ആത്മ സൗരഭം

ഫലപ്രാപ്തി

‘ഇനിയെന്താണ് പദ്ധതി?’
പരീക്ഷാഫലം അറിഞ്ഞതിന്റെ സന്തോഷം പാല്‍പ്പായസം വച്ച് ആഘോഷിച്ച ശേഷം വേലായുധന്‍ പല്‍പ്പുവിനോട് ചോദിച്ചു.
‘തിരുവിതാംകൂര്‍ സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്ത് നമ്മുടെ നാടിനെയും ജനങ്ങളെയും സേവിക്കണം’
നാട്ടില്‍ മടങ്ങിയെത്തിയ അന്ന് തന്നെ യോഗ്യതകളെല്ലാം കാണിച്ച് സര്‍ക്കാരിന് കത്തയച്ചു.
മുന്‍പ് വേലായുധന്‍ സമാനമായ രീതിയില്‍ അപേക്ഷിച്ചപ്പോള്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനമില്ല എന്നൊരു മറുപടി വന്നിരുന്നു.
ദിവസങ്ങളും ആഴ്ചകളും കാത്തിരുന്നിട്ടും പല്‍പ്പുവിന് മറുപടി പോലും വന്നില്ല.പരീക്ഷ പാസാകാത്ത ചില സവര്‍ണ്ണര്‍ക്ക് നിയമനം ലഭിച്ചെന്നറിഞ്ഞപ്പോള്‍ പല്‍പ്പുവിലെ പ്രതികരണശേഷി ഉണര്‍ന്നു.
മാത തടസം നിന്നു.
‘അവരോടൊന്നും എതിര്‍ത്ത് ജയിക്കാന്‍ നമുക്കാവില്ല മക്കളേ…എന്ത് യോഗ്യതയുണ്ടെങ്കിലും അവര്‍ നമ്മളെ പരിഗണിക്കില്ല’
പല്‍പ്പു ചിരിച്ചു.
‘ഈ പ്രപഞ്ചത്തിന് ഒരു താളമുണ്ട് അമ്മേ…നീതിയുടെ താളം. തത്കാലം അവര്‍ ജയിച്ചേക്കാം . പക്ഷെ ആത്യന്തികമായി സത്യം ജയിക്കുക തന്നെ ചെയ്യും’
ആ ദയനീയ സ്ഥിതിയിലും പല്‍പ്പുവിന്റെ ആത്മവീര്യം അസാധ്യമാണെന്ന് പത്മനാഭന് തോന്നി. തന്റെ മകന്‍ ജയിക്കുക തന്നെ ചെയ്യുമെന്ന് അയാളുടെ മനസ് പറഞ്ഞു.

