ലജ്ജയാൽ നമുക്ക് ശിരസുകുനിക്കാം….
പാവപ്പെട്ട രണ്ട് സ്ത്രീകളെ കബളിപ്പിച്ച് കൊണ്ടുപോയി ക്രൂരമായി കൊന്ന് രക്തമൂറ്റിയെടുത്ത് കഷ്ണങ്ങളാക്കി കുഴിച്ചിട്ട പത്തനംതിട്ട ഇലന്തൂരിലെ ആഭിചാരക്രിയ മലയാളികളെ ലോകത്തിന് മുന്നിൽ അപഹാസ്യരാക്കി. ഈ നാണക്കേടിന്റെ ആഴം അളക്കാവുന്നതല്ല. രണ്ട് മനുഷ്യജീവനുകളെ മാത്രമല്ല, കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയാകെയാണ് ഈ മൂവർ സംഘം ബലി കഴിച്ചത്. ലജ്ജയാൽ നമുക്ക് ശിരസു കുനിക്കാം.
അനാചാരങ്ങളും ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യരുണ്ടായ കാലം മുതലുള്ളതാണ്. ലോകം മുന്നോട്ടു പോയപ്പോൾ ഇത്തരം അപരിഷ്‌കൃതമായ കാര്യങ്ങളിൽ നിന്ന് മനുഷ്യർ അകന്നു. ഇന്ത്യയെപ്പോലെ പൗരാണികമായ സംസ്‌കൃതികളിൽ അത് പറിച്ചെറിയുക എളുപ്പമല്ല. 135 കോടി ജനങ്ങൾ ജീവിക്കുന്ന രാജ്യത്ത് ഇടയ്ക്കും മുറിയ്ക്കും ഇത്തരം ദുഷ്ചെയ്തികളെക്കുറിച്ച് നാം കേൾക്കാറുണ്ട്. പൊതുവേ അതിൽ നിന്നെല്ലാം മുക്തമായിരുന്നു കേരളം. അയിത്തവും അനാചാരങ്ങളും കൊടികുത്തി വാണ കേരളത്തിന്റെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. ശ്രീനാരായണ ഗുരുദേവനെയും മഹാത്മ അയ്യങ്കാളിയെയും പോലുള്ള നവോത്ഥാന നായകരുടെ ഇടപെടലുകളും സർക്കാരുകളുടെ നിയമനിർമ്മാണങ്ങളും പുരോഗമന ചിന്താധാരകളും കൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഒട്ടേറെ മാറ്റങ്ങൾ നമ്മുടെ നാട്ടിലുണ്ടായി. അയിത്തത്തിനും അനാചാരങ്ങൾക്കും ജാതിവിവേചനങ്ങൾക്കുമെതിരെ രക്തരഹിതമായ വിപ്ളവത്തിന് നേതൃത്വം കൊടുത്ത ഗുരുദേവനാണ് മലയാളികളുടെ പൊതുബോധത്തിലേക്ക് നവോത്ഥാനമൂല്യങ്ങളുടെ വിത്തെറിഞ്ഞത്. അനാചാരങ്ങളെയും പ്രാകൃതമായ ആരാധനാ സമ്പ്രദായങ്ങളെയും ഗുരു അതിനിശിതം വിമർശിച്ചു. മദ്യവും ഇറച്ചിയും രക്തവും മറ്റും നൽകി പൂജിക്കുന്നവരെ സാത്വികമായ ആരാധനാക്രമത്തിലേക്ക് പരിവർത്തനം ചെയ്യാനായി സ്വയം ക്ഷേത്രങ്ങളും സ്ഥാപിച്ചു. കേരളമെമ്പാടും സഞ്ചരിച്ച് മനുഷ്യരെ ബോധവത്കരിച്ചു. വടക്കൻ പറവൂരിലെ കാളികുളങ്ങര ക്ഷേത്രത്തിലെ മാടനെയും മറുതയെയും ഇളക്കി എറിഞ്ഞുവെന്നാണ് ചരിത്രം. ഇങ്ങിനെ ഗുരുദേവൻ ഉഴുതുമറിച്ച മണ്ണിലാണ് പുരോഗമന ചിന്തകളുമായെത്തിയ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം തഴച്ചുവളർന്നത്. ജനങ്ങൾ സമ്പൂർണ സാക്ഷരത നേടിയത്.
