വസൂരിയുമായി ഒരു സൗഹൃദം
മാടനാശാനും കുട്ടിയമ്മയ്ക്കും അമ്മാവന്മാർക്കും നാണുവിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തയും ആശങ്കയും നാൾക്കുനാൾ കൂടിക്കൂടി വന്നു. ദേശാടനത്തിനിടെ നാണു വയൽവാരത്തെത്തുക വല്ലപ്പോഴുമൊക്കെയായി. എങ്കിലും കുട്ടിയമ്മ ദിവസവും അത്താഴം വിളമ്പി കാത്തിരിക്കുമായിരുന്നു. രാവേറെ ചെന്നിട്ടും നാണുവിനെ കാണാതാവുമ്പോൾ നിരാശയോടെ ആ അമ്മ ചെന്നു കിടക്കും. അതിപ്പോൾ കുട്ടിയമ്മയ്ക്ക് ഒരു ശീലമായിക്കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരിക്കൽ നാണു വയൽവാരത്തു നിന്നിറങ്ങിപ്പോയിട്ട് ദിവസങ്ങളേറെയായി. മുൻപെങ്ങും ഇത്രയും നാൾ വീട്ടിലെത്താതിരുന്നിട്ടില്ല. അതാലോചിച്ചപ്പോൾ കുട്ടിയമ്മയ്ക്ക് വലിയ സങ്കടമായി. മാടനാശാൻ പല ദിക്കിലും പോയി അന്വേഷിച്ചു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല. ആ പിതൃഹൃദയം പുത്രവാത്സല്യത്തിന്റെ ആഴത്തിൽ പിടഞ്ഞു.
”നാണുവിന്റെ സ്വഭാവം അറിയില്ലേ? ഇപ്പോൾ ദേശസഞ്ചാരത്തിന്റെ വ്യാപ്തിയേറിയിട്ടുണ്ടാകും.” കൃഷ്ണൻവൈദ്യർ സമാധാനിപ്പിച്ചു.
”എങ്കിലും ഞങ്ങൾക്ക് മറ്റാരാണുള്ളത്?”
ആ മാതാപിതാക്കളുടെ ഹൃദയനൊമ്പരത്തിന്റെ ആഴം വൈദ്യർക്ക് നന്നായി ഗ്രഹിക്കാനായി.
ദിവസങ്ങൾ പിന്നെയും കടന്നുപോയി. നാണുവിനെക്കുറിച്ച് യാതൊരു വിവരവും അവർക്കു ലഭിച്ചില്ല. ഏതെങ്കിലും അമ്പലത്തിൽ ഭജനമിരിക്കുകയാവും, അല്ലെങ്കിൽ ഊരുചുറ്റലിനിടയിൽ ഏതെങ്കിലും അന്യദേശത്തേക്ക് തീർത്ഥയാത്ര പോയിട്ടുണ്ടാവും. അങ്ങനെയൊക്കെ വിചാരിച്ചും ആശ്വസിച്ചും അവർ കാത്തിരിപ്പു തുടർന്നു.
എന്നാൽ ഈ ദിനങ്ങളിലത്രയും നാണുഭക്തൻ മറ്റെവിടെയും പോയിരുന്നില്ല. വസൂരിരോഗം ബാധിച്ച് വിജനമായി കിടന്ന മണയ്ക്കൽ ക്ഷേത്രത്തിലും അതിനു സമീപമുള്ള കുറ്റിക്കാട്ടിലുമായി ആരെയും അറിയിക്കാതെ ഏകനായി കഴിയുകയായിരുന്നു. വസൂരി അന്നൊരു മഹാരോഗവും പകർച്ചവ്യാധിയുമായിരുന്നതിനാൽ ആ രോഗത്തെയും രോഗിയെയും മറ്റുള്ളവർ വലിയ ഭയത്തോടെയാണ് കണ്ടിരുന്നത്. അത്തരം രോഗികളുമായി വീട്ടിലുള്ളവർ പോലും സഹവസിച്ചിരുന്നില്ല. മഹാവൈദ്യന്മാരുടെ പാരമ്പര്യചികിത്സ അത്യാവശ്യമായിരുന്ന സന്ദർഭമായിട്ടും നാണു ഒറ്റയ്ക്ക് ഉച്ചനേരത്തുകൂടി ആളുകൾ കയറാൻ ഭയപ്പെട്ടിരുന്ന