ജാതിസമൂഹങ്ങളാകുന്ന കാര്‍ഷിക ഗ്രാമങ്ങള്‍
ഹിന്ദു പുരോഹിതന്മാരെപ്പോലെ മുസ്ലീംപുരോഹിതന്മാരും സമുദായത്തില്‍ ജാതിവ്യത്യാസം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ നമ്പൂതിരിയ്ക്ക് തുല്യമായ പൗരോഹിത്യം വഹിക്കുന്നത് തങ്ങള്‍മാരാണ്, മുസ്ല്യാന്മാരല്ല. ക്രൈസ്തവരെയും മുസ്ലീങ്ങളെയും ജൂതന്മാരെയും ജാതിസര്‍പ്പം വരിഞ്ഞ് മുറുക്കിയിരുന്നു. ആചാരങ്ങളൊന്നായിരുന്നെങ്കിലും വെള്ളജൂതന്മാര്‍ (ബ്രാഹ്മണര്‍), കറുത്തജൂതന്മാര്‍ (അധഃകൃതര്‍) എന്ന വിഭജനം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മണ്ണില്‍ മുളച്ചുപൊന്തിയ സിഖുമതവും ജാതിവിവേചനത്തിന്റെ ക്രൂരദംഷ്ട്രകള്‍ പ്രദര്‍ശിപ്പിക്കാതിരുന്നില്ല.
ജാതിപീഡനങ്ങളില്‍ നിന്ന് മോചനം തേടി ഇസ്ലാം മതം സ്വീകരിച്ച അടിയാളന്മാര്‍ മുസ്ലീം സമുദായത്തില്‍ നിന്നും നേരിട്ട വിവേചനത്തെപ്പറ്റി എം.എന്‍.കാരശ്ശേരി എഴുതിയിട്ടുണ്ട്: ‘അടിയാരുടെ കൂട്ടത്തില്‍ നിന്ന് മാര്‍ക്കം കൂടി വന്നവര്‍ നേരിട്ട പലതരം വിവേചനങ്ങളിലൊന്ന് ‘പുതിയ മുഹമ്മദ്’, ‘തൊപ്പിയിട്ട മമ്മദ്’ തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു. തറവാട്ടുകാരുടെ കൂടെ ഭക്ഷണം കഴിക്കാനോ അവരുമായി കെട്ടുബന്ധം സ്ഥാപിക്കാനോ ഈ വിഭാഗത്തിനുകഴിയുമായിരുന്നില്ല’47. ഇസ്ലാം മതവിശ്വാസികളായ മുക്കുവരെ ‘പൂസ്ലാന്‍’ (പുതിയ ഇസ്ലാം) എന്നാണ് വിളിച്ചിരുന്നത്. അമ്പട്ടന്‍ മതം മാറി ഒസ്സാനായാലും പഴയ നായരും തീയ്യരും മാത്രമല്ല, ആ കൂട്ടത്തില്‍നിന്നും മതം മാറിവന്ന മാപ്പിളയും അയാളെ നിന്ദ്യനും താണജാതിക്കാരനുമായിട്ടേ കണ്ടിരുന്നുള്ളൂ. ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിയില്‍ നിന്നും മുസ്ലീമായി മതം മാറിയവന്‍ ‘ഷരീഫും’ (ഉയര്‍ന്ന ജാതിക്കാരന്‍) താഴ്ന്ന ജാതിക്കാരന്‍ ‘അജിലഫും’ (താണജാതിക്കാരന്‍) ആയി അറിയപ്പെട്ടു48. ഹിന്ദു പുരോഹിതന്മാരെപ്പോലെ മുസ്ലീംപുരോഹിതന്മാരും സമുദായത്തില്‍ ജാതിവ്യത്യാസം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ നമ്പൂതിരിയ്ക്ക് തുല്യമായ പൗരോഹിത്യം വഹിക്കുന്നത് തങ്ങള്‍മാരാണ്, മുസ്ല്യാന്മാരല്ല. ക്രൈസ്തവരെയും മുസ്ലീങ്ങളെയും ജൂതന്മാരെയും ജാതിസര്‍പ്പം വരിഞ്ഞ് മുറുക്കിയിരുന്നു. ആചാരങ്ങളൊന്നായിരുന്നെങ്കിലും വെള്ളജൂതന്മാര്‍ (ബ്രാഹ്മണര്‍), കറുത്തജൂതന്മാര്‍ (അധഃകൃതര്‍) എന്ന വിഭജനം നിലനില്‍ക്കുന്നുണ്ട്49. ഇന്ത്യന്‍ മണ്ണില്‍ മുളച്ചുപൊന്തിയ സിഖുമതവും ജാതിവിവേചനത്തിന്റെ ക്രൂരദംഷ്ട്രകള്‍ പ്രദര്‍ശിപ്പിക്കാതിരുന്നില്ല. ബുദ്ധമതത്തിലെ ഭിന്നതകളും വേര്‍തിരിവുകളും കുമാരനാശാന്റെ ലേഖനങ്ങളില്‍ നിന്ന് ഗ്രഹിക്കാനാകും.
