ഊരു ജീവിതത്തിലെ വെള്ളിവെളിച്ചം
അട്ടപ്പാടിയില്‍ നടന്ന ശിശുമരണങ്ങള്‍ക്കും, പോഷകാഹാരക്കുറവിനും വിളര്‍ച്ചാ രോഗങ്ങള്‍ക്കും മറുവാക്കായി, മറുകാഴ്ചയായി മാറുകയാണ് ‘നമത്ത് കനവ്’ നാടകവണ്ടി.എന്തുകൊണ്ട് പഴയകാലത്ത് ഇല്ലാതിരുന്ന പല വിപത്തുക്കളും നമ്മളെ തേടി എത്തുന്നു. നാടകം സ്വയം ചോദിക്കുന്നു.
നിറമുള്ള, ചിറകുള്ള പുതിയ സ്വപ്‌നങ്ങള്‍ നെയ്യുകയാണ് അട്ടപ്പാടിയിലെ ഒരു കൂട്ടം ആദിവാസി യുവകലാകാരന്മാര്‍. ശിശുമരണത്തിന്റെ തീച്ചൂളയിലെ ഉമിത്തീയില്‍ നിന്നും, ഊരിന്റെ താങ്ങോടെ ആരോഗ്യപ്രവര്‍ത്തകരുടെ ചിട്ടയായ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ കുടുംബ ജീവിതത്തിലേക്ക് പിച്ചവെച്ചവര്‍, അട്ടപ്പാടി ഊരുകളുടെ വിഷാദം അകറ്റുവാന്‍ നാളിതുവരെ പ്രവര്‍ത്തിച്ചവര്‍ അവര്‍ കഥാപാത്രങ്ങളാവുമ്പോള്‍, സംഘാടകരാവുമ്പോള്‍ നാടകം ഊരു ജീവിതത്തിലേക്ക് വെള്ളിവെളിച്ചമാവുന്നു. ആ വെളിച്ചം പുതിയൊരു സ്വപ്‌നവും കാഴ്ചയും അട്ടപ്പാടിക്ക് നല്‍കുന്നു. അതാണ് ‘നമത്ത് കനവ്’ ചര്‍ച്ച ചെയ്യുന്നത്.യൂണിസെഫിന്റെ സഹായത്തോടെ ആദിവാസി കൂട്ടായ്മയായ ‘തമ്പ്’ ആണ് നാടകം ഊരുകളിലെത്തിക്കുന്നത്. ”
സ്വപ്‌നങ്ങള്‍ കാണുക മാത്രമല്ല, അത് പ്രായോഗിക ജീവിതത്തില്‍, ഊരു ജീവിതത്തില്‍ എപ്രകാരം പ്രായോഗികമാക്കാം എന്നുകൂടി ആലോചിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസി നേതാവായ രാമുവിന്റെ നേതൃത്വത്തിലുള്ള 14 അംഗ നാടകസംഘം. കേരളത്തിലെ ഗോത്രമേഖലയുടെ സമഗ്രശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗോത്രവര്‍ഗ്ഗ കൂട്ടായ്മയായ ‘തമ്പി’ ലെ (സെന്റര്‍ ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍, ഡെവലപ്പ്‌മെന്റ് ആന്റ് റിസര്‍ച്ച്) ആഭിമുഖ്യത്തിൽ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നാടകാവതരണം നടന്നത്. അട്ടപ്പാടി ഊരുകളെ കീഴടക്കിയെ അനീമിയ-പോഷകാഹാരക്കുറവ് ഊരു തലത്തില്‍ എപ്രകാരം പ്രതിരോധിക്കാനാവും എന്നതാണ് നാടകം ചര്‍ച്ച ചെയ്യുന്നത്.
അട്ടപ്പാടി ഊരുകളില്‍ പഴയകാലത്ത്, അവരുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്ന പിരിചന്ദ്രക്കൂത്തിലെ കോമാളി കാണുന്ന സ്വപ്‌നം ‘നമത്ത് കനവി’ല്‍ പുതിയ ഭാവത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിനും പൊതുബോധത്തിനുമൊപ്പം ആദിവാസി ജീവിതം കൈക്കൊള്ളേണ്ട ജാഗ്രതയും നാടകം ചര്‍ച്ച ചെയ്യുന്നുണ്ട്. എന്തുകൊണ്ട് പഴയകാലത്ത് ഇല്ലാതിരുന്ന പല വിപത്തുക്കളും നമ്മളെ തേടി എത്തുന്നു. നാടകം സ്വയം ചോദിക്കുന്നു. മാറുന്ന കാലത്തിനൊപ്പം സ്വയം രൂപപ്പെടുകയും, നവീകരിക്കപ്പെടേണ്ട ആദിവാസി ജീവിതത്തെ- ആദിവാസി ആരോഗ്യത്തെ സംബന്ധിച്ച ചര്‍ച്ച, ഗോത്രമിത്തുകളുടെയും വിനോദത്തിന്റെയും മേമ്പൊടി ചേര്‍ത്ത് ഗോത്രഭാഷയില്‍ ‘തമ്പ്’ നാടക സംഘം അവതരിപ്പിക്കുമ്പോള്‍ ഊരിലെ കാണികള്‍ കാഴ്ചക്കാര്‍ മാത്രമല്ല അഭിനേത്രികളായി മാറുന്നു. 2012-മുതല്‍ അട്ടപ്പാടിയില്‍ നടന്ന ശിശുമരണങ്ങള്‍ക്കും, പോഷകാഹാരക്കുറവിനും വിളര്‍ച്ചാ രോഗങ്ങള്‍ക്കും മറുവാക്കായി, മറുകാഴ്ചയായി മാറുകയാണ് ‘നമത്ത് കനവ്’ നാടകവണ്ടി.
