പാംപ്ളാനിയുടെ സുവിശേഷം

റബറിന്റെ വില കിലോഗ്രാമിന് 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് എം.പി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന് ബി.ജെ.പിയ്ക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നൽകിയ വാഗ്ദാനം കേരളരാഷ്ട്രീയത്തെ ഒന്ന് ഇളക്കിമറിച്ചു. കുടിയേറ്റ ജനതയുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായും പ്രതികരിക്കണമെന്നും വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പ് കത്തോലിക്കാ സഭയുടെ ഭാഗമായ കത്തോലിക്കാ കോൺഗ്രസ് കണ്ണൂർ ആലക്കോട് സംഘടിപ്പിച്ച ‘കർഷകജ്വാല”യുടെ സമ്മേളനത്തിലായിരുന്നു പിതാവിന്റെ പുതിയ രാഷ്ട്രീയ സുവിശേഷം. കേട്ടപാതി, കേൾക്കാത്ത പാതി ഇടതു, വലതു മുന്നണി നേതാക്കൾ ഈ പരാമർശത്തിനെതിരെ മുന്നോട്ടുവന്നു. പ്രതികരണങ്ങൾ ഇടംവലം പാഞ്ഞു. ഒരു ദിനം കൊണ്ട് പാംപ്ളാനിപ്പിതാവ് ദുഷ്ടകഥാപാത്രമായി. ചാനൽ ചർച്ചകൾ കത്തിക്കയറി. എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം വരെ പാംപ്ളാനിയെ വിമർശിച്ച് മുഖപ്രസംഗം എഴുതി. പക്ഷേ പാംപ്ളാനി കുലുങ്ങിയില്ല. ഒരിഞ്ചു മാറിയില്ല. പറഞ്ഞതിൽ തന്നെ ഉറച്ചുനിന്നു. താമരശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ മാത്രമാണ് ബി.ജെ.പിയെയും കൂട്ടരെയും കൂടാതെ പരസ്യമായി ആർച്ച് ബിഷപ്പിനെ പിന്തുണച്ചു രംഗത്തുവന്നത്. താൻ സംസാരിച്ചത് സഭയെ പ്രതിനിധീകരിച്ചല്ലെന്നും കർഷകർക്ക് വേണ്ടിയാണെന്നും കേന്ദ്രം ഭരിക്കുന്ന സർക്കാരിനോടാണെന്നുമായിരുന്നു പാംപ്ളാനിയുടെ വിശദീകരണം. കർഷകനെ ഏത് മുന്നണി സഹായിച്ചാലും അവർക്കു പിന്തുണ നൽകും. ആരോടും അയിത്തമില്ല. ഇത് സഭയുടേതല്ല, മലയോര കർഷകരുടെ തീരുമാനമാണ്. കർഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണെന്നും അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ പ്രസ്താവനയാണെന്ന ആരോപണത്തിൽ ഉറച്ചുനിന്നു നേതാക്കൾ.

കേരളത്തിൽ ക്രൈസ്തവ സഭകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഇതാദ്യമൊന്നുമല്ല. വിമോചന സമരം മുതൽ വിഴിഞ്ഞം സമരം വരെ അസംഖ്യം സമരവേദികളിൽ ളോഹയിട്ട വൈദികരെ കണ്ടവരാണ് മലയാളികൾ. സംഘർഷങ്ങളിൽ പോലും അവർ പങ്കാളികളായിട്ടുണ്ട്. എത്രയോ കാര്യങ്ങളിൽ കേരളത്തിലെ ഇടതു- വലതു സർക്കാരുകളെ സഭ മുട്ടിൽ നിറുത്തിയിരിക്കുന്നു. അന്നൊക്കെ സഭ ഏറ്റുമുട്ടിയിരുന്നതും വിലപേശലുകൾ നടത്തിയിരുന്നതും ഇടതു, വലതു മുന്നണികളോട് മാത്രമാണ്. ആ സാഹചര്യത്തിന് പിതാവിന്റെ പ്രഖ്യാപനത്തോടെ മാറ്റം വന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം.