ഈ പശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ഇലന്തൂരിലെ നരബലികൾ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫി എന്ന നരാധമന്റെ വലയിൽ ഭഗവൽസിംഗും അയാളുടെ ഭാര്യ ലൈലയും എങ്ങിനെ കുടുങ്ങിയെന്നും നരബലി എന്ന പ്രാകൃതമായ ക്രൂരതയിലേക്ക് എങ്ങിനെയെത്തിയെന്നും പഠിക്കേണ്ടതുണ്ട്. സാമാന്യവിദ്യാഭ്യാസവും സർഗാത്മകസിദ്ധിയുള്ള കവിയും ചികിത്സകനും കമ്മ്യൂണിസ്റ്റ് പശ്ചാത്തലവുമുള്ള ഒരാൾ എന്ത് സാഹചര്യത്തിലാണ് ഇത്തരം ദുഷ് കർമ്മങ്ങളിലേക്ക് തിരിഞ്ഞത്? വിപുലമായ ബന്ധുബലമുള്ള ഇയാളുടെ ഭാര്യ ലൈല എങ്ങിനെ ഷാഫിയുടെ ആഭിചാരക്കെണിയിൽപ്പെട്ടു? ഭഗവൽ സിംഗും ലൈലയും ചില വഴികാട്ടികളാണ്. വരാൻ പോകുന്ന കാലത്തിലേക്കുള്ള വഴികാട്ടികൾ.
മലയാളി സമൂഹം ഈ ആധുനിക കാലത്തും ജീവിതപ്രതിസന്ധികളെ നേരിടാൻ ദുർമന്ത്രവാദത്തിലേക്കും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും എങ്ങിനെ നയിക്കപ്പെടുന്നുവെന്ന തിരിച്ചറിവാണ് ഇവിടെയുണ്ടാകേണ്ടത്. കുഞ്ഞുങ്ങളെയും വയോധികരെയും വരെ ശാരീരികവും ലൈംഗികവുമായി പീഡിപ്പിക്കുന്നവരുമായി സമൂഹത്തിലെ ചിലർ മാറുന്നതെങ്ങിനെയെന്നും അന്വേഷിക്കണം. ജീവിതത്തിന് വേഗം കൂടുകയും മനുഷ്യബന്ധങ്ങളുടെ മൂല്യവും മനുഷ്യത്വവും മറന്ന് സമ്പത്തിനും അധികാരത്തിനും വേണ്ടി പായുകയും ചെയ്യുമ്പോൾ സൃഷ്ടിക്കപ്പെടുന്ന സ്വാഭാവിക പരിണതികളിലൊന്നാണ് നാം കാണുന്നത്. ജീവിതപ്രയാണത്തിൽ വീണുപോകുന്നവരുടെ പ്രതിനിധികൾ കൂടിയാണ് ഭഗവൽദാസും ലൈലയും.
നമ്മൾ അരക്ഷിതരും മാനസിക ധൈര്യം ഇല്ലാത്തവരുമായി മാറുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായും ഈ സംഭവത്തെ വിലയിരുത്താം. ഇക്കൂട്ടരെ ചൂഷണം ചെയ്യാൻ എളുപ്പമാണെന്ന് അറിയാവുന്ന ബുദ്ധിമാന്മാരായ മനുഷ്യചെന്നായ്ക്കൾക്കിടയിലാണ് നാം ജീവിക്കുന്നത്. അറിഞ്ഞിടത്തോളം ഭഗവൽ സിംഗും ഭാര്യയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിൽ നിന്ന് രക്ഷതേടാനുള്ള മാർഗം തേടലും ഇവരുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളുമാകാം വിനയായത്. പ്രതിസന്ധികൾ വരുമ്പോഴാണ് സാധാരണ മനുഷ്യർ രക്ഷാമാർഗങ്ങൾ തേടി പലവിധ സാദ്ധ്യതകൾ പരിഗണിക്കുന്നത്. അതിനായുള്ള കെണികളുമായി ഷാഫിമാർ വേഷപ്രച്ഛന്നരായി പുറത്ത് കാത്തിരിപ്പുണ്ട്. മന്ത്രവാദവും ആഭിചാരവും ഉൗത്ത് മന്ത്രവും തുപ്പൽ ചികിത്സയും ഉറുക്കുകെട്ടലും രോഗശാന്തി ശുശ്രൂഷയും ബാധയകറ്റലും മറ്റുമായി. അതിൽ പെട്ടുപോകാതെ നോക്കണമെങ്കിൽ നല്ല ബന്ധുക്കളും സുഹൃത്തുക്കളും വേണം. ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനുള്ള കഴിവ് ആർജിക്കണം. അല്ലെങ്കിൽ മനോദൗർബല്യമുള്ളവർ പെട്ടെന്ന് തന്നെ ഇത്തരം കെണികളിലേക്ക് വീഴ്‌ത്തപ്പെടും.
