സ്‌ത്രീസമത്വം മാറേണ്ടത് സമൂഹത്തിന്റെ മനസ്
വനിതാ മുഖ്യമന്ത്രി, അതിക്രമങ്ങൾ, വിദ്യാഭ്യാസം, തൊഴിലവസരം, സംവരണം, രാത്രി സഞ്ചാര സ്വാതന്ത്ര്യം, വിവാഹപ്രായം ഉയർത്തൽ, ജെൻഡർ ന്യൂട്രൽ യൂനിഫോം, തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന സ്ത്രീപക്ഷ വിഷയങ്ങളായി സദാ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ, സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വ്യക്തി ജീവിതത്തിൽ അവർ കർശനമായി പാലിക്കേണ്ടിവരുന്ന വിധേയത്വവും, സമൂഹം അവർക്കുമേൽ അടിച്ചേൽപ്പിച്ചിട്ടുള്ള പക്ഷപാതപരമായ ബാദ്ധ്യതകളുമാണെന്നാണ് സാമൂഹ്യപ്രവർത്തകയും, പ്രകൃതിസ്നേഹിയും, തിരക്കഥാകൃത്തും, അദ്ധ്യാപികയുമായ ഡോ. പ്രമീളാ നന്ദകുമാറിൻ്റെ പക്ഷം. ഉന്നത വിദ്യാഭ്യാസമോ, പദവിയിലുള്ള ഉദ്യോഗമോ, വലിയ ശമ്പളമോ സാമൂഹികമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്ത്രീയെ മോചിപ്പിക്കുന്നില്ലെന്നും അവർ വിശ്വസിക്കുന്നു.
“വാസ്തവത്തിൽ, ഒരു കാര്യത്തിലും ഒരു ഉറച്ച നിലപാട് എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഏതൊരു സാധാരണ സ്ത്രീയും,” ഡോ. പ്രമീള പറയുന്നു.
ഈയിടെ ഒരു ഉച്ചഭക്ഷണ ഇടവേളയിൽ, വിവാഹിതയും മദ്ധ്യവയസ്‌കയുമായ സഹപ്രവർത്തകയോട് അവരുടെ പ്രിയപ്പെട്ട ഭക്ഷണം എന്താണെന്ന് ഞാൻ ചോദിച്ചു. അല്പനേരത്ത ആലോചനക്കൊടുവിൽ, “മറന്നു പോയി” എന്ന് അവർ മറുപടി പറഞ്ഞു. ജനിച്ച വീട്ടിലെ രീതികളോടൊത്ത് വളർന്നുവന്ന അവർ, തന്റെ ഭർത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും ഇഷ്ടമുള്ള ഭക്ഷണം വെച്ചു വിളമ്പുന്നു. വർഷങ്ങൾ കഴിയുമ്പോൾ തനിയ്ക്കു പ്രിയപ്പെട്ടതെല്ലാം മറന്നുപോകുന്നു. ഒരു വിത്തിന് മുള പൊട്ടുന്നതു പോലെ ജനിച്ച്, കുഞ്ഞു വേരുകളാൽ കാലൂന്നി, തളിർത്ത് അനന്തമായ ആകാശം നോക്കി സ്വതന്ത്രയായി വളർന്ന പെൺകുട്ടിയായിരുന്നു അവൾ. ചിറകുകൾ വീശി ഉയരെ പറന്ന് നേടിയെടുക്കുവാൻ അന്ന് അവൾക്ക് ലക്ഷ്യങ്ങളുണ്ടായിരുന്നു. സ്വപ്നങ്ങൾക്ക് ഏഴുനിറങ്ങളുടെ മനോഹാരിതയായിരുന്നു! എന്നാൽ, അനിവാര്യമെന്ന് കാലം വിധിയെഴുതിയ വിവാഹത്തോടെ, പെൺചെടികൾ പറിച്ചുനടപ്പെടുന്നു. അന്യമായ മണ്ണും, അപരിചിതരായ മനുഷ്യരുമുള്ള പുതിയ ഭൂമികയിലേയ്ക്ക്. അലിഖിത നിയമങ്ങൾക്കനുസരിച്ച്, അതുവരെ അനുവർത്തിച്ചു വന്നിരുന്ന ശീലങ്ങളെ അവൾക്ക് മാറ്റിമറിക്കേണ്ടി