കീഴാള ആത്മീയതയും ദേശസങ്കല്പവും
സാമൂഹിക നീതിയിലും സാമൂഹിക സമത്വത്തിലും രൂപപ്പെടുന്ന സമൂഹത്തിലൂടെ മാത്രമേ ഇന്ത്യക്കാര്‍ക്ക് ഒരു ദേശീയ ജനതയാകാന്‍ കഴിയൂ എന്ന നിലപാടാണ് അംബേദ്ക്കര്ക്കുണ്ടായിരുന്നത്. ജാതി നശീകരണത്തിലൂടെ രൂപപ്പെടുന്ന സാമൂഹിക ഐക്യത്തിലൂടെ വിവിധ ജനവിഭാഗങ്ങള്‍ പാരസ്പര്യപ്പെടുന്ന സാമൂഹിക ജനാധിപത്യബോധത്താലാണ് ദേശിയ ജനത രൂപപ്പെടുന്നത് എന്നതായിരുന്നു അംബേദ്ക്കറുടെ കാഴ്ച്ചപ്പാട്. സ്വരാജ് എന്ന ആശയം ഉള്ക്കൊള്ളല്സ്വഭാവമുള്ള ഒരു സങ്കല്പമായി അംബേദ്ക്കര്‍ കണ്ടു. സാമൂഹിക അസമത്വം ഇന്ത്യയില്‍ ശ്രേണിപരമായ ജാതി അസമത്വമാണ്.
പാശ്ചാത്യ അധിനിവേശം സൃഷ്ടിച്ച ചൂഷണ ഭരണവും പാരമ്പര്യമായി ഇന്ത്യയില്‍ നിലനിന്ന ജാതി അസമത്വവും സാമൂഹിക വിവേചനവും ജാതിപതിതരേയും അയിത്തജാതി സമൂഹത്തെയും കീഴായ്മപ്പെടുത്തിയാണ് നിലനിന്നത്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഉണ്ടായി വന്ന പാശ്ചാത്യ മൂല്യങ്ങളും വിമോചന ആശയങ്ങളും തദ്ദേശിയമായ നീതി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തിയ ആശയങ്ങളും സമന്വയിപ്പിച്ച് വിമോചന സങ്കല്പങ്ങളെയും പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തുകയാണ് കീഴ്ത്തട്ട് വിഭാഗങ്ങളില്‍ നിന്നുണ്ടായി വന്ന ജാതി വിരുദ്ധ പരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ലക്ഷ്യം വച്ചത്.സമൂഹത്തില്‍ തുല്യനീതിയും വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള സാമൂഹികമായ വിഭവങ്ങളില്‍ പങ്കാളിത്തവും സര്‍ക്കാര്‍ ഭരണത്തില്‍ പ്രാതിനിധ്യവും കീഴാള വിഭാഗങ്ങള്‍ക്ക് ലഭിക്കുക വഴി മാത്രമേ ഇവര്‍ അനുഭവിക്കുന്ന സാമൂഹിക അസമത്വവും വിവേചനവും പരിഹരിക്കപ്പെടുകയുള്ളു എന്നതായിരുന്നു ഈ പ്രസ്ഥാനങ്ങളുടെ കാഴ്ച്ചപ്പാട്. സാമൂഹിക സമത്വം സ്ഥാപിച്ചെടുക്കുന്ന സാമൂഹിക നീതി പ്രസ്ഥാനങ്ങളായിട്ടാണ് ഈ മുന്നേറ്റങ്ങള്‍ രൂപപ്പെട്ടു വന്നത്. ബംഗാളിലെ വരേണ്യരും മധ്യവര്‍ഗ്ഗ സമൂഹങ്ങളും നേതൃത്വം കൊടുത്ത നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി നാമ ശൂദ്രരുടെ ജാതിവിരുദ്ധ പ്രസ്ഥാനം വളര്‍ന്നു വന്നതിന്റെ പശ്ചാത്തലമിതായിരുന്നു. ജാതി വിവേചനത്തിനും അയിത്തത്തിനും എതിരായ പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹിക