കാര്‍ബണ്‍ പാദമുദ്രയും,ഭൂമിയുടെ നിലനില്‍പ്പും

ഭൂമിക്ക് മേൽ
കറുത്ത കാൽപ്പാടുകൾ
കാടുകളില്‍ ജീവിതം നയിക്കുന്ന ആദിവാസികളായ മനുഷ്യരാണ് ഏറ്റവും കുറവ് കാര്‍ബണ്‍ പാദമുദ്ര പേറുന്നത്. ഈ ഭൂമിയിലെ ഏറ്റവും നല്ല വായു ശ്വസിക്കുന്നവരും, ഏറ്റവും നല്ല ഭക്ഷണം കഴിക്കുന്നവരും, ഏറ്റവും നല്ല ജലം കുടിക്കുന്നവരും അവര്‍ തന്നെയാണ്. അമേരിക്കയിലോ, ചൈനയിലോ ജീവിക്കുന്ന ഒരാള്‍ ഇവരേക്കാള്‍ പതിന്മടങ്ങു കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനമാണ് നടത്തുന്നത്.

കാലാവസ്ഥാവ്യതിയാനം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുമ്പോ ൾ അതിലേക്കുള്ള വഴികള്‍ വെട്ടുന്നതില്‍ കാര്‍ബണ്‍ എന്ന മൂലകത്തിന്റെ പങ്ക് ഏറെ വലുതാണ്. നമ്മുടെ ഓരോ പ്രവൃത്തിയിലും നാം അറിഞ്ഞോ, അറിയാതെയോ വിവിധ അളവുകളില്‍ കാര്‍ബണ്‍ സംയുക്തങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.അതുകൊണ്ടുതന്നെ കാലാവസ്ഥാവ്യതിയാനം വിലയിരുത്തുമ്പോള്‍ അതിനുപിന്നില്‍ കാരണങ്ങളില്‍ പ്രധാനപ്പെട്ട കാര്‍ബണ്‍ ബഹിര്‍ഗമനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
കാര്‍ബണ്‍
പാദമുദ്ര (carbon foot print)
എന്താണ് കാര്‍ബണ്‍ എന്നും, മലിനീകരണവുമായി ബന്ധപ്പെട്ട് എന്താണ് കാര്‍ബണിന്റെ റോള്‍ എന്നും, കാര്‍ബണ്‍ പാദമുദ്ര എന്താണെന്നും ഏറെപ്പേര്‍ക്കും വലിയ ധാരണയില്ല. നാം ദിനംപ്രതി ചര്‍ച്ചചെയ്യുന്ന കാര്‍ബണ്‍ പാദമുദ്ര വിഷയത്തില്‍ വിശദമായ പഠനവും, ചര്‍ച്ചയും ഏറെ ആവശ്യപ്പെടുന്ന സന്ദര്‍ഭവുമാണിത്. എന്താണെന്ന് മനസ്സിലാക്കുന്നതിനൊപ്പം തന്നെ കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കുവാനായി നാമെന്തൊക്കെ ചെയ്യണം എന്നകാര്യം കൂടി ഇവിടെ പ്രസക്തമാണ്.
വ്യക്തികള്‍, സമൂഹം, സംഘടനകള്‍ എന്നിവ അവരുടെ പല പ്രവര്‍ത്തനങ്ങളുടെ ഫലമായി പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ സംയുക്തങ്ങളെയാണ് കാര്‍ബണ്‍ പാദമുദ്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ബഹിര്‍ഗമിക്കപ്പെട്ട കാര്‍ബണിന്റെ അളവില്‍ മേല്‍പ്പറഞ്ഞവര്‍ ഉത്തരവാദിയായിരിക്കുന്നതിന്റെ അളവാണ് കാര്‍ബണ്‍ പാദമുദ്ര. ഒരു നിശ്ചിതസമയത്തു നമ്മുടെ പ്രവൃത്തിമൂലം ഉണ്ടാക്കപ്പെടുന്ന കാര്‍ബണിന്റെ അളവാണ് നമ്മുടെ കാര്‍ബണ്‍ പാദമുദ്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വ്യക്തികള്‍, സമൂഹം, സംഘടനകള്‍ എന്നിവ അവരുടെ പല പ്രവര്‍ത്തനങ്ങളുടെ ഫലമായി പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ സംയുക്തങ്ങളെയാണ് കാര്‍ബണ്‍ പാദമുദ്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
