ക്കുന്നതും ഭയാനകമായ കാഴ്ചയായിരുന്നു. വേദന കടിച്ചു പിടിച്ച് പല്‍പ്പു കര്‍മ്മപഥത്തില്‍ മുഴുകി.
മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ പല്‍പ്പുവിന് സാധിച്ചു. മാധവറാവു പ്രത്യേകം വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പക്ഷെ പല്‍പ്പുവിന്റെ മുഖം തെളിഞ്ഞില്ല. റാവു കാരണം തിരക്കിയപ്പോള്‍ മനുഷ്യസ്നേഹിയായ പല്‍പ്പു പറഞ്ഞു.
‘ഓരോ ജീവനും ഓരോ വലിയ വേദനയാണ് സര്. രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷം നഷ്ടമാവുന്നു. ജീവന് പൊലിയുന്നവരുടെ മുഖങ്ങള്‍ കാണുമ്പോള്‍..’
‘എന്ത് ചെയ്യാന്‍ പറ്റും ഡോക്ടര്‍…നമ്മള് ശ്രമിക്കാഞ്ഞിട്ടല്ലല്ലോ?’
റാവു നിസഹായതയോടെ ചോദിച്ചു.
‘ശരിയാണ് സര്. പക്ഷെ പോയവരുടെ ബന്ധുക്കളുടെ വിഷമം കാണുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. നമുക്കുമില്ലേ സര്..ഉറ്റവരും ഉടയവരും..’
റാവു അതിന് മറുപടി പറഞ്ഞില്ല.
രോഗങ്ങള്‍ ഈശ്വരന്റെ സംഹാരതാണ്ഡവമാണെന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. ഭൂമിയില്‍ പാപങ്ങളും തിന്മകളും ക്രൂരതകളും പെരുകുമ്പോള്‍ ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാതിരിക്കാന്‍ മാരകരോഗങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും രൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെടുന്നു.
പല്‍പ്പു രാപ്പകല്‍ ജോലി ചെയ്ത് വെളുപ്പാന്‍ കാലത്ത് ഒന്ന് തലചായ്ച്ച് മയങ്ങിയെന്ന് വരുത്തി തീര്‍ത്ത് വീണ്ടും ക്യാമ്പില്‍ മടങ്ങിയെത്തുമ്പോള്‍ ഒപ്പം ജോലി ചെയ്യുന്ന അന്നത്തെ ഡ്യൂട്ടി ഡോക്ടര്‍ ശിവ പൈ വന്ന് പറഞ്ഞു.
‘കാര്യങ്ങള്‍ വീണ്ടും കൈവിട്ട് പോവുകയാണ് സര്. എട്ട് ശ്മശാനങ്ങളില്‍ ഒരേ സമയം എട്ട് ശവങ്ങളില്‍ കൂടുതല്‍ ദഹിപ്പിക്കാന്‍ നിര്‍വാഹമില്ല. അത് വെന്ത് കഴിഞ്ഞാല്‍ ചിതയില്‍ വയ്ക്കാനുളള 43 ശവങ്ങള് കഴുകി തയ്യാറാക്കി വച്ചിട്ടുണ്ട്. അതില്‍ ബാക്കിയുളള 35 എണ്ണം എന്ത് ചെയ്യുമെന്ന് അറിയില്ല. ഇത്രയും ശവങ്ങള് കത്തി തീരുന്നസമയം കൊണ്ട് ഇനിയെത്ര പേര് മരിക്കുമെന്നും നിശ്ചയമില്ല. ഇപ്പോള്‍ തന്നെ മരണാസന്നരായി അന്‍പതിലധികം പേര് കിടപ്പുണ്ട്. മുന്നൂറോളം പേരെ രോഗം ബാധിച്ചതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അവരെ വീടുകളില്‍ നിന്നും ക്യാമ്പിലെത്തിക്കാന്‍ ആളുകളെ അയച്ചിട്ടുണ്ട്. ഇതെല്ലാം ഒറ്റ രാത്രികൊണ്ട് സംഭവിച്ച കാര്യങ്ങളാണ്. രോഗവാഹികളായ മൃതദേഹങ്ങള്‍ ഇങ്ങനെ പെരുകിയാല്‍ എല്ലാ നിയന്ത്രണവും ഭേദിച്ച് കൂടുതല്‍ വേഗത്തില്‍ രോഗം പടരും..ഈ നാട് തന്നെ ഇല്ലാതാകും’
നിസഹായതയുടെ അപാരതയില്‍ പല്‍പ്പു പകച്ചു നിന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗിച്ചിട്ടും ഇതാണ് സ്ഥിതി.