വരുന്നു. അമ്മയെയും, അച്ഛനെയും പകരം ലഭിയ്ക്കുന്നു. മടിയിലിരുത്തി താലോലിച്ച കാലം മുതൽ ഉള്ളിൽ ചേക്കേറിയവരെ ആർക്കാണ് പുനർപ്രതിഷ്ഠിക്കുവാൻ കഴിയുക? പക്ഷെ, ജന്മഗേഹം തന്നെ അന്യമായിക്കൊണ്ടിരിക്കുന്ന അവൾക്ക് നിലപാട് മാറ്റിയേ മതിയാകൂ! ജനിച്ച വീട്ടിൽ ‘മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടവളും’, വിവാഹാനന്തരം എത്തുന്ന വീട്ടിൽ ‘വന്നു കയറിയവളും’ ആയിരിക്കേ, ഒരു സ്ത്രീയ്ക്ക് സ്വന്തമായ നിലപാടുകൾ എടുക്കാൻ നേരിയ അവസരം പോലും നമ്മുടെ വ്യവസ്ഥിതി അനുവദിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഭരിക്കുന്നവനും
ഭരിക്കപ്പെടേണ്ടവളും
ഭർത്താവ് എന്ന പദത്തിന് ഭരിക്കുന്നവൻ എന്നും, ഭാര്യ എന്ന പദത്തിന് ഭരിക്കപ്പെടുന്നവൾ എന്നുമാണത്രേ അർത്ഥം. മാനസിക, വൈകാരിക തലങ്ങളിൽ രണ്ടു പേർക്കും വ്യക്തിത്വമുണ്ടെങ്കിലും, ഒരാൾ ഭരിക്കുകയും മറ്റേ ആൾ ഭരിക്കപ്പെടുകയുമാണിവിടെ. സ്വാഭാവികമായും പൊരുത്തപ്പെടലുകൾ ഏകപക്ഷീയമായിത്തീരുന്നു. നീരസങ്ങളും വാഗ്വാദങ്ങളും ഒഴിവാക്കാൻ ഭർത്താവിന്റെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവളാണ് ഭാര്യ. വൈകാരിക തലങ്ങളിൽ ഇതിനപ്പുറമാണ് ഭാര്യയായതിനാൽ മകളല്ലാതായിത്തീരുന്ന പെണ്ണിന്റെ നിസ്സഹായാവസ്ഥ. തന്നെ ഏറെ ബുദ്ധിമുട്ടി പഠിപ്പിച്ചവർക്ക്, ആ പഠിപ്പു കൊണ്ടു താൻ നേടിയ ജോലിയിൽ നിന്നു ലഭിയ്ക്കുന്ന വേതനത്തിന്റെ അല്പമെങ്കിലും നൽകാൻ സ്വാതന്ത്ര്യമില്ലാത്തവൾ, മകൾ എന്ന നിലയിൽ തികഞ്ഞ പരാജയമല്ലേ? അത്യാവശ്യങ്ങൾക്ക് ജന്മവീട്ടിലേയ്ക്കു പോകേണ്ടി വരുന്നവളോട് ഉടനെ തിരിച്ചെത്തണണമെന്ന് കാർക്കശ്യം പുലർത്തുന്ന ഭർത്താവിനോടും ഭർത്തൃഗൃഹത്തിലെ മറ്റുള്ളവരോടും മറിച്ചൊരു വാക്കു പറയാൻ ‘വന്നു കയറിയവൾക്ക്’ അവകാശമില്ല. “ചുരിദാറല്ല, എന്റെ കൂടെ വരുമ്പോൾ സാരി മതി”യെന്ന നിഷ്ഠ അനുസരിക്കേണ്ടി വരുന്ന ഭാര്യയ്ക്ക് വസ്ത്രധാരണത്തിലെങ്കിലും സ്വന്തമായ നിലപാടെടുക്കുവാൻ കഴിയുന്നുണ്ടോ? ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ എന്ന സുപ്രീം കോടതി വിധി, വ്യക്തി സ്വാതന്ത്ര്യം, ലിംഗസമത്വ വസ്ത്രധാരണം, മുതലായവയൊക്കെ ഇവിടെ മിഴിച്ചു നിൽക്കുന്നു! ഒരാൾ മറ്റൊരാളുടെ നല്ലപാതിയാകാൻ, മേൽക്കോയ്മകൾക്കു പകരം പരസ്പര ആശ്രയത്വമാണു വേണ്ടതെന്നത് കേവലം തത്ത്വചിന്ത മാത്രമായി അവശേഷിക്കുകയും ചെയ്യുന്നു.
