ബ്രഹ്മപുരത്ത്ബാക്കിയാകുന്ന ചോദ്യങ്ങള്‍

കൊച്ചിയെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ അവസ്ഥാന്തരങ്ങള്‍ ബ്രഹ്മപുരം മാലിന്യസംസ്‌കരണശാലയിലെ തീപിടിത്തത്തിന് പിന്നാലെ സൃഷ്ടിക്കപ്പെട്ടു. തല്‍ക്കാലത്തേക്ക് പുക ഒന്നടങ്ങിയെങ്കിലും ഇതിന്റെ ബാക്കിപത്രം എങ്ങനെയാണ് നമ്മുടെ ഭാവിയെയും, വരും തലമുറയെയും ബാധിക്കുന്നതെന്ന് ഇപ്പോള്‍ പറയുകവയ്യ.

ഒരു ചെറുതീക്കനലായ് എരിയാന്‍ തുടങ്ങിയ ബ്രഹ്മപുരം മാലിന്യ സംസ്‌കരണശാലയിലെ പ്രശ്‌നങ്ങള്‍ കത്തിപ്പടരുവാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല. കുമിഞ്ഞു കൂടിയ മാലിന്യ കൂമ്പാരത്തിനടിയില്‍ ഓക്‌സിജന്റെ അഭാവത്തില്‍ നടക്കുന്ന വിഘടന പ്രക്രിയകളാല്‍ ജ്വലനത്തെ സഹായിക്കുന്ന മീഥേന്‍ വാതകമാണ്ഉ ണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടുകൂടിയാണ് തീ അണയ്ക്കുന്നത് ദുഷ്‌കരമായി മാറുന്നത്. നൂറുകണക്കിനാളുകള്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സ തേടി. കൊച്ചി കോര്‍പ്പറേഷനില്‍ അഴിമതിയുടെ കഥകള്‍ ഓരോന്നായി പ്രതിപക്ഷം ഉയര്‍ത്തിവിട്ടു. ഒടുവില്‍ പുക ഒന്നടങ്ങിയപ്പോളും, വീണ്ടും ആശങ്കകള്‍ ബാക്കിയാവുകയാണ്. ഈ അന്തരീക്ഷത്തിലെത്തിയ പുകയിലെ രാസവസ്തുക്കള്‍ എന്താണ്, എങ്ങിനെയാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്? അതിന്റെ പ്രത്യാഘാതങ്ങളെ പറ്റി നാം വേവലാതിപ്പെടേണ്ടതുണ്ടോ? ചോദ്യങ്ങള്‍ അനവധിയാണ്.

ബ്രഹ്മപുരം – മാറിയ മുഖം

രണ്ടുപതിറ്റാണ്ടുകള്‍ക്കുമുമ്പ് ബ്രഹ്മപുരം പാടങ്ങളും, ജലസ്രോതസ്സുകളും ഒക്കെച്ചേര്‍ന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമായിരുന്നു. ചതുപ്പുകള്‍ നിറഞ്ഞ ആ പ്രദേശം 2007 ല്‍ കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യസംസ്‌കരണത്തിനായി ഏറ്റെടുക്കുമ്പോള്‍ നാട്ടുകാരും കരുതിയത് നല്ലൊരുകാര്യമല്ലേ എന്നായിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് അതൊരു മാലിന്യമലയായി വളര്‍ന്നു. 2015 ഓടെ മാലിന്യപ്രശ്‌നം അതിരൂക്ഷമായിത്തുടങ്ങി. തരംതിരിക്കാതെ തന്നെ ജൈവവും, അജൈവവുമായ മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി അവിടെ ഉപേക്ഷിച്ചതോടെ ചതുപ്പുകള്‍ മാലിന്യക്കൂമ്പാരങ്ങള്‍ ആയിമാറി. അങ്ങനെ വളരെപ്പെട്ടെന്നു ബ്രഹ്മപുരം മാലിന്യ സംസ്‌കരണശാലയില്‍ നിന്ന് മാലിന്യ സംഭരണ കേന്ദ്രമായി മാറി.