സര്‍ക്കാര്‍ എന്നതും മനുഷ്യരുടെ ഒരു ആള്‍ക്കൂട്ടമാണ്. ജീവല്‍ഭയത്താല്‍ അവരില്‍ പലരും ഓടിയൊളിക്കാന്‍ ശ്രമിച്ചാല്‍ സംവിധാനങ്ങളെല്ലാം ദുര്‍ബലവും അപര്യാപ്തവുമാകും.
മാനസിക സംഘര്‍ഷം താങ്ങാനാവാതെ പല്‍പ്പു ഒരു കത്തെടുത്ത് ഭഗവതിയമ്മയ്ക്ക് എഴുതി.
‘ജീവിതത്തിന് ഇത്രമേല്‍ ഭീതിദമായ ഒരു മുഖമുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ഭഗീ..കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ കാശിയിലെ ശ്മശാനത്തില്‍ ദണ്ഡുമൂന്നി നിന്നിരുന്ന ഹരിശ്ചന്ദ്രമഹാരാജാവിനെ പോലെ അധികാരദണ്ഡുമായി ഞാന്‍ നില്ക്കുന്നു’
അനുസരിക്കാനും ആജ്ഞകള്‍ ശിരസാവഹിക്കാനുമായി ജനങ്ങള്‍ ഒപ്പമുള്ളപ്പോള്‍ മാത്രമാണ് അധികാരത്തിന് പ്രസക്തിയെന്ന് പല്‍പ്പുവിന് ബോധ്യപ്പെട്ടു. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ അധികാരി ജനങ്ങളേക്കാള്‍ നിസഹായനാണ്.
വല്ലപ്പോഴും വീണുകിട്ടുന്ന സുഖസുഷുപ്തിയില്‍ ലയിക്കുമ്പോഴാണ് സഹപ്രവര്‍ത്തകയായ പത്മയുടെ കാള്‍ വന്നത്.
‘സര്..രോഗബാധിതരായ പലരും വീട്ടില്‍ നിന്ന് ക്യാമ്പിലേക്ക് വരാന്‍ കൂട്ടാക്കുന്നില്ല. വീട്ടില്‍ തുടര്‍ന്നാല്‍ മറ്റുളളവര്‍ക്ക് കൂടി അസുഖം പകരുമെന്ന് പരമാവധി പറഞ്ഞു നോക്കി. പക്ഷെ വീട്ടിലെ മറ്റ് അംഗങ്ങള്‍ കൂടി ചേര്‍ന്ന് കൂട്ടായി നമ്മെ എതിര്‍ക്കുകയാണ്. നമ്മള് ഏതോ ദ്രോഹം ചെയ്യും പോലെയാണ് അവര്‍ പ്രതികരിക്കുന്നത്. മുസ്ലിം വിഭാഗത്തില്‍ പെട്ടവരാണ് ഇങ്ങനെ പെരുമാറുന്നത്. എന്ത് ചെയ്യണം സര്..’
‘എതിര്‍പ്പുകള്‍ കാര്യമാക്കണ്ട. അജ്ഞത കൊണ്ടാണ് അവര്‍ അങ്ങനെയൊക്കെ പെരുമാറുന്നത്. പരമാവധി ജീവന് രക്ഷിക്കുക എന്നതാണ് നമ്മുടെ ദൗത്യം’
പല്‍പ്പു അചഞ്ചലനായി പറഞ്ഞു.
പല്‍പ്പുവിന്റെ നിര്‍ദ്ദേശം കിട്ടിയതും പത്മയും സംഘവും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. കാലത്ത് പല്‍പ്പുവും കൂടി ചേര്‍ന്ന് പുനരധിവാസത്തിന് നേതൃത്വം നല്കി.