ഭർത്താവ് എന്ന പദത്തിന് ഭരിക്കുന്നവൻ എന്നും, ഭാര്യ എന്ന പദത്തിന് ഭരിക്കപ്പെടുന്നവൾ എന്നുമാണത്രേ അർത്ഥം. മാനസിക, വൈകാരിക തലങ്ങളിൽ രണ്ടു പേർക്കും വ്യക്തിത്വമുണ്ടെങ്കിലും, ഒരാൾ ഭരിക്കുകയും മറ്റേ ആൾ ഭരിക്കപ്പെടുകയുമാണിവിടെ. സ്വാഭാവികമായും പൊരുത്തപ്പെടലുകൾ ഏകപക്ഷീയമായിത്തീരുന്നു. നീരസങ്ങളും വാഗ്വാദങ്ങളും ഒഴിവാക്കാൻ ഭർത്താവിന്റെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവളാണ് ഭാര്യ.
അപ്രസക്തമാകുന്ന
ആഗ്രഹങ്ങൾ
ഗർഭധാരണം, പ്രസവം, മുലയൂട്ടൽ, കുഞ്ഞുങ്ങളെ വളർത്തൽ തുടങ്ങിയതിനെല്ലാം നിയതി നിയോഗിച്ചിരിക്കുന്നത് നാരിയെയാണ്. സമയാധിഷ്ഠിതമായ ഇത്തരം കടമകൾ നിർവ്വഹിക്കേണ്ടിവരുന്ന അവൾക്ക് വൈജ്ഞാനിക-തൊഴിൽ മേഖലയിൽ സ്വയം ഉയരാനുള്ള അവസരങ്ങൾ പലതും നഷ്ടമാകുന്നു. ഉന്നത വിദ്യാഭ്യാസത്തിനും, തുടർന്ന് ജോലിയിൽ പ്രവേശിക്കുന്നതിനുമുള്ള പ്രായപരിധി ഉൾപ്പെടെയുള്ളവയിൽ ഇളവുകളൊന്നും അവൾക്ക് ലഭിക്കുന്നേയില്ല. പഠിപ്പിലും, പ്രവർത്തിയിലും പുരുഷനാണ് മികവു പലർത്തുന്നതെന്നു ധരിക്കുന്നവർ, തുല്യമായ അവസരങ്ങൾ സ്ത്രീയ്ക്കു ലഭിച്ചിട്ടില്ലെന്ന വസ്തുത വിസ്‌മരിക്കരുത്. പെണ്ണായതു കൊണ്ടുമാത്രം പിൻതള്ളപ്പെടുന്നത് നീതിയ്ക്കു നിരക്കാത്തതാണ്. പ്രകൃതി വിശ്വസിച്ച് ഏൽപ്പിച്ച ദൗത്യ നിർവഹണത്തിനിടയിൽ പെണ്ണിന് പലതും നിഷേധിക്കപ്പെടുന്നു എന്ന യാഥാർത്ഥ്യം അവളുടെ കുടുംബവും സമൂഹവും തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ വേദനിപ്പിയ്ക്കുന്ന കാര്യം. പ്രകൃതിയ്ക്കും സമൂഹത്തിനും ഇടയിൽ പെട്ട് സത്യമായും അവളുടെ ആഗ്രഹങ്ങൾ പലതും അപ്രസക്തമാകുന്നു. ഇതിനിടയിലും, ഭാര്യ, അമ്മ, മരുമകൾ, മകൾ, സഹോദരി തുടങ്ങിയ സ്ഥാനങ്ങളിൽ തന്റെ ചുമതലകൾ കൃത്യമായി അനുഷ്ഠിക്കാൻ അവൾ ബാദ്ധ്യസ്ഥയാണ്. ഔദ്യോഗിക-സാമൂഹിക തലങ്ങളിൽ ഉന്നത പദവി അലങ്കരിക്കുന്ന സ്ത്രീ പോലും തന്റെ കുടുംബ ജീവിതത്തിൽ വെറുമൊരു പെണ്ണു മാത്രമാണ്. രാവിലെ ദിനപത്രം കയ്യിലെടുത്തു കൊടുത്തില്ലെങ്കിൽ വായിക്കാത്ത, കപ്പ് വാത്സല്യത്തോടെ നീട്ടിയില്ലെങ്കിൽ ചായ കുടിയ്ക്കാത്ത ഭർത്താവിനെ തൃപ്തിപ്പെടുത്തിയിട്ടു വേണം അവൾക്ക് സ്വന്തം നിലയിൽ ഒരു നിലപാടുണ്ടാക്കാൻ! വ്യക്തിഗത താൽപര്യങ്ങളായ എഴുത്ത്, വായന, ആസ്വാദനം, സംഗീതം, നൃത്തം, ചിത്രരചന, പ്രകൃതി സംരക്ഷണം തുടങ്ങിയവയെ ചേർത്തു നിർത്താൻ അവൾക്ക് സമയം ലഭിയ്ക്കുമോ? താൽപര്യങ്ങളും, സൗഹൃദങ്ങളും, വിനോദങ്ങളുമെല്ലാം അവൾക്ക് പാടേ നഷ്ടമാവുകയാണ്. മാനസികമായി ഒറ്റപ്പെട്ടു പോകുന്ന പല സ്ത്രീകളും അനന്തരം വിഷാദ രോഗികളായി മാറുന്നു.
