‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’

മതഭേദങ്ങള്‍ക്കുപരിയായി മനുഷ്യരുടെ ലൗകിക സ്വാതന്ത്ര്യത്തിലും സാഹോദര്യ സാമൂഹ്യചിന്തയിലുമായിരുന്നു ‘മനുഷ്യർ നന്നാവണം’ എന്നതിലൂടെ ഗുരു സ്പഷ്ടമാക്കാന്‍ ശ്രമിച്ചത്.”മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നുള്ള വിഖ്യാതമായ ശ്രീനാരായണഗുരുവിന്റെ അരുള്‍സൂക്തം രചിക്കപ്പെട്ടിട്ട് (/പറയപ്പെട്ടിട്ട്) ഒരു നൂറ്റാണ്ടു പൂര്‍ത്തിയാവുകയാണ്

”ഒരുവനു നല്ലതുമന്യല്ലലും ചേര്‍-
പ്പൊരു തൊഴിലാത്മ വിരോധിയോര്‍ത്തിടേണം’
(ആത്മോപദേശ ശതകം)

”മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നുള്ള വിഖ്യാതമായ ശ്രീനാരായണഗുരുവിന്റെ അരുള്‍സൂക്തം രചിക്കപ്പെട്ടിട്ട് (/പറയപ്പെട്ടിട്ട്) ഒരു നൂറ്റാണ്ടു പൂര്‍ത്തിയാവുകയാണ്. 1923ല്‍ അന്നത്തെ ചില പത്രങ്ങളില്‍ സഹോദരന്‍ അയ്യപ്പനും നാരായണഗുരുവും തമ്മില്‍ നടന്ന സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നതായി സംഭാഷണം പകര്‍ത്തിയെഴുതിയ കോട്ടുകോയിക്കല്‍ വേലായുധന്‍ രേഖപ്പെടുത്തുന്നുണ്ട്. ടി.കെ. മാധവന്‍ ദേശാഭിമാനിയില്‍ ഈ സംഭാഷണം പ്രസിദ്ധീകരിച്ചിരുന്നതായി പി.കെ. ബാലകൃഷ്ണനും എഴുതുന്നുണ്ട്. ആക്രാമകമായി ഹിന്ദുത്വയുക്തികള്‍ ഇന്ത്യന്‍ സമൂഹത്തെ ആകെ പിടിമുറുക്കുമ്പോള്‍ ഗുരുവിന്റെ അലയടിക്കുന്ന വാക്കുകള്‍ക്ക് പ്രാധാന്യമേറുകയാണ്. ‘മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം’ എന്ന അകപ്പൊരുള്‍ നിറഞ്ഞ ആശയം അത് പറഞ്ഞ കാലത്തെക്കാള്‍ വര്‍ത്തമാന ഇന്ത്യന്‍ പ്രതിസന്ധികളില്‍ മഹത്തായ ചൂണ്ടുപലകയാണ്.