ശിശുമരണത്തിന്റെ തീച്ചൂളയിലെ ഉമിത്തീയില്‍ നിന്നും, ഊരിന്റെ താങ്ങോടെ ആരോഗ്യപ്രവര്‍ത്തകരുടെ ചിട്ടയായ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ കുടുംബ ജീവിതത്തിലേക്ക് പിച്ചവെച്ചവര്‍, സര്‍ക്കാരിനും, പൊതുബോധത്തിനുമൊപ്പം നിന്ന് അട്ടപ്പാടി ഊരുകളുടെ വിഷാദം അകറ്റുവാന്‍ നാളിതുവരെ പ്രവര്‍ത്തിച്ചവര്‍ അവര്‍ കഥാപാത്രങ്ങളാവുമ്പോള്‍, സംഘാടകരാവുമ്പോള്‍ നാടകം ഊരു ജീവിതത്തിലേക്ക് വെള്ളിവെളിച്ചമാവുന്നു. ആ വെളിച്ചം പുതിയൊരു സ്വപ്‌നവും കാഴ്ചയും അട്ടപ്പാടിക്ക് നല്‍കുന്നു. അതാണ് ‘നമത്ത് കനവ്’ ചര്‍ച്ച ചെയ്യുന്നത്.
യൂണിസെഫിന്റെ സഹായത്തോടെ ആദിവാസി കൂട്ടായ്മയായ ‘തമ്പ്’ ആണ് നാടകം ഊരുകളിലെത്തിക്കുന്നത്. ”കഴിഞ്ഞ 30 വര്‍ഷത്തെ ഊരു ജീവിതവുമായുള്ള അടുത്ത ബന്ധം, ഇടപെടല്‍, അവരുടെ മിത്തുകളുടെയും ആചാരാനഷ്ഠാനങ്ങളുടെയും നേര്‍കാഴ്ചകളിലൂടെ വിഷയങ്ങളെ നോക്കിക്കാണുവാന്‍ ‘തമ്പി’നെ സഹായിച്ചിട്ടുണ്ടെന്ന് തമ്പിന്റെ അമരക്കാരന്‍ രാജേന്ദ്രപ്രസാദ് പറയുന്നു.
അട്ടപ്പാടി ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ബിരുദധാരിയായ എം. കുപ്പുസ്വാമിയാണ് സംവിധാനം. രതീഷ് ഒഎല്‍എച്ച് നാടക രചന ഒരുക്കിയിരിക്കുന്നു. മുരുകന്‍ സമ്പാര്‍ക്കോടിന്റെ വരികള്‍ക്ക് ബാലന്‍ കള്ളക്കര ഈണം പകരുന്നു. കലാസംവിധാനം തൂവ ഊരിലെ ആദി, തേജസ്, കെ.എന്‍. രമേശ്, കെ.എ.രാമു, ഉദയകുമാര്‍ ബി, രേവതി, ഉദയകുമാര്‍, വിനോദ്, മരുതന്‍, മതിവര്‍ണ്ണന്‍, ലക്ഷ്മി ഉണ്ണികൃഷ്ണന്‍, രാധാമണി, ബാലന്‍ കള്ളക്കര എന്നിവരാണ് വേഷമിടുന്നത്. തമ്പ് കണ്‍വീനര്‍ കെ.എ. രാമു, ഡാനീഷ് എന്നിവര്‍ നാടക യാത്രയ്ക്ക് നേതൃത്വം നല്‍കുന്നു.
‘തമ്പി’ ന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അട്ടപ്പാടിയെ ഗ്രസിക്കുന്ന പോഷകാഹാരക്കുറവ് എങ്ങനെ ഊരുതലത്തില്‍ പരിഹരിക്കാനാവും എന്ന വിഷയത്തിലൂന്നിയുള്ള നാടകാവതരണം തനത് ഭാഷയില്‍ നടക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും നാടകയാത്രയെ സഹായിക്കുന്നുണ്ട്.