ആക്രി

ക്ഷേത്ര മതില്‍ക്കെട്ടിനു വെളിയിലെ ആല്‍ത്തറയില്‍ വസുമതിയമ്മ ഇരിയ്ക്കാന്‍ തുടങ്ങിയിട്ടു നേരം കുറെയായി. എന്നു വെച്ചാല്‍ ഒരു പകല്‍ പകുതി കഴിഞ്ഞിരിയ്ക്കുന്നു.ഇപ്പോള്‍ ആല്‍മരത്തിന്റെ നിഴല്‍ കിഴക്കോട്ടായിരിയ്ക്കുന്നു.

എങ്ങോട്ടും എഴുന്നേറ്റു പോകരുതെന്നു കര്‍ശനമായി പറഞ്ഞിട്ടാണ് രശ്മി മോള്‍ പോയത്. അവള്‍ പറഞ്ഞാല്‍ ആരായാലും അനുസരിച്ചു പോകും.അവളുടെ വാക്കുകള്‍ക്ക് അങ്ങനെയൊരു ചാതുര്യമുണ്ട്. വലിയ കടുപ്പക്കാരനായ തന്റെ മകന്‍ ഗിരി പോലും അവള്‍ വരയ്ക്കുന്ന വരയിലൂടെയേ നടക്കുകയുള്ളു.

എന്നു കരുതി അവനൊരു പെണ്‍കോന്തനാണെന്നൊന്നും വിചാരിച്ചു കൂടാ. അത് അവളുടെയൊരു നയവും സാമര്‍ത്ഥ്യവുമാണ്.

ഒരു കണക്കിനോര്‍ത്താല്‍ പെണ്ണുങ്ങള്‍ അങ്ങനെ വേണം. ഭാര്യമാര്‍ നിയന്ത്രിയ്ക്കുന്ന കുടുംബത്തില്‍ വലിയ അശടുണ്ടാവുകയില്ല. കയറൂരി വിട്ടാല്‍ വേലി ചാടുന്ന വര്‍ഗ്ഗങ്ങളാണ് ഈ ആണുങ്ങളലധികവും.

എന്തിനു പറയുന്നു – തന്റെ ആണ്‍പിറന്നോനുമുണ്ടായിരുന്നു ഒരു ചിന്നവീട്. താന്‍ കടുത്ത യുദ്ധം പ്രഖ്യാപിച്ചപ്പോഴാണ് ആ ബന്ധം വിട്ടത്.
തെക്കുവടക്കു കിടക്കുന്ന ടാര്‍ റോഡിന്റെ പടിഞ്ഞാറുവശത്തു കുളമാണ്. റോഡരികില്‍ നിന്നു താഴേയ്ക്കു കല്പടവുകളുണ്ട്.

തൊഴാന്‍ വരുന്നവരൊക്കെ കല്പടവുകളിറങ്ങിച്ചെന്നു കാലും,മുഖവും കഴുകി കയറി വരും. റോഡരികിലുള്ള പെട്ടിക്കടയില്‍ നിന്നും എണ്ണയും, സാമ്പ്രാണിയും, കര്‍പ്പൂരവും വാങ്ങിക്കൊണ്ടാണു തൊഴാന്‍ പോകുന്നത്.

തൊഴാന്‍ വരുന്നവരൊക്കെ കല്പടവുകളിറങ്ങിച്ചെന്നു കാലും,മുഖവും കഴുകി കയറി വരും. റോഡരികിലുള്ള പെട്ടിക്കടയില്‍ നിന്നും എണ്ണയും, സാമ്പ്രാണിയും, കര്‍പ്പൂരവും വാങ്ങിക്കൊണ്ടാണു തൊഴാന്‍ പോകുന്നത്.
ഓരോന്നു ചിന്തിച്ചും, ആ കാഴ്ചകളൊക്കെ നോക്കിയിരുന്നും നേരം പോയതറിഞ്ഞില്ല.
റോഡിന്റെ തെക്കുവശത്തേയ്ക്കു വസുമതിയമ്മ നോക്കി.
തൊഴാന്‍ പോകുന്നവരും, തൊഴുതിറങ്ങുന്നവരുമില്ല.റോഡ് ഏതാണ്ടു വിജനമാണ്.
ഉച്ചപൂജ കഴിഞ്ഞ് നട അടച്ചിട്ടുണ്ടാകും. അതു കൊണ്ടാണ് വഴിയില്‍ തിരക്കു കുറവ്.
രശ്മി മോള്‍ എവിടെപ്പോയി.?

