ഇടിഞ്ഞുതാഴുന്നു ഭൂമിയുടെ നെഞ്ചകം

കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ കാലാവസ്ഥാവ്യതിയാനം മൂലം അടിക്കടിയുണ്ടാകുന്ന പ്രളയവും, ഉരുള്‍പൊട്ടലുമെല്ലാം നമ്മെ ഓര്‍മപ്പെടുത്തുന്നത്, ജോഷിമഠ് ഇന്നനുഭവിക്കുന്നത് പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒട്ടും അകലെയല്ല എന്നാണ്. അശാസ്ത്രീയമായ ഭൂവിനിയോഗവും, വികസനകാഴ്ചപ്പാടുമൊക്കെ നമ്മെയും അങ്ങനെയൊരു അവസ്ഥയിലേക്കാണ് എത്തിക്കുവാന്‍ പോകുന്നതെന്നതില്‍ സംശയം വേണ്ട

ഈ വര്‍ഷം ആദ്യം നമ്മെ തേടിയെത്തിയ വാര്‍ത്തയായിരുന്നു ജോഷിമഠിലേത്. രാജ്യത്തെ ഏറ്റവും പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നായ ബദരീനാഥിലേക്കുള്ള കവാടമായ ജോഷിമഠ് ഇടിഞ്ഞുതാഴ്‌ന്നുകൊണ്ടിരിക്കുന്നു. കാരണങ്ങളില്ലാതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല ജോഷിമഠിലെ ഈ പ്രതിസന്ധി. ഇവിടെയുണ്ടാകുന്ന ഭൂമിസംബന്ധമായ പ്രശനങ്ങള്‍ക്ക് അന്‍പതുവര്‍ഷങ്ങളിലധികം പഴക്കമുണ്ട്. എന്തുതന്നെയായാലും അവിടം ഇപ്പോള്‍ പരിഭ്രാന്തിയുടെ നിഴലിലാണ്. കെട്ടിടങ്ങള്‍ ഓരോന്നായി വിണ്ടുകീറുന്നു. മലഞ്ചെരിവുകള്‍ ഇടിയുന്നു. ഭൂമി പിളര്‍ന്നുതാഴുന്നു. ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയ ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് കഴിഞ്ഞ രണ്ടാഴ്ചയില്‍ ജോഷിമഠ് 5.4 സെന്റീമീറ്റര്‍ വരെ താഴ്‌ന്നു എന്നാണ്. കേന്ദ്ര ബില്‍ഡിങ് ഗവേഷണസ്ഥാപനം(CBRI) എഴുന്നൂറിലധികം കെട്ടിടങ്ങളില്‍ നിന്നും താമസക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്താണ്, എവിടെയാണ്
ജോഷിമഠ്

ഉത്തരാഖണ്ഡ് എന്ന സംസ്ഥാനത്തിന്റെ വടക്കുഭാഗത്തായി ചമോലി എന്ന ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 1875 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ജോഷിമഠ്. ഗംഗാനദിയുടെ കൈവഴികളായ അളകനന്ദ, ഡൗലിഗംഗ എന്നിവയൊഴുകുന്നത് ഇതുവഴിയാണ്. ഹിമാലയത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ തുടക്കം ഇവിടെനിന്നാണ്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇവിടെയുള്ള ഒരു ഹിമാനി തകരുകയും, അതിന്റെ ഫലമായി വലിയ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തു. ആ സമയത്താണ് വീടുകളില്‍ വിള്ളല്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. വെള്ളപ്പൊക്കത്തിന്റെ ഫലമായാണ് അതുണ്ടായതെന്ന ചിന്തകള്‍ക്കുമേല്‍ കഴിഞ്ഞ ജനുവരിയില്‍ ഒന്‍പതിനായിരത്തിലധികം വീടുകളില്‍ ഉണ്ടായ വലിയ വിള്ളലുകള്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയുമാണുണ്ടായത്.

