ചന്ദ്രാ നീ എവിടെയാണ്?
ചന്ദ്രന്റെ വീട് ആലുവായ്ക്ക് അടുത്ത് ഒരു പഞ്ചായത്തിലാണ്. ചന്ദ്രന്റെ അമ്മ മാധവി. അച്ഛന് മാധവന്. മാധവിയ്ക്കും മാധവനും രണ്ടു മക്കള്‍. മൂത്തവള്‍ കോമളം, ഇളയവന് ചന്ദ്രന്. മരംവെട്ടുകാരന്റെ സഹായിയാണ് മാധവന്. ചന്ദ്രന്റെ അമ്മയ്ക്ക് രണ്ട് പശുക്കളുണ്ട്. അടുത്ത വീട്ടിലെ നായര്‍ തറവാട്ടിലെ പണിക്കു പോകുന്നുണ്ട്. ചന്ദ്രനും കോമളവും നല്ല അഴകുള്ളവരാണ്. മാധവനും മാധവിയും അഴകുള്ളവര്‍ തന്നെ.
ചന്ദ്രനേയും കോമളത്തേയും അന്നത്തെ സാഹചര്യം അനുസരിച്ച് സ്കൂളില്‍ അയച്ചു പഠിപ്പിച്ചു.
ചന്ദ്രനു 3 വയസ്സുള്ളപ്പോള്‍തന്നെ ചില ചിട്ടകള്‍ അവന്‍തന്നെ ഉണ്ടാക്കിയെടുത്തു. ദൈവഭക്തി അവന് ഉണ്ടായിതുടങ്ങി. സന്ധ്യാസമയങ്ങളില്‍ വിളക്ക് കത്തിച്ച് ചില കീര്‍ത്തനങ്ങള്‍ അമ്മ അവനെ പഠിപ്പിക്കുമായിരുന്നു. വ്യക്തമല്ലെങ്കിലും അമ്മയുടെ കൂടെ ഇരുന്ന് സന്ധ്യാനാമം ചൊല്ലുമായിരുന്നു.
ചന്ദ്രന് താമസിക്കുന്ന സ്ഥലം 8 സെന്റും, അതില്‍ ഒരു കൊച്ചു ഓലപ്പുരയുമാണ്. അതിലാണ് ഒരു പശുതൊഴുത്തും, ചെറിയ കിണറും, ഒന്നുരണ്ടു പ്ലാവുകളും, ഒരു മാവും, ഒരു തെങ്ങും, ഒന്നുരണ്ട് അടയ്ക്കാമരങ്ങളും ഉള്ളത്. അടയ്ക്കാമരത്തിലും പ്ലാവിലും കുരുമുളക് കയറ്റിവിട്ടിട്ടുണ്ട്. ആണ്ടുതോറും അതില്‍ നിന്നും ഒരു ചെറിയ വരുമാനം കിട്ടുന്നുണ്ട്. മാധവന് ജോലി ഇല്ലാത്ത അവസരം പറമ്പില്‍ എന്തെങ്കിലും നട്ടുവളര്‍ത്തും. സ്ഥലം കുറച്ചാണ് ഉള്ളതെങ്കിലും കൃഷിതല്പ്പരനാണ്. ചേമ്പും, ചേനയും, വാഴയും, കാച്ചിലും, ഒക്കെ സമൃദ്ധിയായി ഉണ്ടാകും. പശുവിന്റെ ചാണകവും മൂത്രവും എല്ലാം അവയ്ക്ക് ഗുണകരമാണ്. ചെറുപ്രായത്തില്‍ തന്നെ ചന്ദ്രനും അവന്റെ അച്ഛന്റെകൂടെ നിന്ന് കൃഷിപ്പണിയൊക്കെ കണ്ടുപഠിച്ചിട്ടുണ്ട്.
ചന്ദ്രന് 4 വയസ്സുള്ളപ്പോള്‍ അച്ഛനും, അമ്മയും, പെങ്ങളുമൊരുമിച്ച് ആലുവാ ശിവരാത്രി മണപ്പുറത്തു പോയിരുന്നു. മകള്‍ കോമളത്തിന് അത്യാവശ്യം വളകളും, ചില സൗന്ദര്യവസ്തുക്കളും, ചന്ദ്രന് ചില കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്തു. അക്കൂട്ടത്തില്‍ ഒരു ചെറിയ പുല്ലുപായ തടുക്ക് അച്ഛന് മാധവന് ചന്ദ്രന് വാങ്ങിക്കൊടുത്തു. നാലു കളറുകള്‍ ഉള്ള പുല്പായ അവന് വളരെ ഇഷ്ടപ്പെട്ടു. ഉഴുന്നുവട, പൊരി, ഈത്തപ്പഴം എന്നിവയും വാങ്ങിയിട്ടുണ്ടായിരുന്നു. ആ വസ്തുക്കള്‍ ആണ്ടില്‍ ഒരു പ്രാവശ്യം കിട്ടുന്ന സാധനങ്ങളാണ്. അതാണ് ശിവരാത്രി ഉത്സവം.
ചന്ദ്രന് അവനുകിട്ടിയ പുല്പായ പൊന്നുപോലെ സൂക്ഷിച്ചു കൊണ്ടുനടന്നു. ചുരുട്ടി ഭദ്രമായി വച്ചിട്ടുള്ള പുല്പായ നിലം തുടച്ച് വൃത്തിയാക്കിയശേഷം അവിടെ ഇട്ട് അതില്‍ ചമ്രം പടിഞ്ഞിരുന്നാണ് ചന്ദ്രന്റെ പിന്നത്തെ ഭക്ഷണം കഴിക്കുന്ന രീതി. ഇത് നിര്‍ബന്ധമാണ്.