‘പാദമുദ്ര’ എന്ന പേരുപോലെതന്നെ നാം കാര്‍ബണ്‍ പുറംതള്ളിക്കൊണ്ട് ഭൂമിയില്‍ അവശേഷിപ്പിക്കുന്ന കാല്‍പ്പാടുകള്‍ തന്നെയാണ് കാര്‍ബണ്‍ ഫുട്പ്രിന്റ് എന്ന് അറിയപ്പെടുന്നത്. കാര്‍ബണ്‍ സംയുക്തങ്ങളായ കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയാണ് അന്തരീക്ഷമലിനീകരണത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്ന് നമുക്കറിയാം. നാം ഒരു വാഹനം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ പാദമുദ്ര എന്നത് ആ വാഹനം പുറത്തേക്കുവിടുന്ന പുകയിലടങ്ങിയ കാര്‍ബണിന്റെ അളവ് മാത്രമല്ല. അത് ഓടാനായി അതില്‍ നിറയ്ക്കുന്ന ഇന്ധനം ഭൂമിയ്ക്കടിയില്‍ നിന്ന് കുഴിച്ചെടുക്കുമ്പോള്‍ ഉപയോഗിക്കപ്പെടുന്ന മോട്ടറുകള്‍, പ്രവര്‍ത്തിക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍, അത് വീണ്ടും റിഫൈന്‍ ചെയ്‌തെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഫലമായി ബഹിര്‍ഗ്ഗമിക്കുന്ന കാര്‍ബണ്‍, അത് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഗതാഗതത്തിനായി വീണ്ടും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ബണുകള്‍ എന്നിങ്ങനെ എത്രയോ കൂടുതല്‍ ആണ്. ഇനി കാറിന്റെ കാര്യം മാത്രമെടുത്താല്‍, അതിന്റെ നിര്‍മ്മാണഘട്ടത്തില്‍ തന്നെ എത്രയോ അളവ് കാര്‍ബണ്‍ പുറംതള്ളിയിട്ടുണ്ടാവാം!

കാര്‍ബണ്‍ പാദമുദ്രയിലെ
വ്യത്യാസം
കാര്‍ബണ്‍ പാദമുദ്ര പലരിലും, പല അവസ്ഥയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. നാം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകുമ്പോള്‍ നടന്നാണ് പോകുന്നതെങ്കില്‍ ഉണ്ടാവുന്ന കാര്‍ബണ്‍ പാദമുദ്ര ആയിരിക്കില്ല സൈക്കിളിലോ, മോട്ടോര്‍ സൈക്കിളിലോ പോകുമ്പോള്‍ ഉണ്ടാകുന്നത്. സൈക്കിളില്‍ പോകുമ്പോള്‍ കാര്‍ബണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല, അപ്പോളെങ്ങനെ കാര്‍ബണ്‍ പാദമുദ്ര ഉണ്ടാകുമെന്ന് സംശയം തോന്നാം. എന്നാല്‍, ആ സൈക്കിള്‍ ഉണ്ടാകണമെങ്കില്‍ ഒരു ഫാക്ടറിയില്‍ അത് നിര്‍മ്മിക്കപ്പെടണം. അതില്‍ ഉപയോഗിക്കുന്ന ലോഹമായ ഇരുമ്പ് സംസ്‌കരിച്ചെടുക്കണമെങ്കില്‍ ഏറെ ഊര്‍ജ്ജം ആവശ്യമാണ്. ആ ഊര്‍ജ്ജത്തിന്റെ ഫലമായി കാര്‍ബണ്‍ പുറത്തേക്ക് വിടുന്നുണ്ട്. ഇനി സൈക്കിളില്‍ നിന്ന് മോട്ടോര്‍ സൈക്കിളിലേക്ക് മാറുമ്പോളും ഇത്തരത്തില്‍ വിവിധങ്ങളായ കാര്‍ബണ്‍ ബഹിര്‍ഗമന സാദ്ധ്യതകള്‍ ഏറുകയാണ്.
കാര്‍ബണ്‍ സംയുക്തങ്ങളായ കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയാണ് അന്തരീക്ഷമലിനീകരണത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്ന് നമുക്കറിയാം
മനുഷ്യരില്‍ തന്നെ വ്യത്യസ്തമായ ജീവിതരീതികള്‍ നയിക്കുന്നവരില്‍ അവരുടെ കാര്‍ബണ്‍ പാദമുദ്രയും വലിയ അളവില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും അവരവരുടേതായ കാര്‍ബണ്‍ പാദമുദ്രകള്‍ ഉണ്ട്. ഇന്നും കാടുകളില്‍ ജീവിതം നയിക്കുന്ന ആദിവാസികളായ മനുഷ്യരാണ് ഏറ്റവും കുറവ് കാര്‍ബണ്‍ പാദമുദ്ര പേറുന്നത്. ഈ ഭൂമിയിലെ ഏറ്റവും നല്ല വായു ശ്വസിക്കുന്നവരും, ഏറ്റവും നല്ല ഭക്ഷണം കഴിക്കുന്നവരും, ഏറ്റവും നല്ല ജലം കുടിക്കുന്നവരും അവര്‍ തന്നെയാണ്. അമേരിക്കയിലോ, ചൈനയിലോ ജീവിക്കുന്ന ഒരാള്‍ ഇവരേക്കാള്‍ പതിന്മടങ്ങു കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനമാണ് നടത്തുന്നത്.
കാര്‍ബണ്‍ ബഹിര്‍ഗമനം ഏതുവിധേനയും കുറയ്ക്കുക എന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യം. അതിനായി നാം ചെയ്യുന്ന ഓരോ പടിയും പ്രധാനമാണ്.
കാര്‍ബണ്‍ പാദമുദ്ര
എങ്ങിനെ കുറയ്ക്കാം?
കാര്‍ബണ്‍ ബഹിര്‍ഗമനം ഏതുവിധേനയും കുറയ്ക്കുക എന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യം. അതിനായി നാം ചെയ്യുന്ന ഓരോ പടിയും പ്രധാനമാണ്. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നിവ വളരെ അത്യാവശ്യമാണ്. ബള്‍ബുകളും, ട്യൂബ് ലൈറ്റുകളും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവയാണ്. അതിനുപകരം എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതുവഴി കാര്‍ബണ്‍ ഫുട്പ്രിന്റ് വലിയൊരളവില്‍ കുറയ്ക്കുവാന്‍ കഴിയും. കൂടാതെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കുപകരം ജൈവഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതും, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതും ഇത് കുറയ്ക്കാന്‍ സഹായകരമാകുന്നു.

ഓരോ
‘സാന്‍ഡ്‌വിച് ‘ കഴിക്കുമ്പോഴും
നാം ഓരോ സാൻഡ്‌വിച്ചിന് കഴിക്കുമ്പോളും എത്രമാത്രം കാര്‍ബണ്‍ പാദമുദ്രയ്ക്ക് കാരണക്കാരനാകുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു സാൻഡ്‌വിച് കഴിക്കുമ്പോള്‍ എന്ത് കാര്‍ബണ്‍ ബഹിര്‍ഗമനം എന്ന് ചിന്തിക്കുന്നത് സ്വാഭാവികം. എങ്കില്‍ ഓരോ സാൻഡ്‌വിച്ചിന് പിന്നിലും ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം നമുക്കൊന്ന് നോക്കാം. ഈ സാൻഡ്‌വിച്ചിന്റെ യാത്ര തുടങ്ങുന്നത് ഒരുകഷണം ബ്രെഡില്‍ നിന്നാണ്. ഈ ബ്രെഡ് നാം ഉണ്ടാക്കുന്നത് ഗോതമ്പില്‍ നിന്നാണല്ലോ. അപ്പോള്‍ ഗോതമ്പു കൃഷിചെയ്യുന്ന പാടത്തേക്ക് നമുക്കൊന്ന് പോകാം. ആ പാടം ആദ്യം കൃഷിയ്ക്കായി ഉഴുതുമറിക്കുമ്പോള്‍ ഉപയോഗിക്കുന്ന ട്രാക്ടറിലെ ഡീസല്‍ കത്തുന്നതുമൂലം പുറത്തുവരുന്ന കാര്‍ബണ്‍ ആണ് ആദ്യത്തേത്. അത് നമ്മുടെ ഒരു ഗ്‌ളാസ്സില്‍ കൊള്ളുന്നയത്ര വരും. അതേ ട്രാക്ടര്‍ ഉപയോഗിച്ച് വളമിടുമ്പോളും, ഡീസല്‍ കത്തുകയും കാര്‍ബണ്‍ ഉണ്ടാകുകയും ചെയ്യുന്നു. ആ വളങ്ങള്‍ മണ്ണിലെത്തി, അതുപയോഗിച്ചുകൊണ്ട് ഗോതമ്പുചെടികള്‍ വളരുന്നു. ഒപ്പം ചെറിയൊരുശതമാനം വളത്തിന്റെ അംശമാകട്ടെ മണ്ണിലെ സൂക്ഷ്മജീവികള്‍ വിഘടിപ്പിക്കുന്നു. അപ്പോഴും അതിന്റെ ഭാഗമായി സൂക്ഷ്മജീവികള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നു.
