ആത്മ സൗരഭം
കേരളീയ നവോത്ഥാനത്തിന്റെ രാജശിൽപ്പി ഡോ. പി . പൽപ്പുവിന്റെ ഐതിഹാസികമായ ജീവിതം സൗന്ദര്യാത്മകമായി അടയാളപ്പെടുത്തുന്ന നോവൽ സജിൽ ശ്രീധറിന്റെ ‘ആത്മസൗരഭം’ ആരംഭിക്കുന്നു.
വിജനതയുടെ താഴ്‌വരകളില്‍ ഏകനായ ഒരു ആട്ടിന്‍കുട്ടിയെ പോലെ മേയാന്‍ പല്‍പ്പുവിന് എന്നും കൗതുകമായിരുന്നു. ഒഴിവുദിനങ്ങളില്‍ ഉച്ചിയില്‍ സൂര്യനുദിക്കുവോളം കുന്നിന്‍ മുകളില്‍ വന്നിരുന്ന് താഴെ ചലിക്കുന്ന നാടിനെ ആകാംക്ഷയോടെ നോക്കി കാണും. ജാതീയമായ അന്തരങ്ങളില്ലാതെ എല്ലാ മനുഷ്യരും എറുമ്പിന്‍കൂട്ടങ്ങളെ പോലെ കാല്‍നടയായി അടിവച്ച് അടിവച്ച് പോകുന്നത് കുന്നിന്‍ മുകളിലിരുന്നാല്‍ കാണാം. എല്ലാ വഴികളും സന്ധിക്കുന്ന തെരുവും കാണാം.
ജാതിവ്യവസ്ഥ അനുസരിച്ച് നാനാജാതിക്കാര്‍ക്കും ഒരു വഴിയിലൂടെ സഞ്ചരിക്കാന്‍ അനുവാദമില്ല. കൃത്യമായ അകലം പാലിച്ചും വഴിമാറിയും നടന്നു കൊളളണം. അതുകൊണ്ട് തന്നെ എല്ലാവരെയും ഒരുമിച്ച് കാണാന്‍ ഉപരിതല വീക്ഷണം തന്നെ വേണം. താന്‍ ദൈവത്തെ പോലെയാണെന്ന് കുസൃതിയോടെ പല്‍പ്പു ഓര്‍ത്തു.
ആരും കാണാതെ മുകളില്‍ എങ്ങോ അദൃശ്യനായി മറഞ്ഞിരുന്ന് എല്ലാം കാണുന്നു. ജാതികൊണ്ട് താന്‍ അസ്പൃർശ്യനാണ്. സവര്‍ണ്ണരുടെ തീണ്ടാപ്പാട് അകലെ നില്‍ക്കാന്‍ യോഗ്യതയില്ല. അതിനെങ്ങാനും തുനിഞ്ഞാല്‍ കടുത്ത ശിക്ഷ ഉറപ്പാണ്.
മൃഗങ്ങളോടുള്ള പരിഗണന പോലും ജാതിയില്‍ താഴ്ന്നവരോട് പാടില്ലെന്നാണ് അലിഖിത നിയമം.
പല രാത്രികളിലും കുടിലിലെ ചാണകം മെഴുകിയ നിലത്ത് പുല്‍പ്പായയെ പട്ടുമെത്തയായി സങ്കല്‍പ്പിച്ച് ഉറക്കം വരാതെ കിടക്കുമ്പോള്‍ പല്‍പ്പു വേദനയോടെ ആലോചിക്കാറുണ്ട്. ആരാണ് ഈ നിയമങ്ങളൊക്കെ സൃഷ്ടിച്ചത്. മനുഷ്യനെ മനുഷ്യനായി കാണാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്? ചാതുര്‍വര്‍ണ്ണ്യത്തിന്റെ ആദ്യപാഠങ്ങള്‍ മനുസ്മൃതിയില്‍ നിന്ന് ആരംഭിക്കുന്നുവെന്ന് മഹത്തുക്കള്‍ പറയുന്നു. നിലത്തെഴുത്ത് കളരി നടത്തുന്ന നാണുക്കുട്ടന്‍ ആശാനാണ് ആദ്യമായി അതേക്കുറിച്ച് പറഞ്ഞു തന്നത്.
എന്നാലും മനുഷ്യരെ തമ്മില്‍ ഇങ്ങനെ വേര്‍തിരിക്കാന്‍ പാടുണ്ടോ?
ഒരാള്‍ അധ:കൃത സമുദായത്തില്‍ ജനിക്കുന്നത് അയാള്‍ ആഗ്രഹിച്ചിട്ടല്ലല്ലോ? അത് ജൈവികമായി അങ്ങനെ സംഭവിച്ച് പോകുകയാണ്. അപ്പോള്‍ അത് ദൈവത്തിന്റെ തീരുമാനമാണ്. അതിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുക എന്നത് എത്ര ക്രൂരവും അപരിഷ്‌കൃതവുമാണ്.
