അന്ധവിശ്വാസഭണ്ഡാരവും അനാചാരകോട്ടയും
ബ്രാഹ്മണ യജമാനന്റെ മുന്നില്‍ ആത്മാഭിമാനത്തെ കെടുത്തുംവിധം നട്ടെല്ലുവളച്ച് തല കുമ്പിട്ടുനിന്ന് ദാസ്യപ്പണി ചെയ്തതിന്റെ അപമാനഭാരം മുഴുവന്‍ അറിഞ്ഞോ അറിയാതെയോ നായന്മാര് ഈഴവരുടെ മേല്‍ മര്‍ദ്ദനരൂപത്തിലും മറ്റും ഇറക്കിവെച്ച് ഒരു പ്രകാരത്തില്‍ ആശ്വാസം തേടുകയായിരുന്നു. നായന്മാര് താണജാതിക്കാരോട് ചെയ്തുകൊണ്ടിരുന്ന നിര്‍ദ്ദയമായ പെരുമാറ്റം കണ്ട് ദുഃഖിതനായ സര് സി. ശങ്കരന്‍നായര്‍ തന്റെ പേരിനോടുള്ള ജാതിനാമം ചേര്‍ക്കുന്നതില്‍ ലജ്ജിച്ചുവത്രെ. ആചാരവാക്കൊന്നു പിഴച്ചാല്‍, തീണ്ടാപ്പാട് അകലം തെറ്റിയാല്‍, പണിയില്‍ അമാന്തം ഭവിച്ചാല്‍, വിലക്കപ്പെട്ട ആടയാഭരണങ്ങള്‍ അണിഞ്ഞാല്‍; കാലോ, കൈയോ, ശിരസോ അറ്റുപോയെന്നുവരും കുടിലോ, കുടിയിടമോ, സ്ത്രീയുടെ മാനമോ നഷ്ടപ്പെട്ടെന്നുംവരാം. അധഃകൃതരായ പുലയ, പറയ, നായാടി തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ജനതയുടെ ജീവിതമായിരുന്നു ഏറ്റവും ദയനീയം.
നമ്പൂതിരി – നായര്‍ സംബന്ധം നായര്‍ക്ക് അപമാനമായി തോന്നിയപ്പോള്‍ – തന്തയില്ലാത്ത സമുദായമായി ചരിത്രത്തില്‍ ചാര്‍ത്തപ്പെടുമെന്ന് മനസ്സിലാക്കിയപ്പോള്‍, അതിനു നിയമസാധുത്വം നല്‍കാനും അത്തരം ബന്ധങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്താനും നായര്‍ സമുദായം മന്നത്ത് പത്മനാഭന്റെയും മറ്റും നേതൃത്വത്തില്‍ സംഘടിച്ച് പ്രവര്‍ത്തനമാരംഭിച്ചത് പില്ക്കാല സംഭവങ്ങളാണ്. കയ്യില്‍ വാളുമേന്തി നാടിന്റെ രക്ഷകരായി, എന്നാല്‍ നമ്പൂതിരിയുടെ മുമ്പില്‍ വാപൊത്തി ഓച്ഛാനിച്ച് നൂറ്റാണ്ടുകളോളം നിന്നവര്‍ പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി രാജകൊട്ടാരത്തിലെയും സര്‍ക്കാരിലെയും ഉദ്യോഗങ്ങളും ഗ്രാമ- നഗരങ്ങളിലെ ഭരണാധികാരങ്ങളും വഹിക്കുന്ന ഒരു മുഖ്യശക്തിയായി മാറിയെന്ന കാര്യവും വിസ്മരിക്കാവുന്നതല്ല.