തുല്യതയ്ക്കും അവസരസമത്വത്തിനും വിദ്യാഭ്യാസത്തിനും വിഭവ പങ്കാളിത്തത്തിനും വേണ്ടി നാമ ശൂദ്രപ്രസ്ഥാനം പ്രവര്‍ത്തിച്ചു. ജാതിയുടെ വിവേചന സ്വഭാവവും സാമൂഹിക പുറന്തള്ളല്‍ രീതികളും മേല്‍ജാതി ആധിപത്യവും ബ്രാഹ്മണമേധാവിത്വവും സാമൂഹിക നവീകരണത്തോടും ജാതിവിരുദ്ധ പ്രവര്‍ത്തനത്തോടൊപ്പം മുഖ്യ പ്രശ്നമായി നാമശൂദ്രപ്രസ്ഥാനം ഉന്നയിച്ചു. വടക്കേ ഇന്ത്യയിലും പശ്ചിമ ഇന്ത്യയിലും രൂപപ്പെട്ട സാമൂഹിക നീതി പ്രസ്ഥാനങ്ങള്‍ ജാതിവിവേചനം,അയിത്തം, സാമൂഹിക പിന്നോക്കാവസ്ഥ, ബ്രാഹ്മണാധിപത്യം, മേല്‍ജാതി ചൂഷണം മുതലായ സാമൂഹിക അസമത്വ രൂപങ്ങള്‍ സാമൂഹിക പരിവര്‍ത്തനത്തിനും സാമൂഹിക നീതി സ്ഥാപിച്ചെടുക്കുന്നതിനും പരിഗണിക്കേണ്ടതും പരിഹരിക്കേണ്ടതുമായ പ്രശ്നങ്ങളായി ഉയര്‍ത്തി കൊണ്ടുവന്നു.
1920 കളില്‍ സ്വാമി അച്ചുതാനന്ദ് നേതൃത്വം കൊടുത്ത ആദി ഹിന്ദു ധര്‍മ്മ പ്രസ്ഥാനത്തിന്റെ രൂപികരണവും പ്രവര്‍ത്തനങ്ങളും ഈ കാര്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു. സാമൂഹിക പിന്നോക്കാവസ്ഥയും അയിത്തവും ജാതിവിവേചനവും അനുഭവിക്കുന്നവര്‍ തദ്ദേശിയ ജനതകളാണ് എന്ന കാഴ്ച്ചപ്പാടിലാണ് ആദി ധര്‍മ്മം എന്ന സങ്കല്പം രൂപപ്പെടുത്തിയത്. മധ്യകാല ഭക്തി കവികളുടെ വിമോചന ആശയങ്ങളാല്‍ സ്വാധിനിക്കപ്പെട്ടതും ദലിത് ജനവിഭാഗങ്ങളുടെ ആത്മീയ ജീവിതവും ജാതിവിരുദ്ധ നീതി സങ്കല്പവും കൂടി ചേര്‍ന്ന സ്വാതന്ത്ര്യ സങ്കല്പം ആദി ഹിന്ദു പ്രസ്ഥാനം മുന്നോട്ട് വച്ചു. ആദി ആന്ധ്ര, ആദി കര്‍ണ്ണാടക, ആദി ദ്രാവിഡ എന്നി സങ്കല്‍പ്പങ്ങളെ മുന്‍നിര്‍ത്തി ദക്ഷിണേന്ത്യയിലെ വിവിധ ഭാഷ പ്രദേശങ്ങളില്‍ ജാതിവിരുദ്ധ സാമൂഹിക പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നു.മഹാരാഷ്ട്രയിലെ സാമൂഹിക നീതി പ്രസ്ഥാനങ്ങള്‍ ജാതി വിരുദ്ധ ചിന്തയോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍, ജാതി അടിമത്തം, ബ്രാഹ്മണാധിപത്യം മുതലായ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി സാംസ്കാരിക രാഷ്ട്രിയ ഇടപെടലുകള്‍ക്കു നേതൃത്വം കൊടുത്തു. കൊല്‍ഹാപ്പൂരിലെ ഛത്രപതി ഷാഹു മഹാരാജാവിന്റെ രാഷ്ട്രിയ പിന്തുണ മഹാരാഷ്ട്രയിലെ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക നീതി പ്രസ്ഥാനങ്ങള്‍ക്കും പ്രോ ത്സാഹനമായി.1870ല്‍ മഹാത്മ ജ്യോതിബാ ഫുലെ സാമൂഹിക പരിഷ്കരണത്തോടൊപ്പം ബ്രാഹ്മണാധിപത്യത്തിനെതിരായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കി. ദരിദ്ര കര്‍ഷകരുടെയും അടിമ ജാതികളുടെയും വിമോചനത്തെ മുന്‍നിര്‍ത്തി ഗുലാംഗിരി എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചു. സത്യശോധക് സമാജത്തിന്റെ രൂപികരണത്തോടെ ഫുലെയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി മാറി. ജാതി വ്യവസ്ഥയ്ക്കും ബ്രാഹ്മണാധിപത്യത്തിനും എതിരെ നിലകൊണ്ട ഫുലെ ദേശിയ പ്രസ്ഥാനത്തിലെ ബ്രാഹ്മണരുടെയും വരേണ്യജാതികളുടെയും നേതൃത്വത്തെ ചോദ്യം ചെയ്തു.
ഡോ.അംബേദ്കര്‍:
ബഹുദേശിയതകളുടെ
പ്രാതിനിധ്യ ജനാധിപത്യ ഭാവന
മഹാത്മ ഫുലെയുടെ സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തങ്ങളെയും ജാതിവിരുദ്ധ ആശയങ്ങളെയും ദേശീയ അടിസ്ഥാനത്തില്‍ രാഷ്ട്രിയമായും വൈജ്ഞാനികമായും വികസിപ്പിക്കുകയായിരുന്നു ഡോ.ബി.ആര് അംബേദ്കര്‍. സാമൂഹിക നീതിയിലും സാമൂഹിക സമത്വത്തിലും രൂപപ്പെടുന്ന സമൂഹത്തിലൂടെ മാത്രമേ ഇന്ത്യക്കാര്‍ക്ക് ഒരു ദേശീയ ജനതയാകാന്‍ കഴിയൂ എന്ന നിലപാടാണ് അംബേദ്ക്കര്ക്കുണ്ടായിരുന്നത്. ജാതി നശീകരണത്തിലൂടെ രൂപപ്പെടുന്ന സാമൂഹിക ഐക്യത്തിലൂടെ വിവിധ ജനവിഭാഗങ്ങള്‍ പാരസ്പര്യപ്പെടുന്ന സാമൂഹിക ജനാധിപത്യബോധത്താലാണ് ദേശിയ ജനത രൂപപ്പെടുന്നത് എന്നതായിരുന്നു അംബേദ്ക്കറുടെ കാഴ്ച്ചപ്പാട്. സ്വരാജ് എന്ന ആശയം ഉള്ക്കൊള്ളല്സ്വഭാവമുള്ള ഒരു സങ്കല്പമായി അംബേദ്കര്‍ കണ്ടു. സാമൂഹിക അസമത്വം ഇന്ത്യയില്‍ ശ്രേണിപരമായ ജാതി അസമത്വമാണ്. ജാതി നശീകരണത്തിനായി ജാതിയെ സാധൂകരിക്കുന്ന മതതത്വങ്ങളെ നിരാകരിക്കുകയും സാമൂഹിക വിമോചന ബോധം, ജനാധിപത്യം, തുല്യത, സാഹോദര്യം സ്വാതന്ത്ര്യം എന്നിവയുമായി ബന്ധിപ്പിച്ച് സ്വരാജിനെ ബ്രിട്ടീഷ് വിരുദ്ധവും ബ്രാഹ്മണ്യ വിമുക്തവുമായ ഉള്‍ക്കൊള്ളല്‍ ജനാധിപത്യ രാഷ്ട്രീയ കാഴ്ച്ചപ്പാടാക്കി മാറ്റണം എന്നതായിരുന്നു. അംബേദ്കറുടെ നിലപാട്. 1920 മുതല്‍ 1956 വരെ ഇന്ത്യന്‍ ദേശിയ സ്വാതന്ത്ര്യ സമരത്തിലും ദേശ രാഷ്ട്ര രൂപികരണത്തിലും സാമൂഹിക നീതിയില്‍ അടിസ്ഥാനപ്പെടുന്ന പ്രാതിനിധ്യ പങ്കാളിത്ത രാഷ്ട്രിയത്തെ ജനാധിപത്യത്തിന്റെ അടിത്തറയാക്കിയ ദേശിയ നേതാവാണ് അംബേദ്കര്‍.