താഴെ പാറയല്ല,
ചെളിയാണ്

ഹിമാലയന്‍ പ്രദേശങ്ങള്‍ പൊതുവെ എല്ലാം തന്നെ പാറക്കെട്ടുകളാലോ, അതിന്റെ മുകളിലോ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ജോഷിമഠ് അത്തരത്തില്‍ പാറയുടെ മുകളിലായി രൂപപ്പെട്ട പ്രദേശമല്ല.പണ്ടെങ്ങോ സംഭവിച്ച മണ്ണിടിച്ചിലുകളുടെ ഭാഗമായി ഒഴുകിവന്ന പാറക്കഷണങ്ങളുടെയും, ചെളിയുടെയും മുകളിലാണ് ഈ പ്രദേശം ഉയര്‍ന്നുവന്നിരിക്കുന്നത്. അതായത്, ഉറപ്പ് തീരെയില്ലാത്ത ചെളിയുടെ മുകളിലാണ് ജോഷിമഠ് നിലനില്‍ക്കുന്നത്. അവിടെ ഒരു പട്ടണത്തിന് ആവശ്യമായ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുവാന്‍ കഴിയില്ല എന്നര്‍ത്ഥം. ഇതിനൊപ്പം ഭൂഗര്‍ഭജലം അനിയന്ത്രിതമായി ചൂഷണം ചെയ്തതും ഭൂമിയില്‍ വിള്ളലുകള്‍ ഉണ്ടാക്കി, അത് ഇടിഞ്ഞുതാഴുവാന്‍ കാരണമായിട്ടുണ്ട്.

ഭൂമിയെ അറിയാത്ത
വികസനം

നമ്മുടെ നഗര വികസനങ്ങള്‍ക്ക് എന്നും ഒരൊറ്റ ദിശയേയുള്ളൂ. കെട്ടിയുയര്‍ത്തപ്പെടുന്ന സൗധങ്ങള്‍. അതിനുപിന്നില്‍ ഭൂമി, മണ്ണ്, പ്രകൃതി എന്നിവയെയൊന്നും പരിഗണിക്കുകയെന്ന പൊതുവായതും, അടിസ്ഥാനപരവുമായ കാര്യങ്ങള്‍ അനുവര്‍ത്തിക്കുന്നില്ല. ഭൂമിയെ അറിയാതെയുള്ള ഒരു വികസനവും സുസ്ഥിരമല്ല എന്ന് ഒന്നുകൂടി വിളിച്ചോതുകയാണ് ജോഷിമഠ്.

ജോഷിമഠില്‍ വലിയ അളവില്‍ നടക്കുന്ന അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇവിടെ വില്ലനായിരിക്കുന്നത്. കേദാര്‍നാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന ‘ചാര്‍ധാം ഹൈവേ’ നിര്‍മ്മാണപദ്ധതി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്. ഈ പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനങ്ങള്‍ പദ്ധതിയെ അനുകൂലിക്കുന്ന തരത്തില്‍ അല്ലായിരുന്നെങ്കിലും ഇതിനെ അനുകൂലിക്കുന്നവരും സര്‍ക്കാരും അതിനെ കണക്കിലെടുക്കാതെയാണ് മുന്നോട്ടുപോയത്. പിന്നീട് സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ അനുമതിയും നേടിയെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കേസ് സുപ്രീംകോടതിയില്‍ എത്തിയെങ്കിലും സര്‍ക്കാര്‍ രാജ്യസുരക്ഷ സംബന്ധിച്ച വാദങ്ങളാണ് ഉന്നയിച്ചത്. ചൈനയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ പെട്ടെന്ന് എത്താന്‍ പറ്റുന്ന പാത സേനയ്ക്ക് ആവശ്യമാണെന്നതായിരുന്നു സര്‍ക്കാര്‍ വാദം. അതിന്റെ ഭാഗമായി ആ പദ്ധതിയ്ക്ക് അനുമതി ലഭിച്ചു.

ഈ പദ്ധതിയുടെ ദൈര്‍ഘ്യം 889 കിലോമീറ്റര്‍ ആണ്. ചെലവാകട്ടെ 11,700 കോടിയും. 15 ഫ്ളൈഓവറുകള്‍, 101 പാലങ്ങള്‍, 3596 കള്‍വര്‍ട്ടുകള്‍, 12 ബൈപ്പാസ് റോഡുകള്‍ ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കേണ്ടിവരും. തീര്‍ഥാടകരെ ലക്ഷ്യമിട്ട് ഋഷികേശ് മുതല്‍ കര്‍ണ്ണപ്രയാഗ് വരെ 126 കിലോമീറ്റര്‍ നീളത്തില്‍ പദ്ധതിയിടുന്ന ചാര്‍ധാം റെയില്‍വേ പദ്ധതിയും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇതിനൊക്കെവേണ്ടി 105 കിലോമീറ്ററോളം ദൂരത്തിലാണ് ടണലുകള്‍ നിര്‍മ്മിക്കേണ്ടിവരുന്നത്.

