ദുരവസ്ഥ:കഥയും സാഹചര്യങ്ങളും

”ദുരവസ്ഥ എന്റെ മറ്റു കൃതികളെ അപേക്ഷിച്ചു വിലക്ഷണ രീതിയിലുള്ള ഒരു കാവ്യമാണ്” മുഖവുരയില്‍ ആശാന്‍ തന്നെ ഇത് പറഞ്ഞതു കൊണ്ട് ആ കൃതി മോശമായി വിലയിരുത്തപ്പെടുത്തേണ്ടതുണ്ടോ? കൃതിയുടെ കാവ്യാത്മക നിലവാരത്തെയോ രചനാ രീതിയെയോ ഉദ്ദേശിച്ചല്ല, കവി വിലക്ഷണമെന്ന് ദുരവസ്ഥയെ വിവക്ഷിച്ചതും…, തന്റെ മക്കളില്‍ ഇന്ന മകനാണ് മോശമെന്ന് ഏതു പിതാവാണ് പരസ്യമായി പറയുക? ദുരവസ്ഥയെഴുതാന്‍തിരഞ്ഞെടുത്ത വിഷയവും അതിനു അന്നുള്ള കേരള സാഹചര്യവുമാകാം കവി വിലക്ഷണമായി ഉദ്ദേശിച്ചതും…, ആശാന്റെ ഖണ്ഡകാവ്യ നായികമാരെല്ലാം പുരാണങ്ങളിലോ ക്രിസ്തുവിനു മുമ്പുള്ള ബുദ്ധകാലഘട്ടത്തിലോ ജീവിച്ചിരുന്നവരായിരുന്നെങ്കിലും ദുരവസ്ഥയിലെ നായിക മാത്രമേ കവിയുടെ വര്‍ത്തമാന കാലഘട്ടത്തിലെ വിഷയങ്ങളും സംസ്‌കാരവുമായി ബന്ധപ്പെട്ടതായുള്ളു.

മഹാകവി കുമാരനാശാന്റെ പ്രതിമകള്‍ക്കു താഴെയുള്ള ഫലകങ്ങളില്‍ സാധാരണയായി ആലേഖനം ചെയ്യപ്പെടാറുള്ള കവി വാക്യമാണ് ”മാറ്റുവിന്‍ ചട്ടങ്ങളേ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍” അതുപോലെ പല്ലനയാറ്റിലെ കവിയുടെ മരണവുമായി ബന്ധപ്പെട്ടു അറം പറ്റിയ വരികളായി പറയാറുള്ളതാണ്…,
അന്തമില്ലാതുള്ളൊരാഴത്തിലേയ്ക്കിതാ-
ഹന്ത താഴുന്നു താഴുന്നു കഷ്ടം
പൊന്താനുഴറുന്നു കാല്‍ നില്‍ക്കുന്നില്ലെന്റെ-
ചിന്തേ ചിറകുകള്‍ നല്‍കണേ നീ !

ഈ രണ്ടു ഉദ്ധരണികളും ഉള്‍പ്പെട്ടിട്ടുള്ള കവിയുടെ കൃതി ദുരവസ്ഥയും…., കുമാരനാശാനെന്നു കേള്‍ക്കുമ്പോള്‍ ആസ്വാദകരുടെ ഓര്‍മ്മയിലെത്തുന്ന വരികളും ഇവതന്നെ. ഇതില്‍ ആദ്യത്തെ ആഹ്വാനമായ ഈരടി, കവിയെ അതുവരെ നളിനിയിലൂടെ നേടിയ ‘സ്‌നേഹഗായകന്‍’ പദവിയില്‍ നിന്നും വിപ്ലവ കവിപ്പട്ടത്തിലുമെത്തിച്ചു! അതിനു മുമ്പ് വീണപൂവിലൂടെ കാല്പനിക കവിയായ ആശാനെ ദുരവസ്ഥ വിപ്ലവ കവിയുമാക്കി…,

