ആര്‍. ശങ്കര്‍ വ്യക്തിപ്രഭ വിതറിയ നേതാവ്

ആര്‍. ശങ്കര്‍ ആധുനിക കേരള ചരിത്രത്തില്‍ വ്യക്തിപ്രഭവിതറിയ നേതാവാണ്. അദ്ദേഹ ത്തിന്റെ ജീവചരിത്രം വെറുമൊരു വ്യക്തിയുടെ ജിവിതകഥയല്ല. ആധുനിക കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ ചരിത്രമാണ്.

ശങ്കറിന് രസതന്ത്രത്തിലായിരുന്നു കൂടുതല്‍ താല്പര്യം. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ആരംഭിച്ച ഈ താല്‍പ്പര്യം കോളേജിലെത്തിയപ്പോള്‍ പരമാവധി വളര്‍ന്നു. കെമിസ്ട്രി ലാബോറട്ടറിയില്‍ പരീക്ഷണം നടത്തുക അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം കോളേജുകള്‍ സ്ഥാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് സയന്‍സ് ലാബോറട്ടറികള്‍ സജ്ജീകരിക്കുന്നതിലായിരുന്നു.

കോളേജ് വിദ്യാഭ്യാസകാലത്തു നടന്ന ഒരു സംഭവം പ്രത്യേകം പറയേണ്ടതാണ് . കോളേജ് സാഹിത്യസമാജത്തിന്റെ സമ്മേളനം നടക്കുകയായിരുന്നു. അദ്ധ്യക്ഷന്‍ മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വേരയ്യരായിരുന്നു. സാഹിത്യകാരന്‍മാര്‍ക്ക് പുറമേ രാജധാനിയിലെ ഒട്ടനേകം പ്രമാണിമാരും സന്നിഹിതരായിട്ടുണ്ട്. അക്കാലങ്ങളിലെ പതിവനുസരിച്ച് സദസ്യരില്‍ അധികം പേരും സവര്‍ണ്ണരാണ്.

ഉള്ളൂര്‍ തന്റെ പ്രസംഗത്തില്‍ ആശാന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല എന്ന് ശങ്കറിന് തോന്നി. ആശാനോടുള്ള ഈ അവഗണന ശങ്കറിന്റെ മനസില്‍ അമര്‍ഷവും പ്രതിഷേധവും ഉയര്‍ത്തി തനിക്ക് അല്‍പ്പം സംസാരിക്കാനുണ്ടെന്നും അതിനവസരം നല്‍കണമെന്നും അദ്ദേഹം സദസ്സില്‍ എഴുന്നേറ്റ് നിന്നു പറഞ്ഞു. അദ്ദേഹത്തിന് അദ്ധ്യക്ഷന്‍ അഞ്ച് മിനിട്ട് കനിഞ്ഞനുവദിച്ചു. ശങ്കര്‍ പ്രസംഗവേദിയില്‍ കയറി പ്രഭാഷണം തുടങ്ങി. അദ്ധ്യക്ഷന്‍ അനുവദിച്ച് അഞ്ചുമി നിട്ട് കഴിഞ്ഞിട്ടും പ്രസംഗം അവസാനിച്ചില്ല. അദ്ധ്യക്ഷന്‍ പ്രസംഗകനെ തടഞ്ഞതുമില്ല. അനര്‍ഗ്ഗളമായ ആ വാക് പ്രവാഹം അങ്ങനെ നീണ്ടുനീണ്ട് അരമണിക്കൂറോളം എത്തി. ശങ്കര്‍ പ്രസംഗം അവസാനിച്ചപ്പോള്‍ സദസ്യര്‍ കരഘോഷത്തോടുകൂടി അദ്ദേഹത്തെ അനുമോദിച്ചു.

1945 മുതല്‍ യോഗത്തിന്റെ ശങ്കര്‍കാലം ആരംഭിക്കുന്നു. അത് യോഗചരിത്രത്തിലെ അതിശോഭനമായ ഒരദ്ധ്യായമാണ്. റിപ്പോര്‍ട്ട് അനുസരിച്ച് 11 ലക്ഷം ഈഴവരുടെ സന്താനങ്ങള്‍ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്നതിന്റെ കണക്ക് ഇങ്ങനെയാണ്. ആകെയുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 1,13,540. അതില്‍ പഠിക്കുന്നവരുടെ എണ്ണം കഷ്ടിച്ച് 500 .

എസ്.എന്‍.ഡി.പി യോഗത്തിന്റെ 50-ാം മത് വാര്‍ഷിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി നല്‍കിയ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു.’ഒരു വിഭാഗത്തിനും ഇനി പരിരക്ഷയുടെ തണലില്‍ മുന്നേറുക സാദ്ധ്യമല്ല. തുറന്ന രംഗത്ത് ആരോടും മത്സരിച്ച് ഏതു സ്ഥാനവും കരസ്ഥമാക്കാമെന്ന ആത്മവിശ്വാസവും അതിനുള്ള കഴിവും സമ്പാദിച്ചെങ്കില്‍ മാത്രമേ ഇനി ഏതു വിഭാഗത്തിനും ഇവിടെ കഴിഞ്ഞുകൂടുക സാദ്ധ്യമാകുകയുള്ളൂ.’