വിദഗ്ദ്ധര്‍ക്ക് ചെവികൊടുക്കാതെ
പോകുമ്പോള്‍

ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ മുമ്പ് ഭൂശാസ്ത്ര വിദഗ്ദ്ധര്‍ കൃത്യമായ പഠനത്തിന്റെ സഹായത്തോടെയുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ ജോഷിമഠിന്റെ മണ്ണില്‍ പാടില്ലെന്നും, അത് പര്‍വ്വതത്തിന്റെ പരിസ്ഥിതിയെ അപ്പാടെ തകിടം മറിക്കുമെന്നും വലിയതോതില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവരെയെല്ലാം വികസനവിരോധികള്‍ എന്ന് മുദ്രകുത്തി പാര്‍ശ്വവല്‍ക്കരിക്കുകയാണുണ്ടായത്.

അന്‍പതുവര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ജോഷിമഠിന്റെ പരിസ്ഥിതിലോലമായ അവസ്ഥ അധികൃതര്‍ മനസ്സിലാക്കിയിരുന്നു. 1970 ല്‍ അളകനന്ദ നദി കരകവിഞ്ഞപ്പോള്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പുനല്‍കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 1976 ല്‍ മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘത്തെ വിഷയത്തെപ്പറ്റി പഠിക്കുവാന്‍ നിയമിച്ചു. അവരുടെ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ഇവയാണ്. ‘ജോഷിമഠ് സ്ഥിതിചെയ്യുന്നത് ഭൗമാന്തര്‍ഭാഗത്തുനിന്നും ഉറവെടുത്തിരിക്കുന്ന പ്രധാന പാറയുടെ മുകളില്‍ അല്ല. മറിച്ചു ദുര്‍ബ്ബലമായ കല്ലും, മണ്ണും നിറഞ്ഞ ഒരു പാളിയിലാണ്. അതിനാല്‍ ഈ പ്രദേശം ഒരു പട്ടണത്തിന് യോജിച്ചതല്ല’. മാത്രമല്ല പട്ടണത്തില്‍ ഉണ്ടായേക്കാവുന്ന ഗതാഗതപ്രശ്‌നങ്ങള്‍, അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവമൂലം ഭൂതലത്തില്‍ അനുഭവപ്പെട്ടേക്കാവുന്ന പ്രകമ്പനങ്ങള്‍, വനനശീകരണം എന്നിവയൊക്കെ വലിയ തോതിലുള്ള മണ്ണിടിച്ചില്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയിക്കുകയും ചെയ്‌തേക്കാം എന്നും പരാമര്‍ശമുണ്ട്. ഇതൊന്നും സര്‍ക്കാര്‍ പരിഗണിക്കുകയുണ്ടായില്ല. അന്നത്തെ ഈ റിപ്പോര്‍ട്ട് ഇന്നും പ്രസക്തമാണെന്നതിന്റെ തെളിവാണ് വന്നുകൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ
പ്രതിഷേധം

ജോഷിമഠിലെ ജനങ്ങള്‍ സമരമുഖത്താണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി) നിര്‍മ്മിക്കുന്ന തപോവന്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കങ്ങള്‍ ജോഷിമഠിന്റെ 900 മീറ്റര്‍ ഭൂമിക്കടിയില്‍ ആണ്. അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ജനരോഷം. തുരങ്കത്തിനായുള്ള ഡ്രഡ്ജിങ്ങും, ഡ്രില്ലിങ്ങും ഭൂമിയെ പ്രകമ്പനം കൊള്ളിക്കുകയാണ്. അതിന്റെ ഫലമായാണ് കെട്ടിടങ്ങള്‍ പൊളിയുകയും, വിണ്ടുകീറുകയും ചെയ്യുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്‍.ടി.പി.സി ഗോ ബാക്ക് പോസ്റ്ററുകളാണ് എല്ലായിടങ്ങളിലും. എന്നാല്‍ എന്‍.ടി.പി.സിയാവട്ടെ അവയെല്ലാം തള്ളി. ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കാള്‍, വര്‍ഷങ്ങളായി നടന്നുകൊണ്ടിരുന്ന ഭൂമിയെ അറിയാതെയുള്ള പലതരം പ്രവര്‍ത്തികളാണ് ഇപ്പോളുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എന്‍.ടി.പി.സി അവകാശപ്പെടുന്നു. ഒപ്പം മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമിയുടെ ഭാഷ്യം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കാള്‍ കാലങ്ങളായി അവിടെസംഭവിച്ച പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലമാണ് ഇപ്പോള്‍ ഉള്ള പ്രശ്‌നങ്ങള്‍ എന്നാണ്. ഇതേക്കുറിച്ചു പഠിക്കാന്‍ ഡെറാഡൂണിലെ വാടിയ ഇന്‍സ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞര്‍ അവിടെ എത്തിയിട്ടുണ്ടെങ്കിലും അവരുടെ പ്രതികരണം അറിയാനായിട്ടില്ല.