ക്ഷേത്രാരാധന പാടില്ല, പൊതുകിണറില്‍ നിന്ന് ജലപാനം പാടില്ല, പൊതുവഴിയിലുടെ സഞ്ചരിച്ച് കൂടാ, മാറ് മറച്ച് കൂടാ, മൂക്കുത്തിയിട്ട് കൂടാ, ആഭരണങ്ങള്‍ അണിയാന്‍ പാടില്ല, ഒരുമിച്ചിരുന്ന് പഠിക്കാന്‍ അനുവാദമില്ല…വാസ്തവത്തില്‍ എന്താണ് പാടുളളത്? എല്ലാം അരുതുകളാണ്. വിലക്കുകളും നിഷേധങ്ങളും നിഷിദ്ധങ്ങളുമാണ്.
മനുഷ്യന്‍ മനുഷ്യനെ ഇങ്ങനെ തട്ടുതിരിച്ച് നിര്‍ത്തുന്നത് കാണുമ്പോള്‍ ഈ ഭൂമിയില്‍ ജനിക്കേണ്ടിയിരുന്നില്ലെന്ന് തോന്നും. അടുത്ത നിമിഷം സ്വയം തിരുത്തും.
എന്തായാലും ജനിച്ചു പോയി. ഇനി മനുഷ്യനായി ജീവിക്കാനും വളരാനുമുള്ള അവകാശത്തിനായി പൊരുതണം. അതാണ് പുരുഷധര്‍മ്മം. കരഞ്ഞും നിലവിളിച്ചും പരാതിപ്പെട്ടും നഷ്ടമാക്കാനുളളതല്ല ജീവിതം.
ആകാശത്ത് കത്തിജ്ജ്വലിക്കുന്ന സൂര്യനെ നോക്കി പല്‍പ്പു എന്നും മനസില്‍ പ്രതിജ്ഞയെടുക്കും. ഉള്ളിലെ സൂര്യന്റെ വെളിച്ചം അണയാതിരിക്കാനെന്ന വണ്ണം.
”എനിക്കുറപ്പുണ്ട്. ഈ ലോകം നമ്മുടേത് കൂടിയാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും ദുഖങ്ങളും വൈഷമ്യങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. അത്തരം ഒരുപാട് വിഘ്‌നങ്ങളുടെ സങ്കടക്കടല്‍ താണ്ടിയാണ് ഇന്ന് ലോകം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പലരും ആ സ്ഥിതിയിലെത്തിയത്. അങ്ങനെയൊരു ബോധ്യം ഉള്‍ക്കൊണ്ട് കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നിനും നമ്മെ തളര്‍ത്താനാവില്ല.”
പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത ജീവിതസാഹചര്യങ്ങള്‍ക്കിടയിലും രാത്രിയുടെ വിജനതയില്‍ വീടിന് പിന്നാമ്പുറത്തുള്ള കാട് പിടിച്ച ഇടത്തിലെ കരിയിലക്കൂന മെത്തയാക്കി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോള്‍ പല്‍പ്പുവിന് അറിയാമായിരുന്നു സ്വപ്‌നം കാണാന്‍ പണച്ചിലവ് ഇല്ലെന്ന്.
പെട്ടെന്ന് എവിടെ നിന്നെന്നില്ലാതെ ഒരു ഗന്ധം വായുവില്‍ നിറഞ്ഞു. ഈഴച്ചെമ്പകത്തിന്റെ സുരഭിലഗന്ധം. ചെമ്പകം പല്‍പ്പുവിന് ഹരമായിരുന്നു. ചെമ്പകത്തിന്റെ സുഗന്ധത്തിന് അപാരവശ്യതയുണ്ട്. വ്യാപനശേഷിയുണ്ട്. ഏറെ ദൂരെം ചെന്നെത്തുന്ന തങ്ങി നില്‍ക്കുന്ന മനോമോഹനമായ ഗന്ധം.
ചെമ്പകം പൂക്കുന്ന രാത്രികളില്‍ വിളക്കുകള്‍ അണച്ച് വീട്ടിലെ ഇരുട്ടില്‍ തനിയെ ഇരിക്കുമ്പോള്‍ ദൂരെ എങ്ങു നിന്നോ ആ മണം അരിച്ചെത്തും. നാസാരന്ധ്രങ്ങളെ ഹരം പിടിപ്പിക്കും.
വീട്ടില്‍ ഒരു ചെമ്പകം നട്ടുപിടിപ്പിക്കണമെന്ന് വലിയ മോഹമായിരുന്നു. എന്തുകൊണ്ടോ നടന്നില്ല. പിന്നെ ഓര്‍ക്കും. അത് വേണ്ട. അതിന് കാല്‍പ്പനികതയുടെ ഭംഗിയില്ല. അകലെയെങ്ങു നിന്നോ ഒഴുകിയെത്തുന്ന സുഗന്ധം. അതിനായുള്ള കാത്തിരിപ്പ്. കരഗതമാവുന്ന അപൂര്‍വനിമിഷം. അത് സ്വപ്‌നം പോലെ സുന്ദരം. അനുഭൂതിദായകം.
