പ്രണയം കാൽപ്പനികം അല്ലാതാകുമ്പോൾ
സ്‌നേഹിക്കുക എന്നത് ഒരു ബാദ്ധ്യതയായോ, ഉത്തരവാദിത്തമായോ മാറുകയാണോ? ഒരിക്കല്‍ പ്രണയിച്ചിരുന്നുവെങ്കിലും പിന്നീട് പലവിധകാരണങ്ങളാല്‍ അത് വേണ്ട എന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുന്നവര്‍ക്കുണ്ടോ? അങ്ങനെയൊരു തീരുമാനം ഒരാള്‍ കൈക്കൊണ്ടാല്‍ മറ്റെയാള്‍ അതിനെ ഏതുതരത്തിലാണ് കാണേണ്ടത്?
പണ്ട് സ്‌കൂളുകളില്‍ ഓരോ ക്ളാസ്സുകളിലും ജയിച്ചും തോറ്റും വളര്‍ന്നുവന്ന കുട്ടികള്‍ക്ക് ജയത്തിന്റെ മാധുര്യവും, തോല്‍വിയുടെ കയ്പുനീരും ഒരുപോലെ പരിചിതമായിരുന്നു. എന്നാല്‍ ഇന്ന് പരീക്ഷകളില്‍ തോല്‍വി എന്നൊന്നില്ല. വിജയം മാത്രം. അതായത് കുട്ടികള്‍ക്ക് പരാജയം എന്തെന്നോ, അതിനെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്നോ അറിയാതെ പോകുകയാണ്. ഫലമോ, ജീവിതത്തിന്റെ പിന്നീടുള്ള ഏതെങ്കിലുമൊരു ഘട്ടത്തില്‍തോല്‍വിയും നഷ്ടങ്ങളും അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അവര്‍ പതറിപ്പോകുന്നു.
സ് നേഹിക്കുക എന്നത് ഒരു ബാദ്ധ്യതയായോ, ഉത്തരവാദിത്തമായോ മാറുകയാണോ? ഒരിക്കല്‍ പ്രണയിച്ചിരുന്നുവെങ്കിലും പിന്നീട് പലവിധകാരണങ്ങളാല്‍ അത് വേണ്ട എന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുന്നവര്‍ക്കുണ്ടോ? അങ്ങനെയൊരു തീരുമാനം ഒരാള്‍ കൈക്കൊണ്ടാല്‍ മറ്റെയാള്‍ അതിനെ ഏതുതരത്തിലാണ് കാണേണ്ടത്?
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കേരളത്തില്‍ മാത്രം അഞ്ഞൂറോളം മരണങ്ങളാണ് പ്രണയത്തിന്റെപേരില്‍ നടന്നിരിക്കുന്നത് .ഇവയില്‍ ഏതാണ്ട് പത്തുശതമാനത്തിനടുത്തു കൊലപാതകങ്ങളാണ്. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂരിലെ പാനൂര്‍ സ്വദേശി വിഷ്ണുപ്രിയയുടെ കൊലപാതകവും പ്രണയനൈരാശ്യത്തിന്റെ ഉല്‍പ്പന്നമായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രണയാഭ്യര്‍ഥനയെ എതിര്‍ക്കുകയോ, നിലനിന്നിരുന്ന പ്രണയത്തെ പിന്നീട് കൈയൊഴിയുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വികാരവിക്ഷോഭത്തില്‍ അതുവരെ സ്‌നേഹിച്ചിരുന്നവരെ എങ്ങനെയും ഇല്ലാതാക്കണമെന്ന തീരുമാനം കൂടുതലും ഉണ്ടാകുന്നതും പുരുഷന്മാരില്‍ തന്നെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ മുമ്പെങ്ങും കേട്ടുകേഴ്വിയുണ്ടായിരുന്നില്ലാത്ത, പ്രണയവുമായും പ്രണയനൈരാശ്യവുമായും ബന്ധപ്പെട്ട കൊലപാതകങ്ങള്‍ അടിക്കടി കൂടിവരുമ്പോള്‍ പ്രബുദ്ധരായ മലയാളിയുടെ സാമൂഹ്യബോധവും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.