തുരങ്കങ്ങള്‍
ബാക്കിവെക്കുന്നത്

കുന്നുകളിലും, മലകളിലും തുറന്നുകയറി പാറകള്‍ നീക്കം ചെയ്യുമ്പോള്‍ അവയ്ക്കുള്ളില്‍ മര്‍ദ്ദവ്യത്യാസം ഉണ്ടാകുന്നു. 2010 ലെ കറന്റ് സയന്‍സിലെ ഒരു പ്രബന്ധത്തില്‍ പ്രതിപാദിക്കുന്നത് 2009 ലെ തപോവന്‍ വിഷ്ണുഗഢ് എന്ന വലിയ ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഭൂമിക്കടിയിലൂടെയുള്ള തുരങ്കനിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ്. അതിലൂടെ ഓരോ ദിവസവും 70 ദശലക്ഷം ലിറ്റര്‍ വരെ പാഴായിപ്പോകാന്‍ കാരണമായി എന്നും, അതിന്റെ ഫലമായി പ്രദേശത്തെ പല ഉറവകളും വറ്റിപ്പോകുമെന്നും, കാലക്രമേണ ജോഷിമഠ് താഴ്‌ന്നുപോകാന്‍ സാധ്യതയുണ്ടെന്നും പറയുന്നുണ്ട്. ആ പ്രബന്ധം പുറത്തിറങ്ങിയിട്ട് പതിമൂന്നുവര്‍ഷം കഴിയുമ്പോളും അതിനെക്കുറിച്ചു ആഴത്തിലെ പഠനമോ, അതിനനുസരിച്ചുള്ള തീരുമാനങ്ങളോ എടുക്കാന്‍ നമുക്കായിട്ടില്ല.

കേരളവും
കരുതിയിരിക്കണം

കേരളം പരിസ്ഥിതിലോലമായ പ്രദേശമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ കാലാവസ്ഥാവ്യതിയാനം മൂലം അടിക്കടിയുണ്ടാകുന്ന പ്രളയവും, ഉരുള്‍പൊട്ടലുമെല്ലാം നമ്മെ ഓര്‍മപ്പെടുത്തുന്നത്, ജോഷിമഠ് ഇന്നനുഭവിക്കുന്നത് പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒട്ടും അകലെയല്ല എന്നാണ്. അശാസ്ത്രീയമായ ഭൂവിനിയോഗവും, വികസനകാഴ്ചപ്പാടുമൊക്കെ നമ്മെയും അങ്ങനെയൊരു അവസ്ഥയിലേക്കാണ് എത്തിക്കുവാന്‍ പോകുന്നതെന്നതില്‍ സംശയം വേണ്ട.

ജോഷിമഠ് ഇനിയെന്ത്?

ഇപ്പോള്‍ ഉണ്ടായ ഇടിഞ്ഞുതാഴലും, വിണ്ടുകീറലുമെല്ലാം പെട്ടെന്നുണ്ടായതല്ല, പകരം നീണ്ട ഒരു കാലത്തിലൂടെ നടത്തിവന്ന പരിസ്ഥിതിസൗഹൃദമല്ലാത്ത വികസനപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്. ഇതിനി കുറേനാള്‍ തുടരുകതന്നെ ചെയ്യും. അത് പൂര്‍ത്തിയാകുമ്പോള്‍ ഒരു തുലനാവസ്ഥയില്‍ എത്തിയേക്കാം. പക്ഷേ, വീണ്ടും നാം മേല്‍സൂചിപ്പിച്ചതരത്തില്‍ തന്നെയാണ് ഭൂവിനിയോഗം നടത്തുന്നതെങ്കില്‍ അത് തുടരുകതന്നെ ചെയ്തുകൊണ്ടിരിക്കാം. പ്രദേശത്തിന്റെ പ്രത്യേകതകളെ ഉള്‍ക്കൊണ്ടും, പ്രകൃതിയെ അടുത്തറിഞ്ഞുകൊണ്ടുമുള്ള വികസനത്തിന് മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് ഇനിയെങ്കിലും നാം മനസിലാക്കിയേ മതിയാകൂ.

Author

Scroll to top
Close
Browse Categories