മാനവികതയെ – മനുഷ്യബന്ധങ്ങളെ ആമൂലാഗ്രം തകര്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിഘടിത – വിധ്വംസകശക്തിയായ ജാതിവ്യവസ്ഥയുടെ ഉത്ഭവവികാസങ്ങളെപ്പറ്റിയും പ്രാചീന – മധ്യ – ആധുനികഇന്ത്യയില്‍ അതിനെതിരെ ഉയര്‍ന്ന നവോത്ഥാന മുന്നേറ്റങ്ങളെപ്പറ്റിയും തികഞ്ഞ ചരിത്രബോധത്തോടെ ‘ജാതിസങ്കടം’ എന്ന ലേഖനത്തില്‍ ആശാന്‍ പ്രതിപാദിക്കുന്നുണ്ട്. ചാതുര്‍വര്‍ണ്ണ്യത്തിലാണ് പല ചരിത്രകാരന്മാരെയും പോലെ ആശാനും ജാതിയുടെ അടിവേരുകള്‍ കണ്ടെത്തുന്നത്. എന്നാല്‍ ഇന്ത്യയിലാകമാനം സംക്രമിച്ച അതിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള റൊമില ഥാപ്പറുടെയും ഡി.ഡി.കോസാംബിയുടെയും കണ്ടെത്തല്‍ മറ്റൊന്നായിരുന്നു. ‘ഇന്ത്യയുടെ ജാതിസമൂഹം: ചരിത്രത്തിലൂടെ ഒരെത്തിനോട്ടം’ എന്ന ലേഖനത്തില്‍50 പി.കെ.ബാലകൃഷ്ണന്‍ അക്കാര്യം വിശദമാക്കുന്നുണ്ട്. ബ്രാഹ്മണസംഘങ്ങള്‍ കാട്ടുപ്രദേശങ്ങളില്‍ പ്രവേശിച്ച്, കാട്ടുജാതികളുടെ മേല്‍ ആത്മീയവും ബുദ്ധിപരവുമായ മേധാവിത്വംനേടി, ജാതിസമൂഹങ്ങളാകുന്ന കാര്‍ഷികഗ്രാമങ്ങള്‍ സാര്‍വ്വത്രികമായി ഇന്ത്യയിലെ ഏറിയഭാഗങ്ങളിലും നിലവില്‍വരുന്നത് എ.ഡി. നാലുമുതല്‍ എട്ടുവരെയുള്ള നൂറ്റാണ്ടുകളിലാണ്. വനഭൂമിയെ കലപ്പയുടെ കീഴില്‍ കൊണ്ടുവരുന്ന നടപടിയുടെ അവശ്യഭാഗമായി, വനഗോത്രങ്ങളെ ജാതികളാക്കി, ജാതിസമൂഹശ്രേണിയില്‍ നിര്‍ത്തുകയായിരുന്നു ചെയ്തത്. പൊതുവെ പറയുമ്പോള്‍ ജാതിയും അയിത്താചാരവും ബ്രാഹ്മണാധിവേശകരുടെ സൃഷ്ടിയല്ല. ഭിന്നഗോത്രങ്ങളെന്ന നിലയില്‍, അതാത് ദേശത്തെ ജനങ്ങള്‍ പുലര്‍ത്തിപ്പോന്ന ഉച്ചനീചത്വഭാവങ്ങളെ അവനവനു സൗകര്യകരമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ മൂശയില്‍; ഹൈന്ദവജാതിസമൂഹമാക്കി സ്വീകരിക്കുക മാത്രമാണ് ബ്രാഹ്മണര്‍ ചെയ്തത്. കേരളത്തിലെ കാര്‍ഷികഗ്രാമ – ജാതിസമൂഹത്തിന്റെ വികാസവും ഇതേ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തില്‍ ബാലകൃഷ്ണനും