ബ്രാഹ്മണ്യ വിരുദ്ധ ദേശിയ ജനത സങ്കല്പവും
ജാതിവിരുദ്ധ ജനാധിപത്യവും
ദക്ഷിണേന്ത്യയിലെ സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടിലെ ജാതി വിരുദ്ധ സമരങ്ങളും ബ്രാഹ്മണ വിരുദ്ധമുന്നേറ്റവുമായി ബന്ധപ്പെട്ടാണ് വളര്‍ന്നു വന്നത്. തമിഴ് ദേശിയതയും സാമൂഹിക നീതി പ്രസ്ഥാനങ്ങളും ഇതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ബ്രാഹ്മണ്യ സാംസ്കാരിക ആധിപത്യവും അധികാരവുമായി ബന്ധപ്പെട്ടു നിലനിന്ന ആധിപത്യ രൂപങ്ങളെയും തമിഴ്നാട്ടില്‍ വെല്ലുവിളിച്ചത് അയോത്തി താസര്‍ പണ്ഡിതരാണ്. ദ്രാവിഡ സംസ്കാരത്തിന്റെയും തമിഴ് നാഗരികതയുടെയും സാംസ്കാരിക പശ്ചാത്തലത്തില്‍ ആദിദ്രാവിഡ പാരമ്പര്യത്തില്‍ പറയ സമുദായങ്ങളുടെ ചരിത്ര ഭൂതകാലത്തെ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തി.1907 ല്‍ തമിഴന് എന്ന പ്രസിദ്ധീകരണം അദ്ദേഹം ആരംഭിച്ചു. സിദ്ധ പാരമ്പര്യങ്ങളുടെ പ്രചാരകനും, യുക്തിചിന്തകനും ബുദ്ധമത പുനരുദ്ധാരകനുമായിരുന്നു അയോത്തിതാസ് പണ്ഡിതര്‍. ദ്രാവിഡ രാഷ്ട്രിയവും സാമൂഹിക നീതിയും ബ്രാഹ്മണ ആധിപത്യ വിരുദ്ധ ചിന്തകളും വികസിപ്പിച്ച യുക്തിവാദിയും തത്വചിന്തകനുമായിരുന്നു പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍. ബ്രാഹ്മണ്യ വിരുദ്ധ ദ്രാവിഡ രാഷ്ട്രിയത്തെ സ്വാഭിമാനപ്രസ്ഥാനമാക്കി മാറ്റുന്നതില്‍ പെരിയാര്‍ ഇ.വി.ആര് നിര്‍ണ്ണായക പങ്ക് വഹിച്ചു. ‘കുടി അരശു’ എന്ന പ്രസിദ്ധികരണത്തിലൂടെ സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി.1910 ല്‍ നാടാര്‍ മഹാജന സംഘവും പിന്നീട് ജസ്റ്റീസ് മൂവ്മെന്റും സജീവമായി.സി.എന്‍ മുതലിയാര്‍, ടി.എം നായര്‍, പി ത്യാഗരാജ ചെട്ടി മുതലായവര്‍ സാമൂഹിക നീതി പ്രസ്ഥാനത്തിലെ പ്രധാന നേതാക്കളായിരുന്നു.
