നാടുവിടുന്ന യുവജനങ്ങൾ
മുമ്പെങ്ങുമില്ലാത്ത വിധം വിദ്യയും തൊഴിലും തേടി ആൺ പെൺ വ്യത്യാസമില്ലാതെ യുവജനത യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിചിത്രമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. വിദ്യാഭ്യാസവും ജോലിയും വരുമാനവും എന്നതിനൊപ്പം സ്വാതന്ത്ര്യവും അന്തസുമുള്ള ജീവിതം കൂടിയാണ് അവരുടെ സ്വപ്നം. അതിനവരെ കുറ്റം പറയാനുമാവില്ല. ഈ പ്രവണത ഇങ്ങിനെ തുടർന്നാൽ സമീപഭാവിയിൽ തന്നെ കേരളം വൃദ്ധരുടെ നാടാകും. വിദ്യാസമ്പന്നരും സമർത്ഥരുമായ യുവാക്കൾ നാട്ടിൽ കുറയുന്ന സ്ഥിതിവരും. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലാകും. വിദ്യാർത്ഥികളില്ലാതെ നിലവിൽ പൂട്ടലിന്റെ വക്കിൽ നിൽക്കുന്ന നിരവധി സ്വാശ്രയകോളേജുകളുടെ കാര്യം പിന്നെ പറയാനുമില്ല.
മുമ്പ് മെഡിസിൻ, എൻജിനിയറിംഗ് പോലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസത്തിനാണ് കുട്ടികൾ വിദേശത്ത് പോയിരുന്നത്. മാർക്ക് കുറവാണെങ്കിലും ചൈനയിലും ഫിലിപ്പീൻസിലും യുക്രൈൻ പോലുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ലഭ്യമാകുന്ന കുറഞ്ഞ ചെലവിലെ മെഡിസിൻ പഠനത്തിന് പോയ പതിനായിരങ്ങൾ കേരളത്തിലുണ്ട്.
ഇപ്പോൾ പ്ളസ് ടു കഴിഞ്ഞവരും ഡിഗ്രി പഠനം ആഗ്രഹിക്കുന്നത് വിദേശ യൂണിവേഴ്സിറ്റികളിലാണ്. മോഹം സഫലമാകാൻ വേണം 15-20 ലക്ഷം രൂപ. അവിടെ ചെന്നുപെട്ടാൽ ഹോട്ടലുകളിൽ പാത്രം കഴുകിയും വൃദ്ധജനങ്ങളുടെ പരിചരണവും മറ്റും ചെയ്ത് പണമുണ്ടാക്കി ഫീസും താമസചെലവും നേടാം. ശേഷം ഉയർന്ന ശമ്പളത്തിൽ സ്ഥിരജോലിയും സ്ഥിരതാമസ വിസയും പൗരത്വവും ലഭിക്കും തുടങ്ങി വാഗ്ദ്ധാനങ്ങളാണ് ആകർഷണം.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ പോലും മക്കളുടെ ആഗ്രഹ സാഫല്യവും കുടുംബത്തിന്റെ രക്ഷയും പ്രതീക്ഷിച്ച് വീടും പറമ്പും വരെ പണയം വച്ച് മക്കളെ വിദേശത്തേക്ക് വിടുകയാണ്. ഇങ്ങിനെ കടക്കെണിയിൽപ്പെട്ട് ജപ്തി നേരിടുന്ന ഒരുപാട് കുടുംബങ്ങൾ നാട്ടിലുണ്ട്. യുവാക്കളുടെ വിദേശസ്വപ്നങ്ങൾ ചൂഷണം ചെയ്യാൻ നൂറുകണക്കിന് ഏജൻസികളും കേരളത്തിൽ തഴച്ചുവളരുന്നു. ഇതിൽ നല്ലവരെക്കാൾ കെട്ടവരാണ് ഏറെയും. യുവാക്കളുടെ സ്വപ്നങ്ങൾ വിറ്റ് കാശാക്കുന്നവരെ നിർദാക്ഷിണ്യം അധികൃതർ നേരിട്ടില്ലെങ്കിൽ ഒട്ടേറെ പേരുടെ കണ്ണീർ വൈകാതെ കാണേണ്ടിവരും.