ഈ നായന്മാര് സ്വന്തം സമുദായത്തിനും അവരില്‍ താണജാതിക്കാര്‍ക്കും കുറഞ്ഞ പക്ഷം പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകങ്ങള്‍ വരെ എന്താണ് ചെയ്തുകൊടുത്തതെന്ന് മന്നത്ത് പത്മനാഭന്റെ വാക്കുകളില്‍ തന്നെ മനസ്സിലാക്കുന്നത് ചരിത്രസംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നവര്‍ക്ക് ഗുണകരമാകുമെന്നതിനാല്‍ ഇവിടെ ഉദ്ധരിക്കുന്നു: ‘വര്ണ്ണാശ്രമധര്മ്മവിശ്വാസത്തിന്റെ ദുരിതമനുഭവിച്ചവര്‍ ഈഴവര്‍ തുടങ്ങിയ പലരും, യാഥാസ്ഥിതികത്വം സംരക്ഷിച്ചുപോന്നവര് നായന്മാരും ആയിരുന്നുവെന്ന് സമ്മതിക്കാതെ തരമില്ല. ചാതുര്‍വര്‍ണ്ണ്യത്തിലെ ഒടുവിലത്തെ ക്ലാസുകാരനായ ശൂദ്രനാണ് താനെന്ന് സ്വയം സമ്മതിച്ച നായര്‍ അന്ധവിശ്വാസഭണ്ഡാരത്തിന്റെ താക്കോല്‍കാരനും അനാചാരകോട്ടയുടെ സൂക്ഷിപ്പുകാരനുമായി സ്വസമുദായത്തിന്റെയും സഹോദരസമുദായങ്ങളുടെയും പുരോഗതിയില്‍ പ്രതിബന്ധമുണ്ടാക്കികൊണ്ടിരുന്നു.’26. കേരളചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മേല്‍മുണ്ട് പ്രക്ഷോഭം മുതല്‍ നിവര്‍ത്തനപ്രക്ഷോഭം വരെയുള്ള ദുര്‍ബലവിഭാഗങ്ങളുടെ എല്ലാ അവകാശസമരങ്ങളെയും പ്രതിരോധിക്കാനും അടിച്ചമര്‍ത്താനും ഒരുമ്പെട്ടിറങ്ങിയത് നായന്മാരാണല്ലോ. ഇന്നും ഹിന്ദുസമുദായത്തിലെ അനാചാരകോട്ടകളുടെ സൂക്ഷിപ്പുകാരായി മുന്നണിയില്‍ നില്‍ക്കുന്നത് നമ്പൂതിരി തീണ്ടല് കല്‍പ്പിച്ചിരുന്ന നായന്മാരാണെന്ന് ശബരിമലയിലെ ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട സമരാഭാസം തെളിയിക്കുന്നുണ്ട്.
ഹിന്ദുമതം അനുശാസിക്കുന്ന ചാതുര്വര്ണ്ണ്യത്തിനുപുറത്ത് -Out Caste- അവര്‍ണ്ണരും അയിത്തജാതിക്കാരുമായി അമര്‍ത്തപ്പെട്ട ഒരു വിഭാഗമായിരുന്നു ഈഴവര്‍ അഥവാ തീയ്യര്‍. ബ്രാഹ്മണകുടിയേറ്റത്തിനുമുമ്പ്, കേരളീയ സമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന പദവിയെപ്പറ്റിയും പില്ക്കാലത്തുണ്ടായ അധഃപതനത്തെപ്പറ്റിയും വി.ടി. ഭട്ടതിരിപ്പാട് ചൂണ്ടിക്കാണിച്ച വസ്തുതകള്‍ ഡോ. എ.അയ്യപ്പന്, പി.സി. അലക്സാണ്ടര്‍ തുടങ്ങിയ പണ്ഡിതഗവേഷകരും ചരിത്രകാരന്മാരും വിശദീകരിച്ചിട്ടുള്ളതാണ്. ‘നായന്മാരും ഈഴവരും ഒന്നായിരുന്നുവെന്നും, നമ്പൂതിരിമാരുടെ ആഢ്യത്വത്തെയും ആധിപത്യത്തെയും സമ്മതിച്ചുകൊടുത്ത് അവരുടെ പാട്ടില്‍ നിന്നവര്‍ ‘നായരാദി’ സവര്‍ണ്ണര്‍ ആയി എന്നും അതിനുവഴിപ്പെടാതെ അകന്നുമാറിയവര്‍ അവര്‍ണ്ണരായ ഈഴവാദികളുമായി എന്നുമാണ് എന്റെ നിഗമനങ്ങളുടെ സ്വരൂപം’27 എന്ന് പുത്തേഴത്ത് രാമന്മേനോന് അഭിപ്രായപ്പെടുന്നത് കണക്കിലെടുക്കേണ്ടതാണ്. നായരും ഈഴവരും തമ്മിലുള്ള ബന്ധവും വേഴ്ചയും പൊരുത്തവും എന്തുതന്നെയായാലും കേരളീയ അവര്ണ്ണസമുദായങ്ങളില് ഏറ്റവുമധികം പീഡനം നായന്മാരില് നിന്നും ഏറ്റുവാങ്ങിയത്, അയിത്തത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ട സര്‍വ്വ പൗരാവകാശങ്ങളും വീണ്ടെടുക്കാന്‍വേണ്ടി മുന്നിട്ടിറങ്ങി അധികം പോരാടേണ്ടിവന്ന അവര്ണ്ണജാതിയിലെ മേല്‍ത്തട്ടുകാരായ ഈഴവരായിരുന്നല്ലോ. ബ്രാഹ്മണ യജമാനന്റെ മുന്നില്‍ ആത്മാഭിമാനത്തെ കെടുത്തുംവിധം നട്ടെല്ലുവളച്ച് തല കുമ്പിട്ടുനിന്ന് ദാസ്യപ്പണി ചെയ്തതിന്റെ അപമാനഭാരം മുഴുവന്‍ അറിഞ്ഞോ അറിയാതെയോ നായന്മാര് ഈഴവരുടെ മേല്‍ മര്‍ദ്ദനരൂപത്തിലും മറ്റും ഇറക്കിവെച്ച് ഒരു പ്രകാരത്തില്‍ ആശ്വാസം തേടുകയായിരുന്നു. നായന്മാര് താണജാതിക്കാരോട് ചെയ്തുകൊണ്ടിരുന്ന നിര്‍ദ്ദയമായ പെരുമാറ്റം കണ്ട് ദുഃഖിതനായ സര് സി. ശങ്കരന്‍നായര്‍ തന്റെ പേരിനോടുള്ള ജാതിനാമം ചേര്‍ക്കുന്നതില്‍ ലജ്ജിച്ചുവത്രെ28. ആചാരവാക്കൊന്നു പിഴച്ചാല്‍, തീണ്ടാപ്പാട് അകലം തെറ്റിയാല്‍, പണിയില്‍ അമാന്തം ഭവിച്ചാല്‍, വിലക്കപ്പെട്ട ആടയാഭരണങ്ങള്‍ അണിഞ്ഞാല്‍; കാലോ, കൈയോ, ശിരസോ അറ്റുപോയെന്നുവരും – കുടിലോ, കുടിയിടമോ, സ്ത്രീയുടെ മാനമോ നഷ്ടപ്പെട്ടെന്നുംവരാം. അധഃകൃതരായ പുലയ, പറയ, നായാടി തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ജനതയുടെ ജീവിതമായിരുന്നു ഏറ്റവും ദയനീയം. വരേണ്യരുടെ ഭാഷയില്‍ ചണ്ഡാലവര്‍ഗ്ഗത്തില്‍പ്പെട്ട നീചജാതികള്‍! ഭൂമിയിലെ ഏറ്റവും വലിയ പാപികള്‍! ഉഴവുനിലങ്ങളിലും വനാന്തരങ്ങളിലും പാര്‍ത്ത് നരകജീവിതം നയിച്ച് തുലയേണ്ടവര്‍. കന്നുകാലികളെപ്പോലെ വിനിമയം ചെയ്യപ്പെട്ട – മൃഗങ്ങള്‍ക്ക് കിട്ടുന്ന പരിഗണന പോലും ലഭിക്കാതെപോയ – ഒരു തുണ്ടുഭൂമി സ്വന്തമായി ഇല്ലാതിരുന്ന നിസ്വരും ദരിദ്രരും അര്‍ദ്ധനഗ്നരും നിരക്ഷരരുമായ കാര്‍ഷിക അടിമവര്‍ഗ്ഗം. പുലയന്, കണക്കന്, ഒരാളന്, ഏറാളന്‍, കൂടാന്‍, ആലന്, പറമ്പന്‍ തുടങ്ങി മുപ്പത്തിയേഴ് ജാതികള്‍ ചേര്‍ന്നതായിരുന്നു ചെറുമര്. കേരളത്തിലെ ‘നാട്ടുനീചവിഭാഗ’ത്തില്‍പ്പെടുന്നവരാണ് പറയര്. കുട്ടയും പായും മുറവും നെയ്യുകയാണ് പറയരുടെ മുഖ്യതൊഴില്‍. കേരളത്തിലെ ഒരു പ്രധാന ജാതിസമൂഹമാണ് പുലയരുടേത്. തെക്കന്‍ കേരളത്തില്‍ തണ്ടപുലയര്‍ എന്ന ഒരു ഉപവിഭാഗമുണ്ട്. വയല്‍പ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന ജാതിസമൂഹമാണ് പുലയരുടേത്. ജന്മനാ ഒരാള്‍ അടിമയായിത്തീരുന്ന പ്രതിഭാസം ഇവിടെ നിലനിന്നു. ‘അടിമത്തം 19ാം നൂറ്റാണ്ടില്‍ത്തന്നെ നിരോധിക്കപ്പെട്ടിരുന്നുവെന്ന ചരിത്രവസ്തുത നിലനില്‍ക്കുമ്പോഴും പുലയര്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ ഐച്ഛികദാസ്യവൃത്തിയോ നിര്‍ബന്ധിത ദാസ്യവൃത്തിയോ തുടര്ന്നുപോന്നിരുന്നുവെന്ന സത്യം അവശേഷിക്കുന്നു’29.