നിരന്തരം കത്തുകള്‍ അയച്ചും പലരെയും നേരില്‍ കണ്ട് പരാതിപ്പെട്ടും നോക്കി. ഫലം തഥൈവ. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായി ഒടുവില്‍ തൊഴിലില്ലാതെ ഒരു തെരുവ് പട്ടിയേക്കാള്‍ നികൃഷ്ടമായി അലഞ്ഞു നടക്കുന്ന പല്‍പ്പുവിനെ കണ്ട് അയല്‍വാസികളായ ചില സവര്‍ണ്ണ മാടമ്പികള്‍ ചിരിയൊതുക്കി. പത്മനാഭന്‍ വേദന കൊണ്ട് മകനെ അഭിമുഖീകരിക്കാന്‍ മടിച്ചു. മാത ഒറ്റയ്ക്കിരുന്ന് കരഞ്ഞു. സകല ദൈവങ്ങളെയും വിളിച്ച് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അപ്പോഴും പല്‍പ്പുവിന്റെ മുഖത്തെ കൂസലില്ലായ്മ കണ്ട് അവര്‍ അത്ഭുതപ്പെട്ടു. ഒരു ദിവസം സങ്കടം സഹിക്കവയ്യാതെ മാത പറഞ്ഞു.
‘മോന്‍ വിഷമിക്കരുത്’
‘എനിക്ക് വിഷമമുണ്ടെന്ന് ആര് പറഞ്ഞു?’
‘ആരും പറഞ്ഞില്ലെങ്കിലും നിന്റെ മനസ് അമ്മയ്ക്കറിയാം’
പല്‍പ്പു ലാഘവത്തോടെ ചിരിച്ചു.
‘എന്റെ മനസ് ആര്‍ക്കും അറിയില്ലമ്മേ…വാ കീറിയവന്‍ ഇരയും തരുമെന്ന് കേട്ടിട്ടില്ലേ. ഇനി തന്നില്ലെങ്കില്‍ നമ്മള്‍ പിടിച്ച് വാങ്ങും. ഞാന്‍ വൈദ്യം പഠിച്ചത് ഡോക്ടറാവാനാണ്. എന്ത് വില കൊടുത്തും ഡോക്ടറാവുക തന്നെ ചെയ്യും’
മകന്റെ ആത്മധൈര്യം ആശ്വാസം പകര്‍ന്നെങ്കിലും ജോലി തരപ്പെടും വരെ മാതയ്ക്ക് സമാധാനമില്ലായിരുന്നു.
കുന്നിന്‍മുകളിലെ വിജനതയില്‍ സന്ധ്യയ്ക്ക് ചേക്കേറുന്ന കിളികളെയും ദൂരേയ്ക്ക് പറന്നകലുന്ന കാക്കകളെയും നോക്കിയിരിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു പല്‍പ്പുവിന്റെ മനസ്.
നാട്ടില്‍ ഡോക്ടറായി ജോലി ചെയ്യാമെന്ന ആഗ്രഹം തത്കാലം നടക്കില്ല. നാട് എന്ന സങ്കല്‍പ്പം തത്കാലം മാറ്റി വയ്ക്കണം. എല്ലായിടത്തുമുളളത് മനുഷ്യര്‍ തന്നെയാണ്. രോഗങ്ങള്‍ക്ക് മദ്രാസെന്നോ തിരുവിതാംകൂറെന്നോ വ്യത്യാസമില്ല. ചികിത്സിക്കുക എന്നതാണ് ഭിഷഗ്വരന്റെ ദൗത്യം. അതിന് ദേശകാലങ്ങളുടെ അതിരുകളില്ല. ഉണ്ടാവാന്‍ പാടില്ല.

നാട്ടില്‍ ഡോക്ടറായി ജോലി ചെയ്യാമെന്ന ആഗ്രഹം തത്കാലം നടക്കില്ല. നാട് എന്ന സങ്കല്‍പ്പം തത്കാലം മാറ്റി വയ്ക്കണം. എല്ലായിടത്തുമുളളത് മനുഷ്യര്‍ തന്നെയാണ്. രോഗങ്ങള്‍ക്ക് മദ്രാസെന്നോ തിരുവിതാംകൂറെന്നോ വ്യത്യാസമില്ല. ചികിത്സിക്കുക എന്നതാണ് ഭിഷഗ്വരന്റെ ദൗത്യം. അതിന് ദേശകാലങ്ങളുടെ അതിരുകളില്ല. ഉണ്ടാവാന്‍ പാടില്ല.

പിറ്റേന്ന് തന്നെ മദ്രാസ് സര്‍ക്കാരിലേക്ക് അപേക്ഷ അയച്ചു. എല്‍.എം.എസ് പാസായ ഒരാളെ ലഭിക്കുക എന്നത് നിസാര കാര്യമല്ലെന്ന് തലയില്‍ ആള്‍താമസമുളള വര്‍ക്കറിയാം. പിറ്റേ ആഴ്ച തന്നെ കൂടിക്കാഴ്ചയ്ക്ക് താത്പര്യം കാണിച്ചുകൊണ്ട് മറുപടി വന്നു.
വീട്ടില്‍ ആഹ്‌ളാദത്തിന്റെ ആരവം മുഴങ്ങി. പല്‍പ്പു മാത്രം പൊട്ടിച്ചിരിച്ചില്ല. അവന്റെ മൗനവും ഗൗരവവും കണ്ട് മാത കാര്യം തിരക്കി.
‘നിയമനം കഴിയട്ടെ അമ്മേ..അല്ലെങ്കില്‍ ചിലപ്പോള്‍ അവിടെ വന്ന് വഴിമുടക്കാന്‍ നോക്കും ഇവറ്റകള്‍. നമ്മള്‍ കുഴപ്പക്കാരും ഭീകരന്‍മാരുമാണെന്ന് പറഞ്ഞ് കളയും’
ആ തമാശ കേട്ട് പത്മനാഭന്‍ പൊട്ടിച്ചിരിച്ചു. മദ്രാസികള്‍ അത്ര ശുംഭന്‍മാരും ബുദ്ധിശൂന്യരുമല്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.
മദ്രാസ് വാക്‌സിന്‍ ഡിപ്പോയില്‍ സൂപ്രണ്ടായി ആദ്യനിയമനം. ഉത്തരവ് അടങ്ങുന്ന കടലാസ് കൈപ്പറ്റുമ്പോള്‍ പല്‍പ്പുവിന്റെ കൈവിറച്ചു. ഇത് ചരിത്രമുഹൂര്‍ത്തമാണ്.