യഥാസമയം കൈത്താങ്ങും മാനസികപിന്തുണയും നൽകാൻ ഭഗവൽ സിംഗിനും ലൈലയ്ക്കും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഷാഫിയുടെ രംഗപ്രവേശം ഒഴിവാക്കാൻ കഴിഞ്ഞേനെ. ജീവിതപ്രശ്നങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നാമിനിയും മനസിലാക്കേണ്ടിയിരിക്കുന്നു. അത്തരം ഘട്ടങ്ങളിൽ ആരെ സമീപിക്കണം, ധൈര്യമേകാനും കൈപിടിച്ചുയർത്താനും ആരുണ്ടാകും തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ആലോചിക്കേണ്ടത്. കേരളത്തിലെ പലവിധ പ്രശ്നങ്ങൾക്കും അടിസ്ഥാനം നല്ല ബന്ധങ്ങളുടെ കുറവും ലഹരി മരുന്നുകളുടെ കടന്നുകയറ്റവുമാണെന്ന് നിസംശയം പറയാം.
എട്ടുവർഷമായി ഫയലിൽ ഉറങ്ങിയ അനാചാരങ്ങൾ തടയാനുള്ള നിയമനിർമ്മാണം ഇലന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വീണ്ടും പൊടിതട്ടിയെടുക്കുന്നുണ്ട്. അത് നല്ല കാര്യം തന്നെ. പക്ഷേ നിയമം നിർമ്മിച്ചതുകൊണ്ട് അന്ധവിശ്വാസവും അനാചാരങ്ങളും ഇല്ലാതാകില്ല. ബോധവത്കരണവും സാമൂഹിക, സാംസ്കാരിക സംഘടനകളുടെ സജീവമായ ഇടപെടലുകളും കൂടി വേണം. അത് സർക്കാരുകൾക്ക് മാത്രം കഴിയുന്ന കാര്യവുമല്ല. പൊലീസിനും ഇക്കാര്യത്തിൽ കാര്യമായ റോളുണ്ടാകണം. ഭക്തിയുടെ മുഖംമൂടിയിട്ട് വരുന്ന സിദ്ധൻമാരെയും ദുർമന്ത്രവാദികളെയും രോഗശാന്തിക്കാരെയും അവർ അവതരിക്കുമ്പോൾ തന്നെ കണ്ടെത്തി അഴിക്കുള്ളിലാക്കാനുള്ള സാമർത്ഥ്യം പൊലീസ് കാണിക്കണം. ഭക്തിയുടെ പേരിലുള്ള ചൂഷണങ്ങൾ മുളയിലേ നുള്ളണം. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് നമ്മുടേത്. സമർത്ഥരായ പൊലീസുകാരുള്ളതിനാലാണ് ഇലന്തൂർ നരബലി പരാതി കിട്ടി ദിവസങ്ങൾക്കുള്ളിൽ അവർ തെളിയിച്ചത്. സർക്കാരും രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഒറ്റയ്ക്കും കൂട്ടായും ഈ വിപത്തിനെതിരെ രംഗത്തുവരണം. അല്ലെങ്കിൽ നമ്മുടെ താഴ്‌ന്നുപോയ ശിരസ് വീണ്ടും ഉയർത്തിപ്പിടിക്കാൻ കഴിയാതെ വരും. അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് പുലർത്താം….