ഡോ. എ. അയ്യപ്പന് പറയുന്നതുപോലെ, കേരളത്തിലെ ജാതിവ്യവസ്ഥ ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ സ്ഥാപിതമായ ജാതിവ്യവസ്ഥയേക്കാള്‍ ക്രൂരവും സമ്പൂര്‍ണ്ണവുമായിരുന്നു. ഓരോ ജാതിക്കാരനും ബ്രാഹ്മണരില്‍ നിന്നും ഇത്ര ദൂരം മാറിനില്ക്കണമെന്നുവരെ ഇവിടെ ചട്ടമുണ്ടാക്കുകയും അത് കര്‍ശനമായി പാലിക്കപ്പെടുകയും ചെയ്തു. ബ്രാഹ്മണനില്‍ നിന്നും രാജാവ് നാല് അടിയും അമ്പലവാസി ആറ് അടിയും നായര്‍ പന്ത്രണ്ട് – പതിമൂന്ന് അടിയും തീയ്യര്‍/ഈഴവര്‍ ഇരുപത്തിനാല് അടിയും മുക്കുവര്‍ /വാലര്‍ നാല്പത് – അറുപത് അടിയും പുലയരും പറയരും അറുപത് അടിയും നായാടി നൂറ് അടിയും ദൂരെ മാറിനില്ക്കണമായിരുന്നു. എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ ജാതിവ്യവസ്ഥ രൂപപ്പെട്ട കാലത്തെ30 തീണ്ടല്‍പ്പാട് അകലമായിരുന്നു ഇത്. സാമൂഹിക – രാഷ്ട്രീയ മണ്ഡലങ്ങളില്‍ ബ്രാഹ്മണാധിപത്യം സുസ്ഥാപിതവും ശക്തവുമാകുന്ന പന്ത്രണ്ടാം ശതകമാവുമ്പോള് തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ചില ജാതികളെ സംബന്ധിച്ചിടത്തോളം ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ള സ്ഥിതിയിലേക്ക് വളര്‍ന്നിരുന്നു31. അധഃകൃത പിന്നോക്കജാതികളെ അടിച്ചമര്‍ത്തി, അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ഠിതമായി വികസിച്ച ബ്രാഹ്മണമേധാവിത്വം പതിനഞ്ചാം നൂറ്റാണ്ടുവരെ കേരളത്തില്‍ താണ്ഡവനൃത്തമാടി. പി.കെ. ഗോപാലകൃഷ്ണന് അക്കാലത്തെപ്പറ്റി എഴുതുന്നതുകാണുക: ‘ഋഗ്വേദകാലം മുതല്‍ ബ്രാഹ്മണന് വിഭാവനം ചെയ്ത ആ ഭൂദേവസ്ഥാനം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ എപ്പോഴെങ്കിലും എവിടെയെങ്കിലും സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ടെങ്കില് ഇത് പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള കേരളത്തിലായിരുന്നു’32.
അനേകം ജാതികളും ഉപജാതികളുമടങ്ങിയ ഒരു സമൂഹമായിരുന്നു കേരളം. ശങ്കരാചാര്യരാല്‍ വിരചിതമെന്ന് ചിലര്‍ വിശ്വസിക്കുന്ന ‘ജാതിനിര്‍ണ്ണയ’ത്തില്‍ 64 ജാതികളുള്ളതായി മേല്‍ സൂചിപ്പിച്ചിരുന്നല്ലോ. അതിങ്ങനെയായിരുന്നു: ബ്രാഹ്മണജാതി എട്ട്, ന്യൂനജാതി രണ്ട്, അന്തരാളജാതി പന്ത്രണ്ട്, ശൂദ്രജാതി പതിനെട്ട്, ശില്പ്പിജാതി ആറ്, പതിതജാതി പത്ത്, നീചജാതി എട്ട്, അവരില്‍ മലനീചന്മാർ നാല്, നാട്ടുനീചന്മാർ നാല്. ഏറ്റവും അധികം ഉപജാതികളുണ്ടായിരുന്നത് നായര്‍ സമുദായത്തിലായിരുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതിന് ചില ഊഹാപോഹങ്ങളല്ലാതെ ശരിയായ ഉത്തരം ആരും കണ്ടെത്തിയിട്ടില്ല. തിരുവിതാംകൂറില്‍ നൂറ്റിമുപ്പതും ബ്രിട്ടീഷ് മലയാളത്തില്‍ നൂറ്റിമുപ്പത്തിഎട്ടും33 കൊച്ചിയില്‍ അമ്പത്തിയഞ്ചും നായര്‍ അവാന്തരവിഭാഗങ്ങളുണ്ടായിരുന്നു. 1901 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലാകെ നൂറ്റിപതിനേഴ് നായര്‍ ഉപജാതികളാണുണ്ടായിരുന്നത്. പിന്നീട് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി – ജാതിവാലുകളില്‍ ഭിന്നതകളുണ്ടെങ്കിലും – എല്ലാ അവാന്തരവിഭാഗങ്ങളും ഏകീകരിക്കപ്പെട്ടു. മേനോനും കുറുപ്പും നമ്പ്യാരും അടിയോടിയും കിടാവും കൈമളും പണിക്കരും പലതരം പിള്ളമാരും ഇന്ന് നായരാണ്. ജന്മം കൊണ്ടല്ല, സംഘടനാംഗത്വം കൊണ്ട് 34.