മനസായിരുന്നു എന്നും പല്‍പ്പുവിന്റെ കൂട്ടുകാരന്‍. മനസിനോട് സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കും. മനസ് തന്നെ അതിന് ഉത്തരവും നല്‍കും.
ഏകാന്തവും വിജനവുമായ ഇടങ്ങളിലും നിമിഷങ്ങളിലും അവനവനോട് തന്നെ ദീര്‍ഘനേരം സല്ലപിക്കുക പല്‍പ്പുവിന്റെ മുഖ്യവിനോദങ്ങളില്‍ ഒന്നായിരുന്നു.
പരസ്പരം വേര്‍പെടുത്താനാവാത്ത വിധം ലൗകികതയും ആദ്ധ്യാത്മികതയും തമ്മിലുളള പാരസ്പര്യത്തെക്കുറിച്ചും ആത്മൈക്യത്തെക്കുറിച്ചും പല്‍പ്പു സുദീര്‍ഘമായി സ്വയം സംവദിച്ചു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടി. ചിലതിന് കിട്ടിയില്ല. അത് നിത്യസന്ദേഹമായി ഉളളില്‍ കിടന്നു. എന്നെങ്കിലും ഏതെങ്കിലും ഗുരുമുഖത്തു നിന്ന് അതിന് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.
കൗതുകത്തോടെ പല്‍പ്പു ആലോചിക്കാറുണ്ട്. ദൈവത്തെ കാണാന്‍ എന്താണ് ഒരു മാര്‍ഗം? അതുപോലെ ദൈവത്തെ മറ്റുളളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ എന്താണ് മാര്‍ഗം? പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു അതെല്ലാം.
പക്ഷെ എനിക്കുറപ്പുണ്ട്. ഒരിക്കല്‍ ദൈവം ഇത് രണ്ടും സാധിച്ചു തരും.
ദൈവത്തെ കാണുമ്പോള്‍ ചോദിക്കണം. ഈ അനീതികള്‍ക്കെതിരെ ഇനി എന്നാണ് അങ്ങ് ഭൂമി മലയാളത്തില്‍ ഒരു അവതാര പുരുഷനായി കടന്ന് വരിക? എന്നും തിന്മകളെ ഉന്മൂലനം ചെയ്ത് നന്മ പുനസ്ഥാപിക്കുക എന്നതായിരുന്നു ഈശ്വരന്റെ ആത്യന്തിക ദൗത്യമായി പല്‍പ്പു കരുതിയിരുന്നത്.
ധര്‍മ്മസംസ്ഥാപനാര്‍ത്ഥമായിരുന്നല്ലോ മഹാഭാരത യുദ്ധം പോലും…
ഇവിടെ ജാതിയുടെ പേരിലുളള അധര്‍മ്മം കൊടികുത്തി വാഴുകയാണ്.
രാക്ഷസന്‍മാരും പിശാചുക്കളും പോലും കാണിക്കുന്ന കനിവിന്റെ കണികയില്ലാതെ മനുഷ്യന്‍ മനുഷ്യനെ ഭേദ്യം ചെയ്യുകയാണ്. ശാരീരികമായും മാനസികമായും വൈകാരികമായും ആത്മീയമായും എല്ലാം…എന്നാണ് ഇതിനൊരു അറുതി വരിക. എന്നാണ് എല്ലാ മനുഷ്യരും ഏകോദര സഹോദരങ്ങളെ പോലെ സ്‌നേഹസൗഹൃദത്തോടെ ഈ മണ്ണില്‍ വാഴുക?
ആ ചോദ്യത്തിന് മാത്രം ഉത്തരം കണ്ടെത്താനാവാതെ പല്‍പ്പൂ വിഷമിച്ചു.
‘പല്‍പ്പൂ…നീ എന്തെടുക്കുകാ ഇവിടെ…മനോരാജ്യം കണ്ടിരിക്കാതെ നാലക്ഷരം പഠിച്ചൂടെ?’
മാത ഊണിന് കറിക്കുളള വല്ല താളിയും കിട്ടുമോയെന്ന് അറിയാന്‍ തൊടിയിലേക്കിറങ്ങിയപ്പോഴാണ് പുളിമരച്ചുവട്ടില്‍ ഏകനായി ചിന്തയില്‍ മുഴുകിയിരുന്ന പല്‍പ്പുവിനെ കണ്ടത്.
‘അമ്മയെന്തിനാ അവന്റെ മെക്കിട്ട് കേറുന്നത്..അവന്‍ എവിടെങ്കിലും സ്വസ്ഥമായി കുറച്ചു നേരം ഇരിക്കട്ടെ’
ജ്യേഷ്ഠന്‍ വേലായുധന്‍ നടന്നുകൊണ്ട് പാഠങ്ങള്‍ ഉരുവിട്ട് പഠിക്കുന്നതിനിടയിലും അനുജന്റെ രക്ഷയ്‌ക്കെത്തി.