പുരയിടത്തിന്റെ വടക്കുഭാഗം പുഞ്ചനിലങ്ങളും, കിഴക്കും, തെക്കും ഉയര്‍ന്ന സ്ഥലങ്ങളും, സാമാന്യം വീടുകള്‍ ഉള്ളതുമാണ്. പടിഞ്ഞാറുഭാഗം ആലുവാ ടൗണ്‍ പ്രദേശവും, ധാരാളം വീടുകള്‍ ഉള്ളതുമായ സ്ഥലമാണ്. ആ ഭാഗത്തും കുറെ പുഞ്ചനിലങ്ങളും, തോടുകളും, കുളങ്ങളും ഉണ്ട്. വര്‍ഷക്കാലങ്ങളില്‍ ധാരാളം മീനുകള്‍ ആ ഭാഗത്തൊക്കെ ഉണ്ടാകും. ആളുകള്‍ വലവെച്ചും, ചുണ്ട ഇട്ടും മീനുകളെ പിടിക്കും. ബ്രാല്, മുഴി, വാള, കുറുവാ, ചെറുമീനുകളായ പരല്‍, പള്ളത്തി ഇവയൊക്കെ ആണ് ധാരാളം കിട്ടുന്നത്. ചൂണ്ട ഇട്ട് മീന്‍ പിടിക്കുന്ന ചില വിദ്യകള്‍ ചന്ദ്രനും പഠിച്ചിട്ടുണ്ട്. അവന് ഒഴിവുള്ള സമയങ്ങളില്‍ ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍ പോകും. അധികം ദൂരെ പോകേണ്ട. വിളിപ്പാട് ദൂരം മാത്രം ഉള്ളു.
പള്ളത്തിയാണ് ഏറ്റവും ഇഷ്ടപ്പെട്ട മീന്‍. ചെറുതാണെങ്കിലും നല്ല അഴകുള്ള മത്സ്യമാണ് പള്ളത്തി. കറിവച്ചാലും നല്ല രുചിയാണ്. പുഴയിലും പാടത്തും ധാരാളമായി കിട്ടും. ഈ മത്സ്യത്തെ മാങ്ങയിട്ടു കറിവച്ചതും, കപ്പയും ഉണ്ടെങ്കില്‍ ചന്ദ്രനു വലിയ സന്തോഷമായി. കൂട്ടത്തില്‍ ഒരു വാളന്‍പുളി ചമ്മന്തിയും ഉണ്ടെങ്കില്‍ അതിലും വലിയ സന്തോഷമായി, നാല് പള്ളത്തിയാണെങ്കിലും മകനുവേണ്ടി ഉണ്ടാക്കി കൊടുക്കും. ഇതൊന്നും ഇല്ലെങ്കിലും ചന്ദ്രന് എന്തും കഴിച്ചുകൊള്ളും. പുല്പായ വേണം എന്നൊരു നിര്‍ബന്ധം മാത്രം.
ചന്ദ്രന് ഇതിനിടയില്‍ അടുത്തുള്ള ഒരു ഇലക്ട്രീഷ്യനുമായി പരിചയപ്പെട്ടു. പേര് ഔത. ഒറ്റക്കണ്ണന്‍, ചന്ദ്രന് ഒഴിവുള്ള സമയങ്ങളില്‍ ഔതച്ചേട്ടന്റെ കൂടെ ഇരുന്ന് ചില കാര്യങ്ങള്‍ പഠിക്കുമായിരുന്നു. ക്രമേണ ഒരു സഹായിയായി ഔതച്ചേട്ടന് ചന്ദ്രനെ കണ്ടു.
കെട്ടിടങ്ങളിലെ വയറിംഗും, കത്തിപ്പോയ മോട്ടോറുകളുടെ ബൈഡിംഗും ആണ് പ്രധാനം. അന്നൊക്കെ വീടുകളില്‍ കറണ്ട് എന്ന അപൂര്‍വ്വ സംഭവം നടപ്പായിക്കൊണ്ടിരിക്കുന്ന അവസരം ആണ്. ഔതച്ചേട്ടന് കൂടുതല്‍ കൂടുതല്‍ പണികള്‍ കിട്ടിക്കൊണ്ടിരുന്നു. അപ്പോഴേക്കും ചന്ദ്രന് നല്ല ഒരു ഇലക്ട്രീഷ്യന് ആയി മാറിയിരുന്നു. ഔതച്ചേട്ടന് കൂടുതല്‍ പണിക്കാരെ കൂടെ നിറുത്തി പണികള്‍ വര്‍ദ്ധിപ്പിച്ചു. ചന്ദ്രന് പ്രധാന പണിക്കാരനായി. ചന്ദ്രന് കുറെ ഇംഗ്ലീഷ് വശമുള്ളതുകൊണ്ടും വിദ്യാഭ്യാസം ഉള്ളതുകൊണ്ടും ചില ഗവണ്മെന്റ് ക്വട്ടേഷനുകള്‍ ഏറ്റെടുത്ത് ഔതച്ചേട്ടന് ബിസ്സിനസ് വര്‍ദ്ധിപ്പിച്ചു.