കൊല്ലത്തിനുതെക്ക് ഈഴവരെന്നും കൊല്ലത്തിനപ്പുറം ചോവരെന്നും കൊച്ചിയ്ക്ക് വടക്ക് തീയ്യരെന്നും കാസര്‍കോട്ടും തുളുനാട്ടിലും ബില്ലവരെന്നും അറിയപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ ജനസമൂഹമാണ് ഈഴവര്‍. കൊച്ചി സെന്‍സസ്സ് പ്രകാരം ഈഴവര്‍ മൂന്ന് തരമാണ്. പാണ്ടി ഈഴവര്‍, മലയാളം ഈഴവര്‍, വടക്കേ മലബാറിലെ തീയ്യര്‍35. ഈഴവര്‍/തീയ്യര്‍ സിലോണില്‍ നിന്നും വന്നവരാണെന്നും അല്ലെന്നും വാദമുണ്ട്. എം.ജി.എസ്. നാരായണന് സിലോണ്‍ പക്ഷക്കാരനാണ്36. കൃഷി, കച്ചവടം, വൈദ്യം, നെയ്ത്ത് എന്നിവയായിരുന്നു പ്രധാന തൊഴിലുകള്‍. മലബാറില്‍ ആയോധനവിദ്യയില്‍ ഏര്‍പ്പെട്ട ചേകവന്മാരും തെക്കന്‍ കേരളത്തില്‍ രാജാക്കന്മാരുടെ കീഴില്‍ സൈനികവൃത്തിയനുഷ്ഠിച്ച ഈഴവരുമുണ്ടായിരുന്നു. ഒരു ചെറു ന്യൂനപക്ഷം തെങ്ങ് ചെത്ത് തൊഴിലായി സ്വീകരിച്ചിരുന്നു. മിക്ക സവര്ണ്ണചരിത്രകാരന്മാരും മത്സരബുദ്ധിയോടെ ഈഴവരുടെ മുഖ്യതൊഴിലായി ചെത്തിനെ ചിത്രീകരിച്ചുകാണാം. സവര്ണ്ണരചനകളെ പിന്തുടര്‍ന്ന പരദേശികളും വിദേശികളുമായ ചരിത്രകാരന്മാരും തെറ്റിദ്ധാരണ പരത്തുന്നതില്‍ പങ്കാളികളായിട്ടുണ്ട്. ചില സെന്‍സസ്സ് റിപ്പോര്‍ട്ടുകളില്‍ നിന്നും സത്യം തിരിച്ചറിയാനാവും. – 1872 ലെയും 1911 ലെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക. കേരളത്തിലെ ബഹുഭൂരിപക്ഷം ഈഴവരും ‘ചെത്തി’ നടന്നിരുന്നുവെങ്കില്‍ പരശുരാമന് മഴുവെറിഞ്ഞ് കടലില്‍ നിന്നും സ്വായത്തമാക്കിയ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നേ കള്ളില്‍ മുങ്ങിത്താഴുമായിരുന്നു. ‘ബ്രാഹ്മണരുടെ കാഴ്ചപ്പാടില്‍ ഹിന്ദുക്കളോ കേരളീയരോ അല്ലാത്ത തീയ്യ – ഈഴവജാതിക്കാര്‍ ബ്രിട്ടീഷ് ഭരണകാലത്തുമാത്രമാണ് ഹിന്ദുവായി കണക്കാക്കാന്‍ തുടങ്ങിയത്. അതുവരെയും അവര്‍ ഒരു അഹൈന്ദവ ജാതിയായിട്ടാണ് കഴിഞ്ഞുകൂടിയതും പരിഗണിക്കപ്പെട്ടതു’37മെന്ന നിരീക്ഷണത്തില്‍ കഴമ്പുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ ഈഴവരെ ബൗദ്ധര് എന്നാണല്ലോ അദ്ദേഹത്തിന്റെ തുള്ളല്‍കൃതികളില്‍ വിശേഷിപ്പിക്കുന്നത്.
