മണ്ണിനെ മറക്കുന്ന നാം
ആഹാരം, ശുദ്ധ ജലം എന്നിവയുടെ ഉല്പാദനം, ഊര്‍ജ്ജ സുസ്ഥിരത, കാലാവസ്ഥാ സുസ്ഥിരത, ജൈവവൈവിധ്യ സംരക്ഷണം, ആവാസവ്യവസ്ഥാ സേവനങ്ങള്‍ എന്നിവയാണ് മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനായി ഭൂമി നേരിടുന്ന ആറ് പാരിസ്ഥിതിക വെല്ലുവിളികള്‍. ഈ വെല്ലുവിളികളെയെല്ലാം തരണം ചെയ്യാന്‍ മണ്ണിന് കഴിയുന്നത് അതു നിര്‍വഹിക്കുന്ന ഏഴ് പ്രധാന ധര്‍മങ്ങള്‍ കാരണമാണ്.
അമൂല്യ വസ്തുവാണ് മണ്ണെന്ന കാര്യം നാം പലപ്പോഴും മറന്നു.മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും വേണ്ട ആഹാരം, തുണി നിര്‍മാണത്തിനുള്ള നാരുകള്‍, ശുദ്ധജലം, പലതരം ലോഹങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ തരുന്ന വെറുമൊരു ഭൗതിക സ്രോതസ്സെന്നതിലുപരി, ഭൂമിയുടെ നിലനില്പിനാവശ്യമായ മറ്റുപല സാധനങ്ങളും ആവാസവ്യവസ്ഥാ സേവനങ്ങളും നല്കുന്ന വസ്തുവാണ് മണ്ണ്. ഇക്കാര്യം മറന്നു പോയതാണ് ഇന്ന് നേരിടുന്ന പല പാരിസ്ഥിതിക വെല്ലുവിളികള്‍ക്കും ഒരു പ്രധാന കാരണം. സുസ്ഥിര വികസന സാക്ഷാല്‍ക്കാരത്തിനുള്ള ഏറ്റവും പുതിയൊരു വിശാല ആശയമാണ് മണ്ണ് സുരക്ഷ. ആഹാരം, ശുദ്ധ ജലം എന്നിവയുടെ ഉല്പാദനം, ഊര്‍ജ്ജ സുസ്ഥിരത, കാലാവസ്ഥാ സുസ്ഥിരത, ജൈവവൈവിധ്യ സംരക്ഷണം, ആവാസവ്യവസ്ഥാ സേവനങ്ങള്‍ (ecosystem services) എന്നിവയാണ് മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനായി ഭൂമി നേരിടുന്ന ആറ് പാരിസ്ഥിതിക വെല്ലുവിളികള്‍. ഈ വെല്ലുവിളികളെയെല്ലാം തരണം ചെയ്യാന്‍ മണ്ണിന് കഴിയുന്നത് അതു നിര്‍വഹിക്കുന്ന ഏഴ് പ്രധാന ധര്‍മങ്ങള്‍ കാരണമാണ്.
ബയോമാസ്സ് ഉല്പാദനം, പോഷകങ്ങളുടെയും ജലത്തിന്റെയും മറ്റ് വസ്തുക്കളുടെയും സംഭരണവും രൂപാന്തരവും ശുദ്ധീകരിക്കലും, ജൈവവൈവിധ്യ സംരക്ഷണം, ചെടികള്‍ക്ക് വളരാനുള്ള ഭൗതിക സാഹചര്യം ഒരുക്കല്‍, അസംസ്കൃത വസ്തുക്കളുടെ സ്രോതസ്സ്, കാര്‍ബണിന്റെ ആഗീരണം, ഭൂമിശാസ്ത്ര – സാംസ്കാരിക പൈതൃകം നിലനിറുത്തല്‍ എന്നിവയാണ് മണ്ണിന്റെ ആ ഏഴ് പ്രധാന ധര്‍മങ്ങള്‍. ഈ ഏഴു ധര്‍മങ്ങളും ഫലപ്രദമായി ചെയ്യുന്നതിനായി മണ്ണിനെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയാണ് മണ്ണു സുരക്ഷ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഭക്ഷ്യ ജല സുരക്ഷകളില്‍ സുരക്ഷ എന്ന വാക്കുകൊണ്ട് എന്താണോ അര്‍ത്ഥമാക്കുന്നത് അതുതന്നെയാണിവിടെയും ഉദ്ദേശിക്കുന്നത്.
കൃഷിയിലും മറ്റ് വിവിധ മേഖലകളിലുമുണ്ടായിക്കൊണ്ടിരിക്കുന്ന അശാസ്ത്രീയ പ്രവര്‍ത്തികള്‍ ഈ ഏഴ് ധര്‍മങ്ങളും ചെയ്യാന്‍ മണ്ണിനുള്ള കഴിവില്‍ സാരമായ കുറവുണ്ടാക്കികൊണ്ടിരിക്കുന്നു.
മനുഷ്യ ക്ഷേമത്തിന് സഹായകരമാകുന്ന വസ്തുക്കള്‍ക്കാണ് നാം വില കല്‍പ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മണ്ണിനെ ഒരു മുഖ്യ പ്രകൃതി മൂലധനമായി (natural capital) വേണം കാണാന്‍. മണ്ണ് നല്കുന്ന ഭൗതിക മൂല്യങ്ങള്‍ക്കപ്പുറത്ത് കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതിലും, ജൈവഇന്ധന ഉല്പാദനത്തിലും അതുകൂടാതെ ആവാസ വ്യവസ്ഥാ സേവനങ്ങളിലുമുള്ള അളവറ്റ മൂല്യം കൂടി കണക്കാക്കണം.
ആവാസ വ്യവസ്ഥാ സേവനങ്ങള്‍ സാമൂഹിക ക്ഷേമമാണ് ലക്ഷ്യമിടുന്നതെന്ന വസ്തുത നയരൂപീകരണ മേഖലകളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അങ്ങനെ നോക്കുമ്പോള്‍ മണ്ണ് സുരക്ഷയുടെ വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തിക പ്രോത്സാഹനവും മറ്റ് സഹായങ്ങളും സര്‍ക്കാര്‍ ഭാഗത്തുനിന്നും പദ്ധതി രൂപത്തില്‍ ഉണ്ടാകണം. സാമൂഹിക ക്ഷേമത്തിനും പ്രകൃതി ദുരന്ത നിവാരണത്തിനും അവര്‍ നല്കുന്ന സേവനങ്ങള്‍ അവര്‍ക്ക് സാമ്പത്തികമായി ലാഭകരമല്ലാതിരിക്കാനാണ് സാധ്യത. അതുകാരണം ഈ സേവനങ്ങളുടെ സാമ്പത്തിക മൂല്യം യുക്തിസഹമായി കണക്കാക്കാന്‍ ലഭ്യമായ വിവിധ സങ്കേതങ്ങളുപയോഗിച്ച് കണക്കാക്കി തത്തുല്യമായ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ മണ്ണ് സുരക്ഷ ഉറപ്പാക്കാനും അതുവഴി ആദ്യം സൂചിപ്പിച്ച ആറ് പാരിസ്ഥിതിക വെല്ലുവിളികളെ തരണം ചെയ്യാനും സാധിക്കുകയുള്ളൂ.