അന്ന് രാത്രി അര്‍ദ്ധമയക്കത്തിനിടയില്‍ പുറത്ത് വലിയ ആരവം കേട്ട് ഭഗി കണ്ണ് തുറന്നു. അവര്‍ പല്പ്പുവിനെ വിളിച്ചുണര്‍ത്തി. ജനാലയിലൂടെ നോക്കിയ പല്‍പ്പുവിന്റെ ഉളെളാന്ന് കാളി. കത്തിച്ചു പിടിച്ച പന്തങ്ങളുമായി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് മുസ്ലിംപട.
പല്‍പ്പു വാതില്‍ തുറക്കാനൊരുങ്ങി. ഭഗി വട്ടം കയറി നിന്ന് തടഞ്ഞു. പല്‍പ്പു അവരെ സ്നേഹപൂര്‍വം പിടിച്ചു മാറ്റി വാതില്‍ തുറന്നു.
‘എന്താ നിങ്ങള്‍ക്ക് വേണ്ടത്?’
‘ഞങ്ങളുടെ സ്ത്രീകളെ ഉടന്‍ വീട്ടില്‍ തിരിച്ചെത്തിക്കണം. ഇല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ കൊല്ലും’
പല്‍പ്പു പതിവുളള സൗമ്യസ്മിതത്തോടെ പറഞ്ഞു.
‘സുഹൃത്തുക്കളേ…എന്നെ കൊന്നതുകൊണ്ട് ഈ പ്രശ്നം അവസാനിക്കുന്നില്ല. ഞാനല്ലെങ്കില്‍ മറ്റൊരാള്‍-ഈ ചുമതലയില്‍ വരുന്ന ആരായാലും ഇത് തന്നെ ചെയ്യേണ്ടി വരും. നിങ്ങളെ ഉപദ്രവിക്കാനല്ല. നിങ്ങളുടെ ജീവന് രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.’
അഹമ്മദ് എന്ന ഹോട്ടല്‍ തൊഴിലാളി തന്റെ ഭാര്യയുടെയും മകളുടെയും മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പലായനത്തിന് പ്രേരിപ്പിച്ചവരെ അയാള്‍ അസഭ്യം പറഞ്ഞു.
പ്രതിഷേധക്കാര്‍ക്ക് അതൊന്നും മനസിലായില്ല. അവര്‍ വീണ്ടും അത്യുച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും വീടിന്റെ ഭിത്തിയില്‍ ഇടിക്കുകയും കല്ലെറിയുകയും ചെയ്തു. ഇവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് പല്‍പ്പുവിന് ബോധ്യമായി. നിവൃത്തികെട്ട് അദ്ദേഹം പറഞ്ഞു.
‘സഹോദരന്മാരെ..കൊട്ടാരത്തില്‍ നിന്ന് നിയമിക്കപ്പെട്ട വെറുമൊരു ഉദ്യോഗസ്ഥനാണ് ഞാന്‍. പ്ലേഗ് നിർമാർജനത്തിന് എന്നെ ചുമതലപ്പെടുത്തിയത് രാജ്യം ഭരിക്കുന്നവരാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ് ഞാന്‍. നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കൊട്ടാരത്തില്‍ അറിയിക്കൂ. അവിടന്ന് പറഞ്ഞാല്‍ ഞാന്‍ അനുസരിക്കാം’
ആള്‍ക്കൂട്ടം പരസ്പരം നോക്കി. പിന്നെ താത്കാലികമായി പിരിഞ്ഞുപോയി.
ഭഗി ആശങ്കയോടെ പല്പ്പുവിനെ നോക്കി. അദ്ദേഹം വീണ്ടും ചിരിച്ചു.
‘പഠിപ്പും വിവരവും ഇല്ലാത്ത കൂട്ടരാ. വിചാരത്തേക്കാള്‍ വികാരമാണ് അവരെ നയിക്കുന്നത്. അവരുടെ തെറ്റല്ല. കാര്യങ്ങള്‍ മനസിലാക്കാനുളള ശേഷി വേണ്ടേ?’