ജാതിവിവേചനം സര്‍ക്കാരിന്റെ നികുതിപിരിവിലും നീതിന്യായവ്യവസ്ഥയിലും പ്രകടമായിരുന്നു. നാട്ടിലെ ജന്മികളും ധനികരും സവര്ണ്ണരായിരുന്നുവെങ്കിലും, നികുതി ഇനത്തില്‍ സര്‍ക്കാരിന്റെ ഭണ്ഡാരം നിറക്കേണ്ട മുഴുവന്‍ ബാധ്യത അവര്ണ്ണര്ക്കായിരുന്നു. അധഃകൃതപിന്നോക്ക വിഭാഗങ്ങളുടെ അവയവങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും പണിയായുധങ്ങള്‍ക്കും വിശേഷപ്പെട്ട ചടങ്ങുകള്‍ക്കുമെല്ലാം നികുതി ചുമത്തിയിരുന്നു. മുലക്കരം, തലക്കരം, ഏണിപ്പണം, വലപ്പണം എന്നിങ്ങനെ എത്രയെന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം നികുതികള്‍ ഏര്‍പ്പെടുത്തിയിരുന്നതായി, 1865 ല്‍ 105 തരം നികുതികള്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതില്‍ നിന്നും ഗ്രഹിക്കാം. മുലക്കരത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലക്കാരി നങ്ങേലി എന്ന യുവതി കരം പിരിക്കാന്‍ ചെന്ന പ്രവര്‍ത്യാരുടെ മുന്നില്‍ മുലയരിഞ്ഞുവച്ച സംഭവം (1803) പ്രസിദ്ധമാണ്. നീണ്ടകാലത്തെ മേല്‍മുണ്ട് പ്രക്ഷോഭത്തിനുശേഷം 1859 ല്‍ താണജാതിക്കാര്ക്ക് മാറുമറയ്ക്കാന്‍ അനുമതി ലഭിച്ച കാലത്തുമാത്രമാണ് മുലക്കരം നിര്‍ത്തലാക്കിയത്. നികുതിപ്പണത്തില്‍ ഏറിയപങ്കും ബ്രാഹ്മണരെ ഊട്ടുന്നതിനും ക്ഷേത്രത്തിലെയും രാജകൊട്ടാരത്തിലെയും ചടങ്ങുകളും ആചാരങ്ങളും നിര്‍വഹിക്കുന്നതിനുമായിരുന്നു വിനിയോഗിച്ചത്. ജാതിമത ഭേദമന്യേ എല്ലാവരില്‍നിന്നും നികുതിപിരിക്കുന്ന നയം നടപ്പിലാക്കിയത് കേണല്‍ മണ്‍റോയുടെ ദിവാന് ഭരണകാലത്തായിരുന്നു (1811 – 1814).
നീതിപരിപാലനവും ശിക്ഷാക്രമവും ജാതിനോക്കിയായിരുന്നു. കൊലപാതകമുള്‍പ്പെടെ ഏതുകുറ്റം ചെയ്താലും ബ്രാഹ്മണര്‍ക്ക് വധശിക്ഷ നല്‍കിയിരുന്നില്ല. നാടുകടത്തുകയോ ഏതെങ്കിലും പിഴ ചുമത്തുകയോ ആയിരുന്നു ശിക്ഷാനടപടി38. എന്നാല്‍ മറ്റുള്ളവരുടെമേല്‍ പ്രാകൃതവും ബീഭത്സവുമായ ശിക്ഷാനടപടികളായിരുന്നു സ്വീകരിച്ചത്. കുറ്റം തെളിയിക്കാനുള്ള രീതിയും വിവേചനപരമായിരുന്നു. മണ്‍റോയുടെ കാലത്ത് ‘ചട്ടവരിയോലകള്‍’ നിര്‍മ്മിക്കുകയും നീതിന്യായക്കോടതികള്‍ സ്ഥാപിക്കുകയും ചെയ്തെങ്കിലും, ജാതിഭേദവും കീഴ്വഴക്കവും ആചാരങ്ങളും നോക്കിത്തന്നെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നീതിന്യായവും ശിക്ഷാവിധികളും നടത്തിപ്പോന്നു.
