സവർണ ജാതി സംവരണ വിധിയിൽ പുന:പരിശോധന അനിവാര്യം

സർക്കാർ ജോലികളിലും അൺഎയ്ഡഡ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സവർണ ജാതി സംവരണത്തിനുള്ള ഭരണഘടനയുടെ 103-ാം ഭേദഗതി ശരിവച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി രാജ്യത്തെ 80 ശതമാനത്തിലേറെ വരുന്ന പിന്നാക്ക സമുദായങ്ങളോടുള്ള അനീതിയായെന്ന് പറയാതെ വയ്യ. ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വത്തെയും തുല്യതയെയും 9 അംഗ വിശാലബെഞ്ചിന്റെ മുൻ തീരുമാനത്തെയും ചോദ്യം ചെയ്യുന്ന ഈ വിധിപ്രസ്താവത്തിൽ പുന:പരിശോധന അനിവാര്യമാണ്. സംവരണം 50 ശതമാനത്തിൽ അധികരിക്കരുതെന്ന 9 അംഗ ബെഞ്ചിന്റെ സുപ്രധാന വിധി നിലനിൽക്കവേയാണ് അഞ്ചംഗ ബെഞ്ച് അതിന് വിരുദ്ധമായ വിധി പുറപ്പെടുവിച്ചത്. സാമാന്യയുക്തിയിൽ നോക്കിയാൽ പോലും അഞ്ചംഗ ബെഞ്ച് കേസ് മറ്റൊരു വിശാലബെഞ്ചിന് വിടുകയായിരുന്നു ഉചിതം.

സവർണ ജാതി സംവരണം നടപ്പാക്കാൻ ഭരണകൂടങ്ങൾ കാണിക്കുന്ന ഉത്സാഹം ജുഗുപ്സാവഹമാണ്. പിന്നാക്ക സംവരണം നടപ്പിൽ വരാൻ 38 വർഷത്തെ പഠനം വേണ്ടിവന്നെങ്കിൽ സവർണ ജാതി സംവരണത്തിനായി ഒരു പഠനവും ഉണ്ടായില്ല. ഒരു ദിവസം കൊണ്ട് ലോക്‌സഭയും രാജ്യസഭയും ഇത് പാസാക്കി.

ഭരണഘടനയുടെ 340ാം വകുപ്പ് പ്രകാരം പിന്നാക്ക സമുദായങ്ങളുടെ സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാൻ രാഷ്ട്രപതി കമ്മിഷനെ നിയമിക്കണം. ഇതുപ്രകാരമാണ് 1953-ൽ കാക്കാ കലേക്കർ കമ്മിഷനെ നിയമിച്ചത്. 55-ൽ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് 79- വരെ തുറന്നുപോലും നോക്കിയില്ല. 1979-ൽ മൊറാർജി സർക്കാർ മണ്ഡൽ കമ്മിഷനെ ഇക്കാര്യത്തിന് നിയോഗിച്ചു. 80-ൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ടിൽ പിന്നാക്ക സംവരണം നൽകാൻ ആദ്യമായി തീരുമാനിച്ചത് 90-ൽ വി.പി.സിംഗ് സർക്കാരാണ്. അതിന്റെ പേരിൽ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നു. പിന്നീട് അധികാരമേറിയ നരസിംഹറാവു സർക്കാർ 1991 സെപ്തംബർ 25-ന് 27 ശതമാനം പിന്നാക്ക സംവരണത്തിനൊപ്പമാണ് ഒരു പഠനവും നടത്താതെ 10 ശതമാനം സവർണ ജാതി സംവരണം കൂടി പ്രഖ്യാപിച്ചത്. ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതിയുടെ 9 അംഗ ബെഞ്ച് സവർണ ജാതി സംവരണം റദ്ദാക്കുകയും ചെയ്തു.

1991-ൽ ആദ്യമായി പിന്നാക്ക സംവരണം തുടങ്ങുമ്പോൾ കേന്ദ്രസർവീസിൽ പിന്നാക്ക സമുദായങ്ങൾക്ക് കേവലം 12.55 ശതമാനം മാത്രമാണ് പ്രാതിനിധ്യം. ക്ളാസ് വൺ വിഭാഗത്തിൽ 4.69 ശതമാനവും. അന്ന് പിന്നാക്കവിഭാഗങ്ങൾ ജനസംഖ്യയുടെ 52 ശതമാനവും പട്ടികവിഭാഗക്കാർ 22.5 ശതമാനവുമായിരുന്നു. ഇന്നാകട്ടെ ഇത് യഥാക്രമം 60ഉം 25ഉം ശതമാനമായി ഉയർന്നു. 85 ശതമാനം വരുന്ന രണ്ട് വിഭാഗത്തിനും കൂടി ലഭ്യമാകുന്നത് 37 ശതമാനം സംവരണമാണ്. എന്നാൽ കേവലം 15 ശതമാനം വരുന്ന മുന്നോക്ക വിഭാഗക്കാർക്ക് ലഭ്യമാകുന്നതോ 10 ശതമാനം സംവരണവും. ഇവർക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് കണ്ടെത്തിയിട്ടുമില്ല. അത് പരിശോധിക്കാതെ ഇവർക്ക് ലഭിക്കുന്നത് പത്ത് ശതമാനം സംവരണവുമാണ്. ഇതിൽപ്പരം എന്ത് അനീതിയാണുള്ളത്. അർഹതപ്പെട്ടവർക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് കണ്ടെത്തുമ്പോൾ മാത്രം നൽകേണ്ടതാണ് സംവരണം.

സംവരണം തൊഴിൽദാന പദ്ധതിയല്ല. ഭരണ സംവിധാനത്തിൽ അർഹമായ പ്രാതിനിധ്യമില്ലാത്ത ജനസമൂഹത്തിന് വേണ്ടിയാണ് സംവരണവ്യവസ്ഥ ഏർപ്പെടുത്തുന്നതെന്ന് ഭരണഘടനയുടെ 16 (4) വകുപ്പ് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ജനവിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയ ശേഷം സംവരണം ഉപേക്ഷിക്കുന്നതിന് പകരം ആവശ്യത്തിന്റെ പലമടങ്ങുകൾ പ്രാതിനിധ്യമുള്ള സവർണ സമുദായങ്ങൾക്ക് വേണ്ടി പുതിയ വ്യവസ്ഥകൾ കൊണ്ടുവരുന്നത് അന്യായമാണ്. സവർണ വിഭാഗങ്ങളിലെ പാവപ്പെട്ടവരെ ഉദ്ധരിക്കേണ്ടത് സംവരണത്തിലൂടെയല്ല. മറ്റ് സാമ്പത്തിക പ്രക്രിയകൾ കൊണ്ടാണ്. അതിന് സർക്കാരുകൾക്ക് ന്യായമായ ഏത് മാർഗവും സ്വീകരിക്കാം. ആരും ചോദ്യം ചെയ്യില്ല. അല്ലാതുള്ള സൂത്രപ്പണികൾ നിലവിലെ സാമൂഹിക അസന്തുലിതാവസ്ഥയെ വീണ്ടും വളഷാക്കുകയേയുള്ളൂ.

കേന്ദ്രസർവീസിൽ സംവരണം നടപ്പാക്കിയത് 1991ലാണെങ്കിൽ കേരളത്തിൽ 1936 മുതൽക്കേ സംവരണമുണ്ട്. എന്നിട്ടും സംസ്ഥാനത്ത് പിന്നാക്ക ദളിത് വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇതുവരെ ലഭ്യമായിട്ടില്ല. സംവരണലക്ഷ്യം കൈവരിക്കാൻ സാധിക്കാത്തതിന് ഉത്തരവാദികൾ മാറിമാറി വന്ന സർക്കാരുകളാണ്. ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ ശുപാർശ പ്രകാരം സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ കൂടി ഇത് ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചിട്ടുമില്ല. ഭരണഘടനാ ശില്പികൾ വളരെ അവധാനതയോടെ ആവിഷ്കരിച്ച സംവരണ വ്യവസ്ഥ അട്ടിമറിക്കാൻ ശ്രമിക്കുന്നത് സാമൂഹികമായ പ്രശ്നങ്ങൾ രൂക്ഷമാക്കുമെന്ന് വ്യക്തമാണ്.

103-ാം ഭേദഗതിക്ക് ആധാരമായി കേന്ദ്രസർക്കാർ പറയുന്നത് ഭരണഘടനയുടെ നിയോജകതത്വം 46-ാം വകുപ്പിന്റെ ലക്ഷ്യം കൈവരിക്കാനെന്നാണ്. ഈ വകുപ്പാകട്ടെ പട്ടികജാതി, വർഗ, ദുർബല വിഭാഗങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ളതാണ്.യഥാർത്ഥത്തിൽ ഈ ഭരണഘടനാ ഭേദഗതിയിലൂടെ സംവരണ തത്വങ്ങളിൽ വെള്ളം ചേർത്തിരിക്കുകയാണ്.

പിന്നാക്ക വിഭാഗക്കാർ പൊതുവേ സാമ്പത്തികമായും പിന്നാക്കമാണ്. പട്ടികജാതി, വർഗക്കാരുടെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമാണ്. ഈ വിഭാഗക്കാരെ പൂർണമായും ഒഴിവാക്കി സംവരണം സവർണ വിഭാഗക്കാർക്കായി പരിമിതപ്പെടുത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവസരത്തിന്റെ ലംഘനമായി വന്നുഭവിക്കുമെന്ന് മൂന്ന് അംഗ ജഡ്ജിമാരുടെ വിധിയോട് വിയോജിച്ച്
രണ്ട് ജഡ്ജിമാർ, ചീഫ് ജസ്റ്റിസ് യു.യു.ലളിതും എസ്.രവീന്ദ്ര ഭട്ടും പ്രത്യേകം വിധി പ്രസ്താവിച്ചിട്ടുമുണ്ട്. ഇങ്ങനെ നോക്കിയാൽ ഭരണഘടനാപരവും നിയമപരവുമായ പ്രശ്നങ്ങളാണ് പ്രഥമദൃഷ്ടിയാൽ സുപ്രീം കോടതി വിധിയിലൂടെ ഉരുത്തിരിയുന്നത്. ഈ സാഹചര്യത്തിൽ പുന:പരിശോധനാ ഹർജിയുമായി മുന്നോട്ടുവരികയാണ് കേസിൽ സുപ്രീം കോടതിയിൽ കക്ഷിയായിരുന്ന എസ്.എൻ.ഡി.പി യോഗവും. ഈ ഘട്ടം അതീവ നിർണായകമാണ്. രാജ്യത്തെ പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ ശക്തമായ കൂട്ടായ്മ അനിവാര്യമായിരിക്കുന്നു.

Author

Scroll to top
Close
Browse Categories