ഗുരുവിന്റെ പ്രസ്ഥാനത്രയം

ഉപനിഷത്ത് കാലം മുതല്‍ വളര്‍ന്നു വന്ന വിവിധ സമ്പ്രദായങ്ങളുടെ താത്ത്വികവും പ്രായോഗികവുമായ രീതികളുടെ ചേരുവകള്‍ ഗുരുസാഗരത്തില്‍ കണ്ടെത്താനാവുമെന്നതിനാല്‍ എല്ലാവിധ ഭേദഭാവനകള്‍ക്കും അതീതമായി ഗുരുദേവനെ അറിയാനും പഠിക്കാനുമുള്ള പല തരത്തിലുള്ള പരിശ്രമങ്ങള്‍ നടക്കുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ പ്രസ്ഥാനത്രയമെന്ന ആഖ്യാനത്തെ ഗുരു എങ്ങനെയാണ് കണ്ടിരുന്നത് എന്ന അന്വേഷണം ഏറെ പ്രാധാന്യമുള്ളതാണ്.

പ്രസ്ഥാനത്രയത്തിന് ഭാഷ്യം എഴുതിക്കൊണ്ടാണല്ലോ ഭാരതത്തിലെ പ്രമുഖമായ വേദാന്ത ദര്‍ശന പദ്ധതികളേറെയും വളര്‍ന്നു വന്നിട്ടുള്ളത്.

ശ്രുതിപ്രസ്ഥാനം, സ്മൃതി പ്രസ്ഥാനം, സൂത്രപ്രസ്ഥാനം അഥവാ യുക്തി പ്രസ്ഥാനം എന്നിങ്ങനെ മൂന്നാണ് പ്രസ്ഥാനങ്ങള്‍ . വേദാന്തമെന്ന് പേരുള്ള ഉപനിഷത്തുക്കള്‍ ശ്രുതി പ്രസ്ഥാനത്തിനും, ഉപനിഷത്ത് സാരം കൂടിയായ ഭഗവത്ഗീത സ്മൃതി പ്രസ്ഥാനത്തിനും , ബാദരായണ വ്യാസന്‍ സൂത്രരൂപത്തിലെഴുതിയ ബ്രഹ്മസൂത്രം യുക്തി പ്രസ്ഥാനത്തിനും പ്രമാണഗ്രന്ഥങ്ങളായി നിലനില്‍ക്കുന്നു.

ശൈവം, ശാക്തേയം, വൈഷ്ണവം എന്നിങ്ങനെയുള്ള ആഗമദര്‍ശനങ്ങളോ , ബൗദ്ധം, ജൈനം , വൈശേഷികം, ന്യായം, യോഗം, സാംഖ്യം തുടങ്ങിയ മറ്റു ദര്‍ശനങ്ങളോ വളര്‍ന്നതും വികസിച്ചതും ഇങ്ങനെയല്ല എന്ന് കൂടി ആദ്യമേ സൂചിപ്പിക്കട്ടെ. അതായത് ഇവയുടെ ആഖ്യാനരീതി വേദാന്തത്തിന്റെതുപോലെയല്ലാ എന്നര്‍ത്ഥം. എന്നാലിവയുടെ ജ്ഞാന സ്രോതസ്സ് വേദാന്തദര്‍ശനം ഉള്‍ക്കൊള്ളുന്നതാണ്. കാരണം അറിവിന്റെ പൂര്‍ണതയാണ് വേദാന്തം.

ഏവര്‍ക്കും അറിയാവുന്നതുപോലെ ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത് ,കഠോപനിഷത്ത് എന്നിങ്ങനെയുള്ള പത്ത് ഉപനിഷത്തുകള്‍ക്കും , ഭഗവത് ഗീതയ്ക്കും, ബ്രഹ്മസൂത്രത്തിനും അതിവിശാലമായ ഭാഷ്യം രചിച്ചാണ് ശ്രീശങ്കരാചാര്യ സ്വാമികള്‍ അദ്വൈത സിദ്ധാന്തത്തെ ചിട്ടപ്പെടുത്തുന്നത്. ഇതുപോലെയാണ് മധ്വാചാര്യര്‍ ദ്വൈതദര്‍ശനവും, രാമാനുജാചാര്യര്‍ വിശിഷ്ടാദ്വൈതവും, നിംബാര്‍ക്കാചാര്യര്‍ ദ്വൈതാദ്വൈതവും, വല്ലഭാചാര്യര്‍ ശുദ്ധാദ്വൈതവും, ഭാസ്‌കരാചാര്യര്‍ ഭേദാഭേദദര്‍ശനവും രൂപപ്പെടുത്തിയത്. ഈ ദാര്‍ശനിക പദ്ധതികളിലെ ഭാഷ്യങ്ങള്‍ക്കെല്ലാം പില്‍ക്കാലത്ത് ഒട്ടേറെ വ്യാഖ്യാനങ്ങളും പഠനങ്ങളും വാദങ്ങളും മറുവാദങ്ങളും ഉണ്ടായിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇതിലേറേയും ബുദ്ധിപരമായ വ്യായാമങ്ങളായി മാറിയ കാഴ്ചയായാണ് പിന്നീട് കണ്ടത്.