”ദുരവസ്ഥ എന്റെ മറ്റു കൃതികളെ അപേക്ഷിച്ചു വിലക്ഷണ രീതിയിലുള്ള ഒരു കാവ്യമാണ്” എന്ന് ദുരവസ്ഥയുടെ മുഖവുരയില്‍ ആശാന്‍ തന്നെ പറഞ്ഞതുകൊണ്ട് ആ കൃതി മോശമായി വിലയിരുത്തപ്പെടുത്തേണ്ടതുണ്ടോ? കൃതിയുടെ കാവ്യാത്മക നിലവാരത്തെയോ രചനാ രീതിയെയോ ഉദ്ദേശിച്ചല്ല, കവി വിലക്ഷണമെന്ന് ദുരവസ്ഥയെ വിവക്ഷിച്ചതും…, തന്റെ മക്കളില്‍ ഇന്ന മകനാണ് മോശമെന്ന് ഏതു പിതാവാണ് പരസ്യമായ് പറയുക? ദുരവസ്ഥയെഴുതാന്‍ തെരെഞ്ഞെടുത്ത വിഷയവും അതിനു അന്നുള്ള കേരള സാഹചര്യവുമാകാം കവി വിലക്ഷണമായി ഉദ്ദേശിച്ചതും…, ആശാന്റെ ഖണ്ഡകാവ്യ നായികമാരെല്ലാം പുരാണങ്ങളിലോ ക്രിസ്തുവിനു മുമ്പുള്ള ബുദ്ധകാലഘട്ടത്തിലോ ജീവിച്ചിരുന്നവരായിരുന്നെങ്കിലും ദുരവസ്ഥയിലെ നായിക മാത്രമേ കവിയുടെ വര്‍ത്തമാന കാലഘട്ടത്തിലെ വിഷയങ്ങളും സംസ്‌കാരവുമായി ബന്ധപ്പെട്ടതായൂള്ളൂ. വലുപ്പത്തിലും ദുരവസ്ഥതന്നെ മുന്നില്‍. എന്നിട്ടും ആ കൃതി വിലക്ഷണമാകുകയോ?

1921-ല്‍ കേരളത്തില്‍ മലബാര്‍ മേഖലയിലെ വര്‍ഗ്ഗീയ കലാപത്തില്‍ ഒരു മതവിഭാഗം മറ്റുള്ളവരെ അരിഞ്ഞുവീഴ്ത്തുന്നു. വീഴുന്ന സവര്‍ണ്ണ വിഭാഗം അപ്പോഴും അതേ മതത്തിലെ അവര്‍ണ്ണനെ വീഴ്ത്തി ഭ്രഷ്ടു കല്പിക്കുന്നു! ഇങ്ങനെ ജാതി മത വൈരത്തിന്റെ രക്തച്ചൊരിച്ചില്‍ വിവരിക്കുവാന്‍ കാവ്യമെഴുതിയപ്പോള്‍ ആ കാവ്യത്തില്‍ സംഭവങ്ങളും സംഘട്ടനങ്ങളും വര്‍ണ്ണിക്കേണ്ടതുണ്ട്. കലാപകാരികള്‍ അഴിഞ്ഞാടി കൊള്ളയടിച്ചും കൊള്ളിവയ്പും കൂട്ടക്കൊലകളും നടത്തിയത് അറിയിക്കാനുണ്ട്. അതിനു സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ലഘുമലയാള ഭാഷ ആശാന്‍ ഉപയോഗിച്ചു. സംസ്‌കൃത പദങ്ങള്‍ കുറച്ചും സ്വന്തം പ്രയോഗങ്ങള്‍ ഒഴിവാക്കിയും ലളിത ഭാഷാവൃത്തമായ മഞ്ജരിയെ കാവ്യവൃത്തവുമാക്കി. ഇത്രയേ കവി ചെയ്തുള്ളൂ. ദുരവസ്ഥ കുമാരനാശാന്റെ ആദ്യ കൃതിയായിരുന്നെങ്കില്‍ അത് വിലക്ഷണമായത് ആശാന് കവിതയെഴുതി കൈത്തഴക്കം വരാഞ്ഞതുകൊണ്ടാകാമെന്നും ഊഹിക്കാമായിരുന്നു. കേവലം ഒരു വ്യക്തിയുടെ മരണത്തെപ്പോലും വിഷയമാക്കി ശ്ലോകങ്ങളാല്‍ വിലാപ കാവ്യമെഴുതിയ ആശാന് അതിനുശേഷം എഴുതിയ ഒരു കൂട്ടക്കൊലയെപ്പറ്റി സംസ്‌കൃത വൃത്തത്തിലോ മറ്റു സമവൃത്തത്തിലോ വിലാപകാവ്യമായ് തന്നെ കാവ്യമെഴുതാന്‍ കഴിയാത്തതല്ലല്ലോ?

ദുരവസ്ഥയുടെ കഥയും സാഹചര്യങ്ങളും സംഭാവ്യമാണ്. ആശാന് ഇത് ഒരു ലേഖനമായും എഴുതാമായിരുന്നു. എന്നാല്‍ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള ക്രൂരത, കൂട്ടക്കൊല എന്നിവയുടെ വിപത്ത് നാളത്തെ തലമുറയും അറിയാന്‍ വേണ്ടി വര്‍ണ്ണനകളും പ്രസ്താവനകളും ഉപദേശങ്ങളും കൂടി പാട്ടായി ആവിഷ്‌കരിക്കുവാനുള്ള സാഹിത്യ മാധ്യമം കവിതയാണെന്ന് കവി തിരിച്ചറിഞ്ഞിരുന്നു.