അവതരിപ്പിക്കുന്നത്. പിന്നീട് രാജന്‍ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാര്‍ ഈ പാതപിന്തുടര്‍ന്ന് ഇങ്ങനെ എഴുതി: ‘ശുദ്ധാശുദ്ധങ്ങള്‍ പോലുള്ള ജാത്യാചാരങ്ങള്‍ പലതും ഗോത്രവര്‍ഗ്ഗവ്യവസ്ഥയുടെ അവശേഷങ്ങളാണ്. ഓരോ ഗോത്രവര്‍ഗ്ഗവും അന്യഗോത്രങ്ങളെ തങ്ങളില്‍ താണതാണെന്നുകരുതി അയിത്തം ആചരിച്ചിരുന്നല്ലോ. ഒരു ഗോത്രവര്‍ഗ്ഗം സ്വയം അന്യരില്‍ താണതെന്ന് സമ്മതിക്കുന്ന സാഹചര്യമാണ് മേല്‍കീഴ് വ്യവസ്ഥ. ജാതിരൂപീകരണചരിത്രത്തിലെ നിര്‍ണ്ണായകഘട്ടം അതായിരുന്നു. കാര്‍ഷിക സമുദായത്തിന്റെ കുലത്തൊഴില്‍ രീതിയും വേര്‍തിരിവ് സമ്പ്രദായവും അര്‍ഹതയിലെ മേല്‍കീഴ് ഭിന്നതയും വൈദിക ധര്‍മ്മശാസ്ത്രവിധികള്‍ക്കനുസരിച്ച് വിശദീകരിക്കപ്പെട്ടു. ആ വിശദീകരണം അറിവായി സ്വീകരിച്ച സമൂഹത്തിന്റെ വേര്‍തിരിവ് സമ്പ്രദായത്തെയാണ് ജാതിവ്യവസ്ഥയെന്ന് പറയുന്നത്. ആരുടെയും ആസൂത്രിത സൃഷ്ടിയായിട്ടല്ല, മറിച്ച് ഒരു സ്വാഭാവിക സാമൂഹ്യപ്രക്രിയായിട്ടാണ് അതിന്റെ ആവിര്‍ഭാവം. ആ പ്രക്രിയയുടെ വിശദാംശങ്ങള്‍ വ്യക്തമായി നമുക്കറിയില്ല’51. ഇതിന്റെ വികസിതരൂപമെന്ന് കരുതാവുന്ന ഒരു പ്രസ്താവം മറ്റൊരിടത്ത് രാജന്‍ഗുരുക്കള്‍ നടത്തിയിട്ടുണ്ട്: ‘… അവകാശം (ഗ്രാമഭൂമിയിലെ സേവനാവകാശം) കുടുംബത്തിന് അന്യമായി പോകാതിരിക്കാന്‍ തൊഴില്‍ പാരമ്പര്യവഴിയ്ക്ക് ചെയ്തുതുടങ്ങി. തൊഴില്‍ കുലത്തൊഴിലും കുലം ജാതിക്രമത്തിന്റെ ഭാഗവുമായി പരിണമിച്ചു. ബ്രാഹ്മണരുമായി ആപേക്ഷികബന്ധം സങ്കല്പിച്ചുകൊണ്ട് എല്ലാ തൊഴില്‍ വിഭാഗങ്ങളും ആഭിജാത്യക്രമത്തിലുള്ള ജാതികളാക്കി തിരിക്കപ്പെട്ടു. സുസംഘടിതമായ ഉല്‍പ്പാദനബന്ധത്തിന്റെ സ്വയം പര്യാപ്തയൂണിറ്റിനായി ക്ഷേത്രകേന്ദ്രീകൃ ത ഗ്രാമം രൂപംകൊണ്ടു. അതായത് ഒരു പുതിയ വ്യവസ്ഥയുടെ രൂപീകരണം പൂര്‍ത്തിയായി എന്നുസാരം. ഒമ്പതാം നൂറ്റാണ്ടിലെ ക്ഷേത്രരേഖകളില്‍ തെളിയുന്നത് ഈ വ്യവസ്ഥയുടെ ചിത്രമാണ്. ജാതിവ്യവസ്ഥയുടെ ചിത്രം’52.