ചന്ദ്രനു വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ പഴയ ഓലപ്പുര പൊളിച്ചുമാറ്റി ഒരു ഓടിട്ട ചെറിയ കെട്ടിടം പണിതു. അത്യാവശ്യം സൗകര്യം ഒരുക്കി. അമ്മയ്ക്കു പുരയിടത്തിന്റെ തെക്കുവശത്തേക്ക് മാറി ഒരു പശുതൊഴുത്തും ഉണ്ടാക്കി കൊടുത്തു. പഴയ ഓലപ്പുരയുടെ ചില ഭാഗങ്ങള്‍ അതിനുവേണ്ടി ഉപയോഗിക്കാനും കഴിഞ്ഞു. കൂടാതെ പഞ്ചായത്തില്‍ നിന്നും അനുവദിച്ചു കിട്ടിയ ചിലവുകുറഞ്ഞ ഒരു ശുചിമുറിയും പുറത്തു പണിതു.
ഇങ്ങനെ ഇരിക്കുന്ന അവസരം ചന്ദ്രന് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നി. കുറച്ചു മാറിയുള്ള ഒരു വീട്ടിലെ കുട്ടി. പേര് ‘ചന്ദ്രിക’.
മാധവന്, മാധവി, ചന്ദ്രന്, ചന്ദ്രിക എങ്ങനെ ഈ പേരുകള്‍ ഒത്തുവന്നു.
ചന്ദ്രികയുടെ അച്ഛന് കിട്ടന് ഒരു റെയില്‍വെ മേസ്ത്രിയാണ്. കിട്ടന് കറുത്തിട്ടാണെങ്കിലും കിട്ടന്റെ ഭാര്യ സരോജനി ചേച്ചി നല്ല വെളുത്തിട്ടാണ്, കിട്ടന് നല്ല ഉയരവും തടിയും ഉള്ള മനുഷ്യനാണ്. ചന്ദ്രിക വളരെ മനോഹരിയാണ്. ചന്ദ്രനും ചന്ദ്രികയും ഒരേ സ്കൂളില്‍ ആണ് പഠിച്ചിട്ടുള്ളതെങ്കിലും അന്നൊന്നും ഈ തമാശ ചന്ദ്രനെ പ്രേരിപ്പിച്ചിട്ടില്ല എന്നുവേണം പറയാന്‍. ചന്ദ്രികയ്ക്ക് അങ്ങിനെ ഒന്ന് ഉണ്ടോ എന്നും ചന്ദ്രന് അറിയില്ല. കണ്ടാല്‍ ചിരിക്കും, എന്തെങ്കിലും തമാശകള്‍ പറഞ്ഞ് ചന്ദ്രന് ജോലി സ്ഥലത്തേക്ക് പോകും.
അങ്ങനെ അവര്‍ തമ്മില്‍ വലിയ അടുപ്പം ആയി. അടുപ്പം ഒഴിച്ചു കൂടാനാവാത്ത അവസ്ഥയില്‍ എത്തി.
രണ്ടു വര്‍ഷം പിന്നിട്ടു. മോശമായി സംസാരിക്കുകയോ, പെരുമാറുകയോ ചന്ദ്രന് ചെയ്തിട്ടില്ല. ചന്ദ്രന്റെ വായനാശീലവും, പെണ്‍കുട്ടികളോട് പെരുമാറുന്ന രീതിയും ചന്ദ്രികയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. പല പ്രതീക്ഷകളും അവര്‍ തമ്മില്‍ മെനഞ്ഞുണ്ടാക്കി. പ്രായം ഒരു പ്രശ്നം തന്നെയായിരുന്നു. തന്നെയുമല്ല കിട്ടന്റെ കുടുംബസ്ഥിതി കുറച്ചു കൂടി ഉയര്‍ന്നതാണ്. രണ്ട് ഏക്കറില്‍ കൂടുതല്‍ സ്ഥലവും, നല്ല വീടും ഉണ്ട്. കൂടാതെ ചന്ദ്രിക ഒറ്റ മകളും.
ഈ സംഭവങ്ങള്‍ പുറത്തു ആരും അറിയാതെ ചന്ദ്രനും ചന്ദ്രികയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ കൂടിക്കാഴ്ച കൃത്യ സമയങ്ങളില്‍ ആയിരുന്നു. ചന്ദ്രികയ്ക്ക് അരുമയായ ഒരു വെളുത്ത ആട് ഉണ്ടായിരുന്നു. ശരീരത്തില്‍ കറുത്ത പൊട്ടുകളുള്ള 6 മാസം പ്രായമുള്ള പെണ് ആട്. വളരെ ആകര്ഷണമുള്ളതാണ്. അതിനേയും കൊണ്ടാണ് അടുത്തുള്ള മാവിന് തോട്ടത്തില്‍ കാത്തുനില്‍പ്പ്. ചന്ദ്രനും ചന്ദ്രികയും ഓരോ കഷ്ണം മടക്കിയ പേപ്പര്‍ കൈമാറും. പിറ്റെ ദിവസം അതിന്റെ മറുപടിയും കൈമാറും.
ചന്ദ്രന്റെ കത്തില്‍ തുടക്കത്തില്‍ ഒരു ചെറിയ കവിത ഉണ്ടായിരിക്കും. മിക്കവാറും പുഷ്പങ്ങളെപറ്റിയും, കാര്‍കൂന്തലിനെ പറ്റിയും, നീലോല്പലമിഴികളെ പറ്റിയും, ഒക്കെയാണ് വര്‍ണ്ണന.