പ്രവാസ ജീവിതം മലയാളികൾക്ക് പുതിയതല്ല.വിദേശത്ത് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത നൂറുകണക്കിന് മലയാളികളുണ്ട്. ബുദ്ധിമാന്മാരും കഠിനാദ്ധ്വാനികളുമായ മലയാളിക്ക് ഏതുരാജ്യത്തും വിജയം നേടാൻ അത്ര വൈഷമ്യമുള്ള കാര്യവുമല്ല.ഗൾഫ് രാജ്യങ്ങൾ വളർന്നതിന് പിറകിൽ ലക്ഷക്കണക്കിന് മലയാളികളുടെ വിയർപ്പുണ്ട്. ഒരു കാലത്ത് കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ല് തന്നെ ഗൾഫിൽ നിന്ന് നമ്മുടെ ആൾക്കാർ കൊണ്ടുവന്ന പണമായിരുന്നു.
ഗൾഫിലേക്ക് പോയ മലയാളികളിൽ ബഹുഭൂരിപക്ഷവും തിരികെ നാട്ടിലേക്ക് വരും. അവിടെ കഴിയണമെന്നു വിചാരിച്ചാൽ പോലും സാധിക്കുകയുമില്ല. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോയവരിൽ തിരികെ നാട്ടിലേക്ക് വരുന്നവർ കുറവാണ്. കാനഡ, ആസ്ത്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കാരെ അവർക്ക് പ്രിയമാണുതാനും. ഇംഗ്ളണ്ട്, അമേരിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ തലമുറകളായി കഴിയുന്ന മലയാളികളുണ്ട്. സമീപകാലത്ത് പോകുന്നവർ അവിടെ സ്ഥിരതാമസമെന്ന ലക്ഷ്യവുമായി തന്നെയാണ് യാത്രയാകുന്നത്. ഇങ്ങിനെ പോയവരുടെ നാട്ടിലെ വീടുകൾ താമസിക്കാൻ ആളില്ലാതെ ഭാർഗവീ നിലയം പോലെ കിടക്കുന്നത് മദ്ധ്യകേരളത്തിലെ പരിചിത കാഴ്ചകളാണ്. സ്ഥിതിഗതികൾ ഇങ്ങിനെ പോയാൽ കേരളം മുഴുവൻ ഇത്തരം കാഴ്ചകൾക്കും നമ്മൾ സാക്ഷികളാകും.
സാമ്പ്രദായികമായ പഠന രീതികളും ശൈലികളും അന്യമാവുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആധുനിക വിദ്യാഭ്യാസം ക്ളാസ് മുറികളുടെ പുറത്തേക്ക് എത്തിക്കഴിഞ്ഞു. ഇന്റർനെറ്റ് യുഗത്തിൽ വിവരങ്ങളെല്ലാം കുട്ടികളുടെ വിരൽത്തുമ്പിൽ ലഭിക്കും. മാറിയ ലോകത്തിന് അനുസരിച്ച് നമ്മുടെ നാട് മാറുന്നില്ലെന്ന ചിന്ത അവരിൽ ഉണ്ടായിട്ടുണ്ട്. പഴഞ്ചൻ രാഷ്ട്രീയവും ഭരണസമ്പ്രദായങ്ങളും ജാതി, മത സംഘർഷങ്ങളുമൊക്കെ അവരിൽ നാടിനോട് മതിപ്പുകുറയാൻ കാരണമാണ്. അതിനെല്ലാം ഉപരിയാണ് ഇവിടെ പഠിച്ചാൽ ഇന്ത്യയിൽ തന്നെ മികച്ച ജോലി കിട്ടുമോ എന്ന ആശങ്കയും.