മാത്രമല്ല തേച്ചു മിനുക്കിയ വാക്കുകള്‍ പരസ്പരം വലിച്ചെറിഞ്ഞ് വാദിക്കാനും ജയിക്കാനുമുള്ള കളിയായി വേദാന്ത വിജ്ഞാനത്തെ പണ്ഡിതന്മാരെന്ന് പറയുന്നവര്‍ മാറ്റിയപ്പോഴാണ് ആ വഴിയില്‍ നിന്ന് മാറി സഞ്ചരിച്ച് ശരിയായ ജീവിതാനുഭവങ്ങളെ ചൂണ്ടിക്കാട്ടാന്‍ ചില ആധ്യാത്മിക പ്രഭാവമുള്ള മഹാപുരുഷന്മാര്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ പിറവിയെടുത്തത്. സര്‍വധര്‍മ്മങ്ങളെയും സ്വാംശീകരിച്ച് ധര്‍മ്മസംസ്ഥാപനത്തിനായ് അവതരിച്ച ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനായ വിവേകാനന്ദ സ്വാമികളും, ഏകലോകദര്‍ശനമെന്ന മാര്‍ഗത്തിലൂടെ മാനവലോകത്തിന് മാര്‍ഗദര്‍ശനമേകിയ ശ്രീനാരായണ ഗുരുദേവനും ആ പരമ്പരയിലെ തിളക്കമാര്‍ന്ന കണ്ണികളാണ്. മനസിന്റെ തലത്തില്‍ നിന്നും മനനാതീതത്തിന്റെ തലത്തില്‍ ചുവടുറപ്പിച്ചുകൊണ്ട് ജനപക്ഷത്തു നിന്നുള്ള ഹൃദയസംവാദങ്ങള്‍ നടത്തുന്നതിനായിരുന്നു ഇത്തരം ആചാര്യന്മാര്‍ പ്രാധാന്യം നല്‍കിയിരുന്നത്. ഭാരതത്തിലുടനീളവും ലോകത്തിലെ പല രാജ്യങ്ങളില്‍ യാത്രകള്‍ നടത്തി പ്രഭാഷണങ്ങളും , പഠനപാഠനങ്ങളും, കത്തെഴുത്തുമെല്ലാം നടത്തി വേദാന്തത്തെ മനുഷ്യ സാധ്യതയുടെ ശാസ്ത്രമാക്കി വിവേകാനന്ദ സ്വാമികള്‍ അവതരിപ്പിച്ചു.

ഇതിന്റെയടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സേവന കേന്ദ്രങ്ങളും നാടിന്റെ പലഭാഗങ്ങളിലും തുടങ്ങുകയും ചെയ്തു. പലകാലങ്ങളിലായി അടിഞ്ഞു കൂടിയ സാമൂഹിക തിന്മകളെ ഇല്ലായ്മ ചെയ്യാനും ദരിദ്രനാരായണന് മുന്നേറാനുമായി സ്വാമിജി മുന്നോട്ട് വെച്ച വിജ്ഞാനമാണല്ലോ പില്‍ക്കാലത്ത് പ്രായോഗിക വേദാന്തമെന്ന പേരില്‍ പ്രസിദ്ധമായത്.

ഗുരുവാകട്ടെ ഭൂതകാലത്തിന്റെ നന്മകളെ ഹൃദയത്തിലാവാഹിച്ച് പുതിയ കാലത്തിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടാനുള്ള മാര്‍ഗരേഖയായാണ് വേദാഗമസാരങ്ങളെ അവതരിപ്പിച്ചത്. അതും പ്രായോഗിക വേദാന്തമെന്ന നിലയില്‍ തന്നെയാണ് വിലയിരുത്തിയിട്ടുള്ളത്.

ഗുരുവാകട്ടെ ഭൂതകാലത്തിന്റെ നന്മകളെ ഹൃദയത്തിലാവാഹിച്ച് പുതിയ കാലത്തിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടാനുള്ള മാര്‍ഗരേഖയായാണ് വേദാഗമസാരങ്ങളെ അവതരിപ്പിച്ചത്. അതും പ്രായോഗിക വേദാന്തമെന്ന നിലയില്‍ തന്നെയാണ് വിലയിരുത്തിയിട്ടുള്ളത്. ഉപനിഷത്ത് കാലം മുതല്‍ വളര്‍ന്നു വന്ന വിവിധ സമ്പ്രദായങ്ങളുടെ താത്ത്വികവും പ്രായോഗികവുമായ രീതികളുടെ ചേരുവകള്‍ ഗുരുസാഗരത്തില്‍ കണ്ടെത്താനാവുമെന്നതിനാല്‍ എല്ലാവിധ ഭേദഭാവനകള്‍ക്കും അതീതമായി ഗുരുദേവനെ അറിയാനും പഠിക്കാനുമുള്ള പല തരത്തിലുള്ള പരിശ്രമങ്ങള്‍ നടക്കുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ പ്രസ്ഥാനത്രയമെന്ന ആഖ്യാനത്തെ ഗുരു എങ്ങനെയാണ് കണ്ടിരുന്നത് എന്ന അന്വേഷണം ഏറെ പ്രാധാന്യമുള്ളതാണ്.