രസീത് എഴുതിച്ച് വഴിപാടു നടത്തിയിട്ടു വരാമെന്നു പറഞ്ഞു പോയതാണ്.-
ഭഗവാനെ – എന്റെ കുഞ്ഞിന് ആപത്തു വല്ലതും —
ഒന്നു പോയി നോക്കിയാലോ -?

ആ നേരത്താണു രശ്മി മോള്‍ വരുന്നതെങ്കിലോ.?
വേണ്ട -ഇവിടെ തന്നെ ഇരിയ്ക്കുന്നതാണു ബുദ്ധി.
എതിരെയുള്ള പെട്ടിക്കടയുടെ മുന്നില്‍ നിന്ന് പ്രായമുള്ള ഒരാള്‍ വെറ്റിലയില്‍ ചുണ്ണാമ്പു തേയ്ക്കുന്നു. അതു കണ്ടപ്പോള്‍ വസുമതിയമ്മയുടെ മനസ്സിലും പൂതിയുണര്‍ന്നു.
ഒന്നു മുറുക്കിയാലോ.?’

അന്നേരം രശ്മി മോളുടെ വാക്കും,മുഖവും മനസ്സില്‍ തെളിഞ്ഞു. –
അമ്മ ഈ മുറുക്കു നിറുത്തണം. ഇതെന്തുമാത്രം ചീത്തയാണെന്നറിയാമോ.? കാന്‍സറുവരനുള്ള ഒരു പ്രധാന കാരണം ഈ പുകയില യാ .അമ്മയ്ക്ക് അങ്ങനെ വല്ലതും വന്നാല്‍ – ഭഗവാനേ-ഓര്‍ക്കാന്‍ കൂടി വയ്യ. – അവളുടെ വാക്കുകളിലെ സങ്കടം വസുമതിയമ്മയുടെ മനസ്സില്‍ തൊട്ടു –
കൂട്ടത്തില്‍ അവള്‍ സ്വരം താഴ്ത്തിപ്പറഞ്ഞതു വസുമതിയമ്മ കേട്ടില്ല –
കണ്ടില്ലേ മുറ്റമെല്ലാം കുപ്‌ളിച്ചു നാറ്റിച്ചു വെച്ചേക്കുന്നത്.?
മുറുക്കു ശീലം അന്നു നിറുത്തിയതാണ്.ദിവസം അഞ്ചാറു തവണയെങ്കിലും മുറുക്കുമായിരുന്നു.
വാങ്ങിച്ചു വെച്ചിരുന്ന വെറ്റിലയും ,പാക്കും, പുകയിലയുമെല്ലാം കുഞ്ഞിപ്പെണ്ണു വന്നപ്പോള്‍ എടുത്തു കൊടുത്തു.
ഞാന്‍ മുറുക്കു നിറുത്തി –
അതെന്തു പറ്റി.? കാന്‍സറിനു പ്രധാന കാരണം പുകയിലയാണെന്നു രശ്മി മോളു പറഞ്ഞു.
അന്നേരം നമ്മുടെ മത്തായി മൂപ്പന്റെ കാര്യമൊന്നോര്‍ത്തേ. വയസ്സ് എണ്‍പത്തഞ്ചായി. ഒരു ദിവസം എന്തുമാത്രം പൊയ്‌ല യാ ചവയ്ക്കുന്നത്. അതും നല്ല ഒന്നാന്തരം വടക്കന്‍ പൊയ്‌ല. അതിയാന് ഇതുവരെ കാന്‍സറും ഒരു കോപ്പും വന്നില്ല.
ചൊളുവില്‍ കിട്ടിയ മുറുക്കാന്‍ സാധനങ്ങള്‍ മടിയില്‍ തിരുകിക്കൊണ്ടു കുഞ്ഞിപ്പെണ്ണു പറഞ്ഞു.
അതേയ് എല്ലാവരുടേം ശരീരപ്രകൃതി ഒരു പോലെയല്ല.- അകത്തു നിന്നു രശ്മി ഉറക്കെപ്പറഞ്ഞു.
അതു നേരാ.- രശ്മിയുടെ വാക്കുകള്‍ക്കു മുന്നില്‍ കുഞ്ഞിപ്പെണ്ണുപരുങ്ങി.
വെയിലിനു ചൂടു കുറഞ്ഞു തുടങ്ങി.-