കൊച്ചി നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരത്ത് കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കര്‍ പ്രദേശത്താണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് സ്ഥിതിചെയ്യുന്നത്. കൊച്ചി നഗരത്തില്‍ താമസിക്കുന്ന ഏഴുലക്ഷത്തോളം പേര്‍, പ്രതിദിനം വന്നുപോകുന്ന രണ്ടരലക്ഷത്തോളം ആളുകള്‍, ചുറ്റുമുള്ളവര്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് ആളുകളെയാണ് രണ്ടാഴ്ചയില്‍ അധികമായി അന്തരീക്ഷത്തിലെ വിഷപ്പുക വീര്‍പ്പുമുട്ടിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം നീറിപ്പുകയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ശാശ്വതമായ പ്രശ്‌നപരിഹാരമില്ലാതെ ഇന്നും ഇഴഞ്ഞു നീങ്ങുകയാണ് ബ്രഹ്മപുരം.

പ്ലാസ്റ്റിക്

പ്ലാസ്റ്റിക് ഒരു പോളിമര്‍ ആണ്. അനേകം ചെറുതന്മാത്രകള്‍ (M0nomer) അനുകൂലസാഹചര്യങ്ങളില്‍ സംയോജിപ്പിച്ചാണ് പോളിമറിന്റെ വന്‍ തന്മാത്രകള്‍ ഉണ്ടാക്കുന്നത്. അപൂര്‍ണ്ണമായ ജ്വലനത്തില്‍ പോളിമര്‍ വിഘടിക്കുകയും പുതിയ തന്മാത്രകള്‍ കൂടുതലായി ഉണ്ടാകുകയും പലതരത്തില്‍ ഉള്ള അപകടകരമായ വാതകങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. പ്‌ളാസ്റ്റിക് കത്തുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങളില്‍ പ്രധാനമാണ് ഡയോക്‌സിന്‍, ഫുറാന്‍ , മെര്‍ക്കുറി , സള്‍ഫ്യൂരിക് ആസിഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ. ഇതുകൂടാതെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന സ്‌റ്റൈറിന്‍ ശ്വസനപ്രക്രിയയിലൂടെ ശ്വാസകോശത്തില്‍ എത്തുകയും ഇത് ശ്വാസകോശങ്ങളിലെ ക്യാന്‍സറിന് കാരണമാകുകയും ചെയ്യുന്നു. നാം വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ വിവിധ തരത്തിലുള്ള പ്‌ളാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാകുമല്ലോ. മാത്രമല്ല, അവ ഒരുമിച്ചുകത്തുമ്പോള്‍ ജ്വലനം അപൂര്‍ണ്ണമാകുകയും കൂടുതല്‍ അപകടകരമാകുകയും ചെയ്യുന്നു.

പേരിന് മാത്രം
ബയോമൈനിംഗ്

ഇവിടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ ബയോമൈനിംഗ് കരാര്‍ എടുത്തിട്ടുള്ള കമ്പനിയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. എന്താണ് ബയോമൈനിംഗ്? ദോഷകരമായി മാറാനിടയുള്ള മാലിന്യനിക്ഷേപം യന്ത്രസഹായത്തോടെ വേര്‍തിരിച്ചുകൊണ്ട് ശാസ്ത്രീയമായി സംസ്‌കരിക്കുകയോ, മറ്റ് രീതിയില്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്ന രീതിയാണ് ബയോമൈനിംഗ് മാലിന്യസംസ്‌കരണം. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നവയെ ലെഗസി മാലിന്യം എന്നാണു പറയുന്നത്. അതില്‍ കല്ല്, മണ്ണ്, പ്ലാസ്റ്റിക് വസ്തുക്കല്‍, റബ്ബര്‍, കുപ്പിച്ചില്ല്, റഫ്യൂസ് ഡ് ഡിറൈവ്ഡ് ഫ്യുവല്‍ എന്ന ജ്വലനശേഷിയുള്ള വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ പ്രധാനമായും ആറ് തരത്തിലുള്ള വസ്തുക്കളായി തരംതിരിക്കപ്പെടും. യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം തരംതിരിക്കല്‍ നടക്കുന്നത്. റഫ്യൂസ് ഡ് ഡിറൈവ്ഡ് ഫ്യുവല്‍ സിമന്റ് കമ്പനികളിലേക്ക് ഇന്ധനമായി കയറ്റി അയയ്ക്കും. റബ്ബര്‍, കുപ്പിച്ചില്ല് എന്നിവ അംഗീകാരമുള്ള പുനരുപയോഗ ഏജന്‍സികള്‍ക്ക് കൈമാറും. ബയോമൈനിംഗ് മാലിന്യസംസ്‌കരണരീതി ഏറെ മികവേറിയതാണെങ്കിലും ഇവിടെ അതിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനി അത് കൃത്യമായി ചെയ്തിട്ടില്ല എന്നതാണ് ആക്ഷേപം