പ്രസ്ഥാനത്രയം.

മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ എഴുതിയിട്ടുള്ള ഗുരുവിന്റെ ജ്ഞാന വാങ്മയത്തിലൂടെ കടന്നു പോയാല്‍ മൂന്ന് പ്രസ്ഥാനങ്ങളും സമന്വയിക്കുന്ന രചനകള്‍ കാണാനാകും . ഇത് ഒരു പക്ഷെ മറ്റു ദാര്‍ശനികരില്‍ നിന്നും ഗുരുവിനെ വേറിട്ട് നിറുത്തുന്ന സവിശേഷതകളില്‍ ഒന്നാണ് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. പ്രസ്ഥാനത്രയങ്ങള്‍ക്ക് ഭാഷ്യമെഴുതാതെ സ്വയം പ്രസ്ഥാനത്രയം രചിക്കുകയെന്നത് അപൂര്‍വമായൊരു കാര്യമാണ്. ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപത്തെ കരസ്ഥമാക്കുവാന്‍ ഉപനിഷദുക്തി രഹസ്യമോര്‍ത്തിടേണമെന്ന് ഉപദേശിച്ച ഗുരു ഉപനിഷത്തുക്കള്‍ക്ക് ഭാഷ്യമെഴുതിയില്ല, എന്നാല്‍ ഈശാവാസ്യം എന്ന ഉപനിഷത്ത് നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇതുപോലെ ഭഗവത് ഗീതയ്ക്ക് ഭാഷ്യം രചിക്കാതെ ഗീതാരഹസ്യമായ ജ്ഞാന കര്‍മ്മ ഭക്തി യോഗങ്ങളുടെ പൊരുളെന്താണെന്നും ഉപദേശിച്ചു. വിശേഷിച്ച് ദര്‍ശനമാലയില്‍. ബ്രഹ്മസൂത്രത്തിന് ഭാഷ്യം രചിക്കാതെ സൂത്രരൂപത്തില്‍ ബ്രഹ്മവിദ്യ പ്രതിപാദിച്ച് നമ്മെ അനുഗ്രഹിക്കുന്നതിനും തൃപ്പാദങ്ങള്‍ മറന്നില്ല. അതിനുദാഹരണമാണ് ബ്രഹ്മവിദ്യ പഞ്ചകവും വേദാന്ത സൂത്രവും. വിവേകചൂഡാമണിയെന്ന കൃതിയില്‍ 585 ശ്‌ളോകങ്ങളിലായി വിസ്തരിച്ച് പ്രതിപാദിക്കുന്ന വേദാന്ത വിജ്ഞാനത്തെ കേവലം അഞ്ച് ശ്‌ളോകങ്ങളിലാക്കി ആറ്റിക്കുറുക്കി ബ്രഹ്മവിദ്യാ പഞ്ചകത്തില്‍ അവതരിപ്പിയ്ക്കുന്നത് എത്രയും സൂക്ഷ്മതയോടെയും അവധാനതയോടെയുമാണെന്ന് ഈ രണ്ടു കൃതികളും ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും. അതില്‍ ഒടുവിലത്തെ പദ്യത്തില്‍ തത്ത്വമസി( സാമവേദം), അഹം ബ്രഹ്മാസ്മി(യജുര്‍വേദം), അയമാത്മാബ്രഹ്മ(അഥര്‍വ വേദം), പ്രജ്ഞാനം ബ്രഹ്മ(ഋഗ്വേദം) എന്നീനാല് മഹാവാക്യങ്ങളെയും പ്രാരാബ്ധ,സഞ്ചിത, ആഗാമികര്‍മ്മങ്ങളെയും എങ്ങനെയാണ് അവതരിപ്പിച്ചത് എന്ന് ഉദാഹരണത്തിന് നോക്കാം.
പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
ബ്രഹ്മായമാത്മേതി സം-
ഗായന്‍ വിപ്രചര പ്രശാന്തമനസാ
ത്വം ബ്രഹ്മബോധോദയാത്
പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ-
ഗ്രാമി ക്വ കര്‍മാപ്യസത്
ത്വയ്യദ്ധ്യസ്തമതോഖിലം ത്വമസി
സച്ചിന്മാത്രമേകം വിഭു:.