ആ വനാന്തരത്തിനുള്ളിലും ക്ഷേത്രപ്പുരയിലുമായി കഴിഞ്ഞുകൂടുകയായിരുന്നു. പറങ്കിമാങ്ങയും ചില കാട്ടുകിഴങ്ങുകളും പച്ചിലകളും ഉറവയിൽ നിന്നുള്ള ശുദ്ധജലവുമൊക്കെ ആഹരിച്ചുകൊണ്ട് നീണ്ട പതിനെട്ടു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ആര്യവേപ്പിലയും മഞ്ഞളും അരച്ച് കുഴമ്പുപരുവമാക്കി കഴിക്കുന്ന സ്വയം ചികിത്സയും നടത്തി. രാവും പകലും മണയ്ക്കൽ ഭഗവതിയെ ധ്യാനിച്ചും പ്രാർത്ഥിച്ചും അങ്ങനെ കഴിയുന്നതിനിടെ നാണുവിന് രോഗത്തിന്റെ ഭയാനകതയും തീവ്രതയും കഠിനവേദനയും ഒന്നും കാര്യമായി തോന്നിയിരുന്നില്ല. ആ രോഗകാലത്ത് മേല്പത്തൂർ നാരായണഭട്ടതിരിയുടെ ‘വൈരാഗ്യോല്പാദകം’ എന്ന കൃതി മുഴുവൻ വായിച്ച് നാണു മനപ്പാഠമാക്കിയിരുന്നു.
രോഗം നന്നായി ശമിച്ചെന്നു ബോദ്ധ്യപ്പെട്ടപ്പോൾ നാണു ഇരുപതാം ദിവസം കുളിച്ചു. അതിനുശേഷം വയൽവാരത്തേക്ക് മെല്ലെ നടന്നു. നാണുവിന്റെ മുഖത്ത് ചുവന്നു തെളിഞ്ഞു കിടന്ന വസൂരിക്കലകൾ കണ്ടവരെല്ലാം ശ്വാസമടക്കി അമ്പരന്നു നിന്നു.
കുട്ടിയമ്മ മുറ്റത്തേക്ക് ഓടിയിറങ്ങിവന്ന് മകനെ കെട്ടിപ്പുണർന്നു. കരഞ്ഞുകലങ്ങിയ മാതാവിന്റെ കണ്ണുകൾ നാണു മെല്ലെ തുടച്ചു. മാടനാശാൻ ഒന്നും പറയാനാവാതെ വിമ്മിഷ്ടപ്പെട്ടു നിന്നു. നാണുവിന്റെ മുഖത്തും ദേഹത്തുമാകെ വസൂരിക്കലകൾ കണ്ടപ്പോൾ അവർ കൂടുതൽ പരിഭ്രാന്തരായി.
‘നാണു, ഇത്രനാളും വീട്ടിലെത്താതെ നീ എവിടെയായിരുന്നു?
അയ്യോ, മുഖത്തൊക്കെ കാണുന്ന ഈ പാടുകൾ വസൂരിക്കലകൾ പോലുണ്ടല്ലോ?”
മാടനാശാന്റെ ആശങ്കയ്ക്കും സംശയത്തിനും നാണു ഒരു ചെറുപുഞ്ചിരിയോടെ മറുപടി നൽകി.
”എനിക്ക് കടുത്ത വസൂരി രോഗമായിരുന്നു. അതാർക്കും പകരാതിരിക്കാനും കണ്ട് ആരും പരിഭ്രമിക്കാതിരിക്കാനുമാണ് ഞാനിവിടേയ്ക്ക് വരാതിരുന്നത്. ഈ ദിവസങ്ങൾ മുഴുവൻ ഞാൻ മണയ്ക്കൽ ക്ഷേത്രത്തിലും കാട്ടിലുമായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു.”
തന്റെ മുഖത്തെ വസൂരിക്കലകളിൽ പതിഞ്ഞ മാതൃകരങ്ങളെ നാണു മെല്ലെ തലോടി.
”നിന്നെ ആരാണ് ചികിത്സിച്ചത്?” വിവരമറിഞ്ഞ് വയൽവാരത്തേക്കോടി വന്ന കൃഷ്ണൻവൈദ്യർ പരിഭ്രമം മാറാതെ ചോദിച്ചു.
”മണയ്ക്കൽ ഭഗവതി.”
നാണു നിസ്സംഗനായി പറഞ്ഞു. അതുകേട്ട് അമ്മാവനും മാതാപിതാക്കളും ആശ്ചര്യപരതന്ത്രരായി നിന്നു.