ഏഴ് സഹോദരങ്ങളില്‍ വേലുവിന് ഏറ്റവും പ്രിയം പല്‍പ്പുവിനോടാണ്. പഠനത്തിലും വായനയിലും ചിന്താശേഷിയിലും അഭിപ്രായ, രൂപീകരണത്തിലുമെല്ലാം പല്‍പ്പുവിന്റെ പ്രാഗത്ഭ്യം അയാള്‍ നന്നായി മനസിലാക്കിയിട്ടുണ്ട്. പപ്പു എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന അച്ഛന്‍ പത്മനാഭന്‍ ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് വാഴയ്ക്ക് തടമെടുത്തു കൊണ്ടിരുന്നു. കാലത്തും വൈകിട്ടും പറമ്പിലിറങ്ങി കിളയ്ക്കുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് പപ്പു പറയും. വേലു ഇതെല്ലാം കേട്ട് ചിരിയൊതുക്കും. പല്‍പ്പുവിന് ചെറിയ ചെറിയ കാര്യങ്ങളിലൊന്നും കൗതുകമില്ല. അവന്റെ ലോകം വിശാലമാണ്. ചിന്തയും ആശയങ്ങളും എല്ലാം അങ്ങിനെ തന്നെ. അവനെ ആ തലത്തില്‍ മനസിലാക്കിയിട്ടുളള ഒരേ ഒരാള്‍ വേലുവാണെന്ന് മാത്രം.
മക്കള്‍ ഇംഗ്ളീഷ് പഠിച്ച് നല്ലൊരു സര്‍ക്കാര്‍ ഉദ്യോഗം വഹിക്കണമെന്നത് മാത്രമാണ് പപ്പുവിന്റെയും മാതുവിന്റെയും മോഹം. അതിനപ്പുറം അവര്‍ സ്വപ്‌നം കാണുന്നില്ല.
വേലുവിനേക്കാള്‍ വാശിയായിരുന്നു പല്‍പ്പുവിന്. ഒരാള്‍ ആഗ്രഹിച്ചിട്ടല്ല ഒരു പ്രത്യേക സമുദായത്തില്‍ ജനിക്കുന്നത്. അത് ദൈവഹിതമാണ്. അല്ലെങ്കില്‍ പ്രകൃതി നിശ്ചിതമാണ്. അങ്ങനെ തന്റേതല്ലാത്ത കുറ്റം കൊണ്ട് അധ:കൃത സമുദായത്തില്‍ പിറന്ന ഒരാള്‍ അക്കാരണത്താല്‍ ശിക്ഷിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും കാടത്തമാണ്. ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിക്കാത്ത കാര്യമാണ്. ഇതൊക്കെ സവര്‍ണ്ണ വിഭാഗത്തിലെയും ഉത്പതിഷ്ണുക്കള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നിട്ടും വ്യവസ്ഥിതിക്ക് മാറ്റമില്ല.
തലമുറകളായി പിന്‍തുടര്‍ന്നു വരുന്ന ഒരു ആചാരം പോലെ അത് മാറ്റമില്ലാതെ തുടരുന്നു.
അച്ഛന്റെ കാര്യം തന്നെ എടുക്കാം. എല്ലാം പറഞ്ഞു കേട്ട അറിവുകളാണ്. പക്ഷെ ഓര്‍മ്മവച്ചകാലം മുതല്‍ അത് തന്റെയും ജ്യേഷ്ഠന്റെയും നെഞ്ചിലെ കനലാണ്.
പത്മനാഭന്‍ എന്നാണ് അച്ഛന്റെ ശരിക്കുളള പേര്. അത്രയും ആഢ്യത്വമുളള ഒരു പേരില്‍ അച്ഛനെ അഭിസംബോധന ചെയ്യാന്‍ പോലും സവര്‍ണ്ണര്‍ തയ്യാറല്ല. അവര്‍ക്ക് അച്ഛന്‍ വെറും പപ്പുവാണ്. വില കുറഞ്ഞ പപ്പു. തന്റേടിയായ അച്ഛന്‍ അതും തൃണവ ത്ഗണിക്കും.
‘പപ്പൂന്ന് എന്റെ ചെല്ലപ്പേരാണെടാ…അവര്‍ക്ക് എന്നെ ഓമനിക്കണംന്ന് നിര്‍ബന്ധാണെങ്കില്‍ ആയിക്കോട്ടെ. അതിന് നമുക്കെന്താ..’
പുറമെ അങ്ങനെ പറയുമ്പോഴും അച്ഛന്റെ ഉളളിലെ നീറ്റല്‍ എനിക്ക് കാണാം.
പേരില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും ഒരു നിഴല്‍ പോലെ അച്ഛനെ ആജീവനാന്തം പിന്‍തുടരുകയായിരുന്നു സവര്‍ണ്ണമേധാവിത്വം.