ഇങ്ങനെ ഭാഷയെ കൈയൊതുക്കത്തോടെ പ്രയോഗിക്കുന്നതില്‍ കാണിച്ചിരിക്കുന്ന അസാധാരണത്വം വാഗര്‍ഥപ്രതിപത്തി നേടിയ ഗുരുദേവന്റെ മറ്റ് കൃതികളിലും കാണാനാകും.വിശേഷിച്ച് സ്വാനുഭവഗീതി, അറിവ്, വിശാഖഷഷ്ഠി, ബാഹുലേയാഷ്ടകം, കാളീ നാടകം, നവമഞ്ജരീ, നവരത്‌നമഞ്ജരീ, ഷാണ്‍മാതുരസ്‌തോത്രം തുടങ്ങിയ കൃതികളില്‍. ഇവിടെ പ്രസ്ഥാനത്രയ വിചാരത്തിനിണങ്ങുന്ന രചനകളേതെന്ന് നോക്കാം.

ശ്രുതി പ്രസ്ഥാനം

ശ്രുതിപ്രസ്ഥാനമെന്ന് പറയാവുന്ന കൃതിയാണ് മലയാള ഭാഷയില്‍ എഴുതിയിട്ടുള്ള ആത്മോപദേശശതകം . സ്മൃതി പ്രസ്ഥാനവുമായി ഇണങ്ങുന്നതാണ് ദര്‍ശനമാല. ഇരുപത്തിനാല് സൂത്രങ്ങളുള്ള വേദാന്തസൂത്രത്തെ യുക്തി പ്രസ്ഥാനത്തിനും ഉദാഹരണമായി പറയാം. എന്താണ് ഈ പ്രസ്ഥാനങ്ങളെ വേറിട്ട് നിറുത്തുന്ന ഘടകങ്ങള്‍? എങ്ങനെയാണ് ഈ കൃതികള്‍ ശ്രുതി സ്മൃതി യുക്തി എന്ന പദ്ധതികളുമായി സമന്വയിച്ച് നില്‍ക്കുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുമ്പോഴാണ് പ്രസ്ഥാനത്രയത്തിന്റെ പ്രണേതാവായ ഗുരുവിനെ നാം പ്രണമിച്ചു പോകുന്നത്
ശ്രുതിയെന്നാല്‍ കേള്‍ക്കുന്നത് എന്നും
(ശ്രൂയതേ ഇതി ശ്രുതി: , ) സ്മൃതിയെന്നാല്‍ സ്മരിക്കുന്നത് എന്നും, യുക്തിയെന്നാല്‍ യോജിക്കുന്നത് എന്നുമാണ് സൂക്ഷ്മമായി അര്‍ഥം പറയാവുന്നത്. രണ്ടു തരത്തിലുള്ള ശബ്ദങ്ങള്‍ ഒരുവന് കേള്‍ക്കാന്‍ കഴിയും. ഒന്ന് ബാഹ്യമായതാണെങ്കില്‍ മറ്റൊന്ന് ആന്തരികമാണ്. ബാഹ്യശബ്ദത്തില്‍ ആന്തരികമായ ശബ്ദത്തെ ശ്രവിക്കുന്നവരാണ് ശ്രുതിസമ്പന്നര്‍. മൗനനിലയായ് മുഴങ്ങുന്ന മൊഴിയെ കേള്‍ക്കുന്ന ഇത്തരം മഹാത്മാക്കളെ അനുഭവശാലികള്‍ എന്നാണ് ദേവീസ്തവം എന്ന കൃതിയില്‍ ഗുരുദേവന്‍ വിശേഷിപ്പിച്ചത്. പരാ പശ്യന്തി മധ്യമാ, വൈഖരീ എന്നിങ്ങനെ നാലവസ്ഥകളുണ്ട് ശബ്ദത്തിന്. വൈഖരീ ശബ്ദം നാമെല്ലാവരും കേള്‍ക്കുന്നതാണ്. എന്നാല്‍ പര സൂക്ഷമമാണ്. പരംപൊരുളാണത്.

നാഗമ്പടത്തെ തേൻമാവ്

ഈ പരയുടെ പാല് നുകര്‍ന്ന ഭാഗ്യവാന്മാരുടെ അനുഭവത്തെ ഉപദേശിച്ചിട്ടുള്ളതാണ് ഉപനിഷത്തുകള്‍. അതിനാല്‍ ശ്രുതി പ്രസ്ഥാനത്തെ ഉപദേശ പ്രസ്ഥാനമെന്നും പറയുന്നു. ഭര്‍ത്തൃഹരി എന്ന ആചാര്യന്‍ വാക്യപദീയമെന്ന കൃതിയില്‍ ജഗത്തിന്റെ ഉല്‍പ്പത്തിക്ക് കാരണമായ ആദിമധ്യാവസാനമില്ലാത്തതും അക്ഷരസ്വരൂപവുമായ ശബ്ദബ്രഹ്മത്തെ വിശദമാക്കുന്നുണ്ട്.