വസുമതിയമ്മയുടെ മനസ്സിനു ചൂടേറുകയായിരുന്നു.
എന്റെ മോള്‍ക്ക് എന്തു പറ്റി’?
നല്ല വിശപ്പും, ദാഹവുമുണ്ട്. മോളെ കാണാത്ത ആധിയാണ് അതിനേക്കാളേറെ.
അവര്‍ മെല്ലെയെഴുന്നേറ്റു എതിരെയുള്ള പെട്ടിക്കടയിലേക്കു ചെന്നു.
ഒരു ഗ്ലാസ്സു വെള്ളം തരുമോ.?
വെള്ളം കൊടുത്തിട്ട് കടയുടമ ചോദിച്ചു.
അമ്മച്ചി എവിടെയുള്ളതാ.?
ചങ്ങനാശ്ശേരി –
രാവിലെ മുതല്‍ ആല്‍ത്തറയില്‍ ഇരിയ്ക്കുന്നു ണ്ടല്ലോ. എന്തു പറ്റി?
ഞാനും എന്റെ മരുമകളും കൂടി തൊഴാന്‍ വന്നതാ. തൊഴുതിറങ്ങി എന്നെ ഇവിടെ കൊണ്ടു വന്നിരുത്തിയിട്ട് അവള്‍ വഴിപാടു കഴിയ്ക്കാന്‍ പോയതാ. ഇതു വരെ കണ്ടില്ല .. എന്റെ കുഞ്ഞിനെന്തോ ആപത്തു പറ്റിയെന്നാ തോന്നുന്നത്.- അവര്‍ നേര്യതിന്റെ തുമ്പു കൊണ്ടു കണ്ണുകളൊപ്പി. ഭഗവാനേ-അവള്‍ക്കു വല്ലതും പറ്റിപ്പോയാല്‍ ഗള്‍ഫീന്നു ഗിരി മോന്‍ വിളിയ്ക്കുമ്പോള്‍ എന്തു സമാധാനം പറയും.?
വസുമതിയമ്മയ്ക്കു ആധി പെരുകി.-
അവള്‍ക്കു താനും, തനിക്ക് അവളും പരസ്പരം ആ ശ്രയമായി കണ്ടിട്ടല്ലേ അവന്‍ പോയത്.
കടയുടമ വസുമതിയമ്മയെ സങ്കടത്തോടെ നോക്കി. –
ഈ അടുത്ത നാളിലാണ് ഇതുപോലൊരു കേസുകെട്ടു കൈകാര്യം ചെയ്തത്. ഇത്തരം കേസുകള്‍ വിളിച്ചു പറഞ്ഞാലുടനെ കൗണ്‍സിലര്‍ മധുരാജ് ഇടപെട്ടു വേണ്ടതു ചെയ്തു കൊള്ളും. അതൊരു ആശ്വാസമാണ്.
മക്കള്‍ക്കു സുഖസൗകര്യങ്ങള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ ഒരു ബാദ്ധ്യതയാകുന്നു.-
നമ്മുടെ നാട് എങ്ങനെ ഈ വിധമായി ‘?’
നമ്മുടെ ഗ്രാമങ്ങളുടെ പഴയ അവസ്ഥ എന്തായിരുന്നു.?
സന്ധ്യയായാല്‍ ഉമ്മറത്തു കത്തിച്ചുവെച്ച വിളക്കും അതിനടുത്തു കൊച്ചുമക്കളുമായിരുന്നു നാമംജപിയ്ക്കുന്ന മുത്തശ്ശിയും ..
എത്ര െഎശ്വര്യമുള്ള കാഴ്ചയായിരുന്നു.ഇന്ന് പല കുടുംബങ്ങളിലും മുത്തശ്ശിമാരും, മുത്തഛന്മാരും അന്യം നിന്നു കൊണ്ടിരിയ്ക്കുന്നു. നാടും, വീടുമെല്ലാം ചെകുത്താന്മാരുടെ പിടിയിലമര്‍ന്നുകൊണ്ടിരിയ്ക്കുന്നു.
പെട്ടിക്കടക്കാരന്‍ അല്പം അകലെ നിന്ന ചെറുപ്പക്കാരെ കൈകൊട്ടി വിളിച്ചു –
അവര്‍ വേഗം വന്നു.