ഒറ്റ വായനയില്‍തന്നെ അനുവാചകന് വായിച്ച് ആസ്വദിക്കാനാകുന്നതുകൊണ്ട് ഒരു കൃതി വിലക്ഷണമാവുമോ? സംഭവങ്ങളില്‍ നിന്നും സംഭവങ്ങളിലേക്കു മാറുന്ന കഥകളെ കേരളത്തിന്റെ അന്നത്തെ ചരിത്ര പശ്ചാത്തലത്തില്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ചില സമുദായക്കാരുടെ പൈശാചികത്വം ആശാനു പറയേണ്ടതായിവന്നു. അവരുടെ പ്രവര്‍ത്തികള്‍ക്കനുസൃതമായ സംബോധനകള്‍ കവിക്കു പ്രയോഗിക്കേണ്ടിയും വന്നു. അതുകൊണ്ടല്ലേ, ദുരവസ്ഥയ്ക്കു ആശാന്റെ ഇതര കൃതികളില്‍ വച്ച് ഇങ്ങനെയൊരു ‘ദുരവസ്ഥ’ കൂടിയുണ്ടായത്?
ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാല്‍ ചോര്‍ന്നെഴും ഏറനാട്ടില്‍
ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ കേറി
കൊള്ളയിട്ടാര്‍ത്തഹോ തീ കൊളുത്തി
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
‘അള്ളാ’ മതത്തില്‍ പിടിച്ചുചേര്‍ത്തും…,
എന്നിങ്ങനെ സത്യങ്ങള്‍ ആശാന്‍ സത്യമായി വിവരിച്ചപ്പോള്‍ ചിലര്‍ ആ കൃതി വിലക്ഷണമാക്കുകയായിരുന്നു!
അന്തഃപുരത്തിലെ ശുദ്ധിയില്‍ നമ്പൂരി
യന്തണര്‍ ദാക്ഷിണ്യഹീനരല്ലോ
ഇന്നെന്നെ നായന്മാര്‍ തീയര്‍ തുടങ്ങിയ
ഹിന്ദുക്കള്‍ ചെന്നാലും മാനിക്കില്ല
പണ്ടു മഹര്‍ഷിമാര്‍ തന്നെ പതിതരാം
തണ്ടാര്‍ നയനമാരില്‍ ജനിച്ചു
ഓര്‍ത്താല്‍ പറയിതന്‍ നന്ദനന്മാരെന്നു
കീര്‍ത്തനം ചെയ്യുന്നു കേരളീയര്‍!
ഇത്യാദി വരികള്‍ വായിക്കുമ്പോള്‍ ചില സവര്‍ണ്ണ മേധാവികള്‍ക്കും ദുരവസ്ഥ വിലക്ഷണമാകാം.
താണു കിടക്കും സഹജരെപ്പൊക്കുവാന്‍
താണതാണെങ്കില്‍ ഞാന്‍ ധന്യയായി
നിശ്ചയം ചാത്തനെ ഞാന്‍ പഠിപ്പിച്ചിടും
വിശ്വാസമേറുന്നീ കാര്യത്തിങ്കല്‍
എന്നിങ്ങനെയുള്ള സാവിത്രിയുടെ മാനസാന്തരത്തില്‍ ദുഃഖിക്കുന്ന സവര്‍ണ്ണനും ഇത് വിലക്ഷണമാകാം. അവസാനം കവിതന്നെ ആക്രോശിച്ചുകൊണ്ട് ചട്ടങ്ങളെ മാറ്റുവാന്‍ വിപ്ലവത്തിന്റെ ഭാഷയില്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ദുരവസ്ഥ വിലക്ഷണമാകുകയായിരുന്നു. കൂടാതെ ദുരവസ്ഥ എഴുതപ്പെട്ട കാലത്ത് അത് വായിച്ചു നിരൂപണപരമായി എഴുതുവാന്‍ നിരൂപകരിലും സവര്‍ണ്ണവിഭാഗക്കാർ മാത്രമേയുണ്ടായിരുന്നുള്ളൂ. ഇതു കൊണ്ടൊക്കെയാകാം കരുണയും സീതയും പോലെ ദുരവസ്ഥ വിദ്യാര്‍ത്ഥികള്‍ക്കുപോലും പാഠ്യഭാഗമാകാതിരുന്നതും.19-ാം നൂറ്റാണ്ടിലെ കേരള ചരിത്രം അറിയാനെങ്കിലും കുട്ടികള്‍ക്ക് പാഠമാകേണ്ടതായിരുന്നു ഈ കൃതി. നാടകീയമായ മുഹൂര്‍ത്തങ്ങളുണ്ടായിട്ടും കഥ കവിയുടെ കപോല കല്പിതമായിട്ടും ദുരവസ്ഥ നാടകമായില്ല, സിനിമയായില്ല, കഥാപ്രസംഗവുമായില്ല. നായികാ നായകന്‍മാര്‍ അവസാനം പൂര്‍ണ്ണതയിലെത്തി ജീവിതം തുടങ്ങുന്നതു ദുരവസ്ഥയില്‍ മാത്രമേയുള്ളൂ. രാജസത്തില്‍ നിന്നും സാത്വികാവസ്ഥയിലെത്തുന്ന നളിനിയും ലീലയുമായില്ല, ദുരവസ്ഥയിലെ സാവിത്രീ അന്തര്‍ജ്ജനം? സാവിത്രിയെകൂടി അങ്ങനെ മാനസാന്തരപ്പെടുത്തിയാല്‍ മറുപക്ഷത്തു നിന്നും കവിക്കു പറയാനുള്ള വ്യവസ്ഥിതികള്‍ കൃതിയിലൂടെ പറയാനുമാകില്ലല്ലോ?