കേരളത്തില്‍ ജാതിവിരുദ്ധ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങള്‍ കീഴ്ത്തട്ട് സാമൂഹിക വിഭാഗങ്ങളില്‍ നിന്നാണ് വളര്‍ന്നുവന്നത്. കേരളത്തിലെ കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം, അച്ചടി വിദ്യ മുതലായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു.കേരള സമൂഹത്തെ ആധുനികവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പരിഷ്ക്കരണ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി.സ്കൂള്‍ വിദ്യാഭ്യാസത്തിനും ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ സാമൂഹിക നീതിക്കായുള്ള സമരങ്ങളായി തിരുവിതാംകൂറില്‍ വളര്‍ന്നു വന്നു. സാമൂഹിക തുല്യത, വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം , ആരാധയ്ക്കുള്ള അവകാശം, സ്വയാശ്രയ ജീവിതം മുതലായവ ആത്മീയവും ഭൗതീക ജീവിത ആവശ്യങ്ങളും കൂട്ടി ചേര്‍ത്തുള്ള പരിവര്‍ത്തന ആവശ്യങ്ങളായി തിരുവിതാംകൂറില്‍ വികസിപ്പിച്ചത് വൈകുണ്ഠസ്വാമിയായിരുന്നു. ബ്രാഹ്മണ ആധിപത്യം സൃഷ്ടിച്ച സാംസ്കാരിക ജീര്‍ണ്ണതകളെ ഭാഷയിലും ചരിത്ര വിജ്ഞാനത്തിലും ഇടപെട്ടുകൊണ്ടാണ് ചട്ടമ്പിസ്വാമി നവീകരിച്ചത്. ആധുനിക മലയാളി സമൂഹത്തിന് സാംസ്കാരിക സ്വത്വബോധം നല്കുന്ന ഇടപെടലുകളാണ് ചട്ടമ്പിസ്വാമികള്‍ നടത്തിയത്. അറിവും ആത്മീയതയും സാമൂഹിക തുല്യതയ്ക്കും അപര മനുഷ്യരെയും അപരമത വിശ്വാസങ്ങളെയും തുല്യമായി കാണുന്ന സാഹോദര്യ ചിന്തയെ സൃഷ്ടിക്കുന്നതായിരുന്നു ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍. മത ജാതിവിവേചനങ്ങള്‍ പാലിക്കാത്ത ആധുനിക മലയാളി സമൂഹത്തിന്റെ നിര്‍മ്മിതിക്കായ് അന്പ്, അനുകമ്പ, കരുണ, സാഹോദര്യം, സമത്വചിന്ത എന്നിവയെ അടിസ്ഥാനപ്പെടുത്തുന്ന സാമൂഹിക ധാര്‍മ്മികതയെ നാരായണ ഗുരു ദേശിയതയുടെ സാമൂഹിക ഭാവനയായി മുന്നോട്ടുവച്ചു.സാഹോദര്യത്തെയും സമതയെയും മലയാളിയുടെ ജീവിത ബോധ്യമാക്കാനാണ് നാരായണ ഗുരു ശ്രീനാരായണ ധര്‍മ്മസംഘം സ്ഥാപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും ചിന്തകളിലൂടെയും വികസിപ്പിച്ചത്. അടിത്തട്ടു ജനവിഭാഗങ്ങളുടെ വിമോചനത്തെ മുന്‍നിര്‍ത്തി ആധുനിക കേരളത്തെ നിര്‍മ്മിക്കാന്‍ ഇടപെട്ടവരാണ് അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനും.സാധുജനങ്ങളായ മനുഷ്യര്‍ക്ക് തുല്യതയും അവകാശങ്ങളും ലഭ്യമാക്കുന്നതിനും സമൂഹത്തെ ആധുനികവല്ക്കരിക്കുന്നതിനുമായ പ്രവര്‍ത്തനങ്ങളാണ് ഇരുവരും നടത്തിയത്.അടിമ ജാതികളുടെ അനുഭവങ്ങളെ വീണ്ടെടുത്തു കൊണ്ട് ജാതി അടിമത്തത്തിനു അടിപ്പെട്ട സമൂഹങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസവും വിഭവവും ലഭ്യമാക്കാനും പൊയ്കയില്‍ അപ്പച്ചന് പ്രവര്‍ത്തിച്ചു. പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന ആത്മീയ വിമോചന പ്രസ്ഥാനത്തിന് അദ്ദേഹം നേതൃത്വം വഹിച്ചു.സാധുജന പരിപാലന സംഘം എന്ന സംഘടന രൂപികരിച്ചു കൊണ്ടാണ് അയ്യന്‍കാളി തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയത്. വിദ്യാഭ്യാസ അവകാശം,ഭൂവുടമസ്ഥത, സര്‍ക്കാര്‍ സര്‍വീസിലെ പങ്കാളിത്തം മുതലായവ പ്രധാനപ്പെട്ട ആവശ്യങ്ങളായി ഉന്നയിച്ചുകൊണ്ടാണ് പൊയ്കയില്‍ അപ്പച്ചനും അയ്യന്‍കാളിയും നവോത്ഥാന പ്രക്രിയയില്‍ ഇടപ്പെട്ടത്. മന്നത്തു പത്മനാഭന്റെ പ്രവര്‍ത്തനങ്ങള്‍ നായര്‍ സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിനും പരിവര്‍ത്തനത്തിനും കാരണമായി. സഹോദരന് അയ്യപ്പന് സാമൂഹിക നീതിയും യുക്തിചിന്തയും മാനവികതയും യോജിപ്പിച്ചു കൊണ്ട് ജാതിവിവേചനത്തിനും അയിത്തത്തിനും എതിരായ പ്രായോഗിക ഇടപെടലുകള്‍ക്ക് നേതൃത്വം നല്കി. സി കേശവന് കീഴാള സമൂഹങ്ങളുടെ പ്രാതിനിധ്യ അവകാശങ്ങള്‍ക്കും അധികാര പങ്കാളിത്തത്തിനുമായി നിലകൊണ്ടു.
പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യയിലെ പല മത ജാതി വിഭാഗങ്ങളിലെ മനുഷ്യര്‍ സാമൂഹികമായി ആധുനീകരായത്. അതോടൊപ്പം മതഗ്രന്ഥങ്ങളെയും വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും കൊളോണിയല്‍ കാലത്ത് പുതിയ സന്ദര്‍ഭത്തില്‍ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമങ്ങള്‍ ഉണ്ടായി. സാഹോദര്യം, മതസൗഹാര്‍ദ്ദം, സഹിഷ്ണുത, അപരമതങ്ങളോടുള്ള ആദരവ് എന്നിവ ആധുനിക മൂല്യങ്ങളായി വളര്‍ന്നു വരികയും ഇവ ദേശിയ ബോധത്തിന്റെയും കൊളോണിയല്‍ വിരുദ്ധ ചിന്തയുടെ വളര്‍ച്ചയ്ക്കും കാരണമാകുകയും ചെയ്തു. നീതി, തുല്യത, സാമൂഹിക പാരസ്പര്യം എന്നിവ പരിഷ്ക്കരണ ആശയങ്ങളില്‍ നിന്ന് വളര്‍ന്നു വന്ന സങ്കല്പങ്ങളാണ്.