ഇന്ദ്രവല്ലരി പൂവും, പാരിജാതവും, നന്ധ്യാര്വട്ട പൂവും, ചെമ്പകവും, താമരമൊട്ടും, താമര വളയവും, മല്ലികയും ഒക്കെ ഈ കൂട്ടത്തില്‍ ഉണ്ടാകും. കൂടാതെ പുരാണ കഥകളിലെ വിശ്വാമിത്രന്, മേനക, ശകുന്തള, കാമതൃഷ്ണയുള്ള ഇന്ദ്രന്റെ ഭാര്യമാരില്‍ ഒരാളായ ഉര്‍വ്വശി. ഹസ് തിനപുരത്തിലെ രാജാവായ യയാതി. ദേവയാനി, ശരമിഷ്ട, പാതിവ്രത്യത്തിന്റെ പര്യായമായ സീതാദേവി, കാര്യലാഭത്തിനു വേണ്ടി ഉണ്ടാക്കിവച്ച ഗാന്ധര്‍വ്വ വിവാഹം, അങ്ങനെ അങ്ങനെ പലതും കൂടിച്ചേര്‍ത്തുള്ള കത്ത്.
കത്തുകള്‍ അന്യോന്യം കൈമാറുന്ന രീതിയാണ് കൂടുതല്‍ സമയം കളയണ്ടല്ലോ. തലേദിവസത്തിലെ കത്തിലെ മറുപടി പിറ്റേ ദിവസം റെഡി. കൂടെ കുറെ സംശയങ്ങളും. ഒരു ദിവസം ചന്ദ്രന് ഒരു പണി പറ്റിച്ചു. കത്തു കൊടുത്തു. പക്ഷെ അതില്‍ ഒന്നും എഴുതിയിട്ടില്ലായിരുന്നു. പിറ്റെ ദിവസം ചന്ദ്രിക പകരം വീട്ടി. മറുപടി കത്തില്‍ കുറെ വരകള്‍ മാത്രം. ചന്ദ്രന് തലേദിവസത്തിലെ കാലി കത്തിലെ വിവരം ചോദിച്ചു. ചന്ദ്രിക മറുപടിയും കൊടുത്തു. ഇതുവരെ കിട്ടിയിട്ടുള്ള കത്തുകളില്‍ വച്ച് ഏറെ രസകരം!
മഹാഭാരതത്തിലെ ഒരു ഭാഗത്ത് ശര്മിഷ്ട യയാതിയോടു പറഞ്ഞ ഒരു തമാശ കേട്ടുകൊള്‍ക.
ഓരോ നര്‍മ്മങ്ങള്‍ പറഞ്ഞു രസിക്കുമ്പോഴും മങ്കമാരുമായും, തരുണീമണികളുമായും രതികര്മ്മങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴും, തനിക്ക് ഉടനെ ജീവഹാനി സംഭവിച്ചേക്കും എന്ന ഉത്തമ ബോധം ഉണ്ടായാലും, അസത്യം പറഞ്ഞാല്‍ സത്യദോഷം, പ്രവര്‍ത്തിച്ചാല്‍ പാപമില്ലെന്ന് വിധിയുണ്ട്.
പിറ്റെ ദിവസത്തെ ചന്ദ്രികയുടെ കത്തില്‍ സംശയങ്ങളുടെ കുത്തൊഴുക്കായിരിക്കും. സ്വല്പം വീട്ടുകാര്യങ്ങളും, ചുറ്റുപാടും ഉള്ള വിശേഷങ്ങളും.
ചന്ദ്രികയ്ക്ക് 20 വയസ്സ് ആയപ്പോള്‍തന്നെ അമ്മ സരോജനിചേച്ചി കിട്ടനെ നിര്‍ബന്ധിച്ചു തുടങ്ങിയിരുന്നു. കിട്ടനും അതു ബോധ്യപ്പെട്ടതാണ്. അങ്ങനെ ചന്ദ്രികയ്ക്ക് കല്യാണ ആലോചനകള്‍ വന്നു തുടങ്ങി.
കിട്ടനാണെങ്കില് വലിയ ദേഷ്യക്കാരനാണ്. ആറ് അടിയില്‍ കൂടുതല്‍ പൊക്കം, അതനുസരിച്ച് വണ്ണവും. ചില വഴക്കുകള്‍ ഒക്കെ കിട്ടന്റെ നേതൃത്വത്തില്‍ തീര്‍പ്പാക്കി കൊടുക്കുന്ന ആള്. 80 വയസ്സു വരെ റെയില്‍വേയില്‍ ആരോഗ്യത്തോടുകൂടി ജോലി ചെയ്തു. ആ കാലങ്ങളില്‍ പേര്, വീട്ടുപേര്, വയസ്സ് ഇത്രയും മതി. ആരോഗ്യം ഉണ്ടോ ജോലി റെഡി. കിട്ടന് ഉദ്ദേശം ഒരു വയസ്സ് പറഞ്ഞു കൊടുത്തു. പിരിയാന്‍ നേരം യഥാര്‍ത്ഥത്തില്‍ കിട്ടന് എണ്പതു വയസ്സ്. കിട്ടന്റെ ശുപാര്‍ശയില്‍ ബന്ധുക്കള്‍ക്കും, മക്കള്‍ക്കും, അയല്‍വീട്ടിലെ പല പുരുഷന്മാരും റെയില്‍വെയില്‍ ജോലി നോക്കിയി ട്ടുണ്ട്.
