പല്ലനയില്‍ പൊലിഞ്ഞ കാവ്യ വിസ്മയം…

കാലത്തോടൊപ്പം വളര്‍ന്ന കവിയാണ് മഹാകവി കുമാരനാശാന്‍.
‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍’
എന്ന് ഉദ്‌ബോധിപ്പിച്ച, ലോകം മുഴുവനും നെഞ്ചേറ്റി നടക്കുന്ന മഹാകവിയുടെ ആശയങ്ങള്‍ക്ക് നാളുകള്‍ കഴിയുംതോറും പ്രസക്തിഏറുകയാണ്.

മഹാകവി​ കുമാരനാശാന്റെ 99-ാം ചരമവാർഷി​കം ജനുവരി​ 16 ന്

‘ കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമഹിത മറിഞ്ഞുകൂട, യായൂ
സ്ഥിരതയുമി,ല്ലതി നിന്ദ്യമീ നരത്വം!’

മഹാകവി കുമാരനാശാനോട്,അങ്ങയുടെ കവിതകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍ ഏതെന്ന്, കൊല്ലത്തെ കേരളകൗമുദി ഓഫീസില്‍ വച്ച്, അന്ന് വിദ്യാര്‍ത്ഥിയും, പിന്നീട് മുഖ്യമന്ത്രിയുമായ ആർ.ശങ്കര്‍ ചോദിച്ചപ്പോള്‍, ആശാന്റെ ഉത്തരം, മേല്‍ ഉദ്ധരിച്ച നാലുവരി കവിതയായിരുന്നു….. ലീലയിലെ വരികളായിരുന്നു ആശാന് ഏറ്റവും പ്രിയപ്പെട്ടത്.

ജീവിതത്തില്‍ നമ്മള്‍ ചിന്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല!. ഒരു അജ്ഞാത ശക്തിയുടെ നിയന്ത്രണം എല്ലാ പ്രവര്‍ത്തനങ്ങളുടേയും പിന്നിലുള്ളതു പോലെ…..! ജീവിതാനുഭവങ്ങളാണ് ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്! ഈശ്വര നിശ്ചയം എന്താണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല . ഒന്നിനുമൊരു സ്ഥിരതയുമില്ല. മനുഷ്യജന്മം, കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്.
‘ ഉത്പന്നമായതു നശിക്കും അണുക്കള്‍ നില്‍ക്കും.,
ഉല്‍പ്പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും.,
ഉല്പത്തി കര്‍മ്മഗതിപോലെ വരും ജഗത്തില്‍
കല്‍പ്പിച്ചിടുന്നിവിടെ യിങ്ങനെയാഗമങ്ങള്‍’
വീണപൂവിലെ ഈ വരികള്‍ ഇതിനെ ഒന്നുകൂടി സമര്‍ത്ഥിക്കുന്നു…

ധ്യാനത്തില്‍നിന്നുണര്‍ന്ന ശ്രീനാരായണ ഗുരുവിനോട് ,അടുത്തുനിന്ന ശിഷ്യന്‍ ഉണര്‍ത്തിച്ചു,’ആശാന്‍ വന്നിരുന്നു.. ഏറെനേരം കാത്തുനിന്നു. ബോട്ടിന്റെ സമയമായതുകൊണ്ട് പോയി, എന്ന് പറയാന്‍ പറഞ്ഞു.’

വിദൂരതയിലേക്ക് നോക്കിയ ഗുരു ഒരു നിമിഷം ആത്മഗതമെന്നോണം പറഞ്ഞു, അപ്പോ,..,.. കുമാരു പോയി.!ഇല്ലേ?…
അതൊരു യോഗിയുടെ വാക്കുകളായിരുന്നു.

പല്ലനയിലെ സ്മാരകം

ഗുരുവിനോട് യാത്ര പറയാനായിരുന്നു കുമാരനാശാന്‍ ഗുരുവിന്റെ അടുത്തേക്ക് വന്നത്. ഗുരു ധ്യാനത്തിലായിരുന്നതു,കൊണ്ട് കുറെ നേരം കാത്തു നിന്നിട്ട്, അവിടെ ഉണ്ടായിരുന്ന ഒരു ശിഷ്യന്റെ.

അടുക്കല്‍ പറഞ്ഞിട്ട് പോയി. ഗുരുവിന്റെ മാനസപുത്രനായിരുന്നു കുമാരനാശാന്‍. ആശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആലുവയിലെഓട്ടുകമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കാനായിരുന്നുആ യാത്ര. കൊല്ലം വരെ ട്രെയിനിലായിരുന്നു. പിന്നെ നേരേ,കൊല്ലത്ത് ബോട്ട് ജെട്ടിയിലെത്തി. കൊല്ലത്തുനിന്നും ആലപ്പുഴയ്ക്കുള്ള ‘റെഡിമീര്‍ ‘എന്ന ബോട്ടിലായിരുന്നു യാത്ര.
‘റെഡിമീര്‍ ‘, എന്നാല്‍, രക്ഷകന്‍ എന്നര്‍ത്ഥം.ട്രാവന്‍കൂര്‍- കൊച്ചിന്‍ മോട്ടോര്‍ സര്‍വീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ബോട്ട്. ഇരു നിലകളുള്ള മെച്ചപ്പെട്ട സൗകര്യമുണ്ടായിരുന്ന ബോട്ടായിരുന്നു അത്.