പിറ്റേന്ന് നേരം പുലര്‍ന്നത് ഭീതിദമായ ഒരു ആരവത്തോടെയാണ്. മൈസൂര്‍ കൊട്ടാരം ജനനിബിഡമായി. രണ്ടായിരത്തിലേറെ മുസ്ലിങ്ങള്‍ കൂട്ടമായി കൊട്ടാരം വളഞ്ഞു.
എതിര്‍ക്കാന്‍ ശ്രമിച്ച പട്ടാളത്തെ തളളിമറിച്ചിട്ട് അവര്‍ ഉളളില്‍ അതിക്രമിച്ച് കയറി.
മഹാറാണി ഭയന്ന് വിറച്ചു. ആ സമയത്ത് അവര്‍ മാത്രമേ കൊട്ടാരത്തിലുണ്ടായിരുന്നുളളു.
”ധിക്കാരിയായ പല്പ്പുവിനെ നിയന്ത്രിക്കുക. സ്ഥാനത്തു നിന്ന് മാറ്റുക.’
എന്നിങ്ങനെ അവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു.
കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയാണെന്ന് പട്ടാളമേധാവിക്ക് തോന്നി.
അദ്ദേഹം ബ്രിട്ടീഷ് റസിഡന്റിനെ ഫോണില്‍ വിവരം അറിയിച്ചു.
നിമിഷങ്ങള്‍ക്കുളളില്‍ റസിഡന്റ് സംഭവസ്ഥലത്ത് എത്തി.
‘തത്കാലം നിങ്ങള്‍ പിരിഞ്ഞു പോകണം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം’
‘ഒരു ചര്‍ച്ചയുമില്ല. ഞങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ക്ക് വിട്ടു തരണം. ഇനി ഒരു സ്ത്രീയെയും ക്യാമ്പിലേക്ക് കൊണ്ടുപോകാന്‍ പാടില്ല’
അവര്‍ ശബ്ദം പരമാവധി ഉയര്‍ത്തി ആക്രോശിച്ചു.
റസിഡന്റ് സൗമ്യത വിടാതെ പറഞ്ഞു.
‘നമുക്ക് പരിഗണിക്കാം. ഇപ്പോള്‍ ദയവായി പിരിഞ്ഞുപോകൂ’
‘പരിഗണിച്ചാല്‍ പോര. ഇന്ന് തന്നെ നടപ്പിലാക്കണം. ഉറപ്പ് കിട്ടാതെ ഞങ്ങള്‍ മടങ്ങിപ്പോവില്ല’
അവര്‍ രണ്ടും കല്‍പ്പിച്ചാണെന്ന് റസിഡന്റിന് ബോധ്യമായി . അദ്ദേഹം മഹാറാണിയുമായി വിഷയം ചര്‍ച്ച ചെയ്തു. അവര്‍ പറഞ്ഞത് ഇത്രമാത്രം.
‘കണ്ടാലറിയാത്തവന് കൊണ്ടാലേ അറിയൂ. അവരെ അവരുടെ വഴിക്ക് വിടണം. പിന്നെ പരാതിയും കൊണ്ട് വരില്ലല്ലോ?’
റസിഡന്റ് പ്രക്ഷോഭകാരികളുടെ ആവശ്യം അംഗീകരിച്ചതായി അറിയിച്ചു.
അവര്‍ ഉച്ചത്തില്‍ വിജയാരവം മുഴക്കി. പല്‍പ്പുവിന് നേര്‍ക്ക് അസഭ്യവര്‍ഷം നടത്തി.
ഇനി ആവര്‍ത്തിച്ചാല്‍ പല്‍പ്പുവിന്റെ ജീവനെടുക്കുമെന്നാണ് ഭാഷ്യം.
റസിഡന്റും മഹാറാണിയും പരസ്പരം നോക്കി ചിരിച്ചു.
ജീവന് കൊടുക്കാന്‍ ശ്രമിച്ചവന്റെ ജീവനെടുക്കും പോലും…
ആള്‍ക്കൂട്ടം പിരിഞ്ഞുപോയി. സര്‍ക്കാര്‍ ഉത്തരവ് വന്നപ്പോള്‍ പല്‍പ്പു ഒരു നിമിഷം ചിന്താധീനനായിരുന്നു. പത്മയും പൈയും അടുത്തേക്ക് വന്നു. അദ്ദേഹം കടലാസ് അവര്‍ക്ക് നേരെ നീട്ടി.