കേരളീയ ജാതിവ്യവസ്ഥയ്ക്കുള്ളിലെ വിഭിന്ന ജാതികളുടെയും ഉപജാതികളുടെയും ഇടയില്‍ നിലനിന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളും വിവേചനങ്ങളും മര്‍ദ്ദനങ്ങളും ചൂഷണങ്ങളുമെല്ലാം ഇവിടെ പ്രതിപാദിച്ചിട്ടില്ല. അതിനൊരു പ്രത്യേകഗ്രന്ഥം തന്നെ എഴുതേണ്ടിവരും. ഇവിടെ എടുത്തുപറയേണ്ട ഒരു വസ്തുത ഹിന്ദുക്കളിലെ ജാതിവ്യവസ്ഥ മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും സ്വാധീനിച്ചു വെന്നതാണ്. പി. ഭാസ്കരനുണ്ണി പ്രസ്താവിക്കുന്നതുപോലെ, ‘മുസ്ലീങ്ങളില്‍ അയിത്തം ഉണ്ടായിരുന്നില്ല. ജാതിസംബന്ധമായ സമത്വാസമത്വങ്ങള്‍ പ്രകടമായിരുന്നു. സുറിയാനികള്‍, കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്റുകള്‍, ചോവക്രിസ്ത്യാനികള്, പെല ക്രിസ്ത്യാനികള്‍ അങ്ങനെ രേഖകളില്പ്പെട്ടില്ലെങ്കിലും അസമത്വങ്ങളുടെ ജാതിതിരിച്ചുള്ള പട്ടിക ക്രിസ്തുമതാവലംബികള്ക്കിടയിലുണ്ടായിരുന്നു. തീണ്ടല് ഈ മതങ്ങളെ ബാധിച്ചിരുന്നില്ല’39. ഇക്കാര്യത്തില്‍ ക്രൈസ്തവരെ സംബന്ധിച്ച് ദലിത്ബന്ധു എന്‍.കെ. ജോസിന് പറയാനുള്ളത് മറ്റൊന്നാണ്. അദ്ദേഹം എഴുതുന്നതുകാണുക: ‘യൂറോപ്യന്‍ മിഷണറിമാരുടെ ആഗമനത്തിന് മുമ്പും ഇവിടെ ക്രൈസ്തവരുണ്ടായിരുന്നു. പക്ഷെ അവര്‍ ഇവിടുത്തെ അധഃകൃതരെയും അവര്‍ണ്ണരെയും പുച്ഛത്തോടുകൂടിയാണ് വീക്ഷിച്ചുപോന്നത്. നസ്രാണിമാര്, മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍, സുറിയാനിക്കാര്‍ എന്നെല്ലാമുള്ള പേരുകളില്‍ അറിയപ്പെട്ടിരുന്ന അവര്‍ ഇവിടെ ബ്രാഹ്മണര്‍ സൃഷ്ടിച്ചുവച്ച ജാതിവ്യവസ്ഥയുടെ തന്നെ ഒരു ഭാഗമായിരുന്നു. തീണ്ടലും തൊടീലും ഒരു പരിധിവരെ അവരും ആചരിച്ചുപോന്നു. തങ്ങള്‍ അവര്ണ്ണരല്ലെന്നും നമ്പൂതിരി മാനസാന്തരപ്പെട്ടതിന്റെ പിന്‍തലമുറക്കാരാണെന്നും സ്വയം കൊട്ടിഘോഷിച്ചു. അവര്‍ണ്ണരില്‍ ക്രൈസ്തവ സന്ദേശം പ്രചരിപ്പിക്കുകയോ അവരില്‍ ആരെയെങ്കിലും സ്വന്തം സമൂഹത്തില്‍ ചേര്‍ക്കുകയോ ചെയ്താല്‍ തങ്ങള്‍ക്ക് ജാതിവ്യവസ്ഥയില്‍ ലഭിച്ചിരിക്കുന്ന സ്ഥാനം നഷ്ടപ്പെടുമെന്നുള്ള മിഥ്യാബോധമാണ് അവരെ ഭരിച്ചിരുന്നത്. വല്ലപ്പോഴുമൊരിക്കല്‍ നമ്പൂതിരി സമുദായത്തില്‍ നിന്നും വ്യഭിചാരകുറ്റത്തിന് പുറംതള്ളപ്പെടുന്നവരെ സ്വീകരിച്ച് സ്വന്തം സമുദായത്തില്‍ ചേര്‍ക്കുന്ന മിഷണറി പ്രവര്‍ത്തനം നടത്തി സംതൃപ്തിപൂണ്ടവര് കഴിഞ്ഞുപ്പോന്നു. വിളക്ക് കത്തിച്ച് അവര്‍ പതിനഞ്ചുനൂറ്റാണ്ടുകാലം പറയുടെ കീഴില്‍ വച്ചു. അടിമകള്‍ ക്രിസ്തുമതത്തില്‍ ചേരുന്നതിന് നായരും സുറിയാനിക്കാരും എതിരായിരുന്നുവെന്ന് 1885 -ല്‍ ചര്‍ച്ച് മിഷണറി സൊസൈറ്റിക്കാര് എഴുതിയിട്ടുണ്ട്’40. ആദ്യകാലത്ത് അവശസമുദായങ്ങളുമായി സി.എം.എസ്സിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും 1854 വരെ അവര്‍ പുലയരെ മാനസാന്തരപ്പെടുത്തിയില്ലെന്നും എന്‍.കെ. ജോസ് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ശരിവയ്ക്കുന്നതാണ് കേരളത്തിലെ പള്ളികളിലെ ജാതിയെക്കുറിച്ച് നൈനാന് കോശി എഴുതിയ പഠനത്തിലെ നിരീക്ഷണങ്ങള്‍41. ജാതിതിരിച്ചുള്ള സഭകളെയും ആരാധനാകേന്ദ്രങ്ങളെയും സെമിത്തേരികളെയും അവരുടെ പരസ്പരബന്ധങ്ങളെയും സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസനിലകളെയും ഭരണസംവിധാനങ്ങളെയും മറ്റും പറ്റി കണക്കുകള്‍ നിരത്തി അതില്‍ വിശദമാക്കുന്നുണ്ട്.