”കരുണയിലെ ഇതിവൃത്തം ആശാന്റെ കപോല കല്പിതമായിരുന്നെങ്കില്‍ ആശാന്റെ കാവ്യങ്ങളില്‍ ആ കൃതി ശ്രേഷ്ഠമെന്നു പറയാമായിരുന്നു – നളിനിയെപ്പോലെ” എന്ന് എം.പി.പണിക്കര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ദുരവസ്ഥയുടെ ഇതിവൃത്തം ആശാന്റെ കപോല കല്പിതമായിട്ടും അതിനു അര്‍ഹതപ്പെട്ട വിലയിരുത്തലുണ്ടായിട്ടില്ല.

‘കൃതികള്‍ മനുഷ്യ കഥാനുഗായികള്‍’ എന്ന് ആശാന്‍ പറഞ്ഞിട്ടുള്ളത് ലീലയിലാണെങ്കിലും കേരളത്തിന്റെ സംസ്‌കാരത്തോടെയുള്ള ദുരവസ്ഥയിലെ കഥകള്‍ക്കായിരുന്നു പ്രസ്താവന കൂടുതല്‍ ചേര്‍ച്ചയാകുന്നത്.”നളിനിയിലും ലീലയിലും കവിതയുണ്ട്; കേരളത്തിന്റെ സംസ്‌കാരമില്ലാ. ദുരവസ്ഥയില്‍ കേരള സംസ്‌കാരമുണ്ട്; കവിതയില്ല” എന്ന് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടെങ്കിലും ദുരവസ്ഥയിലെ സംസ്‌കാരവും ദുരയായ അവസ്ഥയിലായതിനാല്‍ അതിലെ കവിത്വം അദ്ദേഹത്തിന് വിഷയമനുസരിച്ച് കാണാനായിട്ടില്ല. ‘കാളിദാസന്‍ മേവും ത്രാസില്‍ മറുതട്ടില്‍ ആളായി വാഴും കുമാരനാശ’-നെന്ന് മൂലൂര്‍ പറഞ്ഞ് ആശാനെ കാളിദാസനൊപ്പമാക്കുമ്പോള്‍ അത് ദുരവസ്ഥയെക്കൂടി പരിഗണിച്ചായിരിക്കുമല്ലോ?
ദുരവസ്ഥയുടെ കഥയും സാഹചര്യങ്ങളും സംഭാവ്യമാണ്. ആശാന് ഇത് ഒരു ലേഖനമായും എഴുതാമായിരുന്നു. എന്നാല്‍ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള ക്രൂരത, കൂട്ടക്കൊല എന്നിവയുടെ വിപത്ത് നാളത്തെ തലമുറയും അറിയാന്‍ വേണ്ടി വര്‍ണ്ണനകളും പ്രസ്താവനകളും ഉപദേശങ്ങളും കൂടി പാട്ടായി ആവിഷ്‌കരിക്കുവാനുള്ള സാഹിത്യ മാധ്യമം കവിതയാണെന്ന് കവി തിരിച്ചറിഞ്ഞിരുന്നു. ആശാനുശേഷവും മലബാര്‍ ലഹളയെപ്പറ്റി ഗദ്യ പുസ്തകങ്ങളുണ്ടായി. സവര്‍ണ്ണ ബ്രാഹ്മണ കുടുംബങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവങ്ങള്‍ സത്യമായിരുന്നല്ലോ; ഇതില്‍ ആശാന്റെ സാങ്കല്പികത്വം ഇല്ല. ശ്രീ.കെ. മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപത്തില്‍ (മാതൃഭൂമി) എല്ലാം വിവരിക്കുന്നുണ്ട്. താനൂര്‍ നന്നമ്പ്ര അംശത്തില്‍ പൂഴിക്കല്‍ ഗൃഹത്തില്‍ നാരായണന്‍ നായരുടെ വീടും വസ്തുവകകളും കലാപകാരികള്‍ കവര്‍ന്നു. അദ്ദേഹത്തിന്റെ ഏക മകളെ അതിക്രമത്തിനിരയാക്കി. പിന്നീടു പര്‍ദ്ദയണിയിക്കപ്പെട്ടു അലഞ്ഞു നടന്ന ആ മകളെ പിതാവിനു തിരിച്ചു കൊടുക്കുകയായിരുന്നു. ഈ മകളോ മകളുമായി സാമ്യമുള്ള മറ്റൊരു ബ്രാഹ്മണ കുടുംബത്തിലെ കന്യകയാകാം ആശാന്‍ കണ്ടെത്തിയ സാവിത്രീ അന്തര്‍ജ്ജനവും…?