ദിനംപ്രതി വര്‍ധിക്കുന്ന
മാലിന്യം

ഏറെ താമസിയാതെ ചൈനയെ പിന്തള്ളി ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതാകും എന്ന് പറയപ്പെടുന്നു. ജനസംഖ്യയുടെ ഈ വര്‍ധനവും, ദിനംപ്രതി ശക്തമാകുന്ന നഗരവല്‍ക്കരണവും മൂലം മനുഷ്യന്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഇത് ഒരു ചെറിയ പ്രശ്‌നമായി കാണാനാവില്ല. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റ് നൂറ്റിപ്പത്തു ഏക്കറിലായി പരന്നുകിടക്കുന്നു. അതില്‍ത്തന്നെ ഏതാണ്ട് എഴുപത് ഏക്കറോളം സ്ഥലത്ത് മുപ്പത് അടിയോളം ഉയരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു. ജൈവമാലിന്യങ്ങളും, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങളും ഒരുപോലെ ചേര്‍ന്നാണ് കിടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ആയതിനാല്‍ അത് കത്തുമ്പോള്‍ തീയണക്കാന്‍ ശ്രമിച്ചാല്‍ വെള്ളം മുകള്‍ഭാഗങ്ങളില്‍ മാത്രം കെട്ടിക്കിടക്കുകയും, കുന്നിന്റെ അടിയിലേക്ക് ഇറങ്ങാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. മാത്രമല്ല, ജൈവമാലിന്യങ്ങള്‍ അഴുകിയുണ്ടാകുന്ന മീഥെയ്ന്‍ പോലെയുള്ള ഗ്യാസുകള്‍, തീകത്തുന്നതിനെ കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നു.

പുകയുന്ന വിവാദം

ഒരുവശത്തു മാലിന്യങ്ങള്‍ കത്തിയെരിയുമ്പോള്‍, മറുവശത്തു വിവാദങ്ങളും പുകയുന്നുണ്ട്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കിയിരിക്കുന്ന കമ്പനിയ്ക്ക് ആവശ്യത്തിന് മുന്‍പരിചയമില്ലെന്നും, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അത്യാഹിതത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മാലിന്യസംസ്‌കരണത്തില്‍ മുന്‍പരിചയമില്ലാത്ത കമ്പനിയ്ക്ക് ടെണ്ടര്‍ നടപടികളൊന്നും പാലിക്കാതെ കരാര്‍ നല്‍കിയെന്നും, കരാര്‍ നീട്ടിനല്‍കാന്‍ അവര്‍ വീണ്ടും കത്ത് നല്‍കിയിരുന്നെന്നും, അവരുടെ കരാര്‍ അവസാനിക്കുന്നതിന് തലേദിവസം തന്നെ ഇങ്ങനെയൊരു തീപിടുത്തം ഉണ്ടായതില്‍ അസ്വാഭാവികതയുണ്ടെന്നുമാണ് ആരോപണം. ഒരുവര്‍ഷത്തെ കാലാവധി അവസാനിക്കുന്നതിന് മൂന്നുമാസത്തിനുമുമ്പുതന്നെ പുതിയ ടെന്‍ഡറിന്റെ നടപടിക്രമങ്ങള്‍ തുടങ്ങണമെന്നാണ് ചട്ടം. എന്നാല്‍ ഇതേവരെ അതൊന്നും നടന്നിട്ടില്ലെന്നും, അതെ കമ്പനിയ്ക്കു തന്നെ കരാര്‍ പുതുക്കി നല്‍കാന്‍ ആണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. എന്നാല്‍ കൃത്യമായ ടെണ്ടര്‍ നടപടികള്‍ പാലിച്ചിരുന്നെന്നും, കൗണ്‍സിലില്‍ തന്നെ ചര്‍ച്ച ചെയ്താണ് അവര്‍ക്ക് കരാര്‍ നല്‍കിയതെന്നും ഭരണപക്ഷം മറുപടി നല്‍കുന്നുണ്ട്.