തിരുവിതാംകൂറില്‍ ജനിച്ച ഒരു അധ:സ്ഥിതന്‍ ഇതാദ്യമായി ഡോക്ടറുടെ പദവിയില്‍ അവരോധിതനായിരിക്കുന്നു.
തൊട്ടുകൂടാത്തവന്റെയും തീണ്ടിക്കൂടാത്തവന്റെയും കൈവിരല്‍ സ്പര്‍ശം കൊണ്ടും ഇനി രോഗശമനം ഉണ്ടാവും. നിയതിയുടെ വൈരുദ്ധ്യങ്ങളോര്‍ത്ത് പല്‍പ്പു ഉളളില്‍ ചിരിച്ചു.

ഉന്മേഷവാനായ പുതിയ സഹപ്രവര്‍ത്തകനെ മദ്രാസികള്‍ സഹര്‍ഷം സ്വാഗതം ചെയ്തു. അവര്‍ മനുഷ്യനെ തരം തിരിച്ച് കണ്ടില്ല. അതിര്‍വരമ്പുകളിട്ടില്ല. പല്‍പ്പുവിന് അതില്‍പ്പരം സന്തോഷം മറ്റൊന്നില്ലായിരുന്നു. ദൃഷ്ടിയില്‍ പെട്ടാല്‍ പോലും ദോഷമുള്ള ഒരു നാടിനെക്കുറിച്ച് കേട്ട് അവര്‍ അമ്പരന്നു.
വസൂരിക്ക് കുത്തിവയ്ക്കുന്ന ലിംഫ് നിര്‍മ്മിക്കുന്ന സ്‌പെഷല്‍ വാക്‌സിന്‍ ഡിപ്പോയിലായിരുന്നു പല്‍പ്പുവിന് ജോലി. മാസം 70 രൂപാ ശമ്പളം.
ആദ്യശമ്പളം കൈനീട്ടി വാങ്ങുമ്പോള്‍ പല്‍പ്പു ആദ്യം ഓര്‍ത്തത് മാതാപിതാക്കളെയോ ജ്യേഷ്ഠനെയോ ആയിരുന്നില്ല. ആര് എന്ത് എന്ന് പോലുമറിയാതെ അന്വേഷിക്കാന്‍ നില്‍ക്കാതെ വിശന്നിരിക്കുമ്പോള്‍ ആവശ്യപ്പെടാതെ ഒരു കഷണം റൊട്ടി തന്ന് സഹായിച്ച ആ മഹാകാരുണ്യത്തെ…ഒരു കാരണവും ഇല്ലാതിരുന്നിട്ടും പഠിപ്പിച്ചും ഭക്ഷണം തന്നും പിന്‍തുണച്ചും ഒപ്പം നിന്ന ഫെര്‍ണാണ്ടസ് സായിപ്പിനെ…പിന്നെ പേരറിയാത്ത മനുഷ്യപ്പറ്റുളള ഒരുപാട് മനുഷ്യരെ…അവരുടെ ദയയുടെ പരിണിതഫലമാണ് ഈ സ്റ്റെതസ്‌കോപ്പ്. ഈ വെളുത്ത കുപ്പായം.

ദയ ഒരു ഒഴുക്കാണ്. ആരുടെയൊക്കെയോ സഹായം കൊണ്ട് താന്‍ വളര്‍ന്നു. ഇനി സഹായം അര്‍ഹിക്കുന്ന ആര്‍ക്കെങ്കിലും അത് നല്‍കണം.
പെട്ടെന്ന് മനസില്‍ വന്നത് കഴിഞ്ഞ രാത്രിയാണ്. ഡിസംബറിലെ മരം കോച്ചുന്ന മഞ്ഞില്‍ സൈക്കിള്‍ റിക്ഷയില്‍ നഗരപ്രദക്ഷിണം ചെയ്ത രാവ്. കടത്തിണ്ണയില്‍ തണുത്ത് വിറങ്ങലിച്ച് പുതപ്പില്ലാതെ കൈകള്‍ തുടകള്‍ക്കിടയിലേക്ക് പിണച്ചു വച്ച് കിടന്നുറങ്ങുന്ന മനുഷ്യര്‍…