നവോത്ഥാന മൂല്യങ്ങളും
ദേശിയതയും
പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യയിലെ പല മത ജാതി വിഭാഗങ്ങളിലെ മനുഷ്യര്‍ സാമൂഹികമായി ആധുനീകരായത്. അതോടൊപ്പം മതഗ്രന്ഥങ്ങളെയും വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും കൊളോണിയല്‍ കാലത്ത് പുതിയ സന്ദര്‍ഭത്തില്‍ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമങ്ങള്‍ ഉണ്ടായി. സാഹോദര്യം, മതസൗഹാര്‍ദ്ദം, സഹിഷ്ണുത, അപരമതങ്ങളോടുള്ള ആദരവ് എന്നിവ ആധുനിക മൂല്യങ്ങളായി വളര്‍ന്നു വരികയും ഇവ ദേശിയ ബോധത്തിന്റെയും കൊളോണിയല്‍ വിരുദ്ധ ചിന്തയുടെ വളര്‍ച്ചയ്ക്കും കാരണമാകുകയും ചെയ്തു. നീതി, തുല്യത, സാമൂഹിക പാരസ്പര്യം എന്നിവ പരിഷ്ക്കരണ ആശയങ്ങളില്‍ നിന്ന് വളര്‍ന്നു വന്ന സങ്കല്പങ്ങളാണ്. പാശ്ചാത്യ പൗരസ്ത്യ മൂല്യങ്ങളെയും ശാസ്ത്ര അവബോധത്തെയും മാനവികതയെയും മത സാമുദായിക ജീവിതത്തില്‍ പകര്‍ത്തുന്നതിനും ദേശീയമായ കാഴ്ച്ചപ്പാട് വികസിപ്പിക്കുന്നതിനും ഇത് കാരണമായി.സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ദേശിയ അവബോധത്തിന്റെ നിര്‍മ്മിതിക്ക് പ്രധാന പങ്ക് വഹിച്ചു.എല്ലാ മത പരിഷ്കരണ പ്രവര്‍ത്തനങ്ങളും സാമൂഹിക പരിഷ്ക്കരണവും കൂടി നിര്‍വ്വഹിച്ചു. സാമൂഹിക പിന്നാക്കാവസ്ഥ, ജാതി വ്യവസ്ഥയും അയിത്താചരണവും, സ്ത്രീ പുരുഷ അസമത്വം, ജാതി അസമത്വവും മേല്‍ കീഴ് ബന്ധങ്ങളും, ഭൂവുടമസ്ഥതയും കാര്‍ഷിക പ്രശ്നങ്ങളും മുതലായവയ്ക്കു മതപരവും സാമൂഹികവുമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു . മതപരിഷ്കരണ പ്രവര്‍ത്തനങ്ങളും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും ഈ പ്രശ്നങ്ങളെ പരിഹരിക്കുവാനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചു. സാമൂഹിക സാഹോദര്യവും മതനിരപേക്ഷ കാഴ്ച്ചപ്പാടുകളും മത-സാമുദായിക പരിഷ്ക്കരണങ്ങള്‍ നിര്‍മ്മിച്ചെടുത്ത ആശയങ്ങളാണ്.സമൂഹത്തിലെ വരേണ്യ വിഭാഗങ്ങളില്‍ നിന്നുണ്ടായിവന്ന പരിഷ്ക്കരണ ശ്രമങ്ങള്‍ അത്തരം സമൂഹങ്ങളില്‍ പാശ്ചാത്യ ആശയങ്ങളും ആധുനിക വിദ്യാഭ്യാസവും പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്.സമൂഹത്തിലെ കീഴ്ത്തട്ടു വിഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന സാമൂഹിക മുന്നേറ്റങ്ങള്‍ സാമൂഹിക തുല്യതയ്ക്കും നീതിക്കും സാമൂഹിക വ്യവസ്ഥയെ പുനസംഘടിപ്പിക്കുന്നതിനും ശ്രമിച്ചു. സാമൂഹിക നീതിയും അധികാരത്തിലും വിഭവത്തിലുമുള്ള പങ്കാളിത്തവും സമൂഹത്തിന്റെ ജനാധിപത്യവത്ക്കരണവും, ലക്ഷ്യം വയ്ക്കുന്ന മുന്നേറ്റങ്ങളായിട്ടാണ്, അടിത്തട്ട് സാമൂഹിക വിഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്ന ജാതി വിരുദ്ധ സാമൂഹിക നീതി പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നത്. സാമൂഹിക ഉള്‍ക്കൊള്ളല്‍ മൂല്യങ്ങളിലൂന്നുന്ന ദേശിയ ബോധവും സാമൂഹിക ജനാധിപത്യവും സാമൂഹിക നീതിയും പ്രാതിനിധ്യ പങ്കാളിത്തവും സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട ആശയങ്ങളായി ഉയര്‍ത്തി കൊണ്ടുവരുവാന്‍ ജാതിവിരുദ്ധ സാമൂഹിക നീതി പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു.