പിറപ്പൊഴിഞ്ഞ് വാണ ഗുരു
ഓരോരുത്തരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ആ ദിവ്യത്വത്തെ തിരിച്ചറിഞ്ഞ് സ്വയംകൃതകൃത്യരാകുവാനും തദ്വാര കുടുംബത്തിലേക്കും ചുറ്റുപാടുള്ളവരിലേക്കും ലോകത്തിലേക്കും
ഈ മഹിത സന്ദേശം പകരുവാനും ഇടവരുത്തിയാല്‍ ഒരുപക്ഷേ മഹാന്മാരുടെ ജന്മദിനങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകും. അപ്പോള്‍ മാത്രമാണ് സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനം
നിര്‍മ്മിക്കാന്‍ നമുക്കാകൂ. അപ്പോള്‍ മാത്രമേ ഗുരുവിന്റെ അവതാരകൃത്യം പൂര്‍ണമാകൂ.
ശ്രീ നാരായണഗുരുദേവന്‍ എന്ന നാമം കേരളീയര്‍ക്ക് വളരെ സുപരിചിതമാണ്. എന്നാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും യഥാര്‍ത്ഥ ശ്രീനാരായണഗുരുവിന്റെ പ്രവര്‍ത്തനരീതിയോ കാഴ്ചപ്പാടോ ദര്‍ശനമോ അറിയില്ല. ജയന്തി വരുമ്പോള്‍ എവിടെയെല്ലാമാണോ മലയാളികളായ ഗുരുവിശ്വാസികള്‍ ഉള്ളത് അവിടെയെല്ലാം ഗുരുവിനെക്കുറിച്ച് പ്രഭാഷണം നടത്തുന്നതിന് ആരെയെങ്കിലും വിളിക്കുകയോ സമ്മേളനങ്ങളും ഘോഷയാത്രകളും നടത്തുകയോ ചെയ്യും. എന്നല്ലാതെ അതിനപ്പുറത്തേയ്ക്ക് ആരും കടക്കുന്നതായി കണ്ടിട്ടില്ല. കേരളത്തിന് പുറത്ത് ആഘോഷങ്ങള്‍ നടത്തുമ്പോഴും മലയാളത്തില്‍ മലയാളികളോട് സംസാരിക്കുന്നതല്ലാതെ അതാത് സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന ജനതയോട് അതാത് ഭാഷകളില്‍ സംസാരിക്കുവാനും അവരിലേക്ക് ഗുരുദര്‍ശനത്തെ പകര്‍ന്ന് കൊടുക്കുവാനോ ശ്രദ്ധിക്കാത്തത് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ്. ശ്രീനാരായണ ദര്‍ശന പ്രചാരകരുടെ അഭാവം പരിഹരിക്കേണ്ടതും അനിവാര്യമാണ്.
ഗുരുദേവ ജയന്തി നാം ആഘോഷിക്കുമ്പോള്‍ ഗുരു നമുക്കോരോരുത്തര്‍ക്കും നല്‍കിയ സന്ദേശമെന്തെന്നും നമ്മുടെ മാതൃകാപുരുഷനായി എങ്ങനെയാണ് ഗുരുവിനെ കാണേണ്ടതെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അന്ധമായി നാം അനുകരിക്കുകയല്ല മറിച്ച് നമ്മുടെ ജീവിതത്തില്‍ നാം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാന്‍ ഗുരുവിന്റെ ജീവിതത്തില്‍ ഗുരു പ്രശ്‌നങ്ങളെ നേരിട്ടതും അതിജീവിച്ചതും മനസ്സിലാക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അത് കൂടുതല്‍ കരുത്ത് പകരും. പലപ്പോഴും നാം ഗുരുവിനെ മാതൃകയാക്കണമെന്ന് പറയുമ്പോള്‍ ഗുരുവിനെപ്പോലെ നമുക്ക് ആകാന്‍ പറ്റുമോ എന്ന മറുചോദ്യവും അതില്‍ നിന്നുള്ള ഒളിച്ചോട്ടവും ആണ് നടക്കുന്നത്. ഗുരു പ്രശ്‌നങ്ങളെ നേരിട്ടത് അറിവിന്റെ തലത്തിലാണ്. അപ്രകാരമായിരിക്കണമെന്ന് ഗുരു നമ്മോട് ഉപദേശിക്കുന്നു. എന്നാല്‍ നമ്മള്‍ അറിവിന് പകരം വികാരം ഉപയോഗിക്കുന്നു. ഫലമോ പരിപൂര്‍ണ്ണതകര്‍ച്ചയും. വികാരം എന്ന് പറയുമ്പോള്‍ കാമക്രോധ ലോഭ മോഹ മദ മാത്‌സര്യാദികളാണ്. അതിനെ നിയന്ത്രിക്കുന്നതിന് അടുക്കും ചിട്ടയുമുള്ള ജീവിതം ആവശ്യമാണ്. ഇന്ന് കുത്തഴിഞ്ഞ ജീവിതമാണ്. ഉള്ള സമാധാനവും കൂടി നഷ്ടപ്പെടുന്ന ജീവിതരീതി. എന്നാല്‍ 168 വര്‍ഷം മുമ്പ് കേരളത്തിന്റെ അവസ്ഥ വളരെ വിചിത്രമായിരുന്നു. ആഢ്യന്‍മാരെന്ന് വിചാരിച്ച് അഹങ്കാരത്തോടെ സ്വാര്‍ത്ഥമതികളായി ജീവിച്ചിരുന്ന കുറച്ച് മനുഷ്യകോലങ്ങള്‍, പഠിപ്പിന് അവകാശം നിഷേധിച്ച് പ്രാകൃതരായി, മൃഗങ്ങളേക്കാള്‍ മോശം അവസ്ഥയില്‍ കഴിഞ്ഞിരുന്ന മനുഷ്യക്കോലങ്ങളെ അടിമകളാക്കി വച്ച് സുഖിച്ചിരുന്നു.
പക്ഷെ വിദ്യാവിഹീനരായി ജീവിച്ചിരുന്നവരെ വിദ്യയിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ത്തി ഉയര്‍ത്തി ‘അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍ അവനിയിലാദിമമായൊരാത്മരൂപം’ കുടികൊള്ളുന്നത് കാണിച്ച് കൊടുക്കാന്‍ അവതാരമെടുത്ത പുണ്യദിനമാണ് ചിങ്ങമാസത്തിലെ ചതയം നാള്‍. മാനസികവും ഭൗതീകവുമായ അടിമത്വത്തില്‍ നിന്നും മാനവനെ ഉണര്‍ത്തിയ ആ മഹാത്മാവിന്റെ ജയന്തിയുടെ മാധുര്യം നുകരുവാനും ഈ സദ്‌വാര്‍ത്ത മാലോകരെ അറിയിക്കുവാനുമാണ് ഈ പിറക്കാത്ത ചൈതന്യത്തിന്റെ പിറന്നാള്‍ ആഘോഷം. ‘നാം ശരീരമല്ല അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിന് മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ച് കൊണ്ടേയിരിക്കും” എന്ന ഗുരുവാക്യം മനനം ചെയ്യുമ്പോഴാണ് പിറക്കാത്തതിന്റെ അര്‍ത്ഥവ്യാപ്തി മനസിലാകുകയുള്ളു. അദ്വൈതവേദാന്തപ്രകാരം ജനനമരണങ്ങളെല്ലാം കാലദേശത്തിനകത്താണ്. കാലദേശങ്ങള്‍ ഏതിലാണോ നിലനില്‍ക്കുന്നത് അതാണ് ചൈതന്യം, ദൈവം, പരംപൊരുള്‍, പരബ്രഹ്മം എന്നൊക്കെ പറയുന്നത്. ഈ അര്‍ത്ഥത്തിലാണ് ഗുരു ദൈവമെന്ന് പറയുന്നത്.
എപ്പോഴാണോ ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുന്നത് അപ്പോഴൊക്കെ ഈ ചൈതന്യം അവതരിക്കും. നൂറ് കണക്കിന് വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ ചെയ്തിട്ട് തിരിച്ച് പോകും. ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതുപോലുള്ള എത്രയോ മഹാത്മാക്കളുടെ രൂപത്തില്‍ ഈ ചൈതന്യം അവതരിച്ചിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളും ദര്‍ശനവും സാധാരണ ജനങ്ങള്‍ മനസ്സിലാക്കി വരുമ്പോഴേക്കും ജന്മങ്ങള്‍ പലതും കഴിഞ്ഞിരിക്കും. ”നേരിട്ട് കണ്ടവരാരും അങ്ങേ നേരായറിഞ്ഞില്ല തന്നെ” എന്ന കവി വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. മനുഷ്യത്വത്തിന് ഇത്രയും ശാസ്ത്രീയ കാഴ്ചപ്പാട് നവയുഗത്തിന് കല്പിച്ച മറ്റൊരു ഗുരുവിനെ നമുക്ക് കാണാന്‍ കഴിയില്ല. ‘മനുഷ്യാണാം മനുഷ്യത്വം’ മനുഷ്യന് മനുഷ്യത്വമാണ് വേണ്ടത് എന്ന അന്ന് പറഞ്ഞപ്പോഴുണ്ടായ അവസ്ഥയേക്കാളും എത്രയോ ആവശ്യമാണ് ആ അറിവ് ഇന്ന് എന്ന് നാം ചിന്തിക്കുന്നുവോ? തിരിച്ചറിയുന്നുവോ? തമോഗുണത്തിലും രജോഗുണത്തിലും മനുഷ്യമനസ് ആണ്ട് പോകുമ്പോള്‍ അവനില്‍ നഷ്ടമാകുന്നത് അവന്റെ നവം നവങ്ങളായ ചിന്തയാണ്. ‘ബുദ്ധേ:വൈകല്യജനകം മദ്യം’ എന്ന് ഗുരു പറഞ്ഞതും ഈ അപകടം മുന്‍കൂട്ടി കണ്ടതുകൊണ്ടാണ്. പക്ഷെ തമസിന്റെ ആധിക്യം കൂടി നില്‍ക്കുന്നത് കൊണ്ട് അത് മനസ്സിലാക്കാനോ അതില്‍ നിന്ന് കരകയറുവാനോ സാദ്ധ്യമല്ലാത്ത തലത്തിലേയ്ക്ക് ആ വ്യക്തി കൂപ്പ്കുത്തുന്നു.
കഷ്ടം ദീനം പിടിച്ചും മദിരയതു കുടിച്ചും ചാത്തനേയും മറ്റ് ക്ഷുദ്രദൈവങ്ങളേയും ആരാധിച്ച് ജന്മം പാഴാക്കി കളഞ്ഞ ഒരു വലിയ ജനസഞ്ചയം. അവരുടെ പരിതാപകരമായ അവസ്ഥ ഇവിടെ, അതേ സമയത്ത് ലോകം മുഴുവനും ഇതേ പോലെ ദൈവത്തിന്റേയും മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പേരില്‍ കലഹിച്ച് ജീവിതം പാഴാക്കുന്നവരുടെയും ജീവിതം കണ്ടിട്ടാണ് സ്പഷ്ടം നിലാവങ്ങ് നീങ്ങി ദിനകരനുദയം ചെയ്തിട്ടും നശ്വരമായ ഈ ശരീരത്തെ സ്വന്തം തപശക്തികൊണ്ട് തട്ടി തട്ടി പരവെളിയിലാക്കുവാന്‍ പിന്നെയാകട്ടെയെന്ന് നിശ്ചയിച്ച് കൊണ്ട്, ആശാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആയുസും വപുസും ആത്മതപസും പീഡിതര്‍ക്ക് വേണ്ടി ബലി അര്‍പ്പിച്ചത്. ഇതൊരിക്കലും നാം മറന്നുകൂടാ, ആഘോഷങ്ങള്‍, പീഡകള്‍ മറക്കാന്‍ വേണ്ടിയാണെങ്കിലും നമുക്ക് വേണ്ടി ത്യാഗം ചെയ്തവരുടെ പ്രവര്‍ത്തികള്‍ ഒരിക്കലും മറന്ന് കൊണ്ട് ആഘോഷിക്കരുത്. ഇന്ന് നടക്കുന്നത് അതാണ്.
നാം തമോഗുണത്തില്‍ നിന്നും ഉണര്‍ന്നേ പറ്റൂ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മനുഷ്യജന്മം ഇനി എന്ന് ലഭിക്കുമെന്നറിഞ്ഞുകൂടാ. 135 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമസില്‍ നിന്നും ഉണരാന്‍ ആ കാരുണ്യമൂര്‍ത്തി ആജ്ഞാപിച്ചത്. ഈ തിരുഅവതാര ദിനത്തിലെങ്കിലും ഭഗവാന്റെ വാണികള്‍ നമുക്ക് കൂടുതല്‍ ഊര്‍ജ്ജവും തേജസ്വം ഉള്‍ക്കരുത്തും ആര്‍ജ്ജിക്കാന്‍ ശ്രമിക്കാം. നമുക്ക് ഉള്‍ക്കരുത്ത് പകരുന്ന ഒരു യാഥാര്‍ത്ഥ്യം ഗുരുവിന്റെ ജനനവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഗുരു ജനിച്ച സമയത്ത് കരഞ്ഞിട്ടില്ല എന്നത് നമ്മെയും ശാസ്ത്രത്തെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. അതിന്റെ കാരണം ഋഷിമാര്‍ പറയുന്നത് ഗര്‍ഭസ്ഥശിശുവിന് തന്റെ പൂര്‍വ്വജന്മങ്ങളെക്കുറിച്ചുള്ള സ്മരണ പൂര്‍ണ്ണമായും ഉണ്ടാകും എന്നാണ്. അതുകൊണ്ട് ഇനി ഒരു ജന്മം വേണ്ടായെന്ന് ഈ ഗര്‍ഭാവസ്ഥയിലെ കഷ്ടപ്പാടുകള്‍ കണ്ടിട്ട് ആ ജീവന്‍ തീരുമാനിക്കും. എന്നാല്‍ പ്രസവത്തോട് കൂടി മായ ഈ ജീവനെ പൊതിയുന്നു. അപ്പോള്‍ ഉണ്ടാകുന്ന ഷോക്കാണ് കുഞ്ഞുങ്ങള്‍ കരയാന്‍ കാരണമെന്ന് അവരുടെ അഭിപ്രായം. ഇവിടെ ഗുരു കരയാതിരുന്നത് ആ മായയേയും അധീനമാക്കി വച്ചിരിക്കുന്ന ചൈതന്യത്തെ എങ്ങനെ മായ പിടിക്കും. തന്റെ സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ചാണ് ജന്മം എടുത്തിരിക്കുന്നത്. ആ തിരിച്ചറിവാണ് ഗുരു ജനനസമയത്ത് കരയാതിരുന്നത്. ഒരുപക്ഷേ നമ്മുടെ ഭൗതിക ലോകത്തെ കാഴ്ചപ്പാടിലും യുക്തിയിലും ഇത് അത്ര വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം. പക്ഷെ നാം സാധനയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് സൂക്ഷ്മതലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റുന്നത്.
ഇപ്രകാരം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് സംഹരിച്ച് പോരുന്ന ആ അദൃശ്യശക്തി മനുഷ്യരൂപമെടുത്ത് ഈ മാനവരാശിയുടെ സമഗ്രമായ ഉയര്‍ച്ചയ്ക്കും സമാധാനത്തിനും വേണ്ടി അവതരിച്ച ഈ പുണ്യദിനംനമ്മള്‍ക്ക്, പ്രത്യേകിച്ച് മാനസികമായി അടിച്ചമര്‍ത്തപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന് ലഭിച്ച അപൂര്‍വ വരദാനമാണ്. ഭൗതികതയുടെ അതിപ്രസരത്തില്‍ ആധുനികശാസ്ത്രം മാത്രമാണ് ശരിയെന്ന് അഭിമാനിക്കുന്ന ഭാഗികമായി മാത്രം വസ്തുതകളെ വിലയിരുത്തുന്നവരോട് എന്ത് പറയാന്‍? ഭൗതിക ജീവിതം സമാധാന പൂര്‍ണ്ണമാകാന്‍ ആദ്ധ്യാത്മിക അടിത്തറ അനിവാര്യമാണെന്ന ഉത്തമബോധ്യം കുഞ്ഞുങ്ങളിലേയ്ക്ക് പകര്‍ന്ന് കൊടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അവര്‍ക്ക് ആ രീതിയിലുള്ള ഉള്‍ക്കാഴ്ച ലഭിക്കുന്ന വിദ്യാഭ്യാസം ഉണ്ടാകണം. ശ്രീനാരായണഗുരുദേവന്റെ കാഴ്ചപ്പാടില്‍ ഒരു കുഞ്ഞിന്റെ സംസ്‌കാരം രുപപ്പെടേണ്ടതും രൂപപ്പെടുത്തേണ്ടതും ഗര്‍ഭാവസ്ഥയിലായിരിക്കണം. ഗുരുജയന്തി നമ്മള്‍ക്ക് ഇങ്ങനെ ഒരു ആര്‍ഷസംസ്‌കാരത്തെ ഓര്‍മ്മപ്പെടുത്തി. ഓരോരുത്തരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ആ ദിവ്യത്വത്തെ തിരിച്ചറിഞ്ഞ് സ്വയം കൃതകൃത്യരാകുവാനും തദ്വാര കുടുംബത്തിലേയും ചുറ്റുപാടുള്ളവരിലേക്കും ലോകത്തിലേക്കും ഈ മഹിത സന്ദേശം പകരുവാനും ഇടവരുത്തിയാല്‍ ഒരുപക്ഷേ മഹാന്മാരുടെ ജന്മദിനങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകും. അപ്പോള്‍ മാത്രമാണ് സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനം നിര്‍മ്മിക്കാന്‍ നമുക്കാകൂ. അപ്പോള്‍ മാത്രമേ ഗുരുവിന്റെ അവതാരകൃത്യം പൂര്‍ണ്ണമാകൂ. അതിന് നമ്മള്‍ക്ക് ഗുരു നില്‍കിയ അവസരത്തെ പാഴാക്കാതെ ഉപയോഗിക്കാന്‍ ശ്രമിക്കാം. നല്ലൊരു നാളേയക്കുവേണ്ടി.. അല്ല നല്ലൊരു ഇന്നിന് വേണ്ടി പ്രാര്‍ത്ഥനയോടെ…