‘എന്തൊരു അസംബന്ധമാണ് സര് ഇതൊക്കെ..’
‘എന്ത് ചെയ്യാം. സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ നേരിട്ട് അനുഭവിച്ചതല്ലേ? നമ്മള് ഇനിയും ഇതാവര്‍ത്തിച്ചാല്‍ അവര്‍ നമ്മളെ കൊല്ലും’
‘എന്ത് വിഢിത്തമാണ് സര്..ഇവരീ ചെയ്ത് കൂട്ടുന്നത്..’
‘ഒരാള്‍ വിഢിയാവുന്നത് ആഴത്തില്‍ ചിന്തിക്കാനുളള കഴിവ് നഷ്ടപ്പെടുമ്പോഴാണ്. വിവേചനബുദ്ധി എന്നൊന്നുണ്ട്. കാര്യകാരണസഹിതം വസ്തുതകളെയും സാഹചര്യങ്ങളെയും വിലയിരുത്താനും വിശകലനം ചെയ്യാനുമുളള കഴിവ്. അതില്ലാത്തവര്‍ എന്തും പറയും. എന്തും ചെയ്യും. സ്വയംകൃതാനര്‍ത്ഥം എന്ന് കേട്ടിട്ടില്ലേ? അവര്‍ കുഴിച്ച കുഴിയില്‍ ഒടുവില്‍ അവര്‍ തന്നെ വീഴും’
‘അപ്പോള്‍ നമ്മളിനി അങ്ങോട്ട് പോവേണ്ടതില്ലല്ലോ?’
വ്യക്തതയ്ക്കായി പൈ എടുത്ത് ചോദിച്ചു.
‘മറിച്ചൊരു ഉത്തരവ് വരുന്നതു വരെ വേണ്ട’
‘അപ്പോള്‍ നിലവില്‍ ക്യാമ്പിലുളള സ്ത്രീകളെ എന്ത് ചെയ്യും?’
പത്മ എടുത്ത് ചോദിച്ചു.
‘അവരെ തത്കാലം വിട്ടയക്കേണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്. പുതുതായി ആരെയും കൊണ്ടുവരേണ്ടതില്ലെന്ന് മാത്രം’
സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയിട്ടും പ്രതിഷേധക്കാര്‍ക്ക് വിശ്വാസം വന്നില്ല. ഇന്നല്ലെങ്കില്‍ നാളെ രാത്രിയുടെ മറപറ്റി പട്ടാളക്കാര്‍ വന്ന് തങ്ങളുടെ സ്ത്രീകളെ പിടിച്ചുകൊണ്ട് പോകുമെന്ന് സംശയാലുക്കളായ അവര്‍ ഉറച്ച് വിശ്വസിച്ചു. അത് സംഭവിക്കാതിരിക്കാന്‍ ആരുടെയും ശ്രദ്ധയില്‍ പെടാത്ത ഇടങ്ങളിലേക്ക് താമസം മാറ്റി.
എന്ത് ഭ്രാന്താണ് ഈ കാണിക്കുന്നതെന്ന് അയല്‍ക്കാരില്‍ ചിലര്‍ ചോദിച്ചു.
‘സ്വയരക്ഷയ്ക്കാണ്. അവര്‍ ക്യാമ്പുകളില്‍ കൊണ്ടുപോയി ഞങ്ങടെ പെണ്ണുങ്ങളെ വകവരുത്തും’
ഒരാള്‍ വാശിയോടെ പ്രതികരിച്ചു.
സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയവര്‍ മൗനം പാലിച്ചു.
പലായനം ചെയ്ത പലരും കാലത്ത് ഉണര്‍ന്നെണീറ്റപ്പോള്‍ കണ്ടത് ചേതനയറ്റ ശരീരങ്ങളായിരുന്നു. സ്ത്രീപുരുഷഭേദമെന്യേ ആളുകള്‍ മരിക്കാന്‍ തുടങ്ങി.