ദാണ്ട്.- കഴിഞ്ഞ ദിവസം നമ്മള്‍ കൈകാര്യം ചെയ്തതുപോലൊരു കേസ്സാ.-
ഇതെവിടുന്നാ ,? – ഒരാള്‍ തിരക്കി.
ചങ്ങനാശ്ശേരി.- പെട്ടിക്കടക്കാരന്‍ പറഞ്ഞു. അന്നത്തെ കേസ്സില്‍ സ്വന്തം മകനായിരുന്നു. ഇതുമരുമകള്‍.- അത്രേയുള്ളു വ്യത്യാസം.
ആളുകള്‍ ചുറ്റും നിന്നു സംസാരിയ്ക്കുന്നതിന്റെ പൊരുളറിയാതെ അവരുടെയൊക്കെ സഹതാപാര്‍ദ്രമായ നോട്ടങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു കാഴ്ചവസ്തു കണക്കെ വസുമതിയമ്മ നിന്നു.
അല്പം കഴിഞ്ഞപ്പോള്‍ ഒരു പോലീസ് ജീപ്പും മറ്റൊരു വാഹനവും വന്നു നിന്നു. പോലീസ് ഉദ്യോഗസ്ഥന്‍ വസുമതിയമ്മയോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
അമ്മച്ചി ആ വണ്ടിയിലേക്കു കേറ്.-
വശങ്ങളില്‍ കരുണാലയം എന്നെഴുതിയ വാഹനം ചൂണ്ടിക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്റെ രശ്മി മോള്‍ ഇല്ലാതെ ഞാന്‍ എങ്ങോട്ടും വരത്തില്ല.- വസുമതിയമ്മ വിതുമ്പിക്കൊണ്ടു പറഞ്ഞു.
അതൊക്കെ നമുക്കു കണ്ടു പിടിയ്ക്കാം. അമ്മച്ചി വണ്ടിയില്‍ കേറ് .

കരുണാലയം എന്ന വൃദ്ധസദനത്തിന്റെ വാഹനത്തിലിരുന്നു രശ്മി മോളെയോര്‍ത്തു വസുമതിയമ്മ കരളുരുകി കരയുമ്പോള്‍, ഏയര്‍പോര്‍ട്ടിലേക്കു പായുന്ന ഇന്നോവയുടെ മര്‍ദ്ദവമുള്ള സീറ്റില്‍ ചാരിക്കിടന്നു മധുരസ്വപ്‌നങ്ങള്‍ കാണുകയായിരുന്നു രശ്മി.

