ക്രാന്തദർശിയായ ആർ. ശങ്കർ

മഹാനായ ആർ.ശങ്കറിന്റെ അമ്പതാം ചരമവാർഷികം
നവംബർ ഏഴിന്

എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയിൽ പ്രതിഭാസമ്പന്നനും കർമ്മനിരതനുമായ ശങ്കറിന്റെ സംഭാവന അനുപമമാണ്. ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ച് അതുവരെ തൊട്ടുകാണിക്കാൻ പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു സമുദായത്തെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ഭൂപടത്തിൽ അതിപ്രധാനമായ സ്ഥാനത്തെത്തിച്ചതാണ് ശങ്കറിന്റെ ശാശ്വതമായ നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.


ആധുനിക കേരളത്തിന്റെ ഗതിവിഗതികൾ രൂപപ്പെടുത്തുകയും സാമൂഹിക രംഗത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത ആർ. ശങ്കർ എന്ന മഹാനേതാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് തികയുകയാണ്. പ്രതിഭാശാലിയായ രാഷ്ട്രീയ നേതാവും സുശക്തനായ സംഘാടകനും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച സമുന്നത വ്യക്തിത്വത്തിന്റെ ഉടമയുമായ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും സൂര്യതേജസാർന്ന് നിലനിൽക്കുന്നു. അധികാരം സവർണ്ണന്റെ കുത്തകയാണെന്ന സങ്കൽപ്പത്തെ തന്റെ ധിഷണാപരമായ നേതൃപാടവവും ചടുലമായ പ്രവർത്തന ശൈലിയും കൊണ്ട് നേരിട്ട് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെയെത്തിയ ആദ്യ പിന്നാക്കക്കാരൻ. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് സ്വതന്ത്രരാകാനും അരുളിച്ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ആശയാഭിലാഷങ്ങൾ പ്രായോഗിക തലത്തിലെത്തിച്ച ക്രാന്തദർശി. സാമൂഹിക നവോത്ഥാനത്തിന്റെ പ്രോജ്വലമായ കിരണങ്ങൾ കേരളത്തിലെ പിന്നാക്കക്കാരന് അനുഭവവേദ്യമാക്കിയ മഹാനായിരുന്നു ആർ.ശങ്കർ.

സർ സി പി സ്റ്റേറ്റ് കോൺഗ്രസിനെ നിരോധിച്ചപ്പോൾ പൂജപ്പുര ജയിലിലായ അദ്ദേഹം 18 മാസങ്ങൾക്ക് ശേഷമാണ് മോചിതനായത്. വീണ്ടും നേതാക്കളെല്ലാം അറസ്റ്റിലായപ്പോൾ പാർട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. ഇത് വീണ്ടും ജയിലിലേക്കുള്ള വഴിയായി. ഒന്നര വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. മഹാകവി കുമാരനാശാന്റെ കവിതകൾ പാടി സഹതടവുകാരെ രസിപ്പിക്കുന്ന ശങ്കറെക്കുറിച്ച് കുമ്പളത്ത് ശങ്കുപ്പിള്ള അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞ പത്രാധിപർ കെ.സുകുമാരനും ശങ്കറിന്റെ തലയെടുപ്പോടെയുള്ള നടത്തത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. 30 കാരനും അരോഗദൃഢഗാത്രനും യുവകോമളനുമായിരുന്ന ശങ്കർ എല്ലാവരുടെയും ശ്രദ്ധയെ ഹഠാദാകർഷിച്ചിരുന്നു. രാവിലെ കുളികഴിഞ്ഞ് ജയിൽ വസ്ത്രമണിഞ്ഞ് വട്ടത്തൊപ്പി വച്ച് ജയിൽപുള്ളികളുടെ നമ്പർ കൊത്തിയ ‘ബന്തിങ്ങ’ ചരടിൽ കോർത്ത് നെഞ്ചത്തണിഞ്ഞ് ഒരു കൈയ്യിൽ ‘കുശച്ചട്ടി’യും മറു കൈയ്യിൽ ‘കൊച്ചട്ടി’യുമായി കഞ്ഞിവാങ്ങാൻ രാജപ്രൗഢിയിൽ തലയെടുപ്പോടെ ശങ്കർ നടന്നു നീങ്ങുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നുവെന്നാണ് പത്രാധിപർ സുകുമാരൻ വിശേഷിപ്പിച്ചത്. ജയിൽമോചിതനായ ശേഷം കോൺഗ്രസ് പാർട്ടിയിൽ കൂടുതൽ സജീവമായി. 1948 ൽ തിരുവിതാംകൂർ സംസ്ഥാന അസംബ്ലിയിലും 1949 മുതൽ 1956 വരെ തിരു-കൊച്ചി സംസ്ഥാന അസംബ്ലിയിലും അംഗമായിരുന്നു.