രാത്രി പത്തരമണിയ്ക്ക് വൈകിയായിരുന്നു ബോട്ട് പുറപ്പെട്ടത്. നല്ല തിരക്കായിരുന്നു. മുറജപം കഴിഞ്ഞു വരുന്നവരായിരുന്നു ഏറെയും.95 പേര്‍ കയറേണ്ട ബോട്ടില്‍ 145 പേര്‍ കയറി. അറുമുഖന്‍ പിള്ളയായിരുന്നു ബോട്ട് മാസ്റ്റര്‍. അധികം ആളുകള്‍ കയറിയതിനെ പറ്റി പലരും അദ്ദേഹത്തോട് പരാതിപ്പെട്ടു. പക്ഷേ അവരോട് അറുമുഖം പിള്ള കയര്‍ത്തു… ആരാധകര്‍ ആശാനെ തിരിച്ചറിഞ്ഞു. പലരും ആശാന്റെ അടുത്തെത്തി…. പരിചയപ്പെട്ടു.ആശാന്‍, കവിത ചൊല്ലണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന നോട്ട് ബുക്ക് എടുത്തു.പേജുകള്‍ മറിച്ചു. അവര്‍ ആവശ്യപ്പെട്ട കവിതകള്‍ ഈണത്തില്‍ ചൊല്ലി…. അത് കായലിലെ ചിറ്റോളങ്ങളില്‍ തട്ടി പ്രതിഫലിച്ചു….

പല്ലനയിലെ സ്മാരകങ്ങൾ

അന്ന്- 1924 ജനുവരി 16-ാം തീയതിയായിരുന്നു.സമയം രാത്രി മൂന്നു മണി. മകര മഞ്ഞിന്റെ വല്ലാത്ത തണുപ്പ്… യാത്രാ ക്ഷീണത്താല്‍ എല്ലാവരും ഉറങ്ങി. ആശാന്‍, പ്രത്യേകം റിസര്‍വ് ചെയ്തിരുന്ന ക്യാബിനില്‍കയറി ഉറങ്ങാന്‍ കിടന്നു. വേലിയേറ്റ സമയമായിരുന്നു. ബോട്ട് പല്ലന തോടിന്റെ വളവിലെത്തി….നന്നേ വീതികുറഞ്ഞ ഭാഗം. കാര്യമായ ആഴവും ഇല്ലാത്തിടം.!

ഒരു നിമിഷം.!ബോട്ട്, ഒന്നുലഞ്ഞു… യാത്രക്കാര്‍ നല്ല ഉറക്കത്തിലായിരുന്നു. ബോട്ട്, ചാലില്‍ നിന്നും, മണല്‍ത്തിട്ടയിലേക്ക് ഇടിച്ചുകയറി. എല്ലാവരും ഞെട്ടിയുണര്‍ന്നു. പിന്നെ കൂട്ടനിലവിളിയായിരുന്നു…. ബോട്ട് വെള്ളത്തിലേക്ക് മറിഞ്ഞു…. ദുരവസ്ഥയില്‍, ആശാന്‍ എഴുതിയ വരികള്‍ അറംപറ്റിയ പോലെ…
‘അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത താഴ്‌ന്നുകഷ്ടം!
പിന്തുണയും പിടിയും കാണതുള്‍ഭയം
ചിന്തി, ദുസ്വപ്നത്തിലെന്നപോലെ,
പൊന്താനുഴറുന്നു, കാല്‍നില്‍ക്കുന്നി ല്ലെന്റെ
ചിന്തേ , ചിറകുകള്‍ നല്‍കണേ നീ!’
രണ്ടു ദിവസം കഴിഞ്ഞാണ് ആശാന്റെ ജഡം കണ്ടുകിട്ടിയത്. നെറ്റിക്ക് ചതവിന്റെ പാടുണ്ടായിരുന്നു.
അങ്ങ് ദൂരെ മാറി,റോഡിനോട് ചേര്‍ന്ന് കൈതക്കാട്ടില്‍ കുടുങ്ങി, ജഡം പൊങ്ങിക്കിടന്നു…….
ആശാന്റെ മരണം തിരുവിതാംകൂര്‍ രാജകുടുംബത്തിലും ദുഃഖത്തിന്റെ കരിനിഴല്‍ വീഴ്‌ത്തി.