കൊല്ലം നഗരത്തിന്റെ കണ്ണായ ഭാഗത്ത് ശ്രീനാരായണ കോളേജ് സ്ഥാപിക്കുവാന്‍ 27 ഏക്കര്‍ 10 സെന്റ് സ്ഥലം നേടുന്നതിന് ശങ്കറിന് ഒട്ടേറെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടിവന്നു. യഥാര്‍ത്ഥത്തില്‍ ആ നേട്ടം അദ്ദേഹത്തിന്റെ കഴിവിന്റെയും ബുദ്ധി സാമര്‍ത്ഥ്യത്തിന്റെയും നേട്ടമാണ്.

ഉല്‍പ്പന്നപ്പിരിവ് ഒരു വലിയ പദ്ധതിയായി ആവിഷ്‌ക്കരിച്ച് ആദ്യമായി നടപ്പില്‍ വരുത്തിയത് ശങ്കറാണ്. ഇന്നു കാണുന്ന ശ്രീനാരായണ കോളേജുകളുടെ സ്ഥാപനത്തില്‍ ഉല്‍പ്പന്നപ്പിരിവ് ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതര സമുദാ യക്കാരും ശങ്കറിനെയും യോഗത്തെയും അനുകരിച്ച് ഉല്‍പ്പന്നപ്പിരിവ് നടത്തി വലിയ കാര്യങ്ങള്‍ സാധിച്ചിട്ടുണ്ടെന്ന് കേര ളചരിത്രം പഠിച്ചാല്‍ മനസ്സിലാകും.

1948 ജൂണില്‍ പ്രി യൂണിവേഴ്‌സിറ്റി ക്ലാസോടുകൂടി പ്രവര്‍ത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ കോളേജിന്റെ പിന്നീടങ്ങോട്ടുള്ള വളര്‍ച്ച അതീവ വേഗതയിലായിരുന്നു. 1949 ല്‍ ഒരു ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയര്‍ന്നു. 1954 ആയപ്പോ ഴേയ്ക്കും സംസ്ഥാനത്തുള്ള കോളേജുകളില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന കോളേജായി അത് വളര്‍ന്നു കഴിഞ്ഞി രുന്നു. ലാബോറട്ടറി സജ്ജീകരണത്തിലും അദ്ധ്യാപനത്തിലും എല്ലാം തന്നെ ഉന്നതമായ ഒരു നിലവാരം കൈവരിച്ച് ശ്രീനാരായണ കോളേജ് മറ്റ് കോളേജുകളുടെ മുന്‍പന്തിയിലെത്തിയിരിക്കുന്നു.

1952 ആഗസ്റ്റ് 18 -ാം തീയതി 12 ലക്ഷത്തോളം രൂപ ആസ്തിയോടുകൂടി ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിതമായി. ട്രസ്റ്റിന്റെ പ്രഥമ സെക്രട്ടറിയും ശങ്കര്‍ തന്നെയായിരുന്നു. ശ്രീനാരായണ ട്രസ്റ്റിന്റെ കീഴില്‍ പതിനഞ്ചിലധികം കോളേജുകള്‍ ഇപ്പോഴുണ്ട്. അവയില്‍ ആദ്യം തുടങ്ങിയതും ശങ്കറിന്റെ സേവനങ്ങളുടെ ഏറ്റവും വലിയ സ്മാരകമായി സ്ഥിതിചെയ്യുന്നതും കൊല്ലം ശ്രീനാരായണ കോളേജാണ്. സ്വാമിഭക്തനായ ഈ യോഗം ജനറല്‍ സെക്രട്ടറി ശ്രീനാരായണ ഗുരുദേവന്റെ മുമ്പില്‍ അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ ഒരു ഉപഹാരവും കൂടിയാണ് ഈ സ്ഥാപനം. ഈ കോളേജ് ഇന്നു നില്‍ക്കുന്ന സ്ഥലത്ത് തന്നെ തുടങ്ങാനിടയായത് ഗുരുദേവന്റെ അനുഗ്രഹം കൊണ്ടാണെന്ന് ശങ്കര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ശങ്കര്‍ യോഗസാരഥ്യം ഏറ്റെടുക്കുന്ന കാലത്ത് ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസനില ഒട്ടും തൃപ്തികരമായിരുന്നില്ല. സാക്ഷരതയില്‍ 17-ാ മത്തെ സ്ഥാനമേ തിരുവിതാംകൂറില്‍ ഈഴവര്‍ക്കുണ്ടായിരുന്നുള്ളൂ. (1941 ലെ സെന്‍സസ്). കേരളത്തില്‍ ഒരു വിദ്യാഭ്യാസ വിപ്ലവം നടത്തിയ ധന്യാത്മാവാണ് ശങ്കര്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഈഴ വര്‍ക്ക് മാത്രമല്ല പ്രയോജനപ്പെട്ടത്. എല്ലാ സമുദായങ്ങളിലുംപെട്ട യുവതീ യുവാക്കന്മാര്‍ക്ക് അതുമൂലം നന്മയുണ്ടായി. പട്ടികജാതികളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അഭികാമ്യങ്ങളായ വിഷയങ്ങളെടുത്ത് ഉന്നതവിദ്യാഭ്യാസം നടത്താന്‍ ബോധ പൂര്‍വ്വം അവസരം നല്‍കുന്നതില്‍ ശങ്കര്‍ ആരംഭം മുതല്‍ ശ്രദ്ധിച്ചു. അവര്‍ക്ക് ബിരുദാനന്തര കോഴ്‌സുകളില്‍ പ്രവേശനം നല്‍കുകയും ഹോസ്റ്റല്‍ സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. സമര്‍ത്ഥരായ കുട്ടികള്‍ക്ക് സമുദായം നോക്കാതെ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുക എന്നതും അദ്ദേഹത്തിന്റെ മതമായിരുന്നു. സങ്കുചിതമായ സാമുദായിക ചിന്ത അവിടെയെങ്ങും അദ്ദേഹത്തെ തീണ്ടിയില്ല.