1960 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിച്ച ജനാധിപത്യ ഐക്യം അധികാരത്തിലെത്തി. കെ.പി.സി.സി പ്രസിഡന്റായിരുന്ന ശങ്കറിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ കോൺഗ്രസ് മത്സരിച്ച് 80 ൽ 63 സീറ്റും നേടി

1960 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിച്ച ജനാധിപത്യ ഐക്യം അധികാരത്തിലെത്തി. കെ.പി.സി.സി പ്രസിഡന്റായിരുന്ന ശങ്കറിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ കോൺഗ്രസ് മത്സരിച്ച് 80 ൽ 63 സീറ്റും നേടി. മുന്നണിക്ക് 94 സീറ്റ് ലഭിച്ചു. കണ്ണൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ശങ്കർ മുഖ്യമന്ത്രിയാകുമെന്നാണ് ഏവരും കരുതിയതെങ്കിലും കോൺഗ്രസിലെ നായർ, ക്രൈസ്തവ ലോബിയുടെ കരുനീക്കത്തിൽ അത് അട്ടിമറിയ്ക്കപ്പെട്ടു. കോൺഗ്രസിലെ സവർണ്ണ വിഭാഗം, മുന്നണിയിൽ വെറും 18 സീറ്റ് മാത്രം ഉണ്ടായിരുന്ന പി.എസ്.പി നേതാവായിരുന്ന പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാൻ നടത്തിയ കരു നീക്കം വിജയം കണ്ടു. അങ്ങനെ 18 പേരുടെ മാത്രം പിന്തുണയുള്ള പട്ടം താണുപിള്ള മുഖ്യമന്ത്രിയും 63 എം.എൽ.എ മാരുള്ള കോൺഗ്രസ് നേതാവായ ആർ. ശങ്കർ ഉപമുഖ്യമന്ത്രിയുമായി. ഒരു പിന്നാക്കക്കാരൻ മുഖ്യമന്ത്രിയാകുന്നത് സവർണ്ണലോബിക്ക് സഹിക്കാൻ കഴിയാത്തതായിരുന്നു അസാധാരണമായ ആ നീക്കത്തിനു പിന്നിലെ പൊരുൾ. ധനകാര്യ വകുപ്പും അദ്ദേഹമാണ് കൈകാര്യം ചെയ്തത്. 1962 ൽ പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണറാക്കിയപ്പോൾ ശങ്കർ മുഖ്യമന്ത്രിയായി. 1962 സെപ്തംബർ 26 മുതൽ 1964 സെപ്തംബർ 10 വരെ മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത്തുടരാനായുള്ളു..കോൺഗ്രസിലെ തമ്മിലടി കാരണം ആ മന്ത്രിസഭ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുകയും ശങ്കറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം വിട്ട് എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളിൽ സജീവമായി.

എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയിൽ പ്രതിഭാസമ്പന്നനും കർമ്മനിരതനുമായ ശങ്കറിന്റെ സംഭാവന അനുപമമാണ്. ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ച് അതുവരെ തൊട്ടുകാണിക്കാൻ പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു സമുദായത്തെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ഭൂപടത്തിൽ അതിപ്രധാനമായ സ്ഥാനത്തെത്തിച്ചതാണ് ശങ്കറിന്റെ ശാശ്വതമായ നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യസത്തമനായ ശങ്കർ, ഗുരുവിന്റെ പേരിലാണ് ആദ്യം കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിച്ചത്. തുടർന്ന് ആ നാമത്തിൽ നിരവധി കോളേജുകൾ. സാക്ഷരതയിലും സാമൂഹികമായും ഏറെ പിന്നിൽ നിന്ന ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിയ്ക്കാനായിരുന്നു അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം. യോഗം ജനറൽ സെക്രട്ടറിയായി അദ്ദേഹം സ്ഥാനം ഏൽക്കുമ്പോൾ സമുദായത്തിന് ഏതാനും മിഡിൽ സ്കൂളുകൾ മാത്രമാണുണ്ടായിരുന്നത്. അതേ സമയം ഇതരസമുദായങ്ങൾക്ക് ഹൈസ്കൂളുകളും കോളേജുകളും അടക്കം ഒട്ടേറെ സ്ഥാപനങ്ങളുണ്ടായിരുന്നു. ഈ പോരായ്മ തിരിച്ചറിഞ്ഞ് അദ്ദേഹം ആദ്യം കൊല്ലത്ത് എസ്.എൻ കോളേജ് യാഥാർത്ഥ്യമാക്കി. പിന്നാലെ വനിതാ കോളേജും സ്ഥാപിച്ചു. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനുണ്ടായിരുന്ന അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 കോളേജുകളാണ് അദ്ദേഹം സ്ഥാപിച്ചത്. അങ്ങനെ ഒന്നുമില്ലാതിരുന്ന സമുദായത്തിന് 12 കോളേജുകൾ ലഭിച്ചതോടെ യോഗത്തിനും ട്രസ്റ്റിനുമെതിരെ പല കോണുകളിൽ നിന്നും വിമർശനമുയർന്നു. മറ്റു സമുദായക്കാർക്ക് അർഹമായത് നൽകിയതിനൊപ്പം എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഞാൻ എഴുതിയെടുത്തുവെന്നായിരുന്നു വിമർശനങ്ങൾക്കുള്ള അദ്ദേഹത്തിന്റെ മറുപടി. ശങ്കറിനു മുമ്പും ശേഷവും സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത് ന്യൂനപക്ഷ വിഭാഗങ്ങളാണ്. സ്വന്തം വിഭാഗങ്ങൾക്ക് അവർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നൽകി. ശങ്കറിനു ശേഷം ബേബിജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ചാത്തന്നൂർ, ചെങ്ങന്നൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ എയിഡഡ് കോളേജുകൾ ലഭിച്ചത്. അതുകഴിഞ്ഞ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ഇടുക്കി പാമ്പനാറിൽ ഒരു കോളേജ് ലഭിച്ചു. 50 വർഷത്തിനിടെ ലഭിച്ചത് 4 എയിഡഡ് കോളേജുകൾ മാത്രം. അതേസമയം മറ്റു സമുദായങ്ങൾക്ക് ഡസൻ കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകി. ന്യൂനപക്ഷ, സവർണ്ണ വിഭാഗങ്ങൾ സമ്പത്തിലും വിദ്യാഭ്യാസത്തിലും ബഹുദൂരം മുന്നേറിയപ്പോൾ ഈഴവ സമുദായത്തെ മാറിമാറി വന്ന ഭരണക്കാർ തഴയുന്ന രീതി ഇന്നും തുടരുന്നു. സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകാതെ സംഘടിത സമുദായങ്ങളെ വല്ലാതെ പ്രീണിപ്പിക്കുന്ന നിലപാടാണ് സർക്കാരുകൾ സ്വീകരിക്കുന്നത്.

ശങ്കർ ജീവിച്ചിരുന്നപ്പോൾ സവർണ്ണ വിഭാഗങ്ങൾ കൂടാതെ സ്വസമുദായത്തിലുള്ളവർ തന്നെ വേട്ടയാടിയതാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നത്. കൊല്ലം എസ്.എൻ കോളേജ് സ്ഥാപിക്കാൻ കന്റോൺമെന്റ് മൈതാനത്തോട് ചേർന്ന ഭൂമി പാട്ടത്തിന് ലഭിക്കാൻ ദിവാനായിരുന്ന സർ സി.പി യെ സമീപിച്ചതിനെതിരെ ഒരു വിഭാഗം ആക്ഷേപങ്ങളുമായെത്തി. സി.പിയുടെ ചെരുപ്പ് നക്കിയെന്നായിരുന്നു ആക്ഷേപം. കോളേജിന്റെ നേട്ടം സമ്പന്നർക്കായിരിക്കുമെന്ന പ്രചാരണത്തിലൊന്നും അദ്ദേഹം കുലുങ്ങിയില്ല.