കഴിവും കാര്യശേഷിയുമുളള കരാര്‍ പണിക്കാരനായിട്ടും അച്ഛന്‍ എല്ലായിടത്തും അവഗണിക്കപ്പെട്ടു. സര്‍ക്കാര്‍ വക ജോലികള്‍ അച്ഛന് ലഭിക്കാതിരിക്കാന്‍ സവര്‍ണ്ണര്‍ ശട്ടം കെട്ടി. തിരുവിതാംകൂറിലെ ഈഴവരില്‍ ആദ്യമായി ഇംഗ്ളീഷ് ഭാഷ വശത്താക്കിയ അച്ഛന്‍ കോടതികളില്‍ വ്യവഹരിക്കുന്നതിനുളള യോഗ്യതാപരീക്ഷയ്്ക്ക് അപേക്ഷിച്ചെങ്കിലും ജാതിയുടെ പേരില്‍ അധികാരികള്‍ നിഷേധിച്ചു.
അദ്ദേഹം കോടതി നടപടികളില്‍ പങ്കെടുത്താല്‍ കോടതി പോലും അശുദ്ധമാകുമെന്നാണ് ചില സവര്‍ണ്ണപ്രമാണികള്‍ പറഞ്ഞു പരത്തിയത്. പൊതുകാര്യപ്രസക്തനെന്ന നിലയില്‍ അച്ഛന്റെ വര്‍ദ്ധിച്ചു വരുന്ന ജനസമ്മതി സവര്‍ണ്ണരെ അസ്വസ്ഥരാക്കി. തൊഴിലില്‍ പോലും അവര്‍ അദ്ദേഹത്തിന് കടമ്പകള്‍ തീര്‍ത്തു. ക്രമേണ അച്ഛന് കരാര്‍പണിയിലും മറ്റ് പ്രവര്‍ത്തനങ്ങളിലുമെല്ലാം പലവിധ തടസ്സങ്ങള്‍ അനുഭവപ്പെട്ടു.
സാമ്പത്തിക പ്രയാസങ്ങള്‍ രൂക്ഷമായി. അതിനിടയില്‍ ജാതീയമായ അവഗണനകളും മര്‍ദ്ദനങ്ങളും വേറെ. പക്ഷെ അച്ഛന്‍ തളര്‍ന്നില്ല. താന്‍ തോറ്റിടത്ത് മക്കള്‍ ജയിച്ചു കയറുമെന്ന് അദ്ദേഹം മനസില്‍ പ്രതിജ്ഞ എടുത്തു. അതിനുളള സമര്‍പ്പിത ശ്രമങ്ങളായിരുന്നു പിന്നീട്. ജ്യേഷ്ഠനെ സര്‍ക്കാരില്‍ ഉദ്യോഗസ്ഥനാക്കണം. എന്നെ അതിലും വലിയ സ്ഥാനത്ത് എത്തിക്കണമെന്നാണ് അച്ഛന്റെ മോഹം. പ്രതീക്ഷകള്‍ക്കപ്പുറം ഞാന്‍ വളരുമെന്ന് രാത്രിനേരങ്ങളില്‍ അച്ഛന്‍ അമ്മയോട് അടക്കം പറയുന്നത് കേട്ടിട്ടുണ്ട്.
എന്റെ മനസിലും വാശിയുടെ വിത്ത് മുളപ്പിച്ചത് അച്ഛന്റെ അനുഭവങ്ങളാണ്.
എത്ര കഷ്ടപ്പാട് സഹിച്ചും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി അവരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് അച്ഛന്‍ അടുപ്പക്കാരോട് പറയുന്നത് കേട്ടു.
ആ പ്രതീക്ഷ നഷ്ടപ്പെട്ടാല്‍ പിന്നെ അച്ഛനില്ല. ആ ബോധം ഉളളിലുളളതുകൊണ്ട് എന്ത് വന്നാലും ആഗ്രഹിച്ച ഇടങ്ങളില്‍ എത്തുമെന്ന് ദൃഢനിശ്ചയം ചെയ്തു. ഈശ്വരന്‍ അതിന് ഫലം തരാതിരിക്കില്ല.
പല്‍പ്പു മനസില്‍ പറഞ്ഞു.
വീറും വാശിയും ചൊടിയും ചുണയും പല്‍പ്പുവിന്റെ രക്തത്തില്‍ തന്നെയുണ്ടായിരുന്നു. രാമന്‍പിളള ആശാന്റെ കുടിപ്പളളിക്കൂടത്തില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ സമര്‍ത്ഥനും ബുദ്ധിമാനുമായ പല്‍പ്പുവിന് സാധാരണയില്‍ കവിഞ്ഞ ആവേശവും ഉത്സാഹവുമുണ്ടായിരുന്നു. അത് കണ്ട ആശാന്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ ക്ളാസ് എടുക്കാനും കുട്ടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനുമുളള ചുമതല പല്‍പ്പുവിന് നല്‍കി.
വേലായുധന്‍ മഹാരാജാസ് കോളജിലാണ് പഠിക്കുന്നത്. അതിനിടയില്‍ തന്റെ പഠനച്ചിലവ് കൂടി വഹിക്കാന്‍ അച്ഛന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.