ജാതി മതാന്ധത വിവരിക്കുവാനോ കലാപ ഭീകരത അറിയിക്കുവാനോ മാത്രമാകില്ല, ആശാന്‍ ദുരവസ്ഥ പറയാന്‍ ഇത്തരമൊരു പശ്ചാത്തലം കണ്ടെത്തിയത്. ആതുര സേവയിലൂടെ താഴ്ന്നവരെ ഉദ്ധരിക്കേണ്ട ബാദ്ധ്യതയും ഉയര്‍ന്ന ജാതിക്കാര്‍ക്കുണ്ടെന്നുള്ള മുന്നറിയിപ്പ് കൂടിയാണ് ദുരവസ്ഥ! അതിനു പുലയക്കുടിലേയ്ക്കു നിയോഗിക്കപ്പെട്ട ആശാന്റെ പ്രതിനിധിയാണ് സാവിത്രി! ദാമ്പത്യ ബന്ധത്തിലൂടെ അവര്‍ ആ ദൗത്യം നിറവേറ്റുന്നുമുണ്ട്. ലഹളയില്‍ ജീവന്‍ മാത്രം ഭയപ്പാടോടെ തിരിച്ചുകിട്ടിയ സാവിത്രി ആത്മഹത്യ ചെയ്യാതെയും ശേഷം അവശേഷിക്കുന്ന ബന്ധുവീടുകളിലേക്ക് മടങ്ങാതെയും ചാത്തന്റെ ചാളയിലെത്തി, അവരെ പരിചരിച്ചുയര്‍ത്താന്‍ ആശാന്റെ സവര്‍ണ്ണ നായിക കാട്ടുന്ന വ്യഗ്രത വെറുമൊരു കവിഭാവനയല്ല;

തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ
അന്തണനേ ചമച്ചുള്ളൊരു കൈയ്യല്ലോ
ഹന്ത! നിര്‍മ്മിച്ചു ചെറുമനേയും…?
ഇങ്ങനെയൊക്കെ തത്വ ചിന്താപരമായി നായികയെക്കൊണ്ട് കവി ചിന്തിപ്പിക്കുന്നതും മേല്‍ പറഞ്ഞതിന്റെ ലക്ഷണമല്ലോ! മാത്രമല്ല, സമുദായോദ്ധാരണം എന്ന ആശയത്തിന് താന്‍ സന്നദ്ധയാണെന്ന് അവള്‍ അറിയിക്കുന്നുമുണ്ട്.
താണു കിടക്കും സഹജരെപ്പൊക്കുവാന്‍
താണതാണെങ്കില്‍ ഞാന്‍ ധന്യയായി
ഇങ്ങനെയുദ്യമിച്ചീ വര്‍ഗ്ഗം മെല്ലവേ
പൊങ്ങുമാറാക്കും പലവിധവും!

ഇങ്ങനെയുള്ള സാവിത്രിയുടെ ആതുര സേവാ വിചാരത്തില്‍ അവള്‍ തികച്ചും അനഘയാകുന്നു; മാത്രമല്ല, അവളുടെ ഈ ശ്രമങ്ങളില്‍ ഒരു മദര്‍ തെരേസയേ ആശാന്‍ അന്നേ ജനിപ്പിച്ചിരുന്നു. അതിനായി ചാത്തനുമായി ജീവിതം പങ്കുവയ്ക്കുന്നെങ്കില്‍ കൂടിയും അത് ഒരു ദാമ്പത്യ സേവനം മാത്രമല്ല, ആതുര സേവനത്തിന്റെ മറു വശമായോ രീതിയായോ കാണുകയാണ് ഭേദം!