അന്നൊക്കെ പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ നടന്നിരുന്നത് കുറേ പ്രായമായവര്‍ അങ്ങോട്ടുപോകും. ഇങ്ങോട്ടു വരും. ചിലര്‍ അടുപ്പമുള്ളവരെ വിട്ട് ചുറ്റുപാടുകള്‍ അന്വേഷിപ്പിക്കും. പെണ്ണിന്റെ അഭിപ്രായം കാര്യമായി എടുക്കാറില്ല.
ചന്ദ്രികയുടെ വിവാഹകാര്യം തരക്കേടില്ലാത്ത ഒരു കുടുംബത്തിലെ പയ്യനും ആയി ഉറപ്പിച്ചു. വയസ്സ് 27. 10 മൈല്‍ അകലെ കിഴക്കുള്ള സ്ഥലം. പയ്യന്റെ വീട്ടില്‍ അച്ഛനും, അമ്മയും, രണ്ടു മക്കളും. മൂത്തവളെ കല്യാണം കഴിപ്പിച്ചു വിട്ടു. രണ്ടു മക്കളുമായി ഭര്‍ത്താവിന്റെ വീട്ടില്‍ സുഖമായി കഴിയുന്നു. പയ്യനു ജോലി ഉണ്ടെങ്കിലും റബ്ബര്‍ കൃഷിയാണ് പ്രധാന വരുമാനം. പേര് സോമന്.
വിവരം പിറ്റേന്നുതന്നെ ചന്ദ്രിക ചന്ദ്രനെ ധരിപ്പിച്ചു. കഴിയുന്നതും പിടിച്ചു നോക്കി. മനോനില തെറ്റി. ഉറങ്ങിയിട്ടില്ല. അച്ഛനോട് പറഞ്ഞാല്‍ കൊന്നുകളയും.
ചന്ദ്രന് നെടുവീര്‍പ്പിട്ടു. പ്രതീക്ഷിച്ചതാണ്. എന്തുചെയ്യാം. ഞാന്‍ സഹിച്ചുകൊള്ളാം. നീ സുഖമായി ഒരു ഉത്തമ കുടുംബിനിയായി ജീവിതം നയിക്കുക. നമ്മള് തമ്മില്‍ ഒരു തെറ്റും ചെയ്തിട്ടില്ല.
രണ്ടുപേരും കരഞ്ഞു. കണ്ണുനീര് ധാരധാരയായി ഒഴുകി. ചന്ദ്രികയുടെ അരുമയായ ആടും, മാവിന്കൂട്ടങ്ങളും സാക്ഷി.
ചന്ദ്രന് പറഞ്ഞു. ഈ സംഭവങ്ങള്‍ നമ്മള് രണ്ടുപേര്‍ മാത്രം അറിഞ്ഞിട്ടുള്ളു. അതുകൊണ്ട് മറ്റു ദോഷങ്ങള്‍ നിനക്കു വരാന്‍ സാധ്യതയില്ല. ഭര്‍തൃമതിയായി മാറുമ്പോള്‍ ഒരു ഉത്തമ ഭാര്യ അനുവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ ചന്ദ്രന്റെ അറിവുപോലെ ചന്ദ്രികയ്ക്കു പറഞ്ഞുകൊടുത്തു.
മറന്നേക്കുക, ചന്ദ്രന് ഗുഡ്ബൈ പറയാനോ യാത്രാമൊഴി ചൊല്ലാനോ കെല്പില്ലാതെ തിരിഞ്ഞു നടന്നു. നടത്തത്തില്‍ പരിചയക്കാരി കാര്‍ത്യായനി ചേച്ചി എന്തോ ചോദിച്ചു. മനോവിഷമം കൊണ്ട് വീര്‍പ്പുമുട്ടിയ ചന്ദ്രന് മനസ്സിലായില്ല. അമ്മ മാധവിയുടെ വിശേഷം ആയിരിക്കും എന്ന് ചന്ദ്രന് തോന്നി. മറുപടി പറയാന്‍ തുനിഞ്ഞില്ല. കാര്‍ത്ത്യായനി ചേച്ചി പോകുകയും ചെയ്തു. ആ നില്പില് ചന്ദ്രന് ഒന്നു തിരിഞ്ഞു നോക്കി. ചന്ദ്രിക അവിടെത്തന്നെ ചന്ദ്രനേയും നോക്കി നില്ക്കുന്നു.