മുമ്പൊന്നുമില്ലാത്ത പ്രതിഡന്ധികളിലൂടെയാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ കടന്നുപോകുന്നത്. പലകാര്യങ്ങളും പഴയതുപോലെ കൈയിൽ നിൽക്കുന്നില്ല. കേന്ദ്രത്തിൽ പിടിയില്ല. എന്നും ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് ക്ഷയിച്ചു. കേരള കോൺഗ്രസിന്റെ കാര്യം പറയാനില്ല. കെ.എം.മാണിയുടെ വിയോഗം വലിയ ക്ഷീണമായി. കുർബാന തർക്കത്തിന്റെയും ഭൂമി ഇടപാടിന്റെയും പേരിൽ അങ്കമാലി – എറണാകുളം അതിരൂപതയിൽ നടക്കുന്നതുപോലുള്ള പ്രശ്നങ്ങൾ സഭയെ പ്രതിസന്ധിയിലാക്കുന്നു. അൽമായർ എന്തും ചോദ്യം ചെയ്യുന്ന രീതിയിലെത്തി. ശക്തിദുർഗങ്ങളായ മലയോര മേഖലയില്‍ ബഫർസോൺ, വന്യമൃഗശല്യം, റബറിന്റെ ഉൾപ്പടെ കാർഷിക വിളകളുടെ വിലതകർച്ച, സഭാംഗങ്ങളുടെ വിദേശകുടിയേറ്റം, വിദേശഫണ്ടിന്റെ വരവുകുറവ്, ജനസംഖ്യ കുറയൽ, ലൗജിഹാദ്, മുസ്ളീം കടന്നുകയറ്റം തുടങ്ങിയ പ്രശ്നങ്ങളുടെ പരമ്പരയാണ്. റബറിന്റെ വിലത്തകർച്ച കുടിയേറ്റ മേഖലകളിൽ സൃഷ്ടിച്ച മാന്ദ്യം നിസാരമല്ല. സംസ്ഥാന സർക്കാർ വിചാരിച്ചാൽ റബർ വില വർദ്ധിപ്പിക്കാൻ കാര്യമായി ഒന്നും ചെയ്യാനാകില്ല. എന്തെങ്കിലും ചെയ്യേണ്ട കേന്ദ്രസർക്കാരിനാണെങ്കിൽ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയവും. റബർ ബോർഡിന്റെയും സ്‌പൈസസ് ബോർഡിന്റെയും നാളികേര വികസന ബോർഡിന്റെയുമൊക്കെ തലപ്പത്ത് ബി.ജെ.പിക്കാരും ബി.ഡി.ജെ.എസുകാരുമൊക്കെയാണ് ഇരിക്കുന്നത്. പഴയപോലെ അവിടേക്കൊന്നും ചെല്ലാനാവില്ല. കേന്ദ്രം വിചാരിച്ചാലേ എന്തെങ്കിലും രക്ഷയുള്ളൂ എന്ന് പിതാക്കന്മാർക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ പാംപ്ളാനിയുടെ പൂഴിക്കടകൻ ഒട്ടും ആലോചിക്കാതെയുള്ളതല്ലെന്ന് മനസിലാകാൻ പാഴൂർ പടിപ്പുരയിലേക്ക് പോകേണ്ട കാര്യമില്ല. ബി.ജെ.പി അനുഭാവമുള്ള പുതിയൊരു ക്രിസ്ത്യൻ രാഷ്ട്രീയപാർട്ടി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന വാർത്തകളും ചേർത്ത് വായിക്കേണ്ടതുണ്ട്.

ബി.ജെ.പിക്ക് കേരളത്തിൽ ഇനി മുന്നോട്ടു പോകണമെങ്കിൽ ന്യൂനപക്ഷ പിന്തുണ വേണം. പ്രായോഗിക ബുദ്ധിയുള്ള ക്രൈസ്തവ സമൂഹത്തെ എങ്ങിനെ കൂടെ കൂട്ടണമെന്ന് അവർക്കറിയാം. ക്രൈസ്തവ ഭൂരിപക്ഷമുള്ള ഗോവയും നാഗാലാൻഡും മേഘാലയയും ഭരിക്കാമെങ്കിൽ കേരളത്തിലെന്തിനാണ് ബി.ജെ.പിയോട് അയിത്തമെന്ന ചോദ്യവും ക്രൈസ്തവരിൽ ഉയരുന്നുണ്ട്.

ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയൊരു അദ്ധ്യായത്തിനാണ് ആർച്ച് ബിഷപ്പ് തുടക്കമിടുന്നത്. ഇടതും വലതും കൂടാതെ ബി.ജെ.പിയും എൻ.ഡി.എയും സഭയുടെ പരിഗണനയിലേക്ക് വരികയാണ്. ബി.ജെ.പി.നേതാക്കളുടെ പ്രതികരണങ്ങളും റബർ ബോർഡ് വൈസ് ചെയർമാനും ബി.ഡി.ജെ.എസ്. നേതാവുമായ കെ.എ.ഉണ്ണികൃഷ്ണൻ മാർ ജോസഫ് പാംപ്ലാനിയെ ഉടനെ സന്ദർശിച്ചതും വെറുതേയാവാനിടയില്ല. നിർണായകമായിരുന്ന സഭാവോട്ടുകൾ പങ്കുവയ്ക്കപ്പെട്ടാൽ സങ്കീർണമായ സാഹചര്യമാകുമെന്ന സ്വാഭാവിക ഭയത്തിന്റെ പ്രതിഫലനങ്ങളാണ് ഇടതു- വലത് നേതാക്കളുടെ പ്രതികരണങ്ങളിൽ കണ്ടത്. തങ്ങളുടെ മേഖലയിലേക്ക് വേറൊരാൾ വരുമ്പോൾ ഏതൊരു കച്ചവടക്കാരനും തോന്നുന്ന വികാരമെന്നേ അതിനെ കരുതേണ്ടതുള്ളൂ.

വോട്ടിന്റെ ബലത്തിൽ അർഹവും അനർഹവുമായ ആനുകൂല്യങ്ങൾ ന്യൂനപക്ഷ സമൂഹങ്ങൾ പിടിച്ചുവാങ്ങുന്നത് കണ്ട് നിൽക്കേണ്ടി വന്ന കേരളത്തിലെ ഭൂരിപക്ഷ ജനതയുടെ വിഷമം ഇതുവരെ ആരും മനസിലാക്കിയിരുന്നില്ല. എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും അടുക്കളവാതിൽക്കലായിരുന്നു പതിറ്റാണ്ടുകളായി അവരുടെ സ്ഥാനം. സംഘടിത മതശക്തികൾക്ക് വിളമ്പിക്കഴിഞ്ഞ് വല്ലതും കിട്ടിയിലായി എന്നതായിരുന്നു സ്ഥിതി. കൊടിയ ചൂഷണം നേരിടുന്ന പിന്നാക്ക, പട്ടികജാതി-വർഗ സമൂഹങ്ങളെ തിരിഞ്ഞു നോക്കാൻ ആരുമുണ്ടായിരുന്നില്ല. വോട്ടുബാങ്കിന് മാത്രമായിരുന്നു വില.

ഭരണാധികാരികളിൽ നിന്ന് എന്തെങ്കിലും വിലപേശി വാങ്ങണമെന്നുണ്ടെങ്കിൽ വോട്ടിന്റെ ബലം അനിവാര്യമാണ്. അത് തിരിച്ചറിയാതെ ജാതിയും നിറവും മറ്റും പറഞ്ഞ് ഇന്നും പരസ്പരം പോരടിക്കുകയാണ് കേരളത്തിലെ ഭൂരിപക്ഷസമൂഹം. വോട്ടുബാങ്കുള്ളവരെ പ്രീണിപ്പിക്കാൻ രാഷ്ട്രീയക്കാർ പിറകേവരും. വൈകിയ വേളയിൽ പിന്നാക്ക സമൂഹമെങ്കിലും ഈ യാഥാർത്ഥ്യം തിരിച്ചറിയണം. അല്ലെങ്കിൽ നമ്മുടെ വരുംതലമുറയാകും അനുഭവിക്കേണ്ടി വരിക. രാഷ്ട്രീയാധികാരത്തിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കണമെങ്കിൽ വോട്ടുബാങ്കായേ തീരൂ. അതിന് വേണ്ടിയാണ് ഇനി നാം പരിശ്രമിക്കേണ്ടത്.

Author

Scroll to top
Close
Browse Categories