ഈ ശബ്ദത്തെ കേള്‍ക്കാനും അകക്കണ്ണ് തുറക്കാനും യതിവര്യനായി തീരണം. ഈ അനുഭവത്തെ ആത്മോപദേശശതകത്തില്‍ ഗുരു ഇങ്ങനെ കുറച്ചു.

അധികവിശാലമരുപ്രദേശമൊന്നായ്
നദിപെരുകുന്നതു പോലെ വന്നു നാദം
ശ്രുതികളില്‍ വീണുതുറക്കുമക്ഷിയെന്നും
യതമയിലും യതിവര്യനായിടേണം.
അറിവുമറിഞ്ഞിടുമര്‍ഥവും പുമാന്‍ത

ന്നറിവുമൊരാദി മഹസുമാത്രമാണെന്ന് ബോധ്യത്തോടെ അപരനുവേണ്ടി അഹര്‍നിശം കൃപണത വിട്ട് പ്രയത്‌നം ചെയ്യുന്ന കൃപാലുവിന്റെ അനുഭവങ്ങളുടെ നേര്‍സാക്ഷ്യം അവതരിപ്പിച്ചിട്ടുള്ള ആത്മോപദേശശതകം ശ്രുതിയാണെന്നതിന് ആ കൃതി തന്നെ പ്രമാണം. അതിലെ നൂറു ശ്‌ളോകങ്ങളെ നൂറു ധ്യാനങ്ങളായി ഗുരു നിത്യചൈതന്യയതി പ്രതിപാദിച്ചത് ഇക്കാരണത്താലാണ്. അറിവിലുമേറിയറിഞ്ഞിടുന്നവനെ കണ്ണുകളഞ്ചുമുള്ളടക്കി വീണുവണങ്ങി അജ്ഞാനമാകുന്ന ആവരണം ഒഴിഞ്ഞ് അറിവും അഹവും ഒന്നെന്നനുഭവിച്ച് സത്തും ചിത്തും ആനന്ദവുമായി മാറിയ സുകൃതിയുടെ ആത്മാവിനെ കുറിച്ചുള്ള ഉപദേശങ്ങള്‍ ശ്രുതിയാണെന്ന കാര്യം ഇതിലൂടെ കടന്നുപോയവരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

സ്മൃതി പ്രസ്ഥാനം .

സ്മര്യതേ വേദധര്‍മ്മ: അനയാ ഇതി സ്മൃതി: എന്നും, മുനിപ്രണീതം വാക്യരൂപം എന്നുമാണ് സ്മൃതി ശബ്ദത്തിന് നല്‍കിയിട്ടുള്ള സംക്ഷിപ്തമായ നിര്‍വചനം. തരുവിനടിക്ക് തപസുചെയ്യുന്ന മുനി ജനങ്ങളുടെ ഉള്ളുണര്‍ന്ന ദര്‍ശനാനുഭവങ്ങളെ സ്മരിച്ചും അവയെ സംഗ്രഹിച്ചും ചിന്തിപ്പിച്ചും യുക്തമായത് സ്വബുദ്ധിക്കനുസരിച്ച് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയാണ് പൊതുവെ സ്മൃതികള്‍ പിന്തുടര്‍ന്നത്. വ്യോമിശ്രേണൈവ വാക്യേന ബുദ്ധിം മോഹയസീവ മേ , തദേകം വദ നിശ്ചിത്യ എന്നിങ്ങനെ പരാതി പെടുന്ന ശിഷ്യനോട് കര്‍മ്മം, ജ്ഞാനം, ഭക്തി, സാംഖ്യം, യോഗം, തുടങ്ങിയ വിഷയങ്ങള്‍ സംഗ്രഹിച്ച് പറഞ്ഞ് അവയെല്ലാം ഒന്നിലേക്ക് നയിക്കുന്നവയാണ്. ഇനി ഇത് വിവേചിച്ച് മനസിലാക്കി യഥേഛസി തഥാ കുരു എന്ന് പ്രേരിപ്പിക്കുന്നതായതിനാല്‍ ഭഗവത്ഗീത സ്മൃതി പ്രസ്ഥാനത്തിന്റെ ആധികാരിക ഗ്രന്ഥമായി കരുതുന്നു.

അരുവിപ്പുറം ക്ഷേത്രം

ഇവിടെ ദര്‍ശനമാല എങ്ങനെയാണ് സ്മൃതി പ്രസ്ഥാനത്തിന് ഉദാഹരണമാകുന്നത് എന്ന ചോദ്യം പ്രസക്തമാണ് .ഈ കൃതിയിലെ പ്രതിപാദ്യവിഷയമായ അധ്യാരോപ, അപവാദ, അസത്യ, മായാ, ഭാന,കര്‍മ്മ, ജ്ഞാന, ഭക്തി, യോഗ, നിര്‍വാണ ദര്‍ശനങ്ങളോരോന്നും പരമമായ സത്യത്തെ തിരിച്ചറിയാന്‍ സത്യദര്‍ശികള്‍ പലകാലങ്ങളിലും അവലംബിച്ചിട്ടുള്ള രീതികളാണ്. അവയോരോന്നും ആദരപൂര്‍വ്വം സ്മരിച്ചും സ്വബോധ്യത്തെ കൂട്ടിച്ചേര്‍ത്തു കൊണ്ടുമാണ് ദര്‍ശനമാലയില്‍ വിഷയങ്ങള്‍ ഓരോന്നും നിരത്തി വെച്ചിരിക്കുന്നത്. സത്തിനെ അറിയാന്‍ അതിലെ ഏതു മാര്‍ഗത്തിലൂടെ വേണമെങ്കിലും ആര്‍ക്കും കടന്നു പോകാം.

അഗ്‌നിയായ് ജ്വലിക്കുന്നതും, കാറ്റായി വീശുന്നതും,മേഘമായി വര്‍ഷിക്കുന്നതും ഭൂമിയായി ധരിക്കുന്നതും, പുഴയായി ഒഴുകുന്നതും ആത്മാവ്, ചൈതന്യം, ബ്രഹ്മം, എന്നൊക്കെ പറയുന്ന ഒരേ ഉണ്‍മയാണെന്ന പ്രത്യഭിജ്ഞാനം ഉണ്ടാകാനുള്ള വ്യത്യസ്തമായ വഴികളാണ് മാലയില്‍ കൊരുത്തിട്ടിരിക്കുന്ന മുത്തുകള്‍ പോലെ ദര്‍ശനങ്ങളുടെ മാലയായ ദര്‍ശനമാലയില്‍ ചേര്‍ത്ത് വെച്ചിരിക്കുന്നത്.

ഇങ്ങനെ നോക്കുമ്പോള്‍ വിവിധ കാലങ്ങളിലെ ഋഷിമാരുടെ ദര്‍ശനാനുഭവങ്ങളെ അനുസ്മരിക്കുകയാണ് ഇതിലൂടെ നിര്‍വഹിച്ചിരിക്കുന്നത് . അതല്ലാതെ ദര്‍ശനങ്ങളെന്ന പേരില്‍ പ്രസിദ്ധമായ വൈശേഷികം, ന്യായം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം, ബൗദ്ധം, എന്നിങ്ങനെയുള്ള ദര്‍ശനപദ്ധതികളെ പരിചയപ്പെടുത്തുന്നവയല്ല എന്ന് സാരം. എന്നാല്‍ മേല്‍പ്പറഞ്ഞ ദാര്‍ശനിക ചിന്താപദ്ധതികളില്‍ ചര്‍ച്ച ചെയ്തിട്ടുള്ള നിരവധി വിഷയങ്ങള്‍ ദര്‍ശനമാലയില്‍ പലസ്ഥലങ്ങളിലും കാണാനുമാകും. ഈ വസ്തുത മനസിലാക്കാതെ ചിലര്‍ ദര്‍ശനമാലയിലെ ചില ഭാഗങ്ങള്‍ അദ്വൈത വിചാരത്തിനിണങ്ങുന്നതല്ല. ശൈശവ സിദ്ധാന്തവുമായാണ് അല്ലെങ്കില്‍ ബുദ്ധദര്‍ശനവുമായാണ് കൂടുതല്‍ ഇണങ്ങുന്നത് എന്ന് അഭിപ്രായപ്പെടുന്നത്.

യുക്തി പ്രസ്ഥാനം.

ശ്രുതിയിലും സ്മൃതിയിലും പ്രതിപാദിക്കുന്ന വിഷയത്തെ യുക്തിയുക്തം സൂത്രഭാഷയില്‍ അവതരിപ്പിക്കുന്നതാണ് സൂത്രപ്രസ്ഥാനത്തിന്റെ രീതി. യുക്തിപൂര്‍വം പ്രതിപാദിക്കുന്നതിനാലാണ് യുക്തി പ്രസ്ഥാനമെന്നു പറയുന്നത്. ന്യായശാസ്ത്രമെന്നാണ് പൊതുവേ ഭാരതീയ വിജ്ഞാനത്തില്‍ യുക്തി എന്നതിന് പറയുന്നത് . കണാദമഹര്‍ഷി, ഗൗതമമഹര്‍ഷി, പ്രശസ്തപാദാചാര്യര്‍, ഉദയനാചാര്യര്‍, ജയന്തഭട്ടന്‍, ഗംഗേശോപാധ്യായന്‍ തുടങ്ങിയ മഹാമനീഷികള്‍ തലനാരിഴയ്ക്ക് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് സ്ഫുടം ചെയ്‌തെടുത്ത ന്യായ വൈദേശിക വിചാരങ്ങളാണ് എല്ലാ ശാസ്ത്രങ്ങളുടെയും , ദര്‍ശനങ്ങളുടെയും ആധാരമായി നില്‍ക്കുന്നത്. ഈ ശാസ്ത്രത്തില്‍ ഉപസ്ഥിതിയുള്ള വ്യക്തിക്ക് മാത്രമേ സൂത്രഭാഷയില്‍ വിഷയമവതരിപ്പിക്കാനാവൂ . യുക്തിയെന്ന വാക്കിനെ ഏറെ തെറ്റിദ്ധരിച്ചാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. ഇതുപോലെ

