ലഹരി മാഫിയയ്ക്കെതിരെ ഉണരണം കേരളം
മയക്കുമരുന്നിന്റെ ഭീകരമായ കടന്നുകയറ്റത്തിൽ അമ്പരന്ന് നിൽക്കുകയാണ് കേരളം. നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ യുവതലമുറയുടെ ഭാവി മാത്രമല്ല, നാടിന്റെ ഭാവി തന്നെ അപായത്തിലാക്കുന്ന രീതിയിലേക്ക് മയക്കുമരുന്ന് മാഫിയ സ്കൂളുകൾ മുതൽ സർവകലാശാലകളിൽ വരെ തിമിർത്താടുകയാണ്.
പെൺകുട്ടികൾ ഉൾപ്പടെ മയക്കുമരുന്നിന്റെ മായികവലയത്തിൽപ്പെട്ട് ജീവിതം നശിപ്പിക്കുന്ന വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. രണ്ടുമാസം മുമ്പ് തൊടുപുഴയിൽ കാമുകനൊപ്പം പിടിയിലായ കോതമംഗലത്തെ അക്ഷയ ഷാജിയെന്ന പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ അലറിവിളിച്ചു കരയുന്ന കാഴ്ച ഇന്നും നമ്മുടെ മനസിലെ നീറ്റലായി തുടരുന്നുണ്ട്. പഠിക്കാൻ മിടുക്കിയായിരുന്ന അവളെ പ്രണയത്തിലൂടെയാണ് മയക്കുമരുന്നു മാഫിയാ സംഘത്തിൽപ്പെട്ട യുവാവ് കെണിയിൽപ്പെടുത്തിയത്. അവളെ മയക്കുമരുന്നിന് അടിമയാക്കി വിൽപ്പനക്കാരിയാക്കുകയായിരുന്നു. എസ്.എൻ.ഡി.പി യോഗം ശാഖാംഗമായ കുടുംബം അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും മകളെ ഈ മാഫിയയുടെ കെണിയിൽ നിന്ന് മോചിപ്പിക്കാനായില്ല. മയക്കുമരുന്നിന് വേണ്ടി എന്തും ചെയ്യുന്ന സ്ഥിതിയിലെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതീകമാണ് അക്ഷയ. മയക്കുമരുന്ന് വിപണനത്തിന് പറ്റിയ മുഖംമൂടിയാണ് യുവതികളും സ്കൂൾ വിദ്യാർത്ഥികളും. ഒരിക്കൽ ഇവരുടെ കെണിയിൽ പെട്ടുകഴിഞ്ഞാൽ മോചനം എളുപ്പമല്ല. കേസിൽ ഉൾപ്പെട്ടാൽ പിന്നെ അസാദ്ധ്യമെന്നു തന്നെ പറയേണ്ടിവരും.