ലോഡ്ജിലേക്ക് മടങ്ങുമ്പോള്‍ പല്‍പ്പു ആലോചിച്ചു. ഒരാള്‍ സഹായം ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മറ്റുളളവര്‍ക്ക് അത് ചെയ്യാന്‍ തോന്നിയാല്‍ ഈ ലോകം എത്ര സുന്ദരമാവുമായിരുന്നു. പക്ഷെ ആ തോന്നലും മനസും അപൂര്‍വം ചിലരില്‍ മാത്രമായി ഒതുങ്ങുന്നു. അവരെ നാം ദൈവത്തിന്റെ സന്തതികള്‍ എന്ന് വിളിക്കണം.

അവര്‍ക്ക് മുകളില്‍ കൂര പണിയാന്‍ തനിക്ക് ആവതില്ല. പക്ഷെ ഒരു കൈസഹായം. ചെറുതെങ്കിലും ഒരു താങ്ങ്..പരിഗണിക്കപ്പെടുന്നു എന്ന സമാശ്വാസം അവര്‍ക്ക് നല്‍കാനുളള ബാദ്ധ്യതയുണ്ട്. ശ്രീരാമകൃഷ്ണന്‍ എന്ന അജ്ഞാതനെ പല്‍പ്പു ഓര്‍ത്തു. അപരിചിതനായ അയാളുടെ കാരുണ്യം 20 രൂപയുടെ മണിയോര്‍ഡറായി വന്ന ദിവസം. അന്ന് താന്‍ അനുഭവിച്ച ആശ്വാസവും ആഹ്‌ളാദവും വാക്കുകള്‍ക്ക് അതീതമാണ്. സമാനതകളില്ലാത്തതാണ്.