ആർ.ശങ്കറിന്റെ ദീർഘ ദർശിത്വവും ചരിത്രാവബോധവും സമുദായത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് മറക്കാനാകില്ല.
ശങ്കർ ജീവിച്ചിരുന്നപ്പോൾ സവർണ്ണ വിഭാഗങ്ങൾ കൂടാതെ സ്വസമുദായത്തിലുള്ളവർ തന്നെ വേട്ടയാടിയതാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നത്. കൊല്ലം എസ്.എൻ കോളേജ് സ്ഥാപിക്കാൻ കന്റോൺമെന്റ് മൈതാനത്തോട് ചേർന്ന ഭൂമി പാട്ടത്തിന് ലഭിക്കാൻ ദിവാനായിരുന്ന സർ സി.പി യെ സമീപിച്ചതിനെതിരെ ഒരു വിഭാഗം ആക്ഷേപങ്ങളുമായെത്തി. സി.പിയുടെ ചെരുപ്പ് നക്കിയെന്നായിരുന്നു ആക്ഷേപം. കോളേജിന്റെ നേട്ടം സമ്പന്നർക്കായിരിക്കുമെന്ന പ്രചാരണത്തിലൊന്നും അദ്ദേഹം കുലുങ്ങിയില്ല. അക്കൂട്ടർ ഇന്നും അതേ മാർഗ്ഗം തന്നെ സ്വീകരിക്കുകയാണ്. ഇതുകൊണ്ട് സമുദായത്തിന് ദോഷമല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഒന്നുമില്ലാതിരുന്ന സമുദായത്തിന് 12 കോളേജുകൾ സ്ഥാപിച്ചപ്പോൾ പതിനായിരക്കണക്കിന് കുട്ടികൾക്ക് പഠിക്കാൻ അവസരം ലഭിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം നൂറുകണക്കിനു പേർക്ക് തൊഴിൽ ലഭിച്ചു. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഈഴവ സമുദായം ഉന്നതവിദ്യാഭ്യാസത്തിന്റെ പടിപോലും കാണുകയില്ലായിരുന്നു. എസ്.എൻ ട്രസ്റ്റിനു കീഴിൽ കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രി ആരംഭിച്ചതോടെ ജനമനസ്സുകളിലും അദ്ദേഹം സ്ഥാനം നേടി. ഈ സ്ഥാപനത്തോട് അദ്ദേഹത്തിന് ഒരു പ്രത്യേക താത്പര്യം തന്നെയുണ്ടായിരുന്നു. സംസ്ഥാനത്താകെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആതുരാലയ ശൃംഖലയുടെ കേന്ദ്ര സ്ഥാനമായിരിക്കേണ്ടത് കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രി ആയിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ഇത് സഹിക്കാനാകാതെ ഒരു വിഭാഗം ആൾക്കാർ കുപ്രചാരണവും ആക്ഷേപവുമായി ഇറങ്ങിയെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ പ്രവർത്തനത്തെ തെല്ലും അലോസരപ്പെടുത്തിയില്ല. കോളേജ് നിർമ്മാണത്തിനായി നടത്തിയ ഉല്പന്ന പിരിവിനെതിരെയും സമുദായത്തിലുള്ളവർ രംഗത്തെത്തി. എന്നാൽ വിമർശന ശരങ്ങളെയും ആക്ഷേപ വർഷങ്ങളെയും സുധീരം നേരിടുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗത്തിന്റെ 1954 ൽ നടന്ന 51-ാം വാർഷിക റിപ്പോർട്ടിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. യോഗത്തിന്റെ സുദീർഘമായ ചരിത്രം പരിശോധിച്ചാൽ സംഘടനയെയും യോഗത്തിന്റെ പ്രവർത്തനത്തെയും കുറിച്ച് ആക്ഷേപം ഉന്നയിച്ചവർ എക്കാലവും ഉണ്ടായിരുന്നെന്ന് കാണാം. ഗുരു സന്ദേശങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാൻ പ്രതിബന്ധങ്ങളോട് പടവെട്ടിയ സഹോദരൻ അയ്യപ്പനും സമാനമായ ആക്ഷേപങ്ങൾ നേരിട്ടിരുന്നു. ക്ഷേത്രപ്രവേശനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ടി.കെ മാധവനും നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സി.കേശവനും ഇതുപോലെ വമ്പിച്ച എതിർപ്പുകൾ നേരിട്ടിരുന്നുവെന്ന കാര്യം ഇത്തരുണത്തിൽ നാം ഓർക്കണം. ചരിത്രത്തിന്റെ ആവർത്തനമെന്നോണം യോഗത്തിനും ട്രസ്റ്റിനുമെതിരെ ഇന്നും കോടതികളിൽ കേസുകൾ നൽകി അതിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണ്. ഇതല്ല ശരി മറ്റൊന്നാണ് ശരി എന്ന വികട വാദം നിരന്തരം ഉന്നയിച്ച് യോഗത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്നവർ അന്നും ഇന്നും ഉണ്ട് . സമാനമായ ശക്തികൾ ശങ്കറിനെയും വിടാതെ പിന്തുടർന്നപ്പോൾ അതിന്റെ നഷ്ടം സംഭവിച്ചത് സമുദായത്തിനാണ്. അദ്ദേഹം പടുത്തുയർത്തിയ മഹാസ്ഥാപനങ്ങൾ അഭംഗുരം വളർത്തിയെടുക്കുകയും കർമ്മനിരതമായ ആ ജീവിതത്തിൽ നിന്ന് പുതിയ പാഠങ്ങൾ പഠിച്ച് സാമൂഹ്യ സേവനം നടത്തുകയുമാണ് അനന്തരഗാമികളായ നമുക്ക് അദ്ദേഹത്തിനു വേണ്ടി ചെയ്യാവുന്ന മഹത്തായ കർത്തവ്യം. എതിർപ്പുകളെയും ആക്ഷേപങ്ങളെയും മഹാനായ ആർ. ശങ്കർ എങ്ങനെയാണോ നേരിട്ടത്, അതേ മാതൃകയിൽ ഇന്നത്തെ യോഗ നേതൃത്വവും മുന്നോട്ടു പോകും.

Author

Scroll to top
Close
Browse Categories