സാമൂഹികശാസ്ത്രദൃഷ്ട്യാ വീക്ഷിക്കുമ്പോള്‍ ഈ വാദം ശരിയായി തോന്നാം. അപ്പോഴും എ.ഡി.നാലാംനൂറ്റാണ്ടിനും വളരെമുമ്പ് ഋഗ്വേദത്തില്‍ നിന്നും ഉത്ഭവിച്ച്, മനുസ്മൃതി പോലുള്ള അനേകം സ്മൃതികളിലൂടെയും ഇതിഹാസപുരാണങ്ങളിലൂടെയും മതപരിവേഷത്തോടെ വളര്‍ന്ന്, ബുദ്ധനെയും കടത്തിവെട്ടി, പരക്കെ വ്യാപിച്ച ബ്രാഹ്മണസൃഷ്ടിയായ ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയെന്ന വര്‍ണ്ണവിവേചന തത്വസംഹിത ജാതിവ്യവസ്ഥയുടെ രൂപീകരണത്തിലും പ്രതിഷ്ഠാപനത്തിലും വഹിച്ച ‘നിസ്തുല’മായ പങ്കിനെ വിസ്മരിക്കാന്‍ പാടില്ല. തൊഴില്‍വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് ജാതിവ്യവസ്ഥ സംജാതമായതെന്ന ചരിത്രകാരന്മാരുടെ പൊതുനിലപാടിനോട് യോജിക്കുന്ന ആളല്ല സാമുവല്‍ മെറ്റീര്‍. അതിലൊരു കാപട്യം അദ്ദേഹം ദര്‍ശിക്കുന്നു. 1875 ലെ സെന്‍സസ് പ്രകാരം തിരുവിതാംകൂറിലെ 420 ല്‍ കുറയാത്ത ജാതികളെ ദര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: ‘ജാതി കേവലം തൊഴില്‍വിഭജനത്തിന്റെ രീതിയല്ല. ഹിന്ദുജാതിയ്ക്കുവേണ്ടി ഒരു കാരണം ബോധിപ്പിക്കാന്‍ അഥവാ ഒഴിവുകഴിവ് എന്ന നിലയ്ക്കാണ് ഈ സിദ്ധാന്തം ചിലര്‍ മുന്നോട്ടുവയ്ക്കുന്നത്. ഹൈന്ദവവ്യവസ്ഥിതി അടിസ്ഥാനമാക്കിയിട്ടുള്ളതും പ്രതിരോധിച്ചുനില്‍ക്കുന്നതും ജാതീയമായൊരു തലത്തെയാണ്’53. നമ്മുടെ ചരിത്രകാരന്മാര്‍ കാണാതെപോയതോ അവഗണിച്ചതോ ആയ ഈ നിരീക്ഷണത്തില്‍ കഴമ്പില്ലെന്ന് പറയാനാകുമോ? സ്മൃതികളിലും സെന്‍സസ്സ് റിപ്പോര്‍ട്ടുകളിലും രേഖപ്പെടുത്തിയിട്ടുള്ള തൊഴിലുകളുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് ജാതികളുടെ എണ്ണപെരുപ്പം! മനുസ്മൃതിയില്‍ത്തന്നെ ചാതുര്‍വര്‍ണ്ണ്യത്തിന് പുറത്തുനില്‍ക്കുന്ന ജാതികളുടെയെല്ലാം ഉത്ഭവത്തിന് ഹേതുവായി പരിഗണിക്കുന്നത് തൊഴിലല്ല, വര്‍ണ്ണസങ്കരമാണ്. അനുലോമ പ്രതിലോമ ബന്ധങ്ങളിലൂടെ പിറവിയെടുക്കുന്ന അത്തരം ജാതികളുടെ എണ്ണത്തിനുപോലും ഒരു പരിധിയുണ്ട്. സ്വന്തം ന്യൂനപക്ഷമേധാവിത്വത്തെ, ബഹുഭൂരിപക്ഷം വരുന്ന കീഴ്ജാതികള്‍ സംഘടിതശക്തിയായി നിന്ന് വെല്ലുവിളിക്കാതിരിക്കാന്‍, അവരെ പരമാവധി ഭിന്നിപ്പിച്ച് ചെറുഗ്രൂപ്പുകളാക്കി പരസ്പരം അയിത്തം പാലിച്ചും പോരാടിയും നിര്‍ത്തേണ്ടതുണ്ടെന്ന ബ്രാഹ്മണന്റെ കുടിലമായ ‘Divide and Rule’ പോളിസിയല്ലേ അസംഖ്യം ജാതികളുടെ നിര്‍മ്മിതിയ്ക്ക് കാരണവും പ്രേരണയുമായിട്ടുണ്ടാകുക?