അന്ന് അര്‍ദ്ധരാത്രി മുരുകേശന്റെ സൈക്കിള്‍ റിക്ഷയില്‍ പല്‍പ്പു തെരുവുകളില്‍ അലഞ്ഞു. അട്ടിയട്ടിയായി അടുക്കിയ മത്സ്യങ്ങള്‍ പോലെ നിരന്ന് കിടക്കുന്ന തെരുവിന്റെ സന്തതികള്‍ ഗാഢനിദ്രയിലാണ്. പല്‍പ്പു കയ്യില്‍ കരുതിയിരുന്ന കമ്പിളി പുതപ്പുകള്‍ ഒന്നൊന്നായി പുറത്തെടുത്ത് അവരെ പുതപ്പിച്ചു. ആരും അറിഞ്ഞില്ല. അതായിരുന്നു പല്‍പ്പു ആഗ്രഹിച്ചതും. സഹായിക്കപ്പെടുന്നവന്‍ അറിയാതെ ഒരു കൈസഹായം.
കാലത്ത് ഉണരുമ്പോഴുളള അവരുടെ വിസ്മയവും ആഹ്‌ളാദവും അദ്ദേഹം മനസില്‍ കണ്ടു. മുരുകേശന്‍ വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘സര്‍..നാന്‍ ആദ്യമാ ഇന്ത മാതിരി സഹായം പാക്കിറേന്‍..’
പല്‍പ്പു ചിരിച്ചു. അതില്‍ എല്ലാം അടങ്ങിയിരുന്നു.
ലോഡ്ജിലേക്ക് മടങ്ങുമ്പോള്‍ പല്‍പ്പു ആലോചിച്ചു. ഒരാള്‍ സഹായം ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മറ്റുളളവര്‍ക്ക് അത് ചെയ്യാന്‍ തോന്നിയാല്‍ ഈ ലോകം എത്ര സുന്ദരമാവുമായിരുന്നു. പക്ഷെ ആ തോന്നലും മനസും അപൂര്‍വം ചിലരില്‍ മാത്രമായി ഒതുങ്ങുന്നു. അവരെ നാം ദൈവത്തിന്റെ സന്തതികള്‍ എന്ന് വിളിക്കണം. ശ്രീരാമകൃഷ്ണന്‍, ഫെര്‍ണാണ്ടസ്, പേരറിയാത്ത മുസ്ലീം…മൂന്നും മൂന്ന് മതത്തില്‍ പെട്ടവര്‍. പക്ഷെ അവരുടെ മനസുകള്‍ ഒന്നായിരുന്നു.
ജാതിയും മതവും മനുഷ്യനെ വേര്‍തിരിക്കുന്നത് എത്ര അര്‍ത്ഥശൂന്യമായാണ്?
മനുഷ്യന് മനുഷ്യനെ നോക്കി കാണാന്‍ ജാതിയെന്തിന്? മതമെന്തിന്?
അങ്ങനെയൊരു കാലത്ത്, ദേശത്ത് പിറന്നതില്‍ പല്‍പ്പു ആത്മനിന്ദയോടെ ഉളളില്‍ ചിരിച്ചു.
മദ്രാസ് ഗാഢനിദ്രയുടെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും പല്‍പ്പൂ ഉണര്‍ന്നിരുന്ന് ചിരിച്ചു.
ഇന്ന് മുതല്‍ ഞാന്‍ വെറും പല്‍പ്പുവല്ല. ഡോ.പല്‍പ്പൂ.
ഇന്ന് എന്റെ സേവനത്തിന് ആദ്യമായി പ്രതിഫലം കിട്ടിയ ദിവസം. എന്റെ സേവനം അംഗീകരിക്കപ്പെട്ട സുദിനം.
മദ്രാസ് സര്‍ക്കാരിന് സ്തുതി.
ഗുരുകാരണവന്‍മാര്‍ക്കും സ്തുതി.
സംഭവിച്ചതെല്ലാം നല്ലതിന്. ഇനി സംഭവിക്കുന്നതും നല്ലതിന്.
മാ ഫലേഷു കഥാജന…
ദിവസങ്ങള്‍ക്ക് ശേഷം തമ്മില്‍ കണ്ടപ്പോള്‍ മുരുകേശന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടി അടുത്തു വന്നു.
‘സര്‍..രൊംഭ പ്രമാദമായ ഒരു ന്യൂസ് കെടയ്ക്കാത് സര്‍’
‘എന്ന വിഷയം?’ പല്‍പ്പു ആകാംക്ഷയോടെ തിരക്കി.
‘എനക്ക് ഒരു കൗതുകം. അന്ത തെരുവ് മക്കള്‍ എപ്പടി റിയാക്ട് പണ്ണുമതെന്ന്. ഞാന്‍ കാലയിലേ അവങ്ക ചെന്ന് അവര് എണീക്കും മുന്നാടി അങ്ക ഉക്കാരുങ്കെ. കമ്പിളി പൊതപ്പ് അവര്ക്ക് രൊംഭ സര്‍പ്രൈസ് ആച്ച്. അത് കടവുള്‍ കൊണ്ട തന്നതാച്ചൂംന്ന് അവര്‍ പേശണത് നാന്‍ പാത്തു സര്‍’
പല്‍പ്പൂ ചിരിച്ചു.
‘ അത് ചെയ്യാന്‍ എന്നെ തോന്നിപ്പിച്ച നിമിഷമാണ് മുരുകാ കടവുള്‍..’
അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥവും ആഴവും അറിയാതെ മുരുകേശന്‍ ചിരിച്ചു.
പല്‍പ്പു വഴിവാണിഭക്കാരനെ ലക്ഷ്യമാക്കി നടന്നു. മുളകിട്ട് വറുത്ത ചൂടു കടല കൊറിച്ചുകൊണ്ട് തെരുവോരം ചുറ്റി നടന്നു.
സാന്ധ്യപ്രകാശത്തില്‍ മദ്രാസ് കലപില കൂട്ടി ഒഴുകി നടന്നു.
കറുത്ത മനുഷ്യരും മുല്ലപ്പൂവും മൂക്കുത്തിയും ചുടിയ പെണ്ണുങ്ങളും റിക്ഷാവണ്ടികളും മദ്രാസിന് മാറ്റ് കൂട്ടി. നിയോണ്‍ വിളക്കുകള്‍ അവര്‍ക്ക് മേല്‍ മഞ്ഞവെളിച്ചം ചൊരിഞ്ഞു.
വഴിയോരക്കടകളില്‍ നിന്ന് പതിഞ്ഞശബ്ദത്തില്‍ മൂളിപ്പാട്ടുകള്‍ ഉയര്‍ന്നു.
നഗരം ആഹ്‌ളാദത്തിലാണ്.
തന്നെപ്പോലെ…
പല്‍പ്പു ഉള്ളിന്റെയുളളില്‍ അഗാധമായി ചിരിച്ചു
(തുടരും)

Author

Scroll to top
Close
Browse Categories