കരുണാലയം എന്ന വൃദ്ധസദനത്തിന്റെ വാഹനത്തിലിരുന്നു രശ്മി മോളെയോര്‍ത്തു വസുമതിയമ്മ കരളുരുകി കരയുമ്പോള്‍, ഏയര്‍പോര്‍ട്ടിലേക്കു പായുന്ന ഇന്നോവയുടെ മര്‍ദ്ദവമുള്ള സീറ്റില്‍ ചാരിക്കിടന്നു മധുരസ്വപ്‌നങ്ങള്‍ കാണുകയായിരുന്നു രശ്മി.
വിവാഹം കഴിഞ്ഞ് ഒരു മാസമേ ഗീരിയേട്ടനോടൊത്തു കഴിയാന്‍ സാധിച്ചുള്ളു. അപ്പോഴേയ്ക്കും അവധി കഴിഞ്ഞു. എക്‌സ്റ്റെന്റുചെയ്യാന്‍ കമ്പനി അനുവദിച്ചില്ല. മടങ്ങിപ്പോകാന്‍ നേരം തുളുമ്പുന്ന മിഴികളുമായി നിന്ന തന്റെ കാതില്‍ ഗിരിയേട്ടന്‍ മന്ത്രിച്ചു.
സാരമില്ലെടോ, അധികം താമസിയ്ക്കാതെ വിസിറ്റിംഗ് വിസയില്‍ തന്നെ ഞാന്‍ കൊണ്ടു പൊയ്‌ക്കൊള്ളാം. ബാക്കി മധുവിധു നമുക്കു് ഗള്‍ഫില്‍ അടിച്ചു പൊളിയ്ക്കാമെടോ.-
അതു കേട്ടപ്പോഴാണ് മനസ്സൊന്നു തണുത്തത്.
ഓരോ ദിവസവും ഗിരിയേട്ടന്‍ വിളിയ്ക്കുമ്പോള്‍ താന്‍ പരിഭവം കൊണ്ടു പൊതിയും.
ഇനിയും പിടിച്ചു നില്ക്കാന്‍ എനിക്കു വയ്യ ഗിരിയേട്ടാ.-
മൂന്നു മാസത്തേയ്ക്ക് അമ്മയുടെ കാര്യത്തില്‍ നീ സുരക്ഷിതമായൊരു തീരുമാനമെടുക്ക്. അടുത്ത ദിവസം വിസയും, ടിക്കറ്റും നിന്റെ കൈകളിലെത്തും.
ശരിഗിരിയേട്ടാ – സന്തോഷമായി.
പിറ്റേന്നു തന്നെ സ്വന്തക്കാരും വേണ്ടപ്പെട്ടവരുമായി പലരേയും സമീപിച്ചു.ഒരു മൂന്നുമാസ കാലത്തേയ്ക്കു മാത്രം. –
പാഴ്വസ്തുക്കള്‍ സൂക്ഷിയ്ക്കാന്‍ ആര്‍ക്കാ നേരം.?
തന്റെ കാമനകളെ ഇനി അടക്കാന്‍ വയ്യ –
ഒടുവില്‍ കണ്ടെത്തിയ പോംവഴിയായിരുന്നു അത്.തന്ത്രപരമായി ക്ഷേത്ര മുറ്റത്ത് ഉപേക്ഷിയ്ക്കുക. മൂന്നു മാസം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കണ്ടെത്തിയാല്‍ കൂടെ കൂട്ടാം. അല്ലെങ്കില്‍ –
എത്ര മണിയ്ക്കാ ചേച്ചീ ഫ്‌ലൈറ്റ് -? ഡ്രൈവര്‍ ചോദിച്ചു.
അഞ്ചു മണിയ്ക്ക് –
മൂന്നു മണിയാകുമ്പോള്‍ നമ്മള്‍ എയര്‍പോര്‍ട്ടിലെത്തും.
അതിനെന്താ .? അവിടെ കുറച്ചു നടപടിക്രമങ്ങളൊക്കെയുണ്ടല്ലോ. അതെല്ലാം കഴിയുമ്പോള്‍ സമയമാകും. – രശ്മി പറഞ്ഞു.
ഗേറ്റു കടന്നു വാഹനം വലിയൊരു കെട്ടിടത്തിന്റെ മുറ്റത്തേയ്ക്കു കയറിയപ്പോള്‍ നേരേ കണ്ട ബോര്‍ഡ് വസുമതിയമ്മ വായിച്ചു.