മാസത്തിലെ ‘ആ ദിവസങ്ങൾ’ ആർപ്പുവിളികളോടെ ആഘോഷിക്കുവാൻ ദൃശ്യ-അച്ചടി-ഓൺലൈൻ മാധ്യമങ്ങൾ പെരുമ്പറ കൊട്ടുമ്പോൾ, വാസ്തവത്തിൽ ഒട്ടേറെ സ്ത്രീകൾ രക്തസ്രാവത്തിന്റെ മാനസികവും, ശാരീരികവുമായ പ്രയാസങ്ങൾക്കിടയിൽ വീട്ടുജോലികളും, യാത്രകളും, ഔദ്യോഗിക കൃത്യനിർവ്വഹണങ്ങളുമായി മൽപ്പിടുത്തത്തിലായിരിയ്ക്കും. മാസത്തിൽ അപ്പോഴെങ്കിലും ഒരല്പം വിശ്രമം കിട്ടിയെങ്കിൽ എന്നാഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാകുമോ? പക്ഷേ, വീട്ടിലോ, ജോലി സ്ഥലത്തോ ഇത്തരത്തിൽ ഒരു പരിഗണന അവൾക്ക് ലഭിക്കുന്നില്ല. പഴയ തലമുറ അവളെ അശുദ്ധി കല്പിച്ചു മാറ്റി നിർത്തിയിരുന്ന ഇന്നലെകളിൽ, മനപ്പൂർവ്വമല്ലെങ്കിലും അല്പം വിശ്രമം അവൾക്കു ലഭിച്ചിരുന്നു എന്നതാണ് സത്യം.
സ്‌ത്രീപക്ഷമെന്നാൽ
പുരുഷവിദ്വേഷമല്ല
നാം തിരഞ്ഞെടുത്തതല്ല നമ്മുടെ ലിംഗപദവി. മാതാപിതാക്കൾക്കു പോലും തങ്ങൾക്ക് ഏതു കുഞ്ഞ് വേണമെന്ന് നിശ്ചയിക്കാൻ കഴിയില്ല. ആൺ-പെൺ വ്യത്യാസം നാം തിരിച്ചറിഞ്ഞതു തന്നെ ജനിച്ചു കാലമെത്രയോ കഴിഞ്ഞതിനു ശേഷവുമാണ്. തന്റെ അച്ഛനും, സഹോദരനും, ഭർത്താവും, മകനും പുരുഷന്മാരാണെന്നും, തന്റെയും തന്റെ കുഞ്ഞിന്റെയും ജനനം സാധ്യമായതിനു പുറകിൽ യഥാക്രമം പിതാവെന്നും, പതിയെന്നും സ്ഥാന നാമങ്ങളുള്ള പുരുഷന്മാരുണ്ടെന്നും ഹൃദയം കൊണ്ടു ഗ്രഹിച്ചവൾക്ക് ഒരിക്കലും ഒരു പുരുഷവിദ്വേഷിയാകുവാൻ കഴിയില്ല. ജീവിതം ആൺ-പെൺ സംഘർഷമല്ല, മറിച്ച് പരസ്പര പൂരകങ്ങളായിത്തീരുന്ന എതിർലിംഗ സഹവർത്തിത്വമാണ്. ഇതു തന്നെയാണ് മനുഷ്യരാശിയുടെ നിലനിൽപ്പെന്നും അവൾക്ക് തിരിച്ചറിയുവാൻ കഴിയണം. സ്ത്രീയും പുരുഷനും മേളിക്കുമ്പോൾ മാത്രമേ മനുഷ്യജീവിതം പൂർണമാകുന്നുള്ളൂവെന്നത് പ്രപഞ്ച സത്യം! ജന്മനാൽ അശക്തയാണ് സ്ത്രീയെങ്കിൽ, പുരുഷനു മുന്നിൽ അതുതന്നെയാണ് തന്റെ ശക്തിയെന്നും ആനന്ദത്തോടെ അവൾക്ക് ആലോചിക്കാം! അതിനാൽ പുരുഷനോടൊപ്പമെത്താൻ അവൾ മത്സരിക്കേണ്ടതേയില്ല.