പ്രണയങ്ങളുടെ ദിശാമാറ്റം
ഏകദേശം ഒരു മുപ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെയുള്ള പ്രണയം കാല്‍പ്പനികമായിരുന്നു. മാത്രമല്ല, അത്രമേല്‍ മൂല്യബോധവും, നിസ്വാര്‍ത്ഥവുമായ പ്രണയങ്ങള്‍. പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളായിരുന്നു അവ. വാര്‍ത്താവിനിമയസൗകര്യങ്ങളുടെ അപര്യാപ്തതമൂലം മനസ്സില്‍ തോന്നുന്ന പല പ്രണയങ്ങളും പറയാതെപോകുകയോ അഥവാ തുറന്നുപറഞ്ഞെങ്കില്‍ തന്നെയും കൂടുതല്‍ വിജയകരമായി പര്യവസാനിക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ‘വണ്‍വേ’ പ്രണയങ്ങളായിരുന്നു ഏറെയും. പ്രണയങ്ങളില്‍ ചെറിയൊരുശതമാനം മാത്രമേ വിവാഹങ്ങളില്‍ കലാശിക്കുമായിരുന്നുമുള്ളൂ. പേരുകേട്ട കുടുംബങ്ങളെ സംബന്ധിച്ച് പ്രണയമെന്നൊക്കെ പറയുന്നത് വലിയ മോശപ്പെട്ട കാര്യമായായിരുന്നു കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ പറയാതെപോയ പ്രണയങ്ങള്‍ക്കപ്പുറം ആണിന്റെയും പെണ്ണിന്റെയും മനസ്സില്‍ ഒരുകാലത്തു ഉടലെടുത്ത പ്രണയം വിവാഹത്തോടെ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാകുകയാണ് ചെയ്തിരുന്നത്. മാത്രമല്ല, പ്രണയം വിവാഹത്തില്‍ കലാശിക്കില്ല എന്നുണ്ടെങ്കില്‍ പരസ്പരം പിരിയുകയും അവരവരുടെ ജീവിതത്തിലേക്ക് പോകുകയും പിന്നീട് മറ്റൊരു പങ്കാളിയുമായി ജീവിതം നയിക്കുകയും ചെയ്യുകയുമായിരുന്നു പതിവ്.
പക്ഷേ, കൃത്യമായി പറഞ്ഞാല്‍ മൊബൈല്‍ ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും ഒക്കെ വരവോടെ ഓരോ ദിനവും, ഓരോ നിമിഷവും പരസ്പരം ആശയവിനിമയം നടത്താമെന്നുവന്നപ്പോള്‍ പ്രണയത്തിന്റെ സ്വഭാവവും മാറിമറിഞ്ഞു. ഇന്നത്തെ പ്രണയങ്ങള്‍ ഉടലെടുക്കുവാനും, ഇല്ലാതാകുവാനും ഏറെ സമയമൊന്നും ആവശ്യമില്ലാതെവന്നു. നീണ്ടുനില്‍ക്കുന്ന പ്രണയങ്ങളുടെ എണ്ണം ശുഷ്‌കമാകുകയും പ്രണയത്തിന്റെ ആഴം കുറയുകയും ചെയ്തു. ഏറെ പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറം അടിച്ചേല്‍പ്പിക്കലുകള്‍ കൂടിവന്നു എന്നതാണ്. ആണ്‍മേല്‍ക്കോയ്മയുടെ കൂടി സ്വാധീനം അതില്‍ ഉണ്ടായിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ അടുത്തനിമിഷം പെണ്‍കുട്ടിയുടെ ജീവനെടുക്കുകയും, പ്രണയത്തില്‍ നിന്നും എപ്പോഴെങ്കിലും പിന്മാറിയാല്‍ അതിന് പകരം ചോദിക്കുകയും ചെയ്യുന്ന രീതികള്‍ മുമ്പുണ്ടായിരുന്നെങ്കിലും ഇത്രയും കൂടുതലായി ഉണ്ടാകുന്നത് അടുത്തിടെയാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രണയം പരസ്പരമുള്ള സ്‌നേഹവും വിശ്വാസം എന്നതിനപ്പുറം ഒരുതരം അടിച്ചേല്‍പ്പിക്കലായി മാറിയിരിക്കുന്നു.