തങ്ങള്‍ നശിപ്പിച്ച കുടുംബത്തിലെ ബ്രാഹ്മണ കന്യക ഓടി രക്ഷപ്പെട്ട് ചാത്തക്കുടിലില്‍ വസിക്കുന്ന വിവരം അറിയാനോ ചാത്തനുമായ് ഏറ്റുമുട്ടാനോ എന്ത് കൊണ്ട് കലാപകാരികള്‍ ശ്രമിച്ചില്ല? ചാത്തനുമായി ജീവിതം പങ്കിട്ട് ചാത്തക്കുടിലില്‍ അന്ത:ര്‍ജ്ജനം താമസിക്കുന്നതിനെതിരെ അവളുടെ ജാതിക്കാരോ മറ്റു സവര്‍ണ്ണരോ എന്ത് കൊണ്ട് ചാത്തനെ എതിര്‍ത്ത് ആക്രമിക്കാന്‍ തുനിഞ്ഞില്ല? ഇതൊക്കെ ഈ കാവ്യത്തില്‍ സംശയങ്ങളായി ശേഷിക്കാമെങ്കിലും കവി അന്നത്തെ കാലത്ത് അതിനൊത്തൊരു സാഹചര്യം പല വരികളിലായി പറഞ്ഞുകൊണ്ട് സംശയ നിവാരണം വരുത്തുന്നുമുണ്ട്. എന്നാല്‍ കവി നായികയുടെ തുടര്‍ ദാമ്പത്യവിശേഷങ്ങള്‍ പറയാന്‍ ശ്രമിച്ചില്ല. പകരം കവിക്കു പറയേണ്ടത് ഇതിനൊക്കെ കാരണമായ ജാതിമതാന്ധതയേയും അത്തരക്കാരോടുള്ള വിപ്ലവകരമായ ശാസനയുമായിരുന്നു. അതു പറയുക തന്നെ ചെയ്തു. അങ്ങനെ പറഞ്ഞതിന്റെ ഭാഷകൂടിയാണ് മാറ്റുവിന്‍ ചട്ടങ്ങളെ എന്ന ആക്രോശം! നൂറ് വര്‍ഷങ്ങള്‍ മുമ്പ് ഇങ്ങനെ പറയാന്‍ രാജ്യത്ത് ജനാധിപത്യമോ പൗര സ്വാതന്ത്ര്യമോ ഇല്ലാതിരുന്ന കാലത്ത് കവിയുടെ ആ മഹത്വാര്‍ജ്ജിത മനോധൈര്യത്തേയും മാനിക്കേണ്ടതുണ്ട്.

പുസ്തകദിനാഘോഷം, വായന ദിനാഘോഷം, സ്‌കൂള്‍ പ്രവേശനോത്സവം, വിദ്യാഭ്യാസ സമ്മേളനങ്ങള്‍ എന്നീ വേദികളില്‍ പ്രഭാഷകര്‍ മേല്‍ പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള അന്യരുടെ ഉദ്ധരണികള്‍ ഓര്‍മ്മിപ്പിക്കാറുണ്ട്; കുഞ്ഞുണ്ണി മാഷ്, പി.എന്‍.പണിക്കര്‍, സുകുമാര്‍ അഴീക്കോട്, ഡോ. രാധാകൃഷ്ണന്‍ മുതലായവരുടെ പേരുകള്‍ അക്കൂട്ടത്തില്‍ ഓര്‍മ്മപ്പെടുത്താറുമുണ്ട്. പക്ഷെ, അതിനുമുമ്പേ അക്ഷരാഭ്യാസത്തിന്റെ ആവശ്യകതയേപ്പറ്റിയും പുസ്തക വായനാ മഹത്വത്തെപ്പറ്റിയും ആശാന്‍ പാടിയിട്ടുണ്ട്.
എന്തെല്ലാം നാമറിയേണ്ടതായിങ്ങനെ
ഗ്രന്ഥങ്ങളിലുണ്ടെഴുത്തറിഞ്ഞാല്‍…?

ഇത് ദുരവസ്ഥയില്‍ അന്ത:ര്‍ജ്ജനം നിരക്ഷര കുക്ഷിയായ ചാത്തനോടു പറയുന്നതാകയാല്‍ ആരും ഇത് മേല്‍ സന്ദര്‍ഭങ്ങളില്‍ ഉദ്ധരണിയാക്കിയിട്ടില്ല. ഒരു പള്ളിക്കൂടത്തിന്റെ ഭിത്തിയിലോ മതിലിലോ ഈ വരികള്‍ മഹത് വചനമാക്കിയിട്ടില്ല. മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍ ഉദ്ദേശ ശുദ്ധിയാല്‍ മാപ്പു നല്‍കിന്‍ എന്ന് മഹാകവിയെ തന്നെ കടമെടുത്തേ ഇത്തരക്കാരോടു പറയാനുള്ളൂ! സത്യത്തില്‍ ദുരവസ്ഥയോടുള്ള അവജ്ഞയില്‍ ഈ വരികളേയും അവസരോചിതമായി പ്രയോഗിക്കാതെ അനുവാചകരും അഗണ്യമാക്കി!
ദുരവസ്ഥയ്ക്കുശേഷം അവസാനമായെഴുതിയ കരുണയിലെ നായകനോടു കവി പറയുന്നതും ലോക സേവനത്തിനുള്ള ആഹ്വാനമാണ്. ആ ഉപദേശം കരുണയുടെ അവസാനവരികളാകുന്നതോടെ കവിയുടേയും അവസാന വരികള്‍ വരിക ഭവാന്‍ നിര്‍വ്വാണ നിമഗ്നനാകാതെ വീണ്ടും ലോക സേവയ്ക്കായ്; പതിത കാരുണികരാം ഭവാദൃശ സുതന്മാരെ ക്ഷിതി ദേവിയ്ക്കിന്നു വേണമധികം പേരേ…, മരിക്കാറായെങ്കിലും ബുദ്ധോപദേശം നല്‍കി വാസവദത്തയ്ക്കു ശാന്തിമന്ത്രമോതിയ ഉപഗുപ്തനോടു കവി ഇങ്ങനെ ഉപദേശിച്ചപ്പോള്‍, ജാതിക്കോമരങ്ങളാല്‍ യാതന അനുഭവിക്കുന്ന ഒരു കൂട്ടം അധ:കൃതരെ രക്ഷിക്കാന്‍ മലബാര്‍ കലാപ ഭൂമിയില്‍ നിന്നും കുമാരനാശാന്‍ പറഞ്ഞയയ്ക്കപ്പെട്ടവള്‍ കൂടിയാണ്, ദുരവസ്ഥയിലെ സാവിത്രീ അന്ത:ര്‍ജ്ജനവും.., അതൊരു ധര്‍മ്മാശ്രമത്തില്‍ നിന്നാകാതെ ജാതിമത കലാപ ക്ഷേത്രത്തില്‍ നിന്നായാലേ കവിക്കു പറ്റിയ പ്രമേയം അവതരിപ്പിക്കാനാകുമായിരുന്നുള്ളൂ. കരുണയിലെ വരിയിലെ സുതന്മാരെ എന്നിടത്ത് സുതമാരെയെന്നാക്കിയാല്‍ സാവിത്രീ അന്ത:ര്‍ജ്ജനത്തിനും ഉപഗുപ്തനോടു ചേര്‍ന്നു നില്‍ക്കാനാകും!