ശ്രുതിയെന്നാല്‍ ഋഗ്വേദം ,യജുര്‍വേദം, സാമവേദം ,അഥര്‍വ വേദം എന്നിങ്ങനെയുള്ള പുസ്തകങ്ങളാണെന്നും, സ്മൃതിയെന്നാല്‍ ഓരോ കാലഘട്ടങ്ങളിലായി എഴുതപ്പെട്ട സ്മൃതി ഗ്രന്ഥങ്ങളാണ് എന്നുമാണ് പൊതുവേ ഉള്ള ധാരണ . ഇങ്ങനെയാണ് പുസ്തക മനസുള്ള പണ്ഡിതന്മാര്‍ കൂടെ കൂടെ പറഞ്ഞിരുന്നത് ഇന്നും പറയുന്നതും. ഭാരതമെന്ന മഹാരാജ്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം ഇതാണ്. ജീവിതാനുഭവങ്ങളെ മാറ്റിനിര്‍ത്തി എന്തിനെയും പുസ്തകങ്ങളുമായി കൂട്ടിക്കെട്ടുന്ന അവിദ്യാസമ്പന്നര്‍ നമ്മുടെ നാട്ടില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതിന് കാരണമിതാണ്.

സൂത്രമെന്നാല്‍ ഏറ്റവും സംക്ഷിപ്തമായതും സാരവത്തുമായതെന്നും അര്‍ഥം. അതൊരിക്കലും ദീര്‍ഘമോ വിശദീകരിച്ചുള്ളതോ അല്ല. അണുസമാനമാണ്. ഒരു വലിയ വൃക്ഷത്തെ ഉള്‍ക്കൊള്ളുന്ന ചെറിയൊരു വിത്തുപോലെയാണത്. വിത്ത് മുളച്ച് തണ്ടും ഇലകളും കായ്ക്കളും, ഫലങ്ങളും, പൂക്കളുമായി വളര്‍ന്നു വരുന്നതുപോലെ വലിയ വിജ്ഞാനത്തെ വഹിക്കുന്നവയാണ് സൂത്രങ്ങള്‍. ഇങ്ങനെ അത്യന്തം സംക്ഷേപിച്ച് ചിട്ടപ്പെടുത്തിയ സൂത്രങ്ങളെ . വിസ്തരിക്കാനാണ് വൃത്തി, വാര്‍ത്തികം , ഭാഷ്യം എന്നിങ്ങനെയുള്ള വ്യാഖ്യാനരീതികള്‍ ഉണ്ടായത്.

അഥ എന്ന സവിശേഷമായ ശബ്ദത്തോടെയാണ് എല്ലാ ശാസ്ത്രങ്ങളിലേയും സൂത്രങ്ങള്‍ ആരംഭിക്കുന്നത്. അഥ യോഗാനുശാസനം, അഥ ശബ്ദാനുശാസനം, അഥാതോ ബ്രഹ്മജിജ്ഞാസ, ഇങ്ങനെയാണ് യോഗശാസ്ത്രവും , ശബ്ദശാസ്ത്രവും , വേദാന്ത ശാസ്ത്രവും ആരംഭിക്കുന്നത്.
ഒട്ടനവധി അര്‍ഥതലങ്ങളുള്ള അഥ എന്ന ശബ്ദത്തെ വ്യാഖ്യാനിക്കാന്‍ നിരവധി പേജുകളാണ് പലശാസ്ത്രങ്ങളിലും മാറ്റിവെച്ചിട്ടുള്ളത്. ഒരു ശാസ്ത്രത്തിന്റെ അഥവാ ദര്‍ശനത്തിന്റെ ഗതി നിശ്ചയിക്കുന്നത് മംഗളവാചകം കൂടിയായ ഈ ശബ്ദത്തിന്റെ നിര്‍വചനത്തിലാണിരിക്കുന്നത്.
അഥ യദാത്മനോ ജിജ്ഞാസു: എന്ന് തുടങ്ങി തസ്മാത് തസ്യ സത്വാച്ച എന്നിങ്ങനെയുള്ള ഇരുപത്തിനാല് സൂത്രങ്ങളടങ്ങിയ വേദാന്ത സൂത്രം അദ്വൈത ദര്‍ശനസാരത്തെ അങ്ങേയറ്റം സംക്ഷേപിച്ച് അവതരിപ്പിച്ചിരിക്കുന്ന കൃതിയാണ്. ‘ഗുരുവിന്റെ വേദാന്ത സൂത്രം ശുദ്ധമായ അദ്വൈത ദര്‍ശനത്തിന്റെ സാരമാണ്. അദ്വൈതിയായ ഒരു സത്യദര്‍ശിയായിട്ടാണ് ഗുരുവിനെ ഈ കൃതിയില്‍ കാണുന്നത്. ചിന്തയുടെ ന്യായശാസ്ത്രപരമായ കെട്ടുറപ്പിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഗുരു കാണിക്കുന്നില്ല’ – എന്ന വേദാന്തസൂത്രവ്യാഖ്യാതാവായ മുനി ഗുരു നാരായണ പ്രസാദിന്റെ നിരീക്ഷണം പ്രത്യേകം ശ്രദ്ധേയമാണ്. ഇതിലൂടെ ബാദരായണന്‍, ജൈമിനി, പതഞ്ജലി, കപിലന്‍, കണാദന്‍ തുടങ്ങിയ സൂത്രകാരന്മാരുടെ ഗണത്തിലാണ് ഗുരു സ്ഥാനം പിടിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അല്പാക്ഷരമസന്ദിഗ്ദ്ധം
സാരവദ്വിശതോമുഖം
അസ്‌തോഭമനവദ്യം ച
സൂത്രം സൂത്രവിദോ വിദു:.