അഹമ്മദ് എന്ന ഹോട്ടല്‍ തൊഴിലാളി തന്റെ ഭാര്യയുടെയും മകളുടെയും മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പലായനത്തിന് പ്രേരിപ്പിച്ചവരെ അയാള്‍ അസഭ്യം പറഞ്ഞു. അത് കേട്ട് കൂട്ടത്തിലുള്ള ഹാജിയാര് പ്രതിവചിച്ചു.
‘വിഷമിക്കാണ്ടിരിക്കിന് അഹമ്മദേ…എല്ലാം പടച്ചോന്റെ നിശ്ചയാണ്. ഓന് വിശാരിക്കുന്ന നേരത്ത് നമ്മള് പോയേ തീരൂ’
അഹമ്മദിന് അങ്ങനെ ആശ്വസിക്കാന്‍ കഴിഞ്ഞില്ല. നഷ്ടപ്പെട്ടത് അയാളുടെ ഭാര്യയും മകളുമാണല്ലോ? കബറടക്കം കഴിഞ്ഞ് അഹമ്മദ് ക്യാമ്പില്‍ പോയി സഹോദരി ഫാത്തിമയെ കണ്ടു. ഈ ഭൂമിയില്‍ അവശേഷിക്കുന്ന ഏകബന്ധു. അവളുടെ മുഖം പ്രസാദാത്മകമായിരുന്നു. പഴയതിലും ചുവപ്പും തുടുപ്പുമുണ്ട് ആ കവിളുകള്‍ക്ക്.
‘അനക്ക് എങ്ങനേണ്ട്?’
‘സുഖാണിക്കാ. നല്ല ഭക്ഷണം. പരിചരണം. എല്ലാം കൊണ്ടും ഇവിടം സ്വര്‍ഗ്ഗാണ്’
പുതിയ ഒരു തിരിച്ചറിവിലെന്നോണം അഹമ്മദ് അവളെ നോക്കി.അത് കേട്ടുകൊണ്ട് പല്‍പ്പു കയറി വന്നു.
‘ഇങ്ങള് കൊല്ലാന്‍ നോക്ക്യ ആളല്ലേ ഞാന്‍. ഇവിടെ കൊണ്ടുവന്ന മുഴുവന്‍ പെണ്ണുങ്ങളും സുഖായി ജീവിക്കണു..ഇപ്പം പോയത് ആര്‍ക്കാ..നിങ്ങള്‍ക്ക്. കൂടെ നിന്നവര്‍ക്കും മുദ്രാവാക്യം വിളിച്ചവര്‍ക്കും കൊലക്കത്തി എടുത്തവര്‍ക്കും വല്ലതും പോയോ?’
അഹമ്മദ് ഒന്നും മിണ്ടിയില്ല. ഘോരാന്ധകാരത്തില്‍ നിന്നും വെളിച്ചത്തിന്റെ ഒരു വലിയ ദ്വീപിലെത്തിപ്പെട്ടതു പോലെ തോന്നി അയാള്‍ക്ക്.
‘മാപ്പ്…എല്ലാറ്റിനും മാപ്പ്..’
‘മാപ്പല്ല വേണ്ടത്. നിങ്ങള്‍ ചെന്ന് കൂടെയുളളവരോടും പറയിന്‍. ബാക്കിയുളളവരുടെ എങ്കിലും ജീവന് നമുക്ക് രക്ഷിക്കണം’
അഹമ്മദ് തലയാട്ടി.
അയാള്‍ക്കറിയാം. പറഞ്ഞാലും മനസിലാവുന്നവരല്ല തനിക്കൊപ്പമുളളത്. അവരുടെ കുടുംബത്തിലും ജീവന് നഷ്ടപ്പെടുമ്പോള്‍ ഒരുപക്ഷെ മനസിലാക്കിയേക്കാം. അല്ലെങ്കില്‍ അതും ദൈവത്തിന്റെ തീരുമാനമായി എഴുതി തളളിയെന്ന് വരാം. എന്ത് ചെയ്യാം? അറിവാണ് വെളിച്ചം. അത് തന്നെയാണ് ദൈവം. അവരത് അറിയുന്നില്ലെങ്കിലും…
(തുടരും)