അടുത്തതായി; കൊയ്‌തെടുക്കുന്നതിനും നാം കൊയ്ത്തുയന്ത്രങ്ങളെ ആണ് ആശ്രയിക്കുന്നത്. ആ യന്ത്രങ്ങളും കാര്‍ബണ്‍ പുറത്തുവിടുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന ഗോതമ്പ് ഉണക്കുന്നതിനും, മില്ലുകളില്‍ പൊടിക്കുന്നതിനുമൊക്കെ കറന്റ് ആവശ്യമാണല്ലോ. ഈ കറന്റ് ഉല്‍പ്പാദിപ്പിക്കുന്നത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണല്ലോ. അപ്പോള്‍ അവിടെയും കാര്‍ബണ്‍ പുറംതള്ളപ്പെടുന്നുണ്ട്. അവിടെനിന്നും ബേക്കറികളിലേക്ക് വണ്ടിയില്‍ യാത്ര, പിന്നെ അതില്‍ ചേര്‍ക്കുന്ന പഞ്ചസാര, വെള്ളം, യീസ്റ്റ് എല്ലാത്തിനും അതിന്റേതായ കാര്‍ബണ്‍ യാത്രകള്‍ ഉണ്ട്. അങ്ങനെ ബ്രെഡ് ആയതിനുശേഷം അത് പാക്ക് ചെയ്യപ്പെടുമ്പോള്‍ അതിനുവേണ്ടിയുള്ള പ്ലാസ്റ്റിക് കവറുകള്‍ ഉണ്ടാവുന്നതിനും ധാരാളം കാര്‍ബണ്‍ പുറംതള്ളുന്ന വഴികള്‍ ഉണ്ടായിരിക്കും. ഇത്തരത്തില്‍ നമ്മളിവിടെ പ്രതിപാദിച്ച കാര്‍ബണ്‍ ബഹിര്‍ഗമിക്കുന്ന എത്രയോ വഴികള്‍ കടന്നാണ് ഒരു ബ്രെഡ് സാൻഡ്‌വിച്ചായി നമ്മുടെ തീന്മേശയില്‍ എത്തുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ. ഈ ഓരോ വഴികളിലും കാര്‍ബണിന്റെ കൈമുദ്ര പതിപ്പിക്കപ്പെടുന്നുണ്ട്. അവയെയൊക്കെയാണ് കാര്‍ബണ്‍ പാദമുദ്ര എന്ന് പറയപ്പെടുന്നത്
കാര്‍ബണ്‍ ക്രെഡിറ്റ്

ഓരോ കമ്പനിയ്ക്കും പ്രവര്‍ത്തിക്കണമെങ്കില്‍ ഇപ്പോള്‍ അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. അതായത് അനുവദനീയമായ അളവിനപ്പുറം കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു കമ്പനിയും ചെയ്യാന്‍ പാടില്ല എന്നര്‍ത്ഥം. ഇത്തരത്തില്‍ കമ്പനികള്‍ പുറംതള്ളുന്ന കാര്‍ബണിന്റെ അളവ് വിവിധ പദ്ധതികളിലൂടെ ക്രമാതീതമായി കുറയ്ക്കുന്നതിനാണ് ‘കാര്‍ബണ്‍ ക്രെഡിറ്റ്’ എന്ന് പറയുന്നത്. ഒരു ക്രെഡിറ്റ് എന്നത് ഒരു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കുമ്പോളാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ ഓരോ കമ്പനിയ്ക്കും ക്രെഡിറ്റുകള്‍ കരസ്ഥമാക്കി മറ്റു കമ്പനികള്‍ക്ക് വില്‍ക്കാവുന്നതുമാണ്. 1997 ല്‍ ക്യോട്ടോ പ്രോട്ടോക്കോളില്‍ ആണ് കാര്‍ബണ്‍ ക്രെഡിറ്റ് ചര്‍ച്ചാവിഷയമാകുന്നത്. പിന്നീട് 2005 ല്‍ അത് നിലവില്‍ വരികയുമുണ്ടായി. 197 രാജ്യങ്ങള്‍ ചേര്‍ന്നാണ് അന്ന് ഉടമ്പടി ഒപ്പുവച്ചത്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നത് ഇന്ന് നമ്മുടെ വലിയ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയ്ക്കായി കാലാവസ്ഥാവ്യതിയാനം ചെറുക്കുക എന്നതുമാത്രമാണ് പോംവഴിയുള്ളത്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നത് ഇന്ന് നമ്മുടെ വലിയ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയ്ക്കായി കാലാവസ്ഥാവ്യതിയാനം ചെറുക്കുക എന്നതുമാത്രമാണ് പോംവഴിയുള്ളത്. ആ വഴിയിലേക്ക് നടന്നടുക്കണമെങ്കില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുക മാത്രമല്ല, പൂര്‍ണമായും ഒഴിവാക്കുകതന്നെ വേണം. അതിനായി ഓരോ ചുവടുവെപ്പും ശ്രദ്ധയോടെ വേണം.