നോ’ പറയാനുള്ള ധൈര്യം ആര്‍ജ്ജിച്ച
പെണ്‍കുട്ടികള്‍
കാലത്തിന്റെ കുത്തൊഴുക്കില്‍ ഉണ്ടായ ആശാവഹമായ ഒരു പ്രധാന മാറ്റമാണ് സ്ത്രീകള്‍ അവരുടേതായ തീരുമാനങ്ങള്‍ ധൈര്യപൂര്‍വ്വം എടുക്കുവാന്‍ തുടങ്ങി എന്നത്. പണ്ടുകാലങ്ങളില്‍ ജീവിതത്തിന്റെ യാതൊരു തീരുമാനങ്ങളും എടുക്കുവാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഒരു പ്രണയത്തില്‍ അകപ്പെട്ടുകഴിഞ്ഞാല്‍ ആ ജീവിതവുമായി മരണം വരെ മുന്നോട്ടുപോകേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. തീരെ ചേര്‍ന്നുപോകാന്‍ കഴിയാത്ത അവസ്ഥയില്‍ ദാമ്പത്യം ഉപേക്ഷിച്ച സ്ത്രീകളെ നമ്മുടെ സമൂഹം ഏതുകണ്ണുകൊണ്ടാണ് കണ്ടിരുന്നതും എന്നത് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യവുമില്ല.എന്നാല്‍ ആ കാലം മാറിയിരിക്കുന്നു. തനിക്കിഷ്ടമില്ലാത്തതിനെ ഇഷ്ടമില്ലായെന്നും, സ്വയം ജീവിതം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും അവര്‍ നേടിയെടുത്തിരിക്കുന്നു. പ്രണയാഭ്യര്‍ഥനകളില്‍ താല്പര്യമായവയെ സ്വീകരിക്കുവാനും, അല്ലാത്തവയെ തള്ളിക്കളയുവാനും അവര്‍ പ്രാപ്തി നേടിയിരിക്കുന്നു. അത് ഒരു ചെറിയ കാര്യമല്ല. അതിനവരെ പ്രാപ്തമാക്കുന്നതില്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പെണ്‍മക്കള്‍ക്ക് പഴയ കാലത്തുനിന്നും വ്യത്യസ്തമായി ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കുവാനും, അവരെടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുവാനും രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നുണ്ട്.പക്ഷേ, അടുത്തിടെയുണ്ടായ സംഭവങ്ങളിലേറെയും അത്തരത്തില്‍ ‘നോ’ പറഞ്ഞ പെണ്‍കുട്ടികളുടെമേല്‍ അധീശത്വം സ്ഥാപിച്ച ആണ്‍മേല്‍ക്കോയ്മയുടെ അഹങ്കാരമാണ് പ്രകടമാകുന്നത്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ നല്ല മാറ്റത്തിലേക്ക് നയിച്ചെങ്കില്‍ അവിടെ പ്രതിസ്ഥാനത്തുനില്‍ക്കുന്ന ആണ്‍കുട്ടികളുടെ കാര്യത്തില്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ പരാജയപ്പെടുകയാണ് ചെയ്തത്. തങ്ങളുടെ ഇഷ്ടം പോലെതന്നെ പെണ്‍കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ഉണ്ടെന്നും, അതുകൂടി പരിഗണിച്ചുമാത്രം തീരുമാനം കൈക്കൊള്ളണമെന്നത് ഒരു മകനെ പഠിപ്പിക്കുവാന്‍ അവന്റെ രക്ഷകര്‍ത്താക്കള്‍ പരാജയപ്പെടുന്നു. രക്ഷാകര്‍ത്താക്കള്‍ക്കു അവര്‍ക്കുമേല്‍ അതിനുള്ള സ്വാധീനം ഇല്ലെങ്കില്‍ കുട്ടികള്‍ അത് സ്വയം സ്വായത്തമാക്കിയേ മതിയാകൂ.
കുടുംബങ്ങളിലെ
മൂല്യബോധങ്ങള്‍
ഏതൊരു ബന്ധത്തിന്റെയും മൂല്യങ്ങള്‍ നാം പഠിക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. അത് കുട്ടികള്‍ക്ക് ജന്മനാ ലഭിക്കുന്ന കാര്യമല്ല. ഘട്ടംഘട്ടമായി കുടുംബത്തിലെ മുതിര്‍ന്നവര്‍ കുട്ടികളിലേക്ക് പകരേണ്ടതാണത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളായാല്‍പ്പോലും അടിസ്ഥാനമായ ചില മൂല്യങ്ങള്‍ കുടുംബങ്ങള്‍ പിന്തുടരുന്നത് അവരിലേക്ക് പകര്‍ന്നിരുന്നു. സമൂഹത്തിന്റെ ചില ചട്ടക്കൂടുകള്‍ ആയിരുന്നു അത്. എന്നാല്‍ കാലത്തിന്റെ വഴികളില്‍ അത് നമുക്കു കൈമോശം വന്നു എന്ന് നിസ്സംശയം പറയുവാന്‍ കഴിയും. രക്ഷാകര്‍ത്താക്കളോടുള്ള കുട്ടികളുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അധ്യാപകര്‍, ഗുരുക്കന്മാര്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെ ആദരവ് തീര്‍ച്ചയായും അര്‍ഹിക്കുന്നവര്‍ക്ക് ഇന്ന് ബഹുമാനം ലഭിക്കുന്നില്ല. അടുത്ത ബന്ധുക്കള്‍ ആയാല്‍ പോലും അത് പ്രകടമാണ്. ആരോടും എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ഇന്നത്തെ യുവത ആര്‍ജ്ജിച്ചിരിക്കുന്നു. ഒരു കുട്ടിയെ ഉപദേശിക്കുവാനോ, തെറ്റുകള്‍ കണ്ടാല്‍ അത് ചൂണ്ടികാണിക്കുവാനോ ശിക്ഷിക്കുവാനോ ഇന്നത്തെ രക്ഷാകര്‍ത്താക്കള്‍ക്കോ, അധ്യാപകര്‍ക്കോ കഴിയുന്നില്ല. തല്ലുകൊണ്ട് പഠിച്ച കുട്ടികളുടെ ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കുട്ടികളുടെ തെറ്റുകള്‍ക്ക് ഒരു ചെറിയ ശിക്ഷപോലും നല്‍കുവാന്‍ അധ്യാപകര്‍ക്ക് ഭയമാണ്. കാരണം നാളെ അതിന് അവര്‍ക്ക് സമൂഹത്തോട് ഉത്തരം പറയേണ്ടിവരുന്നു. കുട്ടികള്‍ക്കുപകരം, രക്ഷാകര്‍ത്താക്കളില്‍ നിന്നും, സ്‌കൂള്‍ അധികൃതരില്‍ നിന്നും അധ്യാപകര്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നു.