റിട്ടയര്‍ ചെയ്ത ജഡ്ജിയെ അന്വേഷണ കമ്മീഷനായി നിയമിച്ചു. അമിതമായിആളുകളേയുംഭാരവും കയറ്റിയതാണ്, അപകടകാരണമെന്ന് കമ്മീഷന്‍ കണ്ടെത്തി. ആശാന്റെ മൃതശരീരം പല്ലനയില്‍ പുത്തന്‍കരിയില്‍, കുടുംബത്തിന്റെ സ്ഥലത്ത് സംസ്‌കരിച്ചു.ആശാനെ അടക്കിയ സ്ഥലവും, ഇതിനോട് ചേര്‍ന്നസ്ഥലവും, ആശാന്റെ ഭാര്യ ഭാനുമതിയമ്മ വിലയ്ക്കുവാങ്ങി. ഈ സ്ഥലം ഇന്ന് കുമാരകോടി എന്ന പേരിലറിയപ്പെടുന്നു. ഇപ്പോഴവിടെ, ആശാന്‍ സ്മാരകവും, ആശാന്‍ സ്മാരക അപ്പര്‍ പ്രൈമറി സ്‌കൂളും പ്രവര്‍ത്തിക്കുന്നു. ആശാന്‍ മരിക്കുമ്പോള്‍ പ്രായം 51 വയസ്.ഭാര്യ ഭാനുമതിയമ്മയ്ക്ക് 23 വയസ്സ്. മൂത്ത കുട്ടിക്ക് 5, ഇളയ കുട്ടിക്ക് 3 വയസ്സ്. വിവാഹം കഴിക്കുമ്പോള്‍ ആശാന് 45 വയസ്സ്.

വെറും ആറു വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതം.ആശാന്റെ, ആത്മാവ് ഇപ്പോഴും പല്ലനയില്‍ നിറഞ്ഞുനില്‍ക്കുന്നു. ആശാന്റെ പേരില്‍, ആദ്യ സ്മാരകം പണിയുന്നത് 1975 ലായിരുന്നു. അത് ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രിയായിരുന്ന ടി.കെ. ദിവാകരനാണ്.

പാതിനൊന്നു വര്‍ഷങ്ങള്‍ക്ക്, മുമ്പ് ആ സ്മാരകം പൊളിച്ചു. ആശാന്റെ ഓര്‍മ്മയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍, ഇപ്പോള്‍ ഒരു മ്യൂസിയം പണിതിട്ടുണ്ട്. ഇതിന് ബോട്ടിന്റെ മാതൃകയാണ്. ഇതിന്റെ വാതിലിന് പേനയുടെ നിബ്ബിന്റെ ആകൃതി. ദൂരക്കാഴ്ചയില്‍ പേനയുടെ നിബ്ബ് തന്നെ.ഇതിനുള്ളിലാണ് മഹാകവിയുടെ ഭൗതികശരീരം അടക്കം ചെയ്തി രിയ്ക്കുന്നത്.ശീതീകരിച്ച സ്മാരകത്തിന്റെ ഉള്‍വശത്ത് ആശാന്‍ കവിതകളിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക്, പ്രശസ്ത ശില്പി കിഷോര്‍, ശില്പാവിഷ്‌ക്കാരം നടത്തിയിട്ടുണ്ട്. നളിനി,കരുണ, ചിന്താവിഷ്ടയായ സീത ലീല, ദുരവസ്ഥ എന്നീ കവിതകളിലെ കാവ്യഭാഗങ്ങള്‍ക്കാണ് ശില്പാവിഷ്‌കാരം. ചണ്ഡാലഭിക്ഷുകിയിലെ, നീച ജാതിയില്‍പ്പെട്ട സ്ത്രീയോട്, ദാഹജലം യാചിക്കുന്ന, ബുദ്ധഭിക്ഷു,ഏറെ ശ്രദ്ധേയമാണ്. വാസവദത്തയും ഇതില്‍പ്പെടും. ആശാന്‍ കവിതകള്‍ വായിച്ചും, ആശാനെ മനസ്സില്‍ ആരാധിച്ചും, നൂറുകണക്കിന് ആളുകളാണ് , ദിവസേന ഇവിടെ സന്ദര്‍ശകരായി എത്തുന്നത്. കാലത്തോടൊപ്പം വളര്‍ന്ന കവിയാണ് മഹാകവി കുമാരനാശാന്‍.
‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍’
എന്ന് ഉദ്‌ബോധിപ്പിച്ച, ലോകം മുഴുവനും നെഞ്ചേറ്റി നടക്കുന്ന,, മഹാകവിയുടെ ആശയങ്ങള്‍ക്ക് ,നാളുകള്‍ കഴിയുംതോറും പ്രസക്തിഏറുകയാണ്.
9447864858

Author

Scroll to top
Close
Browse Categories