വിദ്യാർത്ഥികളുടെ ആശങ്കകൾ അകറ്റാനും പഠനവും ജോലിയും ഒരുമിച്ച് ചെയ്യാനും പുതിയ കോഴ്സുകളും സ്റ്റാർട്ടപ്പ് സമ്പ്രദായങ്ങളും ആവിഷ്കരിക്കാനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നെങ്കിലും ഇപ്പോൾ അതൊന്നും കുട്ടികളുടെ മനസിൽ പതിയുമെന്ന് തോന്നുന്നില്ല. അവർക്ക് ബോദ്ധ്യം വരണമെങ്കിൽ അതെല്ലാം നടപ്പാക്കി കാണിക്കേണ്ടതുണ്ട്. കേരളത്തിലെ കാമ്പസുകളിലും യൂണിവേഴ്സിറ്റികളിലും നടക്കുന്ന സംഭവവികാസങ്ങളും അത്ര ശോഭനമല്ലല്ലോ. വിദ്യാർത്ഥികളിൽ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം വളർത്തണമെങ്കിൽ വലിയ ആസൂത്രിതമായ പരിശ്രമങ്ങളും നടപടികളും അനിവാര്യമാണ്.
പഠനത്തോടൊപ്പം വരുമാനവും പഠനശേഷം മികച്ച തൊഴിൽഅവസരങ്ങളും കേരളത്തിൽ ലഭ്യമാകേണ്ടതുണ്ട്. കഴിവുള്ളവരെ സംരംഭകത്വത്തിലേക്ക് നയിക്കാനും സാധിക്കണം. ആധുനിക കാമ്പസുകളും ഏറ്റവും പുതിയ കോഴ്സുകളും മികവുറ്റ അദ്ധ്യാപകരും ഇതിന് അനിവാര്യമാണ്. കുറഞ്ഞ പക്ഷം നമ്മുടെ സർവകലാശാലകളെ കേന്ദ്രസർവകലാശാലകളുടെ നിലവാരത്തിലേക്കെങ്കിലും ഉയർത്തണം. നിലവിലെ കുത്തഴിഞ്ഞ സമ്പ്രദായം ഉടച്ചുവാർക്കാനുള്ള ധൈര്യം സർക്കാർ കാണിക്കണം. വിദ്യാർത്ഥി, അദ്ധ്യാപക സംഘടനകളുടെ സംഘടിത ശക്തിക്കു മുന്നിൽ എല്ലാ പരിഷ്കരണ നടപടികളും മരവിക്കുന്ന ചരിത്രമേ ഇവിടെയുള്ളൂ.
രാഷ്ട്രീയം കൊടികുത്തി വാഴുന്ന കാമ്പസുകളുടെ കാലം കഴിഞ്ഞു. അവകാശ പോരാട്ടങ്ങളെ തള്ളിക്കളയുന്നില്ല, പക്ഷേ കാലത്തിനനുസരിച്ച് വിദ്യാർത്ഥി, അദ്ധ്യാപക രാഷ്ട്രീയം മാറേണ്ടതുണ്ട്. കേരളം പോലെ അതിമനോഹരമായ ഭൂപ്രദേശത്തെ വിട്ട് കൊടുംതണുപ്പും പ്രതികൂല സാഹചര്യങ്ങളും സഹിച്ച്, ഉറ്റവരെ ഉപേക്ഷിച്ച് പതിനായിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്വപ്നഭൂമി തേടുന്ന നമ്മുടെ കുട്ടികളുടെ മനസ് വായിക്കാൻ ഇനിയെങ്കിലും നാം തയ്യാറാകണം. അവർക്ക് വേണ്ടത് നല്ല വിദ്യാഭ്യാസവും നല്ല ജോലിയും സമാധാനവും അന്തസും പ്രദാനം ചെയ്യുന്ന അന്തരീക്ഷവുമാണ്. അത് ഇവിടെ ഈ ആധുനികകാലത്തും നമുക്ക് നൽകാനാവുന്നില്ലെങ്കിൽ അതിലും വലിയ പരാജയമില്ല. ഏതൊരു രാജ്യത്തിന്റെയും ശക്തിയാണ് യുവജനത. അവരുടെ കർമ്മശേഷി ഏതെങ്കിലും വിദേശ രാജ്യത്തിന് സംഭാവന ചെയ്യാനുള്ളതല്ലെന്ന് തിരിച്ചറിഞ്ഞ് വരുംതലമുറയ്ക്ക് അഭിമാനകരമായ കേരളമായി നാം മാറേണ്ട കാലം അതിക്രമിച്ചു.