ആരോഗ്യപ്രശ്‌നങ്ങള്‍

കാര്‍ബണ്‍ മോണോക്‌സൈഡും, ഡയോക്‌സിനുകളും ഏറെ അപകടകരമാണ്. ഡയോക്‌സിനുകള്‍ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് മാലിന്യങ്ങളില്‍ പെടുന്നവയാണ് . ഇവ വെള്ളത്തിലും വായുവിലും കെട്ടിനിന്നുകൊണ്ട് അവയിലൂടെ സസ്യങ്ങളിലേക്കും സസ്യങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും എത്താം. പലതരം അര്‍ബുദങ്ങള്‍ക്കും ഇവ കാരണമാകുന്നു. ഉദാഹരണത്തിന് ബെന്‍സോപൈറിന്‍ എന്ന രാസവസ്തു ജൈവവസ്തുക്കള്‍, പ്ലാസ്റ്റിക് എന്നിവയുടെ അപൂര്‍ണ്ണമായ ജ്വലനം മൂലമുണ്ടാകുന്ന വാതകമാണ്. ഇവ നമ്മുടെ ത്വക്കില്‍ ഉണ്ടെങ്കില്‍, അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടി അതിലേക്ക് പതിക്കുമ്പോള്‍ ത്വക്ക് അര്‍ബുദത്തിനുള്ള സാധ്യതകളും കൂടാം. കൂടാതെ ഹൃദ്രോഗം, എംഫിസീമ എന്നിവയ്ക്കും ബെന്‍സോപൈറിന്‍ കാരണമാകുന്നു. പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി താലൈറ്റ്സ് പോലെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. പ്ലാസ്റ്റിക്കിന് കൂടുതല്‍ ഇലാസ്തികത നല്‍കാന്‍ ചേര്‍ക്കുന്ന താലൈറ്റ്സ് കത്തുമ്പോള്‍ കൂടുതല്‍ അപകടകാരിയാണ്. വന്ധ്യത, ഗര്‍ഭസ്ഥശിശുക്കളില്‍ വൈകല്യം, അലര്‍ജി എന്നിവയ്ക്കൊപ്പം പ്രധാനമായി അന്തഃസ്രാവി വ്യവസ്ഥയെ ബാധിക്കുകയും, അവ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍ പോലെയുള്ള രാസവസ്തുക്കള്‍ പൊക്കിള്‍ക്കൊടിയിലൂടെ അടുത്ത തലമുറയിലേക്കുകൂടി കടക്കുമ്പോള്‍ ഇപ്പോള്‍ ഉണ്ടായ ഈ ദുരന്തത്തിന്റെ വ്യാപ്തി എത്ര വലുതാണെന്ന് നമുക്ക് ഊഹിക്കാം.

കണക്കിലെ ആശങ്ക

പുക പടര്‍ന്നതിന്റെ തൊട്ടടുത്ത ഞായറാഴ്ച രാത്രി കൊച്ചിയിലെ അന്തരീക്ഷ വായുവിലെ വിഷാംശം അപായരേഖയില്‍ തൊട്ടതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അന്നേദിവസം വൈറ്റിലയിലെ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പൊടിപടലങ്ങളുടെ സൂക്ഷ്മകണങ്ങള്‍) 2.5 ന്റെ മൂല്യം 441 ആയിരുന്നു. അനുവദനീയമായ അളവിനേക്കാള്‍ ഏറെ മുകളിലാണ് അത്. ഈ വാതകം ശ്വസിച്ചാല്‍ ആരോഗ്യമുള്ളവരില്‍ പോലും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ അതുണ്ടാക്കിയേക്കാം. പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 10 ന്റെ അളവും കൂടുതലാണ്. 333 വരെ അത് ഉയര്‍ന്നിട്ടുണ്ട്. ശ്വസനപ്രക്രിയയിലൂടെ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ ശ്വാസകോശത്തിലേക്ക് എത്തിച്ചേരുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാന്‍ പോകുന്നത് കുട്ടികളാണ്. ചുമ, ശ്വാസതടസം, കണ്ണുകള്‍ക്ക് അസ്വസ്ഥത എന്നിവ ഇത് മൂലം ഉണ്ടായേക്കാം.

Author

Scroll to top
Close
Browse Categories