ചന്ദ്രന് നേരെ പോയത് വീടിന് അടുത്തുള്ള പന്തലിച്ചു നില്ക്കുന്ന കലശു മരത്തിന്റെ ചുവട്ടില്‍. ആരോ പണ്ട് തേക്കുകാലിനിട്ട കലശുമരത്തിന്റെ കൊമ്പ് തഴച്ചു വളര്‍ന്ന് ഒരു അരയാലിനെപ്പോലെ തണല്‍ വിരിച്ചു നില്ക്കുന്നു. ചന്ദ്രന് ഒഴിവുള്ള സമയങ്ങളില്‍ ഈ മരത്തിന്റെ തടിയില്‍ ചാരി ഇരുന്ന് ബുക്കുകള്‍ വായിക്കാറുണ്ട്. മനോവിഷമത്താല്‍ ചന്ദ്രന് ആ കലശുമരത്തില് ചാരിയിരുന്ന് ഉറങ്ങിപ്പോയി. സമയം പോയത് ചന്ദ്രന് അറിഞ്ഞില്ല. ഒരു പഴുത്ത ഇല ചന്ദ്രന്റെ മേല്‍ വീണു. ചന്ദ്രന്റെ മിഴികള്‍ തുറന്നു. ആകാശത്ത് പൊന്നില്‍ കുളിച്ചു നില്ക്കുന്ന ചന്ദ്രിക പൂര്ണ്ണചന്ദ്രന് അരികില്‍ത്തന്നെ ഉണ്ട്. ചന്ദ്രികയ്ക്ക് ഇത്ര സൗന്ദര്യമോ? അവള് എന്നെ മാടി വിളിക്കുന്നു. അവളുടെ കാര്‍കൂന്തല്‍ ഇത്ര മനോഹരമാണോ. അവളുടെ നീലോല്പലമിഴികള്ക്ക് ഇത്ര വശ്യമോ? മധൂവൂറുന്ന പാലക്കായ് ചുണ്ടുകള്‍ ദന്ദമുല്ല മൊട്ടുകള്‍ക്ക് ഇത്ര ഭംഗിയോ?. കൈത്തണ്ടക്ക് ഇത്ര അഴകോ? അവളുടെ വെണ്ണക്കാല് പാദത്തില്‍ വെള്ളിക്കൊലുസ് ഇല്ല… അവളുടെ അച്ഛന് വെള്ളിക്കൊലുസ് വാങ്ങി കൊടുത്തിട്ടില്ല. കരിമഷി എഴുതിയിട്ടില്ല. എങ്ങനെ നീ ഇത്രയും സുന്ദരിയായി. എനിക്ക് നീ സുന്ദരിതന്നെ.
നീ ആരാണ്? മേനകയോ? ആണോ? ആണോ? എന്നാല്‍ ഞാന്‍ വിശ്വാമിത്രന് അല്ല. അകലെ ഏതോ കമ്പനിയില്‍ നിന്നും 11.45 സൈറന്‍ നേരിയ ശബ്ദത്തില്‍ കേട്ടു. രാത്രി 12 മണിക്കുള്ള ഷിഫ്റ്റില്‍ കയറാന്‍ തൊഴിലാളികള്‍ക്കുള്ള മുന്‍കൂര്‍ അറിയിപ്പാണ്. ചന്ദ്രന് തപ്പിത്തടഞ്ഞ് എഴുന്നേറ്റു. കൂരിരുട്ട്. അന്ന് അമാവാസി ആയിരുന്നു. അവന് വീട്ടിലേക്ക് തിരിച്ചു. വാതില്‍ തുറന്നുതന്നെ കിടപ്പുണ്ട്. കത്തിച്ചുവച്ച ചെറിയ തിരിയിട്ട ഓട്ടു വിളക്ക് അപ്പോഴും അരണ്ട വെളിച്ചത്തില്‍ കെടാവിളക്കായി കത്തിക്കൊണ്ടിരിക്കുന്നു. അമ്മ മാധവി എവിടെയോ ചുരുണ്ടുകൂടി കിടപ്പുണ്ടാവും. വിളിച്ചില്ല. അമ്മ കരുതിവച്ചിരുന്ന ആഹാരം കഴിക്കാന്‍ ചന്ദ്രന് സാധിച്ചില്ല. സമയം 11.58 അടുത്ത പ്രഭാതത്തിന് വേണ്ടി സൂര്യന് കിഴക്ക് എവിടെയോ ഉദിച്ചുയരാന്‍ തയ്യാറെടുപ്പിലാണ്. ചന്ദ്രനെ നിദ്ര വന്നു തലോടി. തളര്‍ന്ന് ഉറങ്ങിപ്പോയി. നേരം വെളുത്തത് അറിഞ്ഞില്ല.
ഈ അവസരം ചന്ദ്രന്റെ അച്ഛന് മാധവന് ഒരു അത്യാഹിതം സംഭവിച്ചു. മരം വെട്ടുന്നതിനിടയില്‍ കൂട്ടുകാരുടെ കൈയ്യില്‍ നിന്നും വടം പിടിവിട്ട് രണ്ടുപേരുടേയും ദേഹത്തിലേക്ക് ശിഖരങ്ങളോടുകൂടി പതിച്ചു. രണ്ടു പേരെയും ആലുവ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാധവന്റെ പരിക്ക് ഗുരുതരമായിരുന്നു. ഓര്‍മ്മയില്ല. നാല് ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ വെച്ച് മാധവന് മരണമടഞ്ഞു. രണ്ടു സംഭവങ്ങളും ചന്ദ്രനെ മാനസികമായി ബുദ്ധിമുട്ടിച്ചു. ചന്ദ്രന് കുറെ നാള് പണിക്കൊന്നും പോകാതെ ഇരിപ്പായി. അമ്മ ഉണ്ടാക്കികൊടുക്കുന്ന ഭക്ഷണം കഴിച്ച് ചിട്ടകള്‍ എല്ലാം തെറ്റി, അമ്പലത്തില്‍ പോകുന്നതു ഇല്ലാതായി. മകന് എന്തുപറ്റി എന്ന് മാധവിക്ക് ആധിയായി. അവര്‍ എല്ലാ ദിവസവും അമ്പലത്തില്‍ പോകും. മകനുവേണ്ടി പുഷ്പാഞ്ജലി കഴിക്കും. മനസ്സുരുകി പ്രാര്‍ത്ഥിക്കും.