സാമൂഹികശാസ്ത്രദൃഷ്ട്യാ വീക്ഷിക്കുമ്പോള്‍ ഈ വാദം ശരിയായി തോന്നാം. അപ്പോഴും എ.ഡി.നാലാംനൂറ്റാണ്ടിനും വളരെമുമ്പ് ഋഗ്വേദത്തില്‍ നിന്നും ഉത്ഭവിച്ച്, മനുസ്മൃതി പോലുള്ള അനേകം സ്മൃതികളിലൂടെയും ഇതിഹാസപുരാണങ്ങളിലൂടെയും മതപരിവേഷത്തോടെ വളര്‍ന്ന്, ബുദ്ധനെയും കടത്തിവെട്ടി, പരക്കെ വ്യാപിച്ച ബ്രാഹ്മണസൃഷ്ടിയായ ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയെന്ന വര്‍ണ്ണവിവേചന തത്വസംഹിത ജാതിവ്യവസ്ഥയുടെ രൂപീകരണത്തിലും പ്രതിഷ്ഠാപനത്തിലും വഹിച്ച ‘നിസ്തുല’മായ പങ്കിനെ വിസ്മരിക്കാന്‍ പാടില്ല. തൊഴില്‍വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് ജാതിവ്യവസ്ഥ സംജാതമായതെന്ന ചരിത്രകാരന്മാരുടെ പൊതുനിലപാടിനോട് യോജിക്കുന്ന ആളല്ല സാമുവല്‍ മെറ്റീര്‍.
ഇന്ത്യയിലെ അയിത്തജാതികളെ ആയിരക്കണക്കിന് വര്‍ഷം അടിച്ചമര്‍ത്തി നിരക്ഷരരും നിര്‍ധനരും നിരായുധരും നികൃഷ്ടരുമാക്കിത്തീര്‍ക്കാന്‍ സവര്‍ണ്ണശക്തികള്‍ ആയുധമാക്കിയ ജാതിവ്യവസ്ഥയെ ആദര്‍ശവല്‍ക്കരിച്ച് കാണിക്കാന്‍ ഗാന്ധിജിയും എം.ജി.എസ്.നാരായണനും ശ്രമിച്ചതിനെപ്പറ്റി തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ. എം.ജി.എസ്സിനെപോലുള്ള ഒരു ചരിത്രപണ്ഡിതന്‍ അതിനെപ്പറ്റി പറഞ്ഞത് ഉദ്ധരിക്കാതെ പോകുന്നത് ഇത്തരമൊരു പഠനത്തില്‍ അക്ഷന്തവ്യമാകും. അതിങ്ങനെയാണ്: ‘ഓരോ സമുദായത്തിലെയും അംഗങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗവും സുരക്ഷിതത്വവും ചില പ്രത്യേക അവകാശങ്ങളും നല്‍കുന്നതില്‍ ജാതിവ്യവസ്ഥ വഹിച്ച പങ്ക് നിസ്സാരമല്ല. ചണ്ഡാലരെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാവര്‍ക്കും ആത്മാഭിമാനവും അന്തസ്സും ഉറപ്പുവരുത്താന്‍ ജാതിവ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് പ്രാചീനഭാരതസമൂഹത്തിന്റെ വലിയനേട്ടങ്ങളിലൊന്നാണ്… സമൂഹത്തിലെ ഓരോ അംഗത്തിനും പരിമിതമായ തോതില്‍ ഉയര്‍ന്നുപോകാനുള്ള അവസരവും പ്രാചീനകാലത്തെ ജാതിവ്യവസ്ഥ കൊടുത്തിരുന്നു. എല്ലാവര്‍ക്കും ഒരു ജീവിതദര്‍ശനവും കര്‍ത്തവ്യബോധവും ഉത്തരവാദിത്വവും നല്‍കാന്‍ ജാതിവ്യവസ്ഥയ്ക്ക് കഴിഞ്ഞു. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ എന്നത് സിദ്ധാന്തത്തില്‍ മാത്രമുള്ള ഒന്നായിരുന്നു. നിത്യജീവിതത്തിലെ കാര്യങ്ങള്‍ സിദ്ധാന്തത്തിനു വിരുദ്ധമായിരുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍, അസമാനമായ ഈ ജാതിവ്യവസ്ഥയാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സുസ്ഥിരതയ്ക്കും അതിജീവനശേഷിയ്ക്കും പ്രധാന കാരണമെന്ന് കാണാം. വിപ്ലവഭീഷണികളെ നിര്‍വീര്യമാക്കാനും എല്ലാത്തിനെയും സ്വാംശീകരിക്കാനുമുള്ള അസാധാരണമായ ശക്തിയും ചൈതന്യവും ഇന്ത്യന്‍ സമൂഹത്തിന് നല്‍കാനും ജാതിവ്യവസ്ഥയിലൂടെയാണ് സാധിച്ചത്’. ഇത്രയും എഴുതിപ്പിടിപ്പിച്ചശേഷം പരിശുദ്ധവും മാതൃകാസ്ഥാപനവുമായിരുന്ന ജാതിവ്യവസ്ഥയെ, പാപപങ്കിലവും വിനാശകാരിയുമാക്കിത്തീര്‍ത്തത് ഇന്ത്യയിലെ ബ്രിട്ടീഷുഭരണമാണെന്ന് ഏതൊരു സങ്കോചവുമില്ലാതെ അദ്ദേഹം എഴുതുന്നു: ‘ഇന്ത്യ കൊളോണിയല്‍ ഭരണത്തിലമര്‍ന്നപ്പോള്‍ ഇതേ ജാതിവ്യവസ്ഥയ്ക്ക് അതിന്റെ സര്‍ഗ്ഗാത്മകത നഷ്ടപ്പെട്ടു. അത് അധികാരപ്രമത്തമായിത്തീരുകയും പലപ്പോഴും വിനാശകാരിയായി മാറുകയും ചെയ്തു’54. ഇങ്ങനെ ജാതിവ്യവസ്ഥയെ മഹത്വവല്‍ക്കരിച്ചും ബ്രിട്ടീഷുകാരെ നിന്ദിച്ചും എഴുതിയ എം.ജി.എസ്. തന്നെ മറ്റു ചില സന്ദര്‍ഭങ്ങളില്‍ സത്യം തുറന്നെഴുതുകയും ചെയ്തു: ‘ശ്രീ ഗൗതമബുദ്ധന്‍ നിലവിലിരുന്ന ബ്രാഹ്മണരുടെ ജാതിവ്യവസ്ഥ, പൗരോഹിത്യാധിപത്യം എന്നിവയെല്ലാം ഫലപ്രദമായി ചോദ്യം ചെയ്യുകയാണുണ്ടായത്’ . ‘ഹൈന്ദവസംസ്‌കാരത്തില്‍ അധഃപതനമോ ക്ഷീണമോ വാര്‍ദ്ധക്യമോ ഉണ്ടായെങ്കില്‍ അതിന്റെ കാരണം അവരുടെ ഇടയിലുണ്ടായ ജാതിവ്യവസ്ഥയും പൗരോഹിത്യത്തിന്റെ ആധിപത്യവുമാണ്. ധിക്കാരപരമായ സങ്കല്പങ്ങളാണ്. അത്തരത്തിലുള്ള അധഃപതനത്തിലേക്കടുത്തിരുന്ന സമുദായങ്ങളെയാണ് ഇന്ത്യയിലേക്കുവന്ന ഇസ്ലാമിനു നേരിടേണ്ടിവന്നത്’. ‘വൈദികബ്രാഹ്മണര്‍ കാലക്രമത്തില്‍ തങ്ങളുടെ സര്‍ഗ്ഗാത്മകത്വം നഷ്ടപ്പെട്ട് ജാതിവ്യവസ്ഥയിലൂടെ നേതൃത്വംനിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഒരധീശാത്മക ന്യൂനപക്ഷമായി മാറുകയാണ് ചെയ്തത്. ഇന്ത്യയ്ക്ക് അതൊരു ശാപമായിത്തീര്‍ന്നു. ഈ നാടിന്റെ അധഃപതനത്തിനും അതുകാരണമായി’. ‘സമത്വത്തിന്റെ നിഷേധമാണ് ജാതിവ്യവസ്ഥ. ഈ ജാതിവ്യവസ്ഥയാണ് ഭാരതീയ സമുദായത്തിന്റെ കേന്ദ്രസത്യമായി വളര്‍ന്നത്. സമത്വബോധം, സ്വതന്ത്രചിന്ത, ഉല്‍ക്കര്‍ഷേച്ഛ തുടങ്ങി ജനാധിപത്യബീജത്തിന് വെള്ളവും വെളിച്ചവും വളവുമേകുന്ന എല്ലാം ജാതിവ്യവസ്ഥയുടെ വിധിനിഷേധങ്ങള്‍ക്കിടയില്‍ അടിഞ്ഞമര്‍ന്നു. ഈ അന്തരീക്ഷമാണ് അടുത്തകാലം വരെ താരതമ്യേന അനക്കം കൂടാതെ നിലനിന്നതും ഇന്നും ജനാധിപത്യപാരമ്പര്യങ്ങളെ ഞെരുക്കിക്കൊണ്ട് വിട്ടുമാറാന്‍ വിസമ്മതിച്ച് നിലനില്‍ക്കുന്നതുമെന്ന് സവിനയം ചൂണ്ടിക്കാണിക്കട്ടെ’55. എങ്ങനെയുണ്ട് ചരിത്രരചന! എം.ജി.