അമ്മാവന്‍മാര്‍ സാമ്പത്തികമായി നല്ല നിലയിലാണെങ്കിലും സഹായിക്കാന്‍ മനസില്ല. അവരുടെ മുന്നില്‍ താഴാനും അവരെ ബുദ്ധിമുട്ടിക്കാനും അച്ഛന്റെ അഭിമാനബോധം അനുവദിച്ചില്ല. തീരെ ബുദ്ധിമുട്ടിലായ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ മക്കള്‍ തന്നെയാണ് അമ്മാവന്റെ വീട്ടിലേക്ക് പോകുന്ന കാര്യം സൂചിപ്പിച്ചത്. ഏഴ് മക്കളെ വളര്‍ത്തി പഠിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് അവരും അറിയണമല്ലോ?
വലിയമ്മാവനാണ് കൂട്ടത്തില്‍ ഏറ്റവും സമ്പത്തുളളത്. അയാളുടെ വീട്ടിലേക്ക് തന്നെ പോവാമെന്ന് നിശ്ചയിച്ചു. വിവരം അറിയിച്ചുകൊണ്ട് അമ്മ കത്തയക്കുകയും ചെയ്തു.
പറഞ്ഞ ദിവസം കൃത്യമായി പല്‍പ്പവും കുടുംബവും ആ വീട്ടിലെത്തി. അമ്മാവനും ഭാര്യയും വീട് പൂട്ടി കടന്നു കളഞ്ഞിരിക്കുന്നു. തോറ്റ് കൊടുക്കാന്‍ പത്മനാഭന്‍ തയ്യാറായില്ല. വീടിന് പിന്നിലെ നെല്ലുപുരയില്‍ താമസമാക്കി. അവിടന്ന് തന്നെ നെല്ലെടുത്ത് കഞ്ഞിയിട്ടു. തൊടിയിലെ മുളക് പറിച്ച് അസല്‍ കാന്താരിച്ചമ്മന്തിയുണ്ടാക്കി. മാങ്ങ പറിച്ച് മാങ്ങാച്ചമ്മന്തിയും.
രാത്രി നെല്ലിന്‍പുരയിലെ കുത്തല്‍മണം സഹിച്ച് പുറത്തെ നക്ഷത്രങ്ങളെ നോക്കി കിടന്നു പല്‍പ്പു. വയറു നിറച്ച് ഭക്ഷണം കഴിച്ചതിന്റെ തൃപ്തിയോടെ.
അവിടത്തെ താമസം സുഖകരമായിരുന്നില്ലെങ്കിലും പട്ടിണി അറിഞ്ഞില്ല. പുരയിടത്തില്‍ നിന്ന് തന്നെ തേങ്ങയും കറിവയ്ക്കാനുളള പച്ചക്കറികളും കിട്ടി. പാത്രങ്ങള്‍ക്ക് പകരം വാഴയില വെട്ടി അതിലാണ് കഴിച്ചിരുന്നത്. മൂന്ന് കല്ലുകള്‍ പെറുക്കി വച്ച് തൊടിയിലെ മടലും കൊതുമ്പും ഉണക്ക കമ്പുകളും വിറകാക്കി. ഇടയ്ക്ക് അമ്മാവന്റെ വിറക് പുരയില്‍ നിന്നും വിറകുകള്‍ പെറുക്കി നിരത്തി.
എന്തു തന്നെയായാലും ദീര്‍ഘകാലം ഈ രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് വല്യമ്മാവന്‍ കണക്ക് കൂട്ടി.
ഏറിയാല്‍ ഒരാഴ്ച. അതല്ലെങ്കില്‍ ഒരു മാസം.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ പണിക്കാരെയും കൂട്ടി അമ്മാവന്‍ വന്നു. കൂട്ടത്തില്‍ അമ്മാവിയെ കണ്ടില്ല. ഒറ്റനോട്ടത്തില്‍ തന്നെ ഒപ്പമുളളത് പരവന്‍മാരാണെന്ന് വ്യക്തം. തേങ്ങയിടാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതും പല്‍പ്പുവും സഹോദരങ്ങളും തെങ്ങിന്‍ചുവട്ടില്‍ നിലയുറപ്പിച്ചു. നിലത്ത് വീഴുന്ന തേങ്ങകള്‍ അപ്പോള്‍ തന്നെ അവര്‍ നെല്ലിന്‍പുരയിലേക്ക് മാറ്റി.
അമ്മാവന്‍ ബലമായി തട്ടിപ്പറിച്ചു. പിന്നെ എല്ലാം മറന്ന് പൊട്ടിത്തെറിച്ചു.
‘തന്തയ്ക്ക് മുന്‍പൊണ്ടായ അസത്തുക്കളേ..ഞാന്‍ നട്ടുപിടിപ്പിച്ച് വെളളവും വളവും കൊടുത്ത് വളര്‍ത്തിയ തെങ്ങിലെ തേങ്ങ നിനക്കൊക്കെ തിന്നു മുടിപ്പിക്കണം. ല്ലേ?