എന്ന് സൂത്രലക്ഷണം കൂടുതല്‍ സമന്വയിച്ചിരിക്കുന്ന കൃതിയാണിത്.
ഇതിലെ പ്രതിപാദ്യം എന്തെന്ന് നോക്കിയാല്‍ എക്കാലത്തും ദാര്‍ശനികര്‍ ഉന്നയിച്ചിട്ടുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണെന്ന് കാണാം.

ആത്മാവ് എന്ത്? അനാത്മാവ് എന്നാലെന്ത്? എന്ന ജിജ്ഞാസയോടെ ഗുരുവിനെ സമീപിച്ച് തന്റെ സംശയം ചോദിക്കുന്ന ശിഷ്യനോട് ഞാനും നീയും ബ്രഹ്മാസ്വരൂപികളാണ് എന്ന് പറയുമ്പോള്‍ എന്താണ് ബ്രഹ്മത്തിന്റെ ലക്ഷണം? അതിന്റെ വിഭാഗങ്ങളേതൊക്കെ? ഏതെല്ലാം പേരുകളില്‍ അറിയപ്പെടുന്നു? ജഗത്തിന്റെ സ്ഥിതിയെന്താണ് ? ഇങ്ങനെയുള്ള കാതലായ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് സൂത്രരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ കൃതിയുടെ ഉള്ളടക്കമെന്ന് മനസിലാക്കാം. ആത്മോപദേശശതകം, അദ്വൈതദീപിക, ബ്രഹ്മവിദ്യാപഞ്ചകം, ദര്‍ശനമാല തുടങ്ങിയ പ്രകരണഗ്രന്ഥങ്ങളില്‍ വിസ്തരിച്ച് പ്രതിപാദിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സൂത്രരൂപത്തില്‍ ഇതില്‍ അടുക്കി വെച്ചിരിക്കുന്നത്.

ഇങ്ങനെ പ്രസ്ഥാനത്രയത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തമിഴ് വൈജ്ഞാനിക ലോകത്തെ മുമ്മുണികളെന്ന് (പ്രസ്ഥാനത്രയം) പ്രസിദ്ധമായ തിരുവള്ളൂരുടെ തിരുക്കുറള്‍, മാണിക്കവാചകരുടെ തിരുവാചകം, തിരുമൂലരുടെ തിരുമന്ത്രം എന്നിവയും സാധാരണ ചര്‍ച്ച ചെയ്യാറുണ്ട്. ഇതില്‍ എടുത്തു പറയേണ്ട വസ്തുത സംസ്‌കൃതത്തിലും തമിഴിലും ലഭ്യമായ പ്രസ്ഥാനങ്ങളുടെ കര്‍ത്തൃത്വം വിവിധ ഋഷിവര്യന്മാരുടെതാണെങ്കില്‍ ആത്മോപദേശശതകം, ദര്‍ശനമാല, വേദാന്ത സൂത്രം എന്നിങ്ങനെയുള്ള പ്രസ്ഥാനത്രയത്തിന്റെ കര്‍ത്തൃത്വം ഒരു ഋഷിയിലാണ് എന്ന കാര്യം ഏറെ ചിന്തിപ്പിക്കുന്നതും കൂടുതല്‍ പഠനം ആവശ്യപ്പെടുന്നതുമാണ്.

Author

Scroll to top
Close
Browse Categories