എസ്സിന്റെ ഇതേനയം നമ്മുടെ ‘വിശ്വപൗരന്‍’ ശശി തരൂരും മറ്റുപലരും അവലംബിച്ചുകാണാം. അവരെല്ലാം സവര്‍ണ്ണഹിന്ദുക്കളാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പണ്ഡിതനും നയതന്ത്രജ്ഞനും ‘ജാതിമതരഹിതനു’മായ ശശി തരൂര്‍ ജാതിവ്യവസ്ഥയുടെ പാപഭാരം ചില സവിശേഷകാരണങ്ങളാല്‍ ബ്രിട്ടീഷുകാരുടെ തലയില്‍ വച്ചുകൊടുക്കുന്നുണ്ടെങ്കിലും, ജാതിയുടെ ഭൂത – വര്‍ത്തമാന അവസ്ഥകളെപ്പറ്റി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പലതും വിജ്ഞേയങ്ങളാണ്. എം.ജി.എസ്സിനേക്കാള്‍ തെളിഞ്ഞതും തുറന്നതുമായ ഒരു മനസ്സിനെ അതില്‍ നമുക്ക് ദര്‍ശിക്കാനാവുന്നു: ‘ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ബുദ്ധനും പിന്നീട് ജൈനമതസ്ഥാപകനായ മഹാവീരനും രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം ഗുരുനാനാക്കും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനകാലത്ത് ഗാന്ധിജിയും, സമൂഹത്തെ പല തട്ടുകളിലായി ഭിന്നിപ്പിച്ചുനിര്‍ത്തുന്ന പഴഞ്ചന്‍ ഏര്‍പ്പാടായ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടി എങ്കിലും ഇന്നും ജാതി ഇവിടെ നിലനില്‍ക്കുന്നു. ഇന്ത്യയുടെ നാട്ടിന്‍പുറങ്ങളില്‍ ജാതിയുടെ പേരിലുള്ള പീഡനം അവസാനിച്ചിട്ടില്ല എന്നത് ഒരു ദുഃഖസത്യമാണ്’എന്ന് ശശി തരൂര്‍ സത്യസന്ധമായി മറകളില്ലാതെ പറയുമ്പോള്‍56, ‘ജാതിവ്യവസ്ഥ ഏട്ടിലല്ലാതെ നാട്ടിലില്ല. ഉച്ചനീചത്വങ്ങള്‍ സാമ്പത്തികസ്ഥിതിയുടെയും സാംസ്‌കാരികനിലയുടെയും മാത്രമാണ്. ജാതിയല്ല ഇന്നത്തെപ്രശ്നം. പഠിപ്പും പണവും ഉദ്യോഗവുമാണ്. ജാതിയുടെ പേര് മാത്രമേയുള്ളു’ എന്ന് എം.ജി.എസ്സ്. പറയുന്നതില്‍ നെറികേടുണ്ട്57. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലെയ്ഡ് ഇക്കണോമിക്സ് റിസര്‍ച്ചും (NCAEK) മെരിലാന്‍ഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി ഇന്ത്യയില്‍ നടത്തിയ ഒരു സര്‍വ്വെയെ ആധാരമാക്കി 27 ശതമാനത്തോളം ഇന്ത്യാക്കാര്‍ ഇപ്പോഴും അയിത്തം ആചരിക്കുന്നത് ശശി തരൂര്‍ ചൂണ്ടിക്കാണിക്കുന്നു. ‘ഹിന്ദുക്കളുടെ പാത്രങ്ങള്‍ ഉപയോഗിക്കുവാനോ അടുക്കളയില്‍ കടക്കുവാനോ ദളിതരെ അനുവദിക്കുന്നില്ല. ജാതി ഇന്ത്യന്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാവുകയില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജാതി എപ്പോഴും ഇവിടെയുണ്ട്’ എന്ന് ശശി തരൂരിനെപ്പോലെ വിളിച്ചുപറയുവാന്‍ എം.ജി.എസ്. വിമുഖനാണ്. യഥാര്‍ത്ഥത്തില്‍ ശശി തരൂര്‍ എഴുതിയതിനേക്കാള്‍ എത്രയോ പീഡിതവും ദാരുണവുമാണ് ഇന്ത്യന്‍ ദളിതുജീവിതം.