മയക്കുമരുന്നിന്റെ കെണിയിൽ കുടുങ്ങിയ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും വേദന നമ്മളുടേതല്ലെന്ന് വിചാരിച്ച് സമാധാനിക്കേണ്ട. നാളെ നമ്മുടെ കുടുംബത്തിനും സമാനമായ അവസ്ഥ ഉണ്ടായേക്കാം. അത്രയ്ക്ക് ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഓറഞ്ച്, ആപ്പിൾ വ്യാപാരത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 2000 കോടി രൂപയുടെ മയക്കുമരുന്ന് മുംബയിൽ ഇറക്കുമതി ചെയ്തതിന് കുടുങ്ങിയത് എറണാകുളം ജില്ലക്കാരനായ യുവാവാണ്. മലപ്പുറംകാരനായ കൂട്ടുപ്രതി ദക്ഷിണാഫ്രിക്കയിൽ ഒളിവിലുമാണ്. കൊച്ചിയുടെ പുറംകടലിൽ നാവികസേന അടുത്തിടെ ഇറാൻകാരുടെ ബോട്ടിൽ നിന്ന് കണ്ടെടുത്തത് 600ൽ പരം കോടി രൂപ വിലവരുന്ന ഹെറോയിനാണ്. ഇത്ര ഭീമമായ തുകയുടെ ഇടപാടുകൾ നടത്തുന്നത് ചെറിയ മീനുകളല്ല. അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ ഇന്ത്യയിലേക്കും വിശേഷിച്ച് കേരളത്തിലേക്കും കണ്ണുവയ്ക്കുന്നത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം മയക്കുമരുന്ന് ഉപയോഗം നടക്കുന്ന സംസ്ഥാനമായി കേരളം മാറുകയുമാണ്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയും ഇതുപോലെ മയക്കുമരുന്നു ഭീഷണിയിലായ കാലഘട്ടമില്ല. കഞ്ചാവും ലഹരിഗുളികളുമൊക്കെ വിട്ട് എം.ഡി.എം.എയും മെത്താംമെറ്റാഫിനും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ള രാസലഹരികളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഒരു തവണ ഉപയോഗിച്ചാൽ ദിവസങ്ങൾ ഉറങ്ങാതെ ഉഷാറായി കിറുങ്ങി നിൽക്കാമെന്നതാണ് ഇത്തരം വിഷവസ്തുക്കളുടെ പ്രത്യേകത. ഏതാനും വർഷത്തെ ഉപയോഗം കൊണ്ട് മാനസിക, ശാരീരിക ആരോഗ്യം നശിച്ച് വെറും ചണ്ടികളായി മാറും ഇവർ.
ഡി.ജെ പാർട്ടികളെന്ന നിശാ ആഘോഷങ്ങളിലും മറ്റും അനിവാര്യമാണ് മയക്കുമരുന്നുകൾ. കൊച്ചിയിലെ നിശാപാർട്ടി കഴിഞ്ഞ് മടങ്ങിയ രണ്ട് മിസ് കേരള സൗന്ദര്യമത്സര വിജയികൾ പാലാരിവട്ടത്തുണ്ടായ കാർ അപകടത്തിൽ മരിച്ച സംഭവം നടന്നിട്ട് അധികം നാളുകളായിട്ടില്ല. ചില ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും ഡി.ജെ.പാർട്ടികൾ വ്യാപകമാവുകയുമാണ്. രാപ്പകൽ ജോലി ചെയ്യുന്ന വലിയ ശമ്പളം പറ്റുന്ന ഐ.ടി രംഗത്തും മറ്റുമുള്ള യുവാക്കളും യുവതികളും സമൂഹത്തിലെ ഉന്നത ശ്രേണിയിലുമുള്ളവരുമാണ് ഡി.ജെ. പാർട്ടികളിലേക്ക് ആകർഷിക്കപ്പെടുന്നത്.
പഠനത്തിന്റെയും ജോലിയുടെയും സമ്മർദവും കൂട്ടുകാരുടെ പ്രേരണയും പ്രണയക്കുരുക്കുകളും ജീവിതത്തിലെ താളപ്പിഴകളും മൂലമാണ് നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളും യുവാക്കളും ഇത്തരം കെണികളിലേക്ക് നയിക്കപ്പെടുന്നത്. അത് സമർത്ഥമായി ചൂഷണം ചെയ്യുകയാണ് മാഫിയാസംഘങ്ങൾ.
ഭൂരിപക്ഷ സമുദായങ്ങൾ നടത്തുന്നഎയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും സർവകലാശാലകളിലും അക്ഷരാർത്ഥത്തിൽ മയക്കുമരുന്നു സംഘങ്ങൾ വിളയാടുകയാണ്. സാധാരണക്കാരുടെ കുട്ടികളാണ് ഈ സ്ഥാപനങ്ങളിൽ പഠിക്കുന്നവരിൽ ഏറെയും. ഇവരെ എളുപ്പം വരുതിയിലാക്കാമെന്നതും കോളേജ് അധികൃതരുടെ പ്രതിരോധത്തെ നിഷ്‌പ്രയാസം തടയാമെന്നതുമാണ് പ്രധാനകാരണം. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവരുടെ സംഘടിതശേഷിയും സ്വാധീനവും മൂലം മയക്കുമരുന്ന് മഫിയയ്ക്ക് എളുപ്പം കടന്നുകയറാനാവുകയുമില്ല.