നിയമങ്ങൾ
നിഷ്‌ഫലം
ഫ്രഞ്ച് സ്ത്രീവാദിയും സാമൂഹിക സൈദ്ധാന്തികയും എഴുത്തുകാരിയുമായിരുന്ന സിമോൺ ഡി ബ്യൂവോയർ 1949-ൽ രചിച്ച ‘ദി സെക്കൻഡ് സെക്സ്’ എന്ന പ്രശസ്ത ഫെമിനിസ്റ്റ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പെണ്ണിന്റെദുരവസ്ഥയിൽ നിന്ന് നാം ഒരുപാടു മുന്നോട്ടു പോയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങളും, സുരക്ഷയും, തുല്യനീതിയും ഉറപ്പുവരുത്തുന്നതിനായി ഇതിനകം നിർമ്മിയ്ക്കപ്പെട്ട നിയമങ്ങൾ നിരത്തിവെച്ചൊന്ന് പരിശോധിക്കുകയാണെങ്കിൽ, അവരെ ഇന്ന് ‘രണ്ടാം തരം ലിംഗപദവി’ക്കാരായി കരുതാനേ കഴിയാത്തതാണ്! കേന്ദ്ര-സംസ്ഥാന സർക്കാറുകൾ രാജ്യത്ത് സ്ത്രീ നീതി ഉറപ്പാക്കാനായി നിയമങ്ങളും ഭേദഗതികളും സദാ പാസ്സാക്കിക്കൊണ്ടുമിരിയ്ക്കുന്നു. ഇതിനെല്ലാം പുറമെയാണ് നിരവധി അന്തർദേശീയ വനിതാ കമ്മീഷനുകളുടെയും ബന്ധപ്പെട്ട സംവിധാനങ്ങളുടെയും സംരക്ഷണം. ഗാർഹിക പീഡനം ഉന്മൂലനം ചെയ്യാനും, ഭർത്താവിന്റെയോ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയോ ക്രൂരത തടയാനും, സ്ത്രീകളുടെ അഭിമാനവും ചാരിത്ര്യവും സംരക്ഷിക്കാനും, അതിക്രമിച്ചു വശത്താക്കുന്നത് തടയാനും, തൊഴിലിടത്തെ പീഡനം നിരോധിക്കാനും, ബലാത്സംഗം വിലക്കാനും വെവ്വേറെ ചട്ടങ്ങളുണ്ട്. എല്ലാം കർശനമായതു തന്നെ. അഞ്ചു വർഷം തടവും, അര ലക്ഷം രൂപ പിഴയുമാണ് സ്ത്രീധനം വാങ്ങിയാലുള്ള ശിക്ഷ. ലൈംഗിക പീഡനം കൊടും കുറ്റകൃത്യമാണ്. നിരവധി വകുപ്പുകൾ കുറ്റവാളിക്കെതിരെ ചുമത്തപ്പെടും. ഇത്രയൊക്കെ നിയമങ്ങളുടെ പരിരക്ഷയുണ്ടായിട്ടും, സ്‌ത്രീധനവും, പീഡനവും, കൊലപാതകവും, ആത്മഹത്യയും പ്രബുദ്ധ കേരളത്തിൽ ഇന്നും ഒരു തുടർക്കഥയാണെങ്കിൽ, ഒരു കാര്യം വ്യക്തമാണ് — മാറേണ്ടത് മനസ്സാണ്! ആണും പെണ്ണും ഉൾപ്പെടുന്ന സമൂഹത്തിന്റെ മനസ്സ് ഒരു സമൂല പരിവർത്തനത്തിനു വിധേയമാകേണ്ടിയിരിക്കുന്നു.