ശങ്കര്‍ മുഖ്യമന്ത്രിപദം ഉപേക്ഷിച്ച് വീണ്ടും ട്രസ്റ്റ് സെക്രട്ടറി ആയതിനെപ്പറ്റി എ.എ.റഹീമിനോട് സംസാരിച്ചിരുന്നു.’എന്റെ സാമ്പത്തികനില എന്താണെന്ന് സ്‌നേഹിതന് അറിയാന്‍ പാടില്ല. എന്റെ ചില്ലറ ചെലവുകള്‍ക്കുപോലും പണമില്ലാതെ ഞാന്‍ വിഷമി ക്കുന്നു. പലപ്പോഴും എങ്ങോട്ടെങ്കിലും ഒന്നുപോകണമെന്ന് വച്ചാല്‍ കാറിന് പെട്രോള്‍ വാങ്ങാന്‍ ഭാര്യയെ ആശ്രയിക്കേ ണ്ടിവരുന്നു. അവര്‍ പശുവിനെ വളര്‍ത്തി പാലുവിറ്റ് വീട്ടുകാര്യങ്ങള്‍ നടത്തുന്നതിനിടയില്‍ ഞാന്‍ ബുദ്ധിമുട്ടിക്കുന്നു. ഇങ്ങനെ എത്രകാലം കഴിയാനാവും. എന്തെങ്കിലും ജോലി ചെയ്ത് സ്ഥിരമായി ഒരു വരുമാനമുണ്ടാക്കിഎന്റെ സ്വകാര്യ ചിലവുകള്‍ നേരിടാതെ നിര്‍വാഹമില്ല. അതുകൊണ്ടാണ് ഞാന്‍ എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി സ്ഥാനം വീണ്ടും സ്വീകരിച്ചത്. ‘

കൊല്ലത്തെ എസ്.എന്‍ മെഡിക്കല്‍ മിഷന്‍ ആശുപ്രതി ശങ്കര്‍ഷഷ്ട്യബ്ദിപൂര്‍ത്തി മെമ്മോറിയല്‍ ആക്കണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അതിനെ എതിര്‍ക്കാനും അദ്ദേഹത്തിന്റെ ശത്രുക്കൾ മറന്നുപോയില്ല. അവര്‍ വീണ്ടും കോടതിയെ ശരണം പ്രാപിച്ചു. എസ്.എന്‍.ട്രസ്റ്റ് ഫണ്ടില്‍ നിന്നും ഒരു പൈസപോലും എസ്.എന്‍ മെഡിക്കല്‍ മിഷനുവേണ്ടി വിനിയോഗിക്കാന്‍ പാടില്ലെന്നും കോടതിവിധിയുണ്ടായി. ഈ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്തുകൊ ണ്ടാണ് ശങ്കര്‍ ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കേവലം 63-ാം വയസ്സില്‍ സമൂഹത്തിന് അപരിഹാര്യമായ നഷ്ടം വിതച്ചുകൊണ്ട് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അധസ്ഥിതരുടെ ആവേശമായ ആര്‍. ശങ്കറിന്റെ സ്മരണയ്ക്ക് മുന്നില്‍ നമ്രശിരസ്‌ക്കനായി പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.

Author

Scroll to top
Close
Browse Categories