ജാതിവ്യവസ്ഥയ്ക്കും തജ്ജന്യമായ അനാചാരങ്ങള്‍ക്കും അനീതിയ്ക്കും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ നാരായണഗുരുവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന നവോത്ഥാനപ്രവര്‍ത്തനത്തിന്റെ ഫലമായി അനേകം സാമുദായികനേതാക്കന്മാരും സംഘടനകളും ഉയര്‍ന്നുവരുകയുണ്ടായി.
ജാതിവ്യവസ്ഥയ്ക്കും തജ്ജന്യമായ അനാചാരങ്ങള്‍ക്കും അനീതിയ്ക്കും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ നാരായണഗുരുവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന നവോത്ഥാനപ്രവര്‍ത്തനത്തിന്റെ ഫലമായി അനേകം സാമുദായികനേതാക്കന്മാരും സംഘടനകളും ഉയര്‍ന്നുവരുകയുണ്ടായി. ഡോ.പി. പല്‍പ്പു, കുമാരനാശാന്‍, സി.കൃഷ്ണപിള്ള, അയ്യന്‍കാളി, മന്നത്ത് പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, സി.വി. കുഞ്ഞുരാമന്‍, സി.കൃഷ്ണന്‍, സ്വാമി സത്യവ്രതന്‍, ടി.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, വി.ടി.ഭട്ടതിരിപ്പാട്, എം.ആര്‍.ബി, എം.പി. ഭട്ടതിരിപ്പാട്, വാഗ്ഭടാനന്ദന്‍, ബ്രഹ്മാനന്ദ ശിവയോഗി, കെ.പി. കറുപ്പന്‍, മൂര്‍ക്കോത്ത് കുമാരന്‍ തുടങ്ങിയ സാമുദായിക നേതാക്കന്മാരും എസ്. എന്‍.ഡി.പി.യോഗം (1903), കേരളീയ നായര്‍സമാജം (1905), സാധുജനപരിപാലന സംഘം (1907), യോഗക്ഷേമ സഭ (1909), ആത്മവിദ്യാസംഘം (1917), നായര്‍ സര്‍വ്വീസ് സൊസൈറ്റി (1914) തുടങ്ങിയ സാമുദായിക സംഘടനകളും സാമൂഹികപരിഷ്‌കരണപരമായ നവോത്ഥാനമുന്നേറ്റത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. (തുടരും)
കുറിപ്പുകള്‍:
- അവതാരിക, മാപ്പിളമുസ്ലീംകളും ജാതിബോധവും, ഡോ. ഇ. സി. ഹസ്‌ക്കറലി, പുറം. 14.
- മാപ്പിളമുസ്ലീംകളും ജാതിബോധവും, പുറം. 36.
- കേരള മുസ്ലീംചരിത്രം, പി. എ. സെയ്തുമുഹമ്മദ്, പുറം. 25.
- വേറിട്ട ചിന്തകള്‍, പുറം. 103 – 110.
- മിത്ത് ചരിത്രം സമൂഹം, പുറം. 244 – 245.
52 അതേപുസ്തകം. പുറം. 360. - ഞാന്‍ കണ്ട കേരളം, പുറം. 416.
- ചരിത്രം വ്യവഹാരം : കേരളവും ഭാരതവും, പുറം. 270 – 272.
- അതേപുസ്തകം. പുറം. 297 – 298, 306, 317.
- ഇന്ത്യ – അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട് (India from Midnight to the Millenium), പുറം. 115 – 117.
- ചരിത്രം വ്യവഹാരം : കേരളവും ഭാരതവും, പുറം. 213 – 222.
- ഇന്ത്യശാസ്ത്ര – നമ്മുടെ കാലത്തെ ചില രാഷ്ട്രചിന്തകള്‍ (INDIA SHASTRA : Reflections on the Nation in Our Time), പുറം. 522 – 526.