ചരിത്രം, കലാപം, വിപ്ലവം ജാതിമത വ്യവസ്ഥ ഇതൊക്കെയെ ദുരവസ്ഥയിലുള്ളുയെന്നും ധരിക്കുവാന്‍ പാടില്ല. സ്‌നേഹ ഗായകന്‍, വിപ്ലവ കവി എന്നൊക്കെ വിശേഷണങ്ങള്‍ പൊതുവേ ആശാനുണ്ടല്ലോ! ‘അക്ഷരം അധികാര വ്യവസ്ഥയാണെന്നു മലയാളിയെ ബോദ്ധ്യപ്പെടുത്തിയ കാവ്യമാണു ദുരവസ്ഥ – ദുരവസ്ഥ വിപ്ലവ കൃതിയാണ്’ എന്നാണ് ഡോ.കെ.എസ്.രവികുമാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതും…, എന്നാല്‍ ദുരവസ്ഥയിലെ വിപ്ലവ വരികള്‍ക്കിടയിലും പ്രണായാവിഷ്‌ക്കാരവും വീണപൂവിലെന്നപോലെ കാല്പനീക ചിന്തകളും നിഴലിക്കുന്ന വരികളുമുണ്ട്.

ഒറ്റയായിങ്ങു തടവിലിരിക്കുമെ-
ന്നുറ്റ തോഴിക്കു തുണയിരുപ്പാന്‍
മറ്റൊന്നിനെയൊരാണ്‍ മൈനയെക്കൂടി, നീ-
തെറ്റാതെ കൊണ്ടുവരുമോ ചാത്താ…

പുലയക്കുടുംബത്തില്‍ ചേര്‍ന്ന് കഴിഞ്ഞുകൊണ്ട് അവരെ ഉദ്ധരിക്കണമെങ്കില്‍ അവരുമായി അവകാശമുള്ളതും പരമവുമായ അടിസ്ഥാന ബന്ധമുണ്ടാക്കേണ്ടത് ആവശ്യമാണല്ലോ? അത് വൈകാരികതയുടേതായാലും കുഴപ്പമില്ലെന്നും സാവിത്രി ചിന്തിച്ചിട്ടുണ്ടാകും; അല്ലാത്ത പക്ഷം മൈന യഥേഷ്ടം ആണ്‍ തുണ തേടെട്ടെയെന്നു കരുതി അതിനെ തുറന്നു വിടാന്‍ ചാത്തനോട് അവള്‍ക്ക് പറയാമായിരുന്നു. പകരം അതിരിക്കുന്ന കൂട്ടിലോട്ട് ആണ്‍മൈനയെ കൊണ്ടു കൊടുക്കാന്‍ പറയുന്നതിന്റെ സാംഗത്യം സാവിത്രി അവിടെ നിന്നും പോകുന്നില്ലായെന്നും പകരം അവിടെതന്നെ കുടുംബിനിയായി അവനെ സ്വീകരിച്ചു കഴിഞ്ഞിടാമെന്നും ഒരു ധ്വനിയുണ്ടാക്കാന്‍ കൂടിയാണ് . എന്തായാലും ദുരവസ്ഥയിലെ നാടക മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ ഒരു മൈന മറ്റൊരു കഥാപാത്രമായി തുടക്കത്തിലെ പ്രവേശം ചെയ്യുന്നതും കാവ്യത്തിലെ ബിംബ കല്പനയാകുന്നതും ആശാനിലെ അപാര രംഗ സൃഷ്ടിയുടെ ബോധനം തന്നെ! നായികയുടെ ആവശ്യം അവസാനമായി പറയാന്‍ വേണ്ടി ഈ മൈനയേ കാവ്യത്തിനുള്ളില്‍ ആദ്യം മുതല്‍ വളര്‍ത്തി ആശാന്‍ അതിനു ശിക്ഷണം നല്‍കുകയായിരുന്നു!.