മനുഷ്യര്‍ നന്നാവണം

മതഭേദങ്ങള്‍ക്കുപരിയായി മനുഷ്യരുടെ ലൗകിക സ്വാതന്ത്ര്യത്തിലും സാഹോദര്യ സാമൂഹ്യചിന്തയിലുമായിരുന്നു ‘മനുഷ്യർ നന്നാവണം’ എന്നതിലൂടെ ഗുരു സ്പഷ്ടമാക്കാന്‍ ശ്രമിച്ചത്. ”ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?” എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് ”അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരും” എന്നാണ് ഗുരു മറുപടി പറഞ്ഞത്. ഇതിലൂടെ ഹിന്ദുത്വ ആഖ്യാനങ്ങള്‍ക്കുള്ള സവിശേഷ പദവി മൂല്യത്തെയാണ് ഗുരു നിരസിച്ചത്. എല്ലാ മതങ്ങളിലും മോക്ഷമാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നുള്ള ഗുരുവിന്റെ പ്രസ്താവന മതകലഹങ്ങളുടെ രാഷ്ട്രീയത്തെ വിമര്‍ശവിചാരം ചെയ്യുന്നവയാണ്. ”മനുഷ്യന്റെ മതം, വേഷം, ഭാഷ മുതലായവ എങ്ങിനെയിരുന്നാലും അവര്‍ തമ്മില്‍ ഒരു സമുദായമായി കഴിയണമെന്നാണ്” തന്റെ അഭിപ്രായമെന്നും ഗുരു, സഹോദരന്‍ അയ്യപ്പനോട് പ്രസ്താവിക്കുന്നുണ്ട്. ‘മതം’ എന്നാല്‍ അഭിപ്രായം എന്നാണര്‍ത്ഥമെന്നും, അതുകൊണ്ടുന്നെ ‘മതം’ (അഭിപ്രായം) ഏതായാലും മനുഷ്യര്‍ക്കു ഒരുമിച്ചു കഴിയാന്‍ തടസ്സമില്ലെന്നും സഹോദരനോടുള്ള സംഭാഷണത്തില്‍ ഗുരു സ്ഫടികതുല്യം സ്പഷ്ടമാക്കി. ഇങ്ങനെ മനുഷ്യരുടെ മതം എന്തുതന്നെ ആയാലും, വിശ്വാസങ്ങള്‍ എന്തു തന്നെ ആയാലും; എല്ലാത്തരം ഭേദവൈവിധ്യങ്ങള്‍ക്കുമതീതമായി സാഹോദര്യപൂര്‍ണമായ ജീവിതം നയിക്കുന്നതിന് മതഭേദങ്ങള്‍ തടസ്സമല്ലെന്ന് ഗുരു തെളിച്ചു കാണിച്ചു. ‘സത്യം, ധര്‍മ്മം, ദയ, സ്‌നേഹം’ എന്നെഴുതിയ പ്രഭ മുരുക്കുംപുഴയില്‍ പ്രതിഷ്ഠിച്ച ഗുരുവില്‍ നിറയുന്നത് മൈത്രീപൂര്‍ണമായ ജീവിതമൂല്യങ്ങളായിരുന്നു. സഹജമായി ഉളവാകേണ്ട സാഹോദര്യമായി, മൈത്രിയായി ജനാധിപത്യത്തെ ഭാവന ചെയ്ത ഡോ. ബി.ആര്‍. അംബേദ്കര്‍ നീതിയെ മൈത്രിയില്‍ പ്രതിഷ്ഠിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

ഗാന്ധിജി ഗുരുദേവനെ സന്ദർശിച്ചപ്പോൾ

മതസ്വാതന്ത്ര്യം

മതപരിവര്‍ത്തനമെന്നത് കുറ്റകരമായ വ്യവസ്ഥയായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇന്ന് നിയമം തയ്യാറാക്കിയിരിക്കുന്നു. ആത്യന്തികമായി ബ്രാഹ്മണ്യമൂല്യവ്യവസ്ഥയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രത്തെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ടാണ് മനുഷ്യരുടെ മതപരിവര്‍ത്തന സ്വാതന്ത്ര്യത്തെ ഹിന്ദുത്വരാഷ്ട്രവാദികള്‍ തടയിടാന്‍ ശ്രമിക്കുന്നത്. ജാതിയുടെ ഹിംസാത്മക വ്യവസ്ഥയില്‍ നിന്നുള്ള മോചനമായി മതപരിവര്‍ത്തനം വര്‍ത്തിച്ചിരുന്നു എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം. 1936ല്‍ ബോംബെയിലെ ദാദറില്‍ നടന്ന സമ്മേളനത്തില്‍, ”ഇന്ത്യക്ക് സ്വയംഭരണം എത്രമാത്രം ആവശ്യമാണോ അത്രമാത്രം അസ്പര്‍ശ്യര്‍ക്ക് മതപരിവര്‍ത്തനം ആവശ്യമാണ്” എന്ന് ഡോ. അംബേദ്കര്‍ വാദിക്കുന്നുണ്ട്. ”മതം മനുഷ്യനു വേണ്ടിയാണെന്നും’ ഇതേ പ്രസംഗത്തില്‍ അംബേദ്കര്‍ സൂചിപ്പിക്കുന്നുണ്ട്. ”ഞാന്‍ കൃത്യമായും നിങ്ങളോടു പറയുന്നു, മനുഷ്യന്‍ മതത്തിനു വേണ്ടിയല്ല, മതം മനുഷ്യനു വേണ്ടിയാണ്. മനുഷ്യനാകാന്‍ മതപരിവര്‍ത്തനം നടത്തുക. സംഘടിതരാവാന്‍ മതപരിവര്‍ത്തനം നടത്തുക. സമത്വം നേടാന്‍ മതപരിവര്‍ത്തനം നടത്തുക. സ്വാതന്ത്ര്യം കിട്ടാന്‍ മതപരിവര്‍ത്തനം നടത്തുക”- അംബേദ്കര്‍ ഉദ്‌ഘോഷിച്ചു. ബ്രാഹ്മണ്യ മൂല്യ വ്യവസ്ഥയില്‍ നിന്നുള്ള മോചനത്തിനാണ് ഡോ. അംബേദ്കര്‍ ബുദ്ധനിലേക്ക് തിരിഞ്ഞതെന്ന് ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം. മതമേതായാലും മനുഷ്യര്‍ക്ക് ഒരുമിച്ചു കഴിയാമെന്നും, ജാതിഭേദം വരരുത് എന്നും ഗുരു പറഞ്ഞതിന്റെ പൊരുള്‍ അംബേദ്കറുടെ ജനാധിപത്യചിന്തകളില്‍ കൂടുതല്‍ തിടം വയ്ക്കുന്നുണ്ട്.

”അവരവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടല്ലോ. മതം ഏതുമാകട്ടെ” എന്ന് പ്രഘോഷിച്ച ഗുരു ജീവിച്ച നാട്ടില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ക്രൂരമായ ആക്രമണത്തില്‍ ഗുരുചിന്തനകള്‍ ഹീനമായി അപമാനിക്കപ്പെടുകയാണ് ചെയ്യുന്നത്. ഏതെങ്കിലും പ്രത്യേക മതത്തില്‍ ജനിച്ചവര്‍ അവരുടെ മതസ്വത്വം നിമിത്തം അത്യന്തം ഭീതിദമായി ഇരയാകേണ്ടി വരുന്ന ഒരു രാജ്യം മനുഷ്യരെ ഒന്നാകെ ബ്രാഹ്മണ്യത്തിനും പൂണൂല്‍ പരിവാരത്തിനും കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്. പശുവിന്റെ പേരില്‍ ദളിതരെയും മുസ്ലീംകളെയും യാതൊരു അനുകമ്പയും കരുണയുമില്ലാതെ കൊന്നുതള്ളുന്നവര്‍ ഗുരു അരുളിയ മതസ്വാതന്ത്ര്യത്തിന്റെയോ, അപരസ്‌നേഹത്തിന്റെയോ തത്വങ്ങളല്ല പിന്തുടരുന്നതെന്ന് സുസ്പഷ്ടം. പശുവിനെ വിശുദ്ധമതകേന്ദ്രമായി സ്ഥാപിക്കുന്നതിലൂടെ ഹിന്ദുത്വമെന്നത് സമ്പൂര്‍ണവും ഹിംസാമാര്‍ഗമായ ബ്രാഹ്മണ്യമാണെന്നു തന്നെയാണ് പൂണൂല്‍ പരിപാടികള്‍ പറയാതെ പറയുന്നത്. ഇതരമതസ്ഥരുടെ വിശ്വാസ ആരാധനാ സ്വാതന്ത്ര്യവും ഭക്ഷണസ്വാതന്ത്ര്യവും അനുവദിക്കില്ല എന്നാണ് പശുവിന്റെ പേരില്‍ നടത്തപ്പെടുന്ന ക്രൂരമായ കൊലപാതകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ആക്രാമക ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക പ്രത്യയബോധങ്ങളിലൂടെയാണ് ദളിത്-ന്യൂനപക്ഷങ്ങളെ ഹിന്ദുത്വം വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ബ്രാഹ്മണ്യപരിവാരികളുടെ പ്രഖ്യാപനം അര്‍ത്ഥമാക്കുന്നത് ഇതരമതസ്ഥരെ ജീവിക്കാനനുവദിക്കില്ല എന്നു തന്നെയാണ്. ”മതം മാറണമെന്നു തോന്നിയാല്‍ ഉടനെ മാറണം, അതിനു സ്വാതന്ത്ര്യം വേണം” എന്നുള്ള നാരായണഗുരുവിന്റെ വാക്കുകള്‍ മനുഷ്യരുടെ ലൗകിക സ്വാതന്ത്ര്യത്തെ തന്നെയാണ് ലക്ഷ്യമാക്കുന്നത്. ആത്യന്തികമായി മനുഷ്യര്‍ക്കിടയിലെ സാഹോദര്യജീവിതത്തെയും സ്വാതന്ത്ര്യത്തെയും തടയിടുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ടാണ് ഹിന്ദുത്വര്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു കാലത്ത് മതപരിവര്‍ത്തനത്തെ സംബന്ധിച്ചും മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചും ഗുരുവും സഹോദരനും തമ്മില്‍ നടന്ന സംഭാഷണം ഇരുള്‍ നിറഞ്ഞ കാലത്തെ കെടാത്ത കൈത്തിരിയാണ്

Author

Scroll to top
Close
Browse Categories