മര്യാദയ്ക്ക് ഇപ്പം ഇറങ്ങിക്കോണം ഇവിടന്ന്..പറഞ്ഞേക്കാം..’
‘മാസം..മാസം..ഞങ്ങള്‍ക്ക് ചെലവിനുളള കാശിങ്ങ് തന്നേക്ക്…പിന്നെ ഞങ്ങള് ശല്യപ്പെടുത്താന്‍ വരത്തില്ല’
മാത വച്ചുകാച്ചി.
‘അതിനുള്ള ബാധ്യത എനിക്കില്ല’
അമ്മാവന്‍ സൂത്രത്തില്‍ ഒഴിയാന്‍ നോക്കി. അയാള്‍ മുഖത്ത് നോക്കാതെയാണ് മറുപടി പറഞ്ഞത്. അതിന്റെ കാരണവും മാതയ്ക്ക് പിടികിട്ടി.
‘അതേയ്…ഏട്ടന്റെ ഓശാരവൊന്നും എനിക്ക് വേണ്ട. എനിക്കും കൂടി അവകാശപ്പെട്ട മൊതലാ ഇത്. ഇതീന്നൊളള വരുമാനം കണക്കാക്കിയിങ്ങ് തന്നേച്ചാ മതി..’
മാത പറയുന്നതില്‍ ന്യായമുണ്ടെന്ന് വല്യമ്മാവനും അറിയാം. പക്ഷെ അതങ്ങനെ വകവച്ചു കൊടുക്കാന്‍ അയാള്‍ക്ക് മനസില്ല.
‘ആ പരിപ്പങ്ങ് വാങ്ങിയേര്…’
അയാള്‍ തട്ടാമുട്ടി ന്യായം പറഞ്ഞ് തടിതപ്പാന്‍ നോക്കി. പെട്ടെന്ന് ഇത്തിരി പോന്ന പല്‍പ്പു ചങ്കും വിരിച്ച് മുന്നോട്ട് നീങ്ങി നിന്നു.
‘എന്നാ ഒരു കാര്യം ചെയ്യ്. ഈ വീഴുന്ന തേങ്ങ ഞങ്ങടെ തലേലോട്ടിട്. ശല്യം ഒഴിഞ്ഞു കിട്ട്വല്ലോ?’
അമ്മാവന്‍ അത്രയും പ്രതീക്ഷിച്ചില്ല. അയാള്‍ ഒന്നും മിണ്ടാതെ അകത്ത് പോയി ഏഴ് രൂപ എടുത്തുകൊണ്ടു വന്ന് മാതയുടെ കയ്യില്‍ വച്ചുകൊടുത്തിട്ട് പറഞ്ഞു.
‘ഈ കാശ് നീ വച്ചോ…പിന്നെ ആ വടക്കേപ്പുറത്തൂന്ന് കുറച്ച് സ്ഥലം നിന്റെ പേര്‍ക്ക് ആധാരവാക്കാം. അത്യാവശ്യം ചെലവിനൊളള കാശ് അതീന്ന് കിട്ടും’
പത്മനാഭന്‍ അഭിമാനത്തോടെ മകനെ നോക്കി. പല്‍പ്പുവിന്റെ വിപദിധൈര്യമാണ് കാര്യങ്ങള്‍ ഇത്രവേഗം കടവിലടുപ്പിച്ചത്.
വീട്ടില്‍ തിരിച്ചെത്തിയ പല്‍പ്പൂ ചിരിയും കളിയും വിട്ട് കൂടുതല്‍ ഗൗരവക്കാരനായി മകന്റെ മനം മാറ്റം കണ്ട് മാത അത്ഭുതപ്പെട്ടു. അവരത് ഭര്‍ത്താവുമായി പങ്ക് വയ്ക്കുകയും ചെയ്തു. പത്മനാഭന്‍ മകനെ വിളിച്ച് മാറ്റി നിര്‍ത്തി കാര്യം ചോദിച്ചു.
പല്‍പ്പൂവിന്റെ മറുപടി തീരുമാനിച്ചുറപ്പിച്ച ഒന്നായിരുന്നു.
‘മേല്‍ജാതിക്കാരെ മാത്രല്ല നമ്മളെ തളളിക്കളഞ്ഞ കുടുംബക്കാരേം കാണിച്ചുകൊടുക്കണം അച്ഛാ..ആ നിലയില്‍ അച്ഛന്റെ മക്കള് വളരണം’
പത്മനാഭന് ജീവിതം അര്‍ത്ഥപൂര്‍ണ്ണമായതു പോലെ തോന്നി. മകന്‍ തന്നേക്കാള്‍ വാശിയോടെ ജീവിതത്തെ നോക്കി കാണുന്നു. നേരിടുന്നു.