1934 – ല്‍ കേരളം സന്ദര്‍ശിച്ച ഗാന്ധിജി ക്രിസ്ത്യാനികള്‍ക്കിടയിലെ അയിത്താചാരത്തെ വിമര്‍ശിക്കുകയുണ്ടായി. ക്രിസ്തുമതവും അയിത്തവും തമ്മില്‍ യോജിക്കുന്നതു തനിയ്ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ‘ക്രിസ്ത്യാനികളും അയിത്തവും’ എന്ന മുഖപ്രസംഗത്തില്‍ കെ.സി.മാമന്‍മാപ്പിള സൂചിപ്പിക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ ഈ മനോഭാവത്തിനുകാരണമായി മാമന്‍മാപ്പിള കാണുന്നത് ഇതാണ്: ‘സവര്‍ണ്ണഹിന്ദുക്കളുടെ ഇടയില്‍ സംഖ്യാബലം കൊണ്ടും ധനശക്തികൊണ്ടും എത്രയും നിസ്സാരമായ ഒരു സ്ഥിതിയെ മാത്രം അര്‍ഹിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് ലഭ്യമായ സാമൂഹികസ്ഥിതിപോലും നഷ്ടപ്പെട്ടുപോകാതിരിക്കണമെന്നിരുന്നാല് അധഃകൃതരാദിയായവരുമായി സമ്പര്‍ക്കം ചെയ്യാണ്ടിരിക്കേണ്ടത് ആവശ്യമായിത്തീര്ന്നുപോയതാണ്’42. വാസ്തവത്തില്‍ സംഖ്യാബലവും ധനശക്തിയുമായിരുന്നില്ല കാരണം. സവര്‍ണ്ണരില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരെന്ന് അഭിമാനിക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ മിഥ്യാബോധമാണ് അവരുടെ അയിത്തമനോഭാവത്തിന് അടിസ്ഥാനഹേതുവായി വര്‍ത്തിച്ചത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും ജാതിപീഡനത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ച അധഃകൃതവിഭാഗത്തില്പ്പെടുന്നു. അടിമകളെക്കാളേറെ ഈഴവരെയും തീയ്യരെയും തങ്ങളുടെ മതത്തിലേക്ക് സ്വീകരിക്കുവാനായിരുന്നു നാട്ടുക്രിസ്ത്യാനികളും മിഷണറിമാരും ഒരുപോലെ താല്പര്യം പ്രകടിപ്പിച്ചതെന്ന് എന്‍.കെ.ജോസ് മനസ്സിലാക്കുന്നു43. തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളിലെ ക്രിസ്ത്യാനികളില്‍ പകുതിമുക്കാലും ഈഴവരാണെന്നും തീയ്യരും ക്രിസ്ത്യാനികളും തമ്മില്‍ ഇഞ്ചിയും ചുക്കുമായിട്ടുള്ള വ്യത്യാസം മാത്രമേയുള്ളൂവെന്നും ഈഴവരുടെ മതംമാറ്റത്തില്‍ മിഷണറിമാരോടെന്നതിനേക്കാള് കേരളത്തിലെ നാട്ടുരാജ്യങ്ങളോടാണ് കടപ്പെട്ടിരിക്കുന്നതെന്നുമുള്ള ഒരു വാദം മിതവാദി സി.കൃഷ്ണന് ഉയര്‍ത്തിയിട്ടുണ്ട്44. ഇതില്‍ മൂന്നാമത്തെ വാദം, മതപരിവര്‍ത്തനം ചെയ്തവരെ സംബന്ധിച്ച് ശരിയാണെങ്കിലും ആദ്യത്തെ രണ്ട് വാദങ്ങളും വിശ്വാസയോഗ്യങ്ങളല്ല. ചോവന്മാരില് നിന്നും മതംമാറ്റുന്നതിനേക്കാള് എളുപ്പമാണ് ബ്രാഹ്മണരില്‍ നിന്ന് ഒരാളെ മാറ്റുന്നതെന്ന് ഒരു സി.എം.എസ്. മിഷണറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഓര്‍ക്കുക45. റോബിന് ജെഫ്രി പറയുന്നതുപോലെ, പൊതുവില്‍ സുറിയാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും അവര്‍ണ്ണഹിന്ദുക്കളുടെ സാമീപ്യം പ്രതിഷേധാര്‍ഹമായിരുന്നു46