‘കരുണാലയം വൃദ്ധസദനം.’
ഒപ്പമുണ്ടായിരുന്ന ഒരാള്‍ വസുമതിയമ്മയുടെ കൈയ്യില്‍ പിടിച്ച് ഇറങ്ങാന്‍ സഹായിച്ചു. പിന്നെ അകത്തു കൊണ്ടുപോയി ഒരു കസേരയില്‍ ഇരുത്തി.
എന്റെ രശ്മി മോള്‍ക്ക് എന്താ പറ്റിയേ.? എനിക്ക് അവളെ കാണണം. _ വസുമതിയമ്മ പൊട്ടിക്കരഞ്ഞു.
അമ്മച്ചികരയാതെ – നമുക്ക് അന്വേഷിയ്ക്കാം.- അയാള്‍ സമാധാനിപ്പിച്ചു.
വിതുമ്പിക്കരയുന്ന വസുമതിയമ്മയുടെ അടുത്തേയ്ക്ക് സമപ്രായക്കാരായ രണ്ടു മൂന്നു സ്ത്രീകള്‍ ചെന്നു.
ഇതു വരെ കാര്യം പിടികിട്ടിയില്ലെന്നു തോന്നുന്നു.- അവര്‍ പരസ്പരം പറഞ്ഞു.
വസുമതിയമ്മ അവരുടെ മുഖങ്ങളിലേക്കു മാറി മാറി നോക്കി:
അന്നേരം അവരിലൊരാള്‍ പറഞ്ഞു. _
ഞങ്ങളുമൊക്കെ ഇതുപോലെ കഥയറിയാതെ ആദ്യമൊക്കെ കുറെ വിഷമിച്ചവരാ. പിന്നെയാ കാര്യം പിടികിട്ടിയത്.
എന്തോന്നു കാര്യം.? വസുമതിയമ്മ ഉദ്വേഗത്തോടെ ചോദിച്ചു.
ഇതൊരു കന്നം തിരിവില്ലാത്ത പാവം തള്ളയാ.- അവരിലൊരാള്‍ മുന്നോട്ടുവന്നു.- കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാം.
ചേച്ചീ- നമ്മുടെ വീട്ടിലെ ഉപകരണങ്ങളൊക്കെ പഴകി ഉപയോഗശൂന്യമാകുമ്പോള്‍ നമ്മളെന്താ ചെയ്യുക.?
ആ ക്രിക്കാര്‍ക്കു കൊടുക്കും.- വസുമതിയമ്മ പറഞ്ഞു.
അതുപോലെ ചേച്ചീനമ്മളുമൊക്കെ ഒരോരോ ആക്രികളാ.മക്കള്‍ക്കോ, മരുമക്കള്‍ക്കോ ബാദ്ധ്യതയാകുമ്പോള്‍ വലിച്ചെറിയുന്ന ആക്രികള്‍. ഇനിയുള്ള കാലം നമുക്ക് ഇവിടെ കഴിയാം. സ്‌നേഹപൂര്‍ണ്ണമായ പരിചരണവും, ആഹാരവും എല്ലാം കിട്ടും. മരണം വരെ ആരും വലിച്ചെറിയുകയുമില്ല.- അവര്‍ പറഞ്ഞു നിറുത്തി.
പക്ഷേ അതൊന്നും വിശ്വസിയ്ക്കാന്‍ വസുമതിയമ്മയ്ക്കു കഴിഞ്ഞില്ല.
തന്റെ ഗിരി മോനും, രശ്മി മോളും അത്തരക്കാരല്ല –
രശ്മി മോള്‍ക്ക് എന്തോ ആപത്തു പറ്റിയിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അവള്‍ വരും. തന്നെ കൂട്ടിക്കൊണ്ടു പോകും
തീര്‍ച്ച –
വസുമതിയമ്മ വഴിയുടെ അങ്ങേത്തലയ്ക്കല്‍ മിഴിയുന്നിയിരുന്നു.-
നിറഞ്ഞ പ്രതീക്ഷയോടെ.

Author

Scroll to top
Close
Browse Categories