ഇത്തരത്തില്‍ ആരെയും, ഒന്നിനെയും ഭയമില്ലാതെ വളരുന്ന കുട്ടികള്‍ക്ക് പ്രണയത്തിന്റെ കാര്യത്തിലും ഈ തന്നിഷ്ടമനോഭാവം സ്വാഭാവികമായും കാണിക്കേണ്ടിവരുന്നു. സ്വയം തീരുമാനമെടുക്കുവാന്‍ പാകപ്പെടാത്ത പ്രായത്തില്‍ പോലും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായ പ്രണയവും, വിവാഹവും തീരുമാനിക്കപ്പെടുന്നത് പിന്നീട് ജീവിതത്തിന്റെ ചൂടേറിയ വഴികളിലെത്തുമ്പോള്‍ അവര്‍ പതറിപ്പോകുവാന്‍ കാരണമാകുന്നു. ഇപ്പോള്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ പ്രണയങ്ങള്‍ സര്‍വ്വസാധാരണമാണ്. അതില്‍ ഒട്ടും അസ്വാഭാവികതയില്ല. പക്ഷേ, അതെത്രമാത്രം പവിത്രമായും നേരായവഴിയിലും, പരസ്പരം മനസ്സിലാക്കിയും ആണെന്നതാണ് പ്രശ്‌നം.
വളരെ ചെറിയ പ്രായത്തില്‍ത്തന്നെയാണ് കുട്ടികള്‍ക്ക് ബന്ധങ്ങളുടെ പ്രത്യേകതകളും, ആഴങ്ങളും മനസ്സിലാക്കി കൊടുക്കേണ്ടത്. സ്ത്രീയെ ബഹുമാനിക്കുവാന്‍ ഓരോ ആണ്‍കുട്ടിയെയും രക്ഷകര്‍ത്താക്കള്‍ അവരുടെ പ്രവൃത്തിയിലൂടെ തന്നെ മനസ്സിലാക്കിക്കൊടുക്കണം. ഓരോ വ്യക്തിക്കും അവരുടെ സ്വകാര്യതയുണ്ടെന്നും, പ്രണയങ്ങളില്‍ ആ സ്വകാര്യതയും, വ്യക്തിസ്വാതന്ത്ര്യവും മാനിക്കുകതന്നെ വേണമെന്നും കൃത്യമായി പറഞ്ഞുമനസ്സിലാക്കണം. പെണ്‍കുട്ടികളോടും രക്ഷകര്‍ത്താക്കള്‍ ചിലവ പറയേണ്ടതുണ്ട്. അന്ധമായ പ്രണയത്തിനപ്പുറം ഒരാളെ ആഴത്തില്‍ പഠിച്ചതിനുശേഷം മാത്രം പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുകയാണുത്തമം. ആദ്യകാഴ്ചയിലെ പ്രണയങ്ങള്‍ ഒക്കെ സംഭവിക്കാം. പക്ഷേ, അത്തരമൊരു പ്രണയത്തിനപ്പുറം നീണ്ട ഒരു ജീവിതം ഒരുമിച്ചുജീവിക്കുവാനായി ബാക്കിയുണ്ടെന്ന വാസ്തവം മറക്കാതെയിരിക്കുവാന്‍ അവരെ ഓര്‍മ്മിപ്പിക്കണം. അത്തരത്തില്‍ വീടുകളില്‍ നിന്നുതന്നെ ജീവിതത്തിന്റെ ശരിയും തെറ്റും കുട്ടികള്‍ക്ക് പഠിക്കുവാന്‍ കഴിഞ്ഞാല്‍ അത് അവരുടെ ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ട് തന്നെ ആയിരിക്കും.