ഇക്കാലത്ത് ഒരു ഇടത്തരം ഈഴവകുടുംബത്തിന് കാണാവുന്ന പരമാവധി വലിയ സ്വപ്‌നമാണ് സര്‍ക്കാര്‍ ജോലി. എത്ര ഉയര്‍ന്ന മാക്ക് വാങ്ങിയാലും ശ്രീപത്മനാഭന്റെ നാല് തുട്ട് ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിഷിദ്ധമാണ്. പക്ഷെ കാലം എന്നെങ്കിലും ഈ ദുസ്ഥിതിയില്‍ മാറ്റം വരുത്തുമെന്ന് പപ്പുവിന് ഉറപ്പാണ്. വേലുവിനെയും പല്‍പ്പുവിനെയും നയിക്കുന്ന ചാലകശക്തി അത് തന്നെയാണ്.
ഇല്ലവല്ലായ്മകള്‍ പരമാവധി മക്കളെ അറിയിക്കാതെ കൊണ്ടുപോകാന്‍ പപ്പു ശ്രമിക്കാറുണ്ട്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ കൈവിട്ട് പോകും. ഏഴ് മക്കളെ വളര്‍ത്തി പഠിപ്പിച്ച് എടുക്കുക എന്നത് പരിമിത വരുമാനക്കാരെ സംബന്ധിച്ച് ചില്ലറക്കാര്യമല്ലല്ലോ?
പലപ്പോഴൂം കുട്ടികള്‍ക്ക് നല്ല ഭക്ഷണവും വസ്ത്രവും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റബോധമുണ്ട്. അപ്പോഴും പഠിപ്പ് മുടങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. വേലുവിന്റെയും പല്‍പ്പുവിന്റെയും കാര്യത്തിലാണ് പപ്പുവിന് കൂടുതല്‍ പ്രതീക്ഷ. പണമില്ലെങ്കിലും കുലമഹിമയ്ക്ക് കുറവില്ല. തച്ചക്കുടി തറവാടിന്റെ മഹത്ത്വം അറിയാത്തവരായി പേട്ടയിലും പരിസരത്തും ആരുമില്ല. മുണ്ടുമുറുക്കിയുടുത്ത് തന്നെ പപ്പൂ പുതിയൊരു ലോകത്തിനായി അനവരതം പരിശ്രമിച്ചു. മക്കളുടെ അഭ്യുന്നതി മാത്രമായിരുന്നു ആ ലോകം.
ചില സ്വപ്‌നങ്ങള്‍ തീവ്രമായിരുന്നാല്‍ അതിന്റെ സാക്ഷാത്കാരത്തിനായി പ്രകൃതി പോലും കൂടെ നില്‍ക്കും. പപ്പുവിന് അത് അനുഭവസത്യമാണ്.
വേലുവിന്റെ ബി.എ പരീക്ഷയുടെ ഫലം വന്നപ്പോള്‍ ആ വിശ്വാസം ഒന്ന് കൂടി അരക്കിട്ടുറപ്പിക്കപ്പെട്ടു.
വേലായുധന്‍ നല്ല മാര്‍ക്കോടെ ബി.എ പാസായിരിക്കുന്നു. പപ്പു സന്തോഷം കൊണ്ട് തുളളിച്ചാടി. കാരണം തിരുവിതാംകൂറില്‍ ഇക്കണ്ട കാലം വരെ ആകെ ഏഴ് ബി.എക്കാര്‍ മാത്രമേ ഉണ്ടായിട്ടുളളു. അക്കൂട്ടത്തിലേക്കാണ് ഈഴവകുടുംബത്തില്‍ പിറന്ന തന്റെ മകന്‍ വേലായുധനും കൂടി ചേരുന്നത്.
വൈദ്യവൃത്തിയും കളള്‌ചെത്തും മാത്രം വിധിക്കപ്പെട്ട ജനതയെന്ന് സവര്‍ണ്ണര്‍ എഴുതിതളളിയ ഒരു വിഭാഗത്തിലേക്ക് ഇതാദ്യമായി ഉന്നതവിദ്യാഭ്യാസത്തിന്റെ അംഗീകാരം കൈവന്നിരിക്കുന്നു.
ബന്ധുക്കളും സ്വന്തക്കാരും സമാന മനസ്‌കരുമെല്ലാം വേലുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുമ്പോള്‍ മാത രഹസ്യമായി കണ്ണു തുടച്ചു. പപ്പു മകനെ കെട്ടിപ്പിടിച്ച് ഉറക്കെ പൊട്ടിക്കരഞ്ഞു. പല്‍പ്പു ഒരുപടി കൂടി മൂന്നോട്ട് പോയി.
‘അച്ഛന്‍ നോക്കിക്കോ…ഒരിക്കല്‍ ചേട്ടനെ പോലെ ഞാനും ബി.എ ജയിക്കും. അപ്പോള്‍ ഒരു വീട്ടില്‍ രണ്ട് ബി.എക്കാര്‍. ഇല്ലേ ചേട്ടാ..’
വേലു അനുജനെ അഭിമാനത്തോടെ നോക്കി.
കാലം മാറുകയാണ്. പഠിപ്പിന്റെ അടഞ്ഞ വാതായനങ്ങള്‍ ഇനി നമുക്ക് മുന്നിലും തുറക്കുകയാണ്.
(തുടരും)