മാംസബദ്ധമായ ബന്ധം മാത്രമായിരുന്നില്ല. സാവിത്രി പുലയക്കുടിയില്‍ പ്രവേശിച്ചതിലൂടെ ഉദ്ദേശിച്ചതെങ്കില്‍ കാവ്യത്തിന്റെ അവസാന ഭാഗങ്ങളില്‍ നായിക ചാത്തനെ ഉദ്‌ബോധിപ്പിക്കുന്ന ഭാഷയിലും അവന്റെ കരംഗ്രഹിച്ച് തന്റെ പായയില്‍ കൂടെ ശയിപ്പിക്കുന്നതു വരെയുള്ള വിവരണങ്ങളിലും കവി പിന്നെയും പ്രണയഭാഷയും റൊമാന്റിസവും ഉപയോഗിച്ചിട്ടുണ്ട്. അതിനു ശേഷം കവിയുടെ ഭാഗം പറയുമ്പോള്‍ മാത്രമേ വീണ്ടും വിപ്ലവം വരുന്നുള്ളൂ! ആ വിപ്ലവം അത്യന്തികമായ വിപ്ലവാഹ്വാനമായി ഇന്നും പ്രതിധ്വനിക്കുന്നു…, ‘മാറ്റുവിന്‍ ചട്ടങ്ങളെ’…, ഈ ആഹ്വാനത്തിലൂടെ അന്നത്തെ കേരളത്തിനു സംഭവിച്ചതും കവി അടുത്ത വരികളില്‍ കുറിച്ചിട്ടുണ്ട്…, ‘മാറ്റൊലി കൊണ്ടീ മൊഴിതന്നെ സര്‍വ്വദാ കാറ്റിരമ്പുന്നിന്നു കേരളത്തില്‍’…!

ദുരവസ്ഥ, അതിന്റെ നൂറാം വര്‍ഷത്തിലെത്തുമ്പോള്‍ കേരളത്തിലെ ചാത്ത കുടുംബങ്ങളില്‍ മാത്രമല്ല അതിനു മുകളിലും താഴേയുമുള്ള സമുദായങ്ങളിലും ജാതികളിലും പുരോഗതിയുടെ മാറ്റങ്ങളുണ്ടായി. ചാത്തന്റെ മാടങ്ങള്‍ ഇന്ന് കോണ്‍ക്രീറ്റ് സൗധങ്ങളായി

ദുരവസ്ഥ, അതിന്റെ നൂറാം വര്‍ഷത്തിലെത്തുമ്പോള്‍ കേരളത്തിലെ ചാത്ത കുടുംബങ്ങളില്‍ മാത്രമല്ല അതിനു മുകളിലും താഴേയുമുള്ള സമുദായങ്ങളിലും ജാതികളിലും പുരോഗതിയുടെ മാറ്റങ്ങളുണ്ടായി. ചാത്തന്റെ മാടങ്ങള്‍ ഇന്ന് കോണ്‍ക്രീറ്റ് സൗധങ്ങളായി. തൊട്ടുകൂടാതിരുന്ന ഒരേ സമുദായത്തിലെ ഘടകങ്ങളായിരുന്ന ഈഴവരും, ചോവനും, ചാന്നാരും ‘ദൃഷ്ടിയില്‍പ്പെട്ടാല്‍ ദോഷം ഇല്ലാത്തവരുമായി’…, അക്ഷരം അറിയാതിരുന്നവര്‍ അക്ഷരം അഭ്യസിപ്പിക്കുന്നവരായി…, സമ്മേളനങ്ങളിലും ഭരണത്തിലും ചാത്തനും സവര്‍ണ്ണനും ഒരുമിച്ചായി…,

ജാതിചിന്തകള്‍ക്ക് വിലങ്ങുവച്ച് പല സമുദായക്കാരേയും തേച്ചുമിനുക്കി എടുക്കാന്‍ അദ്ദേഹത്തിന്റെ വിലക്ഷണ കൃതികളായ ദുരവസ്ഥയ്ക്കും ചണ്ഡാലഭിക്ഷുകിക്കും കഴിഞ്ഞുയെന്നതാണ് ഈ അവസരത്തില്‍ സാംസ്‌കാരിക കേരളത്തിന് നേട്ടമായി അവകാശപ്പെടാനുള്ളത്.

Author

Scroll to top
Close
Browse Categories