മുൻപൊരിക്കലും ഇല്ലാത്ത തരത്തിലെ മയക്കുമരുന്നു ഭീഷണി എങ്ങിനെയും അടിച്ചമർത്തേണ്ടതുണ്ട്. മാനേജ്മെന്റുകൾ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന കാര്യവുമല്ലിത്.
ബോധവത്കരണ, എൻഫോഴ്സ്മെന്റ് പരിപാടികളുമായി സർക്കാർ സജീവമായി രംഗത്തുണ്ടെന്ന കാര്യം വിസ്‌മരിക്കുന്നില്ല. പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ പ്രവർത്തനങ്ങളെ വിലകുറച്ചു കാണുന്നുമില്ല. പക്ഷേ ബോധവത്കരണം കൊണ്ടുമാത്രം ഈ പ്രശ്നത്തെ ഒതുക്കാനാവില്ല. മയക്കുമരുന്നു മാഫിയയുടെ കൈയ്യൂക്കിനും ഭീഷണിക്കും മുന്നിൽ അദ്ധ്യാപകർക്കും മാനേജ്മെന്റിനും പിടിച്ചു നിൽക്കാനാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇവരുടെ അക്രമത്തിന് ഇരയായ നിരവധി അദ്ധ്യാപകരുണ്ട്. തങ്ങളുടെ വിദ്യാർത്ഥികൾ മയക്കുമരുന്നിന് കീഴടങ്ങുന്ന കാഴ്ച കണ്ട് നിസഹായരായി മൗനം പാലിക്കേണ്ടിവരികയാണ് പലരും. എതിർക്കുന്നവരെ ഭയപ്പെടുത്തി അകറ്റുന്ന ഈ മാഫിയകളെ ഒതുക്കുകയല്ലാതെ വേറെ മാർഗമില്ല.
സർക്കാരിന്റെ നേതൃത്വത്തിൽ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരിക മാത്രമാണ് ഫലപ്രദമായ പ്രതിരോധമാർഗം. അതിനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം. മയക്കുമരുന്നു മാഫിയകളെ നിയമപരമായും വേണ്ടിവന്നാൽ കായികമായും നേരിടാനുള്ള കർമ്മസേനയെ വിദ്യാലയ പരിസരത്ത് രൂപീകരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. രാഷ്ട്രീയ, സാമൂഹിക, സാമുദായിക, യുവജന സംഘടനകളെ ഇതിൽ ഉൾപ്പെടുത്തണം. അവശ്യഘട്ടത്തിൽ ഓടിയെത്താനും ഇടപെടാനും കഴിയാവുന്ന രീതിയിലാകണം ഇവരുടെ പ്രവർത്തനം. പൊലീസിനെയും എക്സൈസിനെയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തുകയും വേണം. പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രതിരോധം കൊണ്ടു മാത്രമേ മയക്കുമരുന്നു മാഫിയയെ വേരോടെ പിഴുതെറിയാൻ കഴിയൂ. ഈ വൈകിയ വേളയിലെങ്കിലും സർക്കാർ സജീവമായി രംഗത്തിറങ്ങിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹ്യപ്രശ്നമായി കണ്ട്, ഒരു നിമിഷം പോലും പാഴാക്കാതെ അതിനുള്ള നേതൃത്വം സർക്കാർ ഏറ്റെടുക്കണം. ഞങ്ങളെല്ലാം അതിനൊപ്പം ചേരാൻ തയ്യാറാണ്.