അങ്ങനെ ഇരിക്കെ ഒരു ദിവസം ചന്ദ്രന് ആരോടും പറയാതെ കള്ളവണ്ടി കയറി ബോംബെയ്ക്ക് പുറപ്പെട്ടു. അവിടെ ചെന്ന് ഒന്നുരണ്ടു ദിവസം അലഞ്ഞു തിരിഞ്ഞു . സമ്പാദ്യമായി 200 രൂപ ഭദ്രമായി അണ്ടര്വെയറില് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മലയാളികള്‍ ധാരാളം ഉണ്ടെങ്കിലും പരിചയക്കാര് ആരും ഇല്ല. അത്യാവശ്യം ഭാഷകള്‍ അറിയാവുന്നതുകൊണ്ട് ഭക്ഷണത്തിനും കിടന്ന് ഉറങ്ങുന്നതിനും ഉള്ള സ്ഥലം തരപ്പെട്ടു. മൂന്നാം ദിവസം ചെന്ദ്രന്റെ കഴിവുകള്‍ മനസ്സിലാക്കി ഒരു ഇലക്ട്രിക് കോണ്ട്രാക്ടുകാരന് ജോലിക്കു നിര്‍ത്തി. ചന്ദ്രന് ആദ്യമായി ഏല്പിച്ച പണികളെല്ലാം കൃത്യമായി ചെയ്തുകൊണ്ടിരുന്നു. കൂടുതല്‍ കൂടുതല്‍ പണികള്‍ പഠിച്ചു. ആ കാലം ബോംബെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമയം. ധാരാളം ഫാക്ടറികള്‍ ബിസ്സിനസ് കേന്ദ്രങ്ങള്‍, ജോലി അന്വേഷിച്ചു വരുന്ന അന്യദേശക്കാരുടെ ആധിക്യം. ബോംബെയില്‍ വന്നാല്‍ ജോലി റെഡി. എതു ജോലിയും ചെയ്യാന്‍ മടി കാണിക്കരുത് എന്നുമാത്രം. അധികം താമസിയാതെ ചന്ദ്രന് കോണ്‍ട്രാക്ട് കാരന്റെ പ്രധാന പണിക്കാരനായി മാറി.
ചന്ദ്രന് നാട്ടിലേക്ക് പണം പോയിട്ട് ഒരു എഴുത്തുപോലും അയയ്ക്കാന്‍ കൂട്ടാക്കിയില്ല. നാട്ടില്‍ ഇതൊരു വിഷയം ആയി മാറി. ഒരു പിടിയും കിട്ടിയില്ല.
മാധവി കൂട്ടുകാരി ലക്ഷ്മിയും ഒരുമിച്ച് പല സ്ഥലങ്ങളിലും അന്വേഷിച്ചു നടന്നു. പോകാത്ത അമ്പലങ്ങള്‍ ഇല്ല.
5 വര്‍ഷങ്ങള്‍ കഴിഞ്ഞു. കഠിനാധ്വാനം ചന്ദ്രന്റെ ശരീരത്തിനേയും അഴകിനേയും ബാധിച്ചു. കോമളിത്തമുള്ള ചന്ദ്രന്റെ രൂപം കറുത്ത് മെലിഞ്ഞ ഒരു പുരുഷനായി മാറ്റി. ജോലിയോടുള്ള കൂറ് കോണ്ട്രാക്ടുകാരന്റെ കൂടുതല്‍ ഇഷ്ടക്കാരനായി മാറി. അയാള്‍ ചന്ദ്രനു ശമ്പളം കൂട്ടിക്കൊടുത്തു. താമസത്തിനുള്ള സ്ഥലം ഏര്‍പ്പാടാക്കി കൊടുത്തു. ആ വഴിക്ക് ചന്ദ്രന് കുറച്ച് സമ്പാദ്യങ്ങളും ഉണ്ടായി. നല്ലവനായ കോണ്ട്രാക്ടുകാരന് ചന്ദ്രനെക്കൊണ്ട് ഒരു ബാങ്ക് അക്കൗണ്ട് എടുപ്പിച്ചു. പണം അതില്‍ നിക്ഷേപിച്ചു.
അപ്പോഴും നാട്ടിലേക്ക് പോകാനോ, കത്ത് എഴുതാനോ ചന്ദ്രന് ശ്രമിച്ചില്ല. സ്വന്തം നാടും വീടും ബന്ധുക്കളും അവന് വെറുക്കപ്പെട്ടു. വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി.
മാധവി മകനെ മറന്നില്ലെങ്കിലും ചിന്തകള്‍ മാറ്റിവച്ച് അവര്‍ ജീവിതം തുടര്‍ന്നു. പശുക്കളേയും ആടുകളേയും കോഴികളേയും വളര്‍ത്തി അവര്‍ അന്നത്തിന് ബുദ്ധിമുട്ട് ഇല്ലാതെ ജീവിച്ചു പോന്നു. മകള്‍ ഇടയ്ക്കൊക്കെ വരും. ഒരു രാത്രി നില്‍ക്കണം എന്ന് ആഗ്രഹമില്ല. എന്തെങ്കിലും ഭക്ഷണം കഴിച്ച് മടങ്ങിപ്പോകും.
ചന്ദ്രന് ഉള്ളപ്പോള്‍ അവന് പെങ്ങളേയും മക്കളേയും എത്രകണ്ടു സ്നേഹിച്ചിരുന്നു എന്ന് അവര്‍ മറന്നുപോയി. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും, ഭക്ഷണ സാധനങ്ങളും വാങ്ങിച്ചു കൊടുക്കുമായിരുന്നു. ഓണത്തിനു ഡ്രസ്സുകളും, വിഷുവിന് കൈനീട്ടവും കൊടുക്കല്‍ ചന്ദ്രനു നിര്‍ബന്ധമായിരുന്നു. അവര്‍ അതിന് കാത്തിരിക്കമായിരുന്നു.
മാധവിക്ക് പ്രായം കൂടിവരുന്നു. ക്ഷീണവും രോഗവും അവരെ അലട്ടി. മകളും മരുമകനും അത്യാവശ്യം നോക്കുന്നുണ്ട്. മാധവി ഒരിക്കലും മകളുടെ വീട്ടില്‍ രാത്രി തങ്ങിയിട്ടില്ല. സാഹചര്യവും അങ്ങനെതന്നെയായിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അങ്ങനെയാണല്ലോ.
മാധവിയ്ക്ക് പിന്നേയും ചന്ദ്രനെപ്പറ്റിയുള്ള ആധി കൂടിവന്നു. അവന് ജീവിച്ചിരിപ്പുണ്ടോ? ആ തള്ള നെഞ്ച് ഉരുകി പ്രാര്‍ത്ഥിച്ചു.
5 കൊല്ലം അങ്ങിനെ കഴിഞ്ഞു. ഇതിനിടയില്‍ ചന്ദ്രനു ചില കൂട്ടുകെട്ടുകള്‍ ഉണ്ടായി. കൃത്യമായി പണിക്കു വരുന്നില്ല. ഒരു വല്ലാത്ത അലസത. ശരീരം പിന്നേയും ക്ഷീണിച്ചു. ദിനചര്യകള്‍ വേണ്ടപോലെ ഇല്ല. മുടിയും താടിയും മുറിക്കുന്നില്ല.
മുതലാളി താമസിയാതെ കണ്ടുപിടിച്ചു. കഞ്ചാവ്, താക്കീതുകൊടുത്തു. ശരിയാകുന്നില്ല. എങ്കിലും നേരത്തേ ഉള്ള സ്നേഹം കുറഞ്ഞെങ്കിലും, പറഞ്ഞുവിട്ടില്ല. അവന് ആവുന്ന പണികള്‍ ചെയ്യട്ടെ എന്നു തീരുമാനിച്ചു.
ഇതിനിടയില്‍ വേഷം മാറി നടന്നിരുന്ന ചന്ദ്രനെ ഒരു മലയാളി തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ അവന് സത്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു.
അദ്ദേഹം ചന്ദ്രന്റെ നാട്ടുകാരന് തന്നെയാണ്. മറൈന്‍ഡ്രൈവില്‍ അയാളും അനുജനും കൂടി കരിക്ക് വ്യവസായം നടത്തുന്നു.വിപുലമായ രീതിയില്‍ ആണ് അവരുടെ വ്യവസായം.
വീശാലമായ ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രമായ ബോംബെ യില്‍ എവിടെചെന്ന് അന്വേഷിക്കാനാണ്. പല നാട്ടുകാര്‍, പല ഭാഷകള്‍, പഴക്കം ചെന്ന ആളുകള്‍ ഹിന്ദി സംസാരിക്കുന്നു. പലതരം ജോലികള്‍, ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ വേറെ. മാറ്റങ്ങള്‍ വളരെ വേഗം വന്നുകൊണ്ടിരിക്കുകയാണ് ബോംബേ. ഇതിനിടയില്‍ തട്ടിപ്പുകാര്‍, കൊലയാളികള്‍ അങ്ങനെ ഒരു കൂട്ടര്.
അങ്ങനെ സംശയം തോന്നിയാണ് കരിക്കുവില്പനക്കാരന് ചന്ദ്രനെ കണ്ടുമുട്ടുന്നതും, ചോദ്യം ചെയ്യാന്‍ ഇടവന്നതും. അദ്ദേഹം വിവരം നാട്ടിലേക്ക് കത്തെഴുതി വിട്ടു. ചന്ദ്രന്റെ അവസ്ഥ അപ്പോഴേക്കും വളരെ മോശമായി. കഞ്ചാവിന് അത്രകണ്ട് അടിമയായി.
വിവരം മാധവിയും കുടുംബവും അറിഞ്ഞു. ജീവിച്ചിരിപ്പുണ്ടല്ലോ. തള്ളയ്ക്ക് സമാധാനമായി. നാട്ടുകാര്‍ ചില സൂചനകള്‍ മാധവിയോടും, സഹോദരീ ഭര്‍ത്താവിനേയും അറിയിച്ചു. എങ്ങനെയെങ്കിലും നാട്ടില്‍ എത്തട്ടെ. അവര്‍ തീരുമാനിച്ചു.
അങ്ങനെ കരിക്കു കച്ചവടക്കാരന് നാട്ടിലേക്കു വരുന്ന രണ്ടു മലയാളികളെ കൂട്ടി ചന്ദ്രനെ അവന